സ്കൂളിൽ പോയി വരുന്ന വഴിക്ക് സുമുഖനായ കടുക്കൻ ഇട്ട ചെക്കൻ അവളെ നോക്കി എന്നും പുഞ്ചിരിച്ചിരുന്നു…

എഴുത്ത്: അയ്യപ്പൻ അയ്യപ്പൻ

പെറ്റിട്ടപ്പോ പെൺകുഞ്ഞിനെ കണ്ടയാൾ ഞരമ്പ് മുറുകി. കണ്ണ് ചുവന്നു, പല്ല് ഞെരിച്ചു വീടിന്റെ മുന്നിലെ നാലുമണി ചെടിയെ ചവിട്ടി നുറുക്കി ഇറങ്ങിപ്പോയി…

അസ്ഥി നൊന്തു, മാംസം വിങ്ങി. മനസ്സ് നിറഞ്ഞു പെറ്റിട്ടവൾ കുഞ്ഞിനെ മടിയിൽ വെച്ചു.. ചുറ്റും ചോന്ന ചോരയുടെ കനച്ച മണം…

കൊച്ചു വളർന്നു.. യൂണിഫോമിന്റെ ഇളം പച്ച നിറത്തിലെ പാവാടയുടെ അടിയിൽ പുരണ്ട ചോര കറ കണ്ടു വിറച്ചു, വിരണ്ടു നിന്നവളെ കണ്ടു അമ്മയവളെ ചേർത്ത് പിടിച്ചു.. ചുറ്റുമപ്പോൾ ചോന്ന ചോരയുടെ കനച്ച മണം…

വളർന്നു വരുന്ന പെണ്ണിനെ കണ്ടു അമ്മയവളെ ആധിയോടെ നോക്കി.. പെണ്ണിന്റെ മുഖത്തിന്‌ വല്ലാത്തൊരു ചേല്…ഇരുട്ട് കനത്ത രാത്രിയിലോക്കെയും അവളെ ചേർത്ത് പിടിച്ചവൾ ഉറങ്ങാതെ കിടക്കും.

***** ***** **** *****

സ്കൂളിൽ പോയി വരുന്ന വഴിക്ക് സുമുഖനായ കടുക്കൻ ഇട്ട ചെക്കൻ അവളെ നോക്കി എന്നും പുഞ്ചിരിച്ചിരുന്നു

ആദ്യമവൾ വെറുപ്പോടെ മുഖം തിരിച്ചിരുന്നു ..പിന്നീട് അവൾ അവഗണിച്ചിരുന്നു…പിന്നീട് അവൾ ആകാംഷയോടെ നോക്കിയിരുന്നു…പിന്നീട് നാണത്തോടെ പുഞ്ചിരിച്ചിരിന്നു…സുമുഖനായ പുരുഷൻ അവളെ നോക്കി വീണ്ടും വീണ്ടും മാർദ്ദവമായി ചിരിച്ചുകൊണ്ടേ ഇരുന്നു..

ഒരിക്കൽ ഒരു വൈകുന്നേരം പെണ്ണിനെ കാണാതെ നിലവിളിച്ചു കൊണ്ടു തള്ള. മമ്മദിന്റെ കടയിൽ ഓടി വന്നു.. ഞെഞ്ചത്തടിച്ചു കരയുന്ന തള്ളയെ കണ്ടു ചുറ്റും ആളുകൂടി..

പുഴവക്കത്തൊരു പെണ്ണ് ചത്തു മലച്ചു കിടപ്പുണ്ടന്ന് മീൻ വിൽക്കാൻ വന്ന ഒരു അരയത്തി പെണ്ണ് വന്നു പറയുമ്പോൾ നാട് ഇളകി പുഴവക്കത്തേക്ക് ഓടിയിരുന്നു…

പെണ്ണ് കണ്ണ് തുറിച്ചു, മു ലകൾ വികൃതമാക്കി.. ചത്തു കിടന്നപ്പോ തള്ള നെഞ്ചത്തടിച്ചു കരഞ്ഞു ചുറ്റും നോക്കി..

ചുറ്റുമപ്പോൾ ചോന്ന ചോരയുടെ കനച്ച മണം…

ജനം ഒന്നടങ്കം പ്രതിഷേധിച്ചു തെരുവിൽ ഇറങ്ങി.. നീണ്ടു ഉയർന്ന് വന്ന വാക്കുകൾ അത്രേം നീതി വേണം എന്നായിരുന്നു… ജനങ്ങൾക്കിടയിൽ നിന്നും അപ്പോൾ ഒരു സുമുഖനായ കടുക്കൻ ഇട്ട ചെക്കൻ എഴുന്നേറ്റു നിന്നു.. കയ്യിൽ മടക്കി വെച്ച ആയിരത്തിന്റെ നോട്ടുകൾ തള്ളയ്ക്ക് നൽകി… പത്രത്തിൽ വാർത്ത കൊടുക്കാൻ വന്നവർ ചെറുപ്പകാരന്റെ ഫോട്ടോ എടുത്തു.. അവന്റെ വിശാല മനസ്സിനെ വർണ്ണിച്ചു ലേഖനം എഴുതി.. ആളുകൾ കയ്യടിച്ചു.. .. തള്ള മൂക്ക് പിഴിഞ്ഞു കണ്ണ് തുടച്ചു പൈസ വാങ്ങി കൈ കൂപ്പി..

ചെറുപ്പകാരൻ കൊടുത്ത പൈസക്ക് പെണ്ണിന്റെ തള്ള അന്ന് വൈകുന്നേരം താഴെ മുക്കിലെ കണാരന്റെ കടയിൽ അരി വാങ്ങി വീട്ടിൽ വന്നു കഴുകി തീ കൂട്ടി തിളച്ച കലത്തിൽ ഇട്ടു…

പെണ്ണിന്റെ പേരിൽ കിട്ടിയ പൈസയുടെ പകുതി വേണം എന്ന് പറഞ്ഞു പണ്ട് ഉപേക്ഷിച്ചു പോയപെണ്ണിന്റെ അപ്പൻ അന്തികള്ള് കുടിച്ചു വീടിന്റെ മുന്നിൽ ചീത്ത വിളിക്കുന്ന കേട്ട് അവൾ ചെവി പൊത്തി…

അരി വെന്ത് തിളച്ചു പൊങ്ങി.. കഞ്ഞി വെള്ളത്തിനു ചോന്ന നിറം… അവൾ തവി ഇട്ടു ഇളക്കി നോക്കി…

ചുറ്റുമപ്പോൾ ചോന്ന ചോരയുടെ കനച്ച മണം….

Cover photo : Tony Christopher