അന്ന് വൈകീട്ടൊടെ അവർ ഡോക്ടറുടെ അടുത്ത് എത്തുകയും എല്ലാ ടെസ്റ്റും നടത്തുകയും ചെയ്തു…

മത്തായിച്ചന്റെ ഗർഭം

Story written by PRAVEEN CHANDRAN

“ഡോക്ടറേ ഈ മനുഷ്യന് എന്നും വയറ് വേദനയാണ് ഇതിയാനെക്കൊണ്ട് എനിക്ക് ഉറങ്ങാനും മേല.. ഇയാൾ ഗർഭണനാണോന്നാ എന്റെ ഇപ്പോഴത്തെ സംശയം” അന്നമ്മേടെ സങ്കടം കണ്ട് ഡോക്ടർക്ക് ചിരിയാണ് വന്നത്..

ഡോക്ടർ മത്തായിച്ചനെ സൂക്ഷിച്ചൊന്നു നോക്കി അന്നമ്മ പറഞ്ഞതിൽ തെറ്റില്ല ഒരു കുട്ടിക്ക് ഇരിക്കുനുള്ള വയറുണ്ട് മത്തായിച്ചന്..

എന്തായാലും മത്തായിച്ചനെ ഒന്ന്കാര്യമായി തന്നെ പരിശോധിച്ച് കളയാമെന്ന് ഡോക്ടറും കരുതി…

“മത്തായിച്ചോ ഗ്യാസുള്ള വല്ലതും കഴിക്കാറുണ്ടോ?” ഡോക്ടർ ചോദിച്ചു..

“ഇല്ല ഡോക്ടറേ… ഗ്യാസിന് വില കൂടുതലായത് കൊണ്ട് ഗ്യാസ് മുട്ടായി പോലും കഴിക്കാറില്ല” നിഷ്കളങ്കമായിരുന്നു മത്തായിച്ചന്റെ മറുപടി…

അത് കേട്ട് ഡോക്ടർ ചിരിച്ചു..

“അതല്ല മത്തായിച്ചാ.. ഉരുളക്കിഴങ്ങ്,കടല പോലുള്ളവയാണ് ഉദ്ദേശിച്ചത്”

“ഓ അതാടന്നോ… വല്ലപ്പോഴും കഴിച്ചാലായി ഡോക്ടറേ.. ” മത്തായിച്ചൻ നെടുവീർപെട്ടുകൊ ണ്ട് പറഞ്ഞു..

“ഓക്കേ..എന്നാ നമുക്ക് കാര്യമായ കുറച്ച് ടെസ്റ്റുകൾ വേണ്ടിവരും.. ആദ്യം ഞാൻ ഒരാഴ്ച്ചത്തെ മരുന്നിന് എഴുതാം.. അത് കൊണ്ട് നടന്നില്ലെങ്കിൽ ടെസ്റ്റ് ചെയ്യേണ്ടിവരും”

ഡോക്ടർ പറഞ്ഞത് കേട്ട് മത്തായിച്ചന് ടെൻഷനായി..

“ഡോക്ടറെ ഇനി വല്ല കാൻസറുമാവോ?”

“ഏയ്.. താൻ പേടിക്കാതിരി..ഇതതൊന്നുമല്ല.. വല്ല ദഹന പ്രശ്നവുമാകും” ഡോക്ടർ സമാധാനിപ്പിക്കാൻ ശ്രമിച്ചു…

ഡോക്ടറുടെ കൈയ്യിൽ നിന്ന് മരുന്നിന്റെ കുറിപ്പ് വാങ്ങി പുറത്തേക്ക് ഇറങ്ങിയപ്പോഴും മത്തായിച്ചന്റെ മനസ്സിലെ തീ അണയുന്നില്ലായിരുന്നു..

ഒരാഴ്ച്ച കഴിഞ്ഞിട്ടും വയറു വേദന കൂടിയതല്ലാ തെ മത്തായിച്ചന് ഒരു മാറ്റവുമില്ലായിരുന്നു..

“എടീ.. നീ ആ ഡോക്ടറെ ഒന്ന് വിളിച്ചേ..ഇത് നീ പറഞ്ഞപോലെ വല്ല ഗർഭമോ മറ്റോ ആണോന്നാ എന്റെയും സംശയം.. ഇടക്ക് വയറ്റിൽ കുട്ടികൾ കാലിട്ടി ളക്കുന്ന പോലെ തോന്നുന്നുണ്ട്..”

അത് കേട്ട് അന്നമ്മ അന്തം വിട്ടു..

“അടങ്ങി ഇരിക്ക് മനുഷ്യാ ഇന്ന് നമുക്ക് ഡോക്ടറുടെ അടുത്ത് പോയി ടെസ്റ്റ് ചെയ്യിക്കാം.. രണ്ടിലൊന്നറിയണമല്ലോ?”

അന്ന് വൈകീട്ടൊടെ അവർ ഡോക്ടറുടെ അടുത്ത് എത്തുകയും എല്ലാ ടെസ്റ്റും നടത്തുകയും ചെയ്തു…

വീട്ടിലെത്തിയതും വേലക്കാരി റോസി ചായയു മായി വന്നു… റോസിയെക്കണ്ടതും അന്നമ്മ അവളോട് പറഞ്ഞു..

“അതിയാന്റെ റിസൾട് വന്നിട്ട് ചായയും കാപ്പിയും കൊടുത്താമതി… എന്താന്നറിയില്ലല്ലോ”

അത് കേട്ടതും റോസിക്ക് സംശയമായി..

“അതെന്താ കൊച്ചമ്മേ മുതലാളിക്ക് പരീക്ഷ വല്ലതും ഉണ്ടാടന്നോ?”

അത് കേട്ടതും അന്നമ്മ തലയിൽ കയ് വച്ച് കൊണ്ട് പറഞ്ഞു..

“ഹോ ഇതിങ്ങനൊരു പൊട്ടി.. ഏടീ മെഡിക്കൽ ടെസ്റ്റ്.. ഇതിയാന്റെ വയറുവേദനയുടെ..”

അപ്പോഴാണ് റോസിക്ക് കാര്യം ഓടിയത്..

അന്ന് രാത്രി കിടക്കുന്നതിന് മുന്ന് അന്നമ്മ മത്തായിച്ചനോട് ഒരു സ്വകാര്യം പറഞ്ഞു..

“ഈ റോസിക്ക് കിട്ടണകാശിന് മുഴുവൻ മേക്കപ്പ് സാധനങ്ങൾ വാങ്ങാനേ തികയൂ എന്നാണ് തോന്നുന്നത്?”

“എന്താ അങ്ങനെ പറഞ്ഞത്?” മത്തായിച്ചന് സംശയമായി..

” അല്ല ഏത് നേരവും ഫേസ്ക്രീമും ബോഡി ലോഷനും തേച്ച് പിടിപ്പിക്കുന്നത് കാണാം..പോരാത്തതിന് ലിപ്സ്റ്റിക്കും.. ഉറങ്ങാൻ നേരം ആണ് മേക്കപ്പ് കൂടുതൽ..ഈ രാത്രി ആരെക്കാണിക്കാനാവോ.. എനിക്കാണേൽ ഈ ക്രീമിന്റെ മണം കേട്ടാലേ അലർജിയാ”

അത് കേട്ട് മത്തായിച്ചൻ ചിരിച്ചു…

“ഇനി ഉറക്കത്തിലെങ്ങാനും ചത്താൽ രാവിലെ ശവമെടുക്കുമ്പോഴും ഗ്ലാമറായി ഇരിക്കാനാവും ചിലപ്പോ”

അത് കേട്ട് അന്നമ്മയും ചിരിച്ചു.. വയറ് വേദനയേ ക്കാൾ അന്നമ്മയുടെ കൂർക്കം വലി ആയിരുന്നു മത്തായിച്ചന്റെ പ്രശ്നം.. അത് പറഞ്ഞ് ഇടക്കൊ ക്കെ മത്തായിച്ചൻ തലയിണയും എടുത്ത് വരാന്തയിലേക്ക് പോകും… സമാധാനമായിട്ട് ഉറങ്ങാൻ…അതൊന്നും അന്നമ്മ ശ്രദ്ധിക്കാറെ ഇല്ലായിരുന്നു… വയറ് വേദനയെടുത്ത് കരഞ്ഞ് അവരുടെ ഉറക്കം കളയില്ലല്ലോ എന്ന സമാധാനമായിരുന്നു അവർക്ക്…

പിറ്റേന്നും മത്തായിച്ചന് വയറ് വേദനയായിരുന്നു..

അന്ന് ഡോക്ടർ മത്തായിച്ചനേയും അന്നമ്മയേയും വിളിപ്പിച്ചു… തനിക്കെന്തോ മഹാരോഗമാണ് എന്ന് കരുതി മത്തായിച്ചൻ ഭക്ഷണം പോലും കഴിക്കാതെ ആണ് ഡോക്ടറെ കാണാനിറങ്ങിയത്..

“ആഹാ.. മത്തായിച്ചനോ…വരൂ ഇരിക്കൂ…”

ഡോക്ടറിരിക്കാൻ പറഞ്ഞെങ്കിലും മത്തായിച്ചന് ഇരുപ്പുറക്കുന്നില്ലായിരുന്നു..

“എന്നതാ ഡോക്ടറെ പ്രശ്നം.. എന്റെ വയറിൽ കാൻസറാണോ? അതോ കുട്ടി ഉണ്ടോ?”

അത് കേട്ട് ഡോക്ടർ ചിരിച്ചു…

“ഏയ് എന്താ മത്തായിച്ചാ ഇത്… തനിക്ക് കാൻസറൊന്നുമില്ല… പക്ഷെ ഇങ്ങനെ റൊമാന്ടിക് ആയാൽ ചിലപ്പോ പ്രശ്നമാകും”

അത് കേട്ട് അന്നമ്മയും മത്തായിച്ചനും മുഖത്തോട് മുഖം നോക്കി…

“അല്ലാ ഡോക്ടർ പറഞ്ഞ് വരുന്നത്?” അന്നമ്മയ്ക്കായിരുന്നു അപ്പോൾ സംശയം

“അന്നമ്മേ ഇനി രാത്രി കിടക്കുമ്പോൾ മുഖത്തും ശരീരത്തിലും ക്രീം പുരട്ടുന്നതും ലിപ്സ്റ്റിക്കും ഒഴിവാക്കുക… അല്ലെങ്കിൽ ഈ പാവത്തിന്റെ കാര്യം കട്ട പൊക ആവും.. വയറ് നിറയെ പലതരം ക്രീമുകളാണ്.. അതാണ് ഈ വയറുവേദന”

അത് കേട്ടതും അന്നമ്മയോടൊപ്പം മത്തായിച്ചനും ഞെട്ടി… അന്നമ്മ ക്രീം ഒന്നും ഉപയോഗിക്കാറില്ലാന്ന് മത്തായിച്ചന് അറിയാമായിരുന്നു…

അന്നമ്മയുടെ മനസ്സിൽ ആ മുഖം തെളിഞ്ഞെന്ന് അന്നമ്മയുടെ കണ്ണുകളിൽ നിന്ന് മനസ്സിലാക്കിയ മത്തായിച്ചൻ നേരെ അന്നമ്മയുടെ കാലിൽ വീണു പറഞ്ഞു…

“ഞാനല്ല… എന്റെ ഗർഭം ഇങ്ങനല്ല”…

പക്ഷെ അത് മാത്രമേ മത്തായിച്ചന് ഓർമ്മയുണ്ടായിരുന്നുള്ളൂ.. മത്തായിച്ചന്റെ ഗർഭം വരെ അവർ അപ്പോഴേക്കും കലക്കി കളഞ്ഞിരുന്നു….

പ്രവീൺ ചന്ദ്രൻ…