കരഞ്ഞും കുറെയൊക്കെ സങ്കടങ്ങൾ ഉള്ളിലടക്കിയും നീറി നീറി ജീവിക്കുമ്പോൾ ജയേട്ടൻ മാത്രമായിരുന്നു കരുത്ത്…

പെറാത്തോള്

Story written by NIJILA ABHINA

” പെറാത്തോൾടെ മുന്നിലേക്ക് കുട്ടിയെ ഇനീം ഇട്ടു കൊടുക്ക്. ന്താ മനസ്സിലിരിപ്പെന്ന് ആർക്കറിയാം. “

താഴെ വീണ മണിക്കുട്ടിയെ പൊക്കിയെടുത്ത് ദേഷ്യത്തോടെയെന്നെ നോക്കി അമ്മയത് പറയുമ്പോൾ ഞാൻ കണ്ണുകൾ കറങ്ങുന്ന ഫാനിലേക്ക് തിരിച്ചു.

മോള് മുറിയിൽ നിന്നിറങ്ങി പോയതോ മുറ്റത്തെ കല്ലിൽ തട്ടി വീണതോ കണ്ടിരുന്നില്ല. പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം.

താൻ മച്ചിയാണ്. അശ്രീകരമാണ്. വയറ്റു കണ്ണിയെ ഞാൻ നേരിൽ കണ്ടാൽ കുഞ്ഞിന് ദോഷമാണത്രെ.

അത് കൊണ്ട് തന്നെ മംഗളകരമായ എല്ലാ ചടങ്ങുകളും എനിക്ക് നിഷിദ്ധവും ആണ്.

ജയേട്ടന്റെ പെണ്ണായി നിലവിളക്കേന്തിയീ പടി കടന്ന് വരുമ്പോൾ ഏട്ടന്റെ മോൾ മണിക്കുട്ടിക്ക് പ്രായം 3മാസം… അന്ന് മുതൽ ഇന്നുവരെ അമ്മേന്ന് തന്നെയാണ് എന്നെയവൾ വിളിച്ചത്. സ്വന്തം മോളായാണ് കണ്ടതും. ഓർമ്മകൾ കണ്ണിനെ ഈറനണിയിച്ചു.

ആ കുഞ്ഞരി പല്ലുകൾ കവിളിൽ ഇക്കിളി കൂട്ടിയത്.

അമ്മേ എന്നവൾ വിളിച്ചത്….

കൂടെ കളിച്ചത്…..

കെട്ടിപിടിച്ചു കിടന്നുറങ്ങിയത്…. അങ്ങനെ അങ്ങനെ ഓരോന്നും

കല്യാണം കഴിഞ്ഞു വർഷം ഒന്നും രണ്ടും കടന്ന് അഞ്ചിലേക്ക് എത്തി നിൽക്കുമ്പോൾ മച്ചിയെന്നും പെറാത്തവളെന്നും ഒളിഞ്ഞും തെളിഞ്ഞുമോരോരുത്തർ വിളിച്ചു തുടങ്ങിയിരുന്നു…

കായ്‌ഫലമില്ലാത്ത മരം മുറിച്ചു മാറ്റുന്നതിനെക്കുറിച്ച് അമ്മ സൂചിപ്പിക്കുമ്പോഴൊക്കെ അടുക്കളയിലെ പാത്രങ്ങളെയും കണ്മുന്നിൽ കാണുന്നതൊക്കെയും ജയേട്ടൻ തട്ടിയെറിഞ്ഞു.

അന്നും ഒളിഞ്ഞും തെളിഞ്ഞുമമ്മ പറഞ്ഞു.

വശീകരണം. എന്റെ മോനെ പാവാട തുമ്പിലാക്കി വെച്ചിരിക്കുവാണാ പെറാത്തോളെന്ന്.

കരഞ്ഞും കുറെയൊക്കെ സങ്കടങ്ങൾ ഉള്ളിലടക്കിയും നീറി നീറി ജീവിക്കുമ്പോൾ ജയേട്ടൻ മാത്രമായിരുന്നു കരുത്ത്..

ഇട്ടിട്ട് പൊയ്ക്കൂടേ എന്ന ചോദ്യത്തിന് കണ്ണ് നിറച്ചു കാണിക്കും. നീ പോയാൽ ഞാനും പോകും എല്ലാ സങ്കടങ്ങളും ഇല്ലാത്ത ലോകത്തേക്കെന്നു പറയും. അതോടെയാ ചർച്ചയവിടെ അവസാനിക്കും…

ആമി മോള്ടെ പിറന്നാളാഘോഷമാണിന്ന്. ആരും പറഞ്ഞിട്ടില്ല. അറിയാതെ മുന്നിൽ ചെന്ന് പെട്ടാൽ അത് മതി. എല്ലാരും പറഞ്ഞ് പറഞ്ഞിപ്പോ എനിക്കും പേടിയായി തുടങ്ങിയിരുന്നു. ഇനി വല്ലതും സംഭവിച്ചാലോ എന്ന്.

രണ്ട് ജോഡി ഡ്രസ്സ്‌ ബാഗിലേക്ക് വെക്കുമ്പോൾ ജയേട്ടൻ ഒരു മുണ്ടും ബനിയനും കൂടി എന്നെയേല്പിച്ചു. എന്തെന്ന ഭാവത്തിൽ നോക്കിയപ്പോൾ എന്റെ തോളിലേക്ക് മുഖം ചേർത്തു വെച്ചു.

“ഞാനും വരുന്നുണ്ട്. നിന്റെ വീട്ടിലേക്കു പോയിട്ട് ഒത്തിരിയായില്ലേ “

ബാഗുമായി ഇറങ്ങി ചെല്ലുമ്പോൾ ഹാളിലമ്മയുണ്ടായിരുന്നു….

അടിമുടിയൊന്നു നോക്കി കൂടെ നീയെങ്ങോട്ടാ എന്ന് മോനോടൊരു ചോദ്യവും.

“മോള്ടെ പിറന്നാളല്ലേ അമ്മേ കുഞ്ഞുണ്ടാകാത്തവർ ദുശ്ശകുനം ആണെങ്കിൽ ഞങ്ങളിവിടെ നിക്കുന്നത് ശെരിയല്ലല്ലോ. നോക്കണ്ട അവൾക്ക് മാത്രമല്ല എനിക്കും കുഞ്ഞില്ല ഈ അഞ്ചു വര്ഷമായിട്ട്. അപ്പൊ ഞങ്ങളിറങ്ങുന്നു നിങ്ങളാഘോഷിക്ക് “

അമ്മയുടെ പ്രാക്ക് പിന്നിൽ കേൾക്കുമ്പോഴും ജയേട്ടനെന്നെ ചേർത്തു പിടിച്ചിട്ടുണ്ടായിരുന്നു….

നിജില

വെറുതെ ഒരു കുഞ്ഞെഴുത്ത് പരീക്ഷിച്ചതാണ് ????