കൊല്ലപ്പരീക്ഷ എഴുതാൻ പോകുന്നതിന് മുൻപേ മനസ്സ്‌ സന്തോഷംകൊണ്ടു തുള്ളിച്ചാടാൻ തുടങ്ങുമായിരുന്നു…

എഴുത്ത്: സമീർ ചെങ്ങമ്പള്ളി

പുതിയ തലമുറയിലെ കുട്ടികൾക്ക് ഒരിക്കലും അറിയാത്ത ഒരു വെക്കേഷൻ കാലഘട്ടത്തെ കുറിച്ച് പറഞ്ഞു തരാം….

കൊല്ലപ്പരീക്ഷ എഴുതാൻ പോകുന്നതിന് മുൻപേ മനസ്സ്‌ സന്തോഷംകൊണ്ടു തുള്ളിച്ചാടാൻ തുടങ്ങുമായിരുന്നു. എഴുതാൻ പോകുന്ന പരീക്ഷയെ കുറിച്ചുള്ള ആശങ്കയേക്കാൾ കൂടുതൽ വരാൻ പോകുന്ന ഒഴിവ് ദിവസങ്ങളെ കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു മനസ്സ്‌ നിറയെ….

അവസാന പരീക്ഷയും എഴുതിക്കഴിഞ്ഞ്, പുസ്തകങ്ങളെല്ലാം കട്ടിലിന് താഴെ ഒരു കവറിൽ പൊതിഞ്ഞ് സൂക്ഷിച്ചു വെക്കുമ്പോൾ ഒരു കൊല്ലം മുഴുവൻ ശല്യം ചെയ്ത ശത്രുവിനോട്‌ മധുരമായി പ്രതികാരം ചെയ്ത ഫീൽ ആയിരുന്നു….

രാവിലെ എഴുന്നേറ്റ ഉടനെ ചായയും കുടിച്ച് വീടിനടുത്തുള്ള വയലിലേക്ക് ഓടും, അപ്പോഴേക്കും കൂട്ടുകാരെല്ലാം കളിക്കാൻ റെഡിയായി കാത്തുനിൽപ്പുണ്ടാകും. തെങ്ങിൻ പട്ടയ്ക്ക് പിറകിൽ ഒരു വലിയ കല്ലുവെച്ച് സപ്പോർട്ട് ചെയ്താൽ സ്റ്റമ്പായി. അതേ തെങ്ങിൻപട്ട വെട്ടുകത്തിക്കൊണ്ട് ചെത്തിമിനിക്കിയാൽ ബാറ്റുമായി…..

വയലിലെ നടവരമ്പുകൾ ബൗണ്ടറി ലൈനുകളാക്കി സിക്സും ഫോറുമടിക്കാൻ ഞങ്ങൾ ആഞ്ഞാഞ്ഞു വീശി. വഴക്കാളിയായ അയൽക്കാരന്റെ തൊടിയിലേക്ക് ബോൾ അടിച്ചുവിട്ടതുകൊണ്ട് ഔട്ടായി പോയവരാകും കൂടുതൽ പേരും.

ഉച്ചവെയിൽ ഉച്ചിയിലെത്തുമ്പോൾ കളി മതിയാക്കി തൊട്ടടുത്ത വീട്ടിലെ കിണറ്റിൻ കരയിലേക്ക് ദാഹ ജലത്തിനായി ഓടും. ഇരുമ്പിന്റെ തൊട്ടിയിൽ വെള്ളം കോരി അത് അത് വായിലേക്ക് ഒറ്റ കമഴ്ത്തലാണ്. തൊട്ടിയുടെ മണവും രുചിയും കലർന്ന ആ വെള്ളത്തിന്റെ സ്വാദ്….

“എന്റെ പൊന്ന് സാറേ…. “

അതിന് ശേഷം, വിയർത്തൊലിക്കുന്ന ശരീരവുമായി ഞങ്ങൾ വീട്ടിലേക്ക് മടങ്ങി തുടങ്ങും. രാവിലത്തെ ചായയും പുട്ടും ബാക്കി ഉണ്ടേൽ പുട്ടിൽ അൽപ്പം പഞ്ചസാര ഇട്ട് അതിലെക്കൽപ്പം തണുത്ത ചായകൂടെ ഒഴിച്ചാൽ പത്തുമണി ചായ കുശാലാകും….

കുളിച്ചൊരുങ്ങി കുട്ടപ്പനായി തൊട്ടടുത്ത വീട്ടിലേക്ക് ടീവീ കാണാൻ പോകും, നമ്ര ശിരസ്കനായി ഒരു ലോഡ് നിഷ്കളങ്കത മുഖത്ത് വാരിപുരട്ടി ടീവിക്ക് മുൻപിൽ വന്നിരിക്കും. ഒന്നുച്ചത്തിൽ ചുമച്ചാലോ സംസാരിച്ചാലോ ആ വീട്ടുകാർക്ക് ശല്യമാകുമെന്ന് കരുതി ആംഗ്യഭാഷയിലൂടെ ഞങ്ങൾ പലപ്പോഴും ആശയവിനിമയം നടത്തിയിരുന്നത്. കൃത്യം ഒന്നര മണി ആയാൽ വീട്ടുകാർ ടീവീ ഓഫ് ചെയ്യുമ്പോൾ ഞങ്ങൾ നിരാശയോടെ അവിടെ നിന്ന് എണീക്കും….

ഉച്ച ഭക്ഷണം കഴിഞ്ഞാൽ പിന്നെ ഉച്ചയുറക്കം. അതൊരു മൂന്നര നാല് മണിവരെ നീണ്ടു നിൽക്കും. അപ്പോഴേക്കും പുറത്ത് നിന്ന് കൂട്ടുകാരുടെ വിളിയായി. മുഖവും കഴുകി അടുക്കളയിൽ നിന്നൊരു ഗ്ലാസ്സ് ചായയും കുടിച്ച് അവരുടെ കൂടെ ഒരു പോക്കാണ്….

വൈകുന്നേരങ്ങളിൽ ഗ്രൗണ്ട് ഞങ്ങളുടേത് മാത്രമല്ലായിരുന്നു. ഗ്രൗണ്ടിന്റെ ഒരു സൈഡിൽ ഫുട്ബോൾ കളിക്കുന്ന ഒരു കൂട്ടം കൂട്ടുകാരുണ്ടാകും.അവരും ഞങ്ങളും തമ്മിലുള്ള നല്ല ധാരണയോടെയായിരുന്നു മുന്നോട്ടു പോയിരുന്നത്. ഞങ്ങൾ അങ്ങോട്ട്‌ അടിക്കുന്ന ബോൾ അവരിങ്ങോട്ട് എറിഞ്ഞു തരുമ്പോൾ അവരിങ്ങോട്ട് തട്ടുന്ന ബോൾ ഞങ്ങൾ അങ്ങോട്ട് തിരിച്ചടിക്കുമായിരുന്നു.

ഗ്രൗണ്ടിന്റെ ഏറ്റവും സുരക്ഷിതമായ ഒരു മൂല പെൺകുട്ടികൾക്ക് വേണ്ടി മാത്രമുള്ളതായിരുന്നു. അവർ ഞങ്ങൾക്ക് ശല്യം മുണ്ടാക്കാതെ അവരുടേതായ കളികളിൽ ഏർപ്പെട്ടുകൊണ്ടിരുന്നു.

കളിയിൽ മുഴുകി സമയം പോയതറിയാതെ നിൽക്കുമ്പോൾ കൂട്ടത്തിലൊരുത്തന്റെ അമ്മയതാ ഒരു വലിയ വടിയും പറിച്ച് അവനെ തല്ലാൻ വേണ്ടി വരുന്നു, അവൻ ബാറ്റും ബോളും ഗ്രൗണ്ടിലേക്ക് എറിഞ്ഞ് നൂറേ നൂറ്റിപ്പത്തെ സ്പീഡിൽ വീട്ടിലേക്ക് ഓടും. അത് അവന് മാത്രമല്ല, എല്ലാവർക്കും ഒരു വാണിംഗ് ആണെന്ന് മനസ്സിലാക്കുന്നതോടെ കളി പാതിവെച്ച് നിർത്തും….

പിന്നെ അച്ഛന്റെയും അമ്മയുടെയും കണ്ണ് വെട്ടിച്ച് ഒരു വിധം കുളിമുറിയിൽ കയറി ഒരു കുളിയും പാസ്സാക്കി ഞാനൊന്നും അറിഞ്ഞില്ലേ രാമ നാരായണ എന്ന ഭാവത്തിൽ വീട്ടിൽ കയറും…

ആ കാലഘട്ടങ്ങളിൽ നാട്ടിലെ എല്ലാ മാവും പുളിയുമെല്ലാം ഞങ്ങളുടേതായിരുന്നു. ഉടമസ്ഥൻ കാണാതെ കല്ലെറിഞ്ഞു മാങ്ങകൾ വീഴ്ത്തി അതെല്ലാം ഒരു പാത്രത്തിൽ ചെറിയ പീസുകളായി അരിഞ്ഞു വെക്കും. കൂട്ടത്തിലാരെങ്കിലും ഉപ്പ്‌ കൊണ്ടുവരും, മറ്റൊരുത്തൻ മുളക് പൊടിയും. പിന്നെ അൽപ്പം വെളിച്ചെണ്ണയുമൊഴിച്ച് പുരട്ടി വെക്കും.

വാഴ ഇല പറിച്ച് ക്യൂ നിൽക്കുന്ന ഞങ്ങളുടെ കരങ്ങളിലേക്ക് അവയോരോന്നും വീതം വെക്കുന്നത് കൂട്ടത്തിലെ ഏറ്റവും ബുദ്ധിമാനും സാമർത്യക്കാരനുമായിരിക്കും. പിന്നെ വീതം കുറഞ്ഞതിന്റെ പേരിലുള്ള വഴക്കും ഏറ്റുമുട്ടലുകളും….

ഇനി ന്യൂജെനെറേഷൻ പിള്ളേരോട്….

സ്മാർട്ട്‌ ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും മുന്പിലിരുന്ന് സമയം കളയുന്ന നിങ്ങളെ കാണുമ്പോൾ ഞങ്ങൾക്ക് സങ്കടവും അനുകമ്പയും മാത്രമേ ഒള്ളൂ…

ഞങ്ങൾ അനുഭവിച്ച ആ നിഷ്കളങ്ക ജീവിതത്തിന്റെ ഒരു അംശം പോലും ആസ്വദിക്കാൻ നിങ്ങൾക്ക് പറ്റുന്നില്ലല്ലോ എന്നോർത്ത്,..

ഏത് നേരവും അതിലിൽ കുത്തി കളിക്കാതെ ഒന്ന് പുറത്തിറങ്ങി നടക്കേടാ എന്ന് നിങ്ങളുടെ രക്ഷിതാക്കൾ വാശിപിടിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്കിപ്പോൾ മനസ്സിലായോ???…..

അവിടെയാണ് ജീവിതമുള്ളത്, അതുകൊണ്ട് തന്നെ……

സമീർ ചെങ്ങമ്പള്ളി