അമ്മയുടെ ഫോണിൽ എപ്പോഴും വിളിക്കുന്ന സുനി ഏതാ ? ഞാൻ ഒന്നും കാണുന്നില്ലെന്നാ വിചാരം…

തെറ്റ്

Story written by NAYANA VYDEHI SURESH

‘ഏതാ അമ്മയുടെ ആ പുതിയ കൂട്ടുകാരൻ’

ഏത് കൂട്ടുകാരൻ

അയ്യോ ഒന്നും അറിയാത്ത പാവം .. ഞങ്ങളത്ര കൊച്ചു കുട്ടികളൊന്നുമല്ല..

നീ എന്തൊക്കെയാ പറയണെ

പിന്നെ പറയാതെ അച്ഛൻ മരിച്ചത് അമ്മക്ക് വല്ലാതെ സൗകര്യമായീലെ

വേണ്ടാത്തത് പറയരുത് .. എത്ര പാടുപെട്ടിട്ടാ വളർത്തണെ നിന്നെയൊക്കെയെന്നറിയോ നിനക്ക് ?

ഉവ്വ് .. ഇപ്പ മനസ്സിലാവ്ണ്ട്

എന്താ നിനക്ക് മനസ്സിലായെ അത് പറ

ഞാൻ മാത്രല്ല ..നാട്ട്കാരും വീട്ടുകാരും കൂട്ടുകാരും പറയുന്നുണ്ട് … അമ്മടെ പുതിയ നടപ്പിനെ കുറിച്ച്

ഞാനെന്താ തുണിയില്ലാണ്ടാ നടക്കണെ?

ഇതിനും ഭേദം അതായിരുന്നു.. ഇങ്ങനെയാണോ അച്ഛൻ ഉള്ളപ്പോ അമ്മടെ ഡ്രസ്സ് ,, ഇപ്പോ ടോപ്പും ലെഗിൻസും ജീൻസും .. ആകെയങ്ങ് മോഡേണായി അല്ലെ

ഡ്രസ്സ് ഇതൊക്കെയിട്ടാൽ ഞാൻ മോശക്കാരിയാകോ?

ഈ മാറ്റം എപ്പഴാ ഇടങ്ങീത് രണ്ട് മാസം മുൻപ് അല്ലെ… അമ്മയുടെ ഫോണിൽ എപ്പോഴും വിളിക്കുന്ന സുനി ഏതാ ? ഞാൻ ഒന്നും കാണുന്നില്ലെന്നാ വിചാരം
ഇന്നലെ രാവിലെ നീ എപ്പോഴാ ഇറങ്ങാ ഞാൻ കോഫി ഷോപ്പിൽ നിൽക്കാം എന്ന മെസ്സേജ് കണ്ടല്ലോ ? നാണമുണ്ടോ അമ്മെ ഇങ്ങനെ നടക്കാൻ…വിഷമിക്കല്ലെ നിനക്ക് ഞാനില്ലെ , നിനക്ക് എന്ത് സഹായം വേണേലും ചോദിച്ചോ .. അങ്ങനെ എന്തൊക്കെ മെസ്സേജാ ..എന്താ അമ്മടെ വായേല് നാവില്ലെ .. ഒന്നിനും മറുപടിയുണ്ടാവില്ലാല്ലേ ,,,

ഉണ്ട് എല്ലാത്തിനും മറുപടിയുണ്ട് ..

അച്ഛൻ മരിക്കണവരെ ഈ ലോകം എന്താന്ന് എനിക്കറിയില്ല .ഒന്ന് പുറത്തിറങ്ങാനോ ,, ആരോടെങ്കിലും മിണ്ടാനോ , ഒന്ന് ഒരുങ്ങി നടക്കാനോ കഴിഞ്ഞില്ല ,,, അതിൽ എനിക്ക് സങ്കടമില്ല… പക്ഷേ അച്ഛൻ പെട്ടെന്ന് ഇല്ലാതായപ്പോ ഇനി എങ്ങനെ ജീവിക്കണമെന്ന് അച്ഛൻ പറഞ്ഞില്ല .ഓഫീസിൽ ജോയിൻ ചെയ്തപ്പോൾ കൂടെയുള്ളവരെപോലെ ഡ്രസ്സ് ചെയ്യണമെന്ന് എനിക്ക് തോന്നി .. ഒരു പഴഞ്ചൻ അമ്മയാണ് നിങ്ങളുടെ എന്ന് ഒരിക്കലും നിങ്ങൾ കരുത് എന്ന് തോന്നി .. ഒരു തന്റേടിയായിത്തന്നെ മക്കളെ വളർത്തണമെന്ന് തോന്നി .. ആ തോന്നലുകൾക്ക് ഒക്കെ കൂടെ നിന്നതും .. എനിക്ക് ധൈര്യം തന്നതും സുനിയാണ് ..

അമ്മക്ക് എല്ലാത്തിനും കാരണം ഉണ്ടാവും ,,

ഇല്ല .. പക്ഷേ സുനിയെ നിങ്ങളും പരിചയപ്പെടണം .. ഞാൻ പറയാം ഇങ്ങോട്ട് വരാൻ

വേണ്ട … അമ്മ സ്നേഹിച്ചാൽ മതി അയാളെ

പോരാ …

കുറച്ച് സമയത്തിനു ശേഷമാണ് കോളിങ്ങ് ബെൽ കേട്ടത് .. ഇരുന്നിടത്തു നിന്ന് കണ്ണ് തുടച്ച് അമ്മ എണീക്കുമ്പോൾ മക്കളുടെ ഉള്ള് ദേഷ്യം കൊണ്ട് ആളി

വാതിൽ തുറന്ന് അകത്തോട്ട് വാ എന്ന് സുനിയെ വിളിക്കുമ്പോൾ

എന്താടി ..എന്തു പറ്റി എന്ന് സുനി ചോദിക്കുന്നുണ്ടായിരുന്നു ..

സുനിയെ കണ്ടപാടെ മക്കൾ എഴുന്നേറ്റ് നിന്നു ..

എന്റെ മക്കൾക്ക് സംശയമല്ലെ ആരാ സുനിയെന്ന് ..ഇതാ കണ്ടോ ഇത് സുനിത ,, അമ്മയുടെ അതെ സെക്ഷനിൽ ജോലി ചെയ്യുന്നു .. സുനിയെന്ന് വിളിക്കും ,, രാവിലെ കോഫി ഷോപ്പിന്റെ അവിടെ ഇവൾ വണ്ടിയായി നിൽക്കും .. ഇനി എന്താ അറിയണ്ടെ ?

എന്തിനാ മക്കള് അമ്മയെ സംശയിക്കണെ …ഒരു പേരിലാണോ കാര്യം ,, രാവിലെത്തൊട്ട് വൈകുന്നേരം വരെ നിങ്ങളെ ഓർക്കാനെ നേരമുള്ളു ഇവൾക്ക് .. എത്രമാത്രം സ്വപ്നം അമ്മക്ക് നിങ്ങളെ പറ്റി .. നോക്ക് മക്കളെ ഒറ്റക്ക് മക്കളെ വളർത്താൻ വലിയ പാടാ .. അതിനിടക്ക് നിങ്ങൾ ഇങ്ങനെ ആയാൽ പിന്നമ്മ ആർക്ക് വേണ്ടി ജീവിക്കും .. സാരില്യ … കഴിഞ്ഞത് കഴിഞ്ഞു ..

സുനി ആൻറീ സോറി .. തെറ്റ് പറ്റിയതാ

അത് പോട്ടെ .. ഇനി നന്നായി അമ്മയെ സ്നേഹിക്കണം

ഉം .. അമ്മാ സോറി

സാരില്യ .. തെറ്റുകണ്ടാൽ തിരുത്തി നേർവഴിക്ക് പോകേണ്ട ഇടം തന്നെയാണ് കുടുംബം .. അതു തന്നെയാണ് ബലവും ..അമ്മ സുനിടെ കൂടെ ഓഫീസിൽ പോവാട്ടോ ഇപ്പോ

അമ്മ പോകുന്നത് അവൾ നോക്കി നിന്നു ..

ശരിയാണ് ..വാക്കുകൾ കൊണ്ട് ജീവിതത്തെ അളക്കരുത് ,,, അതിന്റെ അളവുകോൽ സ്നേഹമാണ് …