വളപ്പൊട്ടുകൾ ~ ഭാഗം 01, എഴുത്ത്: ദീപ്‌തി പ്രവീൺ

”അവസാനത്തെ വണ്ടിയും പോയി.. അമ്മ എവിടേയ്ക്ക് പോകാനാണ്‌… ” സിമന്‍റ് ബഞ്ചിന്റെ അരുകിലെ തൂണിലേക്ക് ചാരിയിരുന്നു മയങ്ങിപ്പോയിരുന്നു… റെയില്‍വേ സ്റ്റേഷനിലെ അരണ്ട വെളിച്ചത്തിലൂടെ നീണ്ടു പോകുന്ന പാളത്തിന്റെ അരുകിലായ് ,അകലെ മിന്നിയും മാഞ്ഞും മഞ്ഞ വെളിച്ചത്തെയുഃ പുകപോലെ മഞ്ഞു മൂടിയിരിക്കുന്നു…

മയങ്ങുന്നതിന് മുന്‍പ് ചുറ്റുപാടും നല്ല ശബ്ദമായിരുന്നൂ… യാത്ര പോകാന്‍ തുടങ്ങുന്നവരുടെ തിടുക്കവും യാത്ര കഴിഞ്ഞു ഇറങ്ങിയവരുടെ ആശ്വാസവും കുഞ്ഞുങ്ങളുടെ കലപില ശബ്ദവും ചെറിയ കരച്ചിലുകളും വാശികളും…

” അമ്മേ… എവിടേയ്ക്ക് പോകാനാണ്… ”’

പിന്നെയും ആ ശബ്ദം.

ഒരുപാട് പ്രായമില്ലാത്ത ഒരു ചെറുപ്പക്കാരന്‍ പയ്യന്‍… സ്റ്റേഷന്‍ മാസ്റ്റര്‍ ആണെന്നു തോന്നുന്നു..

”ഇനി എപ്പോഴാ മോനേ ട്രെയിന്‍… ” വേവലാതിയോടെ ചോദിച്ചു..

” ഇനി രാവിലെയേ ഉണ്ടാകു അമ്മേ.. ഇതു ചെറിയ സ്റ്റേഷനല്ലെ… എല്ലാ വണ്ടിയും ഒന്നും നിര്‍ത്തില്ല..

അമ്മ ടിക്കറ്റ് എടുത്തില്ലേ.. .. ആ ട്രെയിന്‍ മിസായി പോയി കാണുമെല്ലോ….”

” മോനെ ഞാന്‍ ആരോരും ഇല്ലാത്തവളാണ്… തീര്‍ത്ഥാടനത്തിന് ഇറങ്ങിയതാണ്… അമ്പലങ്ങള്‍ തോറും പോകണം.. കാശിയില്‍ പോകാനാ ഇത്തവണ ഇറങ്ങിയത്… ടിക്കറ്റ് എടുക്കാന്‍ ചെന്നപ്പോള്‍ അവിടുത്തെ തിരക്ക് കണ്ട് ഇങ്ങോട്ടു വന്നു ഇരുന്നു പോയതാണ്‌.. ക്ഷീണം കാരണം ഉറങ്ങിപ്പോയി… ” അവര്‍ തന്റെ ഭാഗം പറഞ്ഞു തീര്‍ത്തു…

” ഇനി രാവിലെ പോകാന്‍ പറ്റു.. അതുവരെ അവിടെ പോയി വിശ്രമിച്ചോളൂ…..യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലമാണ്……

പേടിക്കേണ്ട അവിടെ ആരും കാണില്ല.. ” ദൂരേയ്ക്ക് ചൂണ്ടി ആ പയ്യന്‍ പറഞ്ഞു…

” മോന്‍റെ പേര് എന്താ.. ”

”വിപിന്‍.. ” ചിരിയോടെ മറുപടി നല്‍കി അയാള്‍ തിരിഞ്ഞു നടന്നു കഴിഞ്ഞിരുന്നു ..

” അമ്മ വല്ലതും കഴിച്ചോ..” കുറച്ചു മുന്നോട്ടു നടന്ന ശേഷം സംശയത്തോടെ അയാള്‍ തിരിഞ്ഞു നിന്നു ..

”കഴിച്ചു…. ” അടുത്തിരുന്ന ചെറിയ ബാഗ് അടക്കിപിടിച്ചു കൊണ്ട് എഴുന്നേറ്റു അയാള്‍ വിരല്‍ ചൂണ്ടി കാട്ടിയ സ്ഥലത്തേക്ക് നടന്നു..

തണുത്ത തറയിലേക്ക് ബാഗ് വെച്ചു കൊണ്ടു ഇരിക്കുമ്പോള്‍ അവിടെ പലതരം ഗന്ധങ്ങള്‍ തനിക്ക് ചുറ്റും കറങ്ങുന്നത് പോലെ തോന്നി… പലതരം പെര്‍ഫ്യൂമുകളുടെ വിയര്‍പ്പിന്റെയും സിഗററ്റിന്റെയും ഗന്ധങ്ങള്‍ മൂക്കിലേക്ക് പടര്‍ന്നു….

” അച്ഛാ എനിക്കു അമ്പലത്തിലെ ഉത്സവത്തിന് ആമിനാടേ അത്തരം അത്തറ് വാങ്ങി തരോ.. ” പിന്നാമ്പുറത്ത് എവിടെയോ ഉയരുന്ന ചോദ്യം..

” അതിനെന്താ… അച്ഛന്റേ ,ലക്ഷ്മി ക്കുട്ടിക്ക് അച്ഛന്‍ എന്തു വേണേലും വാങ്ങി തരുമെല്ലോ.. ” പളുങ്കു പോലത്തെ ചിരിയില്‍ കുപ്പിവളകിലുക്കം വിരുന്നു വന്നു…..

” അതേയ് വിനയന്‍ മാഷേ… നാളെയാ ചെക്കനും കൂട്ടരും വരുമെന്നു പറഞ്ഞിട്ടുണ്ട്.. ”

പുറത്ത് ബ്രോക്കര്‍ കുമാരേട്ടന്‍ അച്ഛനോട് പറയുന്നത് കേട്ടുകൊണ്ടാണ് കണ്ണാടിയിലേക്ക് വീണ്ടും വീണ്ടും നോക്കിയത്…

വിടര്‍ന്ന കണ്ണുകളില്‍ കരിയെഴുതി മിനുക്കി പൊട്ടെടുത്ത് നെറ്റിയിലേക്ക് വെച്ചിട്ടു നോക്കുമ്പോള്‍ ചേച്ചി പിന്നില്‍ നിന്നും എത്തി നോക്കുന്നുണ്ട്..

” ഇന്നല്ല.. നാളെയാ അവര്‍ വരുന്നതെന്നാണ് കുഞ്ഞോളെ അയാള്‍ പറഞ്ഞത്… ” ചേച്ചിയുടെ കളിയാക്കല്‍ കേട്ട് അടുക്കളയിലേക്ക് ഓടി..

ചേച്ചിയും അമ്മയും അച്ഛനും ചേച്ചിയുടെ രണ്ടുമക്കളുമാണ് വീട്ടിലുള്ളത്… ചേച്ചിയുടെ ഭര്‍ത്താവ് മരിച്ച ശേഷമാണ് ചേച്ചി മക്കളെയും കൂട്ടി ഇങ്ങോട്ടു താമസം മാറിയത്…. അച്ഛന്‍ സ്കൂളില്‍ മാഷായിരുന്നു…

അടുക്കളയില്‍ അമ്മ നാളത്തെ പെണ്ണുകാണലിനുള്ള ഒരുക്കത്തില്‍ ആയിരുന്നു ..

” അവിടുന്നു എത്രപേര്‍ വരുമോ ആവോ… ” അമ്മയ്ക്ക് വേവലാതി ഒഴിയില്ല…

” അമ്മയുടെ വെപ്രാളം കണ്ടാല്‍ തോന്നും എന്നെ ആദ്യമായാണ് പെണ്ണു കാണാന്‍ വരുന്നതെന്ന്.. ” കളിയാക്കി കൊണ്ട് ലക്ഷ്മി പറഞ്ഞു… വരുന്നവര്‍ ഏറെയും പെണ്ണിനേക്കാള്‍ പണ്ടത്തിനും പണത്തിനും മുന്‍തൂക്കം കൊടുക്കുന്നത് കൊണ്ട് അവര്‍ പോകുന്ന വഴീ പിന്നെ പുല്ലു പോലും മുളയ്ക്കാറില്ല എന്നതാ സത്യം.. അതും കൂടാതെ അച്ഛന്‍ മാഷായിരുന്നെങ്കിലും വിദ്യാഭ്യാസം പ്രീഡിഗ്രിക്ക് അപ്പുറം പോയതും ഇല്ലെന്നതാ മറ്റൊരു കാരണം…

”അതൊന്നും അല്ല.. ഈ ആലോചന നടക്കും.. ചെറുക്കന്‍ നിന്നെ കണ്ടിട്ടുണ്ട്… അവര്‍ക്കു പണ്ടവും പണവും ഒന്നും വേണ്ടെന്നാ പറഞ്ഞത്… ജാതകവും ചേരും.. പിന്നെന്താ തടസം..

,ചെറുക്കനെ കാണാനും സുന്ദരനാണെന്നാ പറഞ്ഞത്.. ടൗണില്‍ ബിസിനസ് ആണത്രേ..,വീട്ടില്‍ അമ്മയും അനിയനും മാത്രമേയുള്ളു… കുടുംബസ്വത്ത് തന്നെ കുറേയുണ്ടെന്നാണ് കേട്ടിരിക്കുന്നത്.. ” ആവേശത്തോടെ അമ്മ ഓരോന്നു പറയുമ്പോഴും ,ലക്ഷ്മി അത്ഭുതത്തോടെയാണ് കേട്ടിരുന്നത്…

തന്നെ കണ്ടു ഇഷ്ടപെട്ടു വന്ന ആലോചന ആണെന്ന് അവള്‍ അപ്പോഴായിരുന്നു ,അറിയുന്നത്..

” എന്തായാലും കാണാന്‍ വരുമ്പോള്‍ അറിയാലോ.. ”ഉള്ളിലെ ആകാംക്ഷ അടക്കി നിസാര മട്ടില്‍ അവള്‍ പറഞ്ഞു..

” അവര് എത്തി ” ചേച്ചിയുടെ അടക്കി പിടിച്ച സ്വരം ചെവിയരുകില്‍ കേട്ടപ്പോള്‍ ഒരു നിമിഷം ശരീരം ആകെ തണുത്തു മരവിച്ചതു പോലെയായി.. പെണ്ണു കാണാന്‍ വരുന്നത് ആദ്യം അല്ലെങ്കിലും തന്നെ ഇഷ്ടപെട്ടു ഒരാള്‍ വരുന്നത് ആദ്യമായാണ്… അതിന്റെയൊരു ആശങ്കയും ആകാംക്ഷയും ലജ്ജയുമൊക്കെ നന്നായി ഉണ്ടായിരുന്നു …. ‘

” ചെറുക്കന്‍ നല്ല സുന്ദരനാണ് കേട്ടോ..” വാതില്‍ പാളിക്ക് ഇടയിലൂടെ ഊര്‍ന്ന് നോക്കി കൊണ്ട് ചേച്ചി പറഞ്ഞപ്പോള്‍ കണ്ണുകള്‍ അറിയാതെ അങ്ങോട്ടു പോയി… വാതില്‍ ചാരിയിട്ടതിനാല്‍ കാണാന്‍ പറ്റാത്ത നിരാശ ചിരിയില്‍ ഒളിപ്പിച്ചു..

അമ്മ എടുത്തു വെച്ച ചായ കൊണ്ടു കൊടുക്കുമ്പോള്‍ പതിവില്ലാതെ കൈ വിറച്ചു.. അമ്മയോടൊപ്പം ഇരുന്ന അയാളെ പാളിയൊന്നു നോക്കി തിരികെ നടന്നു..

വാതലിന് പിന്നില്‍ മറഞ്ഞു നിന്നു വീണ്ടും ഒന്നു കൂടി നോക്കി.. വെളുത്ത വട്ടമുഖം .. കട്ടിമീശയും നീണ്ട മൂക്കും ചെറിയ കണ്ണുകളും ഉയര്‍ന്ന നെറ്റിയും എല്ലാം കൂടി ചേര്‍ന്ന ഒരു സൗന്ദര്യം…. ചെറിയ ഗൗരവം ഉള്ളതു പോലെ തോന്നി.. ബ്രോക്കര്‍ കുമാരേട്ടന്‍ ചായയും കൂടിച്ചു അടുത്തത് എന്താണെന്ന മട്ടില്‍ ഇരിക്കുന്നുണ്ട്..

” ഞാന്‍ കാണാന്‍ വരേണ്ട കാര്യമേ ഇല്ല.. അവന് ഇഷ്ടമായെന്നു പറഞ്ഞാല്‍ എനിക്കു അതുമതി.. പക്ഷേ ലക്ഷ്മി മോളേ എനിക്കും ഒരുപാട് ഇഷ്ടമായി കേട്ടോ…. ” അവസാനവാക്കുകള്‍ ,അവര്‍ വാതിലിന് നേരേ നോക്കിയാണ് പറഞ്ഞത്..അമ്മയുടെ വാക്കുകളോടൊപ്പം ആ നോട്ടവും എത്തിയപ്പോള്‍ സന്തോഷം അടക്കാന്‍ ആയില്ല.. അയാളുടെ ചുണ്ടിലും ഒരു പുഞ്ചിരി വിടര്‍ന്നു..

” എങ്കില്‍ പിന്നെ നിങ്ങള്‍ നാളും മുഹൂര്‍ത്തവും കുറിച്ചിട്ട് അറിയിച്ചോളൂ.. ” അച്ഛനോട് പറഞ്ഞു യാത്ര ചോദിച്ചിറങ്ങുമ്പോള്‍ ,അവരോടൊപ്പം നോട്ടവും പോകുന്നത് അറിഞ്ഞു..

”ഞാന്‍ പറഞ്ഞില്ലെ ഇത് നടക്കുമെന്നു.. ”ചായ ഗ്ലാസ് എടുക്കുമ്പോള്‍ വിജയിയെ പോലെ അമ്മ പറയുന്നത് കേട്ടപ്പോള്‍ മനസ്സില്‍ ആ മുഖം ഒന്നും കൂടി ഓര്‍ത്തെടുക്കുക ആയിരുന്നു ലക്ഷ്മി …..

” അവര് കണ്ട് പോയതേയുള്ളൂ.. അപ്പോഴേക്കും പെണ്ണ് സ്വപ്നം കാണാന്‍ തുടങ്ങിയല്ലോ.. ” ചേച്ചി തോളേല്‍ ചെറിയ അടിക്കുമ്പോഴാണ് ചിന്തയില്‍ നിന്നും ഉണര്‍ന്നത്…..

” മീനാക്ഷി .. നാളെ ചെറുക്കന്‍ കാണാന്‍ വരുന്നുണ്ടെതന്ന് പറഞ്ഞൂട്ടോ.. ” അച്ഛന്‍ മുറ്റത്തു നിന്നു അമ്മയോട് ഉറക്കെ വിളിച്ചു പറഞ്ഞപ്പോള്‍ ഹൃദയം സന്തോഷം കൊണ്ട് തുള്ളിച്ചാടി..

” ഇന്നു വന്നു പോയതല്ലേ.. ഇനി എന്താ ഏട്ടാ നാളെയും വരുന്നത്.. ”

അച്ഛന് മാറിയുടൂക്കാന്‍ തു ണി കൊടുത്തു കൊണ്ട് അമ്മ ചോദിച്ചു…

” ഇന്നു പയ്യന്റെ ,അമ്മയും അനിയനും അല്ലെ വന്നത്.. നാളെ പയ്യന്‍ വരാമെന്നു അറിയിച്ചു.. പയ്യന് ലക്ഷ്മീനെ കണ്ടു പരിചയം ഉണ്ട്.. അവള്‍ക്ക് കണ്ട് ഇഷ്ടപെടണമെല്ലോ എന്നാണ് ചെക്കന്‍ പറയുന്നത്…. അതിനാലാണ് ഒന്നു വന്നു പോകാമെന്നു പറഞ്ഞത്..”

അകത്തു നിന്നു അച്ഛന്റെ ,വാക്കുകള്‍ കേട്ട ലക്ഷ്മി ഞെട്ടിപ്പോയി…

തുടരും….