ഇനി എൻറെ ജീവിതത്തിൽ ഒരു പെണ്ണ് വേണ്ടെന്നു തീരുമാനിക്കാനും എനിക്കു അധികം ആലോചിക്കേണ്ടി വന്നില്ല…

മനപ്പൊരുത്തം

Story written by അരുൺ നായർ

“” മനസ്സുകൾ തമ്മിലൊരു പൊരുത്തം ഉണ്ടെങ്കിൽ അല്ലേ ഹരിയേട്ടാ ഒരുമിച്ചു ജീവിച്ചിട്ട് കാര്യമുള്ളൂ,,, അതുകൊണ്ട് മനഃപൊരുത്തം ഉള്ളവരുടെ കൂടെ ജീവിച്ചാൽ മാത്രമല്ലേ മാനസികമായി ആണേലും ശാരീരികമായി ആണേലും ജീവിതത്തിനു ഒരു സുഖം കിട്ടു…… അതുകൊണ്ട് ഹരിയേട്ടൻ എന്നെ ഇനി അന്വേഷിക്കരുത് ഞാൻ നമ്മുടെ ഫേസ്‌ബുക്ക് സുഹൃത്ത് ആയ മനുവുമായി ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു…… ഞങ്ങൾക്ക് ഒരു തടസ്സമാകരുത് ഹരിയേട്ടൻ…. “”

ജോലി കഴിഞ്ഞു ഉച്ചക്ക് ചോറ് കഴിക്കാൻ വന്ന എന്നോട് ഒരു ദയയുമില്ലാതെ എൻറെ ഭാര്യ അച്ചു പറഞ്ഞു…. ഒരു ഞെട്ടലോടെ മാത്രമേ എനിക്കതു കേൾക്കാൻ സാധിച്ചുള്ളൂ…. ഇന്നലെ രാത്രി വരെ എൻറെ നെഞ്ചത്തെ രോമങ്ങളിൽ തലോടി കളിച്ചവളുടെ മാറ്റം കണ്ടിട്ട്….. എന്നോടു മനഃപൊരുത്തം ഇല്ലെന്നു പറഞ്ഞെങ്കിലും കുഞ്ഞിന് വേണ്ടി ഞാനവളെ തടയാൻ ശ്രമിച്ചു…..

“”അച്ചു,,, നമ്മുടെ കുഞ്ഞിനെ ഓർത്തെങ്കിലും നീ ഇങ്ങനെയൊരു മണ്ടൻ തീരുമാനം എടുക്കരുതെന്ന്””” ഞാൻ പറഞ്ഞപ്പോൾ കുഞ്ഞിന്റെ കവിളിൽ ഒരു നുള്ളും കൊടുത്തു

“”അമ്മ പോകുവാണെടാ മുത്തേ, അമ്മയ്ക്കും വേണ്ടേ സന്തോഷവും സുഖവുമൊക്കെ”” എന്നും പറഞ്ഞു കാര്യമറിയാതെ കരഞ്ഞുകൊണ്ട് ഇരിക്കുന്ന ഞങ്ങളുടെ മകളെയും എന്നെയും നോക്കി ചിരിച്ചുകൊണ്ട് അവൾ ഇറങ്ങി പോയി….പോകുമ്പോൾ ഞാൻ നോക്കി,, കഴിഞ്ഞ ആഴ്ച ഞങ്ങളുടെ മൂന്നാം വിവാഹവാർഷികത്തിന് ഞാൻ മേടിച്ചു കൊടുത്ത മഞ്ഞ സാരി തന്നെയാണ് അവൾ ഉടുത്തിരുന്നത്…..

ഒന്നര വയസ്സുള്ള ഞങ്ങളുടെ അമ്മുക്കുട്ടിക്ക് അമ്മ ഇറങ്ങി പോകുന്നത് കണ്ടിട്ട് ഒന്നും മനസ്സിലായില്ലെങ്കിലും അമ്മ അടുത്തു ഇല്ലാത്തതുകൊണ്ട് അവൾ കരയുമ്പോൾ അവളെ നെഞ്ചോടു ചേർത്തു കിടത്തുമ്പോൾ ഞാൻ മനസ്സിൽ ഉറപ്പിക്കുകയായിരുന്നു ഇനി ഞാൻ തന്നെയാണ് എൻറെ മകൾക്കു അമ്മയും അച്ഛനും എല്ലാമെന്നു…..

ഇനി എൻറെ ജീവിതത്തിൽ ഒരു പെണ്ണ് വേണ്ടെന്നു തീരുമാനിക്കാനും എനിക്കു അധികം ആലോചിക്കേണ്ടി വന്നില്ല… അത്രക്കും ക്രൂരമായാണ് അവൾ എൻറെ മുൻപിൽ നിന്നും ഇറങ്ങി പോയത്…. നിൻറെ മുൻപിലൂടെ ഇറങ്ങി പോയിട്ടും നീയൊന്നു തടഞ്ഞില്ലല്ലോടാ ആണും പെണ്ണും കെട്ടവനെ എന്നുള്ള ചോദ്യം ആൾക്കാരിൽ നിന്നും ഉണ്ടായിട്ടും എനിക്കു പ്രത്യേകിച്ചു ഒന്നും തന്നെ തോന്നിയില്ല…മനസ്സ് കൊണ്ട് അവൾ കുഞ്ഞിനെ എങ്കിലും സ്നേഹിച്ചിരുന്നു എങ്കിൽ ഇങ്ങനെ ഒന്നും ചെയ്യാൻ അവൾക്കു സാധിക്കില്ലെന്ന് എനിക്കു ഉറപ്പായിരുന്നു….. കുഞ്ഞിനോട് പോലും സ്നേഹവും ആത്മാർത്ഥയും ഇല്ലാത്തവളെ എനിക്കു എന്തിനാണ്…..

ഭാര്യ ഇറങ്ങി പോയി കുറച്ചുകാലം കഴിഞ്ഞപ്പോൾ പോയവൾ പോട്ടെ, നമുക്ക് കുഞ്ഞിനെ നോക്കാൻ വേണ്ടിയെങ്കിലും പുതിയൊരു പെണ്ണിനെ നോക്കാം മോനെ എന്നുള്ള എൻറെ വീട്ടുകാരുടെ ആവശ്യത്തിനും എൻറെ തീരുമാനം മാറ്റാൻ കഴിഞ്ഞില്ല….. കുഞ്ഞിന് ഞാൻ ഉണ്ട്, ഞാൻ മാത്രം മതിയെന്ന് തറപ്പിച്ചു തന്നെ ഞാൻ ഉത്തരം കൊടുത്തു…..

ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ ഞാൻ തന്നെ എൻറെ അമ്മുകുട്ടിയുടെ കാര്യങ്ങൾ എല്ലാം നോക്കി…. കുഞ്ഞിന് മൂന്നു വയസ്സായപ്പോൾ ഒരു ദിവസം പാർക്കിൽ ഞാൻ കളിപ്പിക്കാൻ കൊണ്ടു പോയി….. ഞാൻ കുഞ്ഞിനേയും കളിപ്പിച്ചു കൊണ്ട് ഇരുന്നിട്ട് ഒരു ഫോൺ വന്നപ്പോൾ സംസാരിക്കാനായി പോയി…. കൂടെ അമ്മ വരാറുള്ളതുകൊണ്ട് എനിക്കു തിരക്ക് വരുമ്പോൾ അമ്മക്ക് വയ്യെങ്കിലും അമ്മ തന്നെ നോക്കും…. ഞാൻ ഫോൺ വിളിച്ചിട്ട് തിരിച്ചു വന്നപ്പോൾ എൻറെ അമ്മ അടുത്തു ഇരിപ്പുണ്ടെങ്കിലും കുഞ്ഞിനെ കളിപ്പിക്കുന്നത് വേറെയൊരു പെണ്ണ്….എനിക്കു പെട്ടന്ന് അതു കണ്ടപ്പോൾ ദേഷ്യം തോന്നി…. ഞാൻ പോയി മോളെ മേടിച്ചിട്ട് നിങ്ങൾ എന്തിനാണ് എൻറെ കുഞ്ഞിനെ എടുത്തത് എന്ന് പറഞ്ഞു വഴക്ക് ഉണ്ടാക്കി…. കുഞ്ഞു കൂടെ ഉള്ളതുകൊണ്ട് എൻറെ വായിൽ ആസമയത്ത് വികടസരസ്വതി പദങ്ങൾ വിളയാടി ഇല്ലെന്നു പറയാം….. എൻറെ ചീത്തകേട്ടു ഒന്നും മിണ്ടാതെ കണ്ണും തുടച്ചു ആ പെണ്ണ് അവളുടെ മാതാപിതാക്കളുടെ അടുത്തേക്ക് പോയി…..

അവൾ പോയി കഴിഞ്ഞപ്പോൾ അമ്മ എന്നോടു അവളെ കല്യാണം ആലോചിച്ചാലോ എന്നു ചോദിച്ചു….രാധിക എന്നാണ് പേര്, നല്ല കുട്ടി ആണെടാ…. എനിക്കു ദേഷ്യം വന്നു അമ്മയെ കടിച്ചു കീറി ഇല്ലെങ്കിലും എനിക്കു അമ്മയുടെ ആ സംസാരം അധികമെങ്ങു ഇഷ്ടമായില്ല…. ഞാനത് അമ്മയെ അറിയിക്കുകയും ചെയ്തു….

“” നിനക്കു വേണ്ടെങ്കിൽ വേണ്ട, നിന്നേ പോലെ തന്നെ ഡിവോഴ്സ് ആയ കൊച്ചാണ് അതാണ് അമ്മ ആലോചിക്കാം പറഞ്ഞത്….. പിന്നെ അവൾക്കു നമ്മുടെ അമ്മുകുട്ടിയെ ഭയങ്കരമായി ഇഷ്ടപ്പെട്ടു…. അതു മാത്രമല്ല മോനെ അമ്മയുടെ കാലം കഴിഞ്ഞാൽ, മറക്കരുത് നിനക്കൊരു പെങ്കൊച്ചാണ്, പെട്ടന്ന് വളരും ആ വളർച്ചയിൽ അവൾക്കൊരു അമ്മയുടെ സ്നേഹവും പരിചരണവും ആവശ്യമാണ്….. ഇതിൽ കൂടുതലൊന്നും അമ്മക്ക് മകനോട് പറഞ്ഞു തരാൻ ഇല്ല…. “”

പാർക്കിൽ നിന്നും തിരിച്ചു വീട്ടിലെത്തിയെങ്കിലും എന്റെയുള്ളിൽ നിറയെ അമ്മയുടെ വാക്കുകൾ ആയിരുന്നു…. അമ്മ പറഞ്ഞ കാര്യം ഞാൻ ഒരുപാട് ചിന്തിച്ചു…അവസാനം എനിക്കു മനസ്സിലായി ഞാൻ ഈ ചെയ്യുന്ന വാശി ഒക്കെ നശിപ്പിക്കുന്നത് എൻറെ കുഞ്ഞിന് കിട്ടേണ്ട മാതൃ സ്നേഹം ആണെന്ന്….. മാത്രമല്ല മോൾ കുറച്ചുകൂടി വലുത് ആയാൽ അമ്മയോട് മാത്രം എളുപ്പം പറയാൻ പറ്റുന്ന കാര്യങ്ങൾ മോൾക്ക്‌ ഉണ്ടാവും…. അതുകൊണ്ട് പിടിവാശി ഉപേക്ഷിക്കാമെന്നു ഞാൻ തീരുമാനിച്ചു…..

അടുത്ത ദിവസം തന്നെ ഞാൻ അമ്മയോട് ആ കല്യാണം ആലോചിച്ചോളാൻ പറഞ്ഞു കൂടെയൊരു നിബന്ധനയും….. “”

അമ്മേ, പിന്നെയൊരു കാര്യം അവരോട് എൻറെ പഴയ കാലങ്ങൾ ചോദിച്ചു വിഷമിപ്പിക്കരുത് പറയണം…. ഞാനും തിരിച്ചു ആ മര്യാദ കാണിക്കാം…. “” ഞങ്ങൾ ആലോചനയുമായി പോയപ്പോൾ തന്നെ അവർക്കു രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല…. സന്തോഷപൂർവ്വം അവർ സമ്മതിച്ചതുകൊണ്ട് എൻറെ രണ്ടാം വിവാഹം എൻറെ മോളുടെ സാന്നിധ്യത്തിൽ തന്നെ നടന്നു….. എന്റെയും രാധികയുടെയും കല്യാണത്തിന് പപ്പടം വിളമ്പിക്കോളാൻ ഞാൻ എൻറെ അമ്മുകുട്ടിയോട് പറഞ്ഞപ്പോൾ പപ്പടം വിളമ്പാൻ ഞാൻ ഇല്ല നിങ്ങളുടെ നടുക്ക് ഇരുന്നു ഞാൻ കഴിച്ചോളാമെന്നു അവൾ പറഞ്ഞു…. സന്തോഷത്തോടെ ഞാനും രാധികയും അതു ആസ്വദിച്ചു….

രാധികയും ഞാനും കൂടി ഞങ്ങളുടെ മകളെ മനോഹരമായി തന്നെ വളർത്തി…..അമ്മുക്കുട്ടിക്ക് ഏഴു വയസ്സപ്പോൾ ഞങ്ങൾക്കൊരു മകൻ ഉണ്ടായി…. അമ്മയുടെ മരണം ആ സമയത്തു കുറച്ചു ദുഃഖം ഉണ്ടാക്കിയെങ്കിലും ഞങ്ങളുടെ ജീവിതം പൊതുവെ സന്തോഷം നിറഞ്ഞതും സത്യസന്ധവുമായിരുന്നു….. കാലം ഞങ്ങളുടെ ജീവിതത്തിൽ സന്തോഷത്തിന്റെ കാറ്റു വീശി കടന്നു പോയി ചിലപ്പോൾ ഇങ്ങനെയൊരു ജീവിതം ഉണ്ടാവാനാകും ആദ്യ വിവാഹത്തിൽ എനിക്കും രാധികക്കും ബുദ്ധിമുട്ട് ഉണ്ടായത്…..

അമ്മുക്കുട്ടിക്ക് ഇരുപത്തി രണ്ടു വയസ്സായപ്പോൾ നല്ലൊരു കല്യാണാലോചന വന്നു…. കൊള്ളാമെന്നു തോന്നിയതുകൊണ്ട് ഞാനും രാധികയും കുറച്ചു ബന്ധുക്കളും കൂടി ചെറുക്കന്റെ വീട് കാണാൻ പോയി…. അവിടെ ചെന്നപ്പോൾ ഒരു കാര്യം കൂടി മനസ്സിലായി…. വെറുതേ ഒരു തോന്നൽ അല്ല നല്ല ഫാമിലി ആണ് പോരാത്തതിന് മൂന്ന് ആൺമക്കൾ ആയതുകൊണ്ട് എൻറെ വീടിന്റെ അടുത്തു മകൾക്കായി മേടിച്ച സ്ഥലത്തു വീട് വെച്ചു താമസിക്കാനും അവൻ ഒരുക്കമാണ്…. എല്ലാം കൊണ്ടും മോളുടെ ഭാഗ്യം ആണെന്ന് മനസ്സിലായെങ്കിലും ആ വീട്ടിലെ വേലക്കാരിയെ കണ്ടപ്പോൾ എനിക്കു നല്ല പരിചയം തോന്നി…. ഞാൻ അടുത്തോട്ടു ചെന്നു….ചെന്നപ്പോൾ തന്നെ എനിക്കു ആളെ മനസ്സിലായി… അപ്പോൾ തന്നെ ഞാൻ രാധികയെ അടുത്തോട്ടു വിളിച്ചു ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു…. രാധികേ, ഇതാടോ താലിക്കു വില കൽപ്പിക്കാതെ ഇറങ്ങി പോയവൾ…. ഇവളെ ഇത്രയും നല്ല രീതിയിൽ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നും ഞാൻ പറഞ്ഞു….

പെണ്ണ് ആയതുകൊണ്ടും പെട്ടന്ന് മനസ്സ് അലിയുന്നതുകൊണ്ടും എന്തോ രാധിക അച്ചുവിനെ കൂടുതൽ കളിയക്കാൻ സമ്മതിച്ചില്ല…. രാധിക അച്ചുവിനോട് പറഞ്ഞു “”നമ്മുടെ അമ്മുകുട്ടിയെ ഇങ്ങോട്ട് കെട്ടിച്ചു വിടാൻ ആണ് ആലോചിക്കുന്നത്….അതു ഉറപ്പിക്കാനാണ് ഞങ്ങൾ വന്നത്…. “”

അതു കേട്ടതും അച്ചുവിൽ ഒരു ആശ്വാസം വിടരുന്നത് ഞാൻ കണ്ടു…. അവൾ എന്നെ പതുക്കെ വിളിച്ചു….

“” ഹരിയേട്ടാ, നമ്മുടെ അമ്മുക്കുട്ടിക്ക് കല്യാണപ്രായം ആയല്ലേ…. നന്നായി ഇങ്ങോട്ട് കെട്ടിച്ചു വിടുന്നത് വേലക്കാരി ആയിട്ട് ആണേലും എനിക്കു എൻറെ മോളുടെ അടുത്തൊന്നു പോകാമല്ലോ…. ഹരിയേട്ടനോടും മോളോടും ചെയ്തതിനു ദൈവം എനിക്കു വയറു നിറച്ചു തന്നു …..എനിക്കും മനുവിനും ലാളിക്കാൻ ഒരു കുഞ്ഞു പോലും ഇല്ല ഹരിയേട്ടാ, പോരാത്തതിന് മനു ഇപ്പോൾ ആക്‌സിഡന്റ് ആയി കിടക്കുകയാണ്…. ഞാൻ വീട്ടു ജോലി ചെയ്താണ് കാര്യങ്ങൾ നോക്കുന്നത്…. കുറച്ചു കാലമായി ദേ അപ്പുറത്ത് കാണുന്ന വീട്ടിൽ ആണ് താമസം…. വിരോധം ഇല്ലെങ്കിൽ ഒന്നു അങ്ങോട്ട്‌ വാ… സഹായിക്കാൻ മനസ്സ് തോന്നിയാൽ കുറച്ചു സഹായിക്കണേ ഹരിയേട്ടാ…. “”

“” വിരോധം ഒന്നുമില്ല…. പിന്നെ നിൻറെ ആഗ്രഹം ഒന്നും നടക്കാൻ പോകുന്നില്ല….മോളെ ഇങ്ങോട്ട് കെട്ടിച്ചു വിട്ടാലും വീടും സ്ഥലവും അവിടെ തന്നെ ഉള്ളതുകൊണ്ട് അവർ അവിടെ ആകും താമസം…. അതുകൊണ്ട് മോളുടെ അടുത്തേക്ക് കൂടാം എന്നുള്ള മോഹം വാങ്ങി വെച്ചെക്കു….. പിന്നെ നമ്മൾ തമ്മിൽ എങ്ങനെ അറിയാമെന്നു ചോദിച്ചാൽ ഞങ്ങളുടെ അപ്പുറത്ത് വല്ലതും താമസിച്ചതാണെന്നു പറഞ്ഞാൽ മതി ഇവരോട്.,,, കേട്ടല്ലോ… അല്ലാതെ മോൾക്ക് ചീത്തപ്പേര് ഉണ്ടാക്കിയേക്കരുത് അമ്മയാണെന്നും പറഞ്ഞു നടന്നു…..നിന്നേ അറിയാമെന്നു പറയുന്നത് തന്നെ നാണക്കേട് ആണെങ്കിലും എൻറെ മോൾക്ക് ജന്മം നൽകിയവൾ ആയതുകൊണ്ട് അതു ഞാൻ അങ്ങ് സഹിച്ചു …. “”

അത്രയും അവളോട് പറഞ്ഞിട്ട് രാധികയേം കൂട്ടി ഞാൻ ചെറുക്കന്റെ വീട്ടുകാരോട് യാത്ര പറയുകയും കൂടെ അച്ചു അവിടെ അടുത്തു താമസിച്ചതാണ് അതുകൊണ്ട് അവളുടെ ഭർത്താവിനെയും കൂടി കണ്ടിട്ട് പോയേക്കാമെന്നും പറഞ്ഞു ഞങ്ങൾ അച്ചുവിന്റെ വീട്ടിലേക്കു ചെന്നു…..

ഞങ്ങൾ അകത്തോട്ടു കയറിയതും ഞാൻ കണ്ടു കട്ടിലിൽ അനങ്ങാൻ മേലാതെ കിടക്കുന്ന മനുവിനെ ….. എന്നെ ചതിച്ചു എൻറെ ഭാര്യേ കൊണ്ടു പോയവൻ ആണെങ്കിലും എനിക്കു അവനോടു ദേഷ്യം ഒന്നും തോന്നിയില്ല…..ഒന്നുമില്ലെങ്കിലും മനസ്സിൽ നന്മ ഒട്ടും ഇല്ലാത്ത ഒരുത്തിയെ എൻറെ തലയിൽ നിന്നും കൊണ്ടു പോയി എന്നെ രക്ഷിച്ചു സ്വയം കുരിശിൽ കയറിയവനല്ലേ.,,, പക്ഷെ എൻറെ പുറകെ കയറി വന്ന രാധിക അവനെ കണ്ടതും എന്നെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു….

“”ഇവനായിരുന്നോ ഇവളുടെ ഭർത്താവ്….””

എന്നിട്ടു മനുവിന്റെ മുൻപിൽ ചെന്നു നിന്നും പറഞ്ഞു….

“” ടോ മനു, തനിക്കു എന്നെ മനസ്സിലായോ…??? ഞാൻ രാധികയാണ്….. ഒരിക്കൽ താൻ താലി കെട്ടിയിട്ടു മച്ചി ആണെന്ന് പറഞ്ഞു ഉപേക്ഷിച്ച പെണ്ണ്….. ഇന്നു ഞാൻ രണ്ടു പൊന്നു മക്കളുടെ അമ്മ ആണെടോ….. ഇനി എങ്കിലും മനസ്സിലാക്കു കുഴപ്പം ആർക്കായിരുന്നെന്നു….. ദൈവം ആയിട്ടാണ് എന്നെ ഇന്നു ഇവിടെ എത്തിച്ചത്,, അന്ന് താൻ എന്നെ മച്ചി വിളിച്ചു ഒരുപാട് അധിക്ഷേപിച്ചിട്ടുണ്ട്….. “”

എൻറെ രാധികയുടെ ആദ്യ ഭർത്താവിനെ കണ്ട അമ്പരപ്പിലും അതിലുപരി എന്നെ വഞ്ചിച്ചു എൻറെ ഭാര്യ കൂടെ പോയത് അവന്റെ കൂടെ ആണെന്നും ഉള്ള അറിവ് എനിക്കു കുറച്ചൊന്നുമല്ല ആശ്വാസം നൽകിയത് …. ആ ആശ്വാസത്തിൽ ഞാൻ രാധികയോട് പറഞ്ഞു….

“” മതി രാധികേ, ശവത്തിൽ കുത്തണ്ട…. അല്ലേലും ചേരേണ്ടവർ തന്നെയല്ലേ ചേരുകയുള്ളു…. വാ നമുക്ക് ഇറങ്ങാം സന്തോഷമായിട്ടു….. “”

അതും പറഞ്ഞു ഞങ്ങൾ പോകാനിറങ്ങി…. ഇറങ്ങും നേരം എൻറെ മനസ്സിൽ അച്ചു എന്നെ വിട്ടു പിരിഞ്ഞു പോകുമ്പോൾ പറഞ്ഞ ആ മാസ്സ് ഡയലോഗ് ആയിരുന്നു…..

“”ഹരിയേട്ടാ മനസ്സുകൾ തമ്മിൽ പൊരുത്തം ഉള്ളവർ ഒരുമിച്ചു ജീവിച്ചിട്ടല്ലേ കാര്യമുള്ളൂ,,,, എങ്കിൽ അല്ലേ മാനസികമായും ശാരീരികമായും സുഖം ലഭിക്കു എന്നു രാധിക വന്നപ്പോൾ ഞാൻ അനുഭവിച്ചറിഞ്ഞ സത്യം….. “”