നിങ്ങളുടെ വഴി വിട്ട ബന്ധം കല്യാണത്തിന് ശേഷവും തുടരുന്നു എന്ന് അറിഞ്ഞപ്പോൾ അതിൽ നിന്നും പിന്തിരിപ്പിക്കാൻ….

ബന്ധങ്ങൾ

Story written by Salini Ajeesh Salu

അമ്മയുടെ കാൽ തൊട്ട് വന്ദിക്കാൻ തുടങ്ങുമ്പോൾ അനാമികയുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ അമ്മയുടെ കാൽ പാദത്തിൽ വീണു ഉടഞ്ഞു..

“അമ്മേടെ അമ്മുട്ടി എന്തിനാ കരയണേ…! ഈശ്വരൻ എല്ലാ സൗഭാഗ്യങ്ങളും സന്തോഷങ്ങളും എന്റെ കുട്ടിക്ക് തരും… നിറഞ്ഞ കണ്ണുകളോടെ അല്ല എന്റെ മോള് കല്യാണ പന്തലിലേക്ക് ഇറങ്ങേണ്ടത്..നിറഞ്ഞ പുഞ്ചിരിയുമായിട്ട് ആണ്…!”

“ശരണിന്റെ താലി എന്റെ മോള് ഏറ്റുവാങ്ങുമ്പോൾ അമ്മയുടെ മനസ്സും നിറയും.കാരണം അവൻ നിനക്ക് യോജിച്ച പയ്യൻ തന്നെയാണ് .. അത് നന്നായി മനസ്സിൽ ആക്കിയിട്ടു തന്നെ ആണ് അമ്മ ഈ കല്യാണത്തിന് സമ്മതം മൂളിയത്..നിങ്ങളുടെ പ്രണയം എല്ലാ അർത്ഥത്തിലും ആത്മാർത്ഥത നിറഞ്ഞത് തന്നെ ആയിരുന്നു… ഇനിയും അത് അങ്ങനെ തന്നെ തുടരട്ടെ….”

“നന്നായി വരും മോളെ….!”രേണുക അനാമികയുടെ തലയിൽ കൈവെച്ചു അനുഗ്രഹിച്ചു കൊണ്ട് പറഞ്ഞു…

കണ്ണ് നിറഞ്ഞു തുളുമ്പാൻ തുടങ്ങിയ അനാമികയെ ചേർത്ത് പിടിച്ചു കവിളിൽ ഒരു ഉമ്മ നൽകി രേണുക..

“മോള് മുത്തശ്ശിയുടെ അടുത്ത് വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചു അനുഗ്രഹം വാങ്ങി വാ..എന്നിട്ട് ഇറങ്ങാം ഓഡിറ്റ്‌റ്റോറിയത്തിലേക്ക്. അപ്പോഴേക്കും അമ്മ കൊണ്ട് പോകേണ്ട മാറ്റ് മോതിരവും മാലയും ഒക്കെ എടുത്തു വരട്ടെ..എന്നും പറഞ്ഞു നിറഞ്ഞ കണ്ണുകൾ സാരി തുമ്പിൽ തുടച്ചു കൊണ്ട് തന്റെ ബെഡ് റൂമിലേക്ക് പോയി..

തന്റെ മകൾ ഇന്ന് കല്യാണ പെണ്ണ് ആയിരിക്കുന്നു… എത്ര വേഗം ആണ് കാലങ്ങൾ ഓടി മറയുന്നത്.. അവളുടെ കുഞ്ഞു നാളിലെ കുറുമ്പുകളും കൊഞ്ചലും, സ്കൂൾ കുട്ടി ആയപ്പോൾ ഉള്ള പിടി വാശികളും, സ്കൂളിൽ പോകാൻ മടിച്ചു ഉള്ള കള്ള പനിയും,, പിന്നെ കോളേജ് ലൈഫ് എത്തിയപ്പോൾ താൻ എന്ന അമ്മ അവൾക്ക് കൂട്ടുകാരി ആയി.. എപ്പോഴും അമ്മയെ ചുറ്റി പറ്റി നടക്കുന്ന അമ്മയുടെ പുന്നാര മകളായി.. പഠിപ്പ് കഴിഞ്ഞു മകൾ ജോലിയിൽ പ്രവേശിച്ചപ്പോൾ ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു രേണുകയ്ക്ക്..ആ കമ്പനിയിൽ തന്നെ ഉള്ള ശരണുമായി അവൾക്ക് ഇഷ്ടം തോന്നിയത് ആദ്യം പറഞ്ഞത് അമ്മയുടെ കാതുകളിൽ ആയിരുന്നു.. രണ്ടു വീട്ടുകാർക്കും സമ്മതം ആയിരുന്നു…അങ്ങനെ ആ കല്യാണം ഉറപ്പിച്ചു.

ഇന്ന് പതിവിലും സുന്ദരി ആയി.. ആഭരണങ്ങൾ അണിഞ്ഞു, കസവു കല്യാണ സാരിയിൽ മകൾ ഒരുങ്ങി നിന്നപ്പോൾ രേണുകയ്ക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം ആയിരുന്നു മനസ്സിൽ. അങ്ങനെ ഓരോന്ന് ചിന്തിച്ചു കൊണ്ട് തന്റെ റൂമിലേക്ക് പോകാൻ കോണിപടികൾ കയറാൻ തുടങ്ങിയതും…

“രേണു….എന്ന വിളി കേട്ട് തറഞ്ഞു നിന്ന് പോയി രേണുക ആ ശബ്ദം പെട്ടന്ന് തിരിച്ചു അറിഞ്ഞു… ഞെട്ടി തരിച്ചു കൊണ്ട് അവൾ ആ ശബ്ദത്തിന് നേരെ മുഖം തിരിച്ചു.

മെല്ലിച്ചു കോലുന്നനെ ഉള്ള ശരീരവും.. ക്ഷീണിച്ച കണ്ണുകളോടും കൂടിയ ഒരു രൂപം..പ്രായത്തെക്കാൾ വയസ്സ് അറിയിക്കുന്നത് ആയിരുന്നു ആ ജരാനരകൾ..സന്തോഷങ്ങൾ കെട്ടടങ്ങിയ ദുഃഖങ്ങൾ നിറഞ്ഞ കണ്ണുകൾ നിസഹായാവസ്ഥയുടെ പടികളിലാണ് ഇപ്പോൾ നില്കുന്നത് എന്ന് വിളിച്ചു അറിയിക്കുന്നവയായിരുന്നു.

“ബാലേട്ടൻ……!”

അറിയാതെ രേണുകയുടെ നാവ് ചലിച്ചു.. സ്നേഹവും ദയയും നിറഞ്ഞു നിന്നിരുന്ന രേണുകയുടെ കണ്ണുകൾ കുറുകി.. കണ്ണിൽ വാശിയുടെയും പകയുടെയും തീ കനലുകൾ നിറയാൻ തുടങ്ങി..

ചുറ്റും ഉള്ളവരെ ശ്രദ്ധിച്ചു കൊണ്ട് അവൾ അയാളുടെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് ശബ്‍ദം താഴ്ത്തി ഉറച്ച സ്വരത്തിൽ പറഞ്ഞു…

“ഇപ്പോൾ വന്നതിന്റെ ഉദ്ദേശം മനസ്സിലായില്ല. പഴയ അവകാശവും ബന്ധവും സ്ഥാപിക്കാൻ ആണെങ്കിൽ അതെനി ഒരിക്കലും നടക്കില്ല….കാരണം അന്ന് നിങ്ങൾ നിങ്ങളുടെ ഇഷ്ടക്കാരിയുമായി ഈ നാട് വിട്ട് പോകുമ്പോൾ തന്നെ നമ്മൾ തമ്മിലുള്ള ബന്ധവും അവസാനിപ്പിച്ചു കൊണ്ടായിരുന്നു എന്ന് മറന്നു പോയോ നിങ്ങൾ..?”

” കല്യാണത്തിന് മുന്പേ നിങ്ങൾക്ക് അങ്ങനെ ഒരിഷ്ടം ഉണ്ടായിരുന്നെങ്കിൽ വെറുതെ എന്തിനായിരുന്നു എന്നെ കല്യാണ വേഷം കെട്ടിയെഴുന്നള്ളിച്ചത്..?? “

“നിങ്ങൾ നിങ്ങളുടെ വീട്ടുകാരെ പേടിച്ചു എന്റെ കഴിത്തിൽ താലി കെട്ടിയപ്പോൾ എന്റെ ജീവിതവും സ്വപ്നങ്ങളും ഒക്കെയായിരുന്നു തകർന്ന് വീണത്….”

“നിങ്ങളുടെ വഴി വിട്ട ബന്ധം കല്യാണത്തിന് ശേഷവും തുടരുന്നു എന്ന് അറിഞ്ഞപ്പോൾ അതിൽ നിന്നും പിന്തിരിപ്പിക്കാൻ എന്തൊക്കെ ചെയ്തു ഞാൻ.. ഒന്നും നടന്നില്ല..”ദേഷ്യം കൊണ്ട് ചുവന്നു തുടുത്ത രേണു പറഞ്ഞു കൊണ്ട് കിതച്ചു.

എല്ലാറ്റിനും മാപ്പ്..രേണു….!! ഞാൻ.. ഞാൻ എന്റെ മോളെ ഒന്ന് കണ്ടോട്ടെ…..?ബാലൻ അപേക്ഷസ്വരത്തിൽ ചോദിച്ചു.

“ഏത് മോള്….?നിങ്ങൾക്ക് അങ്ങനെ ഒരു മോളില്ല ഇവിടെ.”നിങ്ങളുടെ കുഞ്ഞ് എന്റെ വയറ്റിൽ വളരുന്നുവെന്ന് അറിഞ്ഞിട്ടും എന്നെ ഉപേക്ഷിച്ചു കടന്നു കളഞ്ഞ ക്രൂരൻ ആണ് നിങ്ങൾ …!

“ഓഹ്.. ആ കുഞ്ഞിനേയും നിങ്ങൾ ആഗ്രഹിച്ചത് അല്ലല്ലോ.. മദ്യത്തെ കൂട്ട് പിടിച്ച ഒരു രാത്രിയിൽ അവളാണെന്ന് കരുതി അടുത്ത് വന്നപ്പോൾ അറിയാതെ സംഭവിച്ചത് അല്ലെ അതും…”

“നിങ്ങളോട് ഒന്നിച്ചു നല്ലൊരു ജീവിതം സ്വപ്നം കണ്ടു നിങ്ങളുടെ വീടിന്റെ പടി കടന്നു വന്നവളോട് നിങ്ങൾ നീതി കാട്ടിയോ, എപ്പോഴെങ്കിലും ഒരു ഇറ്റ് സ്നേഹം കൊടുത്തോ,പോട്ടെ അവൾക്കും വേദനിക്കുന്ന ഒരു മനസ്സ് ഉണ്ടെന്നു എപ്പോഴെങ്കിലും ആലോചിച്ചിട്ട് ഉണ്ടൊ നിങ്ങൾ.. എന്നിട്ട് ഇപ്പോൾ മകളെ കാണാൻ വന്നിരിക്കുന്നു.ഇറങ്ങിക്കോളണം ഇപ്പോൾ ഈ നിമിഷം എന്റെ വീട്ടിന്നു..”.

” നിങ്ങൾ പോയപ്പോ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നിരുന്ന ഈ പൊട്ടിപെണ്ണിനെ ഇന്നീ നിലയിൽ എത്തിച്ചതും സ്വന്തം കാലിൽ നിൽക്കുവാനുള്ള പ്രാപ്തി ഉണ്ടാക്കി തന്നതും എന്റെ ഏട്ടൻ ആണ്. ഏട്ടൻ കാണണ്ട നിങ്ങളെ…കണ്ടാൽ ചിലപ്പോൾ ജീവനോടെ ഇവിടെ നിന്ന് പോകാൻ കഴിഞ്ഞെന്ന് വരില്ല നിങ്ങൾക്ക്.

“ഒരു വട്ടം എന്റെ മോളെ കണ്ടിട്ട്..ഞാൻ പൊയ്ക്കോളാം..പിന്നെ വരില്ല ശല്ല്യം ആയിട്ട്..ദയവു ചെയ്തു നീ തടസ്സം നിൽക്കരുത് അതിന്.. “ബാലൻ വിതുമ്പി കൊണ്ട് പറഞ്ഞു.

“ജനിപ്പിച്ചത് കൊണ്ട് ഒരാളും അച്ഛനും അമ്മയും ആകില്ല ഒരു കുഞ്ഞിനും.. ബാല്യത്തിൽ കണ്ട അവരുടെ സ്വപ്നങ്ങൾക്ക് നിറം പകരാൻ കഴിയുന്നവർക്ക് ആണ് അതിനുള്ള യോഗ്യത..!”

“അവർക്ക് താങ്ങും തണലുമായി അവരെ നേർവഴിക്കു നടത്താൻ കഴിയുന്നവർ ആണ് അവരുടെ രക്ഷിതാക്കൾ….!

“കർമ്മബന്ധങ്ങൾ കൊണ്ട് ആണ് വെക്തി ബന്ധങ്ങൾ ചേർന്ന് നിൽക്കുന്നത്.. നിങ്ങൾക്ക് അവളുടെ അച്ഛൻ ആണെന്ന് പറയാൻ യാതൊരു യോഗ്യതയും ഇല്ല..”

“പിന്നെ അവൾ അവളുടെ അച്ഛനെ കാണാൻ ആഗ്രഹിക്കുന്നുണ്ടെന്നു നിങ്ങൾ വെറുതെ പോലും ആഗ്രഹിക്കരുത്..എല്ലാം തുറന്നു പറയുന്ന എന്റെ മോള് എന്നോട് ഒരിക്കലും അവളുടെ അച്ഛനെ തിരക്കിയിട്ട് ഇല്ല കാരണം അവൾ എല്ലാ കഥകളും അറിഞ്ഞു കൊണ്ട് തന്നെ ആണ് വളർന്നു വന്നത്. നികൃഷ്ടനായ നിങ്ങളുടെ നിഴൽ പോലും എന്റെ കുട്ടിയുടെ മേൽ പതിയാൻ ഇടവരരുത്….”

അത് പറയുമ്പോൾ രേണുകയുടെ ചുണ്ടുകൾ ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. ബാലൻ കുറ്റബോധം കൊണ്ട് നിസ്സഹായനായി മുഖം കുനിച്ചു നിൽക്കുവായിരുന്നു…

തനിക്കു കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ ശിക്ഷ തന്നെ ആണ് കിട്ടിയിരിക്കുന്നത്.. സ്വന്തം ഭാര്യയെ ഉപേക്ഷിച്ചു കാമുകിയുടെ കൂടെ പോയപ്പോൾ അയാൾ വേറെ ഒന്നും ചിന്തിച്ചില്ല… പക്ഷേ ചെയ്ത തെറ്റുകൾക്ക് കാലം പലിശ സഹിതം കൂട്ടി വച്ചിരുന്നു. തന്നെക്കാൾ വിശ്വസിച്ചു കൂടെ കൊണ്ട് നടന്ന കാമുകി തന്റെ പണവും ആരോഗ്യവും ക്ഷയിച്ചപ്പോൾ വേറെ ആളെ കൂട്ട് പിടിച്ചു പുതിയ ജീവിതം തേടി പോയി.. ജീവിതം ഏകാന്തതയുടെ തടവറയിൽ വിറങ്ങലിച്ചു കിടന്നപ്പോൾ ആണ് മുൻഭാര്യയെയും മകളെയും തേടി വരാൻ പ്രേരിപ്പിച്ചത്.. അത് മകളുടെ കല്യാണ ദിവസം ആയത് തീർത്തും ആക്സ്മികം ആയിരുന്നു..

ജീവിതത്തിൽ ചെയ്ത തെറ്റുകൾ പൊറുക്കാൻ പറ്റാത്തത് ആണ്..അതിനാൽ രേണുകയുടെ ഈ പെരുമാറ്റം താൻ ഉൾക്കൊണ്ടേ പറ്റുള്ളൂ എന്ന് അയാൾക്ക് അറിയാമായിരുന്നു…രേണുകയെ ഒരു നിമിഷം നോക്കിയിട്ട് ഒന്നും പറയാതെ..തിരിഞ്ഞു നടന്നു അയാൾ..

നടന്നു അകലുന്ന ആ മനുഷ്യ രൂപത്തെ നോക്കി നിൽക്കും തോറും രേണുകയ്ക് തന്റെ ശരീരം തളരുന്നത് പോലെ തോന്നി.. നിലത്തേക്ക് വീണു പോകുമെന്ന് കരുതിയപ്പോഴേക്കും മകളുടെ കൈകൾ രേണുകയെ താങ്ങി… അവളുടെ കണ്ണുകൾ പറയാതെ പറയുന്നുണ്ടായിരുന്നു.. അവളുടെ അമ്മ ആണ് ശരി എന്ന്.

ശുഭം.