അകത്ത് കുളിക്കുകയായിരുന്ന സ്വാതി പാതിയിൽ കുളി അവസാനിപ്പിച്ച് ഓടിയെത്തി എന്റെ കൈയ്യിൽ നിന്നും…

പൊരുത്തം

എഴുത്ത്: രാജു പി കെ കോടനാട്

കൈയ്യിൽ പകുതി മുറിച്ച പഴുതാരയുടെ ഒരു ഭാഗവുമായി വല്ലാത്ത കരച്ചിലോടെ അച്ചമ്മേ എന്ന വിളിയുമായി അപ്പു കൈകൾ മുകളിലേക്കുയർത്തിയപ്പോൾ കൈയ്യിലിരുന്ന പഴുതാരയെ തട്ടി തെറിപ്പിച്ച് കുഞ്ഞിനെ വാരി നെഞ്ചോട് ചേർത്തു.

വിരലുകൾ ചുരുട്ടി പിടിച്ച് വല്ലാത്ത കരച്ചിലാണ് കുഞ്ഞ് അടുക്കളയിൽ നിന്നും മഞ്ഞപ്പൊടിയും ഉപ്പും ചേർത്ത് വിരലുകളിൽ തിരുമി

അകത്ത് കുളിക്കുകയായിരുന്ന സ്വാതി പാതിയിൽ കുളി അവസാനിപ്പിച്ച് ഓടിയെത്തി എന്റെ കൈയ്യിൽ നിന്നും മോനെ വാങ്ങി കൊണ്ട് പറഞ്ഞു

“എന്റെ കുഞ്ഞിനെ തൊട്ടു പോകരുതെന്ന് ഞാൻ നിങ്ങളോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ…കുറച്ച് നേരം നോക്കിയാൽ പിന്നെ ഇല്ലാത്ത പരാതിയില്ല”

“ഈ കുഞ്ഞ് എന്റെ മകന്റെ ആണെങ്കിൽ ഞാൻ എടുക്കുക തന്നെ ചെയ്യും എടുക്കാതിരിക്കണമെങ്കിൽ നിന്റെ വീട്ടിൽ നിന്നും വന്നപ്പോൾ കൊണ്ടുവന്നതാണ് നീ തെളിയിക്കണം”

“ഈശ്വരാ എത്ര നല്ല ആലോചനകൾ എനിക്ക് വന്നതാ അവസാനം ഇതാണല്ലോ എന്റെ യോഗം.”

പെട്ടന്നാണ് ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് മകൻ അകത്തേക്ക് കയറി വന്നത്. അവന്റെ മുഖം വല്ലാതെ വലിഞ്ഞ് മുറുകിയിരുന്നു.

“ഇവിടെയും തുടങ്ങിയോ തമ്മിലുള്ള പോര് ജോലിയുടെ പിരിമുറുക്കവും സങ്കടവും മറന്ന് മനസ്സ് ഒന്ന് ശാന്തമാകുന്നത് വീട്ടിലെത്തുമ്പോഴാണ്. ഇവിടെയും സമാധാനം തരില്ല എന്നാണോ..?

“അമ്മേ… മോനെ ഒന്ന് പിടിച്ചേ ഞാൻ ഈ തുണിയൊന്ന് വിരിക്കട്ടെ”

“ചേട്ടനെന്താ ഇന്ന് നേരത്തെ “

“നേരത്തെ വന്നതു കൊണ്ട് നിന്റെയൊക്കെ തനിസ്വഭാവം അറിയാൻ പറ്റിയല്ലോ..?

“അതിന് ഇവിടെ എന്ത് പ്രശ്നമാണ്. ഞാനോ അമ്മയോ എന്തെങ്കിലും പരാതിയുമായി ചേട്ടന്റെ അടുത്ത് വന്നിട്ടുണ്ടോ ഇതുവരെ ഒരു വീടാവുമ്പോൾ പല പ്രശ്നങ്ങളുമുണ്ടാവും. ഞങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഞങ്ങൾക്കറിയാം തൽക്കാലം മുന്നാമതൊരാളുടെ ആവശ്യമില്ല അവശ്യം വരുമ്പോൾ മോനെ അറിയിക്കാം”

ചിരിച്ചു കൊണ്ടവൾ പറഞ്ഞപ്പോൾ ഞാൻ കണ്ണുരുട്ടി അടുത്തേക്ക് ചെന്നു അപ്പോൾ തടഞ്ഞു കൊണ്ട് അമ്മ പറഞ്ഞു”

“അതെ മോനെ സ്വാതി പറഞ്ഞതാണ് ശരി നമ്മൾ പറഞ്ഞ് തീർക്കേണ്ട പ്രശ്നങ്ങളിൽ വേറൊരാളെ കഴിവതും എടപെടുത്താൻ ശ്രമിക്കരുത് അപ്പോൾ പ്രശ്നം വലുതാവുകയേ ഉള്ളൂ ഞങ്ങൾ തമ്മിൽ ഇതു പോലുള്ള പ്രശ്നങ്ങൾ എന്നും തന്നെയുള്ളതാണ് നീ ഇതൊന്നും അറിയുന്നില്ലെന്ന് മാത്രം. ഇതൊക്കെ എല്ലാ വീടുകളിലും ഉള്ളതാണ്. ഇപ്പോൾ വഴക്കിട്ടകാര്യംകുറച്ച് കഴിഞ്ഞ് ഓർത്ത് നോക്കുമ്പോൾ അറിയാതെ ചിരി വന്ന് പോകും അതാണ് ജീവിതം മറന്നും പൊറുത്തും ജീവിച്ച് തീർക്കണം ജീവിതം. മറക്കാവുന്നതും പൊറുക്കാവുന്നതും മാത്രമേ പരസ്പരം പറയാവൂ എന്ന് മാത്രം. നമ്മുടെ വിരലൊന്ന് മുറിഞ്ഞാൽ അത് പെട്ടന്ന് ഉണങ്ങി പഴയതു പോലാവും പക്ഷെ മനസ്സിൽ ഒരു മുറിവേറ്റാൽ അത് മറക്കാനും മാപ്പ് നൽകാനും ചിലപ്പോൾ കാലങ്ങൾ ഏറെ എടുക്കും ചിലപ്പോൾ ഒന്നിനും കഴിഞ്ഞില്ലെന്നും വരാം.”

എന്റെ തലയിൽ ഒന്ന് തലോടി പുഞ്ചിരിച്ചു കൊണ്ട് അപ്പുവിനേയും വാങ്ങിയവൻ അകത്തേക്ക് പോയപ്പോൾ സ്വാതി അവനെ കളിയാക്കി പറയുന്നുണ്ട്

“ഇപ്പോൾ ചേട്ടന്റെ മുഖം കണ്ടാൽ ശരിക്കും ഇഞ്ചി കടിച്ച കുരങ്ങിനേപ്പോലുണ്ട്”