നീ ആർക്കു വേണ്ടിയാ ഈ ആരോഗ്യം കളഞ്ഞു സമ്പാദിച്ചു കൂട്ടുന്നത്. ആർക്കു വേണ്ടിയാണെങ്കിലും ഇങ്ങനെ പോയാൽ….

Story written by Gayathri Govind

“കണ്ണൻ ചേട്ടാ.. എഴുന്നേറ്റ് എന്നെ വന്നൊന്ന് സഹായിക്കൂ..” നിമ്മിയുടെ തുടരെ തുടരെയുള്ള ശല്യം സഹിക്ക വയ്യാതെ കണ്ണും തിരുമ്മി കണ്ണൻ അടുക്കളയിലേക്ക് വന്നു…

“എന്തുവാടി രാവിലെ കിടന്നു തൊള്ള തുറക്കുന്നത്.. നാട്ടുകാർ കേട്ടാൽ എന്തുകരുതും..”

“അതിന് ഞാൻ മോശമായിട്ട് ഒന്നും പറഞ്ഞില്ലല്ലോ.. എഴുന്നേക്കാൻ അല്ലേ പറഞ്ഞത്.. സമയം ഏഴര കഴിഞ്ഞു.. ഉച്ചക്കത്തേക്ക് ഉള്ളത് ആവുന്നതേയുള്ളു..പിള്ളേരെ ഒന്നു റെഡിയാക്കുമോ.. എനിക്ക് കമ്പനിയിൽ ഇന്നു ഓഡിറ്റിംഗ് ആണ്..നേരത്തെ ചെല്ലാമെന്ന് ഞാൻ ഏറ്റതാണ്”

“ഉവ്വോ.. നേരത്തെ എത്താം എന്നുപറഞ്ഞാൽ മാത്രം പോരാ.. നേരത്തെ എഴുന്നേറ്റു ജോലികളും ഒതുക്കണം.. എനിക്ക് വയ്യാ പിള്ളേരെ റെഡിയാക്കാൻ ഒന്നും..എന്റെ ഉറക്കവും കളഞ്ഞു.. ശല്യം..”

“ഞാൻ മനപ്പൂർവം താമസിച്ചത് അല്ല.. പീരീഡ്സ് ഡേറ്റ് ആണ് ഇന്ന്.. നല്ല പെയിൻ ഉണ്ട്.. പ്ലീസ്..”

“ഹോ.. ലോകത്തിൽ ഇതുണ്ടാകുന്ന ഏക സ്ത്രീ നീ ആണല്ലോ.. എന്റെ അമ്മ ഓക്കെ ഇതൊക്കെ കഴിഞ്ഞു വന്നവർ തന്നെയാ.. എന്നുപറഞ്ഞു ഞങ്ങളുടെ കാര്യങ്ങൾ ഒന്നും മുടക്കിയിട്ടില്ല..”

“ദേ മനുഷ്യാ നിങ്ങൾ വലിയ വലിയ ഡയലോഗ് പറഞ്ഞുകൊണ്ട് നിക്കാതെ എന്നെ ഒന്നു സഹായിക്കു.. അല്ലെങ്കിൽ ഇന്നു ഉച്ചക്ക് പുറത്തു നിന്നും കഴിക്ക്.. “

“ആഹ്.. ഞാൻ പുറത്തു നിന്നും കഴിച്ചോളാം.”

“പിള്ളേരുടെ കാര്യം എന്ത്‌ ചെയ്യും..” നിമ്മി പിറുപിറുത്തു

“പിള്ളേർക്ക് ലഞ്ച് ഉണ്ടാക്കുവാണെങ്കിൽ എനിക്കും തന്നു വിട്ടേക്ക്.. ” കണ്ണൻ ഇളിച്ചുകൊണ്ട് കട്ടിലിൽ പോയി ഇരുന്നു ഫോൺ എടുത്തു നോക്കി ചിരിച്ചുകൊണ്ടിരുന്നു..

“അങ്ങനെ ഇപ്പോൾ നിങ്ങൾ ചോറ് കൊണ്ടുപോകേണ്ട.. “അവൾ ദേഷ്യത്തിൽ കുട്ടികൾക്ക് ഉച്ചക്കുള്ള ടിഫിൻ ബോക്സിൽ ബ്രേക്ക്‌ഫസ്റ്റിനു ഉണ്ടാക്കിയ ദോശയും ചട്ണിയും എടുത്തു വച്ചു.. ശേഷം അവൾ മക്കളെ ഉണർത്തി പല്ലുതേപ്പിച്ചു യൂണിഫോം ഇട്ടു റെഡിയാക്കി.. അവർക്ക് ബ്രേക്ഫാസ്റ്റ് കൊടുത്തു സ്കൂൾ ബാഗും എടുത്തു വച്ചു.. അവൾ റെഡി ആയി ആഹാരം കഴിക്കാൻ എടുത്തു..

“നിമ്മി…””നിമ്മി…”

“എന്തോ??” അവൾ ആഹാരം എടുത്തത് അവിടെ വച്ചു റൂമിലേക്ക് ചെന്നു

“നീ എന്റെ ഷർട്ട്‌ അയൺ ചെയ്തില്ലേ..”

“ശോ.. ഞാൻ അതു മറന്നു.. അയൺ ചെയ്തേക്കാമോ??” അവൾ കണ്ണനെ ദയനീയമായി നോക്കി

“എനിക്ക് അറിയില്ല.. ഞാൻ ചെയ്താൽ ശരിയാകില്ല..”

“പിന്നെ ഞാൻ എല്ലാം പഠിച്ചിട്ടല്ലേ ചെയ്യുന്നത്.. ഇതൊക്കെ ഇങ്ങനെ ചെയ്താണ് പഠിക്കുന്നത്.. എനിക്ക് സമയം പോകുന്നു.. ബസ് കിട്ടില്ല”

“ഒരു കാര്യം ചെയ്യൂ.. നാളെ തൊട്ട് ജോലിക്ക് പോകേണ്ട.. വീട്ടിലെ കാര്യം മാത്രം നോക്ക്..”

അവൻ ഷർട്ട്‌ അവളുടെ കയ്യിൽ കൊടുത്തിട്ട് പുറത്തേക്ക് പോയി.. ഷർട്ടും അയൺ ചെയ്തു അവനുള്ള ആഹാരവും നൽകിയപ്പോഴേക്കും അവളുടെ ബസ് വരാനുള്ള സമയം ആയി.. മക്കൾക്ക് ഓരോ മുത്തം നൽകി കണ്ണനോട് പറഞ്ഞു അവൾ ബസ്സ്റ്റോപ്പിലേക്ക് ഓടി..

⭐️⭐️⭐️⭐️⭐️

ഓഫീസിൽ ജോലി ചെയ്യുന്നതിന് ഇടയിലാണ് നിമ്മിക്ക് തലകറങ്ങുന്നത് പോലെ തോന്നിയത് അവൾ അടുത്തിരുന്ന മൃദുലയെ വിളിച്ചു വിവരം പറഞ്ഞു.. മൃദുല ഓഫീസ് ബോയിയെ വിട്ടു ജ്യൂസ്‌ വാങ്ങി നിമ്മിക്ക് നൽകി.. ജ്യൂസ്‌ കുടിച്ചു കഴിഞ്ഞു അവൾക്ക് അല്പം ആശ്വാസം തോന്നി.. ഓഡിറ്റിംഗ് കഴിഞ്ഞതിനാൽ തന്നെ അവളോട് റസ്റ്റ്‌ എടുത്തോളാൻ മാനേജർ പറഞ്ഞു.. അവൾ റെസ്റ്റിംഗ് റൂമിൽ പോയി കുറച്ചു നേരം മയങ്ങി.. അപ്പോഴാണ് മൃദുല അവളെ ലഞ്ച് കഴിക്കാൻ വിളിക്കാനായി വന്നത്..

“ഡോ ഞാൻ ഇന്നു ലഞ്ച് കൊണ്ടുവന്നില്ല.. താൻ കഴിച്ചോ..”

“ആഹ്.. കൊള്ളാം.. വെറുതെയല്ല തലകറങ്ങുന്നത്.. വാ നമ്മുക്ക് പുറത്തു നിന്നും വാങ്ങിപ്പിക്കാം..”

“ഓഹ്.. വേണ്ടടി..”

“നീ ആർക്കു വേണ്ടിയാ ഈ ആരോഗ്യം കളഞ്ഞു സമ്പാദിച്ചു കൂട്ടുന്നത്.. ആർക്കു വേണ്ടിയാണെങ്കിലും ഇങ്ങനെ പോയാൽ കാണാൻ നീ ഉണ്ടാവില്ല..” മൃദുല അവളെ നിർബന്ധിച്ചു വിളിച്ചുകൊണ്ടു പോയി.. ഭക്ഷണം വരുത്തിച്ചു അവൾക്ക് നേരെ വച്ചു കൊടുത്തു..

“നോക്കേണ്ട ഇതിന്റെ ബില്ല് ഞാൻ പേ ചെയ്തോളാം..” മൃദുല ചിരിച്ചുകൊണ്ട് പറഞ്ഞു

“നിനക്ക് എന്താ സത്യത്തിൽ പറ്റിയത്?? കുറെ നാളായി നല്ല ക്ഷീണം ഉണ്ട്..”

“എനിക്ക് ഒന്നും പറ്റിയൊന്നുമില്ലടി.. കണ്ണൻ ചേട്ടന്റെ അനിയന്റെ കല്യാണം കഴിഞ്ഞതോടെ തുടങ്ങിയതാ ഈ കഷ്ടപ്പാട്.. അവന്റെ കല്യാണം ഉറപ്പിച്ചപ്പോഴല്ലേ ഞങ്ങൾ വീട് വച്ചു മാറിയത്.. അതുവരെ വീട്ടുജോലി ഒന്നും ചെയ്തില്ലെങ്കിലും പിള്ളേരുടെ കാര്യം ഓക്കെ അമ്മ നോക്കിയേനെ.. ഒരു സഹായം ഉണ്ടായിരുന്നു..ഇപ്പോൾ എല്ലാം കൂടി മാനേജ് ചെയ്യാൻ എനിക്ക് പറ്റുന്നില്ല ഡി.. വൈകുന്നേരം വീട്ടിൽ ചെന്നാൽ ഒന്നു നടുനിവർക്കാൻ നേരം കിട്ടുന്നില്ല.. രണ്ടാളെയും പഠിപ്പിച്ചു വീട്ടുപണികളും കഴിഞ്ഞു പതിനൊന്നര ആകും കിടക്കാൻ.. കണ്ണൻ ചേട്ടനോട് പിള്ളേരെ ഒന്നു പഠിപ്പിക്കാൻ പറഞ്ഞാൽ പോലും കേൾക്കില്ല.. ആ ഫോണും കുത്തി അവിടെ ഇരിക്കും.. ഉച്ചക്കത്തെ ഭക്ഷണം തന്നെ വൈകിട്ടും മതിയെങ്കിൽ പ്രോബ്ലം ഇല്ലാ.. ഇത് മൂന്നാൾക്കും വൈകുന്നേരം ചപ്പാത്തി തന്നെ വേണം.. ഇന്നു ഞാൻ ഇത്തിരി ലേറ്റ് ആയി എഴുന്നേൽക്കാൻ.. പുള്ളിയോട് ഒന്നു പിള്ളേരെ റെഡിയാക്കാൻ പറഞ്ഞിട്ട് പോലും ചെയ്തില്ല.. ഞാൻ ചോറിനു കറി ഒന്നും ഉണ്ടാക്കിയില്ല.. പുറത്തു നിന്നും കഴിക്കാൻ പറഞ്ഞു.. ഇപ്പോൾ ഓർക്കുമ്പോൾ ഒരു വിഷമം…”

“ആഹ്.. ബെസ്റ്റ്.. എന്തിനാ വിഷമം.. പുള്ളി പുറത്തു നിന്നും കഴിക്കും.. നീ ഇവിടെ പട്ടിണിയും ഇരുന്നേനെ..”

“ഞാൻ രാവിലെ കണ്ണൻ ചേട്ടനെ എന്തൊക്കെയോ പറഞ്ഞെടി.. എനിക്ക് പീ രിയഡ്സ് സമയത്ത് മൂഡ് സ്വിങ്സ് ഉണ്ടാകാറുണ്ട്.. പുള്ളി പിന്നെ തിരിച്ചു ഒന്നും പറഞ്ഞില്ല.. എങ്കിലും ഉള്ളിൽ ദേഷ്യം ഉണ്ടാവും.. എന്തൊക്കെ ചെയ്താലും പുള്ളി പറയുന്നത് നിനക്ക് എന്താ ഇവിടെ പണിയെന്നാണ്.. ഇന്നു പറയുവാ ജോലിക്ക് പോവേണ്ട വീട്ടിലെ കാര്യങ്ങൾ നോക്കിയാൽ മതിയെന്ന്.. വെറുതെ തള്ളുന്നതാ.. എന്റെ ജോലി ഇല്ലെങ്കിൽ വീടിന്റെ ലോണും വീട്ടു ചിലവും എല്ലാം കൂടി കണ്ണൻ ചേട്ടനെകൊണ്ടു തനിയെ പറ്റില്ല..”

“നീ ഇതെല്ലാം കേട്ടുകൊണ്ട് ഇരിക്കുന്നത് കൊണ്ട്.. അല്ല പിന്നെ.. നീ ഒരു കാര്യം ചെയ്യൂ.. എന്തായാലും ജോലി കളഞ്ഞേക്കാൻ അല്ലേ നിന്റെ കണ്ണൻ ചേട്ടൻ പറഞ്ഞത്.. നീ നിർത്തിയേക്ക്..”

“ഒന്ന് പോ പെണ്ണെ.. എത്ര അന്വേഷിച്ചു കിട്ടിയതാ ഈ ജോലി… ഇത് കളഞ്ഞു പിന്നെ ജോലി വേണമെന്ന് തോന്നുമ്പോൾ നീ തരുമോ എനിക്ക് ജോലി..”

“ഒരു കാര്യം ചെയ്യൂ.. നീ ഇതുവരെ ലീവ് എടുത്തിട്ടില്ലലോ.. ഓഡിറ്റിംഗ് കഴിഞ്ഞതു കൊണ്ട് ഇനിയും വലിയ പണി ഒന്നും ഉണ്ടാകില്ല.. നീ മാഡത്തോട് എന്തെങ്കിലും എമർജൻസി പറഞ്ഞു രണ്ടു മാസം ലീവ് എടുക്ക്.. ശമ്പളം വേണ്ട എന്നു പറയു.. രണ്ടു മാസം കൊണ്ട് വേറെ സ്റ്റാഫിനെ വയ്ക്കേണ്ട ആവശ്യം ഒന്നും വരില്ല.. തിരിച്ചു വരേണ്ടി വരുവാണെങ്കിൽ നിനക്ക് ഈ ജോലി കിട്ടും.. അല്ലെങ്കിൽ ഞാൻ എവിടെങ്കിലും ശരിയാക്കി തരാം പോരെ.. പിന്നെ നീ ജോലിക്ക് വന്നില്ലെങ്കിലും പ്രോബ്ലം ഒന്നുമില്ലെങ്കിൽ നീ എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നത്.. വല്ല സേവിങ്സ് ഉണ്ടോ നിന്റെ കയ്യിൽ..”

“എടുത്തു ചാട്ടം ആയിപോകുമോ എന്നറിയില്ല.. പക്ഷേ നീ പറയുന്നതിലും കാര്യമുണ്ട് മൃദു.. എനിക്ക് വയ്യാ തീരെ.. “

“അതാണ് പറഞ്ഞത്.. ” അന്നുതന്നെ നിമ്മി ലോങ് ലീവിന് അപ്ലൈ ചെയ്തു..ഇടയ്ക്കു എന്തെങ്കിലും അത്യാവശ്യം വന്നാൽ വിളിച്ചാൽ എത്തണം എന്ന നിർദ്ദേശത്തോടെ അവൾക്ക് ലീവ് ലഭിച്ചു..

അന്ന് വൈകുന്നേരം കണ്ണൻ വന്നപ്പോൾ തന്നെ നിമ്മി താൻ ജോലി റിസൈൻ ചെയ്തു എന്നുപറഞ്ഞു.. അവനു ഉള്ളിൽ ഒരു ഞെട്ടൽ ഉണ്ടായിരുന്നുവെങ്കിലും രാവിലെ അവൻ പറഞ്ഞിട്ടാണല്ലോ അവൾ അങ്ങനെ ചെയ്തത് എന്നോർത്തു അതു പുറത്തു കാട്ടിയില്ല..

പിന്നീടുള്ള ദിവസങ്ങൾ നിമ്മിക്ക് നല്ല ദിവസങ്ങൾ ആയിരുന്നു.. കണ്ണന്റെയും കുട്ടികളുടെയും കാര്യങ്ങൾ എല്ലാം ചെയ്തു കഴിഞ്ഞും അവൾക്ക് ഇഷ്ടപോലെ സമയം ലഭിച്ചു..

പക്ഷേ മാസവസാനം ആയപ്പോഴേക്കും കണ്ണൻ ആകെ ടെൻഷൻ ആയി..കുഞ്ഞുങ്ങളുടെ ഫീസും വീട്ടു ചിലവുകളും ലോൺ അടവും എല്ലാം കൂടി അവന്റെ കയ്യിൽ നിൽക്കുന്നുണ്ടായിരുന്നില്ല.. നിമ്മിയോട് പറയാനും മടി..

“എന്താ കണ്ണൻ ചേട്ടാ കുറച്ചു ദിവസമായി മുഖത്ത് ഒരു വിഷമം??”

“ഓഹ്.. എന്ത്‌ പറയാനാ നിമ്മി നിന്റെ ശമ്പളം ഇല്ലാതെ ആയപ്പോൾ എല്ലാം കൂടി മുന്പോട്ട് കൊണ്ടുപോകാൻ ഭയങ്കര ബുദ്ധിമുട്ട്..”

“കണ്ണൻ ചേട്ടൻ അല്ലേ പറഞ്ഞെ ഞാൻ ജോലിക്ക് പോകേണ്ട എന്ന്.. വീട്ടിലെ കാര്യങ്ങൾ ചെയ്താൽ മതിയെന്ന്..”

“ഞാൻ അങ്ങനെ പറഞ്ഞു എന്ന് വച്ചു നീ നല്ലൊരു ജോലി കളയുമെന്ന് ഞാൻ കരുതിയില്ല”

“എനിക്ക് ഈ വീടിനും നമ്മുക്കും വേണ്ടി കഷ്ടപ്പെടുന്നതിന് ഒരു ബുദ്ധിമുട്ടും ഇല്ലാ..പക്ഷേ നിങ്ങൾ ഞാൻ ചെയ്യുന്ന ജോലികളെ നിസ്സാരവൽക്കരിക്കുകയും.. എന്റെ ജോലി ഇല്ലെങ്കിലും കുഴപ്പമില്ല എന്നൊക്കെ പറയുമ്പോൾ എനിക്ക് എന്ത്‌ വിഷമം ആകുമെന്ന് അറിയുമോ.. ഞാൻ ലീവ് എടുത്തിട്ടേയുള്ളു ജോലിയിൽ നിന്നും.. വേണമെങ്കിൽ തിരികെ ജോയിൻ ചെയ്യാം.. ” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു..

തന്റെ ഭാര്യ തന്നെ അവളുടെ വില മനസ്സിലാക്കാൻ പറ്റിച്ചതാണെങ്കിലും അവന്റെ സ്വഭാവം മാറിയൊന്നുമില്ല.. പറഞ്ഞിട്ട് കാര്യമില്ല പട്ടിയുടെ വാൽ പന്തീരാണ്ട് കൊല്ലം കുഴലിട്ടാലും നേരെയാകില്ലല്ലോ.. എങ്കിലും നിമ്മി അവളുടെ കുടുംബത്തിന്റെ സന്തോഷത്തിന് വേണ്ടി വീണ്ടും ജോലിക്ക് പോയി തുടങ്ങി..

അവസാനിച്ചു…

(എല്ലാവരും കണ്ണനെപോലെയല്ല ?)