അച്ഛൻ
എഴുത്ത്: മനു തൃശ്ശൂർ
അച്ഛൻ പണിക്ക് പോയെന്ന് അറിഞ്ഞാണ് ഞാൻ അമ്മയും അച്ഛനും കിടക്കുന്ന മുറിയിൽ പോയത്…
ചുമരിലെ പട്ടികയിൽ നിര നിരയിൽ തറച്ചു വച്ച ആണികളിൽ ആയിരുന്നു അച്ഛൻെറ നല്ല ഷർട്ടുകളെല്ലാം തൂക്കി വച്ചിരുന്നത്.
ഒത്തിരി നല്ല ഷർട്ടുകൾ ഉണ്ടെങ്കിലും അത് അച്ഛൻ ഇടാറില്ലെന്ന് എനിക്ക് അറിയാം..കാരണം അതിടാൻ മാത്രം അവസരങ്ങൾ അച്ഛന് കുറവായിരുന്നു
വല്ലപ്പോഴും എവിടെ എങ്കിലും ഒരു കല്ല്യാണം ഉണ്ടെങ്കിൽ അതിലൊന്നു ഇട്ടു പോയാൽ… ആയി.
അച്ഛൻ ഉപയോഗിക്കില്ലെങ്കിലും എന്തു വിശേഷങ്ങൾ വരുമ്പോഴും അച്ഛനൊരു പുതിയ ഷർട്ട് എടുക്കാറുണ്ട്..
ചിലപ്പോൾ ഒക്കെ വിശേഷങ്ങൾ വരുമ്പോൾ ഏട്ടനത്. എടുത്തിട്ടു നോക്കും അപ്പോൾ അമ്മ പറയും അച്ഛനിടില്ലെങ്കിലും നിങ്ങൾക്ക് പറ്റുന്നുണ്ടല്ലോ എന്നൊക്കെ..
അച്ഛൻ ചുമട്ടുതൊഴിലാളി യൂണിയനിൽ അംഗം ആയിരുന്നു.എനിക്ക് ഓർമ്മ വച്ച നാള് തൊട്ടു നീല ഷർട്ടിലെ ഞാനെപ്പോഴും അച്ഛനെ കണ്ടിട്ടൊള്ളു.
രാവിലെ പണിക്ക് ഇട്ടു പോകുന്ന നീല ഷർട്ട് പൂപ്പൽ പിടിച്ച നരച്ചു നിറം മങ്ങിയതും ആയിരുന്നു.. പക്ഷേ വൈകുന്നേരം കയറി വരുമ്പോൾ അതിനു കടുത്ത നീല നിറമാകും
കാരണം അന്ന് കൊണ്ട വെയ്ലിൻെറ കഠിനമായ ചൂടിൽ ജീവിതമെന്ന പാഠം ഉൾക്കൊള്ളുമ്പോൾ പൊള്ളി പോയ മനസ്സിൽ വേദയുടെ ഒരു കുളിരായ്.. അച്ഛൻെറ ശരീരത്തിൽ പൊടിഞ്ഞ വിയർപ്പ് അപ്പോഴും അതിൽ ഉണക്കാതെ നിൽക്കുന്നുണ്ടാകണം..
ഞാൻ ആണികളിൽ നോക്കി. ഒന്നിൽ തന്നെ രണ്ടു ഷർട്ടുകൾ തൂക്കി വച്ചിരിക്കുന്നു. എല്ലാം കൂടി കൂട്ടിപ്പിടിച്ചു അതിലേക്ക് മുഖമണച്ചു ഒരു നിമിഷം അച്ഛനെന്ന മഹാമരം തീർത്ത ആ തണലോർത്തു..
ഇപ്പോൾ എനിക്ക് കുറിച്ച് കാശ് വേണം അതിനായിരുന്നു ഞാൻ ഒരു കള്ളനെ പോലെ ആ ഷർട്ടുകൾ തേടി വന്നത്.
കിണർ വക്കിൽ നിന്നും അമ്മ വെള്ളം കോരുന്ന ശബ്ദം ഞാൻ ശ്രദ്ധിച്ചു.എന്റെ കൈകൾ പതിയെ ഷർട്ടുകളുടെ പോക്കേറ്റുകൾ തപ്പി..
പലതിലും എന്തൊക്കെയോ കടലാസു തുണ്ടുകൾ കൈകളിൽ തട്ടുമ്പോൾ ഒരു ഭയമായിരുന്നു. ഒരു മോഷണമല്ലെ ഇതെന്ന ഭയം ..
കൈയ്യിട്ട് എടുക്കുമ്പോൾ പലപ്പോഴും പലതിൻെറയും വെള്ള കടലാസ്സ് ആയിരിക്കും. അതികവും ബീഡിയുടെ കടലാസ് കീറിൽ എഴുതിയ പിടിക ബില്ല്…
ചിലപ്പോൾ ഒക്കെ വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ വേണ്ടി അമ്മ എഴുതി കൊടുക്കുന്ന ലിസ്റ്റുകൾ .
പലപ്പോഴും അമ്മ എഴുതി കൊടുക്കുന്ന ലീസ്റ്റുകളിലെ സാധനങ്ങളിൽ പലതും ചിലപ്പോൾ അച്ഛൻ മറക്കാറുണ്ട് അല്ലെങ്കിൽ എന്തൊക്കെ എൻറെ മക്കൾക്ക് വേണമെന്ന് എനിക്ക് അറിയാം എന്നൊരു ഉറച്ച ധാരണയായിരിക്കണം. .
പക്ഷെ മക്കളെ മറ്റാരേക്കാളും അറിയുന്ന അച്ഛൻ…ചിലപ്പോൾ അമ്മയെഴുതിയ ലീസ്റ്റുകൾക്ക് ഇരട്ടിയായും അതിൽ എഴുതാത്തതും വീട്ടിലേക്ക് അത്യാവശ്യം വേട്ടപ്പെട്ടത് എല്ലാം വാങ്ങി വരാറുണ്ട് ..
നിരാശകൾക്ക് ഒടുവിൽ ഒരു ഷർട്ടിൽ തപ്പിയപ്പോൾ തടഞ്ഞ കടലാസുകൾ ഞാൻ വാരി എടുത്തു. എന്തോ ഒരു തുണ്ടു താഴേക്ക് വീണത് നോക്കുമ്പോൾ അതൊരു അമ്പതു രൂപയായിരുന്നു .
വേറെയും നോട്ടുകൾ ആ പോക്കേറ്റിൽ ഉണ്ടായിരുന്നു.കൂടാതെ മഞ്ഞയും ഓറഞ്ചും നിറത്തിൽ അടവുക്കാരുടെ രണ്ടു മൂന്ന് കുഞ്ഞു കാർഡുകൾ അതിൽ മുടങ്ങാതെ അടച്ചു വരുന്ന കണക്കുകൾ രേഖപ്പെടുത്തിയ തമിഴൻെറ കൈയ്യൊപ്പുകൾ
എപ്പോഴും അടവുള്ള ദിവസം അമ്മയെ ഓർമ്മിച്ചു കാശ് വക്കാറുള്ളത് ഈ പോക്കേറ്റുകളിലായിരുന്നു..അച്ഛന് അമ്മയെ ഒരു വിശ്വാസമാണ്..
അമ്മ ഒരിക്കലും ഒന്നിനും അച്ഛനു മുന്നിൽ നിന്നും പണം ആവശ്യം പെടാറില്ലായിരുന്നു. പക്ഷേ സങ്കടങ്ങൾ പറയുമ്പോൾ അച്ഛൻ തന്നെ വേണ്ടത് ഒക്കെ അമ്മയ്ക്ക് ചെയ്തു കൊടുക്കും.
അതുകൊണ്ട് ഒരിക്കലും അമ്മ അച്ഛൻെറ പോക്കേറ്റിൽ നിന്നും പണമെടുന്നു കണ്ടിട്ടില്ല… ആ ഒരു വിശ്വാസം ആണ് അച്ഛന് ആ പോക്കേറ്റുകളിൽ വീണ്ടും വീണ്ടും പണം വെക്കാൻ പ്രേരിപ്പിക്കുന്നതും..
ഷർട്ടെല്ലാം നേരെ ഒതുക്കി കാശെടുത്ത് മടങ്ങുമ്പോൾ എൻറെ മനസ്സിൽ നിറയെ നീല ഷർട്ടിൽ ചിരിച്ചു നിൽക്കുന്ന അച്ഛനാണ്..
പണ്ട് ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ ആദ്യമായി സ്ക്കൂളിൽ മുന്നിൽ ലോഡിറക്കുമ്പോൾ അച്ഛനെ കണ്ടതും സന്തോഷത്തോടെ നോക്കി നിന്നു. പണി കഴിഞ്ഞപ്പോൾ അച്ഛാന്ന് നീട്ടി വിളിച്ചതും..
തോളത്തിട്ട തോർത്ത് ഒന്ന് കുടഞ്ഞു മുഖം തുടച്ചു അടുത്ത് വന്നതും.. എന്താ എന്ന ചോദ്യത്തിന് മുന്നിൽ നാണത്തോടെ കാൽ വിരലുകൾ കൊണ്ട് ക്ഷ വരക്കുമ്പോൾ .
വാ…ന്ന് പറഞ്ഞു കൈകളിൽ പിടിച്ചു കൊണ്ട് പോയി ചായയും പലഹാരവും വാങ്ങി തന്നതും ഒരു നിമിഷം മനസ്സിലൂടെ കടന്നു പോയി… ഒപ്പം ആ നീല ഷർട്ടിലെ നനവും കരുതലും കൈകളിൽ മുറുകിയ അച്ഛൻെറ കരങ്ങളിലെ തയ്മ്പുകളും.
ഒടുവിൽ വയറു നിറഞ്ഞ രുചിയറിഞ്ഞു ചിരിച്ചു നിൽക്കുമ്പോൾ. ഇനി ക്ലാസിൽ പൊയിക്കോന്ന് പറഞ്ഞു… തിരികെ പറഞ്ഞു വിടുമ്പോൾ ആ സ്നേഹത്തിൻെറ മധുരം ഇപ്പോൾ നെഞ്ചിലൊരു കൈപ്പു നീരായ് തോന്നിയാപ്പോൾ…..
അച്ഛൻെറ പേക്കേറ്റിൽ നിന്നും എടുത്ത പണം തിരികെ പോക്കേറ്റിലേക്ക് തന്നെ വച്ചു മുറിക്ക് പുറത്തേക്ക് ഇറങ്ങുമ്പോൾ ഞാനോർത്തു ഓർത്തു..
അച്ഛനുള്ളോടുത്തോളം ആ സ്നേഹം ഉള്ളോടുത്തോളം ഇന്നെവരെയും..ചോദിച്ച നടക്കാത്ത ആഗ്രഹള്ളില്ലെന്ന് ഉറച്ചു..വിശ്വസിച്ചു കൊണ്ട്…
ശുഭം ❤️?
മനു പി ഏം