ജീവൻ ❤❤
Story written by BINDHYA BALAN
“സമയമായെങ്കിൽ എടുത്തോളൂ.. ഇനീം ആരും വരാനില്ലല്ലോ…. “
കർമ്മം ചെയ്യാൻ വന്ന പൂജാരി നിർദ്ദേശം കൊടുത്തതും ആരൊക്കെയോ ചേർന്ന് ആ മൃതദേഹം താങ്ങിയെടുത്ത്, തെക്കേത്തൊടിയിലെ പുളിയൻ മാവിന്റെ വിറകിൽ തീർത്ത ചിതയിലേക്ക് വച്ചു. മൂകമായി നിൽക്കുന്ന ആൾക്കൂട്ടത്തിൽ കണ്ണുകൾ തുടച്ച് ഞാനും നിന്നു.വെള്ളത്തുണിയിൽ പൊതിഞ്ഞ ആ ശരീരം ചിതയിലേക്ക് വയ്ക്കുമ്പോൾ ആരൊക്കെയോ പറയുന്നത് കേട്ടു
“ഇത്രയും ചെറുപ്പത്തിൽ ഇങ്ങനെയൊരു മരണം… കുട്ടികളും ഇല്ല… ആ ചെക്കന്റെ ഓരോ വിധി… അവൻ പിന്നേം തനിച്ചായി.. “
എന്നെ മറികടന്നു പോയ ഒരു സ്ത്രീ കൂടെയുള്ളയാളോട് പിറുപിറുക്കുന്നുണ്ടായിരുന്നു
“അതിന്റെ വീട്ടീന്ന് ആരും വന്നില്ല കേട്ടോ.. എല്ലാരേം ധിക്കരിച്ച് ആ ചെക്കന്റെ കൂടെ പോന്നൂന്നു കരുതി ഇപ്പഴും അവരുടെ ദേഷ്യം മാറീട്ടില്ല….അതിന്റെ വിധി”
എനിക്ക് എന്തോ വല്ലാത്തൊരു സങ്കടം തോന്നി. അത്രമേൽ പ്രിയപ്പെട്ടവരേ തനിച്ചാക്കി എങ്ങനെ പോകാൻ കഴിയും നമുക്കൊക്കെ..പെട്ടെന്നെനിക്ക് ഇച്ഛനെ കാണാൻ തോന്നി. ഞാൻ ചുറ്റും കൂടി നിന്നവരിൽ ഇച്ഛനെ നോക്കി.. ഇല്ല.. ചെക്കൻ ഈ പരിസരത്തേയില്ല. അല്ലെങ്കിലും മരണ വീടുകളിൽ പോകുന്നത് ഇച്ഛനു പണ്ടേ ഇഷ്ടമില്ലാത്ത കാര്യം ആണല്ലോ.
“ചിതയ്ക്ക് തീ കൊളുത്തുന്നതാരാണ് “
ആരോ ചോദിച്ചു.
“ഭർത്താവിനെ കൊണ്ട് ചെയ്യിക്കണോ.. അങ്ങനെ പാടുണ്ടോ? “
വീണ്ടും ആരോ ചോദിച്ചു. എനിക്കെന്തോ പിന്നെയും സങ്കടം ആയി. കണ്ണുകൾ നിറച്ച് ഞാൻ അപ്പോൾ മാത്രമാണ് ചിതയിൽ കിടത്തിയിരിക്കുന്ന ആളുടെ മുഖത്തേക്ക് നോക്കിയത്. കണ്ടതും എന്റെ ഉള്ളൊന്ന് കിടുങ്ങി. തല കുടഞ്ഞു വീണ്ടും നോക്കിയപ്പോൾ ആണ് വിശ്വാസം ആയത്.. അത് ഞാൻ ആണ്… അതേ ഞാൻ മരിച്ചിരിക്കുന്നു…മരിച്ചിട്ട് എത്ര മണിക്കൂറുകൾ കഴിഞ്ഞു.. എന്നിട്ടും ഞാൻ മാത്രമാണ് ഇത്ര നേരവും എന്റെ മരണത്തോട് പൊരുത്തപ്പെടാതങ്ങനെ…
ഒരു ഞെട്ടലോടെ ഞാൻ ഇച്ഛനെ അവിടെമാകെ കണ്ണുകൾ കൊണ്ട് പരതി.
“എന്ത് കഷ്ട്ടാണല്ലേ… അതിന്റെ യോഗം നോക്കണേ..ഒന്ന് കരയാൻ പോലും ആളില്ല “
എന്നെ കണ്ട് മടങ്ങിയ ചേച്ചി കൂടെയുള്ള ആളിനോട് പറയുന്നത് കേട്ടു. എനിക്ക് സത്യത്തിൽ ചിരിയാണ് വന്നത്, അവർക്ക് അറിയില്ലല്ലോ ഉള്ളിലൊരു കർക്കിടക പെയ്ത്തുമായി ഒരുവൻ ഈ കൂട്ടത്തിൽ ഉണ്ടെന്നു….ആൺകുട്ടികൾ എല്ലാരും കാൺകെ കരയാൻ പാടില്ലെന്ന് പലവുരു ആവർത്തിച്ചു പറഞ്ഞിട്ടുള്ളൊരുവൻ…..
എന്റെ കണ്ണുകൾ പിന്നെയും ഇച്ഛനെ തിരിഞ്ഞു. ഇനിയുള്ള കുറച്ചു മണിക്കൂറുകൾ കൂടി എന്റെ അടുത്ത് ഇരിക്കാനുള്ളതിനു, ഈ ചെക്കൻ ഇതെവിടെപ്പോയി.. ഞാൻ പതിയെ പിന്നാമ്പുറത്തേക്ക് ചെന്ന് നോക്കി. ഇല്ല അവിടെയുമില്ല.. ആരോടെങ്കിലും ചോദിക്കാൻ കഴിയുമോ.. അതുമില്ല.. എല്ലായിടത്തും അലഞ്ഞു നടന്നൊടുവിൽ, ആറ്റിൻ തീരത്ത് ചെന്നപ്പോൾ ഞാൻ കണ്ടു, കൂടെയാരുമില്ലാതെ തനിച്ചിരിക്കുന്ന ഇച്ഛനെ. മെല്ലെ അടുത്തേക്ക് ചെന്നപ്പോൾ കണ്ടു, കരഞ്ഞു ചുവന്ന കണ്ണുകളുമായി എന്റെ താന്തോന്നിയെ…..ആൺകുട്ടികൾ കരയാൻ പാടില്ലെന്ന് എത്ര തവണ എനിക്ക് പറഞ്ഞു തന്നിട്ടുള്ള ആളാണ്, ഇപ്പൊ ഇങ്ങനെ ഉള്ളുരുക്കുന്നത്….
ഉള്ളിൽ അത്രയും നേരമടക്കി പിടിച്ച സങ്കടം ഒരഗ്നിപർവതം കണക്കെ പൊട്ടിത്തെറിച്ചു. ആർത്തലച്ചു കരഞ്ഞു ഇച്ഛന്റയടുത്തേക്ക് കുഴഞ്ഞു വീണ് ഞാൻ ചോദിച്ചു
“തനിച്ചാക്കിയല്ലേ ഞാൻ “
പക്ഷേ, എന്റെ ചോദ്യമോ പൊട്ടികരച്ചിലോ ഒന്നും എന്റെ ഇച്ഛന്റ കണ്ണിലോ കാതിലോ വീണില്ല. അതേ, ജീവിതത്തിൽ, അന്നാദ്യമായി എന്റെ സാന്നിധ്യം ഇച്ഛനറിയാതെ പോയി… എനിക്ക് ഇച്ഛനെ ഒന്ന് തൊടണം എന്ന് തോന്നി. കൈ നീട്ടി തൊടാൻ ആയുമ്പോഴെല്ലാം അതിന് കഴിയുന്നില്ല.. ഇല്ല ഇച്ഛനെ ഒന്ന് തൊടാൻ പോലും കഴിയാത്ത വിധം വിധി എന്നെ ഇച്ഛനിൽ നിന്നകറ്റിയിരിക്കുന്നു… പൊട്ടിക്കരഞ്ഞ് ഇച്ഛാ എന്നലറി വിളിച്ചുവെങ്കിലും, ഇല്ല ഇച്ചായൻ അത് കേട്ടില്ല….. ഇച്ഛാ.. ഒന്ന് വിളി കേൾക്ക്.. ഇച്ഛനെ കേൾക്കാതെ എനിക്കെങ്ങനെ പോകാൻ കഴിയും… ഇച്ഛാ പ്ലീസ്…. ഒന്ന് വിളി കേൾക്ക്… ഇല്ല.. ഇനിയൊരിക്കലും ഇച്ഛനെന്റെ വിളി കേൾക്കില്ല…
മരണമെന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ കഴിയാതെ നെഞ്ച് വിങ്ങിപ്പതഞ്ഞ് കണ്ണ് നീറിക്കരയുമ്പോഴാണ് പെട്ടെന്ന് ഇച്ഛനെന്നെ കെട്ടിപിടിച്ചത്. ഞെട്ടിയുണർന്നപ്പോഴാണ് മനസിലായത്, ഇത്രയും നേരം കണ്ടത് സ്വപ്നം ആയിരുന്നെന്നു. തലയിണയ്ക്കടിയിൽ നിന്ന് ഫോണെടുത്തു സമയം നോക്കിയപ്പോൾ വെളുപ്പിന് നാല് മണി. ബെഡിൽ എഴുന്നേറ്റിരുന്ന് മുഖം അമർത്തി തുടച്ച്, ഞാനൊരു ദീർഘശ്വാസമെടുത്തു. ഉള്ളിലെ വിറയൽ മാറിയിട്ടില്ല. തൊണ്ട വരളുന്നുണ്ട്. എന്തോ ഒരു സങ്കടം കരളിൽ കുമിയുന്നത് പോലെ. ഞാൻ,അരികിൽ ഒന്നുമറിയാതെ ഉറങ്ങി കിടക്കുന്ന ഇച്ഛനെ നോക്കി. സങ്കടം കൊണ്ട് കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകാൻ തുടങ്ങി. മെല്ലെ ഇച്ഛന്റെ അരികിലേക്ക് ചേർന്നിരുന്ന്, ആ നെറ്റിയിലും കവിളിലുമൊക്കെ തടവി, ചുണ്ടിന്റെ കോണിലൊരുമ്മ കൊടുത്തിട്ട് മെല്ലെ വിളിച്ചു
“അമ്മേടെ കണ്ണാ….. “
“മ്മ്.. “
ഉറക്കത്തിലും ഇച്ഛൻ പതിയെ വിളി കേട്ടു.
ഒന്ന് ചിരിച്ച്, പതിയെ ആ കൈ എടുത്ത് മാറ്റി, ഇടത് കൈത്തണ്ടയിലേക്ക് തല ചേർത്ത് വച്ച്, ഇച്ഛനെ മുറുകെ കെട്ടിപ്പിടിച്ച് ഞാൻ വെറുതെ ചോദിച്ചു
“ഞാൻ പോയാല് ഒറ്റയ്ക്കിരിക്കോ കുഞ്ഞോൻ? “
“ഇച്ഛനില്ലാതെ ഒറ്റയ്ക്ക് പോവണ്ട എങ്ങും… “
ഉറക്കത്തിന്റെ ആഴത്തിൽ അവ്യക്തമായ സ്വരത്തിൽ അങ്ങനെ പറഞ്ഞ് കൊണ്ട്, എന്നെ മുറുകെ കെട്ടിപ്പിടിച്ച്, എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി ചിണുങ്ങന്ന ഇച്ഛനെ കണ്ടപ്പോൾ, നെഞ്ചു പൊട്ടിപ്പോയി.
കണ്ണുകൾ തുടച്ച്, ഇച്ഛന്റെ നെറുകിൽ തലോടി കിടക്കുമ്പോൾ, ഞാൻ വെറുതെ ആശ്വസിച്ചു, കണ്ടത് വെറും സ്വപ്നമല്ലേ എന്ന്…പിന്നെ, സ്വപ്നം കണ്ട് പേടിച്ചതും സങ്കടപ്പെട്ടതും കരഞ്ഞതും ഒന്നും മരിച്ചു പോകുന്നത് കണ്ടിട്ടല്ലായിരുന്നു. എനിക്കെങ്ങനെ അങ്ങനെ എന്റെ ഇച്ഛനെ തനിച്ചാക്കി പോകാൻ കഴിയും എന്നോർത്തിട്ടായിരുന്നു.കണ്ണിന്റെ വെട്ടത്ത് നിന്നൊരഞ്ചു മിനിറ്റ് കാണാതായാൽ കണ്ണ് നിറയ്ക്കുന്നൊരുവൾ.. …. അങ്ങനെയുള്ളൊരുവൾക്ക് എങ്ങനെയാണ് അവനെ തനിച്ചാക്കി പോകാൻ കഴിയുക..? അതോർത്താണ് കരഞ്ഞു പോയത്.
എനിക്ക് അത്ഭുതം തോന്നി. വെറുമൊരു സ്വപ്നത്തിൽ പോലും തനിച്ചായിപ്പോകുന്നത് കാണാൻ കരുത്തില്ലാത്ത വിധം, ഈ ചെക്കൻ എന്നിലെത്രമാത്രമുണ്ട്…..വേർപെടുത്താനാവാത്ത വിധം ഒരാൾ മറ്റൊരാളിൽ കൂടിച്ചേരുന്ന പ്രണയത്തേക്കാൾ വലിയ മറ്റൊരത്ഭുതവും ഈ ലോകത്തിലില്ല എന്ന് ഇച്ഛൻ എപ്പോഴോ പറഞ്ഞത് ഓർമ്മ വന്നു… എത്രയോ വലിയ സത്യം……..