പരസ്പരം പ്രണയിച്ചു മതിയാവാത്തതിനാലാവണം അവർക്കിടയിലേക്ക് പുതിയൊരാൾ കടന്നു വന്നില്ല…

കെടാവിളക്ക്

എഴുത്ത്: ശ്രുതി മോഹൻ

അയാൾ കവലയിൽ ബസ് ഇറങ്ങിയപ്പോൾ നേരം ഇരുട്ടി തുടങ്ങിയിരുന്നു. ഒരു കയ്യിൽ തൂക്കി പിടിച്ച തുണി സഞ്ചിയിൽ വിയർപ്പിൽ കുതിർന്ന യൂണിഫോമും ഒഴിഞ്ഞ വെള്ളം കുപ്പിയും പൊട്ടിക്കാത്ത ഒരു കുഞ്ഞുപാക്കറ്റ് പാർലെജി ബിസ്കറ്റ് ഉം ആയിരുന്നു. പ്രായത്തിന്റെയും ക്ഷീണത്തിന്റെയും അവശത കാൽചുവടുകളിൽ വ്യക്തമാക്കികൊണ്ട് ആ ഉയരം കുറഞ്ഞ മനുഷ്യൻ ആയാസപ്പെട്ടു വീട്ടിലേക്ക് നടന്നു.

മുൻപ് ആയിരുന്നെങ്കിൽ അയാൾ വരുന്നതും കാത്തു വാതിൽ പടിയിൽ മങ്ങിയ വെള്ളി പാദസരവും കയ്യിൽ കുപ്പി വളകളും അണിഞ്ഞു അവൾ കാത്തിരിക്കുമായിരുന്നു.

അയാൾ വീട്ടിൽ ചെന്നു കയറുമ്പോഴേക്കും ചെറിയ സ്റ്റീൽ ഗ്ലാസിൽ ചൂടുള്ള കട്ടൻ ചായയുമായി അവൾ അരികിലേക്ക് വരും. ധരിച്ച ഷർട്ടും പാന്റ്സും അഴിച്ചു ചുമരിൽ തറച്ച ആണിയിൽ കൊരുത്തിട്ട് ചെയറിന്റെ തലക്കൽ മടക്കിയിട്ട കള്ളി മുണ്ടും ഉടുത്തു അയാൾ സഞ്ചിയിലെ പാർലെജി ബിസ്കറ്റ് പൊട്ടിച്ചു ചായയിൽ മുക്കി അവൾക്ക് നേരെ നീട്ടും. പ്രായത്തിനു തോൽപ്പിക്കാനാവാത്ത നാണത്തിൽ കുതിർന്ന ചിരിയോടെ അവൾ അത് വാങ്ങി വായിലിടും. അപ്പോൾ അയാളുടെ മുഖത്ത് സംപ്തൃപ്തിയുടെ ചിരി വിരിയും…

———————–

ഏറെ വർഷങ്ങൾക്കു മുൻപ് കോയമ്പത്തൂരിലെ പ്ലാസ്റ്റിക് കുപ്പികൾ ഉണ്ടാക്കുന്ന കമ്പനിയിൽ വച്ചാണ് അയാൾ അവളെ ആദ്യമായി കണ്ടത്..എഴുത്തും വായനയും ഇരുവർക്കും വശമില്ല. വീട്ടിലെ പ്രാരാബ്ധങ്ങൾ കാരണം ഇരുവർക്കും ചെറു പ്രായത്തിലെ ജോലിക്ക് പോവേണ്ടി വന്നതാണ്. പുള്ളി പാവാടയും ഒറ്റ നിറത്തിലുള്ള ഫുൾ ബ്ലൗസും ഇട്ട് അരക്കൊപ്പമുള്ള ചുരുണ്ട മുടി ഇരു വശത്തും മെടഞ്ഞിട്ട് പ്രായമുള്ള സ്ത്രീകൾക്ക് ഒപ്പമിരുന്നു കുപ്പി കഴുകിയിരുന്ന അവളെ കണ്ടപ്പോൾ തന്നെ അവിടെ സെക്യൂരിറ്റി ആയിരുന്ന അയാൾക്ക് ഇഷ്ടം തോന്നി.

പ്രണയിച്ചു നടക്കാനൊന്നും അയാൾക്ക് നേരമില്ലായിരുന്നു. അവളുടെ വീട്ടുകാരുടെ മുന്നിൽ വിവാഹലോചനയുമായി അയാൾ ചെന്നപ്പോൾ അവളെ മാത്രം മതിയെന്ന അയാളുടെ നിബന്ധനകൾ അയാളും അവളും തമ്മിലുള്ള വിവാഹത്തിനു വഴി തെളിച്ചു. അവളുടെ കഴുത്തിൽ മഞ്ഞ ചരടിൽ കോർത്ത താലി അണിയിച്ചു അയാൾ തന്റെ ഒറ്റമുറി വീട്ടിലേക്ക് അവളെ കൂട്ടിക്കൊണ്ടുപോയി..അവരുടെ ചിരികളും ശബ്ദവും ശ്വാസനിശ്വാസങ്ങളും ആ മുറിക്കുള്ളിൽ ഒരു മൂലയിൽ സ്ഥാനം പിടിച്ച ദൈവത്തിന്റെ ഫോട്ടോക്ക് മുമ്പിൽ തെളിയിച്ച വിളക്കിന് അരികിൽ കത്തിച്ചു വച്ച സാംബ്രാണിയുടെയും മധുര രസമുള്ള കറികളുടെ ഗന്ധത്തിനുമൊപ്പം അലിഞ്ഞു ചേർന്നു.

———————-

പരസ്പരം പ്രണയിച്ചു മതിയാവാത്തതിനാലാവണം അവർക്കിടയിലേക്ക് പുതിയൊരാൾ കടന്നു വന്നില്ല. അവൾക്കാണോ അയാൾക്കാണോ കുഴപ്പമെന്ന് ആരും അറിഞ്ഞില്ല. അയാൾ അവളെയും അവൾ അയാളെയും കുഞ്ഞായി കണ്ടു. അവർ പരസ്പരം സ്നേഹിച്ചും കൊഞ്ചിയും കലഹിച്ചും പിണങ്ങിയും ഇണങ്ങിയും ആ ഒറ്റ മുറിയിൽ ജീവിച്ചു. അയാളുടെ ഇഷ്ടങ്ങൾ തന്റെ ഇഷ്ടങ്ങളായി മാറിയത് അവൾ പോലും അറിയാതെ ആയിരുന്നു. ഒരിക്കലും മടുക്കാത്ത പ്രണയത്തിൽ കഴിയുമ്പോഴും പലരും അവരെ നോക്കി അടക്കം പറഞ്ഞു..

പ്രായം എത്രയായെന്നോ..പാവങ്ങൾ ഇത് വരെയും കുട്ടികൾ ആയില്ല. ആരുടെയും സഹതാപവാക്കുകൾക്ക് കാതോർക്കാതെ അവർ പ്രണയിച്ചു കൊണ്ടേ ഇരുന്നു. കുഞ്ഞുങ്ങൾ ഇല്ലാത്തത് ഒരു കുറവായി അയാൾക്കോ അവൾക്കോ തോന്നിയതെ ഇല്ല..പ്രായം മുടിയിഴകളിൽ വെള്ളി നിറം പടർത്തിയപ്പോൾ അയാൾ അവളുടെ മുടിയിഴകളിൽ മൈലാഞ്ചി അരച്ച് പുരട്ടി. അവൾക്ക് പട്ടുസാരികളും കുപ്പിവളകളും സമ്മാനമായി വാങ്ങി നൽകി. അവൾ അയാൾക്കേറെ പ്രിയമായ കേസരി തയ്യാറാക്കി സ്നേഹത്തോടെ അയാളെ ഊട്ടി. ഇടക്കെപ്പോഴോ പ്രായമേറിയതിന്റെ അവശതകൾ അവൾക്ക് ഏറി വന്നപ്പോൾ അയാൾ തനിച്ചു ജോലിക്ക് പോയി തുടങ്ങി. അയാൾക്ക് ടിഫിനും ഊണും പത്രങ്ങളിൽ നിറച്ചു സഞ്ചിയിൽ വച്ചു കയ്യിൽ ഏൽപ്പിക്കുമ്പോൾ അയാൾ അവളെ ചേർത്തു പിടിച്ചു നെറ്റിയിൽ സ്നേഹത്തോടെ ചുംബിച്ചു പടിയിറങ്ങും. അയാൾ തിരിച്ചു വരുമ്പോൾ അവൾ റോഡിലേക്ക് കണ്ണും നട്ടു കാത്തിരിപ്പുണ്ടാവും..

————————–

ദിവസങ്ങൾ കടന്നു പോയി. അവളുടെ അവശതകളും ഏറി വന്നു. അയാളുടെ നിർബന്ധങ്ങൾക്ക് വഴങ്ങി ഡോക്ടറെ കണ്ടപ്പോൾ എല്ലാ തരം ജീവിതശൈലീ രോഗങ്ങളും അവൾക്കുണ്ടെന്ന് മനസ്സിലായി. അങ്ങനെ അവളുടെ ജീവിതത്തിലേക്കു ഒരു പിടി മരുന്നുകൾ കൂടി സ്ഥാനം പിടിച്ചു. പക്ഷെ പലപ്പോഴും അവൾ മരുന്നുകളോട് പിണങ്ങി. അയാളോട് കൊഞ്ചി മധുരം വാങ്ങി കഴിച്ചു. അവളുടെ ക്ഷീണം കാണുമ്പോൾ ഭയം തോന്നുമെങ്കിലും അവളുടെ പിണക്കം സഹിക്കാൻ അയാൾക്ക് ആവുമായിരുന്നില്ല. ക്ഷീണം ഏറും തോറും മധുരത്തിനോടുള്ള അവളുടെ പ്രിയം ഏറി വന്നു.

അന്നും അവൾക്ക് ചുംബനം നൽകി വീട്ടിൽ നിന്നും ഇറങ്ങിയതാണ് അയാൾ. ജോലി കഴിഞ്ഞു വീട്ടിലേക്കു വരുമ്പോൾ അവൾ രാവിലെ കൊതി പറഞ്ഞ ചൂടുള്ള ജിലേബിയും വാങ്ങി വീട്ടിൽ എത്തുമ്പോൾ വാതിൽക്കൽ അവൾ ഉണ്ടായിരുന്നില്ല. ചാരിയിട്ട വാതിൽ തുറന്നു അകത്തു കടന്നപ്പോൾ പുതുതായി സ്ഥാനം പിടിച്ച പ്ലാസ്റ്റിക് വയർ മെടഞ്ഞ മടക്കു കട്ടിലിൽ അവൾ കിടപ്പുണ്ട്. കുളിച്ചിട്ടില്ല. രാവിലെ ഉടുത്തിരുന്ന അതേ സാരി തന്നെയാണ്. കൊഴിഞ്ഞു പോയി തലയോട് കാണിച്ചു തുടങ്ങിയ മുടിയിഴകളിലൂടെ അയാൾ വിരലോടിച്ചു. മെല്ലെ കുനിഞ്ഞു അവളെ വിളിച്ചു. ഇല്ല അവൾ വിളി കേട്ടില്ല. പിടഞ്ഞെഴുന്നേറ്റില്ല. ധൃതിയിൽ മണ്ണെണ്ണ സ്റ്റോവിന് മുകളിൽ വച്ച ചായ പത്രത്തിലെ ചായ ചൂടാക്കി അയാൾക്ക് നൽകിയില്ല. കടും ചുവപ്പ് നിറമുള്ള വില കുറഞ്ഞ നെയിൽ പോളിഷിട്ട അവളുടെ കറുത്ത് ചുളിഞ്ഞ വിരലുകൾ തണുത്തു ബലം പിടിച്ചിരുന്നു. കുറച്ചു തുറന്നിരുന്ന ചുണ്ടുകൾ അവൾ ഉറക്കത്തിൽ ആണെന്നു അയാളെ വീണ്ടും ഓർമിപ്പിച്ചു..

അതേ അവൾ ഉറക്കത്തിലാണ്. ഇനി അവൾക്ക് രാത്രിയിൽ മുട്ട് വേദനക്ക് തൈലം തേച്ചു ഉഴിഞ്ഞു കൊടുക്കേണ്ടതില്ല. ഷർട്ടിന്റെ കോളറിലെ നരച്ച നിറം ഞാൻ കാണുമ്പോൾ അയാളെ നോക്കി അവൾക്ക് കണ്ണിറുക്കേണ്ടതില്ല. അവൾക്കൊപ്പം അയാളും ആ കുഞ്ഞു കട്ടിലിൽ കുറച്ചേറെ നേരം കയറി കിടന്നു. അടുത്ത മുറിയിൽ താമസിക്കുന്നവർ വന്നു വിളിച്ചപ്പോഴാണ് അയാൾ എഴുന്നേറ്റത്. അയാൾ ധരിച്ചിരുന്ന ഫുൾ സ്ലീവ് ഷർട്ടിന്റെ കയ്യിൽ മുഖം തുടച്ചു പുറത്തേക്ക് ഇറങ്ങി ചെന്നു. പിന്നീടെല്ലാം വേഗത്തിൽ ആയിരുന്നു. അവളെ ദഹിപ്പിച്ചു അസ്ഥി കടലിൽ ഒഴുക്കി വീട്ടിൽ എത്തിയപ്പോഴേക്കും അയാൾ അവശനായിരുന്നു..കേടായ ഭക്ഷണങ്ങൾ എല്ലാം എടുത്തു ഒരു ബക്കറ്റിൽ ഇട്ടു. പാത്രങ്ങൾ എല്ലാം കഴുകി വച്ചു. കുളിച്ചു ഒരു കള്ളി മുണ്ട് ഉടുത്തുവന്നുസ്റ്റോവിൽ പാത്രം വച്ചു ഒരു കട്ടൻ ചായ തിളപ്പിച്ചു. സഞ്ചിയിലെ കടലാസ് പൊതിയിൽ എണ്ണയൂറി ഇരുന്നിരുന്ന ജിലേബി പുറത്തെടുത്തു ഒരു സ്റ്റീൽ പ്ലേറ്റിലേക്ക് വച്ചു. ഗ്ലാസ്സിലേക്ക് ചായ പകർത്തി. ഒരു പ്ലാസ്റ്റിക് സ്റ്റൂളിലേക്ക് വച്ചു. കട്ടിലിൽ ഇരുന്നു ചായ കയ്യിൽ എടുത്തപ്പോൾ അരികിൽ അവൾ ഉണ്ടായിരുന്നോ..ജിലേബി കൊതിയോടെ വായിലേക്ക് വച്ചിരുന്നോ..എന്നാൽ അയാൾ കാണാതെ ആ മധുരത്തിൽ കുഞ്ഞുറുമ്പുകൾ സ്ഥാനം പിടിച്ചിരുന്നു.

പിന്നീടുള്ള ദിവസങ്ങളിലെല്ലാം അവൾ അരികിൽ ഉള്ള തോന്നലിലാണ് അയാൾ ജീവിച്ചിരുന്നത്..

—————————–

വീട്ടിൽ എത്തിയപ്പോൾ പോക്കറ്റിൽ നിന്നും താക്കോൽ എടുത്തു വാതിൽ തുറന്നു അയാൾ അകത്തു കയറി. അവളുടെയും അയാളുടെയും ശബ്ദം നിറഞ്ഞു നിന്നിരുന്ന ആ മുറിയിൽ തീർത്തും നിശബ്ദത നിറഞ്ഞു നിന്നു. മരണത്തെക്കാൾ ഭീകരമായ ഒറ്റപ്പെടലിന്റെ നിശബ്ദത..മുഷിഞ്ഞ വസ്ത്രം കഴുകി കുളിച്ചു വന്നു ഭക്ഷണം ചൂടാക്കി കഴിക്കുവാൻ എടുത്തപ്പോൾ അവൾ അരികിൽ ഉള്ളത് പോലെ അയാൾക്ക് തോന്നി. കുഞ്ഞു കുഞ്ഞു കാര്യങ്ങൾ പറഞ്ഞു അവൾ പൊട്ടിച്ചിരിക്കുന്നതായി അയാൾക്ക് തോന്നി.

ലൈറ്റ് ഓഫ് ചെയ്തു കിടന്നപ്പോൾ അരികിൽ അവളുടെ തലയിൽ തേക്കുന്ന മൈലാഞ്ചിയുടെ ഗന്ധം അയാൾക്ക് കൂട്ടായി എത്തി. കണ്ണുകൾ അടഞ്ഞപ്പോൾ സ്വപ്നത്തിലും അവൾ വന്നു. അയാളെ തനിച്ചു വിടാത്ത വിധം.

ഒരു മനസ്സായി ജീവിച്ചവരിൽ നിന്നും അവളെ വിധി പറിച്ചെറിഞ്ഞപ്പോഴും അയാളെ പിരിയുവാൻ അവൾക്കൊ, അവളില്ലാതെ അയാൾക്കോ ആവില്ലെന്ന് അവരെക്കാൾ മറ്റാർക്കും അറിയില്ലലോ. ഒരിക്കൽ അയാൾ അവൾക്കൊപ്പം എത്തുന്നത് വരേയ്ക്കും അയാളുടെ ഓരോ ചുവടിലും കൂട്ടായി അവൾ കൂടെ നിന്നു. അയാൾക്ക്‌ മാത്രം തിരിച്ചറിയാവുന്നൊരു അദൃശ്യ രൂപമായി.

Sruthy Mohan