ക്ലാസ് കഴിഞ്ഞ് മേഘയ്ക്ക് ഒരു തളർന്ന പുഞ്ചിരി കൊടുത്ത് നാളെ കാണാമെന്നും പറഞ്ഞ് അവൾ നടന്നു…

അരുണ

Story written by PANCHAMI SATHEESH

‘”നേരം വെളുക്കുന്നത് അറിയുന്നില്ലേ ടീ എണീറ്റ് പോ”

‘കണി കാണിക്കാനായി കിടന്നോളും അശ്രീകരം “

പ്രാക്കിനോടൊപ്പം കാലിൽ ഒരു ചവിട്ടും കൂടി കിട്ടിയപ്പോൾ അരുണ ചാടി എണീറ്റു. കരഞ്ഞ് കരഞ്ഞ് പുലർച്ചെ എപ്പഴോ ആണ് ഉറങ്ങിയത്.

കിടന്നിരുന്ന പുൽപ്പായ മടക്കി പിന്നിലെ പുറത്തെ നീളൻ വരാന്തയിൽ വച്ചു.

വെറും നിലത്ത് കിടന്ന് ശരീരം മുഴുവൻ വേദനിക്കുന്നുണ്ടായിരുന്നു. എന്തിനോ ഒരു കരച്ചിൽ തൊണ്ടയിലിരുന്ന് വിങ്ങുന്നതവളറിഞ്ഞു.

” സ്വപ്നം കണ്ട് നിക്കാണ്ട് മുറ്റമടിക്കടീ” അമ്മായീടെ അലർച്ച കേട്ട് അവൾ ചൂലെടുത്ത് മുൻവശത്തേക്കോടി.

പ്ലസ് വണ്ണിന് ക്ലാസ് തുടങ്ങാൻ രണ്ടു ദിവസം ബാക്കി നിൽക്കേയാണ് , അരുണയുടെ അച്ഛനും അമ്മയും ആത്മഹത്യ ചെയ്യുന്നത്. കൂടപ്പിറപ്പായി ആറാം ക്ലാസിൽ പഠിക്കുന്ന അനിയൻ മാത്രം. കടം കയറി ആത്മഹത്യ ചെയ്തവരുടെ മക്കളെ ഏറ്റെടുക്കേണ്ടി വരുന്നതിലെ വരുംവരായ്മകളാലോചിച്ച് ബന്ധുക്കൾ അറച്ചു നിന്നു.

പണയത്തിലായ വീടും സ്ഥലവും വിറ്റ് കടം തീർക്കാൻ തീരുമാനമായെങ്കിലും അരുണയെ ഏറ്റെടുക്കാൻ എല്ലാവരും മടി കാണിച്ചു. പെൺകുട്ടി ആയതു കൊണ്ട് അവളുടെ ഭാവി ഉത്തരവാദിത്വങ്ങളെല്ലാം തലയിലെടുക്കാൻ ആരും തയ്യാറായില്ല.

താനെന്ന അധികപറ്റിനെ മുൻനിർത്തി നടക്കുന്ന ചർച്ചക്കു മുന്നിൽ നികൃഷ്ടജീവിയെ പോലെ അവൾ നിന്നു.

അച്ഛനുമമ്മയോടും ആദ്യമായി ഏറെ ദേഷ്യം തോന്നിയ നിമിഷ മായിരുന്നത്. ഒപ്പം കൂട്ടാമായിരുന്നില്ലേ അവർക്ക് ഞങ്ങളെ. ഇങ്ങനെ കൊത്തിപ്പറിക്കാൻ ഇട്ടു കൊടുക്കാതെ.

ഒടുവിൽ വല്യച്ഛനൊപ്പം അനിയനെ കൂട്ടി. അമ്മായിയുടെ കണ്ണുരുട്ടലിനെ വക വയ്ക്കാതെ മാമൻ അരുണയെയും കൂടെ കൂട്ടി.

പിരിയാൻ നേരം അനിയൻ്റെ കരച്ചിൽ ഹൃദയം പിളർത്തി. കെട്ടിപ്പിടിച്ചു കരഞ്ഞ അവനെ ചേർത്തു പിടിച്ചു പൊട്ടിക്കരയുമ്പോൾ ഇങ്ങനേ ഭൂമി പിളർന്ന് താഴെ പോയെങ്കിൽ … എന്നവളാശിച്ചു. പിരിയാനാവാതെ അവനെ ഇറുകെ പിടിച്ച് വീണ്ടും വീണ്ടും അവരലറിക്കരഞ്ഞു.

ബാധ്യതകൾക്കു മുൻപിലാരുടെയും മനസ്സലിഞ്ഞില്ല. തീരാ ദുരിതങ്ങൾക്കന്നു മുതൽ തുടക്കമാവുകയായിരുന്നു.

ശമ്പളമില്ലാത്ത വേലക്കാരിയായി അമ്മായിയുടെ അടിമയാകേണ്ടി വന്നു.

രാവിലെ മുറ്റമടിക്കലും, തുണി അലക്കലും ,വെള്ളം കോരലും, തറ തുടക്കലും ഒക്കെയും അമ്മായിയുടെ ആക്രോശങ്ങളെ പേടിച്ച് ധൃതി പിടിച്ച് ചെയ്ത് സ്കൂളിലേക്ക് യാത്രയായി.

ഉച്ചക്കുള്ള ചോറ് പാത്രത്തിലാക്കാൻ ചെന്നപ്പോൾ ചോറ് വെന്തില്ലെന്ന അമ്മായിയുടെ അലക്ഷ്യമായ മറുപടിയിൽ ആ ശ്രമം ഉപേക്ഷിച്ച് അവൾ നടന്നു.

ക്ലാസ് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു. തൻ്റെ ആദ്യത്തെ ക്ലാസാണിന്ന്. സ്കൂളിലെത്തുമ്പോൾ ബെല്ലടിച്ചിരുന്നു. ക്ലാസിൽ കയറാൻ നേരം എന്തോ ഒരു നിർവികാരതയായിരുന്നു. അവളെ കണ്ട് ക്ലാസൊന്നു നിശബ്ദമായ പോലെ. എല്ലാവരുടെയും കണ്ണ് തനിക്കു മേലാണെന്ന് അവൾക്കു മനസ്സിലായി. എവിടെയിരിക്കുമെന്നറിയാതെ പരുങ്ങി നിന്നപ്പോഴാണ് ടീച്ചർ ക്ലാസിലേക്ക് വന്നത്. അവളെ ചോദ്യഭാവത്തിൽ നോക്കി.

“മിസ്സ്…. ഞാൻ അരുണ.” ടീച്ചറുടെ മുഖം വിടർന്നു. ഒപ്പം സഹതാപം നിറഞ്ഞു.

” ആ മോളിരിക്ക് ” പിന്നെ എല്ലാ കുട്ടികളോടുമായി പറഞ്ഞു.

“ഇത് അരുണ. നമ്മടെ ക്ലാസിലെ കുട്ടിയാണ്”

ഇരിക്കാൻ ചെന്നപ്പോ അവളുടെ ചുളിഞ്ഞ യൂണിഫോമും, എണ്ണമയമില്ലാതെ പാറി നിന്ന മുടിയും, ചമയങ്ങളില്ലാത്ത മുഖവും കണ്ട് അവജ്ഞയോടെ നോക്കുന്ന കണ്ണുകളെ കണ്ടപ്പോ പതിയെ ബാക്ക് ബെഞ്ചിലേക്ക് നടന്നു. നീങ്ങിയിരുന്ന് സ്ഥലം കൊടുത്തെങ്കിലും ആരും ഒരു പുഞ്ചിരി പോലും അവൾക്ക് നൽകിയില്ല.

” അരുണ ” ടീച്ചറുടെ വിളി കേട്ട് അവൾ എഴുന്നേറ്റു നിന്നു.

“മോളേ കുറച്ച് ക്ലാസ് മിസ്സായിട്ടുണ്ടല്ലോ ഫ്രീയാവുമ്പോൾ സ്റ്റാഫ് റൂമിൽ വന്നാ മതി ഞാൻ പറഞ്ഞു തരാം ഇപ്പോ ബാക്കി നോക്കാണ് താൻ ഓ കെ അല്ലേ.”

“ശരി മിസ്സ്” താങ്ക്യൂ…

നേരിയ ഒരു സമാധാനം തോന്നി അവൾക്ക്. സ്നേഹത്തോടെ ഒരിത്തിരി അലിവോടെ ഒരു വാക്ക് കേട്ടിട്ട് കുറച്ചു നാളായി.

മറ്റൊരു ചിന്തയും മനസ്സിൽ വരാതിരിക്കാൻ ശ്രമിച്ച് അവൾ ക്ലാസിൽ ശ്രദ്ധിച്ചു. അടുത്തിരുന്നവരുടെ നോട്ടം ഇടയ്ക്കിടെ തേടിയെത്തുന്നത് അവൾ അവഗണിച്ചു.

ക്ലാസ് തുടങ്ങി പതിനഞ്ചു മിനിറ്റോളം കഴിഞ്ഞപ്പോൾ “മിസ്സ് ….. ” എന്നൊരു വിളി കേട്ടു. വാതിൽക്കൽ യൂണിഫോമിട്ട ഒരു പെൺകുട്ടി. കറുത്തതെങ്കിലും നല്ല അഴകുള്ള മുഖം. അലസമായ ഭാവം.

” നിനക്കെന്താ മേഘേ ഇത്ര വലിയ തിരക്ക് സമയത്തിന് ക്ലാസിൽ വന്നൂടേ ?”. ” ഉം കേറിയിരിക്ക് ”

ടീച്ചർക്ക് മറുപടി കൊടുക്കാതെ കൂസലില്ലാത്ത ഭാവത്തോടെ അവൾ കയറി വന്നു. അരുണയ്ക്കരികിലിരുന്നു. അരുണയെ കണ്ട് ആകെ ഒന്നു നോക്കി.

“നീ യേതാ? ഇതുവരെ കണ്ടിട്ടില്ലല്ലോ “

“ഞ…ഞാൻ…”

“മേഘ.. സൈലൻസ് “

മിസ്സിൻ്റെ ശബ്ദം കേട്ട് ഞെട്ടി മിണ്ടാതിരുന്നു അവൾ. എന്നാലും അരുണയ്ക്ക് സമാധാനമായി ഒരാളെങ്കിലും മിണ്ടിയല്ലോ.

ഉച്ചക്ക് ചോറുണ്ണാൻ എല്ലാവരും ഗ്രൂപ്പുതിരിഞ്ഞിരുന്നപ്പോൾ അരുണ പതുക്കെ പുറത്തേക്കിറങ്ങി. മേഘ അവളെ വിളിച്ചു.

“വാടോ നമുക്കൊരുമിച്ചിരിക്കാം. ഇവിടെ എനിക്കും കാര്യമായി ഫ്രണ്ട്സ് ഒന്നും ഇല്ല. എൻ്റെ സ്വഭാവം തന്നെ കാരണം. ഇവളുമാരുടെ ജാഡ എനിക്കൊട്ടുംപിടിക്കില്ല. വായിൽ തോന്നിയതു പറയുന്ന കാരണം എന്നെ കൂട്ടാൻ അവർക്കും ഇഷ്ടല്ല. വാ നമുക്ക് കഴിക്കാം.”

“താൻ കഴിച്ചോ മേഘ. ഞാൻ ചോറു കൊടുന്നിട്ടില്ല. മറന്നതാ”

” മറന്നോ അതു കൊള്ളാം. എന്നാ വാ നമുക്ക് ഷെയർ ചെയ്യാം.”

“വേണ്ടെന്നേ താൻ കഴിച്ചോ ഞാനിപ്പൊ വരാം” അരുണ മെല്ലെ ക്ലാസിൽ നിന്നിറങ്ങി. വിശന്ന് വയർ കത്തുന്നുണ്ടായിരുന്നു.

വരാന്തയിലിറങ്ങി പുറത്തേക്കു നോക്കി നിന്നപ്പോൾ അനിയനെ ഓർത്തു. അവൻ കഴിച്ചിരിക്കുമോ? കഴിക്കാനിരിക്കുമ്പോ ഒരുരുളയ്ക്കായി വാ തുറന്നു വരുന്നനെയോർത്ത് കണ്ണു നിറഞ്ഞൊഴുകി. അവനെ കാണാൻ തോന്നി. അവൻ്റെ ഏച്ചീ…. എന്ന വിളിയും ചിരിയും മനസ്സിൽ നിറഞ്ഞപ്പോ ഉള്ളം തീക്കനൽ കോരിയിട്ട പോലെ നീറി. ആ നീറ്റലിൽ അവൾ വിങ്ങിവിങ്ങിക്കരഞ്ഞു.

കൈ കഴുകി വരുമ്പോഴാണ് മേഘ തനിച്ച് എന്തോ ആലോചിച്ചിരിക്കുന്ന അരുണയെ കണ്ടത്. അടുത്തുചെന്നപ്പോഴാണ് അവൾ കരയുകയാണെന്ന് മനസ്സിലായത്. മേഘ ചേർത്തു പിടിച്ചപ്പോൾ അവളെ ചുറ്റിപ്പിടിച്ച് അരുണ ഏങ്ങലടിച്ചു.

കുറെ നാൾ കെട്ടി നിർത്തിയതൊക്കെ പെയ്തൊഴിയാനെന്ന പോലെ. എല്ലാം പറഞ്ഞ് കരഞ്ഞപ്പോൾ ഒരാശ്വാസം വന്ന പോലെ

മേഘയുടെ മുഖം മുറുകിയിരുന്നു. “നീ വാ.ബെല്ലടിക്കാറായി. “

ക്ലാസ് കഴിഞ്ഞ് മേഘയ്ക്ക് ഒരു തളർന്ന പുഞ്ചിരി കൊടുത്ത് നാളെ കാണാമെന്നും പറഞ്ഞ് അവൾ നടന്നു. വീട്ടിലെത്തി കുറച്ച് വെള്ളം കുടിച്ചപ്പോഴേക്കും അമ്മായി എത്തി. പാത്രം കഴുകാനുള്ളത് കൂട്ടിയിട്ടിരുന്നു. അവൾ ദയനീയമായി അവരെ നോക്കി “വിശക്കുന്നമ്മായി… ഒന്നും കഴിച്ചിട്ടില്ല.” അവരൊന്നും മിണ്ടാതെ അപ്പുറത്തേക്ക് പോയി. കുറച്ച് ചോറെടുത്ത് പിറകിലെ തിണ്ണയിലിരുന്നവൾ ആർത്തിയോടെ കഴിച്ചു. ഏച്ചീ… എന്ന വിളി എവിടെ നിന്നോ ഉയർന്ന പോലെ. കണ്ണുനീറി നിറയുന്നതും വിശപ്പുകെട്ടുപോവുന്നതും അവളറിഞ്ഞു.

മാമൻ തൻ്റെ കാര്യങ്ങളന്വോഷിക്കാത്തത് അവളെ ഏറെ വിഷമിപ്പിച്ചു. അമ്മയുള്ളപ്പോഴേ കാശ് കടം ചോദിക്കുന്നതിൻ്റെ പേരിൽ ചില്ലറ ഉടക്കൊക്കെ അവർ തമ്മിലുണ്ടായിരുന്നു. അച്ഛൻ്റെ കൂട്ടുകെട്ടുകളും ബിസിനസ് മോഹവുമാണ് കടങ്ങളിൽ കൊണ്ടെത്തിച്ചതെന്നായിരുന്നു അവർ കണ്ടെത്തിയ കാരണങ്ങൾ.

പിറ്റേന്ന് സ്കൂളിലെത്തി. മേഘയെ കിട്ടിയത് ഭാഗ്യമായി കരുതി. പറയാനും കേൾക്കാനും ഒരാളുണ്ടാവുകയെന്നത് തന്നെ എത്ര വലിയ കാര്യമാണ്. ഉച്ചക്ക് പുറത്തിറങ്ങാൻ തുടങ്ങിയ അരുണയുടെ കൈകളിലേക്ക് മേഘ ഒരു പൊതി വച്ചു കൊടുത്തു.

‘”പൊതിച്ചോറ് “

“എന്തിനാ മേഘ നീ എനിക്കു വേണ്ടി.

വേണ്ടായിരുന്നു.”,

“ഇത് എൻ്റമ്മ തന്നു വിട്ടതാ പെണ്ണേ ” രണ്ടു പേർക്കും ഒരേ പോലത്തെ പൊതി. വാട്ടിയ ഇലയുടെ മണം ആസ്വദിച്ച് അവൾ അത് തുറന്നു.

അരുണയുടെ പൊതിയിൽ കറികൾക്കു പുറമേ ഒരു ഓംലെറ്റ് കൂടിയുണ്ടായിരുന്നു. മേഘ അതു കണ്ട് അവളോട് പറഞ്ഞു. “എൻ്റമ്മക്ക് എന്നേക്കാൾ ഇഷ്ടം നിന്നോടാണ്. കണ്ടോ എൻ്റേൽ ഓംലെറ്റ് ഇല്ല.”

“ഇത് നീയെടുത്തോ മേഘ ” അരുണ വല്ലായ്മയോടെ പറഞ്ഞു. ചിലപ്പോ ഇത് നിൻ്റെ പൊതിയാവും’.

“ഏയ് അല്ല. നീ കഴിക്ക് പെണ്ണേ’ “

പിന്നെയാ പൊതി പതിവായി. ആ ചോറിനോളം സ്വാദിൽ മറ്റൊന്നും ഇന്നേ വരെ കഴിച്ചിട്ടില്ലെന്നു തോന്നി. അരുണയ്ക്കുള്ള പൊതിയിൽ എന്തെങ്കിലും സ്പെഷൽ മേഘയുടെ അമ്മ വച്ചിട്ടുണ്ടാകും. മേഘയോടുള്ളതിനേക്കാൾ അടുപ്പംഅവളുടെ അമ്മയോട് തോന്നി. അതവളോടൊരിക്കൽ പറയുകയും ചെയ്തു.

“നീ ഭാഗ്യവതിയാണ് മേഘ .. ഇതു പോലൊരമ്മയെ കിട്ടിയതിൽ… “

” ‘നീയെൻ്റെ ചേട്ടനെ കെട്ടിക്കോടീ അപ്പ നിനക്കും എൻ്റമ്മയെ സ്വന്തമാക്കാലോ ” മേഘ അവളെ കളിയാക്കി.

” ഒന്നു പോ പെണ്ണേ “

കളി ചിരികളുമായ് ദിവസങ്ങൾ കഴിഞ്ഞു….

അന്ന് വെള്ളിയാഴ്ചയായിരുന്നു. രണ്ടു ദിവസം മേഘയെ കാണാതെ കഴിയേണ്ടി വരുമല്ലേന്നോർത്താണ് ക്ലാസിൽ കയറിയത്. ബെല്ലടിച്ച് ക്ലാസ് തുടങ്ങിയിട്ടും മേഘ എത്തിയില്ല.

അരുണയ്ക്ക് വല്ലാത്ത വീർപ്പുമുട്ടൽ തോന്നി. ക്ലാസ് തുടങ്ങി അര മണിക്കൂർ കഴിഞ്ഞപ്പോൾ അസംബ്ലിക്കുള്ള അനൗൺസ്മെൻ്റ് വന്നു. അസംബ്ലിയിൽ കേട്ട വിവരം ഉൾക്കൊള്ളാനാവാതെ അരുണ നടുങ്ങി നിന്നു.

സ്കൂളിലേക്ക് വരുന്ന വഴി പ്ലസ് വൺ വിദ്യാർത്ഥിനി കാറിടിച്ച് മരിച്ചു. തൻ്റെ മേഘ…..

മൗന പ്രാർത്ഥനക്കു ശേഷം സ്കൂൾ വിട്ടെങ്കിലും ടീച്ചർമാരും മേഘയുടെ ക്ലാസിലെ കുട്ടികളും അവളുടെ വീട്ടിലേക്ക് പോയി. സ്വയം നിയന്ത്രിക്കാനാവാതെ അരുണ തേങ്ങലോടെ കുഴഞ്ഞ് താഴെ വീണു. ആരൊക്കെയോ താങ്ങിയെടുത്ത് അരുണയെ അകത്തു കിടത്തി. മുഖത്തു പതിച്ച വെള്ള തുള്ളികൾ അവളെ ബോധത്തിലേക്ക് കൊണ്ടുവന്നെങ്കിലും തളർന്നിരുന്നു അവൾ.

കൂടി നിന്നിരുന്നവരിലാരോ പറയുന്നതവളുടെ കാതിൽ വീണു.

” ഇനിയിപ്പോ ആ ചെക്കനും അതിൻ്റച്ഛനും ഒറ്റക്കായില്ലേ”.

“അപ്പോ മേഘയുടെ അമ്മ….. ” അടുത്തു നിന്ന ഒരു സ്ത്രീയോട് അവൾ ‘ചോദിച്ചു.

” അവര് രണ്ടു വർഷം മുൻപ് മരിച്ചു. ക്യാൻസറായിരുന്നു.”

അരുതാത്തതെന്തോ കേട്ട പോലെ അവളുടെ കണ്ണുകൾ മിഴിഞ്ഞു പോയി.

മെല്ലെ എണീറ്റ് അരുണ മേഘയ്ക്കരികിലേക്ക് നടന്നു. നിർവികാരമായി അവളെ നോക്കി നിന്നു.

സ്നേഹിച്ചു തോൽപിച്ചു കളഞ്ഞല്ലോ പെണ്ണേ……

ഒരു കള്ളത്തിലൂടെ നീയെനിക്ക് പകർന്ന് തന്ന അമ്മ സ്നേഹത്തെ എങ്ങനെ മടക്കിത്തരും ഞാൻ……?

ഇനിയൊരു ജന്മമുണ്ടേൽ ഒരമ്മയുടെ വയറ്റിൽ ഒരുമിച്ച് ജനിക്കേണം നമുക്ക്…