ആദിയെ കണ്ണിൽ നിന്ന് മറയും വരെ നോക്കി നിന്ന അമ്മു അതിനുശേഷം അമ്പല നടയിൽ കയറി ഇരുന്നു ഒരു ദേവിയെ പോലെ…

ഒറ്റത്തുമ്പി കിനാവ്

Story written by ABDULLA MELETHIL

‘അമ്മുവിന് ഇങ്ങിയുമ്മകളെ കുറിച്ചറിയുമോ ?

അവൾ ഇല്ലെന്ന് തലയാട്ടി.. !

ഇങ്ങിയുമ്മ എന്നാൽ ഒരു തൂവൽ സ്പർശം പോലെയാണ്..കണ്ണുകൾ ഇറുകെ അടച്ചു പിടിച്ച് കൺ പീലി കൈകളിൽ തട്ടിയാൽ എന്താണ് തോന്നുക അത്രമേൽ ആർദ്രമാണ് ഇങ്ങിയുമ്മകൾ..

കുന്നിന് മുകളിൽ കുറച്ചു കുട്ടികളുമായി അമ്മു നടക്കുമ്പോൾ ആദിയെ അവൾ അങ്ങോട്ട് കൈ മാടി വിളിച്ചതായിരുന്നു

ആദി അവളുടെ അടുത്തേക്ക് ചെന്നു..മയിലുകളുടെ കൂട്ടത്തോടെയുള്ളബ്രച്ചിലും ഓട്ടവും കുറച്ചു ദൂരെയുള്ള റബ്ബർ തോട്ടത്തിൽ നിന്നും കേൾക്കാമായിരുന്നു…

കുട്ടികൾ കുറെ ഏറെ മുന്നിൽ ആയപ്പോഴാണ് ആദി അമ്മുവിന്റെ കൈ പിടിച്ചത് അപ്പോൾ തന്നെ കൈ വിടുവിക്കാൻ ശ്രമിച്ചു അവരാരെങ്കിലും കണ്ടാൽ വീട്ടിൽ പറയും കേട്ടോ..

അമ്മു ഒരു ചെറിയ ചിരിയോടെ പറഞ്ഞു ആദി അവളുടെ കൈ ഒന്ന് ചുംബിച്ച ശേഷം വിട്ടു..അപ്പോഴാണ് ആദി അവളോട് ഇങ്ങിയുമ്മകളെ കുറിച്ചു പറഞ്ഞത്..

അമ്മമ്മ പറഞ്ഞിരുന്നു ആദിയേട്ടൻ കഥയും കവിതയും ഒക്കെ എഴുതുമെന്ന് അത്തരം ആളുകൾക്കാണ് ഇങ്ങനെയൊക്കെ സംസാരിക്കാൻ കഴിയൂ…

എനിക്ക് കവിതപോലെയൊന്നും പറയാൻ കഴിയില്ല എന്നാലും ആദിയേട്ടൻ എന്നെ നോക്കിയ ആദ്യ നോട്ടത്തിൽ തന്നെ എനിക്കൊരു ഇഷ്ടം തോന്നി…

ആദി അവൾ പറയുന്നത് കൗതുകത്തോടെ കേട്ടിരുന്നു..ആദി തന്റെ മുഖത്തേക്ക് തന്നെ നോക്കി ചിരിക്കുന്നത് കണ്ടപ്പോൾ അവൾക്ക് നാണം വന്നു അത്രക്കൊന്നുമില്ല കുറച്ചേ ഉള്ളൂ..അവൾ കൈ കൊണ്ട് കാണിച്ചു..

നിങ്ങളുടെ ഇങ്ങിയുമ്മകൾ പോലെ…അതും പറഞ്ഞവൾ പൊട്ടിച്ചിരിച്ചു..

അവൾ കുന്നിന് അപ്പുറമുള്ള നരിമാളൻ ഗുഹയെ കുറിച്ച് ആദിയോട് പറഞ്ഞു..അവിടെ നരി ഉണ്ടത്രേ..

അതിനപ്പുറം ഒരു ദേവീ ക്ഷേത്രവും ഉണ്ട് കുന്നിന് മുകളിൽ ഒരു ക്ഷേത്രം..

ആദിയേട്ടന് അറിയോ..എനിക്ക് കുറച്ചു വട്ടുണ്ട്. ചെമ്പരത്തി ചെവിയിൽ ചൂടാത്ത എന്നാൽ ചെമ്പരത്തിയെ ധ്യാനിക്കുന്ന ഒരു വട്ടുള്ള പെണ്ണ്..

കവികളും വട്ടുള്ളവരാണ് അല്ലേ ആദിയേട്ടാ സ്വയം സൃഷ്ടിച്ചെടുക്കുന്ന ഒരു മായലോകത്ത് വിരാജിക്കുന്നവർ..

നമുക്കാ ക്ഷേത്രത്തിലേക്ക് നടക്കാം, അവൾ ദൂരേക്ക് കൈ ചൂണ്ടി..കുട്ടികളൊക്കെ അപ്പോഴേക്കും അവിടെ നിന്നും തിരികെ പോയിരുന്നു..

അവൾ അവിടെ നിന്ന് ഒരു ചരട് എടുത്ത് അതിൽ കുറെ പച്ചിലകളും പൂവുകളും ചേർത്ത് കെട്ടി രണ്ട് മാലകൾ ഉണ്ടാക്കി..ആദിയെട്ടാ ഞാനൊരു കാര്യം പറയട്ടെ ഈ മാലകൾ നമുക്ക്ഈ ക്ഷേത്രത്തിന് മുന്നിൽ നിന്ന് പരസ്പരം അണിയിക്കാം…

ആദി അത് കേട്ടപ്പോൾ ഒന്ന് വിറച്ചു..അവളൊന്ന് ചിരിച്ചു ഞാൻ ഇവിടെ എപ്പോഴും വരാറുണ്ട് അല്ലെങ്കിൽ ഞാൻ ഇവിടെയെ വരാറുള്ളൂ..എന്റെ ലോകം ഇവിടെയാണ്‌..സാമാന്യ ബുദ്ധി ഉള്ളവരെയാണ് വട്ടുള്ളവർ എന്ന് വിളിക്കുന്നത്. എന്നാൽ ബുദ്ധി കുറവുള്ള വട്ടുള്ളവരാണ് സമൂഹത്തിന് മുന്നിൽ ബുദ്ധി ഉള്ളവരും..അവർക്ക് അറിയാത്തതും കഴിയാത്തതും നമ്മൾ ചെയ്യുമ്പോൾ അവർ നമുക്ക് തരുന്ന പേരാണ് അവൾക്ക് വട്ട് ആണെന്ന്..

ആദിയെയും കൊണ്ടവൾ അമ്പല നടയിൽ നിന്നു തൊഴുതു..ഇതൊന്നും ഇനി നമുക്ക് കഴിയില്ല..അവർ പരസപരം മാലകൾ അണിഞ്ഞു. അവൾ അപ്പോഴും ചിരിച്ചു കൂടെ ഒരിറ്റ് കണ്ണ് നീരും…

ആദിയേട്ടന്റെ ഇങ്ങിയുമ്മ ഇനി എനിക്ക് നൽകാമോ…ആദി അവളെ തന്നോട് ചേർത്ത് പിടിച്ചു അവളുടെ ചെവിക്ക് താഴെ മുടിയിഴകൾ മാറ്റി പിടിച്ചു പതിയെ ചുണ്ടുകൾ ചേർത്തു..

അവൾ കോരി തരിച്ചു….

ഇങ്ങിയുമ്മകൾ എന്നാൽ നനുത്ത സ്പർശം പോലെ മാത്രമല്ല ഒരുപാട് ഉമ്മകൾ പലയിടത്തും സമർപ്പിക്കപ്പെടുന്നതിന്റെ ആഘോഷമാണ്. അവൻ അവളുടെ ചെവിയിൽ പറഞ്ഞു..

അവളൊന്ന് കുറുകി..സമ്മതം എന്നാണോ..അവൻ അവളുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു..അവൾ പെരു വിരലിൽ ഉയർന്ന് നിന്നു..

ചെറിയ അരുവികൾ ചെറിയ ശബ്ദങ്ങളോടെ ഒരു പുഴയിൽ സമ്മേളിക്കുന്നു ഒരാലിന് മേലേക്ക് പടർന്ന് കയറുന്ന വള്ളികൾ പോലെ ഇടക്കൊക്കെ വിയർത്തും കിതച്ചും..ഉമ്മകളുടെ പരിസമാപ്തി ചൂട് പുകയുന്ന ര തിയിലാണ് ഇങ്ങിയുമ്മകൾ പോലെ..

അവൾ ചുവന്ന കല്ല് കരിങ്കല്ലിൽ ഉരസി അവനൊരു കുറി അണിയിച്ചിരുന്നു. കുറിയും അവളും അവന്റെ വിയർപ്പിൽ കുളിച്ചു ശരീരങ്ങൾ തമ്മിലുള്ള മൗനമായ കഥ പറച്ചിലുകളിലാണ് വിയർപ്പുകൾ പൊടിയുന്നത്

സൂര്യൻ ഉച്ചസ്ഥായിയിൽ എത്തിയതിന്റെ ചൂട് ആദിയുടെ പുറത്തെ പൊള്ളിച്ചു നമുക്ക് പോകേണ്ടേ വീട്ടിൽ അന്വേഷിക്കും..അവളപ്പോൾ അവന്റെ രോമം നിറഞ്ഞ നെഞ്ചുകളിൽചിത്രം വരക്കുകയായിരുന്നു ദേവിയുടെ ചിത്രം..

എന്നെ ആരും അന്വേഷിക്കില്ല..ആദിയേട്ടനെ അന്വേഷിക്കും..ഞാൻ എങ്ങോട്ടെങ്കിലും പോയാൽ അത്രയും നന്നെന്നാകും വീട്ടുകാർ കരുതുക..

അതെന്താ അമ്മു അങ്ങനെ പറയുന്നത് ആദി ഷർട്ടിന്റെ ബട്ടണുകൾ ഇടുമ്പോൾ ചോദിച്ചു..

അവരെന്റെ അമ്മയല്ല, അതെന്റെ വീടുമല്ല..എന്റെ അമ്മ എനിക്ക് പതിനഞ്ചു വയസ്സുള്ളപ്പോൾ തൂങ്ങി മരിച്ചു..അച്ഛൻ കൊന്നതാണെന്നാണ് നാട്ടുകാർ പറഞ്ഞിരുന്നത് എങ്ങനെ ആയാലും എനിക്ക് എന്റെ അമ്മയെ നഷ്ട്ടപ്പെട്ടു..

അമ്മ മരിച്ചപ്പോൾ അമ്മയുടെ സ്ഥാനത്ത് അച്ഛൻ എന്നെയും കാണാൻ തുടങ്ങിയപ്പോൾ നാട്ടുകാരാണ് എന്നെ അനാഥ മന്ദിരത്തിൽ ചേർക്കാൻ തീരുമാനിച്ചത്..

അത് കുടുംബക്കാർക്ക് മോശമല്ലേ വലിയമ്മ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നു..

ആദിയേട്ടന് മുഷിഞ്ഞോ…അവൾ ഒരു ചിരിയോടെ ചോദിച്ചു..

നിനക്കെങ്ങനെ ഇങ്ങനെ ചിരിക്കാൻ കഴിയുന്നു ആദി അവളെ തന്നോട് ചേർത്ത് പിടിച്ചു ചോദിച്ചു…

വലിയച്ചനും പറഞ്ഞു..ഒരു ദിവസം ഞാൻ നിന്നെ അനുഭവിക്കുമെന്ന്. അത് അമ്മയോട് പറഞ്ഞപ്പോൾ ആണ് ആദ്യമായി ഞാൻ ആ വാക്ക് കേൾക്കുന്നത് നിനക്ക് വട്ടാണെന്ന്…

അവൾ വീണ്ടും ചിരിച്ചു..എന്നെ ഞാൻ ആദിയേട്ടന് സമർപ്പിച്ചു..ഞാൻ ആദിയേട്ടന്റെ പെണ്ണാണ്, എന്റെ ദേവിയുടെ മുന്നിൽ എന്റെ മനസ്സിൽ ഇനി ഈ വട്ടുള്ള പെണ്ണിന് മുന്നോട്ട് പോകാൻ ആ ഓർമ്മകൾ മാത്രം മതി…

കുട്ടികൾ അവരെയും തിരഞ്ഞു കുന്നിൻ മുകളിലേക്ക് വരുന്നത് ദൂരെ നിന്നെ അമ്മു കണ്ടു..അവൾ ഒരിക്കൽ കൂടി അവനെ ചേർത്ത് പിടിച്ചു..അവന്റെ നെഞ്ചു മുഴുവൻ അവളുടെ കണ്ണ് നീരിൽ നനഞ്ഞു…

അമ്മു മറ്റൊരു വഴിയിലൂടെ വീട്ടിലേക്ക് പോയി അമ്മമ്മ ആദിയെ കുറച്ചൊക്കെ ചീത്ത പറഞ്ഞു..എങ്ങോട്ടെങ്കിലും പോകുമ്പോൾ പറഞ്ഞു പോകണ്ടേ….കുളിച്ചു വരൂ ഭക്ഷണം കഴിക്കാം..വെയിൽ ആറിയാൽ നമ്മുക്ക് വീട്ടിലേക്ക് പോകണം…

ആദി തോർത്തുമായി കുളിമുറിയിലേക്ക് നടക്കുമ്പോൾ അമ്മുവിന്റെ വീട്ടിൽ നിന്ന് ചില ബഹളങ്ങൾ കേട്ടിരുന്നു..അതിന് വട്ടല്ലേ ആ കുന്നും അമ്പലവുമാണ് വട്ടത്തി പെണ്ണിന്റെ വാസ സ്ഥലം..നാറാണത്ത് ഭ്രാന്തനെപോലെ…

ആദി ബക്കറ്റ് വെള്ളം അങ്ങനെ തന്നെ തലയിലേക്ക് ഒഴിച്ചു..വെള്ളം തലയിലേക്ക് വീഴുന്ന ശബ്ദത്തോട് ഒപ്പം അവനും ശബ്ദത്തോടെ കരഞ്ഞു..എത്ര കരഞ്ഞിട്ടും എത്ര വെള്ളം ഒഴിച്ചിട്ടും അവനൊരു ശമനം കിട്ടിയില്ല..

ആദി ഭക്ഷണം കഴിക്കുമ്പോൾ അമ്മമ്മ അവനെ ശ്രദ്ധിക്കാതിരുന്നില്ല. രണ്ട് കണ്ണുകളും ചുവന്ന് തുടുത്തിരിക്കുന്നു കരഞ്ഞ പോലെ..

അമ്മമ്മ പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി അമ്മു അവളുടെ വീടിന്റെ തിണ്ടിന്മേൽ ഇരുന്നിരുന്നു..ആദിക്ക് അവന്റെ സങ്കടത്തെ ഒതുക്കാൻ കഴിഞ്ഞില്ല..

അവളോട് കുന്നിന് മേലേക്ക് വരാൻ ആംഗ്യം കാണിച്ചെങ്കിലും അവൾ അരുതെന്ന് ആംഗ്യം കാണിച്ചു..

വെയിൽ ഒന്നാറിയപ്പോൾ അമ്മമ്മയും ആദിയും പോകാൻ തയ്യാറായി ഇറങ്ങി..ആദിയുടെ കണ്ണുകൾ അമ്മുവിനെ തിരഞ്ഞു അവളെ അവിടെ എങ്ങും കണ്ടില്ല അവന് സങ്കടവും അരിശവും വന്നു ഈ പോകാൻ നേരം ഒന്നൂടെ ഒന്ന് കാണാൻ…

അവൾ അവിടെ എങ്ങും ഉണ്ടായിരുന്നില്ല. അവൾ മയിലുകൾ നൃത്തം വെക്കുന്ന നരിമാളൻ ഗുഹയുള്ള കുന്നിന് പുറത്തുള്ള ദേവി ക്ഷേത്രത്തിൽ ആയിരുന്നു..അവിടെ അവനൊത്ത് കഴിഞ്ഞ സ്ഥലത്ത് അവൻ അണിയിച്ച മാലയും കയ്യിൽ പിടിച്ച് അവനെയും ഉപാസിച്ചിരിക്കുകയായിരുന്നു..

ആദി തിരിഞ്ഞും ഒളിഞ്ഞും നോക്കി നടന്നു അവളെ അവിടെങ്ങും കണ്ടില്ല. അമ്മു കുറച്ചു കഴിഞ്ഞപ്പോൾ കുന്നിന്റെ മറുവശത്തേക്ക് നടന്നു അവിടെ നിന്നും അവൾ കണ്ടു പുറകിലേക്ക് ഇടക്കൊക്കെ തിരിഞ്ഞു നോക്കിപോകുന്ന ആദിയെയും അവന്റെ അമ്മമ്മയെയും…

അമ്മമ്മയോട് അമ്മായി പറഞ്ഞത് അമ്മു കേട്ടിരുന്നു ആദിക്ക് ആ വട്ടത്തി പെണ്ണുമായി എന്തോ ചുറ്റികളി ഉണ്ട്. അവനെ ഇനി ഒരു കാരണവശാലും ഇങ്ങോട്ട് വിടരുതെന്നും..അമ്മമ്മയും മനസ്സിൽ ഒന്ന് നിശ്ചയിച്ചിരുന്നു. അവന്റെ അമ്മ വീട്ടിലെ താമസം ഇന്നത്തോടെ നിർത്തണം എന്ന്..

അമ്മുവിനും അറിയാമായിരുന്നു, ആദിയോട് ഒത്തുള്ള ആദ്യത്തെയും അവസാനത്തെയും കൂടി കാഴ്ച്ച ആണിതെന്ന്..

ആദി ഇതൊന്നും അറിയാതെ ആത്മാവിനെ ദേവീ നടയിൽ അമ്മുവിന് ബലി കൊടുത്ത് ഹൃദയത്തിൽ അമ്മുവിനെ മനസ്സിൽ ധ്യാനിച്ചു ഒരു യന്ത്രം കണക്കെ അമ്മമ്മയുടെ കൂടെ നടക്കുകയായിരുന്നു..

വീട്ടിലെത്തിയ അന്ന് രാത്രിയും ആദി ഒരുഭ്രാന്തനെ പോലെ റൂമിനുള്ളിൽ അലറി കരഞ്ഞു..അവനുറങ്ങിയില്ല ..പിറ്റേന്ന് തന്നെ അമ്മമയോട് പറഞ്ഞു, അവളെ കാണാൻ പോകണം എന്ന ചിന്തയിൽ എണീറ്റ് കുളിച്ചു വന്നപ്പോഴേക്കും അമ്മയും അച്ഛനും തന്നെ വിളിക്കാൻ വന്നിരുന്നു…

അന്ന് കഴിഞ്ഞു മൂന്നാം നാൾ ഗൾഫിലേക്ക് പോകാൻഅവനുള്ള വിസയും അവരുടെ കൈയ്യിൽ ഉണ്ടായിരുന്നു..

കിണറ്റിൽ വീണ് വെള്ളം കുടിച്ചു കരഞ്ഞു തളർന്ന ഒരു പൂച്ച കുഞ്ഞിനെ പോലെ ആദി അവരുടെ പിന്നാലെ പോയി പോകുമ്പോൾ അവൻ അമ്മമ്മയെ ഒന്ന് നോക്കി..അമ്മമ്മ ഉരുകി പോയി അവന്റെ ആ തളർന്ന നോട്ടത്തിൽ..

ആദിയെ കണ്ണിൽ നിന്ന് മറയും വരെ നോക്കി നിന്ന അമ്മു അതിനുശേഷം അമ്പല നടയിൽ കയറി ഇരുന്നു ഒരു ദേവിയെ പോലെ…കുറെയേറെ കയറുകൾ അവളവിടെ ശേഖരിച്ചിരുന്നു അതെല്ലാം അവൾ കൂട്ടി ചേർത്ത് വലിയൊരു കയറാക്കി…

അതിന് ശേഷം അവളൊരു വെള്ള കടലാസിൽ എന്തൊക്കെയോ കുത്തി കുറിച്ചു അതിന്റെ അവസാനം എന്റെ ആദിക്ക് സ്വന്തം അമ്മു എന്നെഴുതിയിരുന്നു

ആദി അണിയിച്ച മാല അവൾ കഴുത്തിൽ അണിഞ്ഞു..അവൻ ചുണ്ട് ചേർത്ത ഇടങ്ങളിൽ അവളൊരിക്കൽ കൂടെ കൈകളാൽ സഞ്ചരിച്ചു..മാലയുടെ കൂടെ കയറും അവൾ കഴുത്തിൽ കെട്ടി..അവൻ സമ്മാനിച്ച ഇങ്ങിയുമ്മകളുടെ ചൂടിൽ അവളുടെ രോമങ്ങൾ എഴുന്ന് നിന്നു

എവിടെയൊക്കെയോ ചെറിയ സുഖമുള്ള നീറ്റലുകളുടെ ഓർമ്മയിൽ അവൾ ഇക്കിളി പൂണ്ടു. ചെവിയിൽ ഇപ്പോഴും ആദി പറഞ്ഞ ഒറ്റ തുമ്പി കിനാക്കളെ കുറിച്ചുള്ള മൂളലുകൾ ഓരോ തുമ്പികളായി കാൽ വിരലിൽ നിന്ന് സഞ്ചരിച്ചു..

ആദിക്കും മുമ്പേ അമ്മ പറഞ്ഞിരുന്നു ആകാശത്തെ മേഘ കീറുകളിൽ ഒന്നിൽ ഊഞ്ഞാൽ കെട്ടിയ ഒരു മാലാഖയുടെ കഥ ക്ഷേത്രത്തിന്റെ തെണ്ടികയിലേക്ക് മേഘ കീറുകളിറങ്ങി വന്ന് അവളുടെകഴുത്തിലെ കയറിൽ തൊട്ടു..അവൾക്ക് മേലാകെ ഒന്ന് കോരി തരിച്ചു ഒരൊറ്റ തരിപ്പ് മാത്രം..ആദി ആദ്യമായി നൽകിയ ഇങ്ങിയുമ്മ പോലെ..

അവളെഴുതിയ കടലാസിലെവരികൾ കാറ്റ് വായിച്ചെടുക്കുകയായിരുന്നു…

‘അത് മറ്റാർക്കും പറഞ്ഞു കൊടുക്കാതെ ആദിയുടെ ചെവിയിലേക്ക് എത്തിക്കാൻ ഉള്ളതാണ് അതവനുള്ള ആത്മ ശാന്തിയാണ് ഇനിയുള്ള ജീവിതത്തിൽ..