എല്ലാവരുടെയും സംശയത്തോടെയുള്ള നോട്ടം എന്നിലേക്ക്‌ വന്നപ്പോൾ ഞാനല്ല ഇവനാണെന്നു പറഞ്ഞു നോക്കിയെങ്കിലും…

Story written by അരുൺ നായർ

കരണകുറ്റി നോക്കി ഒരെണ്ണം കൊടുത്തിട്ടു ഒരു സിംഹത്തെ പോലെ ഞാനലറി….

“” മകനായതു കൊണ്ട് കൊന്നു കളയുന്നില്ല ഞാൻ , ഇറങ്ങേടാ നായെ എന്റെ സാരിയിൽ നിന്നും കയ്യും എടുത്തു ….””

അതും പറഞ്ഞു ഞാൻ അവനെ ഒറ്റ തള്ളലായിരുന്നു മുറിയുടെ വെളിയിലേക്കു…..എന്റെ ശബ്ദവും അവൻ പോയി കതകിൽ ഇടിച്ചു വീണതുകൊണ്ടുള്ള ശബ്ദവും എല്ലാം കൂടി ആയപ്പോൾ വീട്ടിൽ ഉറങ്ങി കിടന്നിരുന്നവർ എല്ലാം ഉറക്കം ഉണർന്നു ….

എല്ലാവരും ഉണർന്നെന്നും കാര്യങ്ങൾ കൈവിട്ടു പോയിയെന്നുമായപ്പോൾ അവൻ കാര്യങ്ങൾ വളച്ചൊടിച്ചു ….യാതൊരു ഭാവവ്യത്യസവും ഇല്ലാതെ അവൻ നുണ പറഞ്ഞു

“”ഇവർ വിളിച്ചിട്ടാണ് ഞാൻ വന്നത് ….വന്നപ്പോൾ , എന്റെ അമ്മുവിനെ ചതിച്ചുകൊണ്ടുള്ള കാര്യമാണെന്ന് അറിഞ്ഞപ്പോൾ എന്നെകൊണ്ട് പറ്റില്ലെന്ന് തീർത്തു പറഞ്ഞു …..അപ്പോൾ നീയൊക്കെയൊരു ആണു തന്നെയാണോടാ ചോദിച്ചു തള്ളിയിട്ടതാണ് ….. ഒച്ച വെച്ച് എല്ലാവരും ഉണരുമ്പോൾ എനിക്ക് അല്ലെ നാണക്കേട് ഉള്ളു , എങ്ങനെയും എന്റെ വില കളയാൻ വേണ്ടിയിട്ടാണ് എല്ലാവരെയും വിളിച്ചു അറിയിച്ചത് …..””

എല്ലാവരുടെയും സംശയത്തോടെയുള്ള നോട്ടം എന്നിലേക്ക്‌ വന്നപ്പോൾ ഞാനല്ല ഇവനാണെന്നു പറഞ്ഞു നോക്കിയെങ്കിലും അതൊന്നും വിശ്വസിക്കാൻ ആരും തയ്യാറല്ലായിരുന്നു …..ഭർത്താവിന്റെയൊപ്പം വെറും ആറു മാസം മാത്രം ജീവിച്ചവൾ…..കൊച്ചു പെണ്ണു….. അവൾക്കും കാണില്ലേ മോഹം എല്ലാവരുടെയും ചിന്തകൾ അങ്ങനെ ആയിരുന്നു …..

ആരൊക്കെ എന്തൊക്കെ എന്നെ പറഞ്ഞാലും സംശയിച്ചാലും എനിക്ക് കുഴപ്പമില്ലായിരുന്നു പക്ഷെ എന്റെ അമ്മുക്കുട്ടി ഇറങ്ങി പോകുന്നുണ്ടോ ഇവിടുന്നെന്നു തെല്ലും സ്നേഹം ഇല്ലാതെ പറഞ്ഞപ്പോൾ പാറ പോലെ ഉറച്ചു നിന്നിരുന്ന എന്റെ ഹൃദയം തകർന്നു പോയി …മറ്റുള്ളവരുടെ സമാധാനം കൂടി നശിപ്പിക്കാൻ വലിഞ്ഞു കയറി വന്നോളും എന്നും കൂടി പറഞ്ഞപ്പോൾ എനിക്ക് തല ചുറ്റും പോലെ തോന്നി …..

അവളുടെ ജീവിതത്തിനു കൂടുതൽ കുഴപ്പം ഉണ്ടാകാതെ ഞാനാ രാത്രിയിൽ തന്നെ അവിടുന്ന് ഇറങ്ങി ഇപ്പോളും ഒരു മുറിയും ചായ്പ്പും മാത്രം ഉള്ള ആ വീട്ടിലേക്കു…….വീട്ടിൽ വന്നിരുന്നപ്പോൾ പഴയ കാലമൊക്കെ അറിയാതെ എന്റെ മനസ്സിലേക്ക് ഓടിയെത്തി …..

എന്റെ പ്രണയം എന്റെ ജീവനും ജീവിതവുമായിരുന്ന സന്തോഷേട്ടൻ കൂടെ ഉണ്ടായിരുന്ന കുറച്ചു നാൾ എത്ര സന്തോഷകരമായിരുന്നു …. സന്തോഷേട്ടനും ഞാനും ഇവിടെ അടുത്തുള്ള പാറമടയിൽ പാറപൊട്ടിക്കൽ ആയിരുന്നു …..എനിക്ക് ആകെ സ്വന്തമെന്നു പറയാൻ ഉണ്ടായിരുന്നത് വലിവ് കൂടി ഇന്നോനാളെയോ എന്നും പറഞ്ഞു കിടന്നിരുന്ന അച്ഛൻ ആയിരുന്നു ….. അച്ഛൻ മരിച്ചപ്പോൾ ഒരു മാലയിട്ടു കൂടെ കൂട്ടിയതാണ് സന്തോഷേട്ടൻ എന്നെ …..കഷ്ടപ്പാടുകൾ ഉണ്ടായിരുന്നെങ്കിലും അതൊക്കെ ഒരു ചിരിയിലൊതുക്കി ജീവിക്കാൻ പഠിപ്പിച്ച എന്റെ പുണ്യപാതി …. ഈ വീട്ടിലേക്കു വന്നു കയറും മുൻപെ എനിക്കറിയാമായിരുന്നു പാറുകുട്ടിയെയും ,മാളുക്കുട്ടിയെയും അമ്മുകുട്ടിയെയും …..

സന്തോഷേട്ടന്റെയും ഈ കുഞ്ഞുങ്ങളുടെയും അച്ഛനുമമ്മയും ഒരു ആക്‌സിഡന്റിൽ മരിച്ചു പോയതാണ് …. ആക്സിഡന്റ് എന്ന് പറഞ്ഞാൽ അവർ ടൗണിൽ പോയി തിരിച്ചു വരും വഴി ഒരു ലോറി ഇടിച്ചു ….. അന്ന് നന്നേ ചെറുപ്പമായിരുന്ന സന്തോഷേട്ടൻ പെങ്ങൾമാരെ നോക്കാനായി ഈ ജോലിക്കു ഇറങ്ങിയതാണ്….അച്ഛനുമമ്മയും ആക്‌സിഡന്റിൽ മരിച്ചതുകൊണ്ട് കുറച്ചു പൈസ കിട്ടി ആ പൈസ കൊണ്ടാണ് വാടക വീട് മാറി ഒരു മുറിയും ,ചായ്പ്പും അടുക്കളയും മാത്രം ഉള്ളു എങ്കിലും സ്വന്തമായി ഒരു കിടപ്പാടം സന്തോഷേട്ടൻ മേടിച്ചിട്ടത് …..

മൂന്നു പെങ്ങൾമാരെ പഠിപ്പിക്കുകയും അവരുടെ കാര്യങ്ങൾ എല്ലാം നോക്കുകയും ചെയ്യേണ്ടതുകൊണ്ട് ശനിയാഴ്ച മാത്രം ജോലി കഴിഞ്ഞു വീട്ടിലേക്കു പോകും വഴി പലഹാരം കയ്യിൽ ഉണ്ടാകും ….അതും നോക്കി മൂന്നു പേരും ശനിയാഴ്ച ഇരിക്കുന്നത് കാണാൻ തന്നെയൊരു പ്രേത്യേക ചന്തമാണെന്നു സന്തോഷേട്ടൻ എപ്പോളും പറയുമായിരുന്നു …..അത് പറയുമ്പോൾ സന്തോഷം കൊണ്ടാണോ എന്തോ സന്തോഷേട്ടന്റെ കണ്ണുകൾ നിറയുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട് …..

സന്തോഷേട്ടനുമായിയുള്ള കല്യാണം കഴിഞ്ഞുള്ള ആദ്യകാലങ്ങൾ വളരെ സന്തോഷം നിറഞ്ഞതു തന്നെ ആയിരുന്നു ….ആരും കൊതിക്കുന്ന ജീവിതം….നാത്തൂന്മാർക്കു പകരം അമ്മയെ പോലെ കണ്ടു സ്നേഹിക്കുന്ന പിള്ളേര്….കല്യാണം കഴിഞ്ഞതോടെ സന്തോഷേട്ടൻ എന്റെ ജോലി നിർത്തി എന്നോട് പൂർണമായും പിള്ളേരുടെ കാര്യം നോക്കിയാൽ മതിയെന്ന് പറഞ്ഞു ….എനിക്കുമതു വളരെ സന്തോഷം ആയിരുന്നു ….മൂത്തവൾ പാറു കുട്ടി അധികം കൊഞ്ചില്ല എങ്കിലും ബാക്കി രണ്ടു പേരും കൊഞ്ചലോടു കൊഞ്ചൽ ആയിരുന്നു ….ഞാനും അവരെ തിരിച്ചും കൊഞ്ചിച്ചു ….സന്തോഷേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു അമ്മയുടെ സ്നേഹം അധികം കിട്ടാത്ത പിള്ളേരാണ് അതുകൊണ്ട് നീയാവർക്കു അമ്മയും ഏടത്തിയും ആകണം ….ഏട്ടത്തി എന്ന് വിളിക്കാൻ ഏട്ടൻ അവരോടു ആവശ്യപ്പെട്ടു എങ്കിലും അവരെന്നെ ഇച്ചേച്ചിയെന്നാണ് വിളിച്ചിരുന്നത് …..

അന്നൊരു ശനിയാഴ്ച ആയിരുന്നു …..ഏട്ടൻ പിള്ളേർക്കും എനിക്കും പലഹാരം കൊണ്ടുവരുന്ന ദിവസം ….പലഹാരവും പ്രതീക്ഷിച്ചുള്ള പിള്ളേരുടെ ഇരുപ്പു കാണുന്നത് തന്നെയെനിക്ക് സന്തോഷമാണ് ….പക്ഷെ ഞങ്ങളുടെ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് ഏട്ടന് പകരം കൂടെ ജോലി ചെയ്യുന്നവരാണ് വന്നത് …..അവരുടെ വരവിൽ തന്നെയെനിക്കു പന്തികേട് തോന്നി ,എന്റെയുള്ളിൽ ഉണ്ടായ ഭയം ശരിവെച്ചുകൊണ്ട് വന്നവർ പറഞ്ഞു പാറയുടെ രൂപത്തിൽ ഏട്ടനെ ഈ ലോകത്തു നിന്നും കൊണ്ടുപോയി എന്ന് ….പലഹാരവും പ്രതീക്ഷിച്ചിരുന്ന എനിക്കും പിള്ളേർക്കും ഞങ്ങളുടെ ഏട്ടന്റെ ജീവനറ്റ ശരീരം ആണ് കിട്ടിയത് …..ഏട്ടന്റെ മരണശേഷം പിള്ളേരെയും വീടും നോക്കാനായി ഞാൻ വീണ്ടും ജോലിക്കു പോകാൻ തുടങ്ങി ….എന്റെ ഏട്ടന്റെ സ്വപ്നമാണ് അനിയത്തിമാർക്കു നല്ല ജീവിതം അത് എന്റെ ഏട്ടന് വേണ്ടി ഞാനതു നടത്തിയെടുക്കുമെന്നു മനസ്സിൽ ദൃഢപ്രതിഞ്ജ ചെയ്തു …ഇനി ഏട്ടൻ എന്നോടതു പറഞ്ഞിട്ടില്ലെങ്കിലും ഞാനതു ചെയ്യും ഒന്നും ഇല്ലാതെ ജീവിക്കേണ്ടി വന്നവളാണ് ഞാൻ എന്റെ ഏട്ടന്റെ അനുജത്തിമാർക്കും ഞാനാ വിധി വരുത്തുകയില്ല …..

പതിനഞ്ചു വയസു കഴിഞ്ഞപ്പോൾ ഞാൻ മൂത്തവൾ പാറുവിനോട് ചോദിച്ചു

“”മോളെ നീ വൈകിട്ട് വീട്ടിലെ പണി ചെയ്യുകയാണെങ്കിൽ എനിക്ക് രാത്രിയിൽ തയ്യൽ പണി കൂടി ചെയ്യാം….. അഞ്ചു വർഷത്തിന് ഉള്ളിൽ നിന്റെ കല്യാണം നടത്തണ്ടേ…… ഒത്തിരി സ്വർണവും പണവുമൊന്നും ഇല്ലങ്കിലും അന്തസ് ആയി നടത്തണം മോളെ. ….അത് കഴിഞ്ഞു അധിക നാൾ ഉണ്ടാവില്ല അമ്മുവിന്റെയും മാളുവിന്റേം കാര്യത്തിനും. ….എല്ലാം കൂടി നോക്കണ്ടേ മോളെ അതാണ് ഞാൻ ചോദിച്ചത് ……””

പാറുവിന്റെ മറുപടി എനിക്ക് ഉള്ള ആത്മവവിശ്വാസം കൂട്ടി …. അവൾ എന്നെ നോക്കി അമ്പരന്നു ചോദിച്ചു ….

“” ഇച്ചേച്ചിക്കു എന്നെക്കാൾ ആറു വയസേ കൂടുതൽ ഉള്ളു എന്നിട്ടു എന്നെ കല്യാണം കഴിച്ചു വിടാൻ കഷ്ടപ്പെടുന്നു ….പഠിത്തം തീർന്നിട്ട് ഞാനും കൂടി സഹായിക്കാം ഇച്ചേച്ചിയെ, എന്നിട്ടു നമുക്ക് അവരെ പഠിപ്പിച്ചു ഒരു നിലയിൽ ആക്കിയിട്ടൊക്കെ പോരെ എന്റെ കല്യാണം ….””

“”പോരാ മോളെ, നിങ്ങള്ക്ക് നല്ല ജീവിതം ഉണ്ടാകണം അത് നിങ്ങളുടെ ഏട്ടന്റെ ആഗ്രഹം ആയിരുന്നു അത് സാധിക്കണം ഈ ഇച്ചേച്ചിക്കു …..നീ അങ്ങനെ ഇച്ചേച്ചിയെ സഹായിച്ചാൽ ചിലപ്പോൾ നിന്റെ ജീവിതവും ഇങ്ങനെ ആകും…..ജോലിക്ക് പൊക്കോ അത് നിന്റെ ജീവിതത്തിനു വേണ്ടി മാത്രം ആകണം…..ഇച്ചേച്ചിക്കു ചുമക്കാവുന്ന ഭാരം മാത്രമേ നിങ്ങളുടെ ഏട്ടൻ ഏല്പിച്ചിട് ഉള്ളു …..””

എനിക്ക് ജോലി സ്ഥലത്തും അത് പോലെ തന്നെ വീട്ടിലും കല്യാണം കഴിക്കാൻ താല്പര്യം ഉള്ളവരും അല്ലാതെ സംരക്ഷിച്ചോളാം പറഞ്ഞു വരുന്നവരും ഒരുപാട് ഉണ്ടായിരുന്നു …..എന്റെ ഏട്ടന്റെ കൂടെ ജീവിച്ച ആറു മാസം മതി എന്നു വച്ചു ജീവിക്കാൻ തീരുമാനിച്ചവൾ ആണ് ഞാൻ …. ആരും അല്ലാത്ത എന്റെ ഏട്ടന്റെ അനുജത്തിമാർക്കു വേണ്ടി ജീവിക്കാൻ തീരുമാനിച്ചവൾ ഞാൻ …. എന്നോട് മാനസികമായും ശാരീരികമായും താല്പര്യം പ്രകടിപ്പിച്ചവരെ ഞാൻ നല്ല രീതിയിൽ തന്നെ അതുകൊണ്ട് മടക്കി അയച്ചു ….

പാറുവിന്റെ പഠിത്തം കഴിഞ്ഞപ്പോൾ തന്നെ വലിയ കുഴപ്പം ഇല്ലാത്ത ഒരു ബന്ധം ഞാനവൾക്കു കണ്ടുപിടിച്ചിരുന്നു …. അന്നേരം രണ്ടാമത്തവൾ മാളു വളർന്നു തുടങ്ങിയിരുന്നു ഒരു പെണ്ണായിട്ടു,…. അത്കൊണ്ട് എനിക്ക് രാത്രിയിൽ ഉള്ള വീട്ടു പണി അവളെ അവളെ ഏല്പിച്ചിട്ടു തയ്യൽ പണി നടത്താൻ പറ്റും, എങ്ങനെ കഷ്ടപ്പെട്ട് പാറുവിന്റെ കല്യാണം നടത്തിയോ അത് പോലെ തന്നെ മാളുവിനേം കല്യാണം കഴിപ്പിച്ചു …..

അമ്മുവിനോട് എനിക്ക് ഒരു മോളെ പോലെ ഉള്ള സ്നേഹം ആയിരുന്നു….. അല്ല എന്റെ മകളായി തന്നെ കണ്ടു ജീവിച്ചു …..അത്കൊണ്ട് തന്നെ ഞാനെന്റെ ഉറക്കം പിന്നെയും കുറച്ചു ജോലികൾ എല്ലാം ചെയ്തു…..അമ്മുവിനെ കൊണ്ട് ഒരു ജോലിയും ചെയ്യിക്കാതെ വളർത്തി….. പാറുവിന്റെയും മാളുവിന്റെയും കൂടി സഹായം ഉണ്ടായിരുന്നത് കൊണ്ട് അമ്മുവിന്റെ കല്യാണം നാട് അറിഞ്ഞു നടത്താൻ കഴിഞ്ഞു…..അത്യാവശ്യം സമ്പത്തു ഉള്ള കുടുംബത്തിൽ തന്നെ അവളെ എത്തിക്കാൻ കഴിഞ്ഞു ….അങ്ങനെ എന്റെ ഏട്ടന്റെ സ്വപ്‌നങ്ങൾ പൂർത്തീകരിക്കാൻ എനിക്ക് കഴിഞ്ഞു …..

ഇതിനടക്കു പാറുവിനും മാളുവിനും കുട്ടികളും ആയിരുന്നു…..പാറുവിനു രണ്ടും മാളുവിന്‌ ഒന്നും….. കുട്ടികളെ ഞാനൊരു അമ്മൂമ്മ നോക്കും പോലെ കൊഞ്ചിക്കും…..അമ്മുവിന്റെ കല്യാണം കഴിഞ്ഞതോടെ ശനിയാഴ്ച ജോലിക്ക് പോകാതെ ഞാൻ അവരുടെ മൂന്ന് പേരുടെയും വീട്ടിൽ വരും…. ഓരോ ആഴ്ച വീതം മാറി മാറി. … അവർക്കും അത് വലിയ സന്തോഷം ആയിരുന്നു…..അവരുടെ ഉള്ളിലും ‘അമ്മ’ ഞാൻ തന്നെയാണല്ലോ …..

ഈ ആഴ്ച അമ്മുവിന്റെ വീട്ടിൽ ആണ് പോകുന്നത്, പാറുവിന്റെ വീട്ടിൽ പോകേണ്ടതാണ് പക്ഷെ അമ്മു ഗർഭിണി ആണ്. …. എന്റെ പൊന്നുമോൾ ഗർഭിണി ആയിരിക്കുന്നു അതിലും സന്തോഷം എനിക്ക് വേറെ ഉണ്ടാവുമോ …..

ഞാൻ ചെന്നു അമ്മുവിനെ കെട്ടിപിടിച്ചു സന്തോഷിച്ചു. ….അമ്മുവിന്റെ വീട്ടുകാർക്കും വലിയ സന്തോഷം ആയി….. എന്റെ കഷ്ടപ്പാട് ആണ് അവരുടെ ജീവിതം എന്നു എല്ലാവരെയും പോലെ അവർക്കും അറിയാമായിരുന്നു …..

രാത്രിയിൽ എനിക്ക് കിടക്കാൻ തന്ന മുറിയിൽ അമ്മുവിന്റെ ഭർത്താവ് വന്നപ്പോൾ പോലും എനിക്ക് സംശയം ഒന്നും തോന്നിയില്ല…. എന്റെ മകളുടെ ഭർത്താവു , ഒരുപക്ഷെ വന്നു കയറിയ പുരുഷന്മാരിൽ ഞാൻ ഏറ്റവും സ്വാതന്ത്രം കൊടുത്തിട്ടുള്ളവൻ ….പക്ഷെ അവന്റെ പ്രവർത്തിയും വർത്തമാനവും എന്റെ സകല നിയന്ത്രണവും തകർത്തു കളഞ്ഞു….. മകനെ പോലെ അല്ല മകൻ തന്നെ എന്നെ കടന്നു പിടിച്ചിട്ടു പതുക്കെ പറയുന്നു ….

“”കുറെ നാളായുള്ള മോഹം ആണ്, എനിക്ക് ഇതിനുള്ള ഭാഗ്യം അധികം ഉണ്ടായില്ലല്ലോ എന്നു ….ഇന്ന് നിന്റെ മുറിഞ്ഞു പോയ സുഖങ്ങൾ എല്ലാം ഞാൻ ഉണർത്താമെന്നു …..””

ഞാനൊരു പേടമാനെ പോലെ ഒതുങ്ങി നിൽക്കുമെന്ന് കരുതിയാ അവനു തെറ്റി….പക്ഷെ എന്റെ സത്യം എൻറെ അമ്മുക്കുട്ടി പോലും വിശ്വസിച്ചില്ലെന്നു ഓർക്കുമ്പോൾ മാത്രമാണ് എനിക്ക് ദുഃഖം ….കുഴപ്പമില്ല എന്റെ മക്കൾ എല്ലാം സുഖമായി ഇരിക്കുന്നുണ്ടല്ലോ എനിക്ക് അത് മതി …..

വെളിയിൽ വണ്ടിയുടെ ശബ്ദം കേട്ടാണ് ഞാനോർമയിൽ നിന്നും ഉണർന്നത്….നോക്കിയപ്പോൾ പാറുവും ഭർത്താവും പിള്ളേരും കൂടി വന്നിരിക്കുന്നു ….ഒരുപക്ഷെ അവരോടും അമ്മുക്കുട്ടി പറഞ്ഞു കാണും കാര്യങ്ങൾ …..അവരുടെ വക ആവട്ടെ ബാക്കി ,ഞാൻ മനസ്സിലോർത്തു …..

വന്ന വഴിയിൽ തന്നെ പാറുക്കുട്ടി പറഞ്ഞു

“”എന്റെ ഇച്ചേച്ചി ഇനി ആരുടേയും അടുത്തേക്ക് പോകണ്ട .. എനിക്ക് അറിയാം എന്റെ ഇച്ചേച്ചിയെ …..ഒരു പുരുഷന്റെ സുഖം മാത്രം നോക്കുന്നവൾ ആയിരുന്നെങ്കിൽ ഞങ്ങൾക്ക് ആർക്കും ഒരുപക്ഷെ ഈ ജീവിതം പോലും ഉണ്ടാവില്ലെന്ന് .. .എന്റെ ഇച്ചേച്ചി പരിശുദ്ധ ആണെന്ന് …..എന്റെ ഇച്ചേച്ചി ഈ പാറുവിന്റെ കൂടെ വാ ….ഇനി ഒരു ജോലിക്കും പോകണ്ട ഞങ്ങൾ നോക്കിക്കോളാം…..””

അവളുടെ പിള്ളേരും അമ്മൂമ്മ കൂടെ വാ പറഞ്ഞു വിളിച്ചു എങ്കിലും ഞാനവരെ സ്നേഹത്തോടെ തന്നെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി ….

“”മക്കളെ നിങ്ങൾക്കൊക്കെ ഈ വീട് കാണുമ്പോൾ ചെറുത് ആയിരിക്കും, പക്ഷെ എനിക്കീ വീട് എന്റെ ഏട്ടന്റെ ഹൃദയം ആണ്…… ഏട്ടന്റെ മണം ഇപ്പോളും എനിക്ക് അവിടെ അറിയാൻ കഴിയുന്നുണ്ട് ……എന്റെ പുണ്യപാതി ഇപ്പോളും എന്നോട് പറയാറുണ്ട് പിള്ളേരെ നന്നായി നോക്കണമെന്ന് …..

അതുകൊണ്ട് തന്നെ ഞാനീ വീട്ടിൽ മരണം വരെ ഉണ്ടാകും പകലു മുഴുവൻ പാറ പൊട്ടിക്കാൻ പോയിട്ട് രാത്രിയിൽ തുണി തുന്നി…. ഒരുപക്ഷെ നിങ്ങൾക്കൊന്നും എന്റെ ആവശ്യം ഉണ്ടാവില്ല എങ്കിലും നമ്മളെ പോലെ ചെറുപ്പത്തിൽ തന്നെ ആരും ഇല്ലാതെ ആയി പോകുന്ന ജന്മങ്ങൾക്കു വേണ്ടി …..””

ശുഭം…