അതിനുമൊക്കെ നീ ഇവിടെ ഉള്ളപ്പോൾ എനിക്ക് ഇതിനൊക്കെ വേറെ പെണ്ണിനെ തേടി പോകണോ…

എഴുത്ത്: മഹാ ദേവൻ

” ഹോ നാറിയിട്ട് വയ്യ.. ഒന്ന് അങ്ങ് മാറി കിടക്കുന്നുണ്ടോ നിങ്ങൾ. കുടിച്ച് നാല് കാലിൽ വന്നിട്ട് ഒരു ശൃംഗാരം.. എന്റെ തലവിധി, അല്ലാതെന്താ “

” ഞാൻ പിന്നെ നിന്നോടല്ലാതെ ആരോട് ശൃംഗരിക്കും ന്റെ ഭാര്യേ.. വഴിയിലൽ കാണുന്നവൾമാരോടൊക്കെ പറ്റോ….എന്റെ ഭാര്യ, എനിക്ക് സ്വതന്ത്ര്യത്തോടെ തൊടാനും തലോടാനും പിന്നെ…… അതിനുമൊക്കെ നീ ഇവിടെ ഉള്ളപ്പോൾ എനിക്ക് ഇതിനൊക്കെ വേറെ പെണ്ണിനെ തേടി പോകണോ.. “

നാവ് കുഴഞ്ഞുവീഴുമ്പോഴും അവന്റ പാതിമുറിഞ്ഞ വാക്കുകൾ കേട്ട് രേവതി അഴിഞ്ഞുലഞ്ഞ മുടി കെട്ടിക്കൊണ്ട് ഭർത്താവിനെ രൂക്ഷമായി നോക്കി.

” ഓഹ്.. ഇനി അതിന്റ ഒരു കുറവും കൂടിയേ ഉളളൂ. അല്ലേൽ തന്നെ എല്ലാം തികഞ്ഞ് നിൽക്കുകയാണല്ലോ.. ഇനി പെണ്ണ്പിടി കൂടി ആയാൽ കോളം തികഞ്ഞു. അല്ലെങ്കിൽ തന്നെ ആർക്ക് അറിയാം അതും കൂടി ഉണ്ടോ എന്ന്. “

അവളുടെ ചോദ്യം കേട്ട് അവന് പ്രതികരിക്കാനൊന്ന് എഴുനെൽക്കണമെന്ന് തോണുന്നുണ്ടെങ്കിലും ഒന്ന് നിവർന്നിരിക്കാൻ പോലും പറ്റാത്ത പോലെ പല വഴി തെന്നിക്കിടക്കുന്ന മുണ്ട് തപ്പിയെടുക്കാൻ ശ്രമിക്കുമ്പോൾ അവൾ തലയിൽ കൈ വെച്ച് സ്വയം ശപിക്കാൻ തുടങ്ങി.

” ഏത് നേരത്താണാവോ ഇയാടെ കൂടെ ഇറങ്ങിപ്പോരാൻ തോന്നിയത്. ഇങ്ങനെ ഒരു തലവിധിയാണല്ലോ ദൈവേ എനിക്ക് നീ തന്നത്. പ്രേമിക്കുമ്പോൾ എന്തൊക്കെ ആയിരുന്നു. കുടിക്കില്ല, വലിക്കില്ല, കാണുമ്പോൾ കാണുമ്പോൾ സിനിമ, ഐസ്ക്രീം, എന്താ പറയുന്നതെങ്കിൽ അത്.. ഇങ്ങനെ ഒക്കെ സ്നേഹിക്കുന്ന ആളെ വിട്ടുകളയാൻ തോന്നാത്ത ആ നിമിഷത്തെ ആണ് ഇന്ന് കൂടുതൽ വെറുക്കുന്നത്. കെട്ടിയെടുക്കുമ്പോൾ എന്തൊക്ക വാഗ്‌ദാനങ്ങൾ ആയിരുന്നു. കെട്ടി ഈ വീടിന്റ പടി കേറിയത് മുതൽ എല്ലാം വെള്ളത്തിൽ വരച്ച വര പോലെ ആയി. ഇപ്പോൾ, പറഞ്ഞ വാഗ്ധാനങ്ങളും ഓർമ്മയില്ല, എന്തിന് ഇടാൻ നല്ലൊരു ഡ്രെസ്സു പോലും ഇല്ല. “

അവൾ കരഞ്ഞുകൊണ്ട് തലയ്ക്ക് കൈ കൊടുത്തിരിക്കുമ്പോൾ കൈ കുത്തി ആവുംവിധം നിലയുറക്കിക്കാതെ എഴുന്നേറ്റ രമേശൻ അവളുടെ കയ്യിൽ പിടിക്കാൻ ശ്രമിച്ചു.അവൾ ആ കൈ തട്ടിമാറ്റി തിരിഞ്ഞിരിക്കുമ്പോൾ അവൻ തളർന്ന കണ്ണുകളാൽ അവളെ ആവും വിധം ദേഷ്യത്തോടെ നോക്കാൻ ശ്രമിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു

” ഓഹ്, അല്ലേൽ ഈ ലോകത്ത് എല്ലാ ഭാര്യമാരും പറഞ്ഞ വാക്ക് പാലിക്കുന്നവരാണല്ലോ. അന്ന് എന്തൊക്കെ ആയിരുന്നു, നമുക്ക് കുട്ടികൾ മൂന്നെണ്ണം വേണം, ഇവിടെ ങ്ങനെ ഓടിനടക്കണം. ആന, ചേന.. എന്നിട്ടോ.. മഷിയിട്ട് നോക്കിയിട്ട് ഒന്നിനെ കാണാൻ കിട്ടിയില്ല.. അതെങ്ങനാ….. വേണ്ട, എന്നെകൊണ്ട് ഒന്നും പറയിക്കണ്ട… “

അവന്റ വാക്കുകൾ ഒരു മുൾത്തുമ്പു പോലെ ആയിരുന്നു അവളിൽ പതിച്ചത്. കുട്ടികൾ ഉണ്ടാകാത്തത് തന്റെ കുറവാണെന്ന് വരുത്തിതീർക്കാൻ അയാൾ കാണിക്കുന്ന ബദ്ധപ്പാട് അവളെ വല്ലാതെ അരിശം കൊള്ളിച്ചു.

” അതിന് മഷിയിട്ട് നോക്കിയിട്ട് കാര്യമില്ല..വേണ്ട.. എന്നെ കൊണ്ട് നിങ്ങളും പറയിക്കണ്ട. ഒരു കുഞ്ഞെങ്കിലും ഉണ്ടെങ്കിൽ ജീവിതത്തിൽ ഒരു സന്തോഷം ഉണ്ടായേനെ.. അതെങ്ങനാ… നാല് കാലിൽ ആടിവരുന്നവൻ ശരിക്കൊന്ന് നിൽക്കാൻ പോലും കഴിയാതെ കിടന്നാൽ കുഞ്ഞിക്കലല്ല കാണാ…….ന്റെ നാവേ, വെറുതെ ഇരി “

അവൾ വാക്കുകളിൽ തികട്ടി വന്ന ദേഷ്യം സ്വയം അടക്കാൻ ശ്രമിക്കുമ്പോൾ അവൻ ഉടുമുണ്ടും വാരിചുറ്റി പുറത്തേക്ക് നടന്നു. ” നിന്റ കൂടെ കിടക്കുന്നതിലും നല്ലത്‌ പുറത്ത് ആ പട്ടിയുടെ കൂടെ കിടക്കുന്നതാ… അത് വാലാട്ടി നന്ദിയെങ്കിലും കാണിക്കും”

അതും പറഞ്ഞ് പുറത്തേക്ക് നടക്കുന്ന അവനെ നോക്കികൊണ്ട് അവളും പറയുന്നുണ്ടായിരുന്നു

” അതാ നല്ലത്‌… ചേരേണ്ടതെ ചേരൂ… പറഞ്ഞിട്ട് കാര്യമില്ല.. കൂടെ ഒരു പഴഞ്ചൊല്ല് കൂടി ഉണ്ട്, പട്ടിയുടെ വാല് പന്തീരാണ്ടു കാലം കുഴലിലിട്ടാലും അത് വളഞ്ഞു തന്നെ ഇരിക്കൂ എന്ന്. “

അവൾ അതും പുലമ്പികൊണ്ട് മനസ്സിൽ വന്ന സങ്കടം കരഞ്ഞുതീർക്കാൻ ലൈറ്റ് ഓഫീസിൽ ചെയ്ത് തലയിണയിലേക്ക് മുഖം ചേർത്ത് കിടന്നു.

രാവിലെ എഴുനേറ്റ് പല്ലൊക്കെ തേച്ച് ചായയ്ക്ക് വേണ്ടി അടുക്കളയിലേക്ക് നടക്കുമ്പോൾ അവിടം നിശബ്ദമായിരുന്നു.

അവളെ കാണാതെ തിരഞ്ഞു തിരഞ്ഞവൻ റൂമിലെത്തുമ്പോൾ രാവിലെ മൊബൈലും തോണ്ടി ഇരിക്കുന്ന ഭാര്യയെ കണ്ട് അവനു ദേഷ്യം ഇരച്ചുകയറി.

” നീ ഇത് എന്ത് പുല്ലാടി കാണിക്കുന്നത്.? നിനക്ക് അറിയില്ലേ എനിക്ക് ജോലിക്ക് പോണം, രാവിലെ ചായ പോലും തരാതെ മൊബൈൽ തോണ്ടി ഇരുന്നാൽ നിന്റ തള്ള വന്ന് ചെയ്യോ ഇവിടുത്തെ പണികൾ “

അവൻ ദേഷ്യത്തോടെ അവൾക്ക് നേരെ ചീറുമ്പോൾ അവൾ മൊബൈലിൽ നിന്ന് കണ്ണെടുക്കാതെ തന്നെ പറയുന്നുണ്ടായിരുന്നു…

” ഇല്ല, നിങ്ങടെ തള്ളയോട് വരാൻ പറഞ്ഞിട്ടുണ്ട് “എന്ന് . അത് കേട്ടതോട് കൂടി അവന്റ ദേഷ്യം ഇരട്ടിയായി.

” നീ എന്റെ തള്ളയ്ക്ക് പറയുന്നോടി ” എന്ന് ചോദിച്ചവൻ അലറുമ്പോൾ അവൾ ഒട്ടും കൂസലില്ലാതെ പറയുന്നുണ്ടായിരുന്നു ” നിങ്ങൾക്ക് എന്റെ തള്ളയ്ക്ക് വിളിക്കാമെങ്കിൽ എനിക്കും ആവാം , ഞാൻ നിങ്ങടെ അമ്മയെ സ്വന്തം അമ്മയെ പോലെ കാണണം, നിങ്ങൾക്ക് എന്റെ അമ്മയെ ഒരു വിലയും ഇല്ലതാനും.. അതെങ്ങനെ ശരിയാകും ” എന്ന്.

അവളുടെ മറുപടി കേട്ട് കൈ തരിക്കുന്നുണ്ടെങ്കിലും ഒന്നും പറയാതെ കൈ കുടഞ്ഞവൻ പുറത്തേക്ക് നടന്നു.

നീ ഇവിടെ സമരം ചെയ്തിരി. ഞാൻ കൊണ്ട് തന്നാൽ അല്ലെ ഇവിടെ അടുപ്പ് പുകയൂ.. നോക്കാം നമുക്ക് “

അവന്റ ആ വാക്കുകളെ അവൾ പുച്ഛിച്ചു തള്ളി.

“അങ്ങനെ ആണേൽ ബീവറേജുകാർ വന്ന് വെച്ചുണ്ടാക്കി തരേണ്ടി വരും നിങ്ങള്ക്ക്.. അവിടെ ആണല്ലോ കിട്ടുന്നതെല്ലാം കൊടുക്കുന്നത്. ഇതിപ്പോ എന്റെ അവസ്ഥ കണ്ട് എന്റെ അച്ഛൻ വല്ലതും കൊണ്ട് തരുന്നത് കൊണ്ട് കഞ്ഞി കുടിക്കാം… അതുകൊണ്ട് ചുമ്മാ കൊണ്ടുവരുന്നതിന്റ വലുപ്പം പറഞ്ഞ് പേടിപ്പിക്കല്ലേ “

അവളുടെ മറുപടി ദഹിക്കുന്നില്ലെങ്കിലും അവൻ മറുത്തൊന്നും പറയാതെ ചാടിത്തുള്ളി പുറത്തേക്ക് നടന്നു.

ജോലിക്ക് പോവാൻ ആണ് ഇറങ്ങിയതെങ്കിലും രാവിലെ വീട്ടിൽ നടന്ന സംഭവങ്ങൾ അവന്റ മനസ്സിനെ ഭ്രാന്തമാക്കിയപ്പോൾ കവലയിൽ നിന്നും നേരെ പോയത് ബീവറേജിലേക്ക് ആയിരുന്നു.

രാവിലെ ഒരു കോട്ടർ വാങ്ങി അടിച്ചാലേ ഉള്ളൊന്ന് ഉഷാർ ആവൂ എന്നും കരുതി Q വിലേക്ക് കയറുമ്പോൾ മുന്നിൽ ” ചേട്ടാ 300 രൂപയ്ക് കിട്ടുന്ന മദ്യം ഏതെങ്കിലും ഒന്ന് തരാമോ ” എന്ന് ചോദിക്കുന്ന ശബ്ദം കേട്ടവൻ ഞെട്ടലോടെ മുന്നിലേക്ക് നോക്കി.

” ദേ, നില്കുന്നു സ്വന്തം ഭാര്യ. “

വരിയിൽ ആളുകൾ കൂടി തുടങ്ങിയതും എല്ലാവരും പെൺശബ്ദം കെട്ട ഭാഗത്തേക്ക് നോക്കുന്നതും കൂടി കണ്ടപ്പോൾ ” ഇവളിത് മനുഷ്യനെ നാണം കെടുത്തുമല്ലോ ” എന്നും ചിന്തിച്ച് Q വിൽ നിന്നും ധൃതിയിൽ പുറത്തേക്ക് ഇറങ്ങുമ്പോൾ അവൾ ഒരു ഹാഫ് ബോട്ടിലുമായി പുറത്തേക്ക് വരുന്നുണ്ടായിരുന്നു.

അവളെ കണ്ട അവന്റ ഭാവം മാറിയിരുന്നെങ്കിലും അവനെ കണ്ടിട്ടും അവളിൽ ഭാവവെത്യാസം ഒന്നും ഇല്ലായിരുന്നു.

” നീ എന്നെ നാണം കെടുത്താൻ തന്നെ ആണോ ഇറങ്ങിയേകുന്നത്? ഇവിടെ വന്ന് രാവിലെ തന്നെ Q നിൽക്കാൻ നിനക്ക്‌ നാണം ഇല്ലെടി മറ്റവളെ? നീ എന്റെ ഭാര്യ ആണെന്ന് ഇവിടെ ഉള്ളവർ അറിഞ്ഞാൽ എനിക്ക് പിന്നെ മറ്റുള്ളവരുടെ മുഖത്തു നോക്കാൻ പറ്റോ “

അവൻ മനസ്സിൽ വന്ന ദേഷ്യം മുഴുവൻ വാക്കിൽ തീർക്കുമ്പോൾ അവൾ ചിരിച്ചുകൊണ്ട് ആയിരുന്നു മറുപടി പറഞ്ഞതും.

” അതെന്തിനാ ഇത്രയ്ക്ക് നാണക്കേട്. ? നിങ്ങളും ഇതുപോലെ Q നിന്നല്ലേ വാങ്ങുന്നത്. എന്നിട്ട് കുടിച്ച് കൂത്താടി കച്ചറയും ഉണ്ടാക്കി നാല് കാലിൽ വരുമ്പോൾ വീട്ടിലുള്ള പെണ്ണുങ്ങള്ക്ക് നാണക്കേട് ഒന്നും ഇല്ലെങ്കിൽ പിന്നെ ഭാര്യ ഒന്ന് Q-വിൽ നിന്നാൽ ഭർത്താവ് നാണം കെടുന്നത് എന്തിനാ… ഇനി അഥവാ ആരെങ്കിലും ചോദിച്ചാൽ അങ്ങ് പറഞ്ഞേക്കണം നമ്മള് രണ്ട് പേരും ഒരുമിച്ചാണ് അടുക്കാറ് എന്ന്. പ്രശ്നം തീർന്നില്ലേ? “

ഇവളിത് എന്ത് ഭാവിച്ചാണ് എന്ന് കരുതി നിൽക്കുന്ന ആ നിമിഷം അവൾ അടുത്തുള്ള ഓട്ടോയും വിളിച്ച് പോയിരുന്നു. അവൾക്ക് പിന്നാലെ സാധനം ഒന്നും വാങ്ങാതെ അവനും വീട്ടിലെത്തുമ്പോൾ അവൾ അടുക്കളയിൽ ഉച്ചത്തേക്കുള്ള അരി ഇടുന്ന തിരക്കിൽ ആയിരുന്നു. അവനെ കണ്ടതും അവൾ അബദ്ധം പിണഞ്ഞ പോലെ അവനെ നോക്കി പറയുന്നുണ്ടായിരുന്നു ” അയ്യോ, ചേട്ടൻ ജോലിക്ക് പോയതല്ലേ, വരാനും വൈകും, ഇനി വന്നാലും ബോധം ഉണ്ടാകാത്തത് കൊണ്ട് ചോറ് കഴിക്കത്തും ഇല്ല എന്നത് കൊണ്ട് ചേട്ടനുള്ള അരി ഇട്ടില്ലല്ലോ ” എന്ന്.

അവളുടെ കളിയാക്കൽ കേട്ട് അവൾ പല്ലുകൾ ഞെരിച്ചുകൊണ്ട് ഹാളിലേക്ക് നടക്കുമ്പോൾ അവൾ കയ്യിലൊരു ഗ്ളാസും വെള്ളയുമായി അവന് പിറകെ അങ്ങോട്ട് വന്നു. പിന്നെ കയ്യിലെ കുപ്പിയുടെ അടപ്പ് തുറന്ന് ഗ്ലാസ്സിലേക്ക് ഒഴിക്കുമ്പോൾ അവനവളെ ആശ്ചര്യത്തോടെ നോക്കിനിൽകുകയായിരുന്നു.

രാവിലെ Q വിൽ നിന്നും വാങ്ങാൻ പറ്റാത്തതിന്റെ വിഷമം അത് കണ്ടപ്പോൾ മാറിയെങ്കിലും അവളത് തരില്ലെന്ന് അവന് അറിയാമായിരുന്നു.

” ചേട്ടൻ പോയി ആ ചോറൊന്ന് നോക്കിക്കേ… ഞാൻ ഇതൊന്നു കഴിക്കട്ടെ. ” എന്നും പറഞ്ഞ് ഗ്ളാസ്സിലെ മദ്യം ഒറ്റ വലികയ്ക്ക് അകത്താകുമ്പോൾ അവൻ ഈർഷ്യത്തോടെ അവളെ നോക്കി.

” നീ ഇത് എന്ത് ഭാവിച്ചാ..? ഞങ്ങൾ ആണുങ്ങൾ ചെയ്യുന്നപോലെ ഒക്കെ ചെയ്യാമെന്നാണോ? ഇങ്ങനെ പോയാൽ നീ കാരണം നാണം കെടേണ്ട അവസ്ഥ ആകുമല്ലോ മനുഷ്യന് വെറുതെ അല്ല പറയുന്നത് പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ കഴിയില്ല എന്ന്. അടങ്ങിയൊതുങ്ങി ഭർത്താവിനെ അനുസരിച്ചു ജീവിക്കേടവൾ….. “

അവനത് മുഴുവനാകും മുന്നേ അവൾ അവനെ ദേഷ്യത്തോടെ അവന് നേരെ അലറി.

” നിങ്ങടെ തോന്നിവാസങ്ങൾ കണ്ട് ഇത്രനാൾ അടങ്ങിഒതുങ്ങി നിന്നത് കൊണ്ടാണ് എനിക്ക് ഈ ഗതി വന്നത്. നിങ്ങള്ക്കൊക്കെ ഒരു വിചാരമുണ്ട്. പെണ്ണെന്നാൽ നിങ്ങടെ അടിമ ആണെന്ന്. നിങ്ങൾക്ക് വെച്ചുവിളമ്പാനും നിങ്ങടെ കാര്യങ്ങൾ നോക്കാനും രാത്രി നിൽകാൻ വയ്യാതെ കേറി കിടകുമ്പോൾ കൂടെ നിങ്ങടെ പരാക്രമത്തിനു മുന്നിൽ ഒന്നും മിണ്ടാതെ കിടക്കാനും ഉള്ള വെറും ഉപകരണമാണെന്ന്. അങ്ങനെ ഒരു ഉപകരണം ആകാനല്ല ഞങ്ങൾ പെണ്ണുങ്ങളുടെ ജീവിതം. നിങ്ങൾ എങ്ങനെ ആണോ അങ്ങനെ ജീവിക്കാൻ ഞങ്ങൾക്കും അവകാശമുണ്ട്.. അതുകൊണ്ട് ഇനിമുതൽ നിങ്ങൾ എങ്ങനെ നടക്കുന്നോ അങ്ങനെ ഞാനും നടക്കാം… നിങ്ങൾക്ക് മദ്യം ആണ് വലുതെങ്കിൽ എനിക്കും അങ്ങനെ മതി. “

അവളുടെ ഉറച്ച വാക്കുകൾ കേട്ട് അവന് മറുപടി ഇല്ലായിരുന്നു.. അവളോട് ദേഷ്യത്തോടെ പ്രതികരിക്കുന്നതിൽ അർത്ഥമില്ലെന്നും മനസ്സിലായപ്പോൾ അവൻ അവളുടെ കയ്യിൽ പതിയെ പിടിച്ചു.

” ഞാൻ കഴിക്കാതിരുന്നാൽ നിന്റ പ്രശ്നം തീരുമെങ്കിൽ ഞാൻ ഇനി കഴിക്കില്ല.. സത്യം. “

അവൻ അവളുടെ കയ്യിൽ മുറുക്കെ പിടിച്ചുകൊണ്ടു ആവർത്തിക്കുമ്പോൾ ആ വാക്കുകളെ വിശ്വസിക്കാൻ അവൾക്ക് കഴിയുന്നിലായിരുന്നു.

” നിനക്ക്‌ വിശ്വാസം വരുന്നില്ല അല്ലെ… എനിക്കറിയാം വിശ്വസിക്കാൻ കഴിയില്ലെന്ന്..പക്ഷേ, ഇനി ഞാൻ കുടിക്കില്ല.. സത്യം.. “

പിന്നെയും പിന്നെയും ആണയിട്ട് പറയുന്ന അവന്റ ആ വാക്കുകൾ അവൾക്ക് ആശ്ചര്യമായിരുന്നു. വിശ്വസിക്കാമോ ഇല്ലേ എന്ന് മനസ്സ് പിന്നെയും വ്യാകുലപ്പെടുമ്പോഴും അവനെ വിശ്വസിക്കാൻ ശ്രമിച്ചു അവൾ. ചിലപ്പോൾ മാറ്റം വന്നെങ്കിലോ എന്ന പ്രതീക്ഷയോടെ.

” ഒന്നുമില്ലാത്ത ജീവിതത്തിൽ നിന്നും എത്രയോ വലുതലേ ഒരു പ്രതീക്ഷയെങ്കിലും ” എന്ന ചിന്തയോടെ അവൾ അവനെ നോക്കുമ്പോൾ അവൻ അവളുടെ കണ്ണ് വെട്ടിച്ച് അവൾക്ക് മുന്നിലുള്ള കുപ്പിയിൽ നിന്നും ഒരു പെഗ്ഗ് ഒഴിച്ച് കഴിക്കുന്ന തിരക്കിൽ ആയിരുന്നു.

പെട്ടന്നൊരു മാറ്റം ഉൾകൊള്ളാൻ കഴിയാത്തവനെ പോലെ..