വളപ്പൊട്ടുകൾ ~ ഭാഗം 03, എഴുത്ത്: ദീപ്‌തി പ്രവീൺ

ഭാഗം 02 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

ഒടുവില്‍ ആ ദിവസമെത്തി….ഹരിയുടെയും ലക്ഷ്മിയുടെയും കല്യാണദിവസം.. നന്നായി ഒരുങ്ങി ലക്ഷ്മി അമ്പലത്തിലേക്ക് പുറപ്പെട്ടു….

കല്യാണം മംഗളമായി നടക്കുമ്പോള്‍ ലക്ഷ്മിയുടെ മനസ്സില്‍ ഹരി മാത്രമായിരുന്നു…….

” കുഞ്ഞോളേ നിന്നോട് ഒന്നും പറയേണ്ട കാര്യമില്ലെന്നു ചേച്ചിക്ക് അറിയാം..എങ്കിലും ഹരി പാവമാണ്… ചേച്ചിയുടെ കാര്യം അറിയാമെല്ലോ … അച്ഛനു പ്രായമായി വരുന്നു… ”

ഹരിയുടെ വീട്ടിലേക്ക് യാത്ര തിരിക്കും മുന്നെ ലക്ഷ്മിയെ കെട്ടിപിടിച്ചു പറയുമ്പോള്‍ ദേവിയുടെ വാക്കുകള്‍ ഇടറി…

”’ എനിക്കു അറിയാം ചേച്ചി… എന്റെ മനസ്സില്‍ ഹരിയേട്ടന്‍ മാത്രമേയുള്ളു … ദേവന്‍ എന്റെ അനിയന്‍ മാത്രമാണ്‌… ” ദേവിയെ ചേര്‍ത്തു നിര്‍ത്തി ഉറച്ച തീരുമാനത്തോടെ ലക്ഷ്മി പറഞ്ഞു.

ഹരിയുടെ അമ്മയ്ക്ക് ലക്ഷ്മി മോള് തന്നെയായിരുന്നു … വിവാഹശേഷം സ്വന്തം വീട്ടിലേക്ക് പോലും ലക്ഷ്മിയെ അയയ്ക്കാന്‍ അവര്‍ മടിച്ചു… ഹരിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല…

” ലക്ഷ്മി നിന്നെ ഒത്തിരി കാലമായി മനസ്സില്‍ സൂക്ഷിച്ചതാണ്…നേരിട്ടു പറയണമെന്നാണ് കരുതിയത്‌.. പക്ഷേ.. നീ നിരസിച്ചാലോന്നു ഭയന്നു…

അതാണ് കല്യാണാലോചനയായി മുന്നോട്ട് നീക്കിയത്… അപ്പോഴും നിനക്ക് ഇഷ്ടമാകൂമോ എന്നൊരു ഭയം ഉണ്ടായിരുന്നു… അതാ ആദ്യം അമ്മയെയും ദേവനെയും അയച്ചത്..

നിങ്ങള്‍ക്ക് സമ്മതക്കുറവ് ഇല്ലെന്നു പറഞ്ഞപ്പോള്‍ നേരിട്ട് കാണാമെന്നുള്ള ധൈര്യം വന്നു…

എങ്കിലും എന്നെ കാണാതെ നീ എങ്ങനെ കല്യാണത്തിന് സമ്മതം മൂളി.. ” ലക്ഷ്മിയോട് ചേര്‍ന്നിരുന്നു ആ കൈകളേ ചേര്‍ത്തു പിടിച്ചു ഹരി ചോദിച്ചപ്പോള്‍ എന്തു മറുപടി പറയുമെന്നു അറിയാതെ ലക്ഷ്മി ഇരുന്നു…

” .അത്.. അച്ഛന്‍ പറഞ്ഞിരുന്നു നല്ല പയ്യന്‍ ആണെന്നു.. പിന്നെ പിറ്റേന്ന് തന്നെ ഹരിയേട്ടനും വന്നല്ലോ…”

ഇപ്പോള്‍ ഈ മനസ്സില്‍ നിറയെ ഹരിയേട്ടന്‍ മാത്രമാണെന്നു പറയണമെന്ന് അവള്‍ക്ക് തോന്നി… ആ ചിന്ത അവള്‍ ഒന്നു കൂടി ഉറപ്പിച്ചു..

ദേവന്‍ പലപ്പോഴും ലക്ഷ്മിയോട് ഗൗരവം ഭാവിച്ചു…

അങ്ങോട്ടു എന്തെങ്കിലും ചോദിച്ചാല്‍ മാത്രം മറുപടി പറയുന്നതായിരുന്നു ദേവന്റെ ശീലം….ഹരിയോടും അമ്മയോടും നന്നായി തന്നെ ഇടപെട്ടിരുന്നത് കാണുമ്പോള്‍ ലക്ഷ്മിക്ക് ചെറിയ വിഷമവും തോന്നിയിരുന്നു …

ലക്ഷ്മിയുടെ ആദ്യപ്രസവത്തിനും വീട്ടില്‍ പോകാന്‍ ഹരിയും അമ്മയും അനുവദിച്ചില്ല….

”’ ലക്ഷ്മിയെ അങ്ങോട്ടേക്ക് അയച്ചാല്‍ ഇവിടെ ഒച്ചയും അനക്കവും ഒന്നും ഇല്ലാതെയാകും.. അവള്‍ ഇവിടെയില്ലാതെ പറ്റില്ല.. ” പ്രസവത്തിന് വിളിക്കുന്നതിനെ പറ്റി ചോദിക്കാനെത്തിയ അച്ഛനോടും അമ്മയോടും ഹരിയേട്ടന്റെ അമ്മ പറയുന്നതു കേട്ടപ്പോള്‍ ലക്ഷ്മിയുടെ കണ്ണുകള്‍ നിറഞ്ഞു… ലക്ഷ്മി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി…ജീവിതം നല്ല രീതിയില്‍ മുന്നോട്ട് പോയികൊണ്ടിരുന്നു… ലോകത്തിലേക്കും ഏറ്റവും ഭാഗ്യവതി താനാണെന്നു ലക്ഷ്മിക്കു തോന്നി…ആയിടയ്ക്ക് ആണ് അച്ഛന്‍ മരിക്കുന്നത്… അച്ഛന്റെ മരണത്തെ തുടര്‍ന്നു ഹരി ലക്ഷ്മിയെ വീട്ടിലേക്ക് അയച്ചു….

” ലക്ഷ്മി വേഗം ഇറങ്ങിക്കേ.. എത്രദിവസമായി വന്നിട്ടു.. ” ഹരിയേട്ടന്റെ അമ്മ യാണ് കൂട്ടി കൊണ്ടു പോകാന്‍ വന്നത്….

” എന്തു പറ്റി അമ്മേ…ഹരിയേട്ടന്‍ എവിടെ.. ” തിടുക്കത്തില്‍ ഒരുങ്ങുമ്പോഴാണ് ചോദിച്ചത്..

” അവന്‍ അവിടെയുണ്ട്.. നീ വേഗം വാ..,” അമ്മ ധൃതി പിടിച്ചു…..

” നീ എന്താ ലക്ഷ്മി പിച്ചും പേയും പറയുന്നത്… ” അമ്മ തട്ടിവിളിച്ചപ്പോഴാണ് ഉറക്കം ഉണര്‍ന്നത്‌..

” അമ്മേ… അത്… ഹരിയേട്ടന്റെ അമ്മയെ സ്വപ്നം കണ്ടു… അതാണ്.. ”കിടക്കയില്‍ നിന്നും എഴുന്നേറ്റു ലക്ഷ്മി മുഖം അമര്‍ത്തി തുടച്ചു….

” അമ്മേ.. ഇവള്‍ക്ക് അവരെയൊക്കെ മതീ കേട്ടോ.. നമ്മളെയൊക്കെ മറന്ന മട്ടാണ്… ” ദേവി കളിയായീ പറഞ്ഞു…

അപ്പോഴാണ് ഹരി വന്നത്…

” ആഹാ.. ഹരി എത്തിയോ.. ഇവള്‍ ദേ… അമ്മയെ സ്വപ്നം കണ്ടു ഉണര്‍ന്നതേയുള്ളു.. ” മീനാക്ഷി മരുമകനെ അകത്തേക്ക് ക്ഷണിച്ചു..

” ലക്ഷ്മി ..നീ വേഗം റെഡിയായി വന്നേ…. ” ഹരിയുടെ മുഖം മങ്ങിയിരുന്നു..

” എന്തുപറ്റി മോനേ.. ”

” അത്.. അമ്മ…”

ഹരിയുടെ ശബ്ദം കരച്ചിലിലേക്ക് മാറി..

” ഹരിയേട്ടാ…എന്താ വൈകിയത്‌.. ”

ഒരു നോട്ടം മാത്രം ആയിരുന്നു മറുപടി … അമ്മയുടെ മരണശേഷം ഹരിയേട്ടന്‍ ആകെ മാറി… മദ്യപിക്കുന്നത് പതിവായി… സംസാരം കുറഞ്ഞു… പഴയ ഉത്സാഹമൊക്കെ പോയി… ലക്ഷ്മി ഓര്‍ത്തു…

” നമുക്കു ഒരു ഹോസ്പിറ്റലില്‍ പോയാലോ..” ചോറ് കഴിക്കുമ്പോഴാണ് വിഷയം അവതരിപ്പിച്ചത്‌.

” എന്തിന്.. ” ഹരിയുടെ സ്വരം കനത്തു…

” അല്ല.. മനസ്സിന് എന്തെങ്കിലും വിഷമം ഉണ്ടെങ്കില്‍ അതൊക്കെ മാറാന്‍ വേണ്ടി…. ”’

”നിനക്കു ഇപ്പോള്‍ എന്നെ ഭ്രാന്തനാക്കണം അല്ലേ.. ” ലക്ഷ്മിയെ പറഞ്ഞു മുഴുവന്‍ ആക്കാന്‍ ഹരി സമ്മതിച്ചില്ല…

ചോറ് തട്ടിമാറ്റി പോകുന്ന ഹരിയെ തടയാന്‍ കഴിയാതെ ലക്ഷ്മി ഇരുന്നു…

അമ്മയുടെ മരണത്തോടെ തീര്‍ത്തും ഒറ്റപെട്ട ദേവനോട് ലക്ഷ്മി അങ്ങോട്ടു കയറി മിണ്ടാന്‍ കഴിയുന്നത്ര ശ്രമിച്ചു.. ഹരിയും മറ്റൊരു തരത്തിലേക്ക് മാറിയപ്പോള്‍ വീട്ടിലെ കാര്യങ്ങള്‍ ദേവന്‍ ഏറ്റെടുത്തു തുടങ്ങിയിരുന്നു …

ഹരിയുടെ സ്വഭാവം ഓരോ ദിവസം ചെല്ലും തോറും വഷളായി കൊണ്ടിരുന്നു…. തടയുവാനും തിരുത്തുവാനും ലക്ഷ്മി കഴിയുന്നതു പോലെ ശ്രമിച്ചു കൊണ്ടിരുന്നു .. മോനോട് മാത്രം സംസാരിക്കുന്നത് ഹരിയും പതിവാക്കി….

പതിയെ പതിയെ ലക്ഷ്മിയും തന്നിലേക്ക് തന്നെ ഒതുങ്ങി.. ഒരു കൂരയുടെ കീഴില്‍ അപരിചിതരായി…

” ലക്ഷ്മി എനിക്കു കുറച്ചു സംസാരിക്കാനുണ്ട്. ”

പതിവില്ലാതെ ഹരിയെ കണ്ടു ലക്ഷ്മി ഞെട്ടി… അതോടൊപ്പം എന്തായിരിക്കും പറയാന്‍ പോകുന്നതെന്ന ആശങ്കയും പൊതിഞ്ഞു..

”പറയ് ഹരിയേട്ടാ… ” മുഖത്തെ ആശങ്കയെ മറച്ചു കൊണ്ട് ചിരിയോടെ തിരക്കി…

ഹരി മുറിയിലേക്ക് നടക്കുന്നത് കണ്ട് ലക്ഷ്മിയും പിന്നാലെ ചെന്നു..

” ലക്ഷ്മി അമ്മയുടെ മരണത്തോടെ ബിസിനസ് ആകെ തകര്‍ന്നു…

അതില്‍ നിന്നും കര കയറാന്‍ ഞാന്‍ കുറേ ശ്രമിച്ചു… ഒന്നിനും കഴിയാതെ വന്നപ്പോള്‍ മദ്യപിച്ചു… ” തറയിലേക്ക് നോക്കിയാണ് സംസാരിച്ചത്‌്.

ബിസിനസില്‍ എന്തോ പ്രശ്നങ്ങള്‍ ഉണ്ടെന്നു ദേവന്റെ സംസാരത്തില്‍ നിന്നും തോന്നിയിരുന്നെങ്കിലും ലക്ഷ്മി അറിഞ്ഞതായി ഭാവിച്ചില്ല…

” ഇപ്പോള്‍ എല്ലാം എന്റെ കൈ വിട്ടു പോകുന്ന മട്ടാണ്… ഇത്രയും നാളത്തെ എന്റെ അധ്വാനം… അത് പോയാല്‍ ഞാന്‍ മരിച്ചാല്‍ മതി… അങ്ങനെ തോറ്റു കൊടുക്കാന്‍ ഞാന്‍ തയാറല്ല.. ”

ഹരിയുടെ വാക്കുകള്‍ ഓരോന്നും ലക്ഷ്മിയെ ആശങ്കയുടെ മുള്‍മുനയില്‍ എത്തിച്ചു..

ഇതൊക്കെ തന്നോട് പറയുന്നത് എന്തിന് ആയിരിക്കും.. വീട്ടില്‍ പോയി പണം വാങ്ങാനാണോ…. അച്ഛന്റെ മരണത്തോടെ അവരുടെ കാര്യം കുറേ കൂടി കഷ്ടത്തിലാണ്.. ചേച്ചി ജോലിക്ക് പോകുന്നതും അമ്മയുടെ പെന്‍ഷനും ആണ് ആകെ വരുമാനം … അവരോട് ചോദിക്കുന്നത് എങ്ങനെയാണ്….

” നീ മനസ്സു വെച്ചാല്‍ എല്ലാം ശരിയാകും ലക്ഷ്മി .. ” ഹരിയുടെ ശബ്ദം താഴ്ന്നിരുന്നു…..

” ഞാനോ… ഞാനെന്തു ചെയ്യാന്‍ ഹരിയേട്ടാ ..”.

ലക്ഷ്മി ഹരിയുടെ കൈയ്യില്‍ പിടിച്ചു..

ഹരി ആ കൈകളെ പതിയെ പിടിച്ചു മാറ്റി….

” അത്… നീ…

നീ ദേവനെ വിവാഹം കഴിക്കണം.. ”

തന്റെ മുഖത്ത് നോക്കാതെ ഹരി പറയുന്നത് കേട്ട് ലക്ഷ്മി നടുങ്ങി…

”’ എന്താ ഹരിയേട്ടന്‍ പറഞ്ഞത്..” ലക്ഷ്മി ശബ്ദമുയര്‍ത്തി..

ഹരി മുഖം ഉയര്‍ത്താന്‍ തയാറായില്ല…

കേട്ടത് വിശ്വസിക്കാന്‍ കഴിയാതെ ലക്ഷ്മി ചുറ്റുപാടും നോക്കി…താന്‍ സ്വപ്നം കാണുകയാണോ…..

”ഹരിയേട്ടാ .. ” ഹരി തോളേല്‍ പിടിച്ചു ലക്ഷ്മി ശക്തമായി ഉലച്ചു…

” ലക്ഷ്മി .. വസ്തു കുറച്ചു വിറ്റു പണം ആയാലെ ബിസിനസ് നിലനിര്‍ത്താന്‍ കഴിയൂ… സ്വത്തുക്കള്‍ എനിക്കും അവനും ഒരുപോലെയാണ് അവകാശം. … അപ്പോള്‍ …..”

ഹരി പറയുന്നതൊക്കെ ദൂരെ എവിടെനിന്നോ തട്ടിയും തെറിച്ചും വരുന്നതു പോലെ ലക്ഷ്മിക്ക് തോന്നി…

” അവന് ഒരു ജീവിതം ആകുമ്പോള്‍ സ്വത്തുക്കള്‍ ആവശ്യം വരില്ലേ… ഇതിപ്പോള്‍ നീയാണെങ്കില്‍……

കടം വാങ്ങി മറിക്കാന്‍ ശ്രമിച്ചാല്‍ എവിടെയും എത്തില്ല…. അതുകൊണ്ട് ആണ് ഞാന്‍ ഇങ്ങനെ തീരുമാനിച്ചത്…

ലോകത്ത് എവിടെയും നടക്കാത്ത കാര്യമല്ലല്ലോ ഇത്… പിന്നെന്താ……

ഞാന്‍ ദേവനോട് സംസാരിച്ചു…..

അവന് എതിര്‍പ്പില്ല.. ”

ഹരിയുടെ വാക്കുകള്‍ നേര്‍ത്ത് നേര്‍ത്ത് ഇല്ലാതാകുന്നത് ലക്ഷ്മി അറിഞ്ഞു…

ചുറ്റും ഇരുളു പടര്‍ന്നു… ഹരിയുടെ വാക്കുകള്‍ ചുറ്റും അലയടിച്ചു കൊണ്ടേയിരുന്നു…..

ദേവന്‍.. ദേവനെ കല്യാണം കഴിക്കാന്‍…

ഒരിക്കല്‍ ആളുമാറി മനസ്സില്‍ പ്രതിഷ്ഠിച്ചതാണ്… ഒരിക്കല്‍ മാത്രം ഉള്ള കാഴ്ചയില്‍ അത്രത്തോളം സ്വാധീനിച്ചതുമാണ്‌… പക്ഷേ ഹരിയേട്ടനാണ് ചെറുക്കന്‍ എന്നറിഞ്ഞപ്പോള്‍ ,ഹരിയേട്ടനെ അറിഞ്ഞപ്പോള്‍ വേരോടെ പറിച്ചെറിഞ്ഞതാണ്‌… അമ്മ,മരിക്കും വരെ കാട്ടിയ അകല്‍ച്ചയും ഒരു തരത്തില്‍ വേദനയും ദേഷ്യവും വെറുപ്പും തോന്നാന്‍ കാരണമായി…

അമ്മ മരിച്ചപ്പോള്‍ ഒറ്റപെട്ടു പോയെന്ന സഹതാപം കൊണ്ടാണ് ഇങ്ങോട്ടു മിണ്ടിയില്ലെങ്കിലും അങ്ങോട്ടു മിണ്ടാന്‍ പ്രേരണ ആയതു.. അതു കണ്ട് ഹരിയേട്ടന്‍ തെറ്റിദ്ധരിച്ചു തന്നെ പരീക്ഷിക്കാന്‍ പറഞ്ഞതാണോ…… ലക്ഷ്മിക്ക് തല പെരുക്കുന്നതു പോലെ തോന്നി….

തുടരും….