തന്റെ മനസ്സ് ഇപ്പോഴും കല്പടവുകളിൽ ഇരിക്കുന്ന ദാവണിക്കാരിയിൽ ആണ്. വർഷങ്ങൾക്കിപ്പുറം….

അക്ഷരങ്ങളിലൂടെ…

എഴുത്ത്: ദേവാംശി ദേവ

പോസ്റ്റ്മാൻ ദിവകാരേട്ടന്റെ കൈയിൽ നിന്നും കത്തും വാങ്ങി ആരും കടന്നു വരാത്ത കുളകടവിലേക്കുള്ള പൊളിഞ്ഞ പടികെട്ടുകൾ ഓടി ഇറങ്ങി അവസാന പടിയിൽ ഇരുന്ന് ആ കത്ത് പൊട്ടിക്കുമ്പോൾ ഹൃദയം തുടികൊട്ടുകയായിരുന്നു…

രണ്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു ഒരു കത്ത് തേടി എത്തിയിട്ട്…

പ്രിയപ്പെട്ട ഗോപികക്ക്…തന്റെ കത്ത് കിട്ടി…ഒരു എഴുത്തിൽ ആയിരുന്നു…അതാണ് മറുപടി വൈകിയത്… പരിഭവം വേണ്ടാട്ടോ..

കത്ത് മുഴുവൻ വായിച്ച് അവസാനം എഴുതിയ മാധവ് കൃഷ്ണ എന്ന പേരിലും ഒപ്പിലും തലോടി ആ കത്ത് നെഞ്ചോട് ചേർക്കുമ്പോൾ ഓർമ്മകൾ ഓടി പോയത് രണ്ട് വർഷങ്ങൾക്ക് മുൻപുള്ള ഒരു ട്രെയിൻ യാത്രയിൽ ആണ്..

കൂട്ടുകാരിയുടെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങി വരുമ്പോൾ ഏതോ സ്റ്റേഷനിൽ നിർത്തിയ ട്രെയിനിൽ കടല വിൽക്കാൻ വന്ന ഒരു കൊച്ച് പയ്യന്റെ കൈയിൽ നിന്ന് ഒരു കുമ്പിൾ കടല വാങ്ങി..

കഴിച്ചു കഴിഞ്ഞ് കുമ്പിൾ തീർത്ത പേപ്പർ നിവർത്തി നോക്കിയപ്പോൾ അത് ഏതോ മാഗസിനിന്റെ താള് ആയിരുന്നു..

മനോഹരമായ ഒരു ചെറുകഥ ആയിരുന്നു ആ താളിൽ.ആദ്യ വായനയിൽ തന്നെ വല്ലാതെ ഇഷ്ടപ്പെട്ടു…പേപ്പർ മടക്കി ബാഗിൽ വെച്ചി….

പിന്നീട് എപ്പോഴോ ആ പേപ്പർ കണ്ണിൽ പെട്ടപ്പോൾ വീണ്ടും ഒരിക്കൽ കൂടി വായിച്ചു…കഥയ്ക്ക് അവസാനം എഴുത്തുകാരന്റെ പേരും വിലാസവും ഉണ്ട്.

മാധവ് കൃഷ്ണ….

കഥയോടൊപ്പം ആ പേരും മനസ്സിലെവിടെയോ പതിഞ്ഞു.

ഒരു കൗതകത്തിന് ആ വിലാസത്തിലേക്ക് ഒരു കത്തെഴുതി..കഥയെ പറ്റി ആപിപ്രായം പറഞ്ഞു കൊണ്ട്…

ഒരു മറുപടി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല…എന്നെ പോലും അത്ഭുതപ്പെടുത്തി കൊണ്ട് മറുപടി വന്നു….പിന്നീട് പരസ്പരം കത്തെഴുതുന്നത് പതിവായി.

തനിക്ക് വായിക്കാനായി മാത്രം ഓരോ കത്തിലും ഓരോ കഥയുണ്ടാകും…താൻ വായിച്ച് അഭിപ്രായം പറഞ്ഞാൽ മാത്രം ഏതെങ്കിലും പുസ്തകങ്ങളിൽ അച്ചടിച്ചു വരുന്നവ…

“മേഡം….”

മുന്നിൽ നിൽക്കുന്ന പെൺകുട്ടിയുടെ വിളികകേട്ട് ഗോപിക ഞെട്ടി…

തന്റെ മനസ്സ് ഇപ്പോഴും കല്പടവുകളിൽ ഇരിക്കുന്ന ദാവണിക്കാരിയിൽ ആണ്..
വർഷങ്ങൾക്കിപ്പുറം പക്വത നിറഞ്ഞൊരു അധ്യാപികയിലേക്ക് വരാൻ തയാറാകാതെ വാശിപിടിക്കുന്നു..

“മേഡം…എന്നെ വിളിച്ചായിരുന്നോ..”

“ഇത് ആര് എഴുതിയത് ആണ് അപർണ..”

B A മലയാളം വിദ്യാർത്ഥികൾക്ക് നടത്തിയ ചെറുകഥ മത്സരത്തിലെ കഥകൾ വായിക്കുമ്പോൾ ആണ് ആ കഥ കാണുന്നത്…ഒന്നാം വർഷ വിദ്യാർത്ഥി അപർണ എഴുതിയ “പ്രിയപ്പെട്ടവൾ” എന്ന കഥ. അവസാനമായി മാധവ് തനിക്ക് അയച്ച കഥ.. ആ കഥ ഒന്നിലും പ്രസ്‌തീകരിച്ച് താൻ കണ്ടില്ല..

തന്റെ ആത്മാവിൽ ലയിച്ചിറങ്ങിയ രചനകളിൽ ഒന്ന്..കൈയക്ഷരം മാറി എന്ന് മാത്രം…

“ഞാൻ എഴുതിയത് ആണ് മേഡം..”

“ആരാ എഴുതിയത് എന്ന്….” സ്റ്റാഫ് റൂം ആണെന്നോ മറ്റ് അദ്ധ്യാപകർ ഉണ്ടെന്നോ ഓർക്കാതെ ശബ്ദം ഉയർന്നു…

“അ.. അച്ഛൻ…അച്ഛൻ എഴുതിയത് ആണ്..”

അപർണയിൽ നിന്ന് വീണ വാക്കുകളിൽ തറഞ്ഞു നിന്നു ഗോപിക..

“ഗോപിക…എന്താടോ..എന്താ പറ്റിയത്..”

അടുത്ത സുഹൃത്തും സഹ അധ്യാപികയും ആയ ഷേർളി മിസ് തട്ടി വിളിച്ചപ്പോൾ ആണ് ഗോപിക ചുറ്റും നോക്കിയത്…എല്ലാവരും തന്നെ തന്നെ നോക്കി നിൽക്കുന്നു…

വേഗം അവിടുന്നിറങ്ങി പ്രിൻസിപ്പൽന്റെ റൂമിൽ ചെന്ന് ലീവെഴുതി കൊടുത്ത് നേരെ ഹോസ്റ്റലിലേക്ക് പോയി..

പെട്ടിക്കടിയിൽ നിധിപോലെ കാത്ത് സൂക്ഷിക്കുന്ന ആ കത്തുകൾ നെഞ്ചോട് ചേർത്ത് കട്ടിലിലേക്ക് വീഴുമ്പോൾ ഓർമകൾ വീണ്ടും പിന്നിലേക്ക് ഓടി മറഞ്ഞു…

കൗതുകത്തിൽ തുടങ്ങിയ കത്തെഴുത്ത് നല്ലൊരു സൗഹൃദം സമ്മാനിച്ചു..ആ സൗഹൃദം പിന്നീട് എപ്പോഴോ വഴി മാറി പ്രണയമായത് തനിക്ക് മാത്രം ആയിരുന്നോ…

വീട്ടിൽ വിവാഹലോചന വന്നുതുടങ്ങിയപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്നു..

ഒരു എഴുത്ത് കാരനോട് തോന്നുന്ന ആരാധന മാത്രം ആണോ..അയാളുടെ അക്ഷരങ്ങളോട് തോന്നുന്ന ഭ്രമം മാത്രമാണോ…

ദിവസങ്ങളോളം ആലോചിച്ചു..ഒടുവിൽ തന്റെ ഇഷ്ടം കടലാസ്സിലേക്ക് പകർത്തുമ്പോൾ അത് തന്റെ മനസ്സ് തന്നെ ആയിരുന്നില്ലേ…

മറുപടി കത്തിനായി നെഞ്ചിടിപ്പോടെ കാത്തിരുന്ന ദിവസങ്ങൾ..

അത് ആഴ്ചകളായും മാസങ്ങളായും വർഷങ്ങളായും മാറിയപ്പോൾ താൻ ഒറ്റപ്പെട്ടു പോയി..

വീട്ടുകാർക്ക് മുൻപിൽ അഹങ്കാരി ആയി ബന്ധുക്കൾക്ക് മുന്നിൽ തന്നിഷ്ടക്കാരി ആയി..കൂടപ്പിറപ്പുകൾക്ക് ബാധ്യതയി..സ്വയം വിഡ്ഢിയായി കാലം തന്നെ ഇവിടെ എത്തിച്ചു..

ഒഴുകി ഇറങ്ങുന്ന കണ്ണുനീരിനെ തടയാതെ ആ കത്തുകളും നെഞ്ചോട് ചേർത്ത് ഗോപിക കണ്ണുകൾ അടച്ചു.

ആരോ വാതിലിൽ മുട്ടുന്നത് കേട്ടാണ് കണ്ണുതുറന്നത്..സാരി തുമ്പൽ മുഖം തുടച്ച് വാതിൽ തുറക്കുമ്പോൾ മുന്നിൽ തല താഴ്ത്തി നിൽക്കുന്ന അപർണ…

“എന്താ അപർണ..”

“മേഡം എന്നോട് ക്ഷേമിക്കണം… ഞാൻ ….അറിയാതെ….കൂട്ടുകാരെല്ലാവരും കൂടി ചേർന്ന് ചെറുകഥ മത്സരത്തിൽ പങ്കെടുക്കാൻ നിർബന്ധിച്ചപ്പോ…അച്ഛൻ എഴുതിയ കഥയാണ് മനസ്സിൽ ഓടി എത്തിയത്…അച്ഛൻ ഇത് ഒരിടത്തും പബ്ലിഷ് ചെയ്തിട്ടില്ല..അതുകൊണ്ട് ഞാൻ…….സോറി മേഡം..ചെയ്തത് തെറ്റാണ്. ഇനി ആവർത്തിക്കില്ല…”

“സരല്ല…താൻ പൊക്കോ”

“താങ്ക്സ് മാഡം..”

അപർണ തിരിഞ്ഞു നടന്നതും എന്തോ ഓർത്തെന്ന പോലെ ഗോപിക വിളിച്ചു..

“താൻ ഇനി എന്ന നാട്ടിൽ പോകുന്നേ..”

“Saturday..”

“ഞാനും വരുന്നുണ്ട് തന്നോടൊപ്പം തന്റെ അച്ഛനെ ഒന്ന് കാണണം….

“അത്..മേഡം അച്ഛന് അറിയില്ല..അച്ഛൻ അറിയാതെ ആണ് ഞാൻ ആ കഥ എടുത്തത്..”

“ഏയ്‌..താൻ പേടിക്കണ്ട തന്നെ പറ്റി പരാതി പറയാനൊന്നുമല്ല…ഇത്രയും മനോഹരമായി എഴുതുന്ന ആളെ ഒന്ന് നേരിട്ട് കാണണം എന്ന് തോന്നി..അത്രയേ ഉള്ളു…തനിക്ക് എന്തെങ്കിലും ബുദ്ധിമുട്ട്…”

“ഇല്ല മേഡം..എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല…പക്ഷേ മാഡം………”

*********************************

അപർണ പറഞ്ഞു കൊടുത്ത വഴിയേ ഗോപിക കാർ ഓടിച്ചു…

“ദേ ആ കാണുന്നത് ആണ് മേഡം എന്റെ വീട്. ” പാടത്തിന് അക്കരെയുള്ള ഓടിട്ട വലിയ വീടിനു നേരെ അപർണ വിരൽ ചൂണ്ടി..

പാടത്തിന് അരികിലൂടുള്ള മൺപാതയിലൂടെ കാറോടിക്കുമ്പോൾ ഗോപികയുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു…

അകാരണമായൊരു ഭയം തന്നെ പിടികൂടുന്നത് ഗോപിക അറിഞ്ഞു..

അത്രമേൽ പ്രണയിച്ചിരുന്നവനെ ആദ്യമായി കാണാൻ പോകുന്നു..

ഇങ്ങനെയൊരു കൂടിക്കാഴ്ചയുടെ ആവശ്യം ഉണ്ടായിരുന്നോ…

ഗോപിക അവളോട് തന്നെ ചോദിച്ചു..

വേണം…തന്റെ പ്രണയം നേടിയെടുക്കാൻ കഴിഞ്ഞില്ലെങ്കിലും അത് സത്യമായിരുന്നു..അല്ലായിരുന്നെകിൽ തനിക്കിന്ന് ഇങ്ങനെ ഒറ്റപ്പെട്ട് നിൽക്കേണ്ടി വരില്ലായിരുന്നു..

പടിപുരക്ക് പുറത്ത് കാർ ഒതുക്കിയിട്ട് അപർണക്ക് പിന്നാലെ ഒതുക്കുകല്ലുകൾ കയറി മുറ്റത്തെത്തുമ്പോൾ തന്നെ കണ്ടു അകത്തു നിന്നും ഓടി വരുന്ന സ്ത്രീയെ..

“മോളെ…..” അവർ അപർണയുടെ മുടിയിൽ സ്നേഹത്തോടെ തലോടി..

“അച്ചമ്മേ..ഇത് എന്റെ മിസ് ആണ്..അച്ഛനെ കാണാൻ വന്നതാ…അച്ഛൻ എവിടെയാ അച്ചമ്മേ”

“ഉറങ്ങുവാ…”

“മിസ് വരു…നമുക്ക് പോയി കാണാം..”

അപർണയുടെ അച്ഛമ്മയെ നോക്കി ഒന്ന് ചിരിച്ച ശേഷം അപർണക്ക് പിന്നാലെ പോയി..

കോണിപടികൾ കയറി മുകളിലെ അങ്ങേ അറ്റത്തെ മുറിയിൽ എത്തി..അടച്ചിട്ടിരുന്ന വാതിൽ തുറന്ന് അകത്തേക്ക് കയറി..

“അച്ഛാ…” കട്ടിലിൽ കിടക്കുന്ന മാധവിന്റെ അടുത്തിരുന്ന് അപർണ വിളിച്ചു..

“മോള് എപ്പോ വന്നു..”

“ദേ.. ഇപ്പൊ വന്നതെ ഉള്ളു..”

“ഇത് ആരാ മോളെ…” അപർണക്ക് പിന്നിൽ നിൽക്കുന്ന ഗോപികയെ നോക്കി മാധവ് ചോദിച്ചു..

“എന്റെ മിസ് ആണ് അച്ഛാ പേര് ഗോപിക…അച്ഛനെ കാണാൻ വന്നത് ആണ്…

നിങ്ങൾ സംസാരിക്കു. ഞാൻ മാഡത്തിന് കുടിക്കാൻ എന്തെങ്കിലും എടുക്കാം “

“ഗോപിക….” മാധവ് ആ പേര് ഉച്ചരിക്കുമ്പോൾ വാക്കുകൾ ഇടറിയിരുന്നു..

“ഇങ്ങനെയൊരു കണ്ടുമുട്ടൽ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല മാധവ്..അല്ലെ..”

“ഒട്ടും പ്രതീക്ഷിച്ചില്ല..”

“മാധവ് മാത്രമല്ല …ഞാനും…കാലം ഇതുപോലെ നമ്മളെ പരസ്പരം മുന്നിൽ കൊണ്ട് നിർത്തുമെന്ന് ഒരിക്കലും കരുതിയില്ല.”

“വരണ്ടായിരുന്നു…”

“വരാതിരിക്കാൻ കഴിയില്ലല്ലോ..വർഷങ്ങൾക്ക് മുൻപ് എഴുതിയൊരു കത്തിന് മറുപടി കിട്ടിയില്ല..”

“ഇനി അതിന്റെ ആവശ്യം ഉണ്ടോ ..”

“തീർച്ചയായും മാധവ്…കാരണം വര്ഷങ്ങളായി ആ കത്തിനൊരു മറുപടിക്കായി കാത്തിരിക്കുകയാണ് ഞാൻ..”

“ഗോപിക..താൻ..”

“സത്യമാണ് മാധവ് പറഞ്ഞത്…ആദ്യമായി പ്രണയം തോന്നിയത് നിന്റെ അക്ഷരങ്ങളോട് ആണ്. പിന്നെ അത് എഴുത്ത് കാരനോടയി..

അതിലൊരു മാറ്റം ഇതുവരെയും ഉണ്ടായിട്ടില്ല…അതുകൊണ്ട് തന്നെ ഇന്നും ഒറ്റക്കാണ്”

“ഗോപിക…ഞൻ കാരണം താൻ….”

“നീയൊരു തെറ്റും ചെയ്തിട്ടില്ല മാധവ്…ഞാനും…പ്രണയം ഒരിക്കലും തെറ്റല്ല…പക്‌ഷേ അത് സ്വന്തമാക്കാനും ഒരു ഭാഗ്യം വേണം..എനിക്ക് തന്നൂടെ മാധവ്,നീ എന്റെ പ്രണയത്തെ ഇനിയും നഷ്ടപ്പെടുത്താൻ കഴിയില്ല എനിക്ക്..ഇക്കാലത്തിനിടയിൽ ഒരിക്കൽ പോലും നിന്നെ വെറുക്കാനോ മറക്കാനോ എനിക്ക് കഴിഞ്ഞിട്ടില്ല “

“ഗോപിക..താൻ എന്ത് അറിഞ്ഞിട്ടാണ്..പൂർണതയില്ലാത്ത ഈ ജീവിതത്തിൽ ഞാൻ എങ്ങനെ ആണ് ….”

“അറിയാം മാധവ് അപർണ പറഞ്ഞ് എനിക്ക് എല്ലാം അറിയം..വിദേശത്ത് നിന്ന് നാട്ടിലേക്കു വന്ന പെങ്ങളെയും കുടുംബത്തെയും എയർപോർട്ടിൽ നിന്നും കൂട്ടി വരുന്ന വഴിയിൽ ഉണ്ടായ ആക്സിഡന്റ്..പെങ്ങളും ഭർത്താവും മരണത്തിന് കീഴടങ്ങിയതും കാലുകൾ തളർന്ന് മാധവും ഒരു പോറൽ പോലും ഏൽക്കാതെ പെങ്ങളുടെ രണ്ട് വയസ്സുകാരി മകൾ അപർണയും രക്ഷപ്പെട്ടു…അന്നുമുതൽ അപർണക്ക് അച്ഛനായി മാറുകയായിരുന്നു…അക്ഷരങ്ങളിൽ ആശ്വാസം കണ്ടെത്തുകയായിരുന്നു..

വർഷങ്ങൾക്കു ശേഷം ഒരു സ്ട്രോക്കിലൂടെ ശരീരത്തിന്റെ മുഴുവൻ ചലനവും നഷ്ടപ്പെട്ടപ്പോൾ ആ അക്ഷരങ്ങളും കൂട്ടിനില്ലാതെ ആയി…”

“ങും സത്യമാണ്….അക്ഷരങ്ങൾ മാത്രമായിരുന്നു കൂട്ട്..അപ്പോഴാണ് ഒരു പെണ്ണ് അക്ഷരങ്ങളിലൂടെ എന്നിലേക്ക് കടന്നുവന്നത്…സൗഹൃദം പ്രണയമായി മാറിയപ്പോൾ എന്റെ കുറവുകൾ തന്നെ എന്നെ വിലക്കുകയായിരുന്നു ഗോപിക നിന്നോട് എന്റെ ഇഷ്ടം തുറന്ന് പറയുന്നതിൽ നിന്നും..

പിന്നീട് നീ നിന്റെ പ്രണയം പറഞ്ഞ കത്തുകിട്ടിയ രാത്രിയിൽ എല്ലാം തുറന്നെഴുതുകയായിരിന്നു ഞാൻ…അപ്പോഴാണ് സ്ട്രോക്ക് ഉണ്ടായത്.

അന്നൊക്കെ ഞാൻ ഒരുപാട് വിഷമിച്ചിട്ടുണ്ട് ഗോപിക.. പിന്നെ കരുതി നീ എങ്കിലും നന്നായി ജീവിക്കട്ടെ എന്ന്.നീ ഇങ്ങനെ എന്റെ മുന്നിൽ നിൽക്കുമ്പോൾ എനിക്ക് സഹിക്കാൻ കഴിയുന്നില്ല.

ഇനിയും വൈകിയിട്ടില്ല..ഒരു ജീവിതം തിരഞ്ഞെടുക്കണം. “

“വർഷങ്ങൾക്ക് മുന്നേ തന്നെ ഞാൻ അത് തിരഞ്ഞെടുത്തത് ആണ് മാധവ്..നിന്നോടൊത്ത് ഒരു ജീവീതം..”

“അത് നടക്കില്ല.”

“നിർബന്ധം പിടിക്കില്ല മാധവ്..പക്ഷെ ഞാനിവിടെ ഉണ്ടാകും…നിന്റെ പാതി ആയല്ല.. നിന്നിൽ നിന്നും പിറവി എടുക്കുന്ന അക്ഷരങ്ങൾക്ക് തൂലികയായി…

നിനക്ക് ഒരിക്കലും എന്നെ അംഗീകരിക്കാതിരിക്കാൻ കഴിയില്ല മാധവ്.. കാരണം നിന്റെ അക്ഷരങ്ങളിലൂടെ നീ എഴുതിയത് എന്നെയാണ്….ഞാൻ വായിച്ചത് നിന്നെയും…

ശരീരം പങ്കുവയ്ക്കുന്നത് മാത്രമല്ല മാധാവ് പ്രണയം..മനസ്സ് പങ്ക് വയ്ക്കുന്നത് കൂടി ആണ്..കാത്തിരിക്കും ഞാൻ..ഞാൻ നിന്റെത് ആണെന്ന് നീ പറയുന്ന നിമിഷത്തിനായി..”

തന്റെ നെറ്റിയിൽ അമർത്തി ചുംബിച്ച് മുറിക്ക് പുറത്തേക്ക് നടക്കുന്ന ആ പെണ്ണിനെ നോക്കി കിടക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…

ആ കണ്ണുനീരിനിടയിലും അവന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു..

തന്റെ പ്രണയത്തിനായി….

സ്വന്തം ദേവ ❤❤❤