വളപ്പൊട്ടുകൾ ~ ഭാഗം 05, ഭാഗം 06, എഴുത്ത്: ദീപ്‌തി പ്രവീൺ

ഭാഗം 04 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

വളപ്പൊട്ടുകള്‍ -5

ദേവന്‍ എന്നും ലക്ഷ്മിയെ കാണാന്‍ ചെന്നപ്പോള്‍ ചേച്ചി ദേവന്റെ സ്നേഹത്തെ പറ്റി ഒരുപാട് സംസാരിച്ചു..ഹരിയും അവളെ ഇടയ്ക്കിടെ കാണാന്‍ ചെന്നു.. അപ്പോള്‍ ചേച്ചി അവന്റെ നിസ്സഹായാവസ്ഥയെ പറ്റി അവളെ ബോധ്യപെടുത്താന്‍ ശ്രമിച്ചു…

എല്ലാം കേട്ടിട്ട് ലക്ഷ്മി മൗനം പാലിച്ചു…

വര്‍ഷങ്ങള്‍ക്ക് വാശിയോടെ പാഞ്ഞു കൊണ്ടേയിരുന്നു …. ജീവിതത്തിന്റെ കുത്തൊഴുക്കില്‍ ഒഴുകിയൊഴുകി അവരും……

” നീ എന്നെ ഇനി ഒരിക്കലും സ്നേഹിക്കില്ലേ ലക്ഷ്മി… ” നാളുകള്‍ക്ക് ശേഷം ഹരിയുടെ ചോദ്യം കേട്ടപ്പോള്‍ എന്തോ തമാശ കേട്ടതു പോലെ ലക്ഷ്മി ചിരിച്ചു…..

” നീ എന്നെ പരിഹസിക്കുകയാണോ.. ” ഹരിയുടെ സ്വരത്തില്‍ വേദന നിറഞ്ഞു..

ആ വേദന തരിമ്പു പോലും തന്നെ ബാധിക്കുന്നില്ലെന്നു മനസ്സിലായപ്പോള്‍ സ്വയം അത്ഭുതം തോന്നി….

” ഹരിയേട്ടന്റെ ആവശ്യം ബിസിനസ് മെച്ചപെടുക എന്നത് മാത്രമായിരുന്നു … അത് ഇന്നു നല്ല രീതിയില്‍ പോകുന്നുണ്ട് .. അവിടെ എന്റെ സ്നേഹത്തിന് എന്ത് പ്രാധാന്യം..? ” കഠിനമായ സ്വരത്തില്‍ അതു പറയുമ്പോള്‍ അവള്‍ അനുഭവിച്ച വേദനയൊക്കെ അവളുടെ ഉള്ളില്‍ തിളച്ചു മറിഞ്ഞു..

” നിങ്ങള്‍ക്ക് വേണ്ടി കൂടിയല്ലേ ലക്ഷ്മി ഞാന്‍ ആ തീരുമാനം എടുത്തത്‌…” .

” ഞാന്‍ ഹരിയേട്ടനോട് പറഞ്ഞോ എനിക്കു സുഖസൗകര്യങ്ങള്‍ വേണമെന്ന്..വലിയ ബിസിനസ് വേണമെന്ന്.. ഇതുവരെ പൊന്നോ വിലകൂടീയ തുണിത്തരങ്ങളോ എന്തെങ്കിലും ഞാന്‍ ആവശ്യപെട്ടിട്ടുണ്ടോ…. ”

ഹരിക്ക് ഉത്തരം മുട്ടി… ലക്ഷ്മി ഇതുവരെ ഒരു ആഡംബരവും കാട്ടിയിട്ടില്ല… കഴിയുന്നത്ര ലളിതമായേ ജീവിക്കാന്‍ ശ്രമിച്ചിട്ടുള്ളു… തനിക്ക് ആണ് ബിസിനസ് നിലനിര്‍ത്തണമെന്ന വാശി ഉണ്ടായിരുന്നത്…

അവിടെ ആശിച്ചു സ്വന്തമാക്കിയ ഭാര്യയെ മറന്നു , അവളുടെ വിഷമങ്ങള്‍ മറന്നു…

ബിസിനസ് തിരികെ പിടിച്ചപ്പോഴാണ് തന്റെ യഥാര്‍ത്ഥ നഷ്ടം തിരിച്ചറിഞ്ഞത്…

ലക്ഷ്മി ഓരോ തവണയും തന്റെ നേരേ മുഖം തിരിക്കുമ്പോഴും പ്രാണന്‍ പിടയുന്ന വേദനയാണ്…

ദേവന്റെ ഓരോ ചെറിയ കാര്യങ്ങളിലും ശ്രദ്ധിക്കുന്നത് കാണുമ്പോള്‍ ഉള്ളില്‍ ഒരു അസ്വസ്ഥത ആണ്‌…പക്ഷേ മൗനം പാലിക്കാനേ പറ്റു…

തന്റെ മോന്‍ പോലും ദേവന്റെ ,മക്കള്‍ വിളിക്കുന്നത് കേട്ടു വല്യച്ചാന്നു വിളിക്കുമ്പോള്‍ ലക്ഷ്മി ഒരിക്കല്‍ പോലും തിരുത്താത്തത് തന്റെ തെറ്റിന്റെ ശിക്ഷയായി തോന്നിയിട്ടും വല്ലാതെ വേദനിച്ചിട്ടുണ്ട്….

എറിഞ്ഞുടച്ച ജീവിതം കണ്‍മുന്നില്‍ കൊഞ്ഞനം കുത്തുമ്പോഴൊക്കെ എത്രയോ രാത്രികളില്‍ കണ്ണുനീര്‍ പേമാരി പെയ്തിറങ്ങിയിരിക്കുന്നു…

” ഹരിയേട്ടാ ഒരു പെണ്ണിനെ കുറിച്ചും അവളുടെ മനസ്സിനെ പറ്റിയും നിങ്ങള്‍ എന്താണ് ധരിച്ചു വെച്ചിരിക്കുന്നത്.. ” ലക്ഷ്മിയുടെ വാക്കുകളുടെ ചൂട് ഹരിയെ പൊള്ളിച്ചു..

” ഒരു സ്ത്രീ പുരുഷനെ ആത്മാര്‍ത്ഥമായി സ്നേഹിക്കുമ്പോള്‍,,അവന്‍ മാത്രമെ അവളുടെ ഉള്ളില്‍ ഉണ്ടാകാറുള്ളു..

വിവാഹം കഴിഞ്ഞു സ്വന്തം വീട്ടുകാരെ പോലും തള്ളി കളഞ്ഞു ഭര്‍ത്താവിന്റെ കൂടെ നില്‍ക്കുന്ന സ്ത്രീകളെ കണ്ടിട്ടില്ലെ. അവരുടെ ജീവിതവും വിശ്വാസവും ലോകവും അവരിലാണ് കാണുന്നത്… തന്നെ മരണം വരെയും ചേര്‍ത്തു പിടിക്കുമെന്ന അന്ധമായ വിശ്വാസമാണ് ആ ഭാര്യമാര്‍ക്കുള്ളത്…

ഹരിയേട്ടന്‍ തകര്‍ത്തത് എന്റെ ആ വിശ്വാസം ആണ്….നിങ്ങളുടെ ബിസിനസ് തിരികെ പിടിക്കാന്‍ നിങ്ങള്‍ എന്നെ വിറ്റു.. നിങ്ങളുടെ ആ പ്രവൃത്തിക്ക് അതിനേക്കാള്‍ ചേരുന്ന മറ്റൊരു വാക്കില്ല… ”

ലക്ഷ്മി ക്ഷോഭം കൊണ്ട് കിതച്ചു

” ഞാന്‍ മജ്ജയും മാംസവുമുള്ള സ്ത്രീയാണെന്നു നിങ്ങള്‍ മറന്നു..എനിക്കും അഭിമാനം ഉണ്ടെന്ന് ഓര്‍ത്തില്ല….ഒരു സ്ത്രീയ്ക്ക് ഒരു സമയം ആത്മാര്‍ത്ഥത ഒരു പുരുഷനോടെ കാട്ടാനാവൂ എന്നു നിങ്ങള്‍ അറിയാതെ പോയി… നിങ്ങള്‍ അര്‍ഹിക്കാത്ത ആത്മാര്‍ത്ഥത ഞാന്‍ എന്തിന് നിങ്ങള്‍ക്ക് തരണം… ?

നിങ്ങള്‍ ,എനിക്കായ് കണ്ടെത്തി തന്ന ഭര്‍ത്താവില്‍ ഞാന്‍ സന്തോഷം കണ്ടെത്തി… ജീവിതം തുടങ്ങി… നിങ്ങള്‍ എന്നെ പറ്റി എന്തു കരുതി…. ഒരേ സമയം ചേട്ടന്റെയും അനിയന്റെയും കൂടെ ജീവിക്കുന്നവള്‍ ആണെന്നോ.. ?

എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി… നിങ്ങള്‍ കെട്ടിയ താലി അഴിച്ചു വെച്ചപ്പോള്‍ തന്നെ നിങ്ങളെ ഞാന്‍ മനസ്സില്‍ കുഴിച്ചുമൂടി.

നിങ്ങളുടെ മകന്‍ നിങ്ങളെ വല്യച്ചാ എന്നു വിളിക്കുമ്പോള്‍ പോലും തിരുത്തിയില്ല..

കാരണം അങ്ങനെ ഒരു അടയാളം എന്റെ ജീവിതത്തില്‍ അവശേഷിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല…..

നിങ്ങളുടെ ആഗ്രഹം പോലെ ബിസിനസില്‍ നിങ്ങള്‍ മുന്നേറുന്നു… അതില്‍ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കൂ… ”

തന്റെ വാക്കുകള്‍ ഹരിയെ കീറി മുറിക്കുന്നത് ആത്മസംതൃപ്തിയോടെ ലക്ഷ്മി നോക്കി നിന്നു…

” ലക്ഷ്മി നീ എന്നോടു പകരം വീട്ടുകയാണോ….. ”ദയനീയമായിരുന്നു ഹരിയുടെ ചോദ്യം…

” നിങ്ങളോട് പകരം വീട്ടാനും മാത്രം ഞാന്‍ തരം താഴില്ല ഹരിയേട്ടാ … നിങ്ങളോട് ഒരിക്കലും ക്ഷമിക്കാനും കഴിയില്ല.. നിങ്ങളുടെ വിധി നിങ്ങള്‍ ചോദിച്ചു വാങ്ങിയതാണ്‌.. അതില്‍ എനിക്കു ഒരു പങ്കും ഇല്ല…

പിന്നെ നിങ്ങള്‍,,ഇപ്പോള്‍ സ്വതന്ത്രനാണ്… നിങ്ങള്‍ക്ക് മറ്റൊരു ജീവിതം കണ്ടെത്താം.. ഡിവോഴ്സ് പേപ്പറില്‍ ഒപ്പിടാന്‍ കൊണ്ടുവന്നാല്‍ മതി.. പൂര്‍ണ്ണ മനസ്സോടെ ഞാന്‍ ഒപ്പിട്ടു തരും… എന്റെ മനസ്സില്‍ എന്റെ ആദ്യത്തെ ഭര്‍ത്താവ് എന്നേ മരിച്ചതാണ്….. അതുകൊണ്ട് എന്നെ അതൊരിക്കലും ബാധിക്കില്ല…. നിങ്ങള്‍ ചെറുപ്പമാണ് …,ആവശ്യം പോലെ പണവും ഉണ്ട്.. പുതിയ ജീവിതം തുടങ്ങാം… ”

മനസ്സിലെ വേദനയുടെയും അപമാനത്തിന്റെയും കാര്‍മേഘങ്ങള്‍ , വര്‍ഷങ്ങള്‍ക്ക് ശേഷം പെയ്തിറങ്ങിയപ്പോള്‍ ലക്ഷ്മിക്കു ആശ്വാസം തോന്നി… ഇത്രയും നാളും അടക്കി വെച്ചിരുന്നതൊക്കെ മനസ്സില്‍ നിന്നും ഒഴിഞ്ഞു പോയിരിക്കുന്നു…

ലക്ഷ്മിയുടെ ഓരോ വാക്കുകളും കനല് കൂട്ടും പോലെ ഹരിയെ പൊള്ളിച്ചു കൊണ്ടെയിരുന്നു…..

” നീ പറഞ്ഞതൊക്കെ ശരിയാണ് ലക്ഷ്മി …

അച്ഛന്‍ മരിക്കുന്ന സമയത്ത് സമ്പത്തിനേക്കാള്‍ കൂടുതല്‍ കടം ആയിരുന്നു .. അന്നു മുതല്‍ ഒറ്റയ്ക്ക് നിന്നു ഉറക്കം കളഞ്ഞു കഷ്ടപെട്ടു നേടിയെടുത്തതാണ് ഈ ബിസിനസും ആസ്തിയും..

അമ്മയുടെ പെട്ടെന്നുള്ള മരണം എന്നെ ആകെ ഉലച്ചപ്പോള്‍ എന്റെ കാലിടറി എന്നത് സത്യമാണ്…. അപ്പോഴത്തെ മാനസികാവസ്ഥയില്‍ ഞാന്‍ എടുത്ത വളരെ തെറ്റായ ഒരു തീരുമാനം ആയിരുന്നു ഇത്… ഞാന്‍ അത് സമ്മതിക്കുന്നു … പക്ഷേ ഞാന്‍ ഇങ്ങനെ ഒരു കാര്യം പറഞ്ഞപ്പോള്‍ ദേവന്‍ ഒരിക്കലും എതിര്‍ത്തിരുന്നില്ല…. നിനക്കും എന്നെ പിന്‍തിരിപ്പിക്കാമായിരുന്നു.. പകരം നീ എന്നോടു കൂടുതല്‍ അകലം പാലിക്കുകയാണ് ചെയ്തത്… കുറ്റപെടുത്തിയതല്ല.. എന്റെ ഭാഗം പറഞ്ഞു എന്നു മാത്രം.. എന്റെ തെറ്റിനെ ഒരിക്കലും നിങ്ങളുടെ മേല്‍ പഴി ചാരിയിട്ടു കാര്യമില്ല… അതെനിക്കും അറിയാം..

ആ സമയത്ത് ബിസിനസ് എങ്ങനെയും തിരിച്ചു പിടിക്കണം എന്നു മാത്രമാണ് ചിന്തിച്ചത്….

അതാണ് എന്റെ ജീവിതം മാറ്റി മറിച്ചത്…. നീ എന്നെ മനപൂര്‍വ്വം അവഗണിക്കുമ്പോഴും എന്റെ മകന്‍ എന്നെ വല്യച്ചാ എന്നു വിളിക്കുമ്പോഴും ഞാന്‍ മൗനം പാലിക്കുന്നത് എന്റെ തെറ്റിന്റെ ഫലമാണെന്നു ഉറപ്പ് ഉള്ളതു കൊണ്ടാണ്…..

നിന്നെ നഷ്ടപെടുത്തിയപ്പോഴാണ് ഞാന്‍ എല്ലാം നഷ്ടപെട്ടവന്‍ ആയത്… ആ തീരുമാനം എടുക്കുമ്പോഴും നിങ്ങളെ നല്ല രീതിയില്‍ നോക്കണം എന്നു മാത്രമേ കരുതിയിരുന്നുള്ളു…

നീ പറഞ്ഞത് ശരിയാണ്…ഒരിക്കലും ഒന്നും നീ ആവശ്യപെട്ടിട്ടില്ല… പക്ഷേ അറിഞ്ഞു ഞാന്‍ എല്ലാം തന്നിരുന്നു.. അതുപോലെ എന്നും സൗഭാഗ്യങ്ങള്‍ തരണമെന്നേ കരുതീയിരുന്നുള്ളു… അത് പക്ഷേ ഇങ്ങനെ ആയിത്തീരുമെന്‌ ഒരിക്കലും കരുതിയില്ല….

പിന്നെ ഡിവോഴ്സ് .. ശരിയാണ് മറ്റൊരു ജീവിതം ആവശ്യമാണ്. കാരണം ഞാന്‍ ഇന്നു തീര്‍ത്തും ഒറ്റപെട്ടവനാണ്….. ജീവിതത്തിന് പുതിയ നിറങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളും നഷ്ടമായവനാണ്‌…. അങ്ങനെയൊരാള്‍ പുതിയ ജീവിതം ആഗ്രഹിക്കാം..”

വളപ്പൊട്ടുകള്‍ -6

പിന്നെ ഡിവോഴ്സ് .. ശരിയാണ് മറ്റൊരു ജീവിതം ആവശ്യമാണ്. കാരണം ഞാന്‍ ഇന്നു തീര്‍ത്തും ഒറ്റപെട്ടവനാണ്….. ജീവിതത്തിന് പുതിയ നിറങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളും നഷ്ടമായവനാണ്‌…. അങ്ങനെയൊരാള്‍ പുതിയ ജീവിതം ആഗ്രഹിക്കാം..

പക്ഷേ എന്റെ ജീവിതത്തില്‍ നിന്നെ മറന്നു മറ്റൊരു ജീവിതം ഉണ്ടാകില്ല ലക്ഷ്മി … ” ഹരിയുടെ വാക്കുകള്‍ കേട്ടു ലക്ഷ്മി അന്ധാളിപ്പോടെ അയാളെ നോക്കി…

” എനിക്കു അറിയാം.. നീ ഇനിയൊരിക്കലും എന്നെ സ്നേഹിക്കില്ല…. സ്നേഹിക്കണം എന്നു ആവശ്യപെടാനുള്ള അര്‍ഹതയും എനിക്കില്ല.. തിരിച്ചു ഞാന്‍ പ്രതീക്ഷിക്കുന്നുമില്ല…

തിരിച്ചു പ്രതീക്ഷിച്ചു സ്നേഹം കൊടുക്കുന്നത് കടം കൊടുക്കല്‍ ആണ് ലക്ഷ്മി … തിരികെ പ്രതീക്ഷിക്കാതെ സ്നേഹിക്കുന്നത് സമര്‍പ്പണവും.. എന്റെ സ്നേഹം നിന്നോടുള്ള സമര്‍പ്പണം ആണ് ലക്ഷ്മി ..ഒരിക്കലും നിനക്ക് മുന്നില്‍ ഞാന്‍ ഉണ്ടായിരിക്കില്ല.. പക്ഷേ എന്നും നിനക്ക് പിന്നില്‍ ഞാന്‍ ഉണ്ടാകും.. ഒരിക്കല്‍ നീ എന്നെ തിരിച്ചറിഞ്ഞാല്‍ ,അതുമാത്രം മതിയെനിക്ക്…. അതും ഞാന്‍ പ്രതീക്ഷിക്കുന്നില്ല…

നീ പറഞ്ഞില്ലേ സ്ത്രീകള്‍ക്ക് ഒരു സമയം ഒരാളെ ആത്മാര്‍ത്ഥതയോടെ സ്നേഹിക്കാന്‍ കഴിയൂന്ന്…

ഒരു ജന്മത്തില്‍ ഒരു സ്ത്രീയെ സ്നേഹിക്കാന്‍ മാത്രം കഴിയുന്ന പുരുഷന്‍മാരും ഉണ്ട്‌… അത് നീയും അറിയാതെ പോയി… എന്റെ തെറ്റുകള്‍ തെറ്റുകളായി നിലനില്‍ക്കട്ടേ… അതിന്റെ അടയാളപെടുത്തലുകള്‍ നിന്റെ ജീവിതത്തില്‍ അവശേഷിപ്പിക്കേണ്ട… ”

ഹരിയുടെ ഓരോ ,വാക്കുകളും തന്റെ മനസ്സിലേക്ക് ശക്തിയായി ഇരച്ചു കയറും പോലെ തോന്നി..

ഹരി അവിടെ നിന്നും പോയ ശേഷവും ചലിക്കാനാവാതെ ലക്ഷ്മി നിന്നു..കേട്ടതൊക്കേ വീണ്ടും തനിക്കു ചുറ്റും അലയടിക്കുന്നതു പോലെ തോന്നിയപ്പോള്‍ ചെവികള്‍ പൊത്തി നോക്കിയത് വാതിലിനരുകില്‍ നിന്ന ദേവന്റെ മുഖത്തേക്കാണ്…

അകത്തു നടന്ന സംഭാഷണങ്ങള്‍ കേട്ടിട്ടുണ്ടെന്നു ആ മുഖഭാവം ,വിളിച്ചു പറഞ്ഞു..

” ദേവാ.. ഹരിയേട്ടന്‍. ” .ലക്ഷ്മി വാക്കുകള്‍ക്ക് പരതി..

” ഞാന്‍ എല്ലാം കേട്ടൂ.. ” നിസ്സംഗതയോടെ ദേവന്‍ പറയുന്നത് കേട്ടപ്പോള്‍ ലക്ഷ്മി മൗനം പാലിച്ചു…

” ലക്ഷ്മിക്ക് ,ഹരിയേട്ടനോട് സഹതാപം തോന്നുന്നുണ്ടോ.. ” ദേവന്റെ ചോദ്യത്തിന്റെ ലക്ഷ്യം തിരിച്ചറിയാതെ ലക്ഷ്മി അവനെയൊന്നു ചൂഴ്ന്നു നോക്കി..

” അല്ല.. ഞാന്‍ ചോദിച്ചതാണ്… ”പണിപെട്ടു അയാള്‍ ഒന്നു ചിരിച്ചു…

ദേവന്റെ മുന്നില്‍ നിന്നും മുറിയിലേക്ക് മടങ്ങുമ്പോഴും ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഒരായിരം നെഞ്ചില്‍ അലയടിക്കുന്നുണ്ടായിരുന്നു….

ആ സംസാരം അന്നത്തോടെ അവസാനിച്ചെങ്കിലും ദേവന്‍റെ ചില പെരുമാറ്റങ്ങള്‍ ലക്ഷ്മിയെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു…

————————-

” നാളെ നന്ദൂനെ പെണ്ണുകാണാന്‍ വരും….. ”

ഓഫീസില്‍ നിന്നും വന്നപാടെ ദേവന്‍ ലക്ഷ്മിയോട് പറഞ്ഞു…

ആകാശിന്റെയും അക്ഷയ് യുടെയും ഇളയതാണ് നന്ദന… ആകാശ് പഠിത്തം പൂര്‍ത്തിയാക്കി ഹരിയോടൊപ്പം ബിസിനസ് ചെയ്യുന്നു… അക്ഷയ് ക്ക് ബിസിനസ് ഒന്നും താല്‍പര്യമില്ലെന്നു പറഞ്ഞു ജോലിക്ക് ശ്രമിക്കുന്നു.

” ഇത്ര പെട്ടെന്ന് എന്താണ്… അവള്‍ പഠിക്കുകയല്ലെ.. ” ദേവന് മാറാനുള്ള ഷര്‍ട്ട് എടുത്തു കൊടുത്തു കൊണ്ട് ലക്ഷ്മി തിരക്കി…

” നിന്നോട് ഞാന്‍ നേരത്തെ പറഞ്ഞിരുന്നതല്ലേ ലക്ഷ്മി നന്ദനയ്ക്ക് ആലോചനകള്‍ നോക്കുന്നുണ്ടെന്ന്.. പിന്നെന്താ ഇപ്പോള്‍ കേള്‍ക്കുന്നത് പോലെ ചോദിക്കുന്നത്… ” ദേവന്റെ ശബ്ദം കടുത്തു..,

ലക്ഷ്മി മറുപടി പറയാതെ പുറത്തേക്ക് പോയി… ദേവന്റെ സ്വഭാവം ആകെ മാറി… എന്തെങ്കിലും മറുത്തു ചോദിച്ചാല്‍ ഉടനെ ദേഷ്യം വരും…

ആകാശിനോട് പലപ്പോഴായി ഓരോന്നും പറഞ്ഞിട്ടാണ് ഹരിയാണ് അച്ഛനെന്നു ആകാശ് അറിഞ്ഞത്….. ആകാശ് ഹരിയേട്ടനെ പോലെ പാവമാണ്….. അത് അറിഞ്ഞതില്‍ പിന്നെ ആദ്യം ആകാശ് തന്നോട് മിണ്ടാന്‍ മടിച്ചിരുന്നു… എപ്പോഴും അകന്നു നിന്നു… അങ്ങോട്ടു സംസാരിച്ചാലും ഒന്നോ രണ്ടോ വാക്കില്‍ മറുപടി ഒതുക്കുമായിരുന്നു…

പക്ഷേ പതിയെ അവന്‍ മിണ്ടിത്തുടങ്ങി.. പഴയതിലും തന്നെ കൂടുതല്‍ ചേര്‍ത്തു പിടിച്ചു.. ഹരിയേട്ടന്‍ കാരണം ആണ് അതെന്നു തനിക്ക് നല്ല ബോധ്യം ഉണ്ടായിട്ടും ഒന്നും അറിഞ്ഞതായി ഭാവിച്ചില്ല… അല്ലെങ്കിലും ഹരിയേട്ടന്‍ തന്നെ എന്നും മാറി നിന്നു സംരക്ഷിച്ചിട്ടേയുള്ളു… ഇടയ്ക്ക് ദേവന് സാമ്പത്തികപ്രശ്നങ്ങള്‍ വന്നപ്പോഴൊക്കെ ചോദിക്കാതെ തന്നെ സഹായിച്ചു … അങ്ങനെ ഒരാള്‍ ആ വീട്ടിലുണ്ടെന്നു പോലും തോന്നാത്ത അത്ര നിശബ്ദനായിരുന്നു ഹരിയേട്ടന്‍ … ആകാശ് ,എല്ലാം മനസ്സിലാക്കിയതില്‍ പിന്നെയാണ് ആ മുഖത്ത് ഒരു പുഞ്ചിരി പോലും വിടര്‍ന്നിട്ടുള്ളത്…..

” മോളേ നന്ദൂ..നിന്നെ കാണാന്‍ നാളെ ആളു വരുന്നുണ്ട്… കോളേജില്‍ പോകേണ്ട.. ” നന്ദൂനോട് കാര്യം പറഞ്ഞു അടുക്കളയിലേക്ക് പോയി.. നാളത്തേക്ക് വേണ്ടതൊക്കെ ഒരുക്കണം…

അവര്‍ വന്നു .. ചെറുക്കനും പെണ്ണിനും പരസ്പരം ഇഷ്ടമായപ്പോള്‍ കല്യാണം പെട്ടെന്ന് നടത്താമെന്നു ഉറപ്പിച്ചു.. അല്ലെങ്കിലും ദേവന് ഇപ്പോള്‍ വല്ലാത്ത ധൃതിയാണ്…. കല്യാണത്തിന്റെ ഒരുക്കങ്ങള്‍ക്ക് ഹരിയും ആകാശും മുന്നില്‍ നിന്നു… ദേവന്‍ അതിന് തൃപ്തി കുറവൊന്നും കാട്ടിയതും ഇല്ല… കല്യാണ ഒരുക്കങ്ങള്‍ ഒരുവിധം പൂര്‍ത്തിയായി വന്നു..

” ഒരുമ്പട്ടോള് കാരണം എല്ലാം തകര്‍ന്നു… എന്റെ ജീവിതവും തകര്‍ന്നു.. ”

ഒരു ദിവസം കാലു നിലത്തുറയ്ക്കാതെയാണ് ദേവന്‍ വന്നു കയറിയത്… മദ്യപിക്കാറുണ്ടെങ്കിലും ഒരിക്കലും പരിധി വിട്ടിട്ടില്ലാത്ത ദേവന്റെ അവസ്ഥ ലക്ഷ്മിക്ക് അസ്വസ്ഥത ഉണ്ടാക്കി… വേറെ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് കിടന്ന ദേവനെ താങ്ങിയെടുത്തു അകത്തേക്ക് കൊണ്ടു പോകുമ്പോഴും ദേവന്‍ എന്താണ് പറയുന്നതെന്ന് അറിയാതെ ഉഴറി.. ആരെ പറ്റിയാണെന്നോ എന്തിനെ പറ്റിയാണെന്നോ പിടികിട്ടിയില്ല..ദേവനെ അകത്തു കിടത്തി തിരികെ വരുമ്പോള്‍ വരാന്തയില്‍ ഹരി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു…

” അവന് എന്തു പറ്റി .. ” ഉദ്വോഗത്തോടെ ഹരി തിരക്കി..

ഹരിയുമായി ഉള്ള സംസാരം തന്നെ വല്ലപ്പോഴും മാത്രമായിരുന്നു ..

” അറിയില്ല..മനസ്സിന് വിഷമമുള്ള എന്തോ സംഭവിച്ചിട്ടുണ്ട്.. ഇല്ലെങ്കില്‍ ഒരിക്കലും ഈ കോലത്തില്‍ വരില്ല…” വേവലാതിയോടെ അവള്‍ പറഞ്ഞു.. കൂടുതല്‍ പറയാനില്ലാതെ അകത്തേക്ക് മടങ്ങുമ്പോഴും ദേവന് എന്താണ് സംഭവിച്ചത് എന്നതായിരുന്നു ചിന്ത..

ചുറ്റും ഇരുളു പടരുമ്പോഴും മയക്കം വരാത്ത കണ്ണുകളെ ചേര്‍ത്തടച്ചു ലക്ഷ്മി വെറൂതെ കിടന്നു…. മക്കള്‍ക്ക് ഇടയില്‍ തന്നെ അവര്‍ രണ്ടു അച്ഛന്റെ മക്കള്‍ ആണെന്ന വിവരം അറിയാം.. എല്ലാം ദേവന്‍ തന്നെ പറഞ്ഞ് അറിഞ്ഞതാണ്…. ഹരിയേട്ടനോട് താന്‍ അടുക്കുമോ എന്ന ഭയം ദേവന് ഉണ്ടെന്നു ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട് …പലപ്പോഴും പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു പരാജയപെട്ടതും ആണ്… ആകാശും നന്ദനയും തന്നോടു യാതൊരു അകല്‍ച്ചയും കാട്ടാത്തപ്പോഴും അക്ഷയ് എപ്പോഴും ഒരു അകലം സൂക്ഷിച്ചിരുന്നു…

ചിന്തകള്‍ നനാവഴി സഞ്ചരിച്ചു കൊണ്ടേയിരുന്നു ….

നേരം നന്നെ പുലര്‍ന്നപ്പോഴാണ് ലക്ഷ്മി ഉറക്കം ഉണര്‍ന്നത്‌ .. രാത്രിയില്‍ എപ്പോഴോ മയങ്ങിയതാണ്..

കിടക്കയില്‍ ദേവനെ കാണാതെ വരാന്തയില്‍ വന്നു നോക്കുമ്പോള്‍ അയാള്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുക ആയിരുന്നു ..

” എന്തു സംഭവിച്ചു ദേവാ.. ” അയാളുടെ കൈകളില്‍ മുറുകെ പിടിച്ചു നിര്‍ത്തി ചോദിക്കുമ്പോള്‍ ലക്ഷ്മിയുടെ സ്വരം വിറച്ചു..

ലക്ഷ്മിയുടെ കൈകള്‍ തട്ടി മാറ്റി ദേവന്‍ നടപ്പു തുടര്‍ന്നു.. ദേവനെ അന്നു വരെ അങ്ങനെ ഒരു ഭാവത്തില്‍ കാണാത്തിനാല്‍ ലക്ഷ്മിക്ക് ടെന്‍ഷന്‍ കൂടി..

തുടരും….