എത്ര വട്ടം ഞാൻ മണിക്കൂറോളം നിങ്ങളെ കാത്തുനിന്നിട്ടുണ്ട് ആ വിളിയൊന്നു തീർന്ന് ഒന്നു നോക്കാനെങ്കിലും…

“തിരികേയൊരിക്കൽ”

എഴുത്ത്: അനു സാദ്

“നിങ്ങളൊരിക്കലും നന്നാവില്ല ഇക്കാ.. ഞാനീ കെടന്നു വായിട്ടലക്കലെ ഉണ്ടാവൂ എന്നും..!

“എന്തുവാ?”

കുന്തം.. എന്നെക്കൊണ്ടൊന്നും പറയിക്കരുത്. ഒന്നര മാസം കഴിഞ്ഞു നിങ്ങൾ പോയിട്ട്; വന്നിട്ട് 4 ദിവസായിട്ടൊള്ളു എന്നിട്ട് നാളെ നിങ്ങൾക് പോണല്ലേ? ഞാൻ എന്നും ഇവിടെ ഒറ്റക്ക് കഴിയാം. അതിനാണല്ലോ എന്റെ വാപ്പ നിങ്ങൾക്കെന്നെ കെട്ടിച്ചു തന്നത്..അങ്ങട്ടും കൊണ്ടോവില്ല ഇവിടെ വന്നു നിൽകൂല്ല്യ ദുഷ്ടൻ! ഇതിലും ഭേദം ഗൾഫ്‌കാരനെ കെട്ടുന്നത;ലീവുള്ള ഒരു മാസെങ്കിലും നേരം പോലെ കിട്ടുവല്ലോ! ഇതിപ്പോ മാന്ഗ്ലൂർ ആണ്; നാട്ടിലാണ്ന്നുള്ളൊരു പേരും നാട് കാണാത്ത ഒരു ജന്തുവും! അപ്പഴേ പറഞ്ഞതാ വാപ്പാട് ഈ ബിസിനെസ്സ്കാരെ എനിക്ക് വേണ്ടാന്ന്!.. അപ്പോ എന്നോട് പറഞ്ഞു അവൻക് ഫാക്ടറി ആണ് എപ്പഴും അങ്ങട് പോണ്ട ഇടക്ക് പോയാമതി അതോണ്ട് നാട്ടിൽ തന്നേണ്ടാവും തേങേണ് മാങ്ങേണുന്നൊക്കെ…

“ന്നിട്ടിപ്പോ നിനക് ന്താ ണ്ടായി? നല്ലൊരു ചെക്കനെ കിട്ടീലെ?! നിന്നെ ഇത്രക് സ്നേഹിക്കുന്ന ഒരാളെ നിനക്കിനി കാണാൻ കിട്ടുല്ല്യ..”തലേ വെച്ച പേനരിക്കും താഴെ വെച്ച ഉറുമ്പരിക്കും ന്ന് പറഞ്ഞ പോലല്ലേ ഞാൻ നോക്ക്ണ്..! പിന്നെ ഇപ്പോ നല്ലൊരു കുറുമ്പി നെ കൂടി നിനക്ക് തന്നില്ലേ?!..”

ദേ പൊയ്ക്കോ അവ്ട്ന്ന്! ചൂടുവെള്ള എന്റെ കയ്യിലിരിക്കണേ തലവഴി ഒഴിക്കും ഞാൻ… അങ്ങനെ നോക്കുന്നോരെ ഞാൻ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്.. 3 കൊല്ലായി ഞാനിവിടെ ഒച്ചപ്പാട് തുടങ്ങീട്ട്; എന്നിട്ട് നിങ്ങടെ ചെന്തെങ്ങിൻ കൊലക്കു വല്ല കുലുക്കുണ്ടോ?!.. പത്തു ഇരുപത് ദിവസം ഇതുവരെ നിങ്ങളെന്റെ കൂടെ തികച്ചു നിന്നിട്ടുണ്ടോ? ഇതുവരെ നേരാവണ്ണം നിങ്ങളെന്നെ ഒന്ന് കണ്ടിട്ടുണ്ടോ?..വരുന്നതിന്റെ മുന്നേതന്നെ വാണം വിട്ട പോലെ പോവും ഏത് നേരും ഒരു ബിസിനസ്സ്!.. 24 മണിക്കൂറും ബിസി.. ഇത്രക്ക് ഒഴിവില്ലെങ്കിൽ നിങ്ങൾ പിന്നെ കല്യാണം കഴിക്കണെര്ന്നോ?! ഈ കച്ചോടക്കാർക് പെട്ടെന്ന് കുട്ടികളാവുംന്ന് പറയ്ണത് വെറുതെയല്ല.. നിങ്ങളെ പിന്നെ മഷിയിട്ടു നോക്കിയാ കാണില്ല്യല്ലോ,! അപ്പോപിന്നെ ഇതുപോലെ ഒന്നോ രണ്ടോ കൂട്ടിന് ആക്കികൊടുത്ത മതിയല്ലോ വൈഫ് ന്…

“ഹേ..അങ്ങനെ ഞാൻ കേ്ട്ട്ല്ല്യലോ?”

“ഞാൻ കേട്ടു”

“ഓ…എടീ ഞാൻ അവിടെ എനിക്കോരോ തിരക്കുള്ളോണ്ട് പോവല്ലേ.. വർക്ക് കൂടുമ്പോ.. നമ്മൾടെ ബിസിനസ് നമ്മൾ നോക്കിയാലല്ലേ നേരാവൂ!”

എന്നെ നിങ്ങൾ പിന്നെ ഇവിടെ ആർക്ക് കൊടുന്നതാ? ആരാൻകോ?! നിങ്ങടെ തിരക്ക് തീർന്ന നേരം എപ്പഴാ ഉള്ളത്? കല്യാണം കഴിഞ്ഞപ്പോ തുടങ്ങിയതല്ലേ നിങ്ങളുടെ ഈ ഓട്ടം.. ന്ന വല്ല കാര്യമുണ്ടോ അതൂല്ല്യ… അതിനനുസരിച് നിങ്ങൾക്ക് എന്നും ഓരോ പ്രോബ്ലെംസ് മ് ണ്ടാവും.. എന്റെ കൂടെയൊന്നു കുറച് നേരം ഇരിക്കില്ല.. മിണ്ടില്ല..നാട്ടുകാരോട് മുഴുവൻ നിങ്ങൾക് കഥ പറയാൻ ടൈം ണ്ട്..വീട്ടിൽ ഉണ്ടേലും മാന്ഗ്ലൂർ പോയാലും ഒകെ ഈ ഫോൺ വിളി തന്നെ.. എപ്പോ നോക്കിയാലും എൻഗേജ്ഡ്… ആ പൈസ ഈ പൈസാ ന്നും പറഞ്..ഞാനൊരാൾ ഇവിടെ ഉണ്ടെന്ന് പോലും ചിന്തിക്കില്ല.. കേൾക്കുന്നോരു വിചാരിക്കും ഇതൊക്കെ കിട്ടാനാ ന്ന്..നമുക്കല്ലേ അറിയൂ ഒകെ കൊടുക്കാനാന്ന്..ഹ്മ്മ്..

“പോടീ”

എത്ര വട്ടം ഞാൻ മണിക്കൂറോളം നിങ്ങളെ കാത്തുനിന്നിട്ടുണ്ട് ആ വിളിയൊന്നു തീർന്ന് ഒന്നു നോക്കാനെങ്കിലും..ഒന്നും മിണ്ടാതെ തിരിച്ചു പോന്നാലും നിങ്ങൾ അറിയാറില്ല.. എല്ലാ പണിയും വേഗം തീർത്തു ഞാൻ വന്ന അതുവരെ ഉണ്ടായിരുന്ന ആൾ അപ്പൊ എങ്ങോട്ടേലും പോവും.. പിന്നെ പാതിരാക്ക് നോക്കിയ മതി..എവിടേലും പോവാണെങ്കിൽ ഡ്രൈവിംഗ് ഫുൾ ഈ ഫോണ് വിളിച്ചോണ്ട്.. ദസ്‌വി മാതിരി കുത്തിപിടിച്ചു ഇരുന്നോളും… തൊട്ടപ്പുറത്ത് ഞാൻ ആരും ഒന്നും മിണ്ടാനില്ലാതെ ശ്വാസം മുട്ടി ഇരിക്കണത് നിങ്ങൾ കണ്ടിട്ട് പോലുണ്ടാവുല്ല്യ!.. എനിക്ക് മടുത്തൂ… കല്യാണം ഉറപ്പിച്ചപ്പോ തൊട്ട് എന്തെല്ലാം വാഗ്ധാനങ്ങളായിരുന്നു?! നിങ്ങളെ കസ്റ്റമേഴ്സ് നെ പറഞ്ഞു മയക്കുന്ന പോലെ നിങ്ങൾ എന്നേം പറഞ്ഞു പറ്റിക്ക്യ…! ആ മാന്ഗ്ലൂർക് പോവുന്ന പോക്ക് കണ്ടാലറിയാം നിങ്ങളവിടെ ഏതോ ചരട് വലിക്കുന്നുണ്ടെന്ന്!..”

“പിന്നേ..ഒന്നോണ്ടന്നെ മതിയായിക്കണ്.. ന്റമ്മോ!. ഇനി വേണ്ടന്നെ!

“അതെനിക്കറിയാം.. ആദ്യമായി എന്നെ കുറിച്ചൊരു പാട്ട് പാടാൻ പറഞ്ഞപ്പോ നിങ്ങൾ എന്താ പാടിയത് ?!

“എന്താ?”

“തൊന്തരുവ് ഇതെന്തൊരു തൊന്തരുവ് ന്നല്ലേ…പിന്നേ.. വേതാളം പോലെ എന്നെ തുടരുന്ന ശാപം എന്നൊക്കെയല്ലേ…

“ഒകെ ഓര്മണ്ടല്ലേ?!”

ഇതൊന്നും അങ്ങനെ മറക്കാൻ പറ്റില്ലാലോ…

“ഞാൻ എന്തൊക്കെ നല്ലത് പറഞ്ഞിട്ടുണ്ടടി.. അതൊന്നും ഓർമല്യലോ?!

“ഓ..ഹും”

ഇനിപ്പോ സീസൺ ആ വരാൻ പോവുന്നത് അപ്പോ എനിക്കങ്ങോട്ട് പോവാതിരിക്കാൻ പറ്റുവോ??

ഹോ..എന്റൊരു ഗതികേട് ! ഈ സീസൺ മ് വർക്കും കേട്ട് തീരും എന്റെ ജീവിതം!..ഞാനിങ്ങനെ കാലം കഴിഞ്ഞു പോവത്തേ ഉള്ളൂ ഒരു കാര്യൂല്ല്യാതെ..
ഏത് നേരത്താണാവോ?.. എന്റെ തലയിൽ വരച്ച ഒരു വരയെ!” ഇങ്ങനെ പോയ ഞാൻ വല്ലോരുടേം കൂടെ പോവും! അപ്പോ നിങ്ങൾ പഠിക്കും…

“ആണോ?.. കൊണ്ടയോരു പിന്നെ വേഗം കൊടുന്നാക്കി തരും.. അതാ ഒരു സമാധാനം..”

“പോടാ” ഞാനും എന്റെ മോളും ഞങ്ങളെ പാട് നോക്കി ജീവിച്ചോളാം..ഒന്ന് ഒഴിവാക്കി തരാൻ പറഞ്ഞ അതും കേൾക്കുല്ല്യ കുരിപ്പ്…!

“എന്തിനാടി വേറൊരുത്തന്റെ ജീവിതം കൂടി കളയ്ണ്? ഞാനോ പെട്ട്! പിന്നെ ഇയ്യ്‌ പോയ എനിക്കാരാ?ഇയ്യല്ലേ എന്റെ എല്ലാം…”!!

“നിങ്ങൾക്കെന്തിനാണാവോ ഞാൻ? നിങ്ങടെ ലൈഫും വൈഫും ഒകെ ഈ ബിസിനസ്സല്ലേ??

“എന്റെ ഈ തിരക്കൊക്കെ നമ്മൾ ഒന്ന് ക്ലെച്ച് പിടിച്ച തീരില്ലേ??

” ഉവ്വ് തീരും..അപ്പഴേക്കും എന്റെ പെട്ടിയിലെ അവസാനത്തെ ആണി അടിക്കും!..കണ്ടോ?!..

“അങ്ങനെ പറയരുത് ; ഞാന് ഈ ഇടങ്ങറാവുന്നത് നമുക് വേണ്ടീട്ടല്ലേ??

” അങ്ങനെയിപ്പോ ആഗ്രഹിച്ചതെല്ലാം വിട്ട് ഒരു സന്തോഷും ഇല്ല്യാതെ ഈ കാഷ് മാത്രമുള്ള ജീവിതം എനിക്ക് വേണ്ട..ഹും..!”

ഇപ്പൊ ആ തില്ലാന തുള്ളി പോയതാണ് എന്റെ വൈഫ് അനു. ഞാൻ അവളുടെ ഹസ് അജു. ഒരു ഗാർമെന്റ്സ് ന്റെ ബിസിനസ് നടത്തുന്നു.ഈ തല്ല് ഞങ്ങൾക്കെന്നും പതിവാണ്..വേറെ ഒന്നുമല്ല എന്നെ കിട്ടുന്നില്ല ഞാൻ നാട്ടിലേക്ക് വരുന്നില്ല ഇവിടെ നിൽക്കുന്നില്ല ഫോൺ വിളിചാലും കിട്ടില്ല അഥവാ വന്നാലും പെട്ടെന്ന് പോവും നാട്ടിൽ ഉണ്ടെങ്കിലും വീട്ടിലിരിക്കില്ല രാവിലെ അങ്ങോട്ട് പോവും പിന്നെ പാതിരാക്കോഴി ആയി വരും.. ബാക്കി വീട്ടുകാർക്കും കുടുംബക്കാർക്കും നാട്ടുകാർക്കും ഫ്രണ്ട്‌സ് നും ഒകെ എന്നെ കിട്ടും..അവൾക്കും മോൾക്കും മാത്രമായിട്ട് ഒരിക്കലും എനിക്ക് ടൈം കിട്ടില്ല..ഇതൊക്കെയാണ് അവളുടെ പരാതി.. സംഭവം സത്യാണ് എത്ര ശ്രമിച്ചാലും അതിന് മാത്രം എനിക്ക് സാധിക്കാറില്ല! കല്യാണം കഴിഞ്ഞപ്പോ തൊട്ട് ഇങ്ങനെ തന്നേണ്.. ഞാൻ എപ്പഴും ബിസി ആവും.. ആരൊക്കെ ഇടപെട്ടിട്ടും ഈ തല്ല് മാത്രം തീർക്കാൻ പറ്റുന്നില്ല.! ഇത്തിരി കുറുമ്പും കടുക് പൊട്ടിത്തെറിക്കുന്ന പോലൊരു സ്വഭാവും ദേഷ്യവും വാശിയും കുട്ടികളിയും കുറച്ചധികം പൊട്ടത്തരും ഉണ്ടെന്നേയുള്ളു.. കുറച് ഉത്തരവാധിത്തമൊക്കെ വരാൻ വേഗം ഒരു കുഞ്ഞിനെ ഒകെ ആക്കികൊടുത്തു.. എവിടേ ഇപ്പോ രണ്ടിനേം ഞാന് ഒരുമിച്ച് ചുമക്കേണ്ട അവസ്ഥയായി.. രണ്ടും ഒരുപോലേണ്.. എന്നാലും ആളൊരു പാവാണ്.. ഒരുപാട് സ്നേഹവുമുണ്ട്.. അവൾ ഒത്തിരി ക്ഷമിക്കുന്നുണ്ട്…മറ്റുള്ളോരുടെ ലൈഫ് ഒകെ കാണുമ്പോ അവളെ കുറ്റം പറയാൻ പറ്റില്ലലോ?! ചിലപ്പഴൊക്കെ സഹിക്കാൻ പറ്റാതെ പലവട്ടം എന്നെ ഇട്ടിട്ടു പോവാനൊരുങ്ങിയിട്ടുണ്ട്..അപ്പഴൊക്കെ ഇനിയെല്ലാം റെഡി ആക്കാമെന്ന് പറഞ് പിടിച്ചു നിർത്തും.. വീണ്ടും ഞാൻ പഴയ പടി തന്നേ!!പിന്നെയൊരു ആശ്വാസം ഞാൻ എന്നുവെച്ചാൽ അവള്ക് അസ്ഥിക്ക് പിടിച്ചൊരു പ്രാന്താണ്!.. അത്കൊണ്ട് പോവത്തില്ല..!

“അതെ.. അത് തന്നെയാണ് നിങ്ങള്ടെ ധൈര്യം! എന്തെന്നെ പറഞ്ഞാലും ചെയ്‌താലും ഞാൻ വിട്ടു പോവില്ലന്ന്!..ഇങ്ങനെ പിന്നാലെ നടക്കാൻ ഒരാളുണ്ടായിട്ടല്ലേ.. അതില്ലാതാവുമ്പോ ഉള്ള ടൈം ഒന്നാലോചിച്ചു നോക്ക്?..

“ഇയ്യെങെട്ടാ പോവുണ്‌?”

“കാശിക്ക്!!…ഹ്മ്മ്മ് ..”

“ഓ..”

“എനിക്കറിയാം..ഇക്കാടെ മനസ്സിൽ എനിക്ക് പകരം മറ്റൊരാൾ അവകാശിയായി ആ പ്രാണനിൽ ചേരില്ലെന്ന്..! ഞാനില്ലാത്ത നിമിഷങ്ങൾ ഇക്കാ ക് അസാധ്യമാണ്.. എന്റെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും ആൾ വഴങ്ങായ്കയല്ല അത്‌ സാധിക്കാൻ കഴിയാറില്ല.. അതാണെന്നെ ശുണ്ഠി കേറ്റുന്നത്.. എന്റെ എല്ലാ പിണക്കങ്ങളുടേം തുടക്കവും ഒടുക്കവും ഇക്കയിലാണ്..

“എന്നെ ആ തോളോട് തോൾ വലിച്ചിടുമ്പോൾ.. ഇരു കയ്യിലും കോരിയെടുത് ആ നെഞ്ചിലേക് ചായ്ക്കുമ്പോൾ..ഒരു നൂറുമ്മകളാൽ മൂടുമ്പോൾ.. പരിഭവങ്ങളത്രയും ഒരു സോറിയിലൊതുക്കി വിടാതെ പിൻതുടരുമ്പോൾ.. ഞാൻ മിണ്ടാതിരിക്കുമ്പോൾ കരഞ്ഞോണ്ടെന്നേ കീഴ്പെടുത്തുമ്പോൾ.. എന്നെ ചുറ്റിവരിയുമ്പോൾ.. ആരും കാണാതെ കുസൃതികളത്രയും എന്റെ കവിളില് കടിച്ചമർത്തുമ്പോൾ..ആ നോവുകൾക്കൊക്കെയും മറുവായി ഒരു കുഞ്ഞു മുത്തം എന്നിൽ അമരുമ്പോൾ എല്ലാം… ഞാൻ അറിയാറുണ്ട്.. ഇനിയെത്ര കാലാന്തരങ്ങൾ ഉടലെടുത്താലും..ഇക്കയില്ലാതെ എനിക്കൊരു പിറവിയില്ലെന്ന്..!! ആ ഹൃദയത്തിലല്ലാതെ മറ്റെവിടെയും ഞാൻ ചുരുണ്ടു കൂടില്ലെന്ന്..!” പക്ഷെ വീണ്ടും ഇക്കാന്റെ ആ ശങ്കരൻ പിന്നെയും തെങ്ങുമ്മത്തന്നെ ന്ന് പറയ്ണ സ്വഭാവം കാണുമ്പഴാ എന്റെ എല്ലാ ക്ഷമയും പോണത്…!

ദിവസങ്ങള￰ങ്ങനെ വീണ്ടും പൊയ്ക്കോണ്ടിരുന്നു.. ആറി തണുത്ത ചായ കണക്കെ ഞാനും ഇരുന്നു..വെറുതെ അമ്പും വില്ലും എടുക്കണത് മിച്ചം.. 2 മാസായി പോയിട്ട് ; ഇപ്പോ ഒരാഴ്ച ആയിട്ട് ഒരു അനക്കുമില്ല! ലാസ്റ്റ് വിളിയിൽ എന്തോ പറഞ്ഞു തെറ്റി. പിന്നെ ഞാനും മിണ്ടീല! എന്റെ വാക്കിനും ഒരു വിലയൊക്കെ വേണ്ടേ ? എന്തെങ്കിലും ആവട്ടെ കോപ്പ്!.. ഒക്കെ നേരെയാക്കാന്നുള്ള പറച്ചിലും സോറി പറച്ചിലും കേട്ടു കേട്ട്‌ മടുത്തു!.. വല്ല സന്യാസത്തിനും പോയ മതിയായിരുന്നു…ഹ്മ്മ്‌!!

ആഴ്ചയൊന്നായി അവൾ മൗനവൃധത്തിലാ. എനിക് വിളിക്കാനും പറ്റിയിട്ടില്ല.. നല്ല തിരക്കായിരുന്നു.. ഇന്ന് എന്റൊരു വലിയ ഡ്രീം അചീവ് ചെയ്ത ദിവസാ; എന്റെ ബിസിനസ് ന് ഒരു ഇന്റർനാഷൽ ബ്രാൻഡ് ആയി സിഗ്നേചർ കിട്ടി..! അതിന്റെ ഓട്ടത്തിലായിരുന്നു. അവളോട് പറഞ്ഞിട്ടില്ല ; വിളിചിട്ട് ഫോൺ എടുക്കുന്നുമില്ല..സാരമില്ല ഇന്ന് എന്നെ കാണുമ്പോ അവള്ക് സർപ്രൈസ് ആയിക്കോളും! എന്നിട്ട് പറയണം; “ഇനി കുറച് കാലം അവള്ക് വേണ്ടി മാത്രം മാറ്റിവെച്ചിരിക്കയാണെന്ന്…! എങ്ങോട്ടും പോവാതെ അവളുടെ എല്ലാ ആഗ്രഹും സാധിക്കാൻ..!” “ഒത്തിരിയേറെ കണ്ടോണ്ടിരിക്കാൻ..വെളുക്കുവോളം നെഞ്ചോരം ചാഞ്ഞിരുന്ന്‌ സംസാരിച്ചിരിക്കാൻ.. കളിതമാശ പറയാൻ.. ഓരോ തലയിണ കഥകളിലും നിനക് കൂട്ടായിരിക്കാൻ.. ഓരോ തവണ ഉള്ളംകൈ കോർത്ത് മുറുക്കുമ്പോഴും തനിച്ചാക്കിയിട്ടില്ലെന്ന് നിന്നെ ഓർമ്മിപ്പിക്കാൻ.. ഒന്നിച്ചൊരുപാട് യാത്ര ചെയ്യാൻ..കുറേ സെൽഫി എടുക്കാൻ.. എന്നെ കൈതാങ്ങിയെന്റെ ചുമലിലങ്ങനെ മയങ്ങാൻ.. ഓരൊ കുറുമ്പു കാട്ടി നിനക്കെന്നെ ദേഷ്യം പിടിപ്പിക്കാൻ.പിന്നെ കുറേ തെറ്റിയിരിക്കാൻ.. അവസാനം ഞാൻ വട്ടം ചേർത്ത് കെട്ടിപിടിച്‌ ആ പിണക്കം മാറ്റാൻ..ഒരു കുഞ്ഞു കടി ആ കാതിലൊന്ന് വാങ്ങിച്ചെടുക്കാൻ.. അങ്ങനെ ഒന്നൊന്നായി നീ ഇത്രനാളും മിസ്സ് ചെയ്തതെല്ലാം എനിക് തിരിച്ചു നൽകണം..ജീവിക്കാൻ മറന്നുപോയിട്ടില്ലെന്ന് നിന്റെ ഉള്ളോട് ഊട്ടിയുറപ്പിക്കണം..!”

പെട്ടെന്ന് ഒരു ഫോൺ വന്നു. ഉപ്പയാണ്;

ഹലോ നിങ്ങൾ എവിടെയാ? എത്ര വിളിച്ചിട്ടും എന്താ ആരും ഫോൺ എടുക്കാത്തെ??

“അനു കോണിപ്പടിയിൽന്ന് ഒന്ന്‌ വീണു ; ഞങ്ങൾ ഇപ്പൊ ഹോസ്പിറ്റലിലാ.. അതാ എടുക്കാഞ്ഞേ..

“ശ്ശോ..ഈ പെണ്ണിനെ കൊണ്ട് ഞാൻ..”

ഇതവൾക്ക് സ്ഥിരാണ്!.. ഏത് നേരും അവിടെ തട്ടി ഇവിടെ മുട്ടി ഓരോ വീഴ്ചയും പിന്നെ കുറെ കയ്യും പൊള്ളിച്ചു നടക്കും കുരിശ്.. ഒന്നിനും ഒരു നോട്ടല്ല്യ..മാനത്ത് നോക്കി നടപ്പും എന്നിട്ട് കുറ്റം മുഴുവൻ വീടിനും.. സാധനങ്ങൾ ഒന്നും ശരിയല്ലത്രേ! എനിക്ക് നല്ല സംശയമുണ്ട് ഇങ്ങനെ ഓരോയി്ടത്തു വീണിട്ട പെണ്ണിന്റെ നട്ടും ബോൾട്ടും ഒകെ ഇളകിയിരിക്കണത്!.. ഞാൻ അങ്ങോട്ട് വരുന്നുണ്ടടി കാണിച്ചു തരാ നിന്നേ!..”

അവളെ കണ്ടതും ഞാൻ ആകെ ഷോക്ക് ആയി..!ഞാൻ വിചാരിച്ച പോലായിരുന്നില്ല കാര്യങ്ങൾ; വീഴ്ചയിൽ തലക്ക് നല്ല പരിക്കുണ്ടായിരുന്നു!! എന്റെ ഉള്ള് ഒന്നുലഞ്ഞു പോയത് മറ്റൊന്ന് കേട്ടപ്പോഴായിരുന്നു!.. എന്റെ അനു കോമയിലായി കഴിഞ്ഞിരുന്നു!” നിന്ന നിൽപ്പിൽ ഞാൻ ഉറഞ്ഞു പോയി..! കണ്ണീരെന്നെ മൂടുന്നത് മാത്രം ഞാൻ അറിയുന്നുണ്ട്!! ഒരു നിമിഷം കൊണ്ട് എനിക്കെല്ലാം കൈവിട്ടു പോയത് പോലെ!..ശബ്ദം പോലും പുറത്തു വരാതെ തൊണ്ടക്കുഴി ഞെരിഞ്ഞമർന്നു..!”

ഡോക്ടർസ് ഒന്നോ രണ്ടോ ദിവസം അല്ലെങ്കിൽ മാസങ്ങൾ അതുമല്ലെങ്കിൽ വർഷം എന്നിങ്ങനെ റിക്കവർ ആവാനുള്ള സമയ പരിധി നീട്ടികൊണ്ടേയിരുന്നു…! ഞാൻ ആകെ തകർന്നിരുന്നു.. മൗനമല്ലാതെ മറ്റൊന്നും എന്നിലുണ്ടായില്ല..!

കുറച് ദിവസത്തിന് ശേഷം വീട്ടിലെത്തി….

അവൾക്ക് തൊട്ടരികിൽ ഒരു നേരിയ ശ്വാസത്തിനിപ്പുറം എൻറെ അനു എന്നുണരും?! എന്ന കാത്തിരിപ്പിലായി ഞാനും..! ഓരോ തവണ ആ മുഖത്തു നോക്കുമ്പോഴും എന്റെ നെഞ്ഞു പിടയുവായിരുന്നു!.. എന്റെ അനുവിന്റെ ശബ്ദമൊന്നു കേൾക്കാൻ..ആ ചിരിയൊന്നു കാണാൻ.. ആ കളിയും കുറുമ്പും എല്ലാമൊന്ന് കാണാൻ.. അകമിൽ ഞാൻ ഒത്തിരി കൊതിച്ചു പോയി!..ഇത്രനാളും ഞാൻ കാണാതെ പോയത്.. ഞാൻ തഴഞ്ഞു വെച്ചതെന്തോ.. അതിന്നെന്നെ വരിഞ്ഞു മുറുക്കുംപോലെ…!എന്റെ അന്തരങ്ങൾ പറിച്ചെടുക്കും പോലെ!. പിന്നെയാവാമെന്ന വാക്കിലും ചിന്തയിലും ഞാൻ അകറ്റി നിർത്തിയതെല്ലാം ഇന്നെന്റെ ഹൃദയത്തിന് അന്ത്യം കുറിക്കുന്നു!..”

“നിന്നെ നഷ്ടപ്പെടുത്തി ഞാൻ നേടിയതൊന്നും നിന്നോളം വലുതായിരുന്നില്ലെന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നു അനൂ… മാറ്റിവെക്കാവുന്ന തിരക്കുകളെ എനിക്കുമുണ്ടായിരുന്നുള്ളു.. എന്നറിയാൻ ഞാൻ വൈകിപ്പോയി അനൂ.. നീ പറഞ്ഞിരുന്നത് പോലെ ; ഇമ്പമേറിയ ജീവിതമായിരുന്നില്ല. കഴിഞ്ഞുപോയതൊന്നും!! നമ്മൾ കഴിച്ചുകൂട്ടിയത് മുഴുവൻ വെറും നാഴികകൾ കൊണ്ടുള്ള ദിവസങ്ങൾ മാത്രമായിരുന്നു,!.. എണ്ണി കഴിച്ചതെല്ലാം ആയുസ്സിലെ ഏടുകൾ മാത്രമായിരുന്നു!! എല്ലാം കഴിഞ് തിരിഞ്ഞുനോക്കിയാൽ ചിലപ്പോ പ്രിയപ്പെട്ടതൊന്നും ബാക്കിയുണ്ടാവില്ലെന്ന് നീ പറഞ്ഞത്.. നീയായി തന്നെ എനിക്ക് സത്യമാക്കി തന്നു!..

രാവുകളും പകലുകളും പൊയ് പോയിട്ടും എന്റെ കാത്തിരിപ്പിന് അർത്ഥമൊന്നുമായില്ല..ഒരിക്കൽ എനിക്ക് വേണ്ടി നിങ്ങള് കാത്തുനിൽക്കുമെന്ന് നീ പറഞ്ഞത് പോലെ..!” ഓരോരോ നിമിഷങ്ങളത്രയും എനിക്ക് മുന്നിലൂടെ കടന്നു പോയിട്ടും..ഒന്നും ചെയ്യാനില്ലാതെ…ഒന്നും ചെയ്യാൻ കഴിയാതെ ഞാൻ!.. ഒരു നേർത്ത മിഴിയകലം പോലുമില്ലാതെ നിന്നേ എന്റെ നെഞ്ചോട് ചേർത്ത് അന്തിയോട് അന്തി ഞാൻ നിനക് കാവലിരുന്നിട്ടും.. നിന്റെ മിടിപ്പുകളത്രയും കാതോർത്തു ഏറ്റുവാങ്ങിയിട്ടും.. ഒരു നോട്ടം കിട്ടാൻ കൊതിച്ചും ഞാനിരിക്കുന്നത് നീ മാത്രം അറിയുന്നില്ലലോ അനൂ…! എന്നെ കണ്ട നാൾ തൊട്ട് നിന്റെ ഓർമയിലെ അന്ത്യം വരെ നീ ആഗ്രഹിച്ചതെന്തോ.. അതെല്ലാം ഇന്ന്‌ നിനക്ക്‌ മുന്നിൽ അരങ്ങേറിയിട്ടും.. നീ മാത്രം കാണാതെ പോയല്ലോ അനൂ..

നിന്റെ ഇഷ്ടങ്ങളൊക്കെയും മാറോടടക്കിപ്പിടിച് ഒരിക്കലെങ്കിലും എനിക് നിന്റെയത് മാത്രമാകണം അനൂ … മറ്റൊന്നും വേണ്ടയെനിക്ക് നീ കൊതിച്ച പോലെ കണ്കോണില് ഉറ്റുനോക്കി നിന്നെ പിരിയാതെ ഞാൻ ഇരിക്കുവാണെന്ന് നീയൊന്നറിഞ്ഞുവെങ്കിൽ…. നിന്നോളം വലുത് മറ്റൊന്നുമില്ലെനിക്ക് ഈ ഭൂമിയിൽ എന്ന് ഒരു നൂറാവർത്തി നിന്റെ ഹൃദയത്തോടൊന്നു ആണയിടാൻ എങ്കിലും…!”

ഒരു പുലരിയിൽ മെല്ലെയൊന്ന കൈകളിൽ തൊട്ടതും ഒരു തണുപ്പെന്നിലേക്ക് അരിച്ചിറങ്ങി..! അതെന്റെ സിരകളിൽ പടർന്നു കയറുമ്പോൾ അവളെന്നെ വിട്ടുപോയെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത് സ്വയം മരവിച്ചു കൊണ്ടായിരുന്നു!..!വീണുപോയി ഞാൻ.. അന്നുവരേയും മനസ്സിൽ ഒതുക്കിപിടിച്ചതെല്ലാം ഒരട്ടഹാസമായി ആർത്തിരമ്പി വന്നു…അലറികരഞ്ഞു ഞാൻ… ഹൃദയം വെമ്പുവായിരുന്നു.. കണ്ണീരാലെന്റെ നിയന്ത്രണങ്ങളെല്ലാം മണ്മറഞ്ഞിരുന്നു!.. കാത്തു കാത്തിരുന്ന് ഒടുവിൽ ആ പുലരിയിൽ അവൾ എനിക്ക് ഏകിവെച്ചത് ഒരു പിടി നോവുകളായിരുന്നു..പറയാതെ ബാക്കിവെച്ചതത്രയേറെ!..”

അവസാനമായി കണ്ണീരിൽ കുതിർന്ന ഒരു മുത്തം ആ ചുണ്ടിൽ പകരുമ്പോൾ എന്നിൽ അലതല്ലിയിരുന്നു ആ വാക്കുകൾ.. ” ഇക്കാ ഞാൻ മരിച്ചാൽ ആരൊക്കെയുണ്ടെന്ന് നോക്കണ്ട.. എനിക്കൊരു ഉമ്മ തരുന്നുണ്ടെങ്കിൽ അതെന്റെ ചുണ്ടിൽ തന്നെ ആയിരിക്കണം ട്ടോ!…””

അവളെയും വഹിച്ചു യാത്രയാകുമ്പോൾ എന്റെ നീർത്തടങ്ങളിൽ നടമാടിയത് മുഴുവൻ അവളെയും കയ്യിലേന്തി നടന്ന നീറുന്ന ഓര്മകളായിരുന്നു…” എന്റെ ചുമലിലെ പിടിവിട്ടു പള്ളിക്കാട്ടിലെ ആറടി മണ്ണിൽ അവളെ ചേർത്തു വെക്കുമ്പോൾ..ആ മണ്ണ് അവളെ ഇറുക്കി പുണരുമ്പോൾ..എന്നിൽ ഓർമ്മ പാകിയത് മുഴുവൻ ഇരുൾ കനക്കുമ്പോ തൊട്ട് ഒരു കൂട്ടില്ലാതെ വീടിനകത്തെ അടുക്കളയിൽ പോലും കയറാത്ത എന്റെ അനുവിനെ കുറിച്ചായിരുന്നു!..

ഒരു മൈലാഞ്ചി കമ്പിന്റെ തണലിൽ അവൾ മയങ്ങുമ്പോൾ… കൂടെ എന്നെയും ഞാൻ അവളോടൊപ്പം കുഴിമൂടുവായിരുന്നു..! എന്റെ റൂഹിൽ വന്നു ചേർന്നവളെ എന്നോട് കൂടിത്തന്നെ ഞാൻ മറമാടിയിരിക്കുന്നു!..” മൂന്നു പിടി മണ്ണില് എല്ലാം അവശേഷിക്കുമ്പോൾ.. ഇന്നോളം അവൾ കൈകൊണ്ട നിറമില്ലാ പ്രതീക്ഷകളെല്ലാം എന്നിൽ പുനർജനിക്കുവായിരുന്നു..അങ്ങേ ലോകത്ത് ഇനിയൊരു നാൾ ഞാൻ നിന്നോട് വന്നുചേരാം അനൂ..! നീ കാത്തിരിപ്പുണ്ടാവണം… മരിച്ചത് നീയല്ല പെണ്ണേ..നിന്റെ ഓർമകളിൽ ജീവിക്കാൻ നീ ബാക്കിവെച്ച ഈ ഞാനാണ്..” ജീവനുണ്ടായിട്ടും മരണം വരിച്ച ഞാൻ!..”

നാളൊത്തിരി എന്റെ പിഞ്ചോമനയേയും കൊണ്ട് കടന്നു പോകുമ്പോൾ..ദിനങ്ങളൊക്കെയും കണ്ണീരിന്റെ കയ്പുനീരിൽ മുങ്ങിത്തീരുമ്പോൾ..കുഞ്ഞിന് വേണ്ടി മറ്റൊരു കൂട്ട് തേടാൻ നിർദ്ദേശിച്ചവരോടൊക്കെ ഞാൻ ഒന്നേ പറഞ്ഞുള്ളൂ..; “അവൾ ജീവിക്കുന്നത് എന്റെ ഓർമയിലല്ലല്ലോ?? ഇവിടേ.. എന്റെ നെഞ്ഞിനകത്തല്ലേ.. ആരാലും പകരം വെക്കാനില്ലാത്തൊരിടത്ത്..! മനസ്സെന്തോ ചികയുന്നുണ്ടായിരുന്നു…

“ഇക്കാ ഞാൻ മരിച്ചാൽ നിങ്ങൾ വേറെ കെട്ടുവോ?!

അഹ്ഹ്.. എന്തിന് ? ഒന്ന് കെട്ടിയവർ ആരെങ്കിലും പിന്നെ വേറൊന്നു കെട്ടുവോ??

“നിങ്ങള് കെട്ടും..40 കൂടി കഴിയാൻ കാത്തുനില്കുല്ല്യ..3 ന്റെ അന്ന് തന്നെ കെട്ടും ദുഷ്ടൻ..!” അന്നും ഈ ഫോൺ വിളിച്ചോണ്ട് നടക്കണംട്ടോ..

“പിന്നേ..എത്ര വട്ടം…”

“പോ..അവ്ട്ന്ന്..”

ഇല്ലടി.. വേണെങ്കിൽ കെട്ടാം.. പക്ഷെ ഇയ്യും വേണം അതും വേണം..പറ്റുവോ?

“അയ്യടാ..അങ്ങനിപ്പോ നിങ്ങൾ സുഖിക്കണ്ട ..ഇക്കാ..നിങ്ങൾ വേറെ കെട്ടരുത്ട്ടോ..ഞാൻ മരിച്ചാലും ജീവിച്ചാലും എന്നും എന്റെ ഇക്കാ എന്റെയത് മാത്രമാവണം!!

അന്നേരം ഹൃദയമൊന്ന് അരുളി..

“ഇനി ആ വാക്കെങ്കിലും എനിക്ക് പാലിക്കണം!..!”

(എല്ലാവര്ക്കും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.. എല്ലാവരും സപ്പോർട് ചെയ്യണം..അഭിപ്രായങ്ങൾ തുറന്നു പറയണം..ഒത്തിരി സ്നേഹത്തോടെ..)