Story written by SAJI THAIPARAMBU
മോളേ രശ്മീ.. ഞാൻ മനുവിൻ്റെ അമ്മയാ, മോളിപ്പോൾ ഡ്യൂട്ടിയിലാണോ?
ങ്ഹാ അമ്മയോ? പറയു അമ്മേ എന്താ വിശേഷം? ഞാനിപ്പോൾ ഫ്രീയാണ് , ഒരു ചായ കുടിക്കാനായി ക്യാൻറീനിലേക്ക് വന്നതാ
അത് മോളേ ഞാൻ യശോദയെ വിളിച്ചിരുന്നു ,അപ്പോഴാ നീ ഉടനെയൊന്നും ലീവെടുക്കില്ലെന്ന് അമ്മ പറഞ്ഞത്, നിങ്ങളുടെ കല്യാണത്തിൻ്റെ മുഹൂർത്തം വരുന്ന തിങ്കളാഴ്ചയാണെന്ന് മോൾക്കറിയാമല്ലോ ? ഇപ്പോഴത്തെ അവസ്ഥയിൽ ബന്ധുക്കളാരും വരില്ല, എന്നാലും നിശ്ചയിച്ചുറപ്പിച്ച വിവാഹം മാറ്റിവയ്ക്കാൻ പറ്റില്ലല്ലോ ,ഇപ്പോൾ കിട്ടിയ മുഹൂർത്തത്തിൽ, കല്യാണം നടന്നില്ലെങ്കിൽ മനുവിന് പിന്നെ ഉടനെയൊന്നും വിവാഹം നടക്കില്ലെന്നാണ്, നേരം നോക്കിയ ജ്യോത്സ്യര് പറഞ്ഞത്
അയ്യോ അമ്മേ.. അമ്മയ്ക്കറിയാമല്ലോ? ഓരോ ദിവസവും പേഷ്യൻ്റ്സ് കൂടി കൂടി വരികയാ ,എൻ്റെ കൂടെ ഉണ്ടായിരുന്ന പലരും രോഗം ബാധിച്ച് ചികിത്സയിലാണ്, ബാക്കിയുള്ള വിരലിലെണ്ണാവുന്നവരും ഞാനും കൂടി പരിശ്രമിച്ചിട്ടാണ്, ഒരു വിധം മുന്നോട്ട് പോകുന്നത്, ഒരിറ്റ് ജീവന് വേണ്ടി ,ശ്വാസം കിട്ടാതെ പിടയുന്നവരെ മരണത്തിന് വിട്ട് കൊടുത്തിട്ട്, ഞാനെങ്ങനെയാണമ്മേ, എൻ്റെ ഭാവി ജീവിതം തേടി വരുന്നത് ,അങ്ങനെ ഞാൻ വന്നാൽ, എൻ്റെ ഒരാളുടെ കുറവ് കൊണ്ട്, ഇവിടെ പിടഞ്ഞ് മരിക്കേണ്ടി വരുന്നവരെ ഓർത്ത്, എനിക്കെങ്ങനെ മധുവിധു ആഘോഷിക്കാൻ പറ്റും, മുഹൂർത്തങ്ങൾ ഇനിയുമുണ്ടാവും, പക്ഷേ നമ്മുടെ അനാസ്ഥകൊണ്ട് നഷ്ടപ്പെട്ടു പോകുന്ന ഒരു ജീവൻ തിരിച്ച് പിടിക്കാൻ, നമുക്കൊരിക്കലും കഴിഞ്ഞെന്ന് വരില്ല
ഞാൻ നിൻ്റെ സിദ്ധാന്തം കേൾക്കാൻ വിളിച്ചതല്ല ,ഈ ലോകത്ത് എൻ്റെ മോന് വേറെ പെണ്ണ് കിട്ടാഞ്ഞിട്ടുമല്ല, ഒരു ഗവൺമെൻ്റ് ജോലിക്കാരിയല്ലേ എന്നോർത്തിട്ടാണ്, എൻ്റെ മോൻ നിന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞപ്പോൾ, ഗതികെട്ട കുടുംബത്തിലെ ആണെന്നറിഞ്ഞിട്ടും, ഈ ബന്ധത്തിന് ഞങ്ങള് മുതിർന്നത്, നീ ഉടനെ തന്നെ ലീവെടുത്ത് വന്നില്ലെങ്കിൽ, സ്വന്തം കല്യാണത്തിന് പോലും പങ്കെടുക്കാതെ, ജോലിയും കെട്ടിപ്പിടിച്ചിരിക്കുന്ന നിന്നെ ഞങ്ങള് വേണ്ടെന്ന് വച്ചിട്ട് ,എൻ്റെ മോന് ഞാൻ വേറെ പെണ്ണ് നോക്കും ,നിനക്ക് എൻ്റെ മകൻ്റെ ഭാര്യ ആകണമെന്ന് ആഗ്രഹമുണ്ടെങ്കിൽ, ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ നീ വീട്ടിൽ തിരിച്ചെത്തിയിട്ട്, എന്നെ വിളിച്ച് പറയണം ,മനസ്സിലായോ?
ക്ഷോഭിച്ച് കൊണ്ട് മനുവിൻ്റെ അമ്മ ഫോൺ വച്ചപ്പോൾ, രശ്മി വല്ലാതെയായി.
മനുവിനെ പരിചയപ്പെട്ടിട്ട് കുറച്ച് നാളുകളെ ആയുള്ളുവെങ്കിലും, പെട്ടെന്നായിരുന്നു മനസ്സുകൾ തമ്മിലടുത്തത് ,വിവാഹത്തെ കുറിച്ച് ആലോചിച്ച് തുടങ്ങിയപ്പോഴാണ്, മനുവിൻ്റെയും തൻ്റെയും കുടുംബങ്ങൾ തമ്മിലുള്ള സാമ്പത്തികമായിട്ടുള്ള അന്തരം മനസ്സിലായത്, ഒടുവിൽ പിരിയാനാവില്ലെന്ന അവസ്ഥ വന്നപ്പോൾ, വീട്ടുകാരറിയാതെ രജിസ്റ്റർ വിവാഹം ചെയ്യാമെന് മനു പറഞ്ഞു, പക്ഷേ താൻ സമ്മതിച്ചില്ല ,വീട്ടുകാരെ ഉപേക്ഷിച്ച് കൊണ്ട്, ഒരു ദാമ്പത്യ ജീവിതത്തോട് തനിക്ക് താല്പര്യമില്ലായിരുന്നു, ഒടുവിൽ രണ്ടും കല്പിച്ച് മനു സ്വന്തം വീട്ടിൽ ഈ കാര്യം ചർച്ച ചെയ്തു ,മനുവിൻ്റെ നിർബന്ധത്തിന് വഴങ്ങിയാണ്, വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചതും, മുഹൂർത്തം നിശ്ചയിച്ചതും
ഓരോന്നാലോചിച്ചിരുന്നപ്പോൾ വീട്ടിൽ നിന്ന് ,അമ്മയുടെ കോൾ വന്നു.
മോളേ.. സുഭദ്രാമ്മ നല്ല വാശിയിലാണ്, മോള് വന്നില്ലെങ്കിൽ ,നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ മനുവിൻ്റെ വിവാഹം നടത്തുമെന്നാണ് ,അവർ പറഞ്ഞിരിക്കുന്നത് ,അത് കൊണ്ട് എത്രയും വേഗം നീ വരാൻ നോക്ക്
ഇല്ലമ്മേ ..എനിക്ക് വരാൻ കഴിയില്ല, എല്ലാം ഞാൻ അമ്മയോടിന്നലെ പറഞ്ഞതല്ലേ?
നീ നിൻ്റെ ജീവിതം വച്ചാണ് കളിക്കുന്നതെന്ന് ഓർമ്മ വേണം, ഇനി ഇത് പോലെ നല്ലൊരു ബന്ധം കിട്ടിയെന്ന് വരില്ല
സാരമില്ലമ്മേ.. എനിക്കതിൽ യാതൊരു മന:സ്താപവുമില്ല, ഇത് കൊണ്ട് എൻ്റെ വിവാഹമല്ലേ മുടങ്ങുകയുള്ളു,ജീവനൊന്നും പോകില്ലല്ലോ ,പക്ഷേ ഞാനിവിടെ നിന്നും സ്വന്തം സുഖം നോക്കിപ്പോയാൽ, ഒരുപാട് പേരുടെ ജീവനത് ആപത്താണ്, അറിഞ്ഞ് കൊണ്ട് ഒരാളെ പോലും മരണത്തിന് വിട്ട് കൊടുക്കാൻ ഞാൻ പഠിച്ച പ്രൊഫഷന് കഴിയില്ലമ്മേ.. ശരി ഞാൻ വയ്ക്കുവാ, ദേ അടുത്ത പേഷ്യൻ്റുമായി ആംബുലൻസ് വന്നിട്ടുണ്ട്
പെട്ടെന്ന് ഫോൺ കട്ട് ചെയ്തിട്ട് രശ്മി കർമ്മനിരതയായി.
ഇടയ്ക്ക് റെസ്റ്റ് കിട്ടുന്ന സമയത്തൊക്കെ അവൾ തൻ്റെ ഫോൺ പരിശോധിക്കുന്നുണ്ടായിരുന്നു, മനുവിൻ്റെ മെസ്സേജുകൾക്കായി അവൾ വാട്സ്ആപ്പിലും മെസ്സഞ്ചറിലുമൊക്കെ പരതി, പക്ഷേ നിരാശയായിരുന്നു ഫലം ,അമ്മയുടെ വാക്ക് കേട്ട് അവൻ തന്നെ മറന്ന് കാണും, സങ്കടം കൊണ്ടവളുടെ കണ്ണുകൾ നിറഞ്ഞു ,എന്നിട്ടും തളരാതെ ,തൻ്റെ വിഷമങ്ങൾ പി പി ഇ കിറ്റിനകത്ത് മൂടിവച്ച് കൊണ്ട് ,അവൾ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
തിങ്കളാഴ്ച ദിവസം രാവിലെ അവൾ വീണ്ടും മൊബൈലെടുത്ത് നെറ്റ് ഓൺ ചെയ്തു
എഫ് ബി യിൽ വിവാഹ വസ്ത്രമണിഞ്ഞ് നില്ക്കുന്ന മനുവിൻ്റെ പോസ്റ്റ് കണ്ട് അവൾ ഞെട്ടി
ഇന്നെൻ്റെ വിവാഹമാണ്, നേരിട്ട് എത്താൻ കഴിഞ്ഞില്ലെങ്കിലും, മനസ്സ് കൊണ്ട് എല്ലാവരും എന്നെ അനുഗ്രഹിക്കണം…എന്ന ക്യാപ്ഷനും മുകളിൽ ചേർത്തിട്ടുണ്ട്
ദുഷ്ടൻ, എത്ര പെട്ടെന്നാണ് അവൻ തന്നെ മറന്നത്,
അവൾക്ക് ദു:ഖമടക്കാനായില്ല പൊട്ടിക്കരഞ്ഞ് കൊണ്ട് മേശമേൽ തല ചായ്ച് കുറച്ച് നേരം കിടന്നു.
രശ്മി.. ഒന്നെഴുന്നേറ്റേ, ദേ നിന്നെ കാണാൻ കാഷ്വാലിറ്റിക്ക് മുന്നിൽ, ആരോ വന്ന് നില്ക്കുന്നു
കൂടെ വർക്ക് ചെയ്യുന്ന രേവതി വന്ന് തട്ടി വിളിച്ചപ്പോൾ, മുഖം തുടച്ച് കൊണ്ട് അവൾ എഴുന്നേറ്റു
ആരാടി വന്നത്?
ആഹ് എനിക്കറിയില്ല, അത്യാവശ്യമാണെന്ന് പറഞ്ഞു
ആകാംക്ഷയോടെ രശ്മി അത്യാഹിത മുറിയുടെ മുന്നിലേക്ക് ചെന്നു.
ദേ ആ നില്ക്കുന്ന ആളാ,
രേവതി ചൂണ്ടിക്കാണിച്ച ഇടത്തേക്ക് രശ്മി നോക്കി.
പി പി ഇ കിറ്റ് ധരിച്ച് നില്ക്കുന്നൊരാൾ ,അതാരാണെന്ന് അടുത്ത് ചെല്ലുന്നത് വരെ അവൾക്ക് മനസ്സിലായില്ല
നീയിങ്ങനെ തുറിച്ച് നോക്കണ്ട, ഇത് ഞാനാ മനു, ഇന്ന് നമ്മുടെ വിവാഹ ദിനമല്ലേ? ജോത്സ്യൻ പറഞ്ഞ മുഹൂർത്ത സമയത്ത് തന്നെ ഞാൻ വന്നിട്ടുണ്ട്, നീ ഈശ്വരനെ മനസ്സിൽ ധ്യാനിച്ച് കണ്ണടച്ച് നിന്നോളു,ഞാനീ താലിയൊന്ന് കെട്ടിയിട്ട് ഉടനെ പൊയ്ക്കൊള്ളാം, ബാക്കി കാര്യങ്ങളൊക്കെ നിൻ്റെ ഇവിടുത്തെ തിരക്കുകളൊക്കെ കഴിഞ്ഞിട്ട് സാവധാനം മതി, ഈ മുഹൂർത്തത്തിൽ തന്നെ നമ്മുടെ കല്യാണം നടക്കണമെന്നേ അമ്മയ്ക്ക് നിർബന്ധമുള്ളു, അതിവിടെ വച്ചായാലും കുഴപ്പമൊന്നുമില്ലല്ലോ
എല്ലാം കേട്ട് മിഴിച്ച് നില്ക്കുകയായിരുന്ന രശ്മിയുടെ കഴുത്തിൽ കുരവയിടലില്ലാതെ, ബന്ധു ജനങ്ങളുടെ അനുഗ്രഹമില്ലാതെ, നാട്ടുകാരാരുമില്ലാതെ, മനു താലി കെട്ടി.
ഇനി നീ പൊയ്കൊള്ളു ,ഇന്ന് മുതൽ നീയെൻ്റെ ഭാര്യയാണ്, വിവാഹമെന്ന് പറയുന്നത് രണ്ട് മനസ്സുകളെ ഊട്ടി ഉറപ്പിക്കുന്ന ഒരു ചടങ്ങ് മാത്രമാണ്, അത് എവിടെ വച്ച് നടന്നാലും കുഴപ്പമില്ല ,എങ്കിൽ ശരി, ഞാൻ പോകട്ടെ, ഈ പി പി ഇ കിറ്റിട്ടിട്ട് അര മണിക്കൂറേ ആയുള്ളു ,എത്രയും പെട്ടെന്ന് ഇതൊന്ന് ഊരിമാറ്റണം ,അസ്വസ്ഥത സഹിക്കാൻ പറ്റുന്നില്ല ,ഫുൾ ടൈം ഇതുമിട്ടോണ്ട് നടക്കുന്ന നിങ്ങളെ സാക്ഷാൽ ദൈവം തമ്പുരാൻ പോലും, നമിച്ച് പോകും
അതും പറഞ്ഞ് മനു തിരിച്ച് പോകുമ്പോൾ, രശ്മിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി ,ഈശ്വരാ.. തന്നെയും തൻ്റെ പ്രൊഫഷനെയും മനസ്സിലാക്കുന്ന ഒരാളെ തന്നെയാണല്ലോ ,നീയെനിക്ക് പങ്കാളിയായി തന്നത്
അവൾ ദൈവത്തിന് നന്ദി പറഞ്ഞു.
NB : ഈ നഴ്സസ് ദിനത്തിൽ, സ്വന്തം സുഖവും ജീവിതവും നോക്കാതെ അഹോരാത്രം കഷ്ടപ്പെടുന്ന സഹോദരങ്ങൾക്കായി സമർപ്പിക്കുന്നു.