പ്രിയതേ… ഭാഗം 02, എഴുത്ത്: ലില്ലി

ഭാഗം 01 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

“”എനിക്കറിയാമായിരുന്നു താൻ വരുമെന്ന്… ഒരു കിളുന്ത് പെണ്ണ് വിചാരിച്ചാൽ ഒന്നും നിന്റെ ഭ്രാന്തിനെ തളയ്ക്കാൻ കഴിയില്ല എന്നുറപ്പല്ലേ…””

അവൾ ചിരിച്ചു… പക്ഷേ എന്തിനെന്നറിയാതെ ധരന്റെ മനസ്സിൽ ഒരു വീർപ്പുമുട്ടൽ…

ഷർട്ടിന്റെ ആദ്യ ബട്ടണുകൾ വശ്യമായ ചിരിയോടെ അഴിച്ചെടുത്ത് രോമാവൃതമായ നെഞ്ചിലവൾ ചുംബിച്ചു…ചുണ്ടുകൾ കഴുത്തിലൂടെ ഇഴഞ്ഞു അവന്റെ അധരങ്ങളിൽ എത്തിയിട്ടും ചലനമില്ലാതെ, തന്നെ പുണരാതെ നിൽക്കുന്ന ധരന്റെ കൈകൾ…അവൾ ആശങ്കയോടെ അടർന്നുമാറി…. അയാൾ കണ്ണുകൾ ഇറുക്കെ അടച്ചു നിൽക്കുന്നു….

കവിളിൽ നാണപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന, ചുണ്ടിൽ എപ്പോഴും ചിരിയുള്ള ആ കൊച്ചു പെണ്ണിന്റെ മുഖം കണ്മുന്നിൽ തെളിഞ്ഞു വരുന്നു… അവളുടെ കൊഞ്ചലും..വളകിലുക്കവും…ചന്ദനത്തിന്റെ മണവും…

വിഷ ഞണ്ടിനെ പോൽ തന്നിലിഴയുന്ന അഞ്ജലിയുടെ കൈകൾ ഭ്രാന്തമായി കുടഞ്ഞെറിഞ്ഞു ധരൻ അലറി…അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ചു…ശ്വാസം മുട്ടി തുറിക്കുന്ന കണ്ണുകളിലേക്ക് നോക്കി അവൻ മുരണ്ടു…

“”ധരനെ തേടി നീയിനി വന്നാൽ… കൊന്ന് തള്ളും.. കേട്ടോടി കൂ****…. “”

വാതിൽ വലിച്ചടച്ചു പുറത്തേക്ക് കുതിയ്ക്കുന്ന അവന്റെ ശരീരം എന്തിനെന്നില്ലാതെ വിറയ്ക്കുന്നു…

ഡ്രൈവിംഗ് സീറ്റിലേക്ക് കണ്ണടച്ച് കിടന്നു… ആരോടെല്ലാമോ അമർഷം തോന്നുന്നു… എന്താ താൻ ഇങ്ങനെയായിപ്പോയത്… എനിക്കെന്താ സ്നേഹിക്കാനാറിയാത്തത്… വേണ്ടാ പുതിയതായൊന്നും വേണ്ടയീ ധരന്റെ ജീവിതത്തിൽ ഇനി… ചിന്തകളുടെ ഉൾക്കാട്ടിനുള്ളിൽ വഴിതേടി അലയുന്ന മനസ്സുമായി ധരൻ കണ്ണുകളടച്ചു…

ദിവസങ്ങൾ പിന്നെയും പൊഴിഞ്ഞു പോകുന്നു…

മൂന്ന് മാസങ്ങളും പിന്നിട്ടു….

വൃന്ദ കാത്തിരിപ്പിലായിരുന്നു….ഒന്നല്ല രണ്ടുപേരാണ് തനിക്കൊപ്പം കൂട്ടിന്…ഇടയ്ക്കൊക്കെ ധരന്റെ ഫോണിലേക്കവൾ വിളിക്കും…മറുപടി നൽകാതെ കട്ട് ആക്കുകയാണ് പതിവ്… തിരക്കിനിടയിൽ നമ്പർ നോക്കാതെ കാൾ എടുത്താൽ “ഹലോ” എന്ന് മാത്രം മുഴങ്ങി കേൾക്കും… അവഗണ ഇത്രമേൽ നോവിക്കുന്നത് എന്തിനാകും…

“”അച്ഛൻ വരുമ്പോൾ അമ്മേ വിഷമിപ്പിച്ചതിനു എന്റെ കുട്ടന്മാര് പകരം ചോദിച്ചോളും…. അല്ലേ താരമ്മേ..”” കുസൃതി ചിരിയോടെ പറയുമ്പോൾ ആ കണ്ണുകൾ ഈറനാകും…

പിന്നീട് ധരൻ വീട്ടിലേക്ക് വരികയോ വിളിക്കുകയോ ചെയ്തില്ല… താരമ്മയും വാശിയോടെ അവനിൽ നിന്നും അകന്നു നിന്നു…

പക്ഷേ വൃന്ദയുടെ ചുണ്ടിലെ ചിരി മാഞ്ഞില്ല… കാത്ത് കാത്തിരുന്നു…ഈ വെറുപ്പിന്റെ അവസാന അറ്റത്ത് എവിടെയെങ്കിലും ധരന്റെ ഹൃദയത്തിൽ ഒരിടം കാണുമെന്ന പ്രതീക്ഷയോടെ…

മുറ്റത്തെ കണിക്കൊന്നയും പൂത്തു…തൊടിയിലെ വള്ളിക്കുടിലിൽ കൂടു കൂട്ടിയ കുരുവിയും മുട്ടയിട്ട് അടയിരിക്കുന്നുണ്ടായിരുന്നു… അവൾക്ക് തുണയായി സായാഹ്നങ്ങളിൽ തീറ്റത്തേടിപ്പോയ ആൺകുരുവി വരുമായിരുന്നു…

ആറ് മാസങ്ങൾ അതിവേഗം കടന്നുപോയ പോലെ… വീർത്തുന്തിയ വയറിൽ കൈചേർത്തു നീര് മൂടിയ കാൽ വലിച്ചവൾ മുറ്റത്തുകൂടി നടന്നു… ഇടയ്ക്കിടെ വഴിയോരം കേൾക്കുന്ന വാഹനത്തിന്റെ ഇരമ്പലുകൾ പ്രതീക്ഷകളുടെ ആക്കം കൂട്ടുമായിരുന്നു…

ധരൻ കാളുകൾ ഒന്നും സ്വീകരിക്കാതെ ആരോടോ ഉള്ള ശത്രുത പോലെ മറഞ്ഞു നിൽക്കുന്നു… വെന്തു നീറുന്നൊരു ഹൃദയവുമായി വൃന്ദയ്ക്കൊപ്പം താരമ്മയും ഉണ്ടായിരുന്നു…

രണ്ട് പേരായത്തിനാൽ വൃന്ദയും ആകെ ആവശയായിരുന്നു… ഇടയ്ക്കിടെ വയറിനുള്ളിൽ കുസൃതിക്കാട്ടുന്ന കുഞ്ഞികുരുന്നുകൾ അവരുടെ അച്ഛന്റെ ചുംബനത്തിനും തലോടലിനുമായി വാശി കാണിക്കുകയാണെന്ന് വേദനയോടെ ഓർക്കുമവൾ….

ബിസിനെസ്സ് തിരക്കുകൾ… വിദേശയാത്രകൾ… ധരൻ തിരക്കുകളിലേക്ക് സ്വയം ഊളിയിട്ടു… പക്ഷേ പിന്നീടൊരിക്കലും അന്യയായൊരു സ്ത്രീയുടെ ചൂടേൽക്കാൻ അവന് ആശ വന്നില്ല എന്നത് അതിശയമായി…

ഓർമ്മകളിൽ അധികവും വൃന്ദ എന്ന പെൺകുട്ടിയാണ്…അവളുടെ കിലുങ്ങുന്ന ചിരിയും കുസൃതിയും… കണ്ണുകൾ ഇറുക്കെ അടച്ചു വാശിയോടെ മായ്ച്ചു കളയാൻ ശ്രമിച്ചു…

എട്ട് മാസങ്ങൾ…നീര് വന്നു വീർത്ത കാൽ വിരലുകളിലേക്ക് നോക്കിയിരുന്നു…ഞൊട്ട പൊട്ടിക്കാൻ ഒരു മോഹം പോലെ… അതെങ്ങനെ പൊന്നുമക്കൾ അമ്മേടെ വയറിൽ സ്ഥാനം പിടിച്ചേക്കുവല്ലേ…

സംസാരം മുഴുവൻ മക്കളോടാണ്… അച്ഛനോടുള്ള പരിഭവങ്ങൾ…പരാതികൾ…അച്ഛനെപോലെ എന്റെ മക്കളും ഈ അമ്മയെ വെറുക്കുവോ…എന്ന് ചിരിയോടെ ചോദിക്കുമായിരുന്നു…

അവസാനമായി ധരന്റെ നമ്പറിലേക്ക് ഒരിക്കൽ കൂടി അവൾ വിളിക്കാനൊരുങ്ങി…

ഗാഭീര്യം നിറഞ്ഞ ശബ്ദം അവളുടെ കാതുക്കളെ താണ്ടി പുക്കിൾക്കൊടി ചുറ്റി ഉറങ്ങുന്ന കുരുന്നുകളുടെ കർണ്ണങ്ങളെ തലോടിയപോലെ അവർ ഒന്നനങ്ങി…

കണ്ണുകൾ നിറയുന്നു…മറുതലയ്ക്കൽ കേൾക്കുന്ന നിശ്വാസം ഇത്രമേൽ സന്തോഷം തരുന്നതെങ്ങനെ…

“” വരില്ലേ ഇങ്ങോട്ട്… നമ്മുടെ മക്കളെ കാണണ്ടേ… രണ്ട് പേരാ, അച്ഛനെ പോലെ കുറുമ്പന്മാരാണെന്ന് തോന്നുവാ… ഇപ്പൊ എട്ട് മാസമായി…

ഇഷ്ടമല്ലെന്ന് അറിയാം… എന്നാലും അവരിങ്ങു വരുമ്പോൾ എനിക്ക് പോകേണ്ടി വന്നാൽ…അതും അവസാനമായി നിങ്ങളെ കാണാതെ…. “”

ഗദ്ഗദങ്ങൾ അവളുടെ വാക്കുകളെ വിഴുങ്ങി…ഇരുവശത്തും കോളുകൾ വിശ്ചേതിക്കപ്പെട്ടു…

അടുത്ത പ്രഭാതം പൊട്ടിവീണപ്പോൾ മുറ്റത്തേക്ക് പാഞ്ഞിരച്ചു വന്ന കാറിന്റെ ഇരമ്പൽ കേൾക്കെ വീർത്ത വയറിൽ കൈകൾ താങ്ങിയവൾ പൂമുഖത്തേക്ക് മെല്ലെ നടന്നു…

പതിവില്ലാതെ വേഗത്തിൽ മിടിക്കുന്ന ഹൃദയം… ഉമ്മറത്തെ തേക്കിൻത്തടിത്തൂണിൽ കൈകൾ താങ്ങി നിന്നു…

വൃന്ദതയുടെ കാത്തിരിപ്പിന് വിരാമിട്ട പ്രഭാതമായിരുന്നു അത്‌…

എന്താണയാളെ പിടിമുറുക്കുന്ന വികാരം…തന്റെ ചോരയെ ചുമക്കുന്നവളോടുള്ള സ്നേഹമോ വാത്സല്യമോ…അത്രമേൽ വെറുപ്പോടെ അവഗണിച്ച് വാക്കുകളാൽ മുറിപ്പെടുത്തിയവളോടുള്ള കുറ്റബോധമോ…അതോ ഉള്ളിന്റെ ഉള്ളിൽ അറിയാതെ കട്ടപ്പിടിച്ചു കിടന്ന പ്രണയമെന്ന വികാരമോ…

തിരിച്ചറിയാനാകാതെ പകച്ചു നിൽക്കുന്നു…വേണ്ട…കാലം ചൊല്ലട്ടെ ആ കാവ്യനീതി…

ധരൻ അവളുടെ ഒരു നിശ്വാസത്തിനകലെ ചേർന്നു നിന്നു…എത്ര വേഗമാ ആ പതിനെട്ടുകാരി ഒരമ്മയാകാൻ തയ്യാറെടുക്കുന്നത്…അവളുടെ ഇരുകവിളുകളും ധരൻ തന്റെ കൈക്കുമ്പിളിലെടുത്തു…

അയാളുടെ കണ്ണുകളിലെ നീർത്തിളക്കത്തിലേക്ക് വൃന്ദയുടെ കണ്ണുകൾ പരതി…അവളുടെ കണ്ണുകളെ ചുംബിച്ചു… പിന്നെ കവിളുകളെയും… നെറുകയിൽ തലോടി അവളുടെ മുഖം നെഞ്ചിലേക്ക് ചേർത്തു വച്ചു…നെഞ്ചകം അവളുടെ കണ്ണീരാൽ നനയുന്നു…

തന്റെ മക്കളോടുള്ള സ്നേഹമാകാം അയാൾ പ്രകടിപ്പിക്കുന്നതെങ്കിലും വെറുതെയൊന്ന് മോഹിച്ചു… ഇത്രമേൽ കരുതലോടെ ചേർത്തുപിടിച്ചിട്ടില്ലല്ലോ ഒരിക്കലും… പാഴ്മോഹങ്ങൾ വലിച്ചെറിഞ്ഞു അയാളുടെ സന്തോഷം കണ്ട് നിന്നു…

“”സുഖമാണോ എന്റെ മക്കൾക്ക്…”” മറുപടി മൂളലിലൊതുക്കി… അവരുടെ അമ്മയുടെ സുഖദുഃഖങ്ങളെ ചൊല്ലി അയാൾക്ക് വ്യാകുലതയില്ലായിരിക്കും…

“”നിനക്കോ…. “”

മുടിയിഴകളിൽ തലോടുന്ന വിരലുകൾ… നെഞ്ചിൽ നിന്നുമവളെ ഈ നിമിഷവും അടർത്തി മാറ്റിയിട്ടില്ല എന്നുള്ളതും മറ്റൊരത്ഭുതം…

മറുപടിയായി അയാളുടെ വലം കൈ വയറിലേക്ക് ചേർത്തു വച്ചു… ആളുടെ കണ്ണിൽ കൗതുകവും സംതൃപ്തിയും ഒരച്ഛന്റെ കരുതലും… ഉണ്ണികൾ ഒന്ന് ചലിച്ചു, അച്ഛന്റെ സ്പർശനം അറിഞ്ഞ പോലെ…

ഇറായത്തിന്റെ ഭിത്തിയിൽ മറഞ്ഞു ചാരി നിന്ന് സന്തോഷത്തോടെ എല്ലാം കണ്ട് താരമ്മ കണ്ണീരൊപ്പി…പക്ഷേ പിന്നീട് ഒരിക്കൽ പോലും ധരന് മുഖം കൊടുക്കുവാനോ സംസാരിക്കാനോ തയ്യാറാക്കാതെ അവർ വാശിയോടെ ഒഴിഞ്ഞുമാറി…ഒരിക്കലുമില്ലാത്ത ഒരു വേദന അയാളെ മൂടുന്നപോലെ…

കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും ആട്ടുതൊട്ടിലുകളും മുറിയിൽ സ്ഥാനം പിടിച്ചു…

ഒരു വാക്ക് പോലും മിണ്ടാതെ ധരൻ എപ്പോളും കൂടെയുണ്ടാകും… ഏഴു മാസങ്ങളിൽ നൽകാൻ കഴിയാത്ത സ്നേഹവും പരിചരണവും കരുതലും ഒരൊറ്റ മാസം കൊണ്ട് നൽകാൻ തയ്യാറായി നിൽക്കുന്നവനിലെ മാറ്റം അതിവേഗം ഉൾക്കൊള്ളാനായില്ല…

പക്ഷേ ആത്മാർത്ഥമായിരുന്നു അതെല്ലാം… ഭർത്താവിൽ നിന്നും അച്ഛനിലേക്കുള്ള ദൂരം താണ്ടുമ്പോൾ പുരുഷന്റെ മനസ്സിലെ സങ്കൽപ്പവിഗ്രഹങ്ങളും വാശികളും ചിന്നി ചിതറുമെന്ന സത്യം ആവർത്തിക്കപ്പെടുന്നു…

മുറ്റത്തുകൂടെ തന്നെ ചേർത്തുപിടിച്ചു നടത്തുമായിരുന്നു… തെറ്റുകളിൽ ശാസിക്കുമായിരുന്നു… വീണുപോകാതെ ചേർത്തു പിടിക്കുമായിരുന്നു…

ഒരിക്കൽ മുല്ലപ്പൂവുകൾ കോർത്തൊരു മാല കെട്ടി ചിരിയോടെ ചൂടി തന്നു മുടിയിഴകളിൽ…

ആദ്യമായിട്ടാണ് ഇത്ര നിറഞ്ഞു ചിരിക്കുന്നത്… നിരതെറ്റിയ പല്ലുകൾ കാട്ടിയുള്ള ചിരിയിൽ എത്ര ഭംഗിയാണ്… എന്റെ കുട്ടികളും അതുപോലെ ചിരിക്കുമായിരിക്കും….

തൊടിയിൽ കുലച്ചു നിന്ന വാഴകുലയുടെ കൂമ്പിനുള്ളിലെ തേൻപൂവുകളിറുത്തു തരുമായിരുന്നു…

മൂവാണ്ടൻ മാവിലെ പഴുത്ത മാമ്പഴം നുറുക്കി വായിലേക്ക് വച്ചു തന്നു ഒരിക്കൽ…അവളുടെ കണ്ണു നിറഞ്ഞപ്പോൾ ആ മുണ്ടിന്റെ തലപ്പുയർത്തി ഒപ്പിയെടുത്തു കണ്ണുചിമ്മികാട്ടി..

ഈ മനുഷ്യനിൽ ഇത്രമേൽ ആർദ്രമായൊരു ഹൃദയമുണ്ടായിരുന്നോ…

പക്ഷേ ഒരിക്കൽ പോലും തുറന്ന് പറഞ്ഞില്ല… നീ എന്റേതാണെന്ന്… നിന്നെ ഞാൻ കൈവിടില്ലെന്ന്… അതിനർത്ഥമെന്താണ്… അയാളുടെ ചോരയെ ചുമക്കുന്നവളോടുള്ള കരുണ… ദയ… ഓർക്കുമ്പോൾ ഇടയ്ക്കൊക്കെ ഹൃദയം പൊട്ടും…

കാരണം അയാളെ പ്രണയിച്ചു പോകുന്നു…മോഹിച്ചു പോകുന്നു… എങ്ങനെ യാചിക്കും ഒരിറ്റ് സ്നേഹത്തിനായി…

ഒരിക്കൽ കുറുമ്പൊടെ അയാളുടെ കരുതലുകൾ ആസ്വദിച്ചു നിന്നപ്പോൾ കുസൃതിചിരിയോടെ പറഞ്ഞു… “എന്റെ മക്കൾക്ക് വേണ്ടിയാണെന്ന് “

അപ്പോൾ വൃന്ദയ്ക്ക് വേണ്ടിയല്ലല്ലോ… തൊണ്ടക്കുഴിയിൽ വന്നടിഞ്ഞൊരു നോവ് തലതല്ലി മരിച്ചു…

ദിവസങ്ങൾ പിന്നിട്ടു… ശാരീരിക ആസ്വസ്ഥതകൾ കൂടിവരുമ്പോൾ ആവലാതിപ്പെടുന്ന ധരനെ കാണുമ്പോൾ ചിലപ്പോൾ ആഗ്രഹിച്ചു പോകും ഒരായുഷ്കാലം ഒന്നിച്ചു ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്….

“”സീ മിസ്റ്റർ ധരൻ… തുടക്കത്തിലേ വൈഫിനോട് പറഞ്ഞതാണ് ഇതൊരു കോപ്ലിക്കേറ്റഡ് കേസ് ആണെന്ന്…അന്ന് അബോർഷന് സമ്മതിക്കാതെ ഇവിടെ വരെ എത്തിച്ചത് വൃന്ദയാണ്…ഷീ ഈസ്‌ വെരി യങ്ങ്… വെറും പതിനെട്ടു വയസ്സ് മാത്രമുള്ളൊരു കുട്ടി…

സോറി ടു സെ…ഒന്നുകിൽ അമ്മ അല്ലെങ്കിൽ കുഞ്ഞുങ്ങൾ… മറ്റൊന്ന് പ്രതീക്ഷിക്കരുത്… അല്ലെങ്കിൽ ഒരു മെഡിക്കൽ മിറാക്കിൽ സംഭവിക്കണം…””

“”നോ……””

ധരന്റെ ശബ്‍ദം ഭീകരതയോടെ മുഴങ്ങി… കണ്ണുകൾ കലങ്ങി…എന്താണ് ഹൃദയമിത്ര വേദനിക്കുന്നത്…

“”എനിക്കെന്റെ വൃന്ദയെ മാത്രം മതി ഡോക്ടർ… “”

വാക്കുകൾ വിറച്ചു… ഡോക്ടറുടെ കൈകൾ കൂട്ടിപ്പിടിച്ചു തന്റെ നെഞ്ചോടു ചേർത്തു… ആ കൈകളിൽ നെറ്റിമുട്ടിച്ചു… കണ്ണുനീർ ഒഴുകിപ്പരന്നു താടി രോമങ്ങൾക്കുള്ളിലായ് ഒളിച്ചു…

ഭ്രാന്തനെപ്പോലെ ചുറ്റുമുള്ളതെല്ലാം വിസ്മരിച്ചവൻ വൃന്ദയ്‌ക്കരികിലേക്ക് പാഞ്ഞു…

ചിരിയോടെ തന്നെയും കാത്തിരിക്കുന്ന അവളുടെ കണ്ണുകളിൽ അലയടിക്കുന്ന വേദനയെ ധരൻ ചൂഴ്ന്നെടുത്തു…

അയാളുടെ കലങ്ങിയ കണ്ണുകളും വിറയ്ക്കുന്ന ശരീരവും സത്യങ്ങൾ തിരിച്ചറിഞ്ഞതിന്റെ ലക്ഷങ്ങളാണെന്നവൾ അറിഞ്ഞു…

“”എന്തായാലും എന്റെ ജോലി ഇന്നത്തോടെ തീരും കേട്ടോ…മക്കളെ പൊന്ന് പോലെ നോക്കിയേക്കണം…പോകുമ്പോൾ ഈ താലിയും ഞാനങ്ങു കൊണ്ടുപോകുവാ, കാരണം എത്ര നോവിച്ചിട്ടും നിങ്ങളെ വെറുക്കാൻ മാത്രം എനിക്ക് പറ്റണില്ല…””

ചിരിയ്ക്ക് മീതെ പെയ്യുന്ന കണ്ണുനീർ…

അവൾക്കരികിലേക്കവൻ ചേർന്നു കിടന്നു… ആ നെറുകിൽ തലോടി… മുഖമാകെ മുത്തങ്ങൾ കൊണ്ട് മൂടി…

“”നീ പോകാൻ ഞാൻ വിട്ടിട്ട് വേണ്ടേ… സ്നേഹിക്കാൻ പഠിപ്പിച്ചിട്ട്, മോഹിപ്പിച്ചിട്ട് എന്റെ ഹൃദയോം കൊണ്ടാ നീ പോകാൻ പോകുന്നെ…””

അവൾ നിറഞ്ഞു ചിരിച്ചു…കേൾക്കാൻ കൊതിച്ചതെന്തോ കേട്ടപോലെ…മെല്ലെ അവൾക്കരികിൽ നിന്നും അടർന്നു മാറി…പോകാനൊരുങ്ങും മുന്നേ നീരുവന്നു വീർത്ത അവളുടെ കാൽപ്പാതങ്ങളിൽ ചുണ്ടമർത്തി…

“”കാത്തിരിക്കും ഞാൻ… എന്റെ മക്കളെയും ഭാര്യയെയും… മടങ്ങി വന്നില്ലെങ്കിൽ ഞാനും അങ്ങ് കൂടെ വരും… കേട്ടോ…””

അവൻ കരഞ്ഞുകൊണ്ട് ചിരിക്കുന്നു…

താരമ്മയ്‌ക്കൊപ്പം ആശുപത്രി വരാന്തയിൽ കാത്തിരുന്നു… വിശ്വാസമുണ്ട് അവൾ തിരികെ വരുമെന്ന്…നെഞ്ചിൽ അടക്കിവച്ച സ്നേഹം ഈ ജന്മം പകർന്നു കൊടുക്കണം… പ്രാണന്റെ പാതിയാക്കണം…വൈകിയുള്ള തിരിച്ചറിവുകൾ… ആത്മാർത്ഥമായ പ്രായശ്ചിത്തങ്ങൾ…

ദീർഘനേരങ്ങൾ ശ്വാസം കിട്ടാതെ പിടയുന്നപോലെ ധരന് തോന്നി…

വെള്ളത്തുണിക്കെട്ടിൽ പൊതിഞ്ഞ രണ്ട് കുഞ്ഞുങ്ങൾ…

“”മോൻകുട്ടൻമാരാ…””

താരമ്മ സന്തോഷത്തോടെ ഒരുവനെ മെല്ലെ കൈകളിലേക്ക് ഏറ്റ് വാങ്ങി…

ചുണ്ട് പിളർത്തി കരയുന്നു വേറൊരുവൻ…

കൈകളിലേറ്റ് വാങ്ങാതെയവൻ വിങ്ങലോടെ നഴ്സിന്റെ മുഖത്തേക്ക് നോക്കി…

“”എന്റെ വൃന്ദ എവിടെ… “”

വരാന്തകളിൽ മുഴങ്ങിക്കേട്ട ശബ്ദം… ഒരുവേള അവരും പേടിച്ചു…ചോരകുഞ്ഞുങ്ങൾ നിർത്താതെ പേടിച്ചു കരയുന്നു…

ദൂരെ നിന്നും സ്‌ട്രെച്ചറിൽ കിടത്തിയ വെള്ളപ്പുതച്ചൊരു രൂപം അവനരികിലേക്ക് വരുന്നതറിഞ്ഞു…

ഭ്രാന്തനെപ്പോലെ കരഞ്ഞുകൊണ്ട് അതിനരികിലേക്ക് ചെന്നു…

കഴുത്തു വരെ വെള്ളപുതപ്പിച്ച വൃന്ദയെ കാൺകെ പൊട്ടിക്കരഞ്ഞു…ഇപ്പോഴുമാചുണ്ടിൽ പുഞ്ചിരിയുണ്ട്…

“”വൃന്ദാ… മോളേ… കണ്ണ് തുറക്ക്… നമ്മടെ മക്കളെ കാണണ്ടേ നിനക്ക്… “” ഭ്രാന്തനെ പോലെ എല്ലാം മറന്നവൻ പുലമ്പി….

“”ഹേയ് റിലാക്സ്സ് ധരൻ… ഷീ ഈസ്‌ പെർഫെക്റ്റ്ലി ഓൾറൈറ്റ്….സെഡേഷന്റെ മയക്കത്തിലാ… ഒരുതരത്തിൽ ദൈവത്തിന്റെ കരങ്ങൾ തൊട്ടു… അമ്മയെയും കുഞ്ഞുങ്ങളെയും… “”

നഗരത്തിലെ പ്രസിദ്ധനായ ഗൈനക്കോളജിസ്റ്റ് തരകൻ സാമൂവൽ …

ഒരുനിമിഷം സന്തോഷത്താൽ ശ്വാസം നിലച്ചപോലെ…

എന്ത് ചെയ്യണമെന്നറിയാതെ സന്തോഷത്താൽ ഡോക്ടറെ ഇറുകെ പുണർന്നു…

“” എന്തൊക്കെയാടോ താൻ കാട്ടി കൂട്ടിയത്…ഭാര്യയോട് അത്രക്കും സ്നേഹമാണോ തനിക്ക്…””

ചിരിയോടെ ധരന്റെ തോളിലൂടെ കയ്യിട്ട് ഡോക്ടർ തിരക്കി…ഒരു മുഖവൃത്തം മാത്രം തുറന്ന ചില്ല് വാതിലിലൂടെ വൃന്ദയുടെ മുഖത്തേക്ക് ചിരിയോടെ നോക്കി നിന്നു…കയ്യിൽ ഒരു കുട്ടിക്കുറുമ്പനും…

“”അവളെ ഞാനിതുവരെ സ്നേഹിച്ചിട്ടില്ല ഡോക്ടർ… പക്ഷേ ഇന്ന് ഈ ഭൂമിയിൽ അവള് കഴിഞ്ഞേ ഉള്ളൂ എനിക്കെന്റെ കുഞ്ഞുങ്ങൾ പോലും…””

കുസൃതിചിരിയോടെ കുരുന്നിന്റെ നെറ്റിയിൽ ഒന്ന് മുത്തി…

എത്രവേഗമാണീ ഋതുക്കൾ പോയ്മറയുന്നത്…

സ്വർണ്ണക്കാട്ടിള കിലുക്കിയ നാല് കാൽപ്പാതങ്ങൾ കുറുമ്പൊടെ മുറ്റത്തെങ്ങും ഓടി നടക്കുന്നു…

അച്ഛനെപ്പോലെയാണവർ…കുസൃതി കുട്ടന്മാർ…അച്ഛന്റെ പ്രാണനാണവർ…താരമ്മയുടെ പൊന്നിൻകുടങ്ങൾ…

അവളെ പൊതിഞ്ഞു പിടിയ്ക്കാതെ അവനുറങ്ങാനാകില്ല… അവന്റെ നെഞ്ചിൽ ചായതെ അവൾക്കും…

മട്ടുപ്പാവിലേക്ക് പടർന്നു പന്തലിച്ച മുല്ലവള്ളികളിലെ പൂക്കളിറുത്ത് അവളുടെ നീണ്ടമുടിയിഴകളിൽ ചൂടിക്കൊടുത്തു…നാണത്താൽ ചിമ്മുന്ന കണ്ണുകളിൽ അലയടിക്കുന്ന പ്രണയസാഗരങ്ങൾ…സദാ പുഞ്ചിരി വിരിഞ്ഞ ചൊടികൾ…

“”ടേ ഇങ്ങനെ ചിരിക്കല്ലെട്ടോ… ഈ ചിരിയിലാ എന്നെ നീ വീഴ്ത്തിയത്..””

കുസൃതി ചിരിയോടെ ധരൻ അവളുടെ നെറ്റിമേൽ ചുണ്ടമർത്തി… അവൾ ആർദ്രയായി…

മുല്ലപ്പൂവുകൾ വിരിയുന്നു… നിശാഗാന്ധിയും പാരിജാതവും പിച്ചകവും സുഗന്ധപൂരിതമാകുന്നു… പ്രണയം പെയ്യുന്നൊരു ഒരുമെയ്യായി നടന്നടുക്കുന്നു….

?ലില്ലി