അവളു പോയാൽ അവളുടെ അനുജത്തി അതാണ് ഇപ്പോളത്തെ ട്രെൻഡ്…ഞാനും അങ്ങനെ…

മുറപ്പെണ്ണ്…

A story by അരുൺ നായർ

“” അത്തം കറുത്താൽ ഓണം തെളിയുമെന്നാണ് മോനെ അതുകൊണ്ട് അമ്മയുടെ മോൻ ഒട്ടും വിഷമിക്കേണ്ട…. “”

മുറപെണ്ണുമായുള്ള വിവാഹം കല്യാണ നിശ്ചയത്തിന്റെ അന്ന് തന്നെ അവൾ കാമുകന്റെയൊപ്പം ഒളിച്ചോടിയതു മൂലം മുടങ്ങി ആകെ നാട്ടുകാരുടെ മുൻപിൽ നാണംകെട്ടു ഇരിക്കുന്ന എന്നോടു അമ്മ സമാധാനിപ്പിക്കും പോലെ പറഞ്ഞു……

കൂട്ടുകാരുടെയും നാട്ടുകാരുടെയും മുൻപിൽ ആളാകാൻ ഞാനും തിരിച്ചു പറഞ്ഞു

“” അല്ലേലും ആർക്കാണ് അമ്മേ അവൾ പോയതിൽ വിഷമം, അവളു പോയാൽ അവളുടെ അനുജത്തി അതാണ് ഇപ്പോളത്തെ ട്രെൻഡ്…. ഞാനും അങ്ങനെ അങ്ങൊരു തീരുമാനം എടുക്കും കലിപ്പ് തീരുന്നില്ലെങ്കിൽ…. “”

എൻറെ പോസിറ്റീവ് ഡയലോഗ് കേട്ടപ്പോൾ അമ്മയ്ക്കും ആവേശമായി

“” ഇങ്ങനെ വേണം ആണുങ്ങൾ ആണെങ്കിൽ…. നമുക്ക് എങ്കിൽ അവളോട് പകരം ചോദിക്കാൻ അവളുടെ അനുജത്തിയെ ആലോചിച്ചാലോ മോനെ….. ആ പണ്ടാരത്തിനെ കല്യാണത്തിന് വിളിച്ചു നല്ലൊരു സദ്യയും കൊടുത്തു വിടണം അതാണ് വേണ്ടത്….. “”

ആരും കേൾക്കാതെ അമ്മയെ മാറ്റി നിർത്തി ഞാൻ പറഞ്ഞു.

“” അമ്മേ, അവൾ കോളേജിൽ പഠിക്കുന്ന കുട്ടിയാണ്…. ഇപ്പോൾ അങ്ങോട്ട്‌ കല്യാണം ആലോചിച്ചു ചെന്നാൽ അമ്മാവൻ ഓടിക്കും…. അതുകൊണ്ട് വേണ്ട…. “”

“” അതോർത്തു മോൻ വിഷമിക്കേണ്ട…. അമ്മാവനും നാട്ടുകാരുടെ മുൻപിൽ ആകെ നാറി ഇരിക്കുന്നത്കൊണ്ട് നമ്മളിപ്പോൾ എന്തു പറഞ്ഞാലും സമ്മതിക്കും….. നമുക്ക് അതു മുതലാക്കണം…. മാത്രവുമല്ല അമ്മയുടെ മോൻ ചേച്ചിയുടെ മുൻപിലൂടെ അനുജത്തിയുടെ കയ്യും പിടിച്ചു നടക്കുന്നത് ഈ അമ്മക്ക് കാണണം…..””

“” വേണ്ട അവൾക്കും വേറെ ഇഷ്ടക്കാർ ഉണ്ടാകും…. വയ്യ ഇനിയും ഇപ്പോളത്തെ പെൺപിള്ളേരുടെ മനസ്സ് മനസ്സിലാകാതെ എല്ലാവരുടെയും മുൻപിലൊരു കോമാളി ആകാൻ…. അമ്മ വേറെ വല്ല കുടുംബത്തിൽ നിന്നും ആലോചിക്കൂ…… “”

അമ്മയോട് ഞാൻ അങ്ങനെ പറഞ്ഞു എങ്കിലും അമ്മ പിന്നെയും അമ്മാവന്റെ മകളുടെ ആലോചനയുമായി വരുമെന്നു അറിയാമായിരുന്നതിനാൽ ഞാൻ അവളെ കുറിച്ചൊന്നു രഹസ്യമായി അന്വേഷിച്ചപ്പോൾ അവളുടെ അടുത്ത കൂട്ടുകാരിക്ക് പോലും അവൾക്കൊരു കാമുകൻ ഉണ്ടെന്നു മാത്രമേ അറിയു,,, ആരാണെന്നു അറിയില്ല എന്നുള്ള അറിവാണ് കിട്ടിയത്….അവൾക്കെല്ലാം ഭയങ്കര സീക്രെട് ആണ്….. നന്നായി കല്യാണം ആലോചിക്കും മുൻപ് ഇതൊക്കെ അറിഞ്ഞത്…. ഭാഗ്യം അതുകൊണ്ട് ഇത്തവണ നാറിയില്ല…..

എൻറെ പ്രതീക്ഷ പോലെ തന്നെ അമ്മക്ക് ആങ്ങളയോട് ഉള്ള സ്നേഹം കൊണ്ട് അമ്മ അമ്മാവനെയും അമ്മായിയേയും അവരുടെ രണ്ടാമത്തെ മോളെയും കൂട്ടി വീട്ടിലേക്കു വന്നു…. അവരുടെ പരസ്പരം ഉള്ള സംസാരത്തിനു ശേഷം എൻറെ അഭിപ്രായം ചോദിച്ചപ്പോൾ എനിക്കു ദേഷ്യം കൊണ്ട് അടിമുടി ഇരച്ചു കയറി …അമ്മാവനും കുടുംബവും ആണെന്ന് നോക്കാതെ ഞാൻ അലറി…..

“” ഇറങ്ങി പോകുന്നുണ്ടോ നിങ്ങളുടെ രണ്ടാമത്തെ വിത്തിനെ കൊണ്ട് എൻറെ വീട്ടിൽ നിന്നും…. മൂത്തതിന്റെ സ്വഭാവഗുണം കൊണ്ടു തന്നെ മനുഷ്യന് ഇപ്പോൾ വെളിയിൽ ഇറങ്ങി നടക്കാൻ വയ്യ അപ്പോൾ കൊണ്ടു വന്നേക്കുകയാണ് അടുത്തതിനെയും കൊണ്ട്…. മൂത്തവൾ ഓട്ടോക്കാരന്റെ കൂടെ അല്ലേ പോയത് ഇവൾ വല്ല ബസ് ഡ്രൈവറിന്റെ കൂടെ പോകാതെ നോക്കിക്കോ … എനിക്കൊന്നും വേണ്ട നിങ്ങളുടെ പി ഴച്ച സന്തതികളെ….. “”

പറയുന്നത് കുറച്ചു കടുത്ത വാക്കുകൾ ആണെന്ന് എനിക്കു അറിയാമായിരുന്നു എങ്കിലും എനിക്കുണ്ടായ നാണക്കേട് മനസ്സിൽ നിന്നും മായാഞ്ഞതുകൊണ്ട് എനിക്കു ഒരു ദുഖവും തോന്നിയില്ല…..

മോനെ നീ ആരോടാ സംസാരിക്കുന്നത് ഓർമ്മ വേണമെന്നുള്ള അമ്മയുടെ വാക്കുകൾക്കും ഞാൻ അന്നേരം പ്രാധാന്യം നൽകിയില്ല…..

മൂത്തവൾ കാണിച്ച തെമ്മാടിത്തരത്തിനു അവൻ എന്നെ തല്ലി ഇല്ലല്ലോ ഇത്രയുമല്ലേ പറഞ്ഞോളു, അവന്റെ മനസ്സൊന്നു തണുക്കട്ടെ അതുവരെ ക്ഷമിക്കാം നമുക്ക് എന്നും പറഞ്ഞു അമ്മാവനും കുടുംബവും പോകാൻ ഇറങ്ങുമ്പോൾ ഇനി ഈ ആവശ്യവും ഉന്നയിച്ചു അവർ ഇങ്ങോട്ട് വരരുതേ എന്നാണ് ഞാൻ മനസ്സിൽ പ്രാർഥിച്ചത്…..

ദിവസങ്ങൾ കുറച്ചങ്ങു പോയി കഴിഞ്ഞപ്പോൾ ജോലി സ്ഥലത്തു എന്നെ കാണാൻ രണ്ടുപേർ വന്നിട്ടുണ്ടെന്ന് പീയൂൺ പറഞ്ഞപ്പോൾ ഞാൻ ഇറങ്ങി വെളിയിലോട്ടു ചെന്നു…. ചെന്നതും ഞാൻ കണ്ടു ഞാൻ ഇനി ഒരിക്കലും കാണരുതെന്ന് പ്രാർത്ഥിച്ച രണ്ടു രൂപങ്ങൾ എൻറെ മുൻപിൽ വന്നു നില്കുന്നു….

“”എന്താണ് വേണ്ടത്….. ഇനിയും കൂടുതൽ നാണംകെടുത്താൻ ആണെങ്കിൽ ഞാൻ മോശമായി പ്രതികരിച്ചു പോകും…. എനിക്കു നിങ്ങളോട് ഒന്നും സംസാരിക്കാൻ ഇല്ല…. നാണം ഇല്ലാല്ലോടി എന്നാലും ഈ ഓട്ടോക്കാരൻ തെ ണ്ടിക്ക് വേണ്ടി എന്നെ വേണ്ടെന്നുവെക്കാൻ….. “”

“” ഏട്ടൻ ഞങ്ങളോട് ക്ഷമിക്കണം…. അറിയാം, പൊറുക്കാൻ വയ്യാത്ത തെറ്റാണു ഞങ്ങൾ ചെയ്തതെന്ന്…. ഞങ്ങൾ കാരണം ഒരുപാട് നാണംകെട്ടു എന്നും അറിയാം…. പക്ഷെ അതല്ലാതെ എൻറെ മുൻപിൽ വേറെ മാർഗം ഇല്ലായിരുന്നു ഏട്ടാ…. “”

“” ഇതൊക്കെ എല്ലാ പെണ്ണുങ്ങളും പറയുന്നതാണ്…. സംസാരത്തിൽ പുതുമ ഒന്നും ഇല്ല…. കൂടുതൽ ഒന്നും ഇല്ലെങ്കിൽ നിങ്ങൾ പോകുക ആയിരുന്നു എങ്കിൽ എനിക്കു എൻറെ ജോലി ചെയ്യാമായിരുന്നു…..””

“”ഏട്ടാ, ഏട്ടന് അറിയുമോ കഴിഞ്ഞ എട്ടു വർഷമായി ഞങ്ങൾ ഇഷ്ടത്തിൽ ആണ്… ഞങ്ങൾ ഒരുമിച്ചു പ്ലസ്‌ ടു പഠിച്ചതാണ്…. പിന്നെ വീട്ടിലെ കഷ്ടപ്പാട് കൊണ്ട് ഓട്ടോ ഓടിക്കുകയാണ്…. അതും പറഞ്ഞു പ്രണയിച്ച പെണ്ണിനു ഇട്ടിട്ടു പോകാൻ പറ്റുമോ… ഇതൊക്കെ വീട്ടിലും അറിയാം…. പക്ഷെ അമ്മായിയും അച്ഛനും കൂടി പെട്ടന്ന് എല്ലാം തീരുമാനിച്ചപ്പോൾ ഞങ്ങൾക്കും എന്തു ചെയ്യണമെന്ന് അറിയാതെ ആയി…ഏട്ടനോട് ഞാൻ തുറന്നു പറയും പറഞ്ഞപ്പോൾ അച്ഛനും അമ്മയും മരിക്കും പറഞ്ഞു അതാണ് എല്ലാവരും ഉള്ളപോൾ നിശ്ചയത്തിന്റെ അന്ന് ഞങ്ങൾ പോകാൻ തീരുമാനിച്ചത്…. ക്ഷമിക്കണം എന്നു ഞാൻ പറയില്ല പക്ഷെ എന്നെ ഏട്ടൻ മനസ്സിലാക്കണം…. പിന്നെ ഞാൻ ഏട്ടനെ കുഞ്ഞു ആയിരുന്നപ്പോൾ തൊട്ടു സ്വന്തം ഏട്ടൻ ആയിട്ടേ കണ്ടിട്ടുള്ളു…. “”

“” അതെന്തിനാണ് അമ്മാവൻ കാര്യങ്ങൾ എല്ലാം അറിഞ്ഞിട്ടു നിന്നേ എൻറെ തലയിൽ കെട്ടിവെക്കാൻ നോക്കിയത്…. “”

“” അതു ഏട്ടന്റെ സ്വത്ത്, സൗന്ദര്യം പിന്നെ നല്ല ജോലി, നല്ല സ്വഭാവം…ഇത്രയുമൊക്കെ പോരെ ഏട്ടനെ പോലെ ഒരാളെ മരുമകനായി കിട്ടാൻ ഒരാൾ ആഗ്രഹിക്കാൻ…. അതു തന്നെ എൻറെ അച്ഛനും ചെയ്തു…. “”

എനിക്കവളുടെ ആ സംസാരം കേട്ടപ്പോൾ ചിരി വന്നു … ചിരിയെ തടഞ്ഞു നിർത്തിക്കൊണ്ട് ഞാൻ അവളോട് പറഞ്ഞു…..

“”അമ്മാവൻ ഇപ്പോളും ആ ദൗത്യം ഉപേക്ഷിച്ചിട്ടില്ല കേട്ടോ…. നിൻറെ അനുജത്തിയുമായി വന്നിരുന്നു വീട്ടിൽ…. നിന്നോടുള്ള ദേഷ്യത്തിന് അവളുടെ കഴുത്തിൽ താലി കെട്ടാൻ പറഞ്ഞു… ഞാൻ ഓടിച്ചു എല്ലാത്തിനെയും…..””

“” ഏട്ടനോട് ഒരു കാര്യം പറഞ്ഞാൽ വീട്ടിൽ പോയി ദേഷ്യപ്പെടരുത്…. എൻറെ അച്ഛനു ഏട്ടന്റെ സ്വത്ത് കിട്ടാതെ ഉറക്കം വരില്ല…. അതു അങ്ങനത്തെ ഒരു മനുഷ്യൻ ആണ് പക്ഷെ എൻറെ അനുജത്തിക്ക് ഏട്ടൻ എന്നു പറഞ്ഞാൽ ജീവനാണ്…. എനിക്കു അറിയാം അതു… സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടു ബുക്കിൽ മുഴുവൻ ഏട്ടന്റെ പടവും വരച്ചു ഇഷ്ടം എഴുതി നടക്കുമായിരുന്നു….. ഇതുവരെ അവളോട് ഏഴു പേര് ഇഷ്ടം ആണെന്ന് പറഞ്ഞു അവരോട് എല്ലാം അവൾക്കൊരു പ്രണയം ഉണ്ടെന്നു പറഞ്ഞു അവൾ ഓടിച്ചു…. അത്രക്കും ഇഷ്ടമാണ് ഏട്ടനെ അവൾക്കു…. നമ്മുടെ കല്യാണം ആലോചിച്ചപ്പോൾ സത്യത്തിൽ എന്നേക്കാൾ പേടിച്ചതും അവൾ ആണ്…. അവൾക്കു പിന്നെ കാര്യങ്ങൾ എല്ലാം അറിയാവുന്നതുകൊണ്ട് കുറച്ചു ആശ്വാസം ഉണ്ടായിരുന്നു മാത്രം….. “”

എനിക്കു അവളുടെ വാക്കുകൾ വിശ്വസിക്കാൻ കഴിഞ്ഞില്ല….. എന്നെയും ഒരു പെണ്ണ് സ്നേഹിക്കുന്നു അറിഞ്ഞ സന്തോഷത്തിൽ ഞാൻ അവളോട് പറഞ്ഞു….

“” ഓഹോ ഇതിനിടക്ക്‌ അങ്ങനെ ഒരു സംഗതി ഉണ്ടോ…. എങ്കിൽ പിന്നെ ഇനി ഒരുത്തൻ വന്നു കൊത്തും മുൻപ് ആ കഴുത്തു എങ്കിലും ഞാൻ സ്വന്തം ആക്കിയേക്കാം അല്ലേ…. പിന്നെ ഇപ്പോൾ എനിക്കു തോന്നുന്നു നീ ഒളിച്ചോടി പോയത് നന്നായെന്ന് അതുകൊണ്ട് അല്ലേ എനിക്കു എന്നെ ഇത്രയും സ്നേഹിക്കുന്ന അവളെ കിട്ടുന്നത്….. “”

“” എങ്കിൽ ഞങ്ങൾ ഇറങ്ങുകയാണ് ഏട്ടാ, ഈ സത്യങ്ങൾ അറിയിക്കാൻ വന്നതാണ്…. പിന്നെ നിങ്ങളുടെ കല്യാണത്തിന് വിളിക്കണം കേട്ടോ അച്ഛൻ മിക്കവാറും ഞങ്ങളെ വിളിക്കില്ല അതുകൊണ്ട് പറഞ്ഞതാണ്….. “”

ഉറപ്പായും വിളിക്കും പറഞ്ഞു സമാധാനിപ്പിച്ചുകൊണ്ട് ഞാൻ അവരെ യാത്ര ആക്കി…. അന്നേരം തൊട്ടു എൻറെ മനസ്സിൽ ഞാൻ അപമാനിച്ചു അമ്മാവന്റെ ഒപ്പം പറഞ്ഞു വിട്ട എന്നെ ഞാൻ അറിയാതെ ഒരുപാട് സ്നേഹിക്കുന്ന അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ ആയിരുന്നു…. കൂടുതൽ ജോലി ഒന്നും ചെയ്യാൻ എനിക്കു കഴിഞ്ഞില്ല…. ഞാൻ പെട്ടന്ന് ലീവ് എഴുതി കൊടുത്തു വണ്ടിയും എടുത്തുകൊണ്ട് അവളുടെ കോളേജിലേക്ക് പോയി…. ഞാൻ ഡിപ്പാർട്മെന്റിൽ പോയി അന്വേഷിച്ചു ക്ലാസ് കണ്ടു പിടിച്ചു…. ആ മണിക്കൂറിൽ ക്ലാസ് ഉണ്ടായിരുന്നില്ല…. അവളുടെ കൂട്ടുകാർ എല്ലാം ഓടി മറിഞ്ഞു ക്ലാസ്സിൽ നടക്കുമ്പോൾ ഞാൻ കണ്ടു ആരോടും മിണ്ടാതെ ഒരു മൂലയ്ക്ക് ഒറ്റയ്ക്ക് ഇരുന്നു എന്തോ എഴുതുന്ന അവളെ…….ഞാൻ അവളെ പേര് വിളിച്ചു ഇറക്കി… പെട്ടന്ന് ബുക്ക്‌ എടുത്തു വെച്ചു അവൾ എൻറെ അടുത്തേക്ക് വന്നു…. വാ വീട്ടിലേക്കു പോകാമെന്നും പറഞ്ഞു ഞാൻ വിളിച്ചപ്പോൾ സന്തോഷത്തോടെ അവൾ ഇറങ്ങി വന്നപ്പോൾ തന്നെ അവളുടെ ചേച്ചി പറഞ്ഞതെല്ലാം സത്യം ആണെന്ന് എനിക്കു ബോധ്യമായി…..

വണ്ടിയിൽ കയറിയതും ഞാൻ അവളോട് ചോദിച്ചു “” എന്താ ക്ലാസ്സിൽ അടിച്ചു പൊളിക്കാത്തതു…. എന്താണ് എഴുതികൊണ്ട് ഇരുന്നത്…. “”

“” എഴുതുക അല്ലായിരുന്നു…. ഞാൻ വരക്കുക ആയിരുന്നു എൻറെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരാളെ…. “”

അതും പറഞ്ഞവൾ ബുക്ക്‌ മുഴുവൻ കാണിച്ചപ്പോൾ അതിൽ മുഴുവൻ എൻറെ പടം…. ശരിക്കും എനിക്കു അത്രയും സൗന്ദര്യം ഉണ്ടെന്നുള്ള കാര്യം അവളുടെ പടം വരയിലൂടെ ആണെനിക്ക് മനസ്സിലായത്….. ഞാൻ സ്നേഹപൂർവ്വം അവളോട് പറഞ്ഞു…..

“”അതെ ഇനി ഒന്നും നോക്കണ്ട എന്നെ കെട്ടിപിടിച്ചു ഇരുന്നോ…. നമുക്ക് നാട്ടുകാർക്കും വീട്ടുകാർക്കും ഒരു സർപ്രൈസ് കൊടുക്കാം ഇങ്ങനെ തിരിച്ചു ചെന്നു….. “”

“” അപ്പോൾ ഏട്ടന് ഇപ്പോൾ ഈ മുറപ്പെണ്ണിനെ വിശ്വാസം ആയോ…. അതോ ഈ വിത്തും അസുരവിത്ത് ആണോ…. “”

“” ഒന്നു പോടീ… ഒരു മുറപ്പെണ്ണ് വരുത്തി വെച്ച നാണക്കേട് മറ്റൊരു മുറപ്പെണ്ണ് മാറ്റുന്നു അത്രയും കരുതിയാൽ മതി…. പക്ഷെ ഇപ്പോൾ എനിക്കു തോന്നുന്നു നിൻറെ ചേച്ചി ഈ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ശരി ആ ഒളിച്ചോട്ടം ആയിരുന്നു എന്നു…..””

അത്രയും പറഞ്ഞു ഞാൻ വണ്ടിയിൽ എന്നെയും കെട്ടിപിടിച്ചു ഇരിക്കുന്ന എൻറെ മുറപ്പെണ്ണിനെയും കൊണ്ട് പറക്കുമ്പോൾ അമ്മ പറഞ്ഞത് പോലെ അത്തം കറുത്ത് പോയെങ്കിലും എൻറെ ഓണം നല്ല തെളിഞ്ഞു വരികയായിരുന്നു……

Leave a Reply

Your email address will not be published. Required fields are marked *