അറിയാതെ എങ്ങാനും തൻ്റെ കണ്ണുകൾ കൂടി നിറഞ്ഞാൽ ആ പാവം തകർന്നു പോകുമെന്ന് നന്ദന് അറിയാമായിരുന്നു…

എഴുത്ത്: സനൽ SBT

നെറ്റിത്തടത്തിലെ വിയർപ്പു തുള്ളികൾ സാരിത്തുമ്പുകൊണ്ട് തുടച്ചു നീക്കിക്കൊണ്ടവൾ അടുക്കളയിലെ ആ അരണ്ട വെളിച്ചത്തിൽ പാത്രങ്ങളോട് കലഹിക്കുകയായിരുന്നു. നന്ദൻ ആവണിയുടെ പുറകിലൂടെ വന്ന് അ രക്കെട്ടിലൂടെ കൈ വെച്ച് അവളുടെ പിൻ കഴുത്തിലായ് ഒന്ന് അമർത്തി ചുംബിച്ചു.

“നിന്നിലെ കർപ്പൂരത്തിൻ്റെ സുഗന്ധം ഇനിയും മാഞ്ഞു പോയിട്ടില്ല പെണ്ണെ .നന്ദൻ ഒന്നുകൂടി ആവണിയെ ചേർത്ത് പിടിച്ചു.”

“നന്ദേട്ടാ ….. ആവണിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. “

“അയ്യേ ഇതിപ്പോ എന്തിനാ നീ ഇങ്ങനെ വിഷമിക്കണേ. ഞാൻ എന്താ ആദ്യായിട്ട് ആണോ ദുബായിക്ക് പോകണേ . “

” നന്ദേട്ടാ ഒന്ന് വിളിച്ച് പറഞ്ഞാൽ ഒരു മാസം കൂടി കിട്ടില്ലേ ലീവ്.”

” നാൽപത്തഞ്ച് ദിവസം എന്ന് പറഞ്ഞിട്ട് ഇപ്പോ തന്നെ രണ്ട് മാസം ആയി ഇനി പോകാതിരിക്കാൻ പറ്റില്ലെടോ അതാ.”

” ഉം. ഏട്ടൻ ഓരോ പ്രാവശ്യം ലീവിന് വരുമ്പോഴും വാനോളം പ്രതീക്ഷകളുമായാണ് ഞാൻ കാത്തിരിക്കാറുള്ളത് ഒടുവിൽ നിരാശ മാത്രമാണ് സംഭവിക്കാറുള്ളൂ ഇത്തവണയും അത് തന്നെയാണ് വിധി അല്ലേ.”

” ആവണീ ഇതെല്ലാം നന്മുടെ കയ്യിൽ അല്ലാല്ലോ കാര്യങ്ങൾ മുകളിൽ ഇരിക്കണ ഒരാൾ കൂടി വിചാരിക്കണ്ടേ നന്മൾ പരിശ്രമിക്കാഞ്ഞിട്ടല്ലാല്ലോ ദൈവം തരണ്ടേ.”

ആവണിയുടെ നിറഞ്ഞൊഴുകിയ കണ്ണുകൾ നന്ദൻ ഇരു കരങ്ങൾ കൊണ്ടും തുടച്ചു.

” നീ ഇങ്ങനെ കിടന്ന് കരയുന്നത് എന്തിനാ നമ്മുക്ക് ഇനിയും സമയം ഉണ്ടല്ലോ.”

” ഓരോ പ്രാവശ്യം ലീവിന് വരുമ്പോഴും നന്ദേട്ടൻ ഇത് തന്നെയല്ലേ പറയാറ് പക്ഷേ ഇനി ഒരു പ്രതീക്ഷ എനിക്ക് ഉണ്ടാവണമെങ്കിൽ പോലും ഞാൻ രണ്ട് വർഷം കാത്തിരിക്കണ്ടേ. ഒരു പെണ്ണായി പോയില്ലേ ഞാൻ നന്ദേട്ടാ എനിക്കും ഇല്ലേ ഒരമ്മ ആവാനുള്ള ആഗ്രഹം. “

” എനിക്ക് ആഗ്രഹങ്ങും സ്വപ്നങ്ങളും ഇല്ല എന്നാണോ നീ പറയുന്നത്. നന്മുടെ വിവാഹം കഴിഞ്ഞ് ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ഒരു പെൺകുഞ്ഞിന് വേണ്ടിയായിരുന്നു. കൂടെ പഠിച്ചവർക്കും കൂട്ടുകാർക്കും എല്ലാം ഒരു കുഞ്ഞ് ഉണ്ടായി എന്ന് കേൾക്കുമ്പോൾ ഇപ്പോഴും നെഞ്ചിനകത്ത് ഒരു വിങ്ങലാണ് അതൊക്കെ ഓർക്കുമ്പോൾ ഇനി തിരിച്ച് പോകണ്ട എന്ന് വരെ ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് പക്ഷേ ഇപ്പോഴത്തെ നന്മുടെ സാഹചര്യം അതല്ലല്ലോ .ബാങ്ക് ലോൺ രണ്ട് പെങ്ങന്മാരെ കെട്ടിച്ചയച്ച കുറെ ബാധ്യതകൾ ഇവിടെ നിന്ന് കിട്ടുന്ന ശമ്പളത്തിൽ അതൊക്കെ അടച്ച് തീർക്കാൻ ഈ ആയുസ്സ് കൊണ്ട് പറ്റുമോ? “

” ഒന്നും അറിയാഞ്ഞിട്ടല്ല ഞാൻ നന്ദേട്ടനെ കുറ്റപ്പെടുത്തിയതും അല്ല. എന്നിലെ സ്ത്രീയെ നന്ദേട്ടൻ ആവശ്യത്തിലധികം തൃപ്ത്തിപ്പെടുത്തിയിട്ടുണ്ട് പിന്നെ ഏട്ടൻ പറഞ്ഞ പോലെ ഇത് നമ്മള് രണ്ടാളും മാത്രം വിചാരിച്ചിട്ട് കാര്യം ഇല്ലല്ലോ നിക്ക് ഒരമ്മയാകാനുള്ള സമയം ആയിട്ടുണ്ടാവില്ല അതാ .”

” ഉം. “

” മോളെ ആവണീ”

” ദാ അമ്മ വിളിക്കിണ്ട് നീ ആ കണ്ണ് തുടച്ച് അപ്പുറത്തോട്ട് ചെല്ല്.”

” ഉം.”

” എന്താമ്മേ.?”

” ഇന്നാ മോളെ വാഴയില അവന് അട ഒത്തിരി ഇഷ്ട്ടം അല്ലേ ഇന്ന് രാവിലെ അത് ഉണ്ടാക്കിയാൽ മതി ഇനി എപ്പഴാ അവന് ഇതൊക്കെ ഒന്ന് കഴിക്കാൻ പറ്റണേ.”

ഉം. “

“ആ പിന്നെ ഫ്രിഡ്ജിൽ നിന്ന് അരിമാവ് ഇറക്കി വെച്ചേക്ക് കുറച്ച് കഴിഞ്ഞ് ഉണ്ണിയപ്പം ചുടാം ഞാൻ പോയി അച്ചാറ് ഇടാൻ കുറച്ച് മാങ്ങ കിട്ടുമോന്ന് നോക്കട്ടെ. “

അമ്മയുടെ തൊണ്ട ഇടറി.

“അമ്മയ്ക്കും ഉണ്ട് നല്ല വിഷമം പക്ഷേ പാവം അത് പുറത്ത് കാണിക്കുന്നില്ല എന്നെ ഉള്ളൂ. “

” അല്ലേലും ഇതിപ്പോ ആദ്യായിട്ട് അല്ലല്ലോ എല്ലാ പ്രാവശ്യവും ലീവ് കഴിഞ്ഞ് പോകുമ്പോൾ ഇതൊരു മരണ വീട് പൊലെയല്ലേ.”

” നന്ദേട്ടൻ പോയാൽ പിന്നെ ഇവിടെ ഈ രണ്ടു പെണ്ണുങ്ങൾ ഒറ്റയ്ക്കല്ലേ അതിൻ്റെ വിഷമാണ് അമ്മയ്ക്ക് പിന്നെ നമുക്ക് ഒരു കുഞ്ഞ് ഉണ്ടായിരുന്നേൽ അതിൻ്റെ കളി ചിരിയിൽ അങ് സമയം പോകുമായിരുന്നു. “

” ആവണീ നീ അത് തന്നെ ഇങ്ങനെ പറഞ്ഞോണ്ട് ഇരിക്കല്ലേ നീ പോയ് എൻ്റെ അലക്കിയ ഡ്രസ്സ് എല്ലാം ബാഗിൽ എടുത്ത് വെച്ചേ ഉച്ച കഴിഞ്ഞ് ഇറക്കണം ഇനി ഒന്നിനും സമയം കാണില്ല.”

ഉം. അവൾ ചെറുതായി ഒന്ന് മൂളി .നന്ദന് പിന്നെ അവളുടെ മുഖത്തോട്ട് പോലും നോക്കാൻ ധൈര്യം ഉണ്ടായിരുന്നില്ല അറിയാതെ എങ്ങാനും തൻ്റെ കണ്ണുകൾ കൂടി നിറഞ്ഞാൽ ആ പാവം തകർന്നു പോകുമെന്ന് നന്ദന് അറിയാമായിരുന്നു. നന്ദൻ വീടിന് അകത്ത് നിന്നും മുറ്റത്തേക്ക് ഇറങ്ങി കുറച്ച് നേരം ആ ഇളം വെയിലും കാറ്റും കൊണ്ട് പഠിപ്പുര വാതിൽക്കൽ തന്നെ വിജനതയിലേക്ക് നോക്കി ഇരുന്നു. അപ്പോഴാണ് പുറകിൽ നിന്നും ആ വിളി വന്നത്.

“നന്ദാ .”

“ടാ നീ നേരത്തെ ഇങ്ങ് എത്തിയോ?”

“ആ ഞാൻ ബീവറേജ് തുറന്നതും ഒരു കുപ്പിയും എടുത്തോണ്ട് ഇങ് പോന്നു ഇതാവുമ്പോൾ നിനക്ക് രണ്ടെണ്ണം അടിച്ചിട്ട് മര്യാദയ്ക്ക് യാത്രയും പറഞ്ഞ് ഇറങ്ങിപ്പോവാലോ വെറുതെ വിട്ടുകാരുടെ കരച്ചിലും പിഴിച്ചിലും കാണണ്ടല്ലോ ? രണ്ടെണ്ണം അടിച്ചാൽ തന്നെ ഒരു ധൈര്യം കിട്ടും. നീ ഗ്ലാസും വെള്ളവും സങ്കടിപ്പിച്ച് വാ….നമ്മുക്കാ കുളക്കടവിൽ പോയിരുന്ന് അടിക്കാം. “

” വേണ്ട മനൂ ഇതൊക്കെ ഞാൻ എന്നേ ഉപേക്ഷിച്ചതാണ്. ഇനിയും അവളുടെ കണ്ണീര് കാണാൻ എനിക്ക് വയ്യെടാ.”

” നന്ദാ നീ എന്തൊക്കെയാടാ ഈ പറയുന്നെ?”

” അതെടാ ഗൾഫിലെ ഒറ്റയ്ക്കുള്ള ജീവിതമായിരുന്നില്ലെ ദിവസവും കൂട്ടുകാരുമൊത്ത് വർഷങ്ങളോളം നല്ല വെള്ളമടിയായിരുന്നു പിന്നെ അവിടുത്തെ ചൂടും ആര് ചെയ്ത പാപമോ അതോ ഞാൻ സ്വയം വരുത്തി വെച്ചതോ എനിക്കറിയില്ലെടാ അതു കൊണ്ട് ഇത് വരെ ഞങ്ങൾക്ക് ഒരു കുഞ്ഞിക്കാല് കാണാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടില്ല. “

” നന്ദാ ഞാൻ അതൊന്നും ഓർത്തില്ലെടാ നീ കൊണ്ടുവിടാൻ എയർപോട്ടിൽ വരണം എന്ന് പറഞ്ഞപ്പോൾ ഞാൻ പഴയ പൊലെ ഒരു സാധനവും മേടിച്ചോണ്ട് വന്നു അതാണല്ലോ പതിവ്.”

” മനൂ നിന്നെ കുറ്റപ്പെടുത്തിയതല്ല ഇനിയെങ്കിലും ഞാൻ തിരിച്ചറിയണം ഇതിപ്പോ എത്ര വർഷത്തെ കാത്തിരിപ്പാണ് കുഴപ്പം എൻ്റെയാന്ന് അവൾക്ക് നന്നായിട്ട് അറിയാം എന്നിട്ടും എന്നോടുള്ള സ്നേഹത്തിന് ഒരു അംശം പോലും കുറവ് വരുത്തിയിട്ടില്ല അവള് . ആ അവളെ ഇനി എന്ത് പറഞ്ഞാണ് സമാധാനിപ്പിക്കേണ്ടതെന്ന് എനിക്ക് അറിയില്ല. “

” നീ ഈ പോകാൻ നേരം ഇനി ഒത്തിരി ആലോചിച്ച് മനസ്സ് വിഷമിപ്പിക്കണ്ട. നീ അല്ലേ അവൾക്ക് ധൈര്യം കൊടുക്കേണ്ടത് നീയും ഇങ്ങനെ തുടങ്ങിയാലോ?”

” ചിലപ്പോഴൊക്കെ ഞാനും അങ്ങ് പിടി വിട്ട് പോകും അതാ .”

” ഈ ഒരു തവണ കൂടി പോയാൽ പിന്നെ നിർത്തിക്കൂടെ ഗൾഫ് ജീവിതം നാട്ടിൽ വന്ന് സെറ്റാവാൻ നോക്ക് പിന്നെ നിൻ്റെ കുറെ ബാധ്യതകൾ ആർക്കും വേണ്ടാത്ത ഈ തരിശ് ഭൂമി ഒക്കെ വിറ്റിട്ട് കടം തീർക്കാൻ നോക്കെടാ അച്ഛനോടുള്ള സെറ്റിമെൻസും പറഞ്ഞ് ഇത് കെട്ടി പിടിച്ച് ഇരുന്നിട്ട് ഒരു കാര്യവും ഇല്ല.”

” ഉം. നീ പറഞ്ഞത് നേരാ എന്തായാലും അടുത്ത തവണ അങ്ങനെ എന്തേലും നോക്കണം.”

” ഉം അതാ നല്ലത്. “

” നീ വാ സംസാരിച്ചിരുന്ന് നേരം പോയത് അറിഞ്ഞില്ല നന്മുക്ക് കഴിച്ചിട്ട് ഇറങ്ങാൻ നോക്കാം.

നന്ദൻ മനൂവിനേയും വിളിച്ച് പഠിപ്പുര കടന്ന് വീട്ടിലേക്ക് നടന്നു. മേശപ്പുറത്ത് തൂശൻ ഇല വെട്ടി നന്ദന് ഇഷ്ട്ടപ്പെട്ട അവിയിലും കൂട്ടുകറിയും പപ്പടവും പായസവും എല്ലാം ഒരുക്കിയിരുന്നു ആവണി.നന്ദൻ്റെ അരികിലായ് അവൻ അവളെ പിടിച്ചിരുത്തി ചൂടു ചോറിൽ സാമ്പാറും കൂട്ടിക്കുഴച്ച് അവൾ വെറെ ഏതൊ ലോകത്തായിരുന്നു.

“ആവണീ .”

ചിന്തയിൽ നിന്നും അവൾ ഞെട്ടി ഉണർന്നു.

“നീ എന്താ ഈ കാണിക്കണേ ? ഭക്ഷണം എടുത്ത് കഴിക്ക്. “

സത്യം പറഞ്ഞാൽ അവൾക്ക് ഒരു ഉരുള പോലും ചങ്കിൽ നിന്നും ഇറക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു .കൺകോണിലൂടെ ഊർന്നിറങ്ങിയ കണ്ണുനീർ അവളുടെ ചുടു ചോറിൽ വീണ് ചിതറിത്തെറിച്ചു.

” നന്ദാ നിങ്ങൾ പതിയെ കഴിഞ്ഞ് എണീക്ക് ഞാൻ പെട്ടിയെല്ലാം വണ്ടിയിൽ വെക്കട്ടെ. “

” ആ മനൂ നീ കഴിച്ച് കഴിഞ്ഞാൽ എണീറ്റോ,”

മനു നേരെ കൈ കഴുകി പുറത്തേക്ക് ഇറങ്ങി. ഇലയിൽ നിന്നും ഒരു പിടി ചോറ് എടുത്ത് നന്ദൻ ആവണിക്ക് വാരിക്കൊടുക്കാൻ തുനിഞ്ഞതും അവൾ നന്ദൻ്റെ മാറിലേക്ക് കസേരയിൽ നിന്നും മറിഞ്ഞു വീണു.

” ആവണീ”

നന്ദൻ ഉറക്കെ വിളിച്ചു. അടുക്കളയിൽ നിന്നും അമ്മ ഓടിയെത്തി

” മോളെ.”

” നന്ദാ എന്ത് പറ്റിയെടാ “

മനുവും മുറ്റത്ത് നിന്ന് ഹാളിലേക്ക് ഓടി വന്നു.

“മനൂ നീ വണ്ടിയെടുക്കെടാ “

നന്ദൻ ആവണിയെ രണ്ട് കൈകൾ കൊണ്ട് പൊക്കിയെടുത്തു. ശരവേഗത്തിൽ അവർ അവളെ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടറുടെ റൂമിന് പുറത്ത് ഇരുവരും കാര്യം ഒന്നും അറിയാതെ മുഖത്തോട് മുഖം നോക്കി പകച്ചു നിന്നു.

“ആരാ നന്ദൻ കുട്ടിക്ക് ബോധം വന്നുട്ടോ കയറി കണ്ടോളൂ.”

നന്ദൻ ബെഡിനരികിലേക്ക് നടന്നു .ആവണി വരാന്തയിൽ കൂടെ നന്ദൻ വരുന്നതും നോക്കി കിടപ്പുണ്ടായിരുന്നു.

“ആവണീ എന്താ ഇത് നീ രണ്ട് ദിവസം ആയില്ലേ ശരിക്കും ഒന്ന് ഭക്ഷണം കഴിച്ചിട്ട് ഇത് അതിൻ്റെയാണ് സാരല്ല .”

നന്ദൻ അവളുടെ തെറ്റിയിലൂടെ തലോടി. അവൾ ആ കൈകൾ എടുത്ത് അവളുടെ വയറിനോട് ചേർത്ത് വെച്ചു കൊണ്ട് പറഞ്ഞു.

“ഇനി പറ നന്ദേട്ടാ …. നന്ദേട്ടന് ആദ്യത്തെ കൺമണി എന്നെ പൊലെ ഒരു മോള് വേണോ അതോ നന്ദേട്ടനെ പൊലെ ഒരു മോൻ വേണോ? “

കേട്ടതൊന്നും വിശ്വസിക്കാനാവാതെ നന്ദൻ ആവണിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. റൂമിന് പുറത്ത് നിന്ന് ഇതെല്ലാം കണ്ട മനുവിൻ്റെയും അമ്മയുടെയും കണ്ണുകൾ നിറഞ്ഞു. ആവണിയുടെ കരഞ്ഞ് കലക്കിയ കരിനീല കണ്ണുകളിൽ നന്ദൻ അമർത്തി ചുംബിച്ചു. അപ്പോഴാണ് പുറകിൽ നിന്നും മനു വിളിച്ച് പറഞ്ഞത്

“നന്ദാ ടാ എയർപോട്ടിൽ പോകാൻ ടൈം ആയി അപ്പോ ഇറങ്ങുവല്ലേ.”

നന്ദൻ പോക്കറ്റിൽ നിന്നും ആ എയർ ഇന്ത്യയുടെ ടിക്കറ്റ് എടുത്ത് രണ്ടായി അങ്ങ് കീറി താഴെയിട്ടു. എന്നിട്ട് ആവണിയേയും കെട്ടി പിടിച്ച് കൊണ്ട് പറഞ്ഞു .

“ദുബായില് പോയിട്ട് ഇതിലും വലിയ സൗഭാഗ്യം ഒന്നും ഇനി എൻ്റെ ജീവിതത്തിൽ വരാനില്ലെടാ .”

ശുഭം