അച്ഛാ എനിക്ക് ആ കുട്ടിയെ വിവാഹം കഴിച്ചാൽ മതി. അച്ഛൻ എനിക്ക് വേണ്ടി സമ്മതിക്കണം…

Story written by GAYATHRI

“അച്ഛാ എനിക്ക് ആ കുട്ടിയെ വിവാഹം കഴിച്ചാൽ മതി.. അച്ഛൻ എനിക്ക് വേണ്ടി സമ്മതിക്കണം..”

“അതു നടക്കില്ല അഭി.. നമ്മുക്ക് ചേർന്ന ഒരു ബന്ധം അല്ല അത്.. കൂടാതെ പെണ്ണ് ഒരു നേഴ്സും.. “

അത്രെയും നേരം ദയനീയമായിരുന്ന അവന്റെ മുഖത്ത് പുച്ഛം നിറഞ്ഞു..

“അച്ഛന് അല്പം നന്ദി പോലും ആ കുട്ടിയോട് തോന്നുന്നില്ലേ.. നാലു മാസം ഇവിടെ അനങ്ങാതെ കിടന്നപ്പോൾ അച്ഛൻ ഇപ്പോൾ പറഞ്ഞ ആ നേഴ്സ് ആണ് ഒരു പ്രതിഫലവും വാങ്ങാതെ വിളിക്കുമ്പോൾ വന്ന്‌ അച്ഛന്റെ മലമൂത്ര വിസർജ്യങ്ങൾ എടുത്തുകൊണ്ടിരുന്നത്.. അന്ന് നമ്മുക്ക് എല്ലാം കൊണ്ടും ചേർന്ന ഏട്ടത്തിയെ അച്ഛനെ ക്ലീൻ ചെയ്യാൻ പഠിപ്പിക്കാം എന്നു അവൾ പറഞ്ഞപ്പോൾ എഞ്ചിനീയർ ആയ ഏട്ടത്തി പറഞ്ഞത് i cant do it എന്നാണ്.. അച്ഛനെ ഒരു കുഞ്ഞിനെ പോലെ നോക്കിയില്ലേ അവൾ.. പണ്ടെന്നോ അച്ഛൻ അവളുടെ അച്ഛന് ചെയ്ത സഹായത്തിന്റെ പേരിൽ ഒരു രൂപ പോലും വാങ്ങിക്കാതെ അല്ലെ ഇവിടെ വന്ന്‌ സേവനം നടത്തിയത്.. എനിക്ക് അവളോടു പ്രണയം മാത്രം അല്ല ആരാധനയാണ് ബഹുമാനമാണ്… നാളെ ഒരിക്കൽ ഞാൻ വീണു കിടന്നാലും എന്നെ നോക്കുമെന്നുള്ള വിശ്വാസമാണ്.. എനിക്ക് എന്തായാലും വേറൊരു വിവാഹം ഉണ്ടാകില്ല.. അച്ഛന് ഇഷ്ടമുണ്ടെങ്കിൽ ഇതിനു സമ്മതിക്കണം.. ” അഭി റൂമിലേക്കു പോയി..

ബിസിനെസ്സ്കാരനായ ശേഖരൻ തമ്പി ഒരു അപകടം പറ്റി കാലുകൾ അനക്കാൻ കഴിയാതെ കിടക്കുകയായിരുന്നു ഏകദേശം നാലു മാസങ്ങൾ.. ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ ഹോം നഴ്സിനെ നിർത്തിയിരുന്നുവെങ്കിലും.. ശേഖരൻ തമ്പിയുടെ മുരടൻ സ്വഭാവം കാരണം അവർ ജോലി കളഞ്ഞു പോയി..

പിന്നീട് ആരെയും സഹയത്തിന് കിട്ടാതിരുന്നപ്പോൾ ആണ്‌ അവരുടെ അയൽവാസി കൂടിയായ മേഘയെ സഹായത്തിനു വിളിച്ചത്.. അടുത്ത് ഒരു ക്ലിനിക്കിൽ ജോലി ചെയ്യുന്ന മേഘ അവരുടെ സഹായത്തിനായി എത്തി.. ഭാര്യ മരിച്ച ശേഖരൻ തമ്പിയുടെ കാര്യങ്ങൾ ഒരു മകളെ പോലെ നിന്നു അവൾ ചെയ്തു നൽകി..

നേഴ്സായ അവൾക്ക് ഇതൊന്നും പുതിയ കാര്യങ്ങൾ അല്ലെങ്കിലും അഭിക്ക് ഇതൊക്കെ പുതിയ അനുഭവങ്ങൾ ആയിരുന്നു.. വീട്ടിൽ ഉള്ളവർ പോലും ചെയ്യാൻ മടിച്ച കാര്യങ്ങൾ ഒരു മടിയും കൂടാതെ ചെയ്ത അവളോട് ആരാധനയായിരുന്നു.

അഭിയുടെ അച്ഛൻ പരസഹായം കൂടാതെ കാര്യങ്ങൾ ചെയ്യാൻ തുടങ്ങിയപ്പോൾ അവൾക്ക് നല്ല ഒരു പ്രതിഫലം നൽകിയെങ്കിലും അവൾ സ്നേഹത്തോടെ അത് നിരസിച്ചു.. അവളുടെ പഠന സമയത്തു കാശിനു ബുദ്ധിമുട്ട് വന്നപ്പോൾ ഒരിക്കൽ അയാൾ അവളുടെ അച്ഛനെ സഹായിച്ചിരുന്നു എന്നതാണ് അവൾ അതിനു കാരണം പറഞ്ഞത്.. നന്മയുള്ള ആ മനസ്സിനോട് പ്രണയം തോന്നാൻ വേറൊരു കാരണങ്ങളും അഭിക്ക് തടസ്സമായിരുന്നില്ല..

ശേഖരൻ തമ്പി മകന്റെ വാക്കുകൾ തന്റെ മനസ്സിലിട്ടു വീണ്ടും വീണ്ടു ചിന്തിച്ചു.. അവന്റെ വാക്കുകൾ ശരിയാണെന്നു അയാൾക്കും തോന്നി തുടങ്ങി.. അവന്റെ ആഗ്രഹത്തിന് തടസ്സം നിക്കാൻ കുടുംബത്തിൽ ഒരുപാട് പേരുണ്ടായിരുന്നെങ്കിലും അയാൾ മകന്റെയൊപ്പം നിലകൊണ്ടു.. അധികം വൈകാതെ തന്നെ അഭിയുടെ കൈയ്യും പിടിച്ചു മേഘ ആ വീട്ടിലേക്ക് വന്നു മരുമകൾ ആയല്ല മകളായി.. അവളെ മാത്രമല്ല അവളുടെ ജോലിയെയും സ്നേഹിക്കുന്ന ഒരാളെ ലഭിച്ചതാണ് അവൾക്ക് കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യം..

അവസാനിച്ചു