മുട്ടയിടാൻ മുട്ടിയ നാടൻ കോഴിയെപ്പോലെ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും ഓടി….

“വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലിൽ വീണേ”

Story written by SATHEESH VEEGEE

ഡാഡി മമ്മി വീട്ടിൽ ഇല്ലേ,, ഇല്ലാത്ത ഒരു വൈകുന്നേരം കട്ടിളപ്പടിയിൽ കുത്തിയിരുന്നു കൊണ്ട് പറമ്പിൽ നിൽക്കുന്ന പാളയൻ തോടൻ വാഴക്കൈ കാറ്റിൽ ഇളകിയാടുന്ന പരിപാടി വാച്ച് ചെയ്തു കൊണ്ട് ഞാൻ ഒന്നു മൂളി. തൊട്ടുമുന്നിൽ ദുസ്വപ്നം കണ്ട് പതിമയക്കത്തിൽ കിടന്നിരുന്ന ഭൈരവൻ പൂച്ച എന്റെ പാട്ട് കേട്ടതും ഭയപ്പാടിന്റെ മൂർദ്ധന്യ അവസ്ഥയിൽ എത്തി ഞെട്ടിത്തരിച്ച് എഴുനേറ്റു.

നാട്ടിലെ പ്രധാന വില്ലനും സർവ്വോപരി കീരിക്കാടൻ ജോസിന്റെ സ്വഭാവവും ഉള്ള താമരാക്ഷൻ പൂച്ച റബറും തോട്ടത്തിൽ വെച്ച് തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്ന അതി ഭീകരമായ ഒരു സ്വപ്നത്തിന്റെ ക്ലൈമാക്സിലാണ് എന്റെ വെണ്ണിലാ ചന്ദനക്കിണ്ണവുമായി ഞാൻ ചെന്നത്.

“മൊതലാളീ മൊതലാളി ഒരു ചെറ്റയാണ്” എന്ന് ശ്രീമാൻ രമണന്റെ ഡയലോഗ് കടമെടുത്തു കൊണ്ട് ഭൈരവൻ എന്നെയൊന്നു നോക്കി. എന്നിട്ട് വാലിട്ട് രണ്ട് കറക്ക് ” എഴുന്നേറ്റു പോയി വല്ല ആറ്റിലും ചാടി ചാകെടാ മരഭൂതമേ ” എന്നായിരിക്കാം ആ വാലിട്ടു കറക്കൽ സിഗ്നലിൽ ഉദ്ദേശിച്ചത്.

ഞാൻ അടുക്കളയിലേക്ക് ചെന്നു. കുറച്ചു അരി വെള്ളത്തിൽ കുതിർത്ത് അതിലേക്ക് തേങ്ങയും പഞ്ചസാരയും മിക്‌സാക്കി എടുത്തു വീണ്ടും കട്ടിളപ്പടിയിൽ വന്നിരുന്നു ഞമ് ഞമ് ന്ന് തിന്നാൻ തുടങ്ങി.

“പടച്ചോനെ പണി പാളിയല്ലോ, മൊതലാളി എന്തോ കട്ടു തിന്നുന്നു. ഒരു ഷെയർ ചോദിക്കണോ അതോ വേണ്ടയോ. ചോദിച്ചാൽ ഈ കാലൻ തരുമോ എന്തായാലും വരുന്നത് വരട്ടെ” എന്ന് മനസ്സിൽ കണക്കു കൂട്ടിക്കൊണ്ട് ഭൈരവൻ അടുത്തു വന്ന് കാലിൽ മുട്ടി ഉരുമ്മാൻ തുടങ്ങി

“നമ്മളിത് എത്ര കണ്ടിരിക്കുന്നു പോടെർക്കാ ” എന്നൊരു പുച്ഛം മുഖത്തു ഫിറ്റ് ചെയ്തുകൊണ്ട് ഞാൻ വെയിറ്റ് ഇട്ടു നിന്നു.

കാലിൽ രോമം ഇട്ട് ഉരച്ചുരച്ച് ഇനി വൈദ്യുതി വല്ലോം ഉണ്ടായി കാല് കത്തുമോ എന്ന അവസ്ഥ ആയപ്പോൾ ഞാൻ ഒരു ഷെയർ ഭൈരവന് കൊടുത്തു.

ആർത്തിയോടെ പോയി മണത്തു നോക്കിയിട്ട് “എന്റെ പട്ടിക്ക് വേണം ഇമ്മാതിരി കോ പ്പിലെ ആഹാരമൊക്ക എന്ന് പറയുന്നപോലെ വീണ്ടും കലിപ്പിച്ച് എന്നെയൊന്നു നോക്കി.

ചെമ്പരത്തിയുടെ ചുവട്ടിൽ ചത്തു മലച്ച പോലെ സ്റ്റൈലിൽ കിടന്ന് കൂർക്കം വലിച്ചു കൊണ്ടിരുന്ന ടിപ്പു ” എന്തോ എന്നെ വിളിച്ചാരുന്നോ” എന്നു ചോദിക്കും പോലെ തലയൊന്നു പൊക്കിയിട്ട് വീണ്ടും ഉറക്കത്തിലേക്ക് വഴുതി.

കഴിഞ്ഞ ആഴ്ച ചിത്രഗീതത്തിൽ വെണ്ണിലാ ചന്ദനക്കിണ്ണം കൊണ്ട് കാവ്യാ മാധവൻ പോകുന്ന കാഴ്ച കണ്ടപ്പോൾ തുടങ്ങിയ ഇളക്കമാണ് അഴകിയ രാവണൻ സിനിമ കാണണം എന്നത്. പിന്നീട് മഴയത്തുള്ള ഭാനുപ്രിയയുടെ ” പ്രണയമണി തൂവൽ പൊഴിയും “കൂടി കണ്ടപ്പോൾ അൺ സഹിക്കബിൾ ആയി.

വീട്ടിൽ നിന്ന് ഓണത്തിനും വിഷുവിനും ഒക്കെ മാത്രം സിനിമാ കാണാൻ പെർമിഷൻ ഉള്ള സമയം. കോളേജ് ക്ലാസ്സ്‌ കട്ട് ചെയ്തു സിനിമാ കാണുന്നത് ഭൂലോക കുറ്റക്കരവും എന്തിനേറെ കൊലപാതകത്തിനേക്കാൾ വലിയ ശിക്ഷയും കിട്ടുന്ന സമയമാണ്.

തന്നേമല്ല കുളനട സ്വാഗത് പന്തളം അശ്വതി തുടങ്ങിയ നമ്മുടെ സ്വന്തം കൊട്ടകകളിൽ തുരുമ്പെടുത്ത പടങ്ങൾ മാത്രമാണ് എത്തുന്നത്. വെണ്ണിലാ ചന്ദനക്കിണ്ണം ഒക്കെ ഇവിടെ എത്തുമ്പോൾ അടുത്ത നെഹ്‌റുട്രോഫി വള്ളംകളി വരെ കഴിയും.

സ്വാഗത് ആണ് കൂടുതൽ അടുത്തുള്ള കൊട്ടക. അവിടാണെങ്കിൽ ആഴ്ചയിൽ മിക്കവാറും തമിഴ് പടങ്ങൾ ആയിരിക്കും വരിക ” ഇതിന്റെ മുതലാളി വല്ല അണ്ണാച്ചിയും ആണോ എന്ന് ആദ്യമൊക്കെ സംശയിച്ചിരുന്നു. പിന്നീടാണ് ആ നഗ്മ സത്യം അറിഞ്ഞത്. ഇപ്പോൾ നാട്ടിലൊക്കെ ബംഗാളികൾ കിടന്നു കറങ്ങുന്നത് പോലെ, പണ്ട് കുളനട മുഴുവൻ തമിഴന്മാരുടെ അയ്യരുകളി ആയിരുന്നു. അതായിരുന്നു സ്ഥിരം കട്ട തമിഴ് പടങ്ങൾ വന്നിരുന്നത്.

ഒരിക്കൽ രജനി അണ്ണന്റെ ഏതോ ഒരു പടത്തിൽ രണ്ടു പാണ്ടി വില്ലന്മാർ രജനി അണ്ണനെ എടുത്തു പഞ്ഞിക്കിട്ടു. ഇതു കണ്ട് ചോര തിളച്ചു ആവിയായ ഒരു രജനി ഫാൻ സ്വന്തം അരയിൽ നിന്നും കത്തി വലിച്ചൂരി ” അണ്ണനെ അടിക്കാറായോടാ പൊറുക്കി നായെ… കുത്തി മലർത്തണ്ണാ തിരിട്ട് പയലുകളെ ” എന്ന് വലിയ വായിൽ അട്ടഹസിച്ചു കൊണ്ട് ചാടിയെഴുനേറ്റ് കത്തി സ്ക്രീനിനു നേരെ ഒറ്റ ഏറായിരിന്നു. പാവം മൊതലാളിയുടെ സ്‌ക്രീനിൽ സ്ക്രാച്ച് വീണു.

ആ അതൊക്കെ പോട്ടെ. നമുക്ക് നമ്മുടെ വെണ്ണിലാ ചന്ദനക്കിണ്ണം തുഴയാം. അടുത്ത് പത്തനംതിട്ട അനുരാഗിലാണ് അഴകിയ രാവണൻ കളിക്കുന്നത്. വണ്ടിക്കൂലി ഉൾപ്പടെ അൻപത് രൂപ ഉണ്ടെങ്കിൽ പടം കാണാം. അൻപത് പൈസ പോലും കയ്യിൽ ഇല്ലാതെ ഇരിക്കുമ്പോഴാണ് ഈ ആഗ്രഹം. അങ്ങനെയാണ് നമ്മളാ പാട്ട് പാടി നിർവൃതി അടഞ്ഞത്. ഇതൊക്കെ ഈ പേട്ട് പൂച്ചക്ക് അറിയുമോ.

താഴെ ഭാസ്കരൻ ചേട്ടന്റെ വീട്ടിൽ ഒരു ഒച്ചയും ബഹളവും. സുരക്ഷയുടെ പൂർണ്ണ ചുമതലയുള്ള ടിപ്പു ചാടിയെഴുനേറ്റ് തന്റെ സി സി ക്യാമറ കിഴക്കോട്ടു ഫോകസ് ചെയ്തു. കുറച്ച് ആൾക്കാർ ഭാസ്കരൻ ചേട്ടന്റെ പ്ലാവിൽ നിന്നും ചക്കകൾ അടർത്തി ഇടുന്നു. ഇതെന്താണ് സംഗതി എന്നൊന്ന് അറിയാനായി വേലി പടർപ്പുകൾക്ക് അടുത്തുപോയി കുറച്ചു നേരം നോക്കി നിന്നു.

കുറച്ചു കട്ട തമിഴന്മാർ ആണ് ചക്കകൾ ഇടുന്നതെന്ന് ആമ പൂമ തുടങ്ങിയ വാക്കുകൾ കേട്ടപ്പോൾ മനസിലായി.

“പിന്നേ മൊത്തം വരിക്കയാണ് ഇരുനൂറ് രൂപയിൽ ഒരു പൈസ പോലും കുറയില്ല ” ആ ഡയലോഗ് അടിച്ചത് ഭാസ്കരൻ ചേട്ടൻ ആണല്ലോ. എന്റെ മനസ്സിൽ ഉഗ്രൻ ഒരു ലഡു പൊട്ടി വിരിഞ്ഞു. ചക്ക ബിസിനസിന്റെ വമ്പൻ ഡീലിങ് ആണ് നടക്കുന്നത്.

ഞാൻ മനസ്സിൽ കണക്കുകൂട്ടലുകൾ നടത്തി. പറമ്പിൽ മൊത്തം പ്ലാവുകൾ ആണ്. കൂഴയും വരിക്കയും എല്ലാം ഉണ്ട്. വരിക്ക ഒരെണ്ണം പോലും കളയാതെ ഉപയോഗിക്കുന്നുണ്ട്. പാവം കൂഴ ചക്ക. ഒറ്റ ഒരെണ്ണത്തിനെ പോലും ആരും മൈൻഡ് ചെയ്യാറില്ല. ചിലപ്പോൾ വെട്ടി അരിഞ്ഞു രമണി പശുവിന് കൊടുക്കാറുണ്ട്. മൂത്തു വിളഞ്ഞു പഴുത്തു വീർത്തു പ്ലാവിനു ബാധ്യത ആകുമ്പോൾ ചിലതൊക്കെ അറഞ്ഞു തല്ലി താഴെ വീണു സ്റ്റിക്കർ ആകാറുണ്ട്.

അതിന്റെ കൂടെ മഴയും കൂടി പെയ്താൽ വല്ലാത്ത ഒരു മണമാണ് പറമ്പു മുഴുവൻ. “ഈ അളിഞ്ഞ ചക്കക്ക് എന്തൊരു നാറ്റമാണ് പണ്ടാരം ” എന്നൊക്കെ അമ്മ പറയുന്നത് കേൾക്കാം.

അങ്ങനെയുള്ള ഈ കൂഴ വെച്ച് ഉരുഗ്രൻ സ്മഗ്ലിങ് ഞാൻ പ്ലാൻ ചെയ്തു. തമിഴന്മാർക്ക് അറിയില്ലല്ലോ ഇത് കൂഴയാണെന്ന്. ചെമ്പരത്തി വരിക്കയാണെന്ന് വെച്ചു കീച്ചാം. ഒരു നൂറു രൂപ കിട്ടിയാൽ നമ്മളും വെണ്ണിലാ ചന്ദന കിണ്ണം പുന്നമടക്കായലിലൂടെ ഒന്ന് തുഴയും. ത്രില്ലടിച്ചു ഞാൻ ഒരു പരുവം ആയി.

വേലിപടർപ്പുകൾക്ക് അടുത്തുപോയി നിന്ന് ഒരു തമിഴനെ “അണ്ണാ ഇങ്കെ ചക്ക ഇറുക്കെ ” എന്ന് അറിയാവുന്ന തമിഴിൽ ഒന്ന് കാച്ചി. നമുക്കും തമിഴ് ഒക്കെ വെള്ളം പോലെ ആണെന്ന് ഇവന്മാർ വിചാരിക്കട്ടെ അല്ലപിന്നെ..

പുന്നെല്ലു കണ്ട എലിയെപ്പോലെ ചിരിച്ചു കൊണ്ട് ഉഗ്രൻ ഒരു തമിഴൻ എത്തി. അറിയാവുന്ന മലയാളവും അറിയാത്ത തമിഴും സമാസമം ചേർത്ത് തമിലാളം അങ്ങട് കാച്ചി.

പകച്ചുപോയ തമിഴൻ കിളിപോയപോലെ എന്നെയൊന്നു നോക്കി. “മൊതലയേ സൊലുങ്കോ ഇത് വരിക്കയാ “

അണ്ണൻ വരിക്കയിൽ തന്നെ പിടുത്തം ഇട്ടു. “മൊതലയോ ഒന്ന് പോണ്ണാ നല്ല പറപ്പൻ ചെമ്പരത്തി വരിക്ക കിടന്നു തൂങ്ങിയടുമ്പോഴാ മൊതല” ഞാൻ പറഞ്ഞു.

“ശെരി ഉന്നുടെ അപ്പ അമ്മ ആരുമേ ഇങ്കെ ഇല്ലേ ” തമിഴൻ വിടുന്ന മട്ടില്ല…

“പിന്നേ സെൻസസ് എടുക്കാൻ വന്നതല്ലേ ഇയാൾ ” എന്ന് മനസ്സിൽ തോന്നിയെങ്കിലും മിണ്ടിയില്ല

“അത് പിന്നെ കൊടുക്കാൻ പറഞ്ഞിട്ട് പോയതാ അപ്പനും അമ്മേം ” ഞാൻ വെച്ചു കാച്ചി

അവസാനം മൂന്നു പ്ലാവുകളിൽ നിന്നും പത്തെണ്ണം വെച്ച് മുപ്പത് ചക്കക്കുള്ള ഡീലിങ് നടന്നു. ഒന്നിന് 5 രൂപ വെച്ച് മൊത്തം 150 ൽ ബിസിനസ് ഉറപ്പിച്ചു.

ചക്ക ഇടാൻ വേറെ മൂന്നുപേർ എത്തി. ചക്കകൾ കയറിൽ കെട്ടി ഓരോന്നായി താഴെ ഇറക്കുന്നത് ആളിനെ കയറ്റാൻ സ്റ്റോപ്പിൽ നിർത്തിയ KSRTC ഡ്രൈവറുടെ തിടുക്കത്തോടെ ഞാൻ നോക്കി നിന്നു. വേഗം ഇവന്മാർ ഈ ചക്ക ഇവിടെ നിന്നും കൊണ്ടുപോകണം. പോച്ച ചെത്താൻ പോയ അമ്മ വരാറായി.

ചക്കകൾ ഒരു പ്ലാവിന്റെ ചുവട്ടിൽ കൂട്ടി വെച്ചിട്ട് അഡ്വാൻസ് ആയി പത്തു രൂപ തമിഴൻ എനിക്ക് നേരെ നീട്ടി. “തമ്പീ ഇത് പത്തു രൂപ. ബാക്കി നാലു നാൾ മുടിഞ്ചിട്ട് ചക്ക എടുക്കാൻ വരുമ്പോൾ തരും “

മൂ ഞ്ചിയല്ലോ കടവുളേ “അപ്പൊ നിങ്ങൾ ഇപ്പോ ചക്ക കൊണ്ടുപോകില്ലേ ” വിവശനായി ഞാൻ ചോദിച്ചു.

“ഇല്ല തമ്പി അത് നാലു നാൾ കഴിഞ്ഞു പഴുക്കും അപ്പോൾ നമ്മൾ ലോറിയിൽ ഏറ്റി കൊണ്ടുപോകും. വരിക്ക ആണെന്ന് കൺഫോം ചെയ്യേണ്ടേ.

പണി നൈസായി പാളി. തമിഴന് ബുദ്ധിയുണ്ട്…എനിക്ക് വെപ്രാളം ആയി ഹാർട്ട് അറ്റാക്ക് വരാൻ സാധ്യതയുണ്ട്.

“അണ്ണാ നിങ്ങ പൈസ തന്നില്ലേലും നോ പ്രോബ്ലം ചക്ക ഇങ്കെന്ന് എവിടേലും കൊണ്ടുപോ അണ്ണാ” എന്നു ഞാൻ പറഞ്ഞതിന് “ഇവൻ പൈത്യക്കാരൻ ആണെന്ന് പറഞ്ഞിട്ട് തമിഴന്മാർ പോയി.

മുട്ടയിടാൻ മുട്ടിയ നാടൻ കോഴിയെപ്പോലെ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും ഓടി. ചക്ക എല്ലാം കൂടെ കൂട്ടിയിട്ടു തീ കത്തിച്ചാലോ എന്നുള്ള ഊള ഐഡിയ വരെ മനസിൽ തോന്നി. അല്ലങ്കിൽ വലിയ കുഴി ഉണ്ടാക്കി അതിലിട്ട് മൂടിയാലോ. രണ്ടു JCB എങ്കിലും ഉണ്ടെങ്കിലേ ഇത്രയും ചക്ക കുഴിച്ചിടാൻ വേഗത്തിൽ ഒരു കുഴി എടുക്കാൻ പറ്റൂ

പ്ലാനുകൾ കൂഴച്ചക്ക പോലെ കുഴഞ്ഞു മറിഞ്ഞു.

അപ്പോഴേക്കും പുല്ലു ചെത്താൻ പോയ അമ്മ വന്നു. “ദൈവമേ ഈ ചക്ക എല്ലാം കൂടെ ആരാ ഇങ്ങനെ കൂട്ടി ഇട്ടേക്കുന്നത് ” അമ്മ അന്ധാളിപ്പോടെ ചോദിച്ചു.

കാലാവസ്ഥ മോശമാകുന്ന മണമടിച്ച ഞാൻ നേരെ രാധചേച്ചിയുടെ വീട്ടിലേക്ക് അഞ്ഞൂറിൽ പാഞ്ഞു. വേലിപടർപ്പുകൾ അടത്തിപ്പറിച്ചുകൊണ്ട് ഞാൻ കേശവൻ ചേട്ടന്റെ അരുമയായ ബ്ലോക്ക് കപ്പകൾക്ക് ഇടയിൽ ഒളിച്ചു.

“കാലമാടാ നീയിങ്ങു വാ നിനക്ക് ഞാൻ വെച്ചിട്ടുണ്ട് വൈകുന്നേരം അച്ഛൻ ഒന്ന് വന്നോട്ടെ “അമ്മ അട്ടഹാസം മുഴക്കി

എന്റെ വെണ്ണിലാ ചന്ദനക്കിണ്ണം നിലയില്ലാ കായലിൽ മുങ്ങിത്താണു.

രാത്രിയിൽ വീട്ടിൽ നടക്കാൻ 110 ശതമാനവും സാധ്യതയുള്ള ചവിട്ടു നാടകവും നാലു ദിവസം കഴിഞ്ഞു വരിക്കചക്ക ആണെന്ന് കരുതി പാണ്ടി ലോറിയും വിളിച്ചു വരുന്ന കട്ട പാണ്ടിയുടെ മുഖവും ഓർത്തപ്പോൾ എനിക്ക് ബോധം മറയുന്നതായി തോന്നി.

ശുഭം….

സതീഷ് വീജീ