അവിവാഹിതനും സുന്ദരനും സൽസ്വഭാവിയും ബ്രഹ്മചാരിയുമായ എന്റെ മനസിളക്കാനാണ് അയാളുടെ നീക്കമെന്ന് മനസിലായി….

എന്റെ ആദ്യത്തെ പെണ്ണുകാണൽ

എഴുത്ത്: സാജുപി കോട്ടയം

അന്നെനിക്ക് വയസ്സ് ഇരുപത്തിഒൻപത് പൂർത്തിയാവാൻ മൂന്നു ദിവസംകൂടി മാത്രം ഇന്ന് വെള്ളിയാഴ്ച നാട്ടിലെ ആട് മാട് പോത്ത്, സ്ഥലം, ഇവയൊക്കെ വാങ്ങൽ മറിച്ചു വിൽക്കൽ ബ്രോക്കർ പണി ചെയ്യുന്ന മത്തായിച്ചന്റെ വിളികേട്ടാണ് രാവിലെ ഞാനെഴുന്നേറ്റത്.

കണ്ണും തിരുമി നോക്കുമ്പോൾ ഒരു സുന്ദരിയായ പെണ്ണിന്റെ ഫോട്ടോ എന്റെ മുഖത്തോട് ചേർത്ത് പിടിച്ചിച്ചുകൊണ്ട്…

ഇതെങ്ങനെയുണ്ട്…. ഐറ്റം…?

ഒന്നുടെ ഞാൻ കണ്ണുകൾ തിരുമി നോക്കി… ഒരു ഭയങ്കര സുന്ദരി.. സിനിമ നടിയൊന്നുമല്ല പക്ഷെ അതിനടുത്തൊക്കെ വരും.

ഇതാരാ….? ഞാൻ മത്തായിയെ നോക്കി ചോദിച്ചു.

നിനക്ക്…. വേണോ ഇവളെ..?

ഞാൻ വിശ്വാസം വരാതെ ആശ്ചര്യത്തോടെ അയാളെ വീണ്ടും നോക്കി.

തനിപ്പോ.. പശുക്കച്ചവടമൊക്കെ വിട്ട് “ഈ പരിപാടിയും തുടങ്ങിയോ..?

മത്തായി : അതൊക്കെ ഇപ്പൊ വല്ലപ്പോഴും ഒക്കെ നടക്കും ഇതാണ് ഇപ്പൊ നല്ല വല്ല കോളും വന്നാൽ കൈനിറയെ കാശും കിട്ടും.. ഇത്.. നിനക്ക് വേണേൽ പറ.

അയാൾ ന്റെ കണ്മുന്നിൽ തിരിച്ചും മറിച്ചും വീശി പ്രേലോഭിപ്പിക്കാൻ ശ്രെമിച്ചുകൊണ്ടിരുന്നു.. അവിവാഹിതനും സുന്ദരനും സൽസ്വഭാവിയും ബ്രഹ്മചാരിയുമായ എന്റെ മനസിളക്കാനാണ് അയാളുടെ നീക്കമെന്ന് മനസിലായി.

ഞാൻ : ടോ….. മത്തായി കാര്യം ഞാൻ ഒറ്റത്തടിയൊക്കെയാണ് എന്നാലും ഇത്തരം വൃത്തികെട്ട പരിപാടിക്കൊന്നും ഇതുവരെയും പോയിട്ടില്ല.. അതു തന്നെയല്ല കാശ് കൊടുത്തു ചെയ്യേണ്ട ഒരു കാര്യമല്ല ഇതൊന്നും. പിന്നെ കാ മം സെ ക്സ് ഇതൊക്കെ ഇഷ്ട്ടപെടുന്നവർ തമ്മിലുള്ള മാനസിക അടുപ്പത്തിൽ നിന്നുണ്ടാവേണ്ടതാണ് …അല്ലാതെയുള്ള ലൈ ഗീകബന്ധം മറ്റെന്തെങ്കിലും കാരണത്തിന്റെ പൂർത്തികരണമാണ്.

അങ്ങനെ ഉപദേശത്തിൽ തുടങ്ങി… തനിക്കു വേറെന്തെങ്കിലും പണിയെടുത്തു ജീവിച്ചു കൂടെ….. യെന്ന് പറഞ്ഞു നാക്കെടുത്തു അകത്തേക്ക് വച്ചതും.

മത്തായി : പ്ഫാ……. നാറി… നാട്ടിൽ പെണ്ണും പിടക്കോഴിയുമില്ലാതെ തേരാപാര നടക്കുന്ന നിനക്കൊരു കല്യാണആലോചന കൊണ്ടുവന്നതാ… മൈ….***

മത്തായി അഭിമാനത്തിനു ക്ഷതം സംഭവിച്ചതിൽ ദേഷ്യം കൊണ്ടുനിന്ന് വിറക്കുകയാണ് .

മത്തായിയുടെ വരവിനെന്റെ ഉദ്ദേശശുദ്ധി മനസ്സിലാക്കാതെ പെരുമാറിയത് വളരെ സങ്കടം ഉണ്ടാക്കുന്നു എന്നൊക്കെ പറഞ്ഞു കാലുപിടിച്ചു ഒരുവിധത്തിൽ മത്തായിയെ അനുനയിപ്പിച്ചു.

ഞാൻ : അതൊക്കെ പോട്ടെ ആരാണ് പറഞ്ഞത് എനിക്ക് ഇത്ര രാവിലെ പെണ്ണ് കെട്ടണം എന്ന്???

മത്തായി : അത് പറയാം പക്ഷേ നീ അവന്നോട് പോയി ചോദിക്കരുത്. അപ്പുറത്തെ വീട്ടിലെ ബാബുവാണ് പറഞ്ഞത്. സത്യം പറഞ്ഞാൽ ഒരു പോത്ത് കച്ചവടമാണെന്ന് പറഞ്ഞാണ് എന്നെ വിളിച്ചു വരുത്തിയത്.

ഞാൻ : എന്നിട്ട്

മത്തായി : ഈ ഫോട്ടോയും അഡ്രെസും തന്ന് ഇങ്ങോട്ട് വിട്ടു, നടന്നാൽ അവരും വല്ലതും തരും

ഞാൻ : ങേ…. എന്നെ കെട്ടിക്കാൻ അവൻ എന്താ ഇത്ര താല്പര്യം?

മത്തായി : അത് പിന്നെ നീ അവന്റെ ഭാര്യയുമായി മിക്കവാറും വർത്തമാനം പറയാറില്ലേ??

ഞാൻ : അതൊക്കെ അയൽപക്കസ്നേഹമല്ലേ..? അവരോട് മാത്രമല്ലല്ലോ അപ്പുറത്തെ ജസീറയോടും സാലിയോടും മോളമ്മയോടുമൊക്കെ സംസാരിക്കാറുണ്ടല്ലോ??

മത്തായി : അതൊക്കെ ശരിയാ പക്ഷേ ബാബുന്റെ കൂടെ അവളുമാരുടെ ഭർത്താക്കന്മാരും ഉണ്ടായിരുന്നു ഈ കാര്യത്തിൽ എന്നോട് സംസാരിക്കാൻ.

*********

എന്തായാലും മുൻപോട്ട് ജീവിക്കാൻ ഒരു ഇണയും തുണയും വേണം… വീട്ടുകാരോ ബന്ധുക്കളോ അതിനു മുൻകൈയ്യെടുക്കാത്ത സ്ഥിതിക്ക് മത്തായി പറഞ്ഞ പെണ്ണിനെ പോയി കണ്ടേക്കാമെന്ന് കരുതി. ഞാൻ സമ്മതിച്ചു

എന്നാ… അടുത്ത ഞായറാഴ്ച തന്നെ പോയാലോ? മത്തായിക്ക് ആവേശം കേറി

ഞാൻ : എനിക്കൊരാളോട് ചോദിക്കണം

മത്തായി : അതാര്?

പിന്നെ പെണ്ണ് കാണാൻ പോകുമ്പോൾ ആരെങ്കിലും കൂടെ വേണ്ടേ അതുകൊണ്ട് കൂട്ടുകാരൻ ഷാജിയെക്കുടെ വിളിക്കാം

ആ… ബെസ്റ്റ്… ആ പിശുക്കൻ ഷാജിയല്ലേ..? നിനക്ക് ചേരും. മത്തായി ആക്കിയൊരു ചിരിയോടെ പറഞ്ഞു.

അപ്പൊത്തന്നെ ഞാൻ ഫോണെടുത്തു ഷാജിയെ. വിളിച്ചു.

ഞാൻ : ടാ ഞായറാഴ്ച എനിക്കൊരു ഒരു പെണ്ണുകാണാൻ പോകണം നീ ഫ്രീയാണോ?

മറുതലയ്ക്കൽ ഷാജി : ഞായറാഴ്ച പറ്റില്ലെടാ… തിങ്കളാഴ്ച്ച പോകാം

ഞാൻ : അതെന്താടാ ഞായറാഴ്ച നിനക്ക് പണിയൊന്നുമില്ലല്ലോ.. തിങ്കളാഴ്ച്ച പണിക്ക് പോകേണ്ടേ?

ഷാജി : നീയെന്ത് പൊട്ടനാടാ… നമ്മള് ശനിയാഴ്ച വരെ കഷ്ട്ടപെട്ടു പണിയെടുത്തിട്ട് ഞായറാഴ്ച കൊറച്ചു കപ്പയും കുറച്ച് ഇറച്ചിയുമൊക്കെ വാങ്ങി കഴിക്കും.. അത് നമ്മുക്ക് ആരോഗ്യം ഉണ്ടാകാൻ ആണ് . അല്ലാതെ നമ്മൾ കാശ് കൊടുത്തു വാങ്ങുന്ന കപ്പയുടെയും ഇറച്ചിയുടെയും ഊർജ്ജം തിങ്കളാഴ്ച വല്ലവനും വേണ്ടി കഷ്ടപ്പെട്ട് കളയണോ??

ഞാൻ : നിനക്ക് ഭയങ്കര ബുദ്ധി ആണല്ലോ നമിച്ചു ഗുരുവേ…?

************

തിങ്കളാഴ്ച രാവിലെ തന്നെ ഷാജിഎത്തി മത്തായിയും എത്തി

ചേർത്തലയിൽ ആണ് പെണ്ണിന്റെ വീട്. ഇവിടെ ഏകദേശം ഒരു 45 കിലോമീറ്റർ മുകളിൽ ഉണ്ട് യാത്ര

എന്നാപ്പിന്നെ… ഒരു കാർ വിളിക്കൂ നമുക്ക് മൂന്നു പേർക്കും അതിൽ പോകാമല്ലോ?? മത്തായി പറഞ്ഞു

ഞാൻ കാർ വിളിക്കാൻ തുടങ്ങുന്നതിനു മുൻപ് തന്നെ ഷാജി ഇടപെട്ടു.

കാറിൽ അവിടം വരെ പോണെങ്കിൽ ഒരു പത്ത് 3000 രൂപയെങ്കിലും ആവും ഒരു കാര്യം ചെയ്യാം ഞങ്ങൾ രണ്ടുപേരും ബൈക്കിൽ വരാം മത്തായി ചേട്ടൻ ബസ് കേറി അങ്ങ് വന്നാമതി അതാവുമ്പോൾ പൈസ ലാഭംമുണ്ട്.

മത്തായിക്ക് അതൃപ്തി തോന്നിയെങ്കിലും വരാൻ പോകുന്ന വലിയ ദുരന്തത്തെക്കുറിച്ച് ഓർത്തോ അല്ലെങ്കിൽ ലാഭത്തെ കുറിച്ച് ഓർത്തോ മത്തായി തലയാട്ടി സമ്മതിച്ചു. മത്തായി മനസ്സില്ലാമനസ്സോടെ ബസ് കയറി യാത്രയായി ..

എന്തായാലും മത്തായി പോയി അപ്പോൾ തന്നെ ഒരു മഴയും പെയ്തു.. അതുകൊണ്ട് ബൈക്കിൽ പോകാനുള്ള പദ്ധതിയും മുടങ്ങി.. ഇനിയേക ആശ്രയം ബസ് ആണ്
എനിക്കാണെങ്കിൽ ബസ്സുകാരെ തീർത്തും താല്പര്യമില്ല.. അനാവശ്യമായി ഉണ്ടാക്കുന്ന ബസ് സമരങ്ങൾ ബസ് കൂലി വർദ്ധന യാത്രക്കാരോടുള്ള സമീപനം ഇതുകൊണ്ടൊക്കെ ബസുകാരോട് ഒരു അതൃപ്തി ഉണ്ടായിരുന്നു എനിക്ക്.

ബസ്സ് കാത്തു നിൽക്കുന്ന ഓരോ സമയവും അടുത്തു കണ്ട കടയിൽ നിന്നു ഷാജി ജ്യൂസ് ബോണ്ട ഏത്തക്ക ഇതൊക്കെ കിട്ടിയ സമയം കൊണ്ട് അകത്താക്കി കാശിന്റെ ഭാഗം വന്നപ്പോൾ കടക്കാരനെ അവൻ എന്നെ ചൂണ്ടിക്കാണിച്ചു. ഞാനവനെ നോക്കിയപ്പോൾ അവൻ പോക്കറ്റ് തട്ടി ഒന്നുമില്ലെന്ന്കാണിച്ചു. ഇനിയും വരാനുള്ള സകല ചെലവുകൾക്കും ഉത്തരവാദി ഞാൻ ആണല്ലോ.എന്റെ കാര്യത്തിനല്ലേ പോകുന്നത്

ബസിൽ കയറി കോട്ടയത്തിന് നൂറു രൂപ നോട്ട് കൊടുത്തു ടിക്കറ്റെടുത്തു.

ചേട്ടാ 4 രൂപ ചില്ലറ ഉണ്ടോ?? കണ്ടക്ടർ ചോദിച്ചു ഞാൻ പോക്കറ്റിൽ നോക്കി. ഉണ്ട് നാലല്ല ഒരുപാട് ചില്ലറയുണ്ട്.. പക്ഷേ എനിക്ക് കൊടുക്കാൻ തോന്നിയില്ല അവരോടുള്ള ദേഷ്യം എന്റെ പ്രതികാരം…

ചേർത്തല വരെയും എത്തണമെങ്കിൽ മൂന്നു വണ്ടിയിൽ മാറിമാറി കയറണം. ഓരോ സ്റ്റോപ്പിൽ ഇറങ്ങുമ്പോഴും ഷാജി ഓടി എങ്കിലും കടയിൽ കയറി എന്തെങ്കിലും വാങ്ങിച്ചു കഴിക്കും പിന്നെ ബസ്സിൽ കയറും. ഞാനും പുറകെ കടയിൽ കയറും പൈസ കൊടുക്കും ബാക്കി ചില്ലറ വാങ്ങും. അവസാന ബസിൽ കയറുമ്പോൾ ചില്ലറയ്ക്ക് വേണ്ടി വഴക്ക് ഉണ്ടാക്കേണ്ടി വന്നു. ഷാജി എന്നോട് ആവുന്നത് പറഞ്ഞു ചില്ലറ കൊടുക്കാൻ . എന്നിട്ടും ഞാൻ ആർക്കും കൊടുത്തില്ല. പെണ്ണിന്റെ വീട്ടിലേക്കുള്ള ഓട്ടോറിക്ഷ യാത്രയിൽ പോലും ഓട്ടോക്കാരനും ചില്ലറ കൊടുത്തില്ല അവരോടെല്ലാം ചില്ലറ ഇങ്ങോട്ട് വാങ്ങുവാൻ ശ്രമിച്ചു . അതിൽ വിജയിച്ച എന്റെ പോക്കറ്റ് ചില്ലറകൾ കൊണ്ടു നിറഞ്ഞു….. ഞാനറിയാതെ ഒരു സൈക്കോ ആയി മാറുകയായിരുന്നു..

ഞാൻ പോക്കറ്റിൽ തട്ടിക്കൊണ്ടു ഷാജിയെ നോക്കി ചിരിച്ചു

************

കൃത്യമായ അടയാളങ്ങൾ പറഞ്ഞതിനാൽ ഓട്ടോറിക്ഷക്കാരൻ പെണ്ണിന്റെ വീടിനു മുൻപിൽ തന്നെ കൊണ്ടു ഇറക്കിവിട്ടു… വാതുക്കൽ ചിരിച്ചുകൊണ്ട് ബ്ലോക്കർ മത്തായിയും പെണ്ണിന്റെ അപ്പൻ ചിരിച്ചും ചിരിക്കാതെയുമുള്ള മുഖഭാവത്തിൽ വാതിൽ പടിയിൽ നിന്നും മുറ്റത്തേക്കിറങ്ങി നിൽപ്പുണ്ട്….. വീടിന്റെ ഒരു സൈഡിൽ നിന്നും കുറച്ചു കുട്ടികൾ എത്തി നോക്കിയിട്ട് പൊട്ടിച്ചിരിച്ചുകൊണ്ട് പിന്നിലേക്ക്ഓടുന്നു

ജനാലകൾ ക്കിടയിലൂടെ കുറേപേർ നോക്കുന്നു ഒരുപക്ഷേ അയൽപക്കക്കാരും ബന്ധുക്കളും ആവാം കൂട്ടത്തിൽ ഒരു പക്ഷേ ഭാവിയിലെ വധുവും കാണും .

എന്റെ ജീവിതത്തിലെ ആദ്യത്തെ പെണ്ണു കാഴ്ചയാണ് അതിന്റെ ഒരു ചളിപ്പും പരിഭ്രമവും ഉള്ളിലുണ്ട്…. എങ്കിലും ധൈര്യം സംഭരിച്ച് മുമ്പോട്ടു നടന്നു.

പെണ്ണിന്റെ അപ്പൻ ഹാർദവമായി സ്വാഗതം ചെയ്തു… അകത്തേക്കു ക്ഷണിച്ചു..

ഞാൻ ഷാജിയെ നോക്കി നീ ആദ്യം കയറു കണ്ണുകാണിച്ചുകൊണ്ട് പറഞ്ഞു…

അവൻ അകത്തേക്ക് കയറി ഞാൻ പുറകെ കയറാൻ തുടങ്ങുന്നതിനു മുൻപായി കാലിൽ ഇട്ടിരുന്ന പുതിയ “വുഡ്ലാൻഡ് “ചെരുപ്പിന്റെ പുറകിലെ പൂട്ട് അഴിക്കാൻ കുനിഞ്ഞതും… പോക്കെറ്റിൽ നിറഞ്ഞു കിടന്ന ചില്ലറകൾ മുഴുവനും…(കണ്ടത്തിലേക്ക് താറാവിൻ കുഞ്ഞുങ്ങളെ അഴിച്ചുവിട്ടതുപോലെ ) അവരുടെ സിറ്റ്ഔട്ടിലൂടെ തലങ്ങും വിലങ്ങും ഉരുണ്ട് നടന്നു … ഒരു അഞ്ചിന്റെ തുട്ട് പെണ്ണിന്റെ അപ്പന്റെ കാലിൽ അവിടെതന്നെ കറങ്ങികറങ്ങി കിടന്നു കുറച്ചൊക്കെ സെറ്റിയുടെയും കസേരയുടെയും അടിയിലേക്ക് ഓടിക്കയറി..തൽക്ഷണം തന്നെ ഷാജി ചാടിനിലത്തേക്ക് വീണു ഓടിനടക്കുന്ന ചില്ലറകൾ പെറുക്കാൻ തുടങ്ങി കൂടെ പെണ്ണിന്റെ അപ്പനും… അതുകണ്ടു അകത്തു കുറച്ചു കാക്കിരിപ്പിക്കിരി കുഞ്ഞുങ്ങളും കുത്തിയിരുന്നു പെറുക്കി… ഒടുവിൽ പെണ്ണിന്റ അപ്പൻ എന്റെ കൈകളിലേക്ക് അതുമുഴുവൻ ഇട്ടുതന്നു.

എന്റെ കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ .. ഭൂമി പിളർന്നു താഴേക്കു ചാടിയോടിയാലോന്ന് പോലും ആലോചിച്ചു നിൽക്കുമ്പോ….

അകത്തു കതകിന്റെ മറവിൽ നിന്ന് ഒരു പ്രായമായ സ്ത്രീയുടെ ശബ്ദം.

” ഇവനൊക്കെ എന്താ കുടുക്കയും പൊട്ടിച്ചോണ്ടാണോ പെണ്ണുകാണാൻ വരുന്നത് ” എന്ന്…