അന്ന് രാത്രി മുരളി ജോലി കഴിഞ്ഞു വരുമ്പോൾ കൂടെ ഒരു പെണ്ണും ഉണ്ടായിരുന്നു…

മൗനരാഗം….

എഴുത്ത്: ശ്യാം കല്ലുകുഴിയിൽ

അന്ന് രാത്രി മുരളി ജോലി കഴിഞ്ഞു വരുമ്പോൾ കൂടെ ഒരു പെണ്ണും ഉണ്ടായിരുന്നു. മുരളി ഉമ്മറത്തേക്ക് കയറുമ്പോൾ അവൾ ഉമ്മറത്തേക്ക് കയറാൻ മടിച്ച് ഭയന്ന മുഖവുമായി ഇരുട്ടിൽ തന്നെ നിന്നു..

” കയറി വാ…”

മുരളിയുടെ ശബ്‌ദം കേട്ടാണ് ഭവാനിയമ്മ ടിവിയിൽ നിന്ന് മുഖം മാറ്റി മുരളിയെ നോക്കുന്നത്.മുരളിയുടെ പിന്നിൽ മറഞ്ഞുനിൽക്കുന്ന സ്ത്രീ രൂപത്തെ ഭവനിയമ്മ കണ്ടപ്പോൾ അവർ കസേരയിൽ നിന്ന് എഴുന്നേറ്റ് സംശയത്തോടെ മുരളിയെ നോക്കി…

” ഏതടാ ഈ പെണ്ണ്….”

വീട്ടിലേക്ക് കയറാൻ കാലെടുത്തുവച്ച മുരളിയെ തടഞ്ഞുകൊണ്ട് ഭവാനിയമ്മ ചോദിക്കുമ്പോഴും അവരുടെ നോട്ടം മുരളിയുടെ പിന്നിൽ നിൽക്കുന്ന ആ പെണ്ണിന്റെ മുഖത്ത് ആയിരുന്നു..

” ആ അതൊരു പെണ്ണ് അത്ര തന്നെ…”

മുരളി അവരുടെ കൈ തട്ടിമാറ്റി അകത്തേക്ക് കയറി പോകുമ്പോഴും ഒന്നും മനസ്സിലാക്കാതെ ഇരുട്ടിന്റെ മറവിൽ പേടിച്ചു നിൽക്കുന്ന പെണ്ണിനേയും നോക്കി തന്നെ ഭവാനിയമ്മ നിന്നു…

” ഏതാടി നീ….”

ഭവാനിയമ്മയുടെ ശബ്ദം വീണ്ടും മുഴങ്ങിയപ്പോൾ മുരളി ഡ്രെസ്സ് മാറി തിരികെ വന്നു…

” കിടന്ന് തൊള്ള തുറക്കണ്ട തള്ളേ, അത് മിണ്ടില്ല ഊമയാണ്…”

മുരളി പറയുമ്പോൾ ഇരുട്ടിന്റെ മറവിൽ നിന്നവൾ കണ്ണുനീർ തുടച്ചുകൊണ്ട് തല കുമ്പിട്ട് തന്നെ നിന്നു…

” അവിടെ നിൽക്കാതെ കയറി വാ…”

മുരളിയുടെ ശബ്ദം ഉയർന്നപ്പോൾ അവൾ മടിച്ചു മടിച്ചു കയറി. ഭവാനിയമ്മ ഒന്നും മിണ്ടാതെ അവളെയും നോക്കി നിന്നതെയുള്ളൂ…

” എടാ ഇവൾ ആരാ എവിടുന്നാ…”

ഭവാനിയമ്മ വീണ്ടും മുരളിയോട് ചോദിച്ചു…

” ഇത് ജോലിക്ക് പോയ വീടിന്റെ അടുത്ത് ഉള്ളതാ, ഇവൾക്ക് താഴെ പുരനിറഞ്ഞു നിൽക്കുന്ന രണ്ടു അനിയത്തികൾ കൂടി ഉണ്ട്, ഇവൾ മിണ്ടാത്തത് കൊണ്ട് ഇവളുടെ കല്യാണം ഒന്നും നടക്കുന്നില്ല, അതിന്റെ പേരിൽ ഇവളുടെ അച്ഛൻ ദിവസവും കള്ളും കുടിച്ചു വന്ന് ഇവളെ ചീത്ത വിളിയും തല്ലലും ആണ്, ഇന്ന് അങ്ങേർക്ക് ഒന്ന് കൊടുത്തിട്ട് ഇവളെയും കൊണ്ട് പോന്നു… അനിയത്തിമാരെങ്കിലും രക്ഷപെട്ടോട്ടെ എന്ന് കരുതിയാകും ഞാൻ വിളിച്ചപ്പോൾ കൂടെ പോന്നത്…”

മുരളി പറയുന്നതും കേട്ട് മൂക്കത്ത് വിരൽ വച്ച് നിന്നുപോയി ഭവാനിയമ്മ,

” എന്താ ഇവളുടെ പേര്…”

” ആ എനിക്കൊന്നും അറിയാൻ വയ്യ, ഞാൻ അത് ചോദിച്ചിട്ടും ഇല്ല, അല്ലേതന്നെ ചോദിച്ചാലും ഇവള് എങ്ങനെ പറയാൻ ആണ്…”

ഭിത്തിയിൽ ചാരി നിന്ന അവൾ തന്റെ കൈ വെള്ളയിൽ വിരൽ കൊണ്ട് എന്തോ എഴുതി കാണിക്കുന്നത് കണ്ടപ്പോൾ ഭവാനിയമ്മ അവൾക്ക് അരികിലേക്ക് ചേർന്ന് നിന്നു..

” ഉ….. മ…… ഉമ ഉമ…”

അവൾ കയ്യിൽ എഴുതിയത് ഭവാനിയമ്മ വായിച്ചെടുത്തു…

” അപ്പൊ നിനക്ക് പറയുന്നത് കേൾക്കാൻ പറ്റുമോ…”

ഭവാനിയമ്മ അത് ചോദിക്കുന്നതോടൊപ്പം കൈകൾ കൊണ്ട് ആംഗ്യ ഭാഷയിൽ അത് അവളെ മനസ്സിലാക്കാനും ശ്രമിച്ചു… ഉമ ചെവിയിൽ തൊട്ടുകൊണ്ട് കേൾക്കാൻ പറ്റുമെന്നും വായിൽ തൊട്ടുകൊണ്ട് സംസാരിക്കാൻ പറ്റില്ലെന്ന് ആംഗ്യ ഭാഷയിൽ ഭവാനിയമ്മയോട് പറഞ്ഞു…

” നിന്ന് കഥകളി കാണിക്കാതെ തിന്നാൻ എന്തേലും എടുക്ക് തള്ളേ…”

മുരളി ദേഷ്യത്തോടെ പറയുമ്പോൾ അവനെ ഇടിക്കുന്നത് പോലെ കൈ കൊണ്ട് ആംഗ്യം കാണിച്ച് ഭവാനിയമ്മ ഉമയെയും കൂട്ടി അകത്തേക്ക് നടന്നു….

” അതേ വിശപ്പ് ഉണ്ടേൽ കഴിച്ചിട്ട് എഴുന്നേറ്റ് പോകാൻ നോക്ക് അല്ലാതെ പാഴാക്കി കളയാൻ ഇവിടെ ചോറ്‌ ഇല്ല…”

ഭക്ഷണത്തിന്റെ മുൻപിൽ കഴിക്കാതെ മടിച്ചിരിക്കുന്ന ഉമയോട് അത് പറഞ്ഞ് മുരളി എഴുന്നേറ്റ് പോകുമ്പോൾ അത് കാര്യമാക്കണ്ട എന്ന് ഭവാനിയമ്മ അവളോട്‌ ആംഗ്യം കാണിച്ചു…

ഭക്ഷണം കഴിച്ച് പതിവുപോലെ മുരളി മുറിയിൽ കയറി കിടന്നു, ഉമ ഭവാനിയമ്മയ്ക്ക് ഒപ്പമാണ് കിടന്നു. രാവിലെ നാലരയ്ക്ക് മുരളി എഴുന്നേറ്റു, ആദ്യമൊക്കെ അലാറം വച്ചാണ് എഴുന്നേറ്റിരുന്നത് എങ്കിലും ഇപ്പോൾ അതൊരു ശീലം ആയത് കൊണ്ട് ആ സമയം ആകുമ്പോൾ കൃത്യമായി എഴുന്നേൽക്കും…

ഹെഡ് ലാംബ് തലയിൽ വച്ച്, പുറത്ത് ചായ്പ്പിൽ വച്ചിരുന്ന കത്തിയും എടുത്ത് അയാൾ റബ്ബർ വെട്ടാനായി ഇറങ്ങി. ആ ഏരിയയിൽ ഒരുപാട് മരങ്ങൾ വെട്ടാൻ ഉണ്ട്, വെട്ടി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ ആറുമണി ആയി. മുറ്റത്ത് കിടക്കുന്ന പത്രവും എടുത്ത് തിണ്ണയിൽ ഇരിക്കുമ്പോൾ ഭവാനിയമ്മ പതിവുള്ള കട്ടൻ കാപ്പി മരുളിയുടെ അടുക്കൽ വച്ചു. ചൂട് കാപ്പിയും ഊതിയാറ്റി കുടിച്ചുകൊണ്ട് അയാൾ പത്രം വായിച്ചു…

രാവിലെ പല്ലുതേപ്പും കുളിയുമൊക്കെ കഴിഞ്ഞ് വന്നപ്പോൾ ഭവനിയമ്മ ചെറിയ കുഴിയൻ പാത്രത്തിൽ തലേദിവസം വെള്ളം ഒഴിച്ചിട്ട ചോറും, അവിയലും, മീൻ കറിയും ഒഴിച്ച് അടുക്കളയിൽ എടുത്ത് വച്ചു. പതിവ്പോലെ തന്നെ അടുക്കളയിൽ കിടന്ന പഴയ സ്റ്റൂളിൽ ഇരുന്ന് മുരളി ചോറും വെള്ളവും കുടിച്ച് മീശയും തുടച്ച് എഴുന്നേറ്റു…

” അവൾ എവിടെ….”

കയ്യും വായും കഴുകി ഭവാനിയമ്മയുടെ തോളിൽ കിടന്ന തോർത്തിൽ കൈ തുടയ്ക്കുമ്പോൾ മുരളി ചോദിച്ചു…

” എഴുന്നേറ്റില്ല പാവം, കുറെ ആയെന്ന് തോനുന്നു നല്ലത് പോലെ ഉറങ്ങിയിട്ട്..”

മുരളി ഒന്ന് മൂളികൊണ്ട് അയാളുടെ മുറിയിലേക്ക് നടന്നു….

” എടാ അവളെ എന്ത് പറഞ്ഞ് ഇവിടെ നിർത്തും നാളെ മുതൽ ആൾക്കാർ ഓരോ ചോദ്യവുമായി വരും…”

മുരളിയുടെ മുറിയിലേക്ക് തല നീട്ടിക്കൊണ്ട് ഭവാനിയമ്മ ചോദിച്ചു…

” ആരേലും ചോദിക്കുക ആണേൽ ഞാൻ വിളിച്ച് ഇറക്കി കൊണ്ട് വന്നത് ആണെന്ന് പറഞ്ഞേരെ…”

തലേ ദിവസം കിട്ടിയ കൂലി പൈസ മേശപ്പുറത്ത് വച്ചിട്ട് ജോലിക്ക് പോകാൻ ഇറങ്ങിക്കൊണ്ട് അയാൾ ഭവാനിയമ്മയോട് പറഞ്ഞു.. അത് കേട്ടപ്പോൾ ഒരേ സമയം അവരുടെ മനസ്സിൽ സന്തോഷവും,ദുഃഖവും ഉണ്ടായി. തന്റെ മകൻ കല്യാണം കഴിച്ചു കാണാൻ ഒരുപാട് നാളായി ആഗ്രഹിക്കുന്നുണ്ട് എങ്കിലും സംസാരിക്കത്ത ഒരു പെണ്ണിനെ കെട്ടുന്നതിനോട് അവർക്ക് യോജിപ്പ് ഇല്ലായിരുന്നു…

മുരളി പോയതിന് ശേഷമാണ്‌ ഉമ എഴുന്നേറ്റത്. അന്ന് പകൽ മൊത്തവും ഭവാനിയമ്മയുടെ പുറകെ ആയിരുന്നു ഉമ. അടുക്കളയിൽ ഓരോന്ന് ചെയുമ്പോഴും ഉമ അവരെ സഹായിച്ചു. ഭവാനിയമ്മ വായ് തോരാതെ ഓരോന്ന് പറയുമ്പോൾ എല്ലാം തലയാട്ടി അവൾ കെട്ടിരിക്കുകയും എന്തൊക്കെയോ ആംഗ്യത്തിൽ മറുപടി കൊടുക്കുകയും ചെയ്ത് കൊണ്ടിരുന്നു…

ഉച്ച കഴിഞ്ഞാണ് ഉമയുടെ അമ്മ ആ വീട് തിരക്കിപിടിച്ച് എത്തിയത്. ആ വീട്ടിലെ ദുരിതങ്ങൾ ഓരോന്നായി കണ്ണീരോടെ പറയുമ്പോൾ ഭവാനിയമ്മയുടെയും കണ്ണ് നിറഞ്ഞൊഴുകിയിരുന്നു. ഉമയെ അവിടെയാക്കി അവർ ഇറങ്ങും മുൻപ് അവരുടെ കഴുത്തിൽ കിടന്ന മാല ഊരി ഉമയുടെ കയ്യിൽ കൊടുത്തു, കണ്ണീരോടെ ഇറങ്ങും മുൻപ് അൽപ്പനേരം ഭവാനിയയമ്മയുടെ കയ്യിൽ മുറക്കെ പിടിച്ചിരുന്നു. ആ വീട്ടിൽ അവൾ സന്തോഷവതിയായ് ഇരിക്കുമെന്ന് അവരുടെ മനസ്സ് പറയുന്നുണ്ടായിരുന്നു…

രാത്രി മുരളി വീട്ടിൽ വരുമ്പോൾ അമ്മയ്ക്ക് അടുത്ത് തറയിൽ ടിവിയും കണ്ട് ഉമയും ഇരിപ്പുണ്ടായിരുന്നു. അയാളെ കണ്ടപ്പോൾ ഉമ എഴുന്നേറ്റ് മാറി ഭിത്തിയും ചാരി നിന്നു..പതിവുപോലെ അത്താഴം കഴിച്ച് ഉറങ്ങാനായി മുരളി മുറിയിലേക്ക് കയറിയതിന്റെ പിന്നാലെ ഭവാനിയമ്മയും അവിടേക്ക് ചെന്നു…

” എടാ നാളെ ഞാൻ ആ മോഹനൻ ജ്യോത്സ്യനെ ഒന്ന് കാണാൻ പോകുന്നുണ്ട്., നല്ലൊരു സമയം നോക്കണം…”

കട്ടിലിൽ കിടന്ന മുരളിയുടെ അരികിൽ ഇരുന്ന് ഭവാനിയമ്മ പറഞ്ഞപ്പോൾ മുരളി സംശയത്തോടെ അവരെ നോക്കി..

” നി ഇങ്ങനെ നോക്കണ്ട നിന്റെയും ഉമയുടെയും കല്യാണത്തിന് നല്ലൊരു സമയം നോക്കണം, എന്നിട്ട് അവളുടെ കഴുത്തിൽ ഒരു താലി ചാർത്തണം…”

അമ്മ അത് പറയുമ്പോൾ മുരളി ഒന്നും മിണ്ടാതെ കിടന്നതെയുള്ളൂ. ഉമയുടെ അമ്മ വന്ന കാര്യവും ഭവാനിയമ്മ മുരളിയോട് പറഞ്ഞപ്പോൾ അയാൾ ഒന്നും മിണ്ടാതെ എല്ലാം കേട്ടുകൊണ്ട് കിടന്നു…

” അല്ല അവളുടെ ഇഷ്ടം ചോദിക്കണ്ടേ…”

ഭവാനിയമ്മ മുറിയിൽ നിന്ന് പുറത്തേക്ക് നടക്കുമ്പോൾ മുരളി ചോദിച്ചു..

” അതൊക്കെ ഞാൻ ചോദിച്ചു മനസ്സിലാക്കി അവൾക്ക് എതിർപ്പ് ഒന്നുമില്ല, സംസാരിക്കാൻ കഴിയില്ലെങ്കിലും നമ്മൾ പറയുന്നത് എല്ലാം അവൾ കേൾക്കും, നല്ല കുട്ടിയാണ് എനിക്ക് എന്തായാലും ഇഷ്ടമായി…”

മുരളി ഒന്നു മൂളിക്കൊണ്ട് ഭിത്തിയിലേക്ക് നോക്കി കിടന്നു. ദേഷ്യക്കാരനായാ തന്റെ മോന്റെ മുഖത്ത് ഒരു ചിരി വിരിയുന്നത് കുറെ നാളുകൾക്ക് ശേഷം ഭവാനിയമ്മ കണ്ടു…

പിറ്റേന്ന് രാവിലെ റബ്ബർ വെട്ടി തിരികെ വന്ന് ഉമ്മറത്ത് തിണ്ണയിൽ ഇരിക്കുമ്പോൾ ഉമയാണ് മുരളിക്ക് കട്ടൻ കാപ്പി കൊടുത്തത്. അവൻ ഒന്ന് അവളെ നോക്കിയപ്പോൾ അവൾ ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി, അവനിലും ഒരു ചിരി പടർന്നു…

കുളി കഴിഞ്ഞ് വന്ന് അടുക്കളയിൽ ഇരുന്ന് പഴങ്കഞ്ഞി കുടിക്കുമ്പോൾ മറഞ്ഞുനിന്ന് തന്നെ നോക്കുന്ന രണ്ട് കണ്ണുകളെ മുരളി കണ്ടിരുന്നു.

“ഞാൻ പോകുവാണെ…”

പതിവില്ലാതെ അന്ന് ജോലിക്ക് പോകുമ്പോൾ മുരളി അടുക്കളയിലേക്ക് നോക്കി ഉച്ചത്തിൽ വിളിച്ചു പറഞ്ഞത് ഉമ കേൾക്കാൻ വേണ്ടിയാണെന്ന് മനസ്സിലാക്കിയ ഭവാനിയമ്മ ഒന്ന് മൂളിയാതെ ഉള്ളൂ…

ഉമ്മറത്ത് നിന്ന് മുറ്റത്തേക്ക് ഇറങ്ങി പോകാൻ നേരം മുരളി ഒന്ന് കൂടി തിരിഞ്ഞു നോക്കി, അടുക്കള വാതിലിന്റെ മറവിൽ നിന്ന് പുറത്തേക്ക് തന്നെ എത്തി നോക്കുന്ന ഉമയുടെ മുഖം അവ്യകതമായി മുരളി കണ്ടു. മുരളി കണ്ടെന്ന് മനസ്സിലായപ്പോൾ ഉമ പെട്ടെന്ന് അകത്തേക്ക് വലിഞ്ഞു, അത് കണ്ടപ്പോഴേക്കും മുരളിയുടെ മുഖത്ത് ചിരി വിടർന്നു..

പൊതുവെ ആരോടും വല്യ മിണ്ടാട്ടവും ചിരിയും കളിയും ഒന്നും ഇല്ലാതിരുന്ന മുരളി അന്ന് പതിവിലും ഉത്സാഹത്തോടെയും സന്തോഷത്തോടെയും ജോലി ചെയ്യുന്നത് എല്ലാവരെയും അതിശയിപ്പിച്ചിരുന്നു..

” വീട്ടിൽ ഒരു പെണ്ണ് വന്നപ്പോൾ അവന്റെ മാറ്റം കണ്ടോ…”

” അതേ അതേ.. ഉടനെ നമുക്ക് ഒരു സദ്യ പ്രതീക്ഷിക്കാം അല്ലെ മുരളി….”

കൂടെ ജോലി ചെയ്യുന്നവർ അത് പറഞ്ഞു ചിരിച്ചപ്പോൾ അവർക്ക് മുന്നിൽ ആദ്യമായി മുരളി നാണത്തോടെ ചിരിച്ച് നിന്നു…

അന്ന് ജോലി കഴിഞ്ഞ് പതിവിലും നേരത്തേ മുരളി വീട്ടിൽ എത്തി. ഉമ്മറത്ത് ഉമയെ കണത്തെ ഇരുന്നപ്പോൾ അയാളുടെ കണ്ണുകൾ അകത്തേക്ക് അവളെ തിരഞ്ഞു..കുളി കഴിഞ്ഞ് തോർത്ത് തലമുടിയിൽ കെട്ടി വച്ച് നടന്ന് വരുന്ന ഉമയെ കണ്ടപ്പോൾ മുരളി അവളെ നോക്കി നിന്നുപോയി. അവന്റെ നോട്ടത്തിൽ ഉമയുടെ മുഖത്ത് ചെറിയ നാണം വിരിഞ്ഞു…

” എടാ ജോത്സ്യനെ കണ്ടു അടുത്ത ആഴ്ച്ച നല്ലൊരു മുഹൂർത്തം ഉണ്ട്, അത് തന്നെ മതിയെന്ന് ഞാൻ പറഞ്ഞു, അല്ലേതന്നെ എന്തിനാ വച്ചു താമസിപ്പിക്കുന്നത്… നമ്മൾ ഈ ചുറ്റുവട്ടത്ത് ഉള്ളവർ മതി അമ്പലത്തിൽ ദേവിയുടെ മുൻപിൽ വച്ച് താലി കെട്ടുന്നു അത് പോരെ…”

ഭവാനിയമ്മ പാരഞ്ഞപ്പോൾ മുരളി മെല്ലെയൊന്ന് മൂളി….

” എടാ നി കേൾക്കുന്നുണ്ടോ ഞാൻ പറയുന്നത്….”

” ആ കേട്ടു…”

ആദ്യമായി ആണ് ഒച്ച കുറച്ച് മുരളിയുടെ ശബ്ദം ആ വീട്ടിൽ കേൾക്കുന്നത്, എന്തിനും ഏതിനും ദേഷ്യപ്പെടുന്ന മോന്റെ മാറ്റങ്ങൾ ഭവനിയമ്മയെ സന്തോഷിപ്പിച്ചു……..

പിന്നെയുള്ള ഒരാഴ്ച മുരളിയും ഉമയും പരസ്പരം ഒന്നും മിണ്ടാതെ കണ്ണുകൾ കൊണ്ട് പ്രണയിക്കുകയായിരുന്നു. ഇടയ്ക്ക് ഇടയ്ക്ക് കിട്ടുന്ന ഓരോ നോട്ടങ്ങളിലൂടെയും അവർ അവരുടെ പ്രണയം കൈമാറിക്കൊണ്ടിരുന്നു..

ഒരാഴ്ച്ച കഴിഞ്ഞപ്പോൾ അടുത്ത ചില വീട്ടുകാരുടെയും കൂട്ടുകാരുടെയും സാനിധ്യത്തിൽ ദേവിയുടെ മുന്നിൽ വച്ച് മുരളി ഉമയുടെ കഴുത്തിൽ താലി ചാർത്തി അവളെ സ്വന്തമാക്കി..

ആദ്യരാത്രി ഉമ മുറിയിലേക്ക് ചെല്ലുമ്പോൾ അതുവരെ ഇല്ലാത്ത പരവേശം അനുഭവപ്പെട്ടു മുരളിക്ക്. അവൾ കട്ടിലും ചാരി നിൽക്കുമ്പോൾ വിറയാർന്ന കൈകളോടെ ഉമയുടെ കൈകളിൽ പിടിച്ച് തന്റെ അടുക്കൽ ഇരുത്തി മുരളി. രണ്ടുപേരും പരസ്പരം കണ്ണിൽ നോക്കി ഇരിക്കുമ്പോൾ ഉമയുടെ കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങി, മുരളി ഒരു കൈ കൊണ്ട് ഉമയുടെ കണ്ണുനീർ തുടച്ചിട്ട് എന്തുപറ്റിയെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ച് ചോദിച്ചു. മറുപടിയായി ഒന്നുമില്ലെന്ന് ഉമ കണ്ണടച്ച് കാണിച്ചു…

മുരളി ചെറു പുഞ്ചിരിയോടെ രണ്ട് കൈകളും ഉമയ്ക്ക് നേരെ നീട്ടുമ്പോൾ കണ്ണുനീർ തുടച്ചുകൊണ്ട് ഉമ മുരളിയുടെ നെഞ്ചിലേക്ക് തല ചായ്ച്ച് ഇരുന്നു. അവളുടെ മുടിയിൽ തഴുകികൊണ്ട് മുരളി ഉമയെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു….