ആകെ നാറി നാണംകെട്ടെങ്കിലും, ഒക്കെ അവൾക്ക് വേണ്ടിയാണല്ലോ എന്നോർത്ത് ഒന്നും മിണ്ടാതെ ആ ഉമ്മറത്ത് നിന്നിറങ്ങി നടന്ന്…

താന്തോന്നി ????

Story written by BINDHYA BALAN

“കണ്ട പാറ മടയിൽ പോയി കല്ല് പൊട്ടിച്ചും ചുമരിന് പെയിന്റടിച്ചും, കൂട്ട്കാരുടെ കൂടെ കണ്ട ആൽത്തറേലും പറമ്പിലും കൂട്ടം കൂടിയിരുന്നും താന്തോന്നിയായി ജീവിക്കണ ഇവനെ മാത്രേ കിട്ടിയുള്ളോടി അസത്തെ നിനക്ക് പ്രേമിക്കാൻ “

പ്രണയം തോന്നിയ പെണ്ണിനെ പെണ്ണ് ചോദിക്കാൻ നെഞ്ചും വിരിച്ച്‌ അവളുടെ വീട്ടിലേക്ക് കയറിചെന്ന എന്റെ മുന്നിൽ വച്ച് അവളുടെ കരണം പുകയുന്ന തരത്തിൽ ഒരെണ്ണം കൊടുത്തിട്ട് അവളുടെ അച്ഛൻ അത്‌ പറയുമ്പോൾ, അടി കൊണ്ട് നീറുന്ന കവിൾ തടവി അവളെന്നെ നോക്കി.

“അച്ഛന്റെ കൈയീന്നല്ലേ… നീയങ്ങു സഹിക്ക്.”

അവളെയൊന്നു സമാധാനിപ്പിച്ചിട്ട് ഞാൻ വെറുതെ ചിരിച്ചു.

“എന്റെ മോളെ ഞാൻ തല്ലും തലോടും ചിലപ്പോ കൊല്ലും.. സമാധാനിപ്പിക്കാനും സന്തോഷിപ്പിക്കാനും അവള്ടെ തന്തയായ ഞാൻ ഉള്ളപ്പോ കണ്ടിടം നിരങ്ങി നടക്കണവന്മാരൊന്നും അതിന് മെനക്കെടണ്ട.. ഇറങ്ങിപ്പോടാ “

ദേഷ്യം കൊണ്ട് വിറച്ച് അവളുടെ അച്ഛൻ എന്റെ ഷർട്ടിന്റെ കോളറിന് കുത്തിപ്പിടിച്ച് പുറത്തേക്ക് വലിച്ചിട്ട് വാതിലുകൾ കൊട്ടിയടയ്ക്കുമ്പോൾ ഉരുകിപ്പോകുന്നത് പോലെയാണ് തോന്നിയതെനിക്ക്.

ആകെ നാറി നാണംകെട്ടെങ്കിലും, ഒക്കെ അവൾക്ക് വേണ്ടിയാണല്ലോ എന്നോർത്ത് ഒന്നും മിണ്ടാതെ ആ ഉമ്മറത്ത് നിന്നിറങ്ങി നടന്ന് വഴിയിലേക്ക് കയറുമ്പോഴാണ് ഓടിയണച്ചെത്തിയ ഗൗരി പിന്നിൽ നിന്ന് വിളിച്ചത്.

“നന്ദേട്ടാ…. നന്ദേട്ടാ… ഒന്ന് നിന്നേ..”

അവളുടെ വിളിക്ക് കാത് കൊടുക്കാതെ നടത്തം തുടർന്ന എന്റെ പിന്നാലെ ഓടി വന്നു കയ്യിൽ തൂങ്ങി അണക്കുന്ന അവളെ നോക്കി ഞാൻ പല്ല് കടിച്ചു.

“നന്ദേട്ടാ സോറി… ദേഷ്യം ആണോ എന്നോട്? “

കിതച്ചു കൊണ്ടാണ് അവൾ ചോദിച്ചത്.

“സോറി കൊണ്ട് പോയി നിന്റെ അച്ഛന് കൊടുക്ക്‌. എടി നീ ഒരുത്തി കാരണമാ ഞാനിന്നു നാണംകെട്ടത്. നിനക്കാരുന്നല്ലോ ധൃതി ഞാൻ വന്നു പെണ്ണ് ചോദിക്കാൻ.. എന്നിട്ടിപ്പോ സമാധാനം ആയല്ലോ… പൊയ്ക്കോണം എന്റെ മുന്നീന്ന് “

അവളുടെ കൈ തട്ടിത്തെറിപ്പിച്ച് നടക്കാനാഞ്ഞത്തും ഒരു പൊട്ടിക്കരച്ചിലോടെ മണ്ണിലേക്ക് കുഴഞ്ഞു വീഴുന്ന എന്റെ ഗൗരിയെ കണ്ട് ചങ്ക് പിടഞ്ഞു പോയി. നിലത്ത് നിന്നവളെ പൊക്കിയെടുത്തു നിർത്തി

“എന്തിനാടി നീയെന്നെയിങ്ങനെ സ്നേഹിക്കണേ? നിന്റെ അച്ഛൻ പറഞ്ഞത് പോലെ കിട്ടുന്ന പണിക്ക് പോയീം കൂട്ടുകാര്ടെ കൂടെ കൂട്ട് കൂടീം ആരേം പേടിയില്ലാതെ താന്തോന്നിയായി ജീവിക്കണ എന്നെ മാത്രേ നിനക്ക് കിട്ടിയുള്ളോടി…? ” എന്ന് ചോദിച്ച് ഞാൻ കണ്ണുരുട്ടി.

“ആരാ പറഞ്ഞേ നന്ദേട്ടൻ താന്തോന്നി ആണെന്ന്… ഇനീപ്പോ താന്തോന്നി ആണേലും സാരമില്ല എനിക്ക് ഏട്ടന്റെ കൂടെ ജീവിച്ചാ മതി… ഞാനും വരട്ടെ ഇപ്പൊ തന്നെ.. കൊണ്ട് പോകോ ന്നേ? “

എന്നെ വട്ടം കെട്ടിപ്പിടിച്ച്‌ ഏങ്ങലടിച്ചു കൊണ്ടാണവൾ ചോദിച്ചത്. നെഞ്ചിൽ പറ്റിചേർന്നു നിൽക്കുന്ന അവളുടെ നെറുകിൽ തലോടി ഒരുമ്മ കൊടുത്തിട്ട് ഞാൻ പറഞ്ഞു

“നന്ദേട്ടന്റെ ഗൗരി ഇപ്പൊ വീട്ടിലേക്ക് പോ.. വെറുതെ അച്ഛനെ ഇനിയും ദേഷ്യം പിടിപ്പിക്കണ്ട. നല്ല കുട്ടിയായി ഇരിക്ക്… നമുക്ക് വഴിയുണ്ടാക്കാം “

എന്റെ വാക്കിൽ പകർന്നു കിട്ടിയ വിശ്വാസത്തിൽ കണ്ണുകൾ തുടച്ച് അവൾ നടന്ന് പോകുന്നതും നോക്കി നിന്ന്, അവൾ കണ്ണിൽ നിന്ന് മാഞ്ഞപ്പോൾ ഞാൻ പതിയെ കടവത്തേക്ക് നടന്നു

“നീയിതെവിടാരുന്നെടാ.. ഞങ്ങൾ കരുതി നിന്നെ അവളുടെ അച്ഛൻ തട്ടിക്കാണുമെന്നു “

കടവത്ത് കൂട്ടം കൂടിയിരുന്ന കൂട്ടുകാരിലൊരുത്തൻ എന്നെ കണ്ടപാടെ ഉറക്കെ പൊട്ടിച്ചിരിച്ചു കൊണ്ട് ചോദിച്ചു.

“പോടാ.. അവളുടെ വീട്ടിൽ പോയി വാല് മുറിഞ്ഞത് നേരാണ്.. എന്റെ പെണ്ണിന്റെ അച്ഛൻ ആയിപ്പോയി അങ്ങേരു. ഇല്ലേൽ എന്റെ നേർക്ക് പൊക്കിയ ആ കൈ ഞാനിങ്ങു ഓടിച്ചെടുത്തേനേ. “

പൂഴിമണ്ണിലെ തണുപ്പിലേക്കിരുന്ന് അവന്റെ പുറത്തിനിട്ടൊന്നു കൊടുത്ത് ഞാൻ പറഞ്ഞു.

“ഡാ നേരെ ചൊവ്വേ അത് നടപടിയാകുന്ന ലക്ഷണമില്ലെന്നാണെൽ നീയിങ് വിളിച്ചിറക്കി കൊണ്ട് വാടാ അവളെ. അങ്ങനാ ആണുങ്ങൾ. ബാക്കിയെല്ലാത്തിനും നിനക്ക് നല്ല തണ്ടും തന്റേടവും ഉണ്ടല്ലോ.. പിന്നെ ഇത് മാത്രമെന്താ ഇങ്ങനെ “

കൂട്ടുകാരൻ വിഷ്ണു ചോദിച്ചു. ഒന്നോർത്താൽ അവൻ ചോദിച്ചതിൽ കാര്യമുണ്ട്. ചെന്ന് വിളിച്ചാൽ അവൾ വരും.

“പത്താം ക്ലാസ്സിൽ പഠിക്കുമ്പോ തുടങ്ങിയതാ അവൾക്ക് എന്നോടുള്ള ഇഷ്ടം. ഇപ്പോഴും അത്ഭുതം തോന്നാറുണ്ടെനിക്ക്, അവളുടെ അച്ഛന്റെ നോട്ടത്തിൽ വെറും താന്തോന്നിയായ,കൂലിപ്പണിക്കാരനായ എന്നെ അവളെന്തിനാ ഇത്രയും സ്നേഹിക്കണതെന്നു.. ഞാൻ വിളിച്ചാൽ അവള് വരുമെന്ന് എനിക്കറിയാം. പക്ഷേ അങ്ങനെ വിളിച്ചിറക്കി കൊണ്ട് വന്ന് ആ അച്ഛന്റെയും അമ്മയുടെയും കണ്ണീര് തലയിൽ വീഴ്ത്തണ്ടല്ലോ എന്ന് കരുതീട്ടാ വരാൻ അവളൊരുങ്ങുമ്പോഴെല്ലാം ഞാൻ തടയുന്നത്.”

പൂഴിമണ്ണിൽ അവളുടെ പേരെഴുതിക്കൊണ്ട് പറഞ്ഞു നിർത്തുമ്പോഴാണ് വീട്ടിൽ നിന്ന് അമ്മയുടെ ഫോൺ വന്നത്. ഫോണെടുത്ത് അമ്മയോട് വരുവാണ് എന്ന് പറഞ്ഞ് എണീക്കുമ്പോൾ കുറച്ചു കഴിഞ്ഞു പോകാമെന്ന് വിഷ്ണു പറഞ്ഞെങ്കിലും
നാളെ കാണാമെന്നു പറഞ്ഞ് വണ്ടി സ്റ്റാർട്ട് ചെയ്തു. വീട്ടിലേക്കുള്ള ദൂരമത്രയും ഗൗരി മാത്രമായിരുന്നു മനസ്സിൽ.

ഉള്ളിൽ കൊണ്ട് നടക്കുന്ന ആണിന് മറ്റൊരു പെണ്ണിനെയാണ് ഇഷ്ട്ടമെന്നറിഞ്ഞ് ചങ്ക് നീറ്റുന്ന വേദനയോടെ മറന്നേക്കാം എന്ന് പറഞ്ഞ് ചിരിച്ചവൾ…കാണുമ്പോഴെല്ലാം തല കുനിച്ച് കണ്ണ് നിറച്ച് പോകുന്നവൾ…ഒടുവിൽ പ്രണയിച്ച പെണ്ണ് കയ്യിൽ കാശുള്ള മറ്റൊരുത്തന്റെ പ്രണയത്തിൽ കൈ കോർത്ത് നടന്ന് പോകുന്നത് കണ്ട് ചങ്ക് തകർന്ന്, പ്രണയത്തെ അത്രമേൽ വെറുത്ത് മറ്റാരോ ആയി മാറിപ്പോയ ഒരുവനെ വീണ്ടും ജീവിതത്തിലേക്ക് കൊണ്ട് വന്നവൾ…താന്തോന്നിയായ് നടന്നൊരുവനെ ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ ലാളിച്ചവൾ…ചങ്കിലെ പ്രണയത്തിന്റെ നേര് കൊണ്ട് സ്വന്തം ആണിനെ നേടിയെടുത്തവൾ…അവളെ നഷ്ടപ്പെടുക എന്നത് മരിക്കുന്നതിന് തുല്യമാണ്….

“എവിടാരുന്നു നന്ദാ നീ ഇത് വരെ… എന്നെയിങ്ങനെ തീ തീറ്റിക്കാൻ തന്നെയാണോ നിന്റെ തീരുമാനം? “

ഉമ്മറപ്പടിയിൽ കാത്ത് നിന്ന അമ്മയുടെ ശകാരം കാതിൽ വന്ന് വീണപ്പോഴാണ് വീട്ടിൽ എത്തിയെന്നു മനസിലായത്. അവളെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം ഈ ലോകത്തെ മുഴുവൻ മറന്ന് പോകാൻ മാത്രമാഴത്തിൽ ഗൗരി എന്നിലുണ്ടെന്നോർത്തപ്പോൾ അറിയാതൊരു ചിരി വന്നെനിക്ക്.

“നിയ്യെന്താ ചെക്കാ മിറ്റത്തു നിന്ന് ഇളിക്കണെ… ഇങ്ങട് വാ.. പുറത്ത് നല്ല മഞ്ഞാണ്.. വെറുതെ പനി പിടിപ്പിക്കണ്ട “

വീണ്ടും അമ്മയുടെ ശകാരം…

“പനി വന്നാ നോക്കാൻ എന്റെ അമ്മക്കുട്ടി ഇല്ലേ… പിന്നെന്താ “

അമ്മയെ ഒന്ന് കൊഞ്ചിച്ചിട്ട് അകത്തേക്ക് കയറുമ്പോൾ പിന്നിൽ നിന്ന് അമ്മയുടെ സ്ഥിരം പല്ലവി വന്നു

“അയ്യടാ.. ഇനീം നെന്റെ കാര്യങ്ങൾ നോക്കണേ വേഗമൊര് പെണ്ണ് കെട്ടിക്കോ.. എനിക്ക് വയ്യാണ്ടായി… “

“ഇനീപ്പോ ഒന്ന് നേരം വെളുത്തോട്ടെ… ഇപ്പൊ ചെന്ന് ചോദിച്ചാ ഒരിടത്തൂന്നും പെണ്ണ് കിട്ടില്ല… അമ്മ പോയി ചോറെടുത്തേ… ഞാനൊന്ന് കുളിച്ചിട്ട് വരാം.”

കുളി കഴിഞ്ഞ് എത്തിയപ്പോഴേക്കും അമ്മ ചോറ് വിളമ്പിയിരുന്നു.

“മോനേ… അമ്മ നേരത്തെ പറഞ്ഞത് കാര്യമായിട്ടാടാ.. അമ്മയ്ക്ക് വയ്യാണ്ടായി തുടങ്ങി… കണ്ണടയുന്നതിനു മുൻപ് മോനൊരു കൂട്ടുണ്ടായി കാണാൻ അമ്മയ്ക്ക് മോഹമുണ്ട്….. ഗൗരി മോളുടെ കാര്യം അമ്മയ്ക്ക് അറിയാം.. ഒരു കാര്യം ചെയ്താലോ.. നാളെ നമുക്ക് രണ്ട് പേർക്കും കൂടി അങ്ങട്ട് പോയാലോ.. അമ്മ ചോദിക്കാം അവരോട്… “

ചോറിലേക്കൊരു തവി രസം കോരിയൊഴിച്ച് അമ്മ അത്‌ പറയുമ്പോൾ, എനിക്കും തോന്നി അമ്മയെ കൂട്ടി ചെന്നാൽ ഒരുപക്ഷെ അവളുടെ അച്ഛൻ സമ്മതിച്ചാലോ…

“പോകാം അമ്മേ… ഇനി അത്‌ കൂടി നോക്കാം… എന്നിട്ടും അവര് സമ്മതിക്കണില്ലേൽ… ഇല്ലേൽ… “

വേറൊന്നും പറയാതെ കഴിച്ച് കൊണ്ടിരുന്നത് മതിയാക്കി, പറഞ്ഞു വന്നത് മുഴുവിക്കാതെ എഴുന്നേറ്റ് പോകുമ്പോൾ മനസ്സിൽ ഞാനൊന്ന് ഉറപ്പിച്ചു കഴിഞ്ഞിരുന്നു….

പിറ്റേന്ന് അമ്മയെയും കൂട്ടി അവളുടെ വീടിന്റെ പടി കയറുമ്പോൾ, അത്‌ വരെയില്ലാത്തൊരു ആത്മ വിശ്വാസം അപ്പൊ വന്നത് പോലെ . ഇന്നലെ കണ്ട പ്രകൃതമായിരുന്നില്ല അവളുടെ അച്ഛന്…ഒരുപക്ഷെ അമ്മ കൂടെയുള്ളതു കൊണ്ടാവും.. എങ്കിലും ആ മാറ്റം എനിക്കൊരു പ്രതീക്ഷ തരാതിരുന്നില്ല

ഞങ്ങളോട് കയറിയിരിക്കാൻ പറഞ്ഞ് ഉമ്മറത്തെ ചാരുകസേരയിലേക്ക് ചാഞ്ഞു അകത്തേക്ക് നോക്കി അച്ഛൻ നീട്ടി വിളിച്ചു. അവളുടെ അമ്മ പുറത്തേക്ക് വന്നു.. അമ്മയുടെ മുഖത്തു എന്നെ കണ്ടതുമൊരു പരിഭ്രമം നിഴലിക്കുന്നത് ഞാൻ കണ്ടു.

“ഞങ്ങൾ വന്നതെന്തിനാന്നു മനസ്സിലായിക്കാണൂല്ലോ ഗൗരീടച്ഛന്.. എന്റെ മോന് ഗൗരി മോളെ ജീവനാണ്.. എനിക്ക് അറിയാം, എന്റെ മോന് വലിയ സർക്കാരുദ്യോഗോ അഞ്ചക്ക ശമ്പളമൊ ഒന്നൂല്യ.. പക്ഷെ അവന് നേരും നെറിയുമുള്ളൊരു മനസുണ്ട്..ആരേം ചതിക്കാനോ നോവിക്കാനോ അറിയാത്തൊരു മനസ്. ഇവിടെ വന്ന് എന്റെ മോന് പെണ്ണ് ചോദിക്കാനുള്ള യോഗ്യത അതാണ്‌…. ഗൗരി മോളെ ഇവൻ പൊന്ന് പോലെ നോക്കും.. അതില് ഗൗരീടച്ഛന് ഒരു സംശയവും വേണ്ട….സ്ഥാനവും പദവീം മാത്രം നോക്കി, കുടിയൊഴിപ്പിച്ചു വിടാനുള്ളതല്ല പെൺകുട്ടികള്. എനിക്ക് വലിയ ലോകപരിചയമൊന്നുമില്ല.. ന്നാലും പറഞ്ഞൂന്നേയുള്ളൂ. നെല മറന്ന് ചോദിക്കാണ് ന്നറിയാം.. പക്ഷെ ന്റെ മോന് വേണ്ടി ചോദിക്കാൻ ഞാൻ മാത്രമേയുള്ളൂ അതാ ഇത്രേടം വന്നത്. നാളെ ന്റെ മോന് സങ്കടം ആവരുതല്ലോ….”

ചാരുകസേരയിൽ മൗനമായിരുന്നു അമ്മ പറഞ്ഞതെല്ലാം കേട്ടതല്ലാതെ അവളുടെ അച്ഛൻ ഒന്നും മിണ്ടിയില്ല. സത്യത്തിൽ ആ നിസ്സഹായാവസ്ഥ കണ്ടപ്പോൾ എനിക്ക് അദ്ദേഹത്തോട് അലിവ് തോന്നി. മെല്ലെയെഴുന്നേറ്റ് അവളുടെ അച്ഛനരികിലേക്ക് ചെന്ന് നിന്നിട്ട് ഞാൻ പറഞ്ഞു

“ഇന്നലെ അമ്മയെന്നോട് പറഞ്ഞു, നമുക്ക് പോയി ഗൗരിയുടെ അച്ഛനെ കണ്ട് സംസാരിക്കാം എന്ന്. ഞാൻ സമ്മതിച്ചു. വന്നു.. അവളെ ചോദിച്ചു… എനിക്ക് അറിയാം എന്നെപ്പോലൊരുവന് അവളെ ഒരിക്കലും അച്ഛൻ വിവാഹം ചെയ്തു കൊടുക്കില്ലെന്നു. അച്ഛൻ പറഞ്ഞത് പോലെ കൂലിപ്പണിയെടുത്തും കൂട്ടുകാരുടെ കൂടെ കൂട്ട് കൂടി നടന്നും ജീവിക്കുന്ന എനിക്കൊന്നും ഗൗരിയെപ്പോലൊരു പെണ്ണിനെ നോക്കാൻ കൂടി യോഗ്യതയില്ല. ഞാൻ ഇന്നലെ എന്റെ അമ്മയ്ക്കൊരു വാക്ക് കൊടുത്തിരുന്നു. ആ വാക്ക് അച്ഛനും തരുവാണ്. ഒരിക്കലും നിങ്ങളെ വേദനിപ്പിച്ച്‌ അവളെ ഞാൻ വിളിച്ചിറക്കി കൊണ്ട് പോവില്ല.. അങ്ങനെ കൊണ്ട് പോവാൻ എനിക്ക് അറിയാഞ്ഞിട്ടല്ല.. വിളിച്ചാ അവളു വരേം ചെയ്യും.. പക്ഷെ ജീവിതത്തിൽ ഇന്നോളം ഞാൻ എന്റെ അമ്മയ്ക്ക് കൊടുത്ത വാക്കുകളൊന്നും തെറ്റിച്ചിട്ടില്ല..എന്റെ അമ്മയെ വേദനിപ്പിച്ചിട്ടില്ല ഇന്നേവരെ..എന്റെ അമ്മയെപ്പോലൊരു അമ്മയാണ് ഇവിടെയും ഉള്ളത്…അതോണ്ട് അച്ഛന് ധൈര്യമായിരിക്കാം…..പിന്നെ ഗൗരി…അവള്… അവളെന്നോട് പൊറുത്തോളും.. എനിക്ക് അറിയാം അവളെ “

പറയാനുള്ളത് പറഞ്ഞു തീർത്ത് എണീറ്റ്‌ അമ്മയെയും കൊണ്ട് ആ വീടിന്റെ പടിയിറങ്ങുമ്പോഴാണ് , ഒരിടത്തും തോറ്റു പോകാതെ ജയിക്കാൻ കരുത്തു പകർന്ന എന്റെ അമ്മ കൂടെയുള്ളപ്പോൾ ഇവിടെയും ഞാൻ തോൽക്കില്ല എന്നോർമ്മിപ്പിച്ചു കൊണ്ടൊരു പിൻവിളി വന്നെന്റെ കാതിൽ വീണത്. അവളുടെ അച്ഛൻ .

തിരിഞ്ഞു നോക്കിയെങ്കിലും,മുറ്റത്ത് തന്നെ നിന്ന എനിക്കരുകിലേക്കിറങ്ങി വന്നെന്റെ തോളിൽ തട്ടിക്കൊണ്ട് അച്ഛൻ പറഞ്ഞത് സത്യത്തിൽ എന്നെ ഞെട്ടിച്ചു

“ഏറ്റവും അടുത്ത മുഹൂർത്തം നോക്കി ന്റെ മോളെയങ് തന്നാ വിരോധോണ്ടോടോ തനിക്ക്? “

എന്ത് പറയണമെന്നറിയാതെ നിന്ന എന്റെ ഞെട്ടലിലേക്ക് നോക്കിയൊരു ചെറു ചിരിയോടെ അച്ഛൻ പറഞ്ഞു

“ഞെട്ടണ്ടാടോ…. താനിനി എത്ര താന്തോന്നി ആണെന്ന് ആര് പറഞ്ഞാലും എനിക്ക് പ്രശ്നം അല്ല.. ന്താന്നറിയോ… അമ്മയെ ദൈവമായി കാണുന്ന താനെങ്ങനാടോ താന്തോന്നി ആവണേ? ജനിപ്പിച്ചു, വളർത്തി വലുതാക്കിയ അച്ഛനമ്മമാരെ വേദനിപ്പിക്കാൻ കഴിയാത്ത നിന്റെ ഈ മനസുണ്ടല്ലോ, അത്‌ മാത്രം മതി നന്ദാ,എന്റെ ഗൗരിയെ നിന്നെയേല്പിക്കാൻ.. എനിക്കൊരു പേടീമില്ല.. എന്റെ മോളെ നീ പൊന്ന് പോലെ നോക്കുമെന്നു എനിക്ക് ഉറപ്പുണ്ട്. നിറഞ്ഞ മനസോടെ തന്നെ എന്റെ മോളെ ഞാൻ നിന്നെയേല്പിക്കുവാ… ന്താ പോരേ “

ഒന്നും മിണ്ടാതെ കണ്ണുകൾ നിറച്ച് അച്ഛനെ കെട്ടിപ്പിടിക്കുമ്പോൾ ഞാൻ കണ്ടു, ഉമ്മരത്തൂണിൽ ചാരി നനഞ്ഞ ചിരിയുമായി നിൽക്കുന്ന എന്റെ പെണ്ണിനെ…അവളാഗ്രഹിച്ചത് പോലെ എല്ലാവരുടെയും അനുഗ്രഹത്തോടെ ഒന്നാവാൻ പോകുന്നതിന്റെ ആശ്വാസവും പേറി നിൽക്കുന്ന എന്റെ ഗൗരിയെ…

ബിന്ധ്യ ബാലൻ