ഓരോ തവണ പരസ്പരം ശരീരം ഒന്നാവുമ്പോഴും ഞങ്ങളിൽ ഒരു പ്രതീക്ഷ കിളിർക്കും…

എഴുത്ത്: സി. കെ

ഈ മിണ്ടാപ്രാണികളെയൊക്കെ നോക്കി മടുത്തു വിജയേട്ടാ… പത്തുപതിനേഴ്‌ കൊല്ലായി നമ്മളിങ്ങനെ ഇടയിൽ മൂന്നാമതൊരാൾക്കു വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട്… ഇനികുറച്ചുദിവസം ഞാനെന്റെ വീട്ടിൽ പോയി നിൽക്കാൻ പോവാണ്….ഉച്ചക്ക് അമ്മയോട് ഇങ്ങട് വരാൻ പറഞ്ഞിട്ടുണ്ട്…

എന്താ ശ്രീ പെട്ടെന്നൊരു തോന്നലുണ്ടാവാൻ കാരണം…

ഇനി ഈ ആടിനേം കോഴിയേം നോക്കി നടത്താൻ ന്നെക്കൊണ്ടാവില്ല…

നീ ഇപ്പൊ സാമാധാനായിരിക്കു.ഞാനിപ്പോ പണിയിലല്ലേ.. തലചുറ്റല് ഭേദണ്ടോ നിനക്കു…ഓരോന്നു ആലോചിച്ചിരിക്കാണ്ട് നേരത്തിനു ഭക്ഷണം കഴിക്കാൻ നോക്ക്…

ഉച്ചക്ക് ഭക്ഷണത്തിന് കയറിയാൽ ഞാനങ്ങോട്ടു വരാം ട്ടോ… ഇപ്പൊ ഫോൺ വെക്ക്ട്ടോ…

മനസ്സില്ല മനസ്സോടെ അവളുടെ ഫോണും കട്ടു ചെയ്തു വീണ്ടും ഞാനെന്റെ ജോലിയിലേക്ക് കടന്നുചെന്നു….

സത്യം പറഞ്ഞാൽ വേനൽക്കാലത്ത് ഞങ്ങൾ കൂലിപ്പണിക്കാരുടെ സ്ഥിതി അങ്ങേയറ്റം പരിതാപകരമാണ്…

ചുട്ടുപൊള്ളുന്ന വെയിലത്തു എന്തു ജോലിയും ചെയ്തു ജീവിതം മുട്ടിക്കാൻ കഷ്ടപ്പെടുന്ന ആ അവസ്ഥ അനുഭവിച്ചുതന്നെയാറിയണം…

ജീവിതം ഇങ്ങനെയൊക്കെ ഉന്തിനീക്കി പോകുന്നത് തന്നെ അവള് കൂടെയുള്ളതുകൊണ്ടാണ്….

പതിനേഴ്‌വർഷത്തെ ദാമ്പത്യത്തിൽ ഏതൊരുപെണ്ണും ആഗ്രഹിക്കും പോലെ അവളും ആഗ്രഹിച്ചിരുന്നു ഒരു കുഞ്ഞിന് വേണ്ടി…

കെട്ടുകഴിഞ്ഞ ഉടനെതന്നെ അവള് ഗർഭിണിയായപ്പോൾ കൂട്ടുകുടുംബമായി ജീവിക്കുന്ന ഞങ്ങളിൽ സ്വാഭാവികമായും ഇത്രയും പെട്ടന്ന് ഗർഭിണിയായാൽ മറ്റുള്ളവർ എന്തുകരുതുമെന്ന ചിന്തതന്നെയാണ് ഉള്ളിലുള്ള ജീവനെ ആരുമറിയാതെ കുഴിച്ചുമൂടാൻ തീരുമാനിച്ചത്…

അതായിരുന്നു ആദ്യത്തെയും അവസാനത്തെയും ഏറ്റവും വലിയ തെറ്റും….

പിന്നീടങ്ങോട്ടു ഒരിക്കൽപോലും അവൾ ഗർഭിണിയായിട്ടില്ല…

സംഗതി വഷളായതോടെ പല ഡോക്ടർ മാരെ സമീപിച്ചു…ഒടുവിൽ എന്റെ പിഴവുകൊണ്ടാണ് എനിക്കച്ഛനാവാൻ ഭാഗ്യമില്ലാത്തതെന്നു ഡോക്ടർ പറഞ്ഞപ്പോൾ ചെയ്ത തെറ്റിനെയോർത്ത് ഞാനെന്നെത്തന്നെ ശപിച്ചുകൊണ്ടേയിരുന്നു….

അമ്മയുംകൂടി ഞങ്ങളെവിട്ടുപോയപ്പോൾ ഉള്ളസ്വർണ്ണമെല്ലാം വിറ്റുപെറുക്കി തറവാട്ടിലെ ബന്ധങ്ങൾക്കിടയില്നിന്നും ഒരുപാട് ദൂരേക്ക്‌ പോന്നു… ഇവിടെയൊരു ചെറിയ വീടുവെച്ചു താമസം തുടങ്ങി…

ഓരോ തവണ പരസ്പരം ശരീരം ഒന്നാവുമ്പോഴും ഞങ്ങളിൽ ഒരു പ്രതീക്ഷ കിളിർക്കും… അവളുടെ മാ സമുറകളിൽ ഒരു ചെറിയ മാറ്റം വരുമ്പോൾപ്പോലും മനസ്സിൽ ഒരാനന്ദമുദിക്കും..ഇത്തവണയെങ്കിലും ഞാനൊരു അച്ഛനാവാൻ ദൈവം കനിയുമെന്നൊരു തോന്നൽ…

പക്ഷെ നിരാശയോടെ അവളുടെ മറുപടി കേൾക്കുമ്പോൾ ഞാനങ്ങു ഇല്ലാതാവും….

മക്കളില്ലാത്ത വിഷമം പരസ്പരം ഞങ്ങൾ പറഞ്ഞു സമാധാനിക്കുമെങ്കിലും കൂട്ടുകാരുടെയും കുടുംബക്കാരുടെയും സഹതാപം കലർന്ന നോട്ടവും ചിരിയും കാണുമ്പോൾ ഞങ്ങളൊറ്റക്കാണല്ലോ എന്ന ചിന്ത വരും…അതുകൊണ്ടു കുടുംബത്തിലെ പല വിശേഷങ്ങൾക്കും ഞങ്ങൾ മനപ്പൂർവ്വം പങ്കെടുക്കാതായി…

ഈ അടുത്ത കാലത്താണ് വളർത്തുമൃഗങ്ങളോട് അവൾക്കൊരു പ്രത്യേക താൽപ്പര്യം തോന്നിതുടങ്ങിയത്…മുലയൂട്ടാൻ കഴിയാത്ത ഒരു പെണ്ണിന്റെ വേദന എന്റെ ചിന്തക്കും അപ്പുറത്തുതന്നെയാണ്…അതുകൊണ്ടുതന്നെ അവളുടെ ഈ ആഗ്രഹമ്രങ്കിലും നടക്കട്ടെ എന്നു ഞാനും കരുതി…..അവറ്റകളോട് ചിലപ്പോഴൊക്കെ കാണിക്കുന്ന സ്നേഹവും കരുതലും എന്നെ മാനസികമായി തളർത്തുവെങ്കിലും പക്ഷെ ഇത്രയും കാലത്തിനിടയിൽ എന്നെ മടുത്തു എന്നൊരു വാക്ക് അവളുടെ വായില്നിന്നും ഇതുവരെ വന്നിട്ടില്ല…

ഒരുപക്ഷേ എന്റെ നിസ്സഹായത അവളും മനസ്സിലാക്കിയത് കൊണ്ടാവും….

ആലോചിച്ചിട്ടൊരു തുമ്പും കിട്ടുന്നില്ല…. എന്തുചെയ്യണം എന്നു ആലോചിച്ചു നിൽക്കുന്നതിനിടെയാണ് വീണ്ടും മൊബൈൽ ഫോൺ ശബ്‌ദിച്ചത്…..

അമ്മ വന്നിട്ടുണ്ട് ..വരുമ്പോ വല്ല ബേക്കറിയും വാങ്ങിച്ചുവന്നോളുട്ടോ….അതും പറഞ്ഞു അവള് ആ ഫോൺ കട്ട് ചെയ്തപ്പോൾ ഞാനും ഒന്നുറപ്പിച്ചു….എല്ലാം നേരത്തെ തീരുമാനിച്ചുവെച്ചതാണെന്ന്…

നേരെ ബൈക്കിന്റെ ചാവിയുമെടുത്തു കോണിപ്പടി ഇറങ്ങി വീട്ടിലോട്ടു വെച്ചുപിടിച്ചു….

വീട്ടിലെത്തി മുറ്റത്തു ബൈക്കും നിർത്തിയിട്ട് ഉമ്മറപ്പടിയിലേക്കു ഞാനൊന്നു കണ്ണോടിച്ചു…

താഴെക്കിടക്കുന്ന ചെരുപ്പ് കണ്ടാൽ അറിയാം അമ്മ മാത്രമല്ല അളിയനും ഭാര്യയും കൂടെപോന്നിട്ടുണ്ട്….

അകത്തുകയറിയ ഞാൻ സോഫയിലിരിക്കുന്നഅമ്മയെക്കാണ്ടു..

അമ്മ എപ്പോഴാ വന്നേ…

ഞാൻവന്നിട്ടു പത്തറുപത്തിയഞ്ചു കൊല്ലായി….

വല്ല്യ സുഖത്തിലല്ലാത്ത മറുപടിയായതുകൊണ്ടാകാം എന്റെ മുഖത്തെ പുഞ്ചിരി ഞാനറിയാണ്ട്‌തന്നെങ്ങു മാഞ്ഞുപോയി…അപ്പുറത്തുമിണ്ടാതെ നിൽക്കുന്ന അളിയനോട് ഇടിച്ചുകയറി ഞാൻ സംസാരിക്കാൻ തുടങ്ങിയതും ഇത്തിരി ഗൗരവ ഭാവത്തിൽ ഇങ്ങോട്ടു പറഞ്ഞുതുടങ്ങി…..

അളിയാ… അവൾക്കു ഇനി ആടിനെം കോഴിയേം നോക്കി ഇവിടെ നിൽക്കാൻ വയ്യാ…അതുകൊണ്ടു ഞങ്ങളെ ഇങ്ങോട്ടു വിളിച്ചുവരുത്തിയതാ.. രണ്ടൂസം അങ്ങോട്ടു പോരണം എന്നു പറഞ്ഞു…

ശ്രീക്കുട്ടി ഇനി ചോദ്യോം പറച്ചിലും ഒന്നും വേണ്ടാ… എന്താ തീരുമാനം എന്ന് നീതന്നെ പറഞ്ഞുകൊടുക്ക്

അളിയന്റെ മടുപ്പുകലർന്ന സംസാരംകേട്ടു റൂമിൽ കട്ടിലിൽ ഇരിക്കുന്ന അവളുടെ അടുത്തേക്ക് ഞാൻ ചെന്നു…പതിയെ കട്ടിലിൽ അവളോട്‌ ചേർന്നു ഞാനിരുന്നു…

പത്തുപതിനെഴു കൊല്ലം കൂടെനിന്നിട്ടു ഇതുവരെ ഇങ്ങനെ ഒരു ചിന്ത വരാതെ ഇപ്പൊ ഇതുതോന്നാൻ എന്താ കാരണം ശ്രീ

ദാ ഇതുതന്നാ കാരണം…മുഖത്തിനു ഒന്നുകൂടി കനംകൂട്ടി അവളെന്റ് കൈകളിലേക്ക് അതങ്ങു നീട്ടിത്തന്നു….

ഉള്ളിലെ വിഷമവും ഒറ്റക്കാവുമെന്ന തോന്നലും കാരണം കണ്ണു നിറഞ്ഞതുകൊണ്ടാവാം കയ്യിലേക്കു വെച്ചുനീട്ടിയ വസ്തുവിന്റെ വിലയറിയതെ വീണ്ടും അവളുടെ മുഖത്തേക്ക് ഞാനൊന്നുകൂടി നോക്കിയത്….

ആ നോട്ടം നേരെയുടക്കിയത് എന്റെ ഇടതുകയ്യെടുത്തു ചേർത്തുവെച്ച അവളുടെ വയറിലേക്കായിരുന്നു…

അപ്പോഴാണ് എന്നിലേക്ക് നീട്ടിവെച്ചിരിക്കുന്ന പ്രേഗ്നെൻസി ടെസ്റ്റിന്റെ പോസറ്റീവ് റിസൽട്ടിലേക്ക്‌ തലഞാനൊന്നു താഴ്ത്തിപ്പിടിച്ചുനോക്കിയത്…

ആ നിമിഷത്തിൽ അവള് വീണ്ടും അതേ മറുപടിഎന്നോട് പറഞ്ഞു തുടങ്ങിയിരുന്നു.. “ഇനി ആടിനെം കോഴിയേം നോക്കി മടുത്തു…നമുക്കിടയിലേക്കു ഒരാളുകൂടി വരാൻ പോവാല്ലേ…”കുറച്ചീസം ഇനി ചേട്ടൻ തന്നെ അവറ്റകളെയൊക്കെ നോക്കി നടക്കേണ്ടിവരും എന്ന്…

ജീവിതം ഇങ്ങനെ ഉരുകിത്തീരുമെന്നു കരുതിയിരുന്ന ഞങ്ങാൾക്കിടയിലേക്കു ദൈവംതന്നെ വിലയിടാനാവാത്ത ആ സമ്മാനം അവളിലൂടെ ഞാനറിഞ്ഞ സന്തോഷത്തിൽ പിന്നിൽനിന്ന അമ്മയെയും അളിയനെയും വകവെക്കാതെ വീർത്തുനിന്ന കവിളത്തും പരന്നുകിടക്കുന്ന പിരികതടത്തും തുരുതുരാ അവളെ ഉമ്മകൾകൊണ്ടു അലങ്കരിച്ചു.

പിന്നില്നിന്നും ഇതുകണ്ട് ചിരിച്ച അവരോടു ഞാൻ പറഞ്ഞു… മരുമകനെക്കുറിച്ചു തെറ്റൊന്നുംകരുതരുത് തു ട്ടോ സ്നേഹംകൊണ്ടാണ്…

രാവിലെ അറിഞ്ഞപാടെ അവള് വിളിച്ചുപറഞ്ഞിരുന്നു നമ്മടെ വീട്ടിലെ അമ്പലത്തിൽ ഇതൊന്നുശരിയായിക്കിട്ടാൻ വഴിപാട് ഒരുപാട് നേർന്നിട്ടുണ്ട്…അതാ ഇന്നുതന്നെ കൊണ്ടുപോയി അവിടെയൊന്ന് തൊഴുതിച്ചു വരാ എന്ന് കരുതിയത്…..

എന്തായാലും നമുക്ക് അതിനൊന്നും ഒരു മുടക്കും വരുത്തണ്ട അമ്മേ….

എന്താ കാര്യമെന്നറിയാതെ ഒരു സ്വസ്ഥത ഇല്ലാത്തതുകൊണ്ടാ ഫോണും കട്ടു ചെയ്തു പെട്ടന്ന് ഇങ്ങോട്ടു പോന്നത്…അവള് പറഞ്ഞ ബേക്കറി പോലും വാങ്ങാൻ മറന്നു…നിങ്ങളേതായാലും ഇരിക്ക് ഞാൻ കടയിൽപോയി വല്ലതും വാങ്ങിച്ചോണ്ടു വരാട്ടോ…..

സി കെ