വളപ്പൊട്ടുകൾ ~ ഭാഗം 07, ഭാഗം 08, എഴുത്ത്: ദീപ്‌തി പ്രവീൺ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

വളപ്പൊട്ടുകള്‍ -7

ലക്ഷ്മിയുടെ കൈകള്‍ തട്ടി മാറ്റി ദേവന്‍ നടപ്പു തുടര്‍ന്നു.. ദേവനെ അന്നു വരെ അങ്ങനെ ഒരു ഭാവത്തില്‍ കാണാത്തിനാല്‍ ലക്ഷ്മിക്ക് ടെന്‍ഷന്‍ കൂടി..

” കല്യാണം നടക്കില്ല…. അത് മുടങ്ങി… അവര്‍ക്കു താല്‍പര്യം ഇല്ലെന്നു ബ്രോക്കറോട് പറഞ്ഞു വിട്ടു….” നിരാശയോടെ ദേവന്‍ പറഞ്ഞത് ലക്ഷ്മിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല..

നന്ദന കല്യാണവും സ്വപ്നം കണ്ടു കഴിയുകയാണ്‌… അല്ലെങ്കിലും പെണ്‍കുട്ടികളുടെ വിവാഹം മുടങ്ങിയെന്നു , പറഞ്ഞാല്‍….

” എന്താ കാരണം… എന്തിനാ അവര്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയത്… ” ലക്ഷ്മിയുടെ സ്വരം ഇടറിയിരുന്നു….

” പെണ്ണിന്റെ അമ്മയുടെ സ്വഭാവം ശരിയല്ലെന്ന്… ചേട്ടനെയും അനിയനെയും കെട്ടി ജീവിക്കുന്നവളുടെ മോളേ അവരുടെ വീട്ടിലേക്ക് എന്തു വിശ്വസിച്ചു പിടിച്ചു കയറ്റുമെന്നു… ”’ ദേവന്റെ സ്വരത്തില്‍ പരിഹാസം നിറഞ്ഞു…..

അപ്രതീക്ഷിതമായി തലയില്‍ അടി കിട്ടിയ കണക്ക് ലക്ഷ്മി പകച്ചു പോയി…

ഇങ്ങനെ ഒരു സാഹചര്യം ഒരിക്കലും ചിന്തിച്ചിരുന്നില്ല… ദേവനെ കല്യാണം കഴിച്ചതോടെ ഹരിയേട്ടനെ പാടെ ഒഴിവാക്കിയതാണ്… അതു പക്ഷെ പുറത്തുള്ളവര്‍ക്ക് അറിയില്ലല്ലോ…. അവരുടെ കണ്ണില്‍ താന്‍ ഇപ്പോഴും രണ്ടു ഭര്‍ത്താക്കന്‍മാര്‍ക്ക് ഒപ്പം ജീവിക്കുന്നവളാണ്…. നന്ദന… ഇനി അവളുടെ മുഖത്ത് എങ്ങനെ നോക്കും…

” ആദ്യം എന്റെ ജീവിതം നശിപ്പിച്ചു.. ഇപ്പോള്‍ എന്റെ മോളുടെയും…. ഇനി അവള്‍ക്ക് ഒരു ജീവിതം ഉണ്ടാകുമോ…. ”

ദേവനില്‍ നിന്നും വരുന്ന വാക്കുകള്‍ വിശ്വസിക്കാന്‍ കഴിയാതെ ലക്ഷ്മി അവനെ തുറിച്ചു നോക്കി…

ദേവന്‍ അതൊന്നും ശ്രദ്ധിക്കാതെ ക്ഷോഭത്തോടെ തുടര്‍ന്നു…

” പ്രായമായ ഒരു പെണ്‍കുട്ടി ആണ്…. കൊല്ലാന്‍ പറ്റുമോ… ”

” നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത് …? ഞാന്‍ നിങ്ങളുടെ ജീവിതം നശിപ്പിച്ചെന്നോ…? എങ്ങനെ.. ? ” ലക്ഷ്മിയുടെ സ്വരം ഉയര്‍ന്നു…

” നീ അല്ലാതെ പിന്നെ ആരാണ്…” ദേവനും വിട്ടു കൊടുത്തില്ല..

”നിങ്ങള്‍ പറയുന്നതൊക്കെ ഇത്രയും നാളും മൗനമായി സഹിച്ചത് അതൊക്കെ ശരിയായതു കൊണ്ടല്ല.. വെറുതെ ആവശ്യമില്ലാത്ത സംസാരം വേണ്ടെന്നു കരുതിയാണ്….

സ്വന്തം ചേട്ടന്റെ ഭാര്യയെ കല്യാണം കഴിക്കാന്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് വയ്യെന്നു പറഞ്ഞു ഒഴിയാമായിരുന്നു…ചേട്ടനെ പറഞ്ഞു മനസ്സിലാക്കാമായിരുന്നു..

അതൊന്നും ചെയ്യാതെ അവസരം കാത്തിരുന്ന ചെന്നായെ പോലെ എല്ലാത്തിനും സമ്മതിച്ചു….. മടങ്ങി പോകാനോ ഇറങ്ങി പോകാനോ കഴിയാത്ത എന്നെ ചേട്ടനും അനിയനുഃ കൂടി കെണിയിലാക്കി…

ഒടുവില്‍ കുറ്റം മുഴുവന്‍ എനിക്കു ആണോ…. ദേവനെ കല്യാണം കഴിച്ചതു മുതല്‍ ഹരിയേട്ടനെ മാറ്റി നിര്‍ത്തിയിട്ടുള്ളത് നിങ്ങള്‍ക്കും അറിയുന്നതല്ലെ… എന്നിട്ടും നിങ്ങള്‍ നാടകം കളിക്കുന്നോ..” ലക്ഷ്മിയുടെ ശബ്ദം വല്ലാതെ ഉയര്‍ന്നു…

അതുകേട്ട് നന്ദനയും ഹരിയും അക്ഷയും ആകാശും ,എല്ലാം കൂടി…

” എന്റെ മക്കള്‍ക്ക് ഇടയില്‍ പോലും നിങ്ങള്‍ തരംതിരിവ് ഉണ്ടാക്കിയപ്പോഴും ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല….. എന്നും എപ്പോഴും ഒഴിഞ്ഞു മാറി നിന്നിട്ടേയുള്ളു….ഹരിയേട്ടനോട് പോലും ആവശ്യമില്ലാത്ത ഒരു സംസാരത്തിന് മുതിരാറില്ല.. എന്നിട്ടും തെറ്റുകാരി ഞാനാണ് അല്ലെ.. ” ലക്ഷ്മി കിതച്ചു തുടങ്ങിയിരുന്നു …

” അമ്മേ.. എന്തു പറ്റി… ” നന്ദന ഓടി ചെന്നു ലക്ഷ്മിയെ താങ്ങി.

ഹരിയുടെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങിയിരുന്നു .. ആദ്യം മുതലുള്ള സംസാരം അയാള്‍ വരാന്തയില്‍ നിന്നും കേട്ടിരുന്നു…

” നിന്റെ കല്യാണം മുടങ്ങി… കാരണം രണ്ടു ഭര്‍ത്താവിനൊപ്പം ജീവിക്കുന്നവളുടെ മോളെ അവര്‍ക്കു വേണ്ടെന്നു.. അത്രതന്നെ.. ” ദേവന്‍ അലറി.. അയാളുടെ ശബ്ദത്തില്‍ ദേഷ്യവും നിരാശയും ഇടകലര്‍ന്നു..

നന്ദന ഞെട്ടിത്തരിച്ചു..

കല്യാണം എല്ലാം അടുത്തിരിക്കുകയായിരുന്നു..അപ്പോള്‍ അത് മുടങ്ങുക എന്നു പറഞ്ഞാല്‍…

അവള്‍ അമ്മയുടെ നേര്‍ക്ക് നോക്കി.. അവരുടെ തല താഴ്ന്ന് തന്നെ ഇരുന്നു…ലക്ഷ്മിക്ക് മക്കളുടെ മുഖത്ത് നോക്കാന്‍ മടി തോന്നി…

അക്ഷയ് യുടെ മുഖം വലിഞ്ഞുമുറുകി… പുച്ഛത്തോടെ അവന്‍ ലക്ഷ്മിയെ നോക്കി…

” അവര്‍ക്കു വേണ്ടെങ്കില്‍ വേണ്ട.. വിട്ടേക്ക്… അതിന് അച്ഛന്‍ എന്തിനാ അമ്മയെ വഴക്കു പറയുന്നത്…. അമ്മ എന്ത് തെറ്റ് ചെയ്തു..

അമ്മയ്ക്ക് വേറേരോ ഭര്‍ത്താവ് ഉണ്ടെന്ന് അറിഞ്ഞിട്ടല്ലെ അച്ഛന്‍ അമ്മയെ കെട്ടിയത്.. അപ്പോള്‍ അച്ഛനും തെറ്റുകാരനല്ലേ….

ഇടയ്ക്കിടെ കുത്തുവര്‍ത്തമാനം പോലെ അച്ഛന്‍ തന്നെ ഓരോന്നും വിളിച്ചു പറയാറുണ്ടെല്ലോ… അതുപോലെ കുത്തുവര്‍ത്തമാനം പറയുമെന്നു ഉറപ്പുള്ള ഒരിടത്തു നിന്നും എനിക്കു കല്യാണം വേണ്ട… ”

നന്ദന കത്തുന്ന മിഴികളോടെ ദേവനെ നോക്കി..

” നീ അച്ഛന് നേര്‍ക്ക് സംസാരിക്കുന്നോ.. ” അക്ഷയ് അവളെ കടന്നു പിടിച്ചു…

നന്ദനയുടെ വാക്കുകള്‍ കേട്ടു തറഞ്ഞു നിന്ന ദേവന്‍ അക്ഷയ് യെ പിടിച്ചു മാറ്റി….

നന്ദന ലക്ഷ്മിയെ പിടിച്ചു അകത്തേക്ക് കൊണ്ടു പോയി…

”അമ്മ വിഷമിക്കേണ്ട .. എനിക്കു ആ കല്യാണം മുടങ്ങിയതിന് ഒരു വിഷമവും ഇല്ല അമ്മേ.. അത്തരക്കാരുടെ ഇടയിലേക്ക് പോകാത്തത് തന്നെയല്ലേ നല്ലത്‌. ” നന്ദന ലക്ഷ്മിയെ ആശ്വസിപ്പിച്ചു കൊണ്ടേയിരുന്നു …

ആ ദിവസം മുറിയ്ക്ക് പുറത്തേക്ക് ഇറങ്ങാനോ ആരോടും മിണ്ടാനോ ലക്ഷ്മി തയാറായില്ല… ദേവന്‍ ഒന്നു രണ്ടു തവണ വാതിലോളം എത്തിയെങ്കിലും ലക്ഷ്മി മുഖം തിരിച്ചു….ഹരിയോട് ഒരിക്കല്‍ തോന്നിയ അതേ വെറുപ്പ് ദേവനിലേക്ക് പടരുന്നത് ലക്ഷ്മി അറിയുക ആയിരുന്നു …

അടുത്ത ദിവസം നന്ദനയുടെ നിലവിളി കേട്ടാണ് ലക്ഷ്മി മുറിയില്‍ നിന്നും പുറത്തേക്ക് വന്നത്… ദേവന്റെ അരുകില്‍ ഇരുന്ന് അവള്‍ അലറി കരയുകയായിരുന്നു….. അവളുടെ കരച്ചില് കേട്ട് എല്ലാവരും ഓടിക്കൂടി.. ആകാശ് ചെന്നു ദേവന്റെ കൈയ്യില്‍ പിടിക്കുന്നതും അവന്റെ കൈകളില്‍ നിന്നും വഴുതി ആ കൈകള്‍ താഴെയ്ക്ക് നിസ്സംഗതയോടെ ലക്ഷ്മി നോക്കി നിന്നു…

ദേവന്റെ മരണാന്തര ചടങ്ങുകള്‍ക്ക് ഇടയില്‍ ഒരു കാണിയെ പോലെ നോക്കിയിരിക്കുന്നത് കണ്ടു പലയിടത്തും നിന്നും മുറുമുറുപ്പുകള്‍ ,ഉയര്‍ന്നു…

” അനിയന്‍ പോയാലും ചേട്ടന്‍ ഉണ്ടെല്ലോ..അതാ ഇങ്ങനെ കൂസലില്ലാതെ ഇരിക്കുന്നത്… ”

” അറ്റാക്ക് ആയിരുന്നൂന്ന് … മോളുടെ കല്യാണം മുടങ്ങിയ വിഷമത്തില്‍ നെഞ്ചു പൊട്ടിയാ മരിച്ചത്….. ” തലയില്‍ ഒരു വണ്ടു മൂളുന്നതു പോലെ ലക്ഷ്മിക്ക് തോന്നി…

തലേന്നു രാത്രിയില്‍ വാതിലില്‍ നിന്നും നോക്കുന്ന ദേവന്റെ മുഖം ഓര്‍മ്മയില്‍ എത്തി…

എന്തു പറയാനാകും വന്നത്….

നാവില്‍ നിന്നും അവസാനം അടര്‍ന്നു വീണ വാക്കുകള്‍ക്ക് ക്ഷമ പറയാനോ…. അതോ പറഞ്ഞതിനെ പറ്റി ന്യായീകരിക്കാനോ….

അവസാനമായി എന്തായിരിക്കും പറയാനുണ്ടായിരുന്നത്….

ചടങ്ങുകള്‍ എല്ലാം കഴിഞ്ഞിട്ടും ലക്ഷ്മി ആ ഇരുപ്പ് തുടര്‍ന്നു….. നന്ദന ഏതു സമയത്തും ലക്ഷ്മിയെ ചേര്‍ത്തു പിടിച്ചു കൂടെ നിന്നു…

” അച്ഛാ… നടക്കേണ്ടതൊക്കെ നടന്നു… എന്നു കരുതി എത്ര ദിവസം ഇങ്ങനെ ഇരിക്കും… ” ദേവന്റെ മരണത്തോടെ ആകെ തകര്‍ന്നു പോയ ഹരിയെ സ്വാന്തനിപ്പിക്കും പോലെയാണ് ആകാശ് തിരക്കിയത്…

ഹരി ദയനീയമായി അവനെ നോക്കി…

ലക്ഷ്മിയെ കല്യാണം കഴിച്ച ശേഷം ദേവന്‍ മനപൂര്‍വ്വം ഹരിയില്‍ നിന്നും അകലം ഇട്ടിരുന്നു… ലക്ഷ്മിയുടെ മനോഭാവം അറിഞ്ഞപ്പോള്‍ ഹരിക്കും അതില്‍ പരാതി ഉണ്ടായിരുന്നില്ല ..പക്ഷേ ദേവന്‍ പോയപ്പോഴാണ് ആ ശൂന്യതയുടെ ആഴം അയാള്‍ക്ക് മനസ്സിലായത്….

” അച്ഛാ നന്ദനയുടെ കാര്യം നമുക്ക് നോക്കണം.. ദേവച്ഛന് അത്രയേറെ വിഷമം തോന്നാന്‍ കാരണം അതല്ലേ.. ” ആകാശ് ഓരോന്നും പറഞ്ഞു അയാളെ ഉത്സാഹിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു …

ദിവസങ്ങള്‍ പഴയതുപോലെ ആയിത്തുടങ്ങി… പൊതുവെ അന്തര്‍മുഖ ആയിരുന്ന ലക്ഷ്മി തന്നിലേക്ക് തന്നെ കുറച്ചു കൂടി ഒതുങ്ങി … വല്ലപ്പോഴും നന്ദനയോടും ആകാശിനോടും മാത്രമായി സംസാരം …അക്ഷയ് അവരെ കണ്ടഭാവം നടിക്കാതെ ആയിരുന്നു ..

നന്ദന കോളേജിലേക്ക് പോകുന്നത് നിര്‍ത്തി .. ആകാശ് നിര്‍ബന്ധിച്ചപ്പോള്‍ വീട്ടില്‍ ഇരുന്നു പഠിച്ചോളാം എന്നൂ പറഞ്ഞു ഒഴിഞ്ഞു.. അതും കൂടി ആയപ്പോഴാണ് നന്ദനയ്ക്ക് നല്ല ആലോചനകള്‍ ഉണ്ടെങ്കില്‍ കൊണ്ടുവരാന്‍ ബ്രോക്കറോട് പറഞ്ഞത്‌…

ലക്ഷ്മിയും അത് ആഗ്രഹിച്ചിരുന്നു

വളപ്പൊട്ടുകള്‍ -8

ലക്ഷ്മിയും അത് ആഗ്രഹിച്ചിരുന്നു…

എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞ ശേഷം ആലോചനകള്‍ കൊണ്ടുവരാന്‍ ആകാശ് ബ്രോക്കറോട് ശട്ടം കെട്ടി… ഒരിക്കല്‍ കൂടി നന്ദനയെ വിഷമിപ്പിക്കാന്‍ അവന്‍ ആഗ്രഹിച്ചില്ല…

ബാങ്കില്‍ ഉദ്യോഗസ്ഥനായ കിഷോറിന്റെ ആലോചന അങ്ങനെ വന്നതാണ്….എന്തുകൊണ്ടും നന്ദനയ്ക്ക് യോജിക്കുന്ന ബന്ധമായിരുന്നു അത്…. ദേവന്റെ ആണ്ട് കഴിഞ്ഞ ശേഷം വിവാഹം നടത്താമെന്നും ധാരണയായി.. അതിനു ഇനി മൂന്നുമാസം കൂടിയെ ഉണ്ടായിരുന്നുള്ളു…

” .എന്റെ പെങ്ങളുടെ കല്യാണം ഞാന്‍ നടത്തിക്കോള്ളാം.. അതിന് ആരുടെയും സഹായം ആവശ്യമില്ല..”

നന്ദനയുടെ വിവാഹം തീരുമാനിക്കാന്‍ പോകുന്നത് അറിഞ്ഞ് അക്ഷയ് പൊട്ടിത്തെറിച്ചു….

” അക്ഷയ്.. നീ ആവശ്യമില്ലാത്ത സംസാരത്തിന് നില്‍ക്കരുത്… നിന്നെ പോലെ തന്നെ ആകാശിന്റെയും പെങ്ങളാണ് അവള്‍….. അവളുടെ കാര്യത്തില്‍ അവനും ഉത്തരവാദിത്വവും അവകാശവും ഉണ്ട്.. ” ലക്ഷ്മി അവനെ കടന്നു പിടിച്ചു..

” അങ്ങോട്ടു മാറി നില്‍ക്ക് തള്ളേ… ” .

അക്ഷയ് ലക്ഷ്മിയെ ഭിത്തിയുടെ നേര്‍ക്ക് തള്ളി….

,,വീഴാന്‍ പോയ അവരെ നന്ദനയും ആകാശും കൂടി താങ്ങി.. നന്ദനയുടെ കണ്ണുകളില്‍ കനല്‍ എരിഞ്ഞു…

” നിങ്ങള്‍ ഒറ്റയൊരുത്തിയാ എല്ലാത്തിനും കാരണം.. ചേട്ടന്റെ ഒപ്പം ജീവിച്ചു അനിയനെയും മയക്കിയെടുത്തു…

നിങ്ങളുടെ മോന് എന്റെ പെങ്ങളുടെ മേല്‍ എങ്ങനെ അവകാശം വരും.. അവന്റെ അച്ഛന്‍ വേറേയല്ലേ….. എന്റെ അച്ഛന്റെ മരണത്ത കാരണം തന്നെ നിങ്ങളും നിങ്ങളുടെ പിഴച്ച സ്വഭാവവും ആണ്… നിങ്ങളോട് ഞാന്‍ ഒരിക്കലും ക്ഷമിക്കില്ല.. ” .

അക്ഷയ് ലക്ഷ്മിയുടെ നേര്‍ക്ക് ചീറി… അക്ഷയ് യുടെ വായില്‍ നിന്നും വീഴുന്ന ഓരോ വാക്കുകളും ലക്ഷ്മിക്ക് ചാട്ടവാര്‍ അടി പോലെയാണ് തോന്നിയത്….

തന്റെ മകനാണ്…ഇന്നലെ വരെ കുഞ്ഞാണെന്നു കരുതിയവാനാണ്..

അമ്മ പിഴച്ചവളാണെന്നു വിളിച്ചു കൂവുന്നത്…

ആ നിമിഷം മരിച്ചു വീഴാന്‍ അവര്‍ ആഗ്രഹിച്ചു..

ഹരിയും ചുറ്റും നടക്കുന്നതു കണ്ടു ചെവി മൂടികെട്ടിയതു പോലെ നിന്നു..

” ഇനി ഒരക്ഷരം അമ്മയെ പറയരുത്.. ചേട്ടന് ഉള്ള അവകാശം തന്നെയാ വല്യേട്ടനും എന്നോട് ഉള്ളത്… ഒരു പക്ഷേ അതില്‍ കൂടൂതലും കാണും..

പഠിത്തം കഴിഞ്ഞു ജോലി തിരക്കി നടക്കുന്നത് ,അല്ലാതെ ചേട്ടന്‍ അച്ഛനെ ഏതെങ്കിലും തരത്തില്‍ സഹായിച്ചിട്ടുണ്ടോ.്.വീടിന് എന്തെങ്കിലും ചെയ്യുന്നുണ്ടോ…

എനിക്കു ചേട്ടനെ പോലെ തന്നെയാ വല്യേട്ടനും അച്ഛനെ പോലെ തന്നെയാ വല്യച്ചനും.. ഇനി,മേലിലും എന്റെ മേല്‍ അവകാശം പറഞ്ഞു ഒരു തര്‍ക്കം ഇവിടെ പാടില്ല.. ”

നന്ദനയുടെ വാക്കുകള്‍ ചിതറി..

” ഓഹോ.. അപ്പോള്‍ ഞാന്‍ മാത്രമാണോ ഇവിടെ ആരും അല്ലാത്തത്…

നിനക്ക് എനിക്കു പകരം അയാളും അച്ഛനു പകരം അയാളുടെ അച്ഛനും ഉണ്ടാകും.. എനിക്കു എന്റെ അച്ഛന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു … അതുകൊണ്ട് ഞാന്‍ ഇനി ഇവിടെ നില്‍ക്കുന്നില്ല.. ” അക്ഷയ് തിടുക്കത്തില്‍ അകത്തേക്ക് പോയി….

കണ്‍മുന്നില്‍ നടക്കുന്നതൊക്കെ കണ്ടു ലക്ഷ്മി എന്തുചെയ്യണമെന്നു അറിയാതെ പകച്ചിരുന്നു…

” മോളേ… നീ അവനെ ഒന്നു സമാധാനിപ്പിക്ക് … നിനക്ക് അറിയൂലെ അവന്റെ സ്വഭാവം… ” അവര്‍ നന്ദനയുടെ കൈയ്യില്‍ പിടിച്ചു വലിച്ചു കൊണ്ടിരുന്നു …

അകത്തേക്ക് പോയ അക്ഷയ് കൊടുങ്കാറ്റിന്റെ വേഗത്തില്‍ പുറത്തേക്ക് പാഞ്ഞു.. ലക്ഷ്മിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി…

അവനെ തടയാനാകാതെ ആകാശും വിഷമിച്ചൂ..

അക്ഷയ് കൂടി പോയതോടെ ലക്ഷ്മി തകര്‍ന്നു….

” അച്ഛാ…. അക്ഷയ് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.. അവന്റെ അച്ഛന്റെ സ്വത്തുക്കള്‍ ഇവിടെ നമ്മള്‍ കൈയ്യടക്കി വെച്ചിരിക്കുകയാണെന്ന്. ” ഹരിയോട് ആകാശ് പറയുന്നത് ചുവരിന് അപ്പുറം നിന്നു ലക്ഷ്മി കേട്ടു…..

” കേസിന് ഒന്നും പോകേണ്ട.. അവന്റെ എന്താണെന്നു വെച്ചാല്‍ കൊണ്ടുപോയിക്കോട്ടെ.. ” ആകാശിനും അതേ അഭിപ്രായം ആയിരുന്നു …ദേവന്റെ അതേ പിടിവാശി ആണ് അക്ഷയ്ക്കും..

വസ്തു വീതം ചെയ്യാനും മറ്റുഃ എത്തിയപ്പോഴും അക്ഷയ് ലക്ഷ്മിയെയോ നന്ദനയെയോ നോക്കാന്‍ പോലും കൂട്ടാക്കിയില്ല.. അക്ഷയ് യെ ഒരു നോക്ക് കാണാനും മിണ്ടാനും നേരം വൈകും വരെ ലക്ഷ്മി കാത്തിരുന്നിട്ടും നിരാശ ആയിരുന്നു ഫലം…..

ദേവന്റെ ആണ്ടിന്റെ ചടങ്ങുകള്‍ കഴിഞ്ഞു രണ്ടു മാസം കഴിഞ്ഞപ്പോള്‍ നന്ദനയുടെ കല്യാണ ഒരുക്കങ്ങള്‍ തുടങ്ങി…

കല്യാണത്തിന് അക്ഷയ് യെ വിളിച്ചെങ്കിലും വരാന്‍ കൂട്ടാക്കിയില്ല..

” ചേട്ടാ.. കല്യാണത്തിന് ചേട്ടന്‍ വരണം .. അമ്മയുടെ ആഗ്രഹം ആണത്… ” .നന്ദന നേരിട്ട് പോയി വിളിച്ചു…..

” ഏത് അമ്മ… ആരുടെ അമ്മ… അവര്‍ എന്റെ അമ്മ ഒന്നും അല്ല….എന്റെ അച്ഛന്റെ മരണത്തിന് കാരണമെ അവരാണ്‌… ഇനി ഒരിക്കലും എനിക്കു ആ മുഖം കാണേണ്ട…

എന്നേക്കാള്‍ അവകാശം നിന്റെ വല്യേട്ടന് ആണെന്നല്ലേ പറഞ്ഞത്.. വല്യച്ചന്‍ അച്ഛനെ പോലെ ആണെന്നല്ലേ പറഞ്ഞത്…അപ്പോള്‍ നിനക്കും അവരെ മതി.. അതുകൊണ്ട് ഞാന്‍ വരില്ല… എന്നെ വിളിക്കാന്‍ ആരും വരേണ്ട.. ” അക്ഷയ് അവസാന വാക്കും പറഞ്ഞു നിര്‍ത്തി..

കല്യാണം കഴിയുവോളം അവന്‍ വരുമെന്നു ഒരു പ്രതീക്ഷ അവര്‍ക്ക് ഉണ്ടായിരുന്നു .. പക്ഷേ അവന്‍ വന്നില്ല…

” അമ്മേ.. അമ്മ വിഷമിക്കരുത്…വല്യച്ചന്റെയും വല്യേട്ടന്റെയും കൂടെ സന്തോഷമായി ജീവിക്കണം ..വല്യച്ചനെയും സങ്കടപെടുത്തരുത്.. ” കിഷോറിന്റെ വീട്ടിലേക്ക് പോകും മുന്നെ നന്ദന ലക്ഷ്മിയെ കെട്ടി പിടിച്ചു കരഞ്ഞു..

നന്ദന കൂടി പോയതോടെ ലക്ഷ്മി മുറിയ്ക്ക് പുറത്തെക്ക് ഇറങ്ങാതെയായി.. ..

ഹരിയും ആകാശും കഴിയുന്നത്ര നിര്‍ബന്ധിച്ചിട്ടും ലക്ഷ്മി അനുസരിക്കാന്‍ കൂട്ടാക്കിയില്ല.. ആഹാരം കഴിക്കാനും മടി കാട്ടി…

ഒരു ദിവസം തീരെ അവശയായ ലക്ഷ്മിയെ അവര്‍ ഹോസ്പിറ്റലില്‍ എത്തിച്ചു…

ടെസ്റ്റുകള്‍ ഒരുപാട് ചെയ്തു…

” മിസ്റ്റര്‍ ആകാശ് അവരുടെ ആരോഗ്യസ്ഥിതി വളരെ മോശമാണ്‌.. കൂടാതെ ഞങ്ങള്‍ക്ക് ചില സംശയങ്ങള്‍ ഉണ്ട്… ഒന്നു രണ്ടു ടെസ്റ്റുകളുടെ റിസള്‍ട്ട് കൂടി വരേണ്ടതുണ്ട്.. അടുത്താഴ്ച ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആക്കണം..തല്‍ക്കാലം വീട്ടില്‍ റെസ്റ്റ് എടുക്കട്ടെ .. ”

ഡോക്ടറോട് നന്ദി പറഞ്ഞിറങ്ങിയ ആകാശിനെ കാത്ത് ഹരി അക്ഷമയോടെ കാത്തിരിക്കുന്നുണ്ടായിരുന്നു….

” മോനെ … അമ്മയ്ക്കു എന്തു പറ്റി.. ‘ അയാളുടെ ശബ്ദം വിറച്ചു…

ചുരുങ്ങിയ വാക്കുകളില്‍ കുറച്ചു കാര്യങ്ങള്‍ ആകാശ് പറഞ്ഞു.. ഹരി കുറച്ചു സമയം ഒന്നും പറഞ്ഞില്ല.. ലക്ഷ്മിയുടെ അടുത്തേക്ക് നടന്നു.. അവിടെ കട്ടിലില്‍ ,മയങ്ങി കിടക്കുക ആയിരുന്ന ലക്ഷ്മിയുടെ അടുത്ത് ഇരുന്നു… അപ്പോള്‍ ആദ്യമായി ലക്ഷ്മിയെ കണ്ടതാണ് അയാള്‍ക്ക് ഓര്‍മ്മ വന്നത്..

ചെറിയ നെറ്റിയും വിടര്‍ന്ന കണ്ണുകളും നീണ്ട മൂക്കും തുടുത്ത കവിളുകളും ഉള്ള പെണ്‍കുട്ടി .. ആദ്യത്തെ കാഴ്ചയില്‍ തന്നെ തന്റെ ശ്രദ്ധ പിടിച്ചു പറ്റിയ മുഖം…

ആ മുഖമാണ് വാടിത്തളര്‍ന്ന താമരപോലെ കിടക്കുന്നത്…

ലക്ഷ്മിക്ക് ഒരുപാട് പ്രായം ആയതുപോലെ..

ഒരു കണക്കിന് താനാണ് എല്ലാത്തിനും കാരണം…ദേവന്റെ മരണത്തിനും ലക്ഷ്മിയുടെ ഈ അവസ്ഥയ്ക്കും എല്ലാം…

തന്റെ ജീവിതം കൈവിട്ടു പോയ തീരുമാനങ്ങള്‍ …ഹരി കണ്ണുകള്‍ മുറുകെ അടച്ചു…

തുടരും…