ഓളങ്ങൾ ~ ഭാഗം 39, എഴുത്ത്: ഉല്ലാസ് OS

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ലക്ഷ്മിയും വിജിയും ഉണ്ണി മോളും എല്ലാവരും അതീവ സുന്ദരികളായി ഒരുങ്ങിയിരുന്നു…

പക്ഷേ ഉണ്ണിമോൾ പറഞ്ഞതുപോലെ ലക്ഷ്മി ആയിരുന്നു താരം… അതിന്റെ ഒരു ഗമ വൈശാഖിന്റെ മുഖത്ത് കാണാം… തന്റെ സഹപ്രവർത്തകരെ എല്ലാവരെയും അവൻ ഭാര്യയ്ക്ക് പരിചയപ്പെടുത്തി കൊടുത്തു..

അങ്ങനെ ചെറുക്കനെ,, വൈശാഖൻ സ്വീകരിച്ച മണ്ഡപത്തിലേക്ക് ഇരുത്തി.. അഷ്ടമംഗല്യം നിറച്ച താലവുമായി വീണയും എത്തി..

എല്ലാവരുടെയും അനുഗ്രഹ ആശംസകളോടെ 11 30 നും 12നും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ ശ്രീരാജ് വീണയുടെ കഴുത്തിൽ താലിചാർത്തി,,

“മാലതി അമ്മായി കാര്യം ആയിട്ടാണലോ കുരവ ഇടുന്നത്..പൈസ വെല്ലോം കൊടുത്തരുന്നോ ആവോ.. “ഉണ്ണി മോൾ ചിരിച്ചു കൊണ്ടു വിജിയോട് പറഞ്ഞു..

“പതുക്കെ പറ കുട്ടി.. ആരെങ്കിലും കേൾക്കും… “

“ഓഹ്.. ഈ ബഹളത്തിൽ ഇതൊക്ക ശ്രദ്ധിക്കാൻ ആർക്കാണ് സമയം.. “

“ലക്ഷ്മി ആണെങ്കിൽ വലിയ വയറും ആയിട്ട് വളരെ ബുദ്ധിമുട്ടി ആണ് നടക്കുന്നത്….വൈശാഖന്റെ കണ്ണുകൾ അവളിൽ തന്നെ ആയിരുന്നു.. കാരണം അവൾക്ക് എന്തെങ്കിലും ക്ഷീണം വരുമോ എന്നൊക്ക ആണ് അവന്റെ പേടി..

വീണയും ശ്രീരാജും പലപല പോസുകളിൽ നിന്ന് ഫോട്ടോ എടുക്കുക ആണ്… ഇടയ്ക്ക് ഒക്കെ വൈശാഖൻ വേണ്ടപ്പെട്ടവരെ ഒക്കെ വിളിച്ചു കൊണ്ടു പോയി അവരുമായി ചേർന്ന് ഫോട്ടോ എടുപ്പിക്കുന്നുണ്ട്..

“ദേവേട്ടാ… സദ്യ എങ്ങനെ ഉണ്ട്.. “ആദ്യത്തെ പന്തി കഴിച്ചു കഴിഞ്ഞു എഴുനെറ്റ ഒരാളോട് വൈശാഖൻ മെല്ലെ ചോദിച്ചു..

“സദ്യ ഗംഭീരം ആണെടാ.. ഈ അടുത്ത കാലത്ത് ഒന്നും ഇത്രയും നല്ല ഒരു ഊണ് കഴിച്ചിട്ടില്ല… “

“ഹോ.. മനസമാധാനം ആയി… എന്റെ ടെൻഷൻ മുഴുവൻ അതായിരിന്നു.. പ്രഭാകരൻ സാറിന്റെ സദ്യ നമ്മൾ ഇതിന് മുൻപ് അങ്ങനെ കഴിച്ചിട്ടില്ല.. അച്ഛനോട് ആരോ പറഞ്ഞിട്ടാണ് അവർക്ക് നമ്മൾ സദ്യ കൊടുക്കുന്നത്.. “

“ഒരു ടെൻഷനും വേണ്ടടാ…അട പ്രഥമൻ ആണെങ്കിൽ ബഹുകേമം ആണ് കെട്ടോ..മറയൂർ ശർക്കരയുടെ തനിമ ഒട്ടും നഷ്ടപ്പെടാതെ തന്നെ ആണ് ആ പായസം ഉണ്ടാക്കിയിരിക്കുന്നത്.. “

“ഓഹ് സന്തോഷം ദേവേട്ടാ… “അവൻ അയാളുടെ കൈയിൽ പിടിച്ചു നടന്നകന്നു..

ദേവേട്ടൻ സദ്യകഴിച്ചു കഴിഞ്ഞു അഭിപ്രായം പറഞ്ഞാൽ പറഞ്ഞതാ… അതുകൊണ്ട് വൈശാഖന് സന്തോഷം ആയി…

ലക്ഷ്മിയുടെ അച്ഛൻ ആണെങ്കിൽ എല്ലാവരെയും സദ്യ കഴിക്കുവാൻ വിളിക്കുന്നതും, ആളുകൾ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടോ, കറികൾ എല്ലാം കിട്ടുന്നുണ്ടോ എന്നൊക്കെ നോക്കി നടക്കുന്നുണ്ട്.. വൈശാഖന് ഒരുപാട് സന്തോഷം തോന്നി..

സദ്യ നന്നായിട്ടുണ്ട് എന്ന് ഓരോ ആളുകളുടെയും മുഖം കണ്ടാൽ അറിയാം.. അവിയലും ഇഞ്ചികറിയും മാങ്ങാ അച്ചാറും ആണ് ആളുകൾ കൂടെ കൂടെ മേടിക്കുന്നത്.. പിന്നെ അടപ്രഥമനും.. ഏറെ കറിവേപ്പിലയും ചുവന്നുള്ളിയും ജീരകവും ഒക്കെ ചേർത്തു നാളികേരപീരയിൽ പൊതിഞ്ഞുകിടക്കുക ആണ് നമ്മുടെ അവിയൽ… ചെറുചൂടോടെ വിളമ്പുന്ന അവിയലിൽ നിന്നും നല്ല നാടൻ പച്ച വെളിച്ചെണ്ണയുടെ ത്രസിപ്പിക്കുന്ന സുഗന്ധം കൂടി പൊങ്ങിവന്നപ്പോൾ കലവറയിൽ വിളമ്പുന്ന ദിവാകരേട്ടന്റെ കൂടെ കിളി പോയി എന്നാണ് ശബരീഷ് ഇടയ്ക്ക് വന്നു വൈശാഖാനോട് പറഞ്ഞത്….

കിളിച്ചുണ്ടൻ മാങ്ങ ആയിരുന്നു അച്ചാറിനായി പ്രഭാകരൻ കാരണവർ തിരഞ്ഞെടുത്തത്..

നല്ലെണ്ണ നന്നായി ചൂടായി വരുമ്പോളേക്കും ആവശ്യത്തിന് പിരിയൻ മുളക് പൊടിയും,,, മഞ്ഞൾ പൊടിയും,,, ഉലുവയും കടുകും വറുത്തു പൊടിച്ചതും കൂടി ഇട്ടു മൂപ്പിചിട്ട് കൃത്യമായ നീളത്തിലും കനത്തിലും അരിഞ്ഞു വെച്ചിരുന്ന മാങ്ങയിലേക്ക് ഇടും.. ആവശ്യത്തിന് ഉപ്പും ചേർക്കും… എന്നിട്ട് അടച്ചു ഒരു 20മിനിറ്റ് എങ്കിലും വെയ്ക്കും, ആ തിളച്ചുമറിഞ്ഞ എണ്ണയുടെ ചൂടിൽ ആണ് ആ മാങ്ങാ വെന്ത് വരുന്നത്.. ഒരു അടുപ്പിലും വെക്കില്ല, ഒട്ടും വെള്ളവും ചേർക്കില..ഇതാണ് ഈ മാങ്ങാ അച്ചാറിന്റെ രഹസ്യം.. മൂപ്പിൽ നായർ ഇരുന്നു വിശദീകരിക്കുക ആണ് വേറൊരു പ്രമാണിയോട്..

ശേഖരേട്ടന് മാത്രം ഒരു വെപ്രാളം ആണ്,,, ഇതിനു മുന്നത്തെ രണ്ട് കല്യാണത്തിനും അങ്ങനെ തന്നെ ആയിരുന്നു.. അത് ഇപ്പോളും പുള്ളിയുടെ മുഖത്ത് നിന്നും മാറിയിട്ടില്ല……

“ശേഖരേട്ട.. കല്യാണവും സദ്യയും ഒക്കെ കേമം ആയി കെട്ടോ… “പലചരക്ക് കടക്കാരൻ തോമാച്ചേട്ടൻ ഒരു ചുരുട്ടിയ കവർ ശേഖരന്റെ കൈയിലേക്ക് തിരുകി വെച്ച് കൊടുത്തു കൊണ്ട് പറഞ്ഞു..

“വന്നതിൽ സന്തോഷം കെട്ടോ തോമാചേട്ടാ.”

അങ്ങനെ ആളുകൾ ഓരോരുത്തരായി പിരിഞ്ഞു പോകാൻ തുടങ്ങി…..ഇഷ്ടം പോലെ കവറും കിട്ടിയിരുന്നു ശേഖരേട്ടന്റെയും സുമിത്രയുടെയും ഒക്കെ കൈയിൽ… അവരും അതുപോലെ എല്ലാ ചടങ്ങുകൾക്കും പോയാലും കൊണ്ടുപോയി കൊടുക്കുമായിരിന്നു.. തന്നെയുമല്ല എല്ലാവർക്കും നല്ല അഭിപ്രായം ആണ് മേലേടത്തു ശേഖരനെയും കുടുംബത്തെയും..

“വീണേ… വാ.. ഭക്ഷണം കഴിയ്ക്കാം.. ഇറങ്ങാൻ സമയം ആയി വരുന്നു… “

ഇടയ്ക്ക് ലക്ഷ്മി പോയി ഓർമ്മിപ്പിച്ചു..അപ്പോളേക്കും വൈശാഖനും അവിടേയ്ക്ക് വന്നു..

“ശ്രീരാജ്.. വരൂ.. ഇനി കഴിയ്ക്കാം വീണേ… “വൈശാഖൻ വിളിച്ചു..

അങ്ങനെ അവർ രണ്ടാളും കൂടി വൈശാഖന്റെയും ലക്ഷ്മിയുടെയും ഒപ്പം നടന്നു ചെന്നു.

“മോളേ.. അമ്മ അങ്ങോട്ട് പോകുവാണേ…അവിടെ ചെന്നു എല്ലാം റെഡി ആക്കണ്ടേ.. “വീണയുടെ കൈയിൽ പിടിച്ചു കൊണ്ട് ശ്രീരാജിന്റെ അമ്മ പറഞ്ഞു..

“ശരിയമ്മേ… “അവൾ പുഞ്ചിരിച്ചു..

“മോളേ.. ലക്ഷ്മി… നാളെ എല്ലാവരും കൂടി അങ്ങോട്ട് വന്നേക്കണം കെട്ടോ.. ഞാൻ അച്ഛനോടും അമ്മയോടും ഒക്കെ പറഞ്ഞിട്ടുണ്ട്.. “

“വന്നേക്കാം അമ്മേ… നാളെ കാണാം കെട്ടോ.. “ലക്ഷ്മി അവരുടെ കൈയിൽ പിടിച്ചു..

അങ്ങനെ ഒരു ചടങ്ങ് ഇപ്പോൾ ഉള്ളതാണ്.. പെൺകുട്ടിയുടെ വീട്ടുകാർ കല്യാണദിവസമോ അതിന്റെ അടുത്ത ദിവസമോ ചെക്കന്റെ വീട്ടിലേക്ക് പോകും.. എന്നിട്ട് പെണ്ണിനേയും ചെറുക്കനെയും വിരുന്നിനായി ക്ഷണിച്ചിട്ട് തിരിച്ചു പോരും..

ലക്ഷ്മിക്ക് ആണെങ്കിൽ കസേരയിൽ ഇരിക്കാൻ വല്ലാത്ത ബുദ്ധിമുട്ട് ആയിരുന്നു.. വൈശാഖൻ അവളെ പിടിച്ചു ആണ് ഇരുത്തിയത്..

“നീ ഇനി അടങ്ങി ഒതുങ്ങി ഇരുന്നോണം കെട്ടോ, ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും നടക്കുക ആണ് “വൈശാഖൻ അവളെ ശാസിച്ചു..

“കുഞ്ഞു അനങ്ങുന്നുണ്ടോ എന്ന് ശ്രദ്ധിച്ചോണം കെട്ടോ.. നിനക്ക് ഒരു ബോധവും ഇല്ല.. “

“ഏട്ടാ..ആ പയ്യൻ കേൾക്കും ഒന്ന് മിണ്ടാതിരിക്ക്,, ” ലക്ഷ്മി അവനെ നോക്കി കണ്ണുരുട്ടി..

” ഞാൻ പറയാനുള്ളത് പറഞ്ഞു, നിന്റെ മുഖം കണ്ടാൽ അറിയാം നിനക്ക് നല്ല ക്ഷീണം ഉണ്ട് എന്ന്,, “

” അത് ഇന്നലെ ഉറക്കമളച്ചു അതുകൊണ്ടാണ്,,, നന്നായി ഒന്ന് ഉറങ്ങിക്കഴിയുമ്പോൾ തീരും പ്രശ്നം”

” എന്തിനു0 നിനക്ക് മറുപടി ഉണ്ടല്ലോ അത് തന്നെ വലിയ കാര്യം,,, ഇനി രാത്രിയിൽ കാലിന്റെ മസില് കേറുന്നു എന്ന് പറഞ്ഞു വാ.. അപ്പോൾ ഞാൻ ബാക്കി പറയാം”

വൈശാഖിനു തന്നെകുറിച്ച് ഓർത്ത് വലിയ ഉൽക്കണ്ഠ ആണെന്ന് ലക്ഷ്മിക്ക് അറിയാം… അതുകൊണ്ടാണ് അവൻ എപ്പോഴും ഇങ്ങനെ അവളോട് പറഞ്ഞു കൊണ്ടിരിക്കുന്നത്…

” വീണ ഇറങ്ങിക്കഴിഞ്ഞാൽ ഞാൻ വേഗം വീട്ടിലേക്ക് പൊയ്ക്കോളാം ഏട്ടാ അച്ഛനോട് ഞാൻ പറഞ്ഞിട്ടുണ്ട്”

” സുമിത്രയും ശേഖരനും കൂടി വിജിയുടെ ബന്ധുക്കളൊക്കെ കണ്ട് സംസാരിക്കുകയാണ്…

രാജീവനും ദീപയും ഒക്കെ അവരോട് യാത്ര പറയുവാനായി അവരുടെ അടുത്തേക്ക് വന്നു..

” അയ്യോ ഇപ്പോഴേ പോകുകയാണോ വീട്ടിൽ വന്നിട്ട് പോയാൽ പോരെ,, സുമിത്ര ദീപയുടെ കയ്യിൽ പിടിച്ചു..

” ആകേ മടുത്തു അമ്മേ…. ഇനി ഞങ്ങൾ പൊയ്ക്കോളാം… ഇടയ്ക്ക് ഒരു ദിവസം ഞങ്ങൾ വരാം” ദീപ പറഞ്ഞു..

” മോൾ ഇനി എങ്ങോട്ടാണ്,, നേരെ രാജീവിന്റെ വീട്ടിലേക്ക് ആണോ അതോ അമ്മേടെ കൂടെ പോകുമോ “

“ഞാൻ രാജീവേട്ടന്റെ കൂടെ പോകുവാ അമ്മേ.. ഇനി ലക്ഷ്മിയ്ക്ക് അധികം ദിവസം ഇല്ലാലോ… അതിനു മുൻപ് ഞാനും വീട്ടിലേക്ക് വരും… “

“മ്.. അതെ മോളേ.. ഇനി ഇപ്പൊ അതാണ് ആധി … രണ്ടും രണ്ടായി കഴിയുന്നത് വരെ എനിക്ക് സമാധാനം ഇല്ലാ.. “

“ദീപേ.. എങ്കിൽ നമ്മൾക്ക് ഇറങ്ങിയാലോ “രാജീവൻ പറഞ്ഞു..

“ശരി മോളേ.. എന്നാൽ ചെല്ല് കെട്ടോ.. “

അങ്ങനെ അവരും പിരിഞ്ഞു പോയി..

വൈകാതെ വീണയും ശ്രീ രാജിനും ഇറങ്ങാനുള്ള സമയമായി..

വീണയുടെ മുഖമാകെ വല്ലാണ്ട് ആയിരിക്കുകയാണ്,, അതേ അവസ്ഥയിലാണ് വിജിയും സുമിത്രയും ഉണ്ണി മോളും എല്ലാവരും..ആരും കരഞ്ഞുപോയേക്കരുത് എന്ന് ശേഖരൻ മുൻകൂട്ടി ഓർഡർ ചെയ്തിട്ടുണ്ട്…

വീണ ആണെങ്കിൽ വിജിയുടെ കൈയിൽ മുറുക്കെ പിടിച്ചിരിക്കുക ആണ്..

അച്ഛനെ നോക്കാൻ ഉള്ള ധൈര്യം അവൾക്കില്ല…

പാവം അച്ഛൻ… എന്നും കഷ്ടാപടുകൾ മാത്രമേ ബാക്കി ഒള്ളു… ഏട്ടന് ലീവ് കിട്ടാതിരുന്നതിനാൽ എന്നും എല്ലാത്തിനും പാവം അച്ഛൻ ആണ് കഷ്ടപെട്ടതു..

അമ്മയാണെങ്കിൽ വീഴാതിരിക്കുവാൻ ഒരു തൂണിലും പിടിച്ചു കൊണ്ടു ആണ് നിൽക്കുന്നത്…

കരയരുത് എന്ന് പറഞ്ഞാലും തങ്ങളുടെ അമ്മയ്ക്ക് പിടിച്ചു നില്ക്കാൻ കഴിയില്ല എന്ന് മക്കൾക്ക് എല്ലാവർക്കും അറിയാം..

“അച്ഛന്റെയും അമ്മായുടെയും കാലിൽ തൊട്ടു വന്ദിച്ചു ഇറങ്ങാൻ നോക്ക് വേഗം “നാരായൻമാമ ദൃതി കൂട്ടി..

വീണയുടെ കൈയിൽ നിന്നും വിജി മെല്ലെ പിടിത്തം വിട്ടു..

“ചെല്ല് മോളേ.. “അവൾ മെല്ലെ മന്ത്രിച്ചു..

അച്ഛനോടും അമ്മയോടും അനുഗ്രഹം വാങ്ങുമ്പോൾ വീണയുടെ കണ്ണുകൾ നിറഞ്ഞു വന്നു..

എന്തെങ്കിലും പറയുംമുമ്പ് ലക്ഷ്മി വന്നു അവളുടെ കൈയിൽ കടന്നു പിടിച്ചു..

“വരൂ.. വന്നു കാറിൽ കയറു.. സമയം ആയിരിക്കുന്നു “ലക്ഷ്മി പറഞ്ഞു..

അപ്പോളേക്കും വൈശാഖൻ കാറിന്റെ ഡോർ തുറന്നു കൊടുത്തു..

നിറഞ്ഞുതൂകിയ കണ്ണുകളും ആയിട്ട് വീണ വന്നു കാറിൽ കയറി..

സുമിത്രയുടെയും വിജിയുടെയും ഉണ്ണിമോളുടെയും ഒക്കെ കണ്ണുകൾ നിറഞ്ഞു ഒഴുകുക ആണ്..

“ചേച്ചി.. ഒന്ന് കൈവീശി കാണിക്കുമോ രണ്ടാളും.. “വിഡിയോഗ്രാഫർ പയ്യൻ വീണയോട് പറഞ്ഞു..

വീണയും ശ്രീര്ജും എല്ലാവരെയും കൈ വീശി കാണിച്ചു… അപ്പോളേക്കും ഡ്രൈവർ,, കാർ മുന്നോട്ട് എടുത്തു കഴിഞ്ഞു..

“വിജിയുടെ കല്യാണത്തിന് സുമിത്ര ബോധം കെട്ടു പോകുമെന്ന് ഓർത്തതാ ഞാൻ… “മാലതി ചിരിച്ചു..

“ഇത് ഇപ്പോൾ ലക്ഷ്മി ഉണ്ടായിരുന്നത് കൊണ്ട് ആണ്.. മോള് വേഗം തന്നെ വീണയെ കാറിൽ പിടിച്ചു കയറ്റിയില്ലേ “ശേഖരന്റെ പെങ്ങൾ ഗിരിജയുടെ അഭിപ്രായം ആയിരുന്നു അടുത്തത് .

ശേഖരൻ മെല്ലെ ഓഡിറ്റോറിയതിന്റെ ഒരു കോണിലേക്ക് നടന്നു പോയി..

“സുമിത്രയുടെ കൂടെ ഉള്ളവർ ആരാണ്.. “ഒരു സിസ്റ്റർ വന്നു വിളിച്ചു ചോദിച്ചു..

വിജിയെയും ഒക്കത്തു വെച്ച് കൊണ്ടു താനും സുമിത്രയുടെ അമ്മയും വേഗം അവരുടെ അടുത്തേക്ക് ചെന്നു..

വെള്ളത്തുണിയിൽ പൊതിഞ്ഞ ആ കുരുന്നിന്റെ മുഖം ഇന്നലെ എന്നത് പോലെ ഇന്നും തന്റെ കണ്ണിൽ തെളിഞ്ഞു കാണുന്നു.. അവൾ ആദ്യമായി പിച്ചവെച്ചത് ഈ കൈയിൽ പിടിച്ചാണ്.. അച്ഛാ എന്ന് വിളിച്ചു കൊണ്ട് എന്തിനും തന്റെ പിറകെ ഓടിനടന്നു വന്ന ആ പാട്ടുപാവാടക്കാരി… ആദ്യമായി അവളെ സ്കൂളിൽ കൊണ്ടു പോയി വിട്ടതും, കോളേജിലേക്ക് ഉള്ള അഡ്മിഷനായി അവളുമായി പോയതും…… അവൾ ഇന്ന് മറ്റൊരാളുടെ ഭാര്യ ആയിരിക്കുന്നു… ഈശ്വരാ.. തന്റെ കുഞ്ഞിനെ കാത്തുരക്ഷിക്കണേ.. അതുപോലെ അവളുടെ ഭർത്താവിനെയും ആ കുടുംബത്തെയും… അയാൾ കണ്ണുകൾ ഇറുക്കെ അടച്ചു..

എത്രയൊക്കെ നിയന്ത്രിച്ചിട്ടും, ശേഖരന്റെ കണ്ണുകൾ നിറഞ്ഞു വന്നു.

ചുമരിൽ ഒരു കരസ്പർശം.. അയാൾ പെട്ടെന്ന് തിരിഞ്ഞു നോക്കി.. വൈശാഖൻ ആയിരുന്നു അത്..

” അച്ഛൻ ഇവിടെ വന്നിരിക്കുക ആണോ.. വരൂ നമുക്ക് കഴിക്കാം” അച്ഛനും നല്ല വിഷമമുണ്ടെന്ന് അവനറിയാമായിരുന്നു….

” ഞാൻ വരാം… മോൻ പൊയ്ക്കോ” അയാൾ പറഞ്ഞു..

” അതൊന്നും പറഞ്ഞാൽ പറ്റില്ല അച്ഛൻ വരു…എല്ലാവരും അച്ഛനെ നോക്കി ഇരിക്കുകയാണ്,,, ” മകൻ കുറെയേറെ തവണ നിർബന്ധിച്ചപ്പോൾ അയാളും മകനൊപ്പം പോയി…

എങ്കിലും അയാളുടെ മനസ്സിലെ നീറ്റൽ വിട്ടുമാറിയില്ല..

ആരവങ്ങളും ആർപ്പുവിളികളും ഒക്കെയായി അങ്ങനെ വീണയുടെ കല്യാണം കഴിഞ്ഞു,….

വൈകിട്ടോടുകൂടി എല്ലാവരും മേലേടത്ത് എത്തിച്ചേർന്നു,,

വീണ പോയതുകൊണ്ട് എല്ലാവർക്കും വിഷമം ഉണ്ടായിരുന്നു..

ഉണ്ണിമോൾക്ക് ആയിരുന്നു കൂടുതൽ സങ്കടം കാരണം അവർ രണ്ടാളും ഇപ്പോളും ഒരുമിച്ചായിരുന്നു

പിന്നെ വീണയെ എല്ലാവരും ഫോണിൽ വിളിച്ച് സംസാരിച്ചു.. അവൾ വളരെ സന്തോഷത്തിൽ ആണെന്ന് അവർക്ക് ബോധ്യമായി,,

തിരികെ റൂമിലെത്തിയതും ദേഹം കഴുകി അപ്പോൾ തന്നെ കിടന്നതാണ് ലക്ഷ്മി..

അവൾ വല്ലാതെ മടുത്തിരിക്കുന്നു.. കാലും കൈയും എല്ലാം വേദന എടുക്കുക ആണ്.

“കുഞ്ഞാവേ.. അച്ഛെടെ പൊന്നേ… തക്കുടു മുത്തേ… “വൈശാഖൻ ലക്ഷ്മിയടെ അടുത്തേക്ക് വന്നു വിളിച്ചു..

“നീ ഇത്ര പെട്ടന്ന് ഉറങ്ങിയോ പെണ്ണേ.. “

“ഹോ.. ന്റെ ഏട്ടാ.. വല്ലാത്ത തലവേദന.. ഒന്ന് ഉറങ്ങിയാൽ മാറും.. അവൾ പിറുപിറുത്തു..

“മ്.. ഓക്കേ.. എങ്കിൽ നീ ഉറങ്ങിക്കോ”അവനും കുളിച്ചു വേഷം മാറാനായി വാഷ്‌റൂമിലേക്ക് പോയി..

*********************

വീണയുടെ വീട്ടിലേക്ക് എല്ലാവരും അടുത്ത ദിവസം പോയിരുന്നു.. നാലാം ദിവസം അവർ രണ്ടാളും കൂടി മേലേടത്തു വന്നു..

കുശാലായിട്ട് ആണ് സുമിത്ര വിരുന്ന് ഒരുക്കിയത്..

കരിമീനും വരാലും കണവയും ഞണ്ടും താറാവും എന്ന് വേണ്ട എല്ലാം ഉണ്ടായിരുന്നു ഊണ് മേശയിൽ

ശ്രീരാജ് ആണെങ്കിൽ വളരെ നല്ലൊരു ചെറുപ്പക്കാരൻ ആയിരുന്നു.. വൈശാഖാനെ പോലെ ഒരു ദുശീലവും ഇല്ലാത്ത ഒരു ചെറുപ്പക്കാരൻ.. വീണ ആണെങ്കിൽ കുറച്ചു കൂടി മൊഞ്ചത്തി ആയിരിക്കുന്നു എന്ന് ലക്ഷ്മി പറഞ്ഞു..

രണ്ടുദിവസം കൂടി നിന്നിട്ടാണ് വീണയും ശ്രീരാജുo മടങ്ങിയത്….

അങ്ങനെ ദിവസങ്ങൾ പിന്നിട്ടു കൊണ്ടിരുന്നു വൈശാഖൻ പതിവുപോലെ ഡ്യൂട്ടിക്ക് പോയിരിക്കുക ആണ്..

ലക്ഷ്മിക്ക് ഡേറ്റ് അടുത്തു വന്നിരിക്കുന്നു…

ഇനി എപ്പോൾ വേണമെങ്കിലും ആകാമെന്ന് ഡോക്ടർ രേണുക മേനോൻ പറഞ്ഞിരിക്കുന്നത്..

അതുകൊണ്ട് എല്ലാ തയ്യാറെടുപ്പുകളോടും കൂടിയാണ് സുമിത്ര ഇരിക്കുനത്..

അശോകനും ശ്യാമളയും ഏറെ നിർബന്ധിച്ചെങ്കിലും ലക്ഷ്മി അവരുടെ ഒപ്പം പോകാൻ തയ്യാറായില്ല..

കാരണം വൈശാഖ് ഏട്ടന്റെ ഒപ്പം ഡെലിവറിക്ക് ആയിട്ട് ഹോസ്പിറ്റലിൽ പോകണം എന്നാണ് അവളുടെ ആഗ്രഹം..

അതെന്തായാലും നടക്കില്ല എന്ന് ഒരു ദിവസം ശ്യാമള അവളോട് പറഞ്ഞു,,,, “കാരണം വൈശാഖ് ഡ്യൂട്ടിക്ക് പോകുമ്പോഴാണ് നിനക്ക് ഹോസ്പിറ്റലിൽ പോകേണ്ടിവരുന്നു എങ്കിലോ.. “

അമ്മ അങ്ങനെ ചോദിച്ചതിന്റെ പേരിൽ ലക്ഷ്മി രണ്ട് ദിവസം ശ്യാമളയോട് പിണങ്ങി ഇരുന്നു..

ഒരു ദിവസം വൈകുന്നേരം വൈശാഖൻ വീട്ടിലേക്ക് പോരാനായി ഇറങ്ങുക ആയിരുന്നു…

അപ്പോൾ ആണ് അവനു അച്ഛന്റെ ഫോൺ കാൾ വന്നത്..

“മോനേ ലക്ഷ്മി മോളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു നീ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് വരുമോ”

അച്ഛന്റെ വാക്കുകൾ കേട്ടതും വൈശാഖൻ ഹോസ്പിറ്റലിലേക്ക് പാഞ്ഞു..

തുടരും…