നീ ഇപ്പോഴും എന്നോടുള്ള ഇഷ്ടം പേറി ജീവിക്കുമ്പോൾ ഞാൻ സന്തോഷിക്കണോ കരയണോ. എനിക്ക് വേണ്ടി ഒരു ദിവസം…

ഇഴകൾ

Story written by MEDHINI KRISHNAN

“തിരികെ പോകുന്നതിന് മുൻപ് ഒരു ദിവസമെങ്കിലും എനിക്ക് മഹിയുടെയാവണം..”

ഇടറിയ സ്വരത്തോടെ ഞാനത് പറയുമ്പോൾ അയാളെന്റെ കണ്ണുകളിലേക്ക് ചിരിയോടെ നോക്കി. മഹി എന്റെ തലയിൽ ചൂടിയ മുല്ലപ്പൂവിൽ നിന്നും ഒന്നെടുത്തു മണപ്പിച്ചു.

“ഇത് വിടരാൻ തുടങ്ങുന്നേയുള്ളു.ഞാൻ പറയട്ടെ മീരാ.. ഒരു പുരുഷന്റെ സങ്കല്പം. മുല്ലപ്പൂ ചൂടി വശ്യമായ മിഴികളോടെ ചന്ദനത്തിന്റെ ഗന്ധമുള്ള നിന്നെ പോലെ സുന്ദരിയായ ഒരു പെണ്ണ്. അഴകളവുകൾ തെറ്റാത്ത ശരീരവും നനഞ്ഞ ചുണ്ടുകളും മിനുസമായ മുടിയിഴകളും.. സത്യം ആരും മോഹിച്ചു പോവും.” എന്റെ മുഖം ചുവന്നു തുടുത്തു.

“മീരാ.. ഇനി ഞാൻ നിന്നോട് ഒരു പെണ്ണിന്റെ കഥ പറയട്ടെ. ഒരു പെണ്ണിന്റെ എന്ന് പറയാമോ. തോന്നുന്നില്ല. കുറേ പെണ്ണുങ്ങൾ അങ്ങനെ ആയിരിക്കും.” അയാൾ നിർത്തി എന്നെ നോക്കി.

“മഹി പറഞ്ഞോളൂ.മഹിക്ക് വേണ്ടി മാത്രമാണ് ഞാനിവിടെ ഇങ്ങനെ…”

അയാൾ പറഞ്ഞു തുടങ്ങി.

“മീരാ..രാവും പകലും അറിയാതെ ഒരു വീടിന്റെ ഇഴകൾ നെയ്തെടുക്കുന്ന ഒരുവളുടെ മനസ്സിന്റെ ശാസ്ത്രം.അവളിൽ പിടഞ്ഞുതിരുന്ന വിയർപ്പിന്റെ രസം. സ്വപ്‌നങ്ങൾ അലിയിച്ചു ഇല്ലാതെയാക്കുന്ന തന്ത്രം. പരിഭവങ്ങളും പരാതികളുമെല്ലാം അലക്കി വെളുപ്പിച്ചെടുക്കുന്ന ഒരു ചിരി. വിണ്ടുകീറി തുടങ്ങിയ പ്രതീക്ഷകളുടെ അരികുകളെയെല്ലാം കൂട്ടി യോജിപ്പിച്ചു സ്നേഹത്തിന്റെ നൂലിഴകൾ പാകി അവളൊരു ദിവസം അങ്ങനെ നെയ്യാൻ തുടങ്ങും….

പലപ്പോഴും അവൾ അവളെ മറക്കാറുണ്ട്. കാഴ്ചകൾ പ്രിയപ്പെട്ടവർക്ക് മാറ്റി വയ്ക്കുമ്പോൾ കൺ തടങ്ങൾ കറുത്ത് തുടങ്ങും. ചാരവും സോപ്പും കഥ പറഞ്ഞു പരുപരുത്ത കൈവിരലുകൾ. നിറം മങ്ങി തുടങ്ങിയ ഭംഗിയില്ലാത്ത നഖങ്ങൾ. എണ്ണമയമുള്ള മുടിയിൽ നിന്നും മുല്ലപ്പൂവിന്റെയൊ കാച്ചെണ്ണയുടെയൊ ഗന്ധമൊന്നും ഉണ്ടാവില്ല. ഒരു ഈറൻ ഗന്ധം. അടുക്കളയുടെ ഗന്ധം പേറിയ മുഷിഞ്ഞ സാരിയുടെ ഇരുവശങ്ങളിലും അവളുടെ കൈകൾ പതിഞ്ഞിരിക്കും….

അവിടെ അവളുടെ ജീവിതം കരിമ്പനടിച്ചു തുടങ്ങിയിരിക്കും. മാ റിലെ വിയർപ്പിൽ താലി അങ്ങനെ നനഞ്ഞൊട്ടി കിടക്കും. ഇടിഞ്ഞു താഴ്ന്ന മു ലകൾക്കിടയിൽ പഴുത്ത ചൂട്കുരുക്കൾ പൊന്തിയിരിക്കും. മു ലഞെട്ടിൽ പാലിന്റെ ഗന്ധം നിറഞ്ഞു നിൽക്കും. അവളുടെ കാലിലെ രണ്ടു തള്ള വിരലുകളും പഴുത്തിരിക്കും. കുഴിനഖം കുത്തി പഴുത്ത ആ തള്ളവിരലിൽ അവൾ മൈലാഞ്ചി അരച്ചു പുരട്ടും. മൈലാഞ്ചിയുടെ നിറത്തേക്കാൾ അവളുടെ വേദനയുടെ കറ.. നനവില്ലാത്ത വിണ്ട ചുണ്ടുകളിൽ ഒരു ചിരി തേച്ചു പിടിപ്പിക്കും. വീടിന്റെ ഓരോ വിള്ളലുകളിലും അവൾ അവളെ നിറച്ചു വച്ചു….അവളുടെ ശ്വാസം പൊതിഞ്ഞു ഓരോ ഇഴകളും അവൾ നെയ്തു കൊണ്ടിരിക്കും.

അവൾ അങ്ങനെ വിയർത്തൊട്ടി അടുക്കളയുടെ എച്ചിലുമായി ഭംഗിയായി തുന്നിയെടുത്ത ഒരു ദിവസത്തിന്റെ ഭംഗിയുള്ള നിറം പിടിപ്പിച്ച തൂവാലയുമായി എന്റെ കിടക്കയിൽ എനിക്കരികിൽ തളർന്നു ഇരിക്കുമ്പോൾ പറയും.. മഹിയേട്ടാ എന്നെ നാറുന്നില്ലേ.. ഞാനൊന്നു കുളിച്ചിട്ടു വരട്ടെയെന്ന്. ആ നിമിഷം ഞാൻ ആ വിയർപ്പോടെ ആ എച്ചിലോടെ എന്റെ നെഞ്ചിൽ പിടിച്ചു കിടത്തി അവൾ തുന്നിയെടുത്ത ആ ദിവസത്തിന്റെ അരികുകൾക്കായി ഞാൻ എന്നിലെ പുരുഷനെ സമർപ്പിക്കും. ആ ഒരു ദിവസം പൂർണ്ണമാവാൻ അവൾക്ക് അത് മതി. ആ ഭംഗിയുള്ള തൂവാലയുടെ അരികുകൾ ഞാൻ മനോഹരമായി തുന്നി യോജിപ്പിക്കും. മറിച്ചു ഞാൻ അവളോട് നിന്നെ നാറുന്നുവെന്ന് പറഞ്ഞാൽ!!ഒന്ന് തിരിഞ്ഞു കിടന്നാൽ..! അവൾ തുന്നിയതൊക്കെ പൊട്ടിപോവും. അവളും..

ശരിയല്ലേ മീരാ..”

മഹി എത്ര മനോഹരമായി സംസാരിക്കുന്നതെന്ന് ഓർത്തുപോയി. ഞാൻ വിങ്ങലോടെ തലയാട്ടി.

“എന്റെ വിയർപ്പിൽ വേറെ ഒരുവളുടെ ഗന്ധം. എന്റെ കാ മത്തിന്റെ പൂണ്ണൂലിഴകളിൽ ഞാൻ മറ്റൊരുവളെ ചേർത്തു കെട്ടുക. എന്നിൽ നിറയുന്ന മറ്റൊരുവൾ .. മീരാ.. എനിക്ക് അസാധ്യമാണ്.”

അയാൾ ഒന്ന് നിർത്തി എന്റെ കണ്ണുകളിലേക്ക് നോക്കി….

“എനിക്ക് നിന്നെ ഇഷ്ടമാണ്. എത്രയോ വർഷങ്ങൾക്ക് പിന്നിൽ സഞ്ചരിച്ചവർ നമ്മൾ. ഒരുമിച്ച് നടന്ന വഴികളും ഒരുമിച്ചു ജീവിക്കാൻ മോഹിച്ച നിമിഷങ്ങളും. എന്നിട്ടും പിരിഞ്ഞു. വർഷങ്ങൾക്കിപ്പുറം കണ്ടുമുട്ടുമ്പോൾ നീ തനിച്ച്.. എനിക്കൊപ്പം വേറെ ഒരുവൾ. നീ ഇപ്പോഴും എന്നോടുള്ള ഇഷ്ടം പേറി ജീവിക്കുമ്പോൾ ഞാൻ സന്തോഷിക്കണോ കരയണോ. എനിക്ക് വേണ്ടി ഒരു ദിവസം എന്ന് പറഞ്ഞു യാചിച്ചു എന്റെ മുന്നിലിങ്ങനെ ഇരിക്കുമ്പോൾ എനിക്കറിയില്ല. ഞാൻ തളർന്നു പോവുന്നു. പക്ഷേ എന്റെ ലക്ഷ്മി.. അവൾ.. എന്റെ മക്കൾ..” അയാളുടെ കണ്ണുകൾ നിറഞ്ഞു.

ഒരു നിമിഷം.. ഞാൻ നിശബ്ദമായി ഇരുന്നു. കണ്ണാടിയിൽ തിളങ്ങുന്ന എന്റെ രൂപത്തിലേക്ക് നോക്കി. ഞാൻ എന്തായിരുന്നു കാത്തുസൂക്ഷിച്ചത്. എന്തിനു വേണ്ടിയായിരുന്നു എന്നെ കാത്തു സൂക്ഷിച്ചത്. എന്തോ ഉടഞ്ഞു ചിതറും പോലെ.

മനസ്സിനെ അള്ളിപ്പിടിച്ച എന്തോ ഒന്ന് കുടഞ്ഞെറിഞ്ഞു ഞാനൊന്നു ചിരിച്ചു.

“മഹിയെ എനിക്ക് മനസ്സിലാവും. ആ കുട്ടി.. ലക്ഷ്മി എത്രയോ ഭാഗ്യവതിയാണ്. എനിക്ക് അസൂയ തോന്നുന്നു.” ഞാൻ പറഞ്ഞു.

അയാൾ മുഖം അമർത്തി തുടച്ചു.” നിനക്ക് എന്നോട് ദേഷ്യം തോന്നുന്നോ.? വെറുപ്പ് തോന്നുന്നോ?

എന്റെ കണ്ണുകൾ നിറഞ്ഞു. “ഇല്ലല്ലോ. ഇഷ്ടം.വല്ലാത്ത ഇഷ്ടം.”

മീരാ.. അയാൾ വിളിച്ചു.

“ഉള്ളിൽ ഇപ്പോഴും പ്രണയം നീ തന്നെയാണ്. നിന്റെ ഓർമ്മകളിൽ ഞാൻ എന്നിൽ നിന്നും എന്തോ കട്ടെടുത്തു പറന്നു പോകും പോലെ. പക്ഷേ എനിക്ക് കാ മം തോന്നിയിട്ടില്ല. ഇഷ്ടം അതിനും അപ്പുറമാണ്. അതിന്റെ അർത്ഥം നിർവചിക്കുക വയ്യാ..”

ഞാൻ കണ്ണുകൾ അമർത്തി തുടച്ചു. ചിരിച്ചു. “മഹി വിഷമിക്കണ്ട. എനിക്ക് വിഷമം ഒന്നൂല്യ. എനിക്ക് പക്ഷേ ഒരേ ഒരു ആഗ്രഹമുണ്ട്. അത്.. “

ഞാൻ തെല്ലു സങ്കോചത്തോടെ അയാളെ നോക്കി.

“എന്താ.. നീ പറയ്‌..”

ഞാൻ അയാളുടെ കണ്ണുകളിൽ കുസൃതിയോടെ നോക്കി.

“എന്നെ ഒന്ന് കെട്ടിപ്പിടിക്കണം. എന്റെ നെറുകയിൽ ഒന്ന് ചുംബിക്കണം.” ചിരിക്കാൻ ശ്രമിച്ചപ്പോൾ ഞാൻ കരഞ്ഞുപോയി.

അയാളുടെ കണ്ണുകൾ നിറഞ്ഞതറിഞ്ഞു. ഒരു നിമിഷം!! അയാളെന്നെ ചേർത്തു പിടിച്ചു. പിന്നെ നെറുകയിൽ അമർത്തി ചുംബിച്ചു. ഞാൻ ആ നെഞ്ചിൽ മുഖം അമർത്തി ഒന്ന് കരഞ്ഞു. മഹി അകറ്റി മാറ്റും മുൻപേ പിടി അയച്ചു ഞാൻ മാറി. കണ്ണുകൾ തുടച്ചു.

“മഹി പൊക്കോളു..”

മഹി നിസ്സഹായതയോടെ എന്നെ നോക്കി.

“എനിക്ക് തിരിച്ചു പോവും മുൻപ് ലക്ഷ്മിയെ ഒന്ന് കാണണം.”

അയാൾ കണ്ണുകൾ തുടച്ചു. “നീ വരണം. ഞാൻ അവളോട് പറഞ്ഞിരുന്നു. നിന്നെ പറ്റി. പഠിക്കുന്ന കാലത്തെ നമ്മുടെ പ്രണയത്തെ പറ്റി.. വീണ്ടും ഇപ്പോൾ നമ്മൾ കണ്ടു മുട്ടിയതെല്ലാം.”

“തിരികെ പോവും മുൻപ് ഞാൻ വരും..” നനഞ്ഞ ഒരു ചിരിയോടെ ഞാൻ പറഞ്ഞു. മഹി യാത്ര പറയുന്ന പോലെ ഒന്ന് നോക്കി. പുറത്തു മഴ.എന്റെ കണ്ണുകളിലേക്ക് ഒന്ന് നോക്കി. പിന്നെ വേദനയോടെ മഴയിലേക്ക് ഇറങ്ങി നടന്നു.

ഞാൻ കരഞ്ഞു. എന്റെ മുല്ലപ്പൂക്കൾ വിടരും മുൻപേ അഴിച്ചു വച്ചു.പുറത്തെ മഴയെക്കാൾ ഉറക്കെ അകത്തൊരു മഴ അലറി പെയ്തു.

കൊൽക്കത്തക്ക് മടങ്ങും മുൻപ് ഞാൻ മഹിയുടെ വീട്ടിൽ പോയി. അവളെ കണ്ടു. ലക്ഷ്മി…അത്രയൊന്നും സൗന്ദര്യമില്ലാത്ത ഒരു സാധാരണ പെണ്ണ്. പക്ഷേ അവളുടെ ചിരിയിൽ ഒരു ജീവിതം മുഴുവൻ അർത്ഥപൂർണ്ണമായി നിറഞ്ഞു നിൽക്കുന്നുവെന്ന് തോന്നി. വിയർപ്പും അഴുക്കും മനസ്സും ചേർത്തു അവൾ തുന്നിയെടുക്കുന്ന രാപ്പകലുകൾ. അവൾ നെയ്തെടുത്ത ഇഴകളിൽ ആ വീട് എത്ര മനോഹരമായിരിക്കുന്നുവെന്ന് തോന്നി….

അവൾക്കെന്നെ മനസ്സിലായിരിക്കുന്നു. മഹി പറഞ്ഞിരിക്കും. ആ കണ്ണുകളിൽ പക്ഷേ എന്നോടുള്ള സ്നേഹം മാത്രമേ ഞാൻ കണ്ടുള്ളു. അകത്തെ മുറിയിൽ വയ്യാതെ കിടക്കുന്ന അമ്മയെ കണ്ടു. കട്ടിലിൽ ഉറങ്ങി കിടക്കുന്ന മോള്.. മഹിയുടെ മുഖം പോലെ മനോഹരം. ഞാൻ ആ കുഞ്ഞു നെറ്റിയിൽ ചുംബിച്ചു. മുറ്റത്തു ഓടി നടക്കുന്ന കോഴികൾ. തൊഴുത്തിൽ കരയുന്ന പശു. മുറ്റത്തു ഉണക്കാൻ ഇട്ടിരിക്കുന്ന തേങ്ങ.

അവളുടെ സാരിയിൽ മഞ്ഞൾ നിറം പുരണ്ടിരുന്നു. കഴുത്തിലും മൂക്കിൻ തുമ്പിലും ഇറ്റ് നിൽക്കുന്ന വിയർപ്പ്. പേരറിയാത്തൊരു വികാരത്തിന്റെ മുനമ്പിൽ എന്റെ ഹൃദയം പൊട്ടിയൊലിച്ചു. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു. അവളെ സൂക്ഷിച്ചു നോക്കി. വരണ്ട ചുണ്ടുകളിൽ മെല്ലെ തൊട്ടു.

“പൊട്ടിയിരിക്കുന്നു.” അവൾ അമ്പരപ്പോടെ എന്നെ നോക്കി. ഒരു നിമിഷം.. എന്നിലെ രക്തം എന്തോ ഓർമ്മിപ്പിച്ചു. എനിക്ക് അവളോട് വല്ലാത്തൊരു ഇഷ്ടം തോന്നി. ആ വിയർപ്പിനോട് അസൂയ തോന്നി. ഒരു നിമിഷം!!

ഞാൻ അവളെ ഇറുകെ പുണർന്നു. പിൻകഴുത്തിലെ വിയർപ്പിൽ അമർത്തി ചുംബിച്ചു. എന്റെ കണ്ണുകൾ നിറഞ്ഞു അവിടെ വീണു. ആ മാ റിലെ ചൂട്..മു ലപ്പാലിന്റെ ഗന്ധം. എന്റെ നെഞ്ചു പൊള്ളി. ഞാൻ അകന്നു മാറി.

ലക്ഷ്മി ഞെട്ടിയെന്ന് തോന്നി. പിന്നെ അമ്പരപ്പ്.. പിന്നെ പിന്നെ നാണത്തിൽ കുതിർന്ന ഒരു ചിരി.

അവൾ എന്റെ കഴുത്തിലേക്കു ഉറ്റു നോക്കി. എന്തോ വലിച്ചെടുക്കുന്ന ലഹരിയുടെ ആനന്ദത്തിൽ പറഞ്ഞു.

“മീരക്ക് ചന്ദനത്തിന്റെ സുഗന്ധം.എനിക്ക് അസൂയ തോന്നുന്നു.”

ഞാൻ അവളുടെ നിറഞ്ഞ മാ റിടത്തിലെ ക്ഷതങ്ങളെ ഓർത്തു. മഹിയെ ഓർത്തു. അയാൾ അപ്പുറത്തെവിടെയോ..

“എനിക്കും.”

“എന്തിന്?” ഞാൻ മറുപടി പറഞ്ഞില്ല.

“മീരക്ക് വിവാഹം കഴിക്കാമായിരുന്നു.”

ഉള്ളിലെവിടെയോ എപ്പോഴോ നെയ്തെടുത്ത ഒരിഴ പൊട്ടിയത് പോലെ. ഞാൻ മറുപടിയായി ചിരിച്ചപ്പോൾ വികൃതമായി പോയിയെന്നു തോന്നി.

അവരോട് യാത്ര പറഞ്ഞു.

മഹിയുടെ കണ്ണുകളിൽ ഞാൻ നനഞ്ഞ ഒരു കാഴ്ചയായി മാറിയിരിക്കണം. ഇറങ്ങി നടന്നു. അവളുടെ പിൻകഴുത്തിലെ വിയർപ്പിന്റെ ഗന്ധം എന്റെ ചുണ്ടുകൾക്ക് നഷ്ടമാവരുതേയെന്ന് ആഗ്രഹിച്ചു. ഞരമ്പുകളിൽ പൊട്ടി ഒഴുകുന്ന വികാരം.. തുന്നിയിട്ടും പൊട്ടി പോവുന്ന അരികുകൾ ഏച്ചു കെട്ടുന്ന ഒരുവൾ. എന്റെ ശരീരത്തിന്റെ സൂചിമുനയിൽ കൊരുക്കാൻ പറ്റിയ ഇഴകളില്ലെന്ന് വിശ്വസിച്ചവൾ….

ഒരു പുഴക്കും ഒഴുകാൻ ഇടം കൊടുക്കാതെ ഉണങ്ങി വരണ്ട മണ്ണിന്റെ മാ റിടം. ഏതു മഴനൂലിഴകളിലാണ് ഞാനെന്നെ നനച്ചു തോർത്തുക.. ഒന്ന് തിരിഞ്ഞു നോക്കി. അവിടെ ആ കണ്ണുകൾ. കാഴ്ചകളിൽ മനോഹരമായി നെയ്തെടുത്ത ആ നൂലിഴകൾ കെട്ടുപിണഞ്ഞത് പോലെ….

എനിക്ക് സന്തോഷം തോന്നി.ഞാൻ ആ കാഴ്ചയിൽ നിന്നും ഇറങ്ങി നടന്നു. ഇനി തിരക്കുകളിൽ എനിക്ക് ഓർമ്മിക്കാൻ പതിവ് പോലെ ഞാൻ നെയ്തെടുക്കുന്ന എന്റെ പ്രണയത്തിന്റെ മനോഹരമായ നൂലിഴകൾ. ആ നൂലിഴകൾ മറ്റാർക്കും സ്പർശിക്കാനാവാതെ… എനിക്ക് സ്വന്തം.. അത് മതി..എന്നിട്ടും.. എന്നിട്ടും ഞാനെന്തേ കരയുന്നതിങ്ങനെ?

Medhini krishnan