അവളുടെ പരിഭവങ്ങൾ
Story written by Praveen Chandran
“എനിക്കിനിയും അവർക്ക് വച്ചുണ്ടാക്കിക്കൊടു ക്കാൻ പറ്റില്ലാട്ടാ അനീഷേട്ടാ..പണിയെടുത്ത് എന്റെ നടുവൊടിയാറായി.. ഇവിടെ ഒരാളും എന്നെ സഹായിക്കാൻ പോലും തയ്യാറല്ല..”
അവൾ പറഞ്ഞത് കേട്ട് അവൻ സംശയത്തോടെ അവളെ നോക്കി…
“ആരുടെ കാര്യമാ ജ്യോതി നീയീ പറയുന്നത്?”
” വേറാരുടെയാ.. ഇങ്ങടെ അനിയന്റെയും ഭാര്യയുടേയും കാര്യം.. ” അവൾ കുറച്ച് അരിശത്തോടെ പറഞ്ഞു..
” അവരെന്താ ചെയ്തത് അതിന്?”
” ചേട്ടനിവിടെ നടക്കണത് വല്ലതും അറിയുന്നുണ്ടോ അതിന്? ഏത് നേരം കച്ചവടവും കണക്കുമായി നടന്നാ പോരേ? എനിക്ക് മതിയായി.. നമുക്ക് വേറെ ഒരു വീടെടുത്ത് മാറാം.. വാടകവീടായാലും മതി ഒരു സമാധാനം ഉണ്ടാകുമല്ലോ?”
അവൾ പറഞ്ഞത് കേട്ട് അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി… ആ മിഴികൾ ഈറനണിഞ്ഞിരുന്നു… കാര്യം അല്പം ഗൗരവം നിറഞ്ഞതാണെന്ന് അവന് മനസ്സിലായി..
കൈയിലുള്ള കണക്ക് പുസ്തകം മേശയിലേക്ക് വച്ച് അവനവളോട് ചേർന്നിരുന്നു..
“എന്ത് പറ്റി ആശാനേ? ആരേലും എന്തേലും പറഞ്ഞോ?”
“ആരും ഒന്നും പറഞ്ഞില്ല…”
“പിന്നെന്തേ ഈ പരിഭവം ?”
” വേറൊന്നും അല്ല ഏട്ടാ ഇത്ര കാലം ഞാൻ ക്ഷമിച്ചു.. അങ്ങനെ ഒന്നും ആവില്ലാന്ന് കരുതി ഞാൻ സമാധാനിച്ചു.. പക്ഷെ ഇപ്പോ മനസ്സിലായി ഞാൻ വിചാരിച്ചത് തന്നെയാ ശരി… “
“അതിന് മാത്രം എന്താ ഉണ്ടായത്?” അവൾ പറഞ്ഞത് കേട്ട് അവൻ ആശ്ചര്യത്തോടെ ചോദിച്ചു..
” ആരും ഇവിടെ ഒരു പണിയും എടുക്കില്ല ചേട്ടാ.. അമ്മയുടെ കാര്യം പോട്ടെ വയസ്സായില്ലേന്ന് വയ്ക്കാം.. ചേട്ടനറിയോ പ്രീതി ഭക്ഷണം കഴിച്ചാ പ്ലേറ്റ് പോലും കഴുകി വയ്ക്കില്ല.. അവളുടേം അവന്റേം കുട്ടികളുടേം അടക്കം എല്ലാവരും കഴിച്ച എച്ചിലെടുക്കുന്നത് വരെ ഞാനാ.. ഈ വീട് മുഴുവൻ തൂത്ത് വാരുന്നതും തുടച്ച് വൃത്തിയാക്കു ന്നതും ഞാനൊറ്റക്കാണ്.. എന്തിന് മേശപ്പുറത്ത് ഒരു ജഗ്ഗ് വെള്ളമെടുത്ത് വരെ ആരും വയ്ക്കില്ല.. പോരാത്തതിന് തുണികഴുകലും പറമ്പ് വൃത്തിയാക്കലും വേറെ… ആകെ അവൾ ചെയ്യുന്നത് അവരുടെ കുട്ടികൾക്ക് സ്കൂളിലേക്ക് കൊണ്ട് പോകാനുള്ള ടിഫിൻ ഉണ്ടാക്കും.. അത് തിരിച്ച് കൊണ്ട് വന്നാ കഴുകിപോലും വയ്ക്കില്ല.. രാവിലത്തെ ആ പണി കഴിഞ്ഞാ അവൾ നേരെ പോയി മുറിയിലടച്ചിട്ടിരിക്കും ഭക്ഷണം കഴിക്കണ സമയമായാ ഏണീറ്റ് വരും.. മടുത്തു ഏട്ടാ.. അമ്മപോലും ഒരക്ഷരം മിണ്ടില്ല.. അതിനെങ്ങനാ അമ്മയെ ചാക്കിലാക്കി വച്ചിരിക്കല്ലേ അവൾ? “
അവൾ പറഞ്ഞത് കേട്ട് അവൻ വിഷമത്തോടെ അവളെ നോക്കി..
“നീയെന്തേ ഇതൊന്നും നേരത്തേ പറയാഞ്ഞത്?”
“പറഞ്ഞാ ചിലപ്പോൾ ഏട്ടൻ എങ്ങനാ എടുക്കാന്ന് അറിയില്ലല്ലോ? തന്നെയുമല്ല അത് എല്ലാവർക്കും ഒരു മുഷിപ്പിനിടയാവില്ലേ? പിന്നെ നിങ്ങള് ചേട്ടനും അനിയനും നല്ല സ്നേഹത്തിലല്ലേ? ഞാൻ കാരണം നിങ്ങൾ തമ്മിലുള്ള ബന്ധം കളയണ്ടാന്ന് കരുതി..പക്ഷെ ഇനിയും ഇത് തുടർന്നാ എന്റെ നടുവൊടിയും… അതാ പറഞ്ഞത്…”
അവനവളെ ചേർത്ത് പിടിച്ച് ആ കണ്ണുകൾ തുടച്ച് കൊണ്ട് പറഞ്ഞു….
” വിഷമിക്കണ്ട.. നമുക്ക് വഴിയുണ്ടാക്കാം.. എല്ലാം എന്റെ തെറ്റാണ്..ഓട്ടപ്പാച്ചിലിനിടയിൽ നിന്നെ ശ്രദ്ധിക്കാൻ എനിക്ക് സമയം കിട്ടിയില്ല.. നീ ചെയ്തത് വലിയൊരു കാര്യമാണ്.. ദേഷ്യം വന്ന് നീ പൊട്ടിത്തെറിച്ചിരുന്നെങ്കിൽ ചിലപ്പോൾ അത് വലിയ കുടുംബപ്രശ്നത്തിലേക്ക് പോയേനെ.. എല്ലാ ബന്ധങ്ങളും ഒരു നൂലിന്മേൽ ബന്ധിച്ചിരി ക്കുകയാണ്.. അത് പൊട്ടാതെ നോക്കണം.. എന്തായാലും ഞാനൊന്ന് ശ്രമിക്കട്ടെ…”
അവൻ പറഞ്ഞത് കേട്ട് അവൾക്ക് ആശ്വാസമാ യി..
“ഞാൻ വിചാരിച്ചത് ചേട്ടൻ എന്നെ വഴക്ക് പറയുമെന്നാണ്.. ഇത്രേം മതി ഏട്ടാ..ഇങ്ങനെ ഒന്ന് എന്നെ ആശ്വസിപ്പിച്ചാലെങ്കിലും മതി..എനിക്കറിയാം ഏട്ടന് അവരെയെല്ലാം വിട്ട് മാറി നിൽക്കാനാവില്ലാന്ന്.. പിന്നെ ഇപ്പോൾ വേറെ ഒരു വീടെടുത്ത് മാറാനുള്ള സാമ്പത്തിക അവസ്ഥയും നമുക്ക് ഇല്ലാന്ന് അറിയാം.. സാരല്ല്യ ഏട്ടാ.. എനിക്കിതൊക്കെ ശീലായി.. ചേട്ടൻ വിഷമിക്കണ്ട…”
അവൾ പറഞ്ഞത് കേട്ട് അവന്റെ കണ്ണുകളിലും നനവ് പടർന്നു.. അവളുടെ സ്നേഹത്തിന് മുന്നിൽ പകരം വയ്ക്കാനൊന്നുമില്ലെന്ന് അവൻ തിരിച്ചറിഞ്ഞു …
അച്ഛൻ മരിച്ചതിൽ പിന്നെ കുടുംബത്തിലെ കാര്യങ്ങൾ നോക്കുന്നത് കാരണം എല്ലാവർക്കും അവനോട് ബഹുമാനമായിരുന്നു..
അന്ന് മുഴുവൻ അവനാലോചിച്ചത് ഇലയ്ക്കും മുള്ളിനും കേടില്ലാതെ ഇതിന് എങ്ങനെ ഒരു പരിഹാരം കാണാമെന്നായിരുന്നു..
അവസാനം അവനൊന്ന് ശ്രമിച്ച് നോക്കാൻ തന്നെ തീരുമാനിച്ചു..
പിറ്റെ ദിവസം മുതൽ ഒഴിവു കിട്ടുമ്പോഴൊക്കെ അവനും അവളെ സഹായിക്കാൻ തുടങ്ങി..
അവൾ അവനെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൻ സമ്മതിച്ചില്ല…
ഉച്ചക്ക് അവർ കഴിച്ച ഭക്ഷണപാത്രങ്ങൾ അവൻ കഴുകുന്നത് കണ്ടാണ് അമ്മ അവിടേക്ക് വന്നത്..
“നിയെന്തിനാടാ എല്ലാരും കഴിച്ച പാത്രങ്ങൾ കഴുകി വയ്ക്കുന്നത് അതൊക്കെ അവൾ ചെയ്തോളില്ലേ?” .
” അവൾ ചെയ്താലും ഞാൻ ചെയ്താലും ഒന്ന് അല്ലേ അമ്മേ? തന്നെയുമല്ല എനിക്ക് ഇതൊക്കെ ഇപ്പോ ഒരു ഹരമായ് തോന്നണൂ.. “
അവൻ പറഞ്ഞത് കേട്ട് അവർക്ക് ദേഷ്യമാണ് വന്നത്..
“നീയങ്ങോട്ട് മാറിയേ ഞാൻ കഴുകി വയ്ക്കാം.. ” അവർ അവനെ മാറ്റിക്കൊണ്ട് പാത്രങ്ങൾ കഴുകാൻ തുടങ്ങി..
അവനത് കണ്ട് ഉള്ളിൽ ചിരിക്കാൻ തുടങ്ങി..
“ജ്യോതി അലക്കാനുള്ള തുണികളൊക്കെ എടുക്ക്… ” അതും പറഞ്ഞ് അവിടെ കിടന്ന തുണികളൊക്കെ എടുത്ത് അവൻ മെഷീനരികിലേക്ക് പോയി…
ഉച്ചയുറക്കം കഴിഞ്ഞ് അനിയൻ പുറത്തിറങ്ങിയ പ്പോഴാണ് കാണുന്നത് ചേട്ടൻ തന്റെയും ഭാര്യയുടെയും വസ്ത്രങ്ങൾ വരെ അയയിൽ ഉണക്കാനിടുന്നത് കാണുന്നത്..
“ചേട്ടനിതെന്ത് ഭ്രാന്താ കാണിക്കുന്നത്..? ഇങ്ങ് താ ഞാൻ തോരയിടാം.. ഇതൊക്ക എന്തിനാ ഏട്ടൻ ചെയ്യുന്നത് ?”
“ഒന്നൂല്ലെടാ ഉവ്വേ? ചേട്ടത്തിയെ ഒന്ന് സഹായിക്കാ ന്ന് വച്ചു… “
അത് കേട്ടപ്പോഴാണ് അവന് നാണക്കേട് തോന്നിയത്…
“ഡീ പ്രീതി…” അവൻ ഉറക്കെ വിളിച്ചു…
“എന്താ ഏട്ടാ…” അവൾ വിളികേട്ട് ഓടി വന്നു..
” ഇതൊക്കെ ഒന്ന് തോരയിട്ടേ… സ്വന്തം തുണികളെങ്കിലും വാഷ് ചെയ്തൂടെ നിനക്ക്…?” അവൻ പറഞ്ഞത് കേട്ട് ഇളിഭ്യയായി അവൾ തുണികൾ വാങ്ങി തോരയിടാൻ തുടങ്ങി..
അത് കണ്ട് അവൻ വീണ്ടും ഉള്ളിൽ ചിരിക്കാൻ തുടങ്ങി..
ഇത് കൊണ്ടൊന്നും ആയില്ല എന്ന് അവന് തോന്നി..
അന്ന് ആ വീട്ടിലുള്ള എല്ലാ പണിയും തുടർന്ന് പാചക മടക്കം അവനാണ് ചെയ്തത്…
അതോടെ എല്ലാവർക്കും കാര്യങ്ങൾ ഏകദേശം ബോധ്യമായി…
അവൾക്ക് ഇതൊക്കെ കണ്ട് അതിശയ മായിരുന്നു.. എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് അറിയാതെ അവൾക്ക് ആശ്ചര്യമായി…
അന്ന് രാത്രി അതിനെപ്പറ്റി അവൾ ചോദിച്ചെങ്കിലും അവനൊന്നും മറുപടി പറഞ്ഞില്ല…
പക്ഷെ പിറ്റെദിവസം രാവിലെയാണ് അവൾക്ക് അവൻ ചെയ്തതിന്റെ ഫലം എന്താണെന്ന് മനസ്സിലായത്..
അവൾ എണീക്കുന്നതിന് മുന്നേ മുറ്റം അമ്മ അടിച്ച് വൃത്തിയാക്കിയിരുന്നു…അനിയത്തി വീടുമുഴുവൻ വൃത്തിയാക്കി പാചകം ചെയ്യുന്നു…
ജ്യോതിയെ കണ്ടതും ചിരിച്ചുകൊണ്ടവൾ പറഞ്ഞു..
“ചേച്ചി ഇന്ന് എന്റെ സ്പെഷൽ മസാലദോ ശയാണ് എല്ലാവർക്കും ട്ടോ.. ഹോസ്റ്റലിൽ നിൽക്കുമ്പോ കുംക്കിങ്ങ് എന്റെ ഹോബി ആയിരുന്നു.. ഇടക്ക് നിർത്തീപ്പോ മടിപിടിച്ചു.. ഇനി എന്നും ബ്രേക്ക്ഫാസ്റ്റിന് സ്പെഷൽ ഐറ്റംസ് എന്റെ വക..”
അവൾ പറഞ്ഞത് കേട്ട് അവൾക്ക് അത്ഭുതമായി… ഇപ്പോഴാണ് അവൾക്ക് എല്ലാം മനസ്സിലായത്..
അവൾ നേരെ ബെഡ്ഡ്റൂമിലേക്ക് ഓടിച്ചെന്നു..
അവിടെ ഒരു കള്ളച്ചിരിയോടെ അവളെ നോക്കി അവൻ കിടക്കുന്നുണ്ടായിരുന്നു…