ഞാനെത്ര നാളായി പറയുന്നു, എന്നെ രാവിലെ ഓഫീസ് വരെ കൊണ്ട് വിടാനായി. പത്ത് മിനുട്ടിന്റെ കാര്യമല്ലേയുള്ളൂ…

മുന്നറിയിപ്പ്

Story written by PRAVEEN CHANDRAN

“ഏട്ടാ എനിക്കൊരു കാര്യം പറയാനുണ്ട്…”

തിരക്കിട്ട് കണക്ക് നോക്കുന്നതിനിടയിൽ അവൾക്ക് പറയാനുള്ളത് എന്തെന്ന് കേൾക്കാൻ പോലും അവൻ തയ്യാറായില്ല…

പക്ഷെ അവൾ കാത്തിരുന്നു അവന്റെ തിരക്കൊഴിയുന്നത് വരെ.. കാരണം അവൾക്കത് അവനെ അറിച്ചേ മതിയാകൂ…

കിടപ്പുമുറിയിൽ തലയിണയും മടിയിൽ വച്ച് ബെഡ്ഡിൽ ഇരുട്ടത്തിരിക്കുകയായിരുന്നു അവൾ…

പെട്ടെന്ന് ലൈറ്റ് തെളിഞ്ഞു…

“നീ ഇത് വരെ ഉറങ്ങിയില്ലേ രാജി?” അവനവളെ അതിശയത്തോടെ നോക്കി…

“ഇല്ല ഏട്ടാ… എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല… ആ കാര്യം പറയാതെ”

മേശപ്പുറത്തിരുന്ന ജഗ്ഗിലെ വെള്ളം കൈകൊണ്ട് ഉയർത്തിപിടിച്ച് വായിലേക്കൊഴിച്ച് കുടിച്ച് കൊണ്ട് അവൻ അവളുടെ അരികിലിരുന്നു…

“എന്താ നിനക്ക് പറയാനുള്ളത് എന്ന് വച്ചാ വേഗം പറ.. മനുഷ്യനെ ടെൻഷനടിപ്പിക്കാതെ…അല്ലാതെ തന്നെ തന്നെ നൂറുകൂട്ടം കാര്യങ്ങളുണ്ട് തലയിൽ”

അവന്റെ മറുപടി കേട്ട് അവൾക്കൊന്നും പറയാൻ തോന്നിയില്ലെങ്കിലും ഇനിയും അത് അവനെ അറിയിച്ചില്ലെങ്കിൽ പ്രശ്നമാകുമെന്ന് അവൾക്ക് തോന്നി…

“ഏട്ടാ.. ഒരുത്തൻ കുറച്ച് നാളായി ഞാനോഫീസിൽ പോകുന്ന വഴി എന്റെ പുറകെ വരുന്നുണ്ടായിരുന്നു”..

അത് കേട്ടതും അവനൊന്ന് ചിരിച്ചു..

” ആഹാ.. ഏതാ ആ അലപലാതി…നിന്റെ പുറകെ വരാൻ മാത്രം” ..

“ഒന്ന് പോ ചേട്ടാ ഞാൻ സീരിയസ്സായി പറയുന്നതാ.. എല്ലാം തമാശയാക്കല്ലേ…മുഴുവൻ കേൾക്ക്”

അവനത് ശ്രദ്ധിക്കാതെ മേശയിൽ നിന്നും ഒരു നോട്ട്ബുക്കെടുത്ത് എന്തോ കുറിച്ച് കൊണ്ടിരുന്നു…

അത് കണ്ട് അവൾക്ക് ദേഷ്യമാണ് വന്നത്…

“ഏട്ടന് ഞാനെന്ത് പറഞ്ഞാലും ഒരു പരിഗണനയുമില്ല.. പക്ഷെ ഈ കാര്യം അങ്ങനെ അല്ല… ആ ചെക്കന് എന്റെ അനിയന്റെ പ്രായമേ കാണൂ… ഏറിയാ ഡിഗ്രിക്ക് പഠിക്കുന്നുണ്ടാവും”

അവൾ പറയുന്നതിന് മറുപടിയായി എന്നോണം അയാൾ ഇടക്ക് മൂളിക്കൊടുത്തു…

“ആദ്യം ഒന്നും ഞാൻ ശ്രദ്ധിച്ചിരുന്നില്ല… പിന്നെ സ്ഥിരമായി..അവനെന്തോ മതിലിലിരുന്ന് ഇടക്ക് പുകക്കുന്നുമുണ്ടായിരുന്നു..ക ഞ്ചാവോ മറ്റോ ആണെന്ന് തോന്നുന്നു.. ഒരു ദിവസം ഞാൻ നടന്ന് വരുമ്പോൾ അവൻ കുറുകെ കയറി വന്ന്… എനിക്ക് ചേച്ചിയെ ഇഷ്ടമാണെന്ന് പറഞ്ഞു..”

അത് കേട്ടതും എഴുത്ത് നിർത്തി പേന അവിടെ വച്ച് അയാൾ അവളുടെ മുഖത്തേക്ക് നോക്കി..

“എന്നിട്ട്…നീ എന്ത് പറഞ്ഞു?”

“ഞാനെന്ത് പറയാൻ നല്ല ചീത്ത പറഞ്ഞു… നാട്ട്കാര് കൂടി…അവരും അവനെ എന്തൊക്കെയോ പറഞ്ഞു.. അവൻ അവിടന്ന് എങ്ങോട്ടോ ഓടിപ്പോയി”

“ആഹാ..മിടുക്കി… അങ്ങനെ തന്നെ വേണം.. അത്രയല്ലേ ഉള്ളൂ…ഇതാണോ ഇത്ര വലിയ സീരിയസ്സ് കാര്യം”

“അല്ല…ചേട്ടാ.. എനിക്ക് പേടി ഉണ്ട് അവനെങ്ങാനും എന്നോട് പ്രതികാരം ചെയ്യാൻ വന്നാലോ? “

അത് കേട്ട് അവൻ ചിരിച്ചു..

” ഒന്ന് പോടി.. അവൻ പേടിച്ച് ഓടിക്കാണും. പിള്ളേരല്ലേ ഒന്ന് ഭീഷണി പെടുത്തിയാ തന്നെ പിന്നെ ആ ഏരിയയിലേക്ക് തിരിഞ്ഞ് നോക്കില്ല….”

“അങ്ങനെ അല്ല..ചേട്ടാ.. ഞാനെത്ര നാളായി പറയുന്നു..എന്നെ രാവിലെ ഓഫീസ് വരെ കൊണ്ട് വിടാനായി.. പത്ത് മിനുട്ടിന്റെ കാര്യമല്ലേയുള്ളൂ.. എല്ലാം ഇങ്ങനെ സില്ലി ആയി എടുക്കല്ലേ.. എനിക്ക് പേടി ആണ്.. പലതും കണ്ടും കേട്ടും…നാളെ മുതൽ ഞാനൊറ്റക്ക് പോകില്ല..”

അത് കേട്ട് അവന് ദേഷ്യം ആണ് വന്നത്..

“നീ കിടന്ന് ഉറങ്ങാൻ നോക്ക് രാജി… എനിക്ക് രാവിലെ ഒരിടം വരെ പോകാനുള്ളത് ആണ്… ബിസിനസ്സ് ആകെ കുഴഞ്ഞ് മറിഞ്ഞ് കിടക്കുക യാണ് അതിനിടയിലാണ് അവളുടെ ചേനക്കാര്യം”

അത് കേട്ട് അവൾക്ക് ആകെ വിഷമമായി… ഒരു ഭാഗത്തേക്ക് തിരിഞ്ഞ് കിടന്ന് അവളെന്തൊക്കെ യോ പിറുപിറുത്തു…

രണ്ട് ദിവസത്തിന് ശേഷം അവൾ വീണ്ടും ആ വിഷയം അവന്റെ ശ്രദ്ധയിൽ പെടുത്തി..

“ചേട്ടാ ഇന്ന് ഞാനവനെ കണ്ടു… എനിക്കാകെ പേടിയാവുന്നു”

ലാപ്ടോപ്പിൽ ആർക്കോ മെയിൽ തയ്യാറാക്കുക യായിരുന്ന അവൻ ഡിസ്പ്ലേയിൽ നിന്ന് കണ്ണെടുക്കാതെ ചോദിച്ചു…

“ആരെയാ രാജി?”

അത് കേട്ടപ്പോൾ അവൾക്ക് വിഷമമാണ് ഉണ്ടായത്….

“എന്താ ചേട്ടാ ഇത്… എന്റെ കാര്യത്തിൽ ചേട്ടന് ഇത്രയേ ശ്രദ്ധയുള്ളൂ അല്ലേ?”

അത് കേട്ട് അവൻ തലവെട്ടിച്ച് അവളെ നോക്കി..

“ഓ.. ആ പയ്യൻ…അല്ലേ? എന്നിട്ട്? അവനോടിക്കാ ണും അല്ലേ?”

അവളതിന് ഉത്തരമൊന്നും പറഞ്ഞില്ല… മറുപടി പറയാൻ അവൾക്ക് തോന്നിയതുമില്ല.. തനിക്കെന്തെങ്കിലും സംഭവിച്ചാൽ പോലും മൂപ്പർക്ക് ഒരു പ്രശ്നവുമില്ലെന്ന് അവൾക്ക് തോന്നി… എന്ത് ചെയ്യണമെന്നറിയാതെ അവൾ കുഴങ്ങി…

പിറ്റെ ദിവസം അവനോട് യാത്രപോലും പറയാതെ ആണ് അവൾ ജോലിക്ക് പോകാനിറങ്ങിയത്.. ജോലി തിരക്കിലായിരുന്ന അവൻ അത് ശ്രദ്ധിച്ചതുമില്ല…

അവരുടെ വിവാഹം കഴിഞ്ഞിട്ട് എട്ട് വർഷത്തോളമായിരുന്നു.. കുട്ടികളില്ലാത്തതിന്റെ സങ്കടം അവരുടെ ജീവിതത്തെ വല്ലാതെ തളർത്തിയിരുന്നു..

അന്ന് വൈകുന്നേരം…

ബിസിനസ്സ് ആവശ്യത്തിന് വേണ്ടി കുറച്ച് ദൂരെ പോകേണ്ടി വന്നിരന്നു അവന്…തിരികെ കാർ ഡ്രൈവ് ചെയ്ത് വരുകയായിരുന്നു അവൻ… നല്ല മഴയും ഉണ്ടായിരുന്നു അന്ന്… ആ സമയത്താണ് അവന്റെ ഫോൺ ശബ്ദിച്ചത്.. വീട്ടിൽ നിന്നായിരുന്നു കോൾ…

വണ്ടി വഴിയരികിലേക്ക് ഒതുക്കി നിർത്തി അവൻ ഫോൺ എടുത്തു…

“മോനേ… രാജി ഇത് വരെ വന്നില്ലല്ലോ ? നിന്നെ എങ്ങാനും വിളിച്ചിരുന്നോ?…”

അത് കേട്ട് അവൻ വാച്ചിലേക്ക് സമയം നോക്കി..

സമയം എട്ട് മണി കഴിഞ്ഞിരിക്കുന്നു…

സാധാരണ ആറ്മണിയോടെ വീട്ടിലെത്തുന്നത് ആണ് അവൾ.. എന്തെങ്കിലും ഉണ്ടേൽ വിളിക്കാറുമുണ്ട്..

“അമ്മ.. ഫോൺ കട്ട് ചെയ്യ്.. ഞാൻ ഒന്ന് വിളിച്ച് നോക്കട്ടെ”

ഫോൺ കട്ട് ചെയ്ത ഉടനെ അവൻ കോൾ ലിസ്റ്റ് പരിശോധിച്ചു… അല്ലെങ്കിൽ മൂന്ന് നാല് തവണ വിളിക്കുന്ന ആളാണ്… ഇന്ന് ഒരു തവണപോലും വിളിച്ചിട്ടില്ല എന്നത് അവന്റെ ആധി കൂട്ടി…

അവൻ ഉടൻ തന്നെ അവൾക്ക് ഡയൽ ചെയ്തു…

സ്വിച്ച് ഓഫ് ആയിരുന്നു..

അവന്റെ ടെൻഷൻ കൂടി… എന്ത് ചെയ്യണമെന്നറിയാതെ അവനാകെ കുഴങ്ങി..

ഫോണെടുത്ത് അവളുടെ വീട്ടിലേക്കും അടുത്ത കൂട്ടുകാരിയുടെ വീട്ടിലേക്കും വിളിച്ച് നോക്കി… അവിടെങ്ങും അവളെത്തിയിട്ടില്ല എന്നത് അവന്റെ പരിഭ്രാന്തി കൂട്ടി…

വണ്ടിയെടുത്ത് അവൾ സ്ഥിരമായി വന്നിരുന്ന വഴിയിലേക്ക് അവർ വേഗത്തിൽ ഡ്രൈവ് ചെയ്തു…മഴയ്ക്ക് ശക്തി കൂടി കൂടി വന്നു.. ഇടക്ക് അവൻ ഫോണെടുത്ത് അവളുടെ ഫോണിലേക്ക് ഡയൽ ചെയ്ത് കൊണ്ടിരുന്നു..

ഒരു ഒഴിഞ്ഞ വഴി കടന്ന് വേണം വരുവാൻ.. ആ വഴിക്ക് ചുറ്റും നിറയെ കാട് പിടിച്ച് കിടക്കുകയാണ്..

വണ്ടി ഒതുക്കി നിർത്തി അവളുടെ പേര് ഉച്ചത്തിൽ വിളിച്ച് കൊണ്ട് അവൻ ആ സ്ഥലം മുഴുവൻ ഒരു ഭ്രാന്തനെപ്പോലെ അരിച്ച് പെറുക്കി… പക്ഷെ അവിടെങ്ങും അവളില്ലായിരുന്നു…

അവസാനം നിരാശയോടെ കാറിൽ കയറാൻ നേരം ആണ് ഒരു ഷോൾ മഴനനഞ്ഞ് വേലിയിൽ കിടക്കുന്നത് കണ്ടത്… അവന്റെ പരിഭ്രമം കൂടി.. കണ്ണുകൾ നിറയാൻ തുടങ്ങി.. അവൻ ഉറക്കെ നിലവിളിച്ചു.. പക്ഷെ ആ നിലവിളി മഴയുടേയും കാറ്റിന്റേയും ശക്തിയാൽ ഒലിച്ച് പോയിരുന്നു…

അല്പസമയത്തിന് ശേഷം കാറിനുള്ളിൽ നിന്ന് ഫോൺ റിംഗ് കേട്ടാണ് അവന്റെ ശ്രദ്ധ കാറിലേക്ക് തിരിഞ്ഞത്.. ഫോൺ ഡിസ്പ്ലേയിൽ അവളുടെ കസിൻ കൂടെയായ അവന്റെ അടുത്ത സുഹൃത്ത് മനോജിന്റെ പേര് തെളിഞ്ഞു…

ഫോണെടുത്തതും അവൻ കരയാൻ തുടങ്ങി…

“മനോജ്… രാജി.. അവളെ കാണുന്നില്ലടാ… അവളെ ആരോ… ” അവൻ പറഞ്ഞ് മുഴുമിപ്പിച്ചില്ല അതിപ് മുന്നേ മനോജ് ഇടക്ക് കയറി..

“നീ എവിടെയാ? ഞാൻ നിന്റെ വീട്ടിലുണ്ട് വേഗം ഇങ്ങോട്ട് വാ… ഒരു പ്രശ്നം ഉണ്ട്”

“മനോജ് നീ തെളിച്ച് പറ… രാജിയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയോ? “

“അതിനെക്കുറിച്ച് പറയാനാ… നീ വേഗം വാ” അത് പറഞ്ഞ് തീർന്നതും മനോജ് ഫോൺ കട്ട് ചെയ്തു..

അവൻ ഉടൻ തന്നെ കാർ സ്റ്റാർട്ട് ചെയ്ത് വീട് ലക്ഷ്യമാക്കി പാഞ്ഞു..അവൾക്കൊന്നും സംഭവിക്കരുതേയെന്ന പ്രാർത്ഥനയിലായിരുന്നു അവൻ… വീടെത്തിയതും കാറിന്റെ ഡോർ തുറന്ന് അവൻ വീട്ടിലേക്ക് ഓടിക്കയറി..മനോജും അമ്മയും വീട്ട് പടിക്കൽ തന്നെ ഉണ്ടായിരുന്നു…

“എന്ത് പറ്റി മനോജ്? രാജി എവിടെ?” അവന്റെ മുഖത്തെ ആകാംക്ഷ മനോജിന് മനസ്സിലാക്കാ നാവുമായിരുന്നു…

“സുധീ…. നമ്മുടെ രാജി… അവൾ..”

മനോജ് മുഴുമിക്കാനാവാതെ നിന്ന് കുഴങ്ങുന്നത് കണ്ട് അവന് ഏകദേശം കാര്യങ്ങൾ ഊഹിക്കാനായി..

അതെ താൻ പേടിച്ചത് തന്നെ സംഭവിച്ചിരിക്കുന്നു…

അവൻ നിരാശയോടെ തലയിൽ കൈ വച്ച് നിലത്തിരുന്നു… അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി…

മനോജ് അവന്റെ അരികിലേക്കിരുന്നു….

“നീ ഇങ്ങനെ തളരാതെ.. അതിന് കാരണക്കാരൻ ആരാണെന്നറിയോ നിനക്ക്?”

അവൻ തലയുയർത്തി മനോജിനെ നോക്കി..

“അതിന് കാരണക്കാരൻ ഞാൻ തന്നെയാ മനോജ്… ഞാൻ തന്നെയാണ്…”

മനോജ് അവന്റെ മുഖത്തേക്ക് തന്നെ നോക്കി…

“നീ എന്താ പറഞ്ഞ് വരുന്നത്? “

“അതേടാ … ഞാൻ തന്നെയാ കാരണക്കാരൻ.. അവളെനിക്ക് മുന്നറിയിപ്പ് തന്നതാ…അവളെ ഒരുത്തൻ ഉപദ്രവിക്കാൻ സാധ്യത ഉണ്ടെന്നത്.. അവളുടെ സേഫ്റ്റിക്ക് വേണ്ടി അവളെ ഓഫീസ് വരെ കൊണ്ട് വിടണമെന്നും പറഞ്ഞതാ… ഞാൻ കേട്ടില്ല… കേട്ടിരുന്നെങ്കിൽ അവൾക്കിങ്ങനെ വരില്ലായിരുന്നു… എല്ലാം എന്റെ തെറ്റ് ആണ്.. എന്തിനോ വേണ്ടിയുള്ള ഓട്ടത്തിലായിരുന്നു ഞാൻ… കുട്ടികളില്ലാതിരുന്നതും എന്നെ തളർത്തി… അതിൽ നിന്നൊക്കെയുള്ള ഒളിച്ചോട്ടത്തിനിടയിൽ അവൾ പറയുന്നതൊന്നും ശ്രദ്ധിക്കാൻ എനിക്ക് സമയമില്ലായിരുന്നു… എല്ലാം പോയില്ലേ ?”…

മനോജ് അവനെ പിടിച്ച് എഴുന്നേൽപ്പിച്ചു…

“സുധീ ഒരു പെണ്ണ് പുരുഷനിൽ നിന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് സ്നേഹം മാത്രമല്ല കരുതൽ കൂടെ ആണ്.. എന്തുണ്ടെങ്കിലും തന്റെ പുരുഷനോട് തുറന്ന് പറയാനുള്ള ചങ്കൂറ്റം അവൾക്ക് ആ കരുതലിൽ നിന്നാണ് ഉണ്ടാവുന്നത്… ഇവിടെ രാജി നീ അവളെ സംരക്ഷിക്കുമെന്ന് വിചാരിച്ചാണ് ദിവസങ്ങളായി ഈ കാര്യം നിന്നെ വീണ്ടും വീണ്ടും അറിയിച്ച് കൊണ്ടിരുന്നത് …പകരം നീ എന്താ ചെയ്തത് ഒന്ന് ഗൗനിക്കുക പോലും ചെയ്തോ? നാട്ടിൽ നടക്കുന്ന സംഭവങ്ങളൊക്കെ നീ അറിയുന്നില്ലേ? സ്ത്രീക്ക് സ്വന്തം വീട്ടിൽ പോലും രക്ഷയില്ലാത്ത കാലമാണ് “

അവനതെല്ലാം തല കുനിച്ച് നിന്നാണ് കേട്ടത്… അവന്റെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞൊഴുകാൻ തുടങ്ങി…

“ശരിയാണ് നീ പറഞ്ഞത്.. ഞാൻ ശ്രദ്ധിക്കണമായിരുന്നു.. ഒരു കാര്യം അറിഞ്ഞാൽ മതി മനോജ് എനിക്ക്… അവളിപ്പോൾ ജീവനോടെ ഉണ്ടോ? അതോ” അവൻ മനോജിന്റെ കണ്ണുകളിലേക്ക് പ്രതീക്ഷയോടെ നോക്കി..

“നീ വാ… ” മനോജ് അവനേയും കൂട്ടി അകത്തേക്ക് നടന്നു..

അകത്ത് കടന്നതും അവൻ അമ്പരന്നു പോയി…

സോഫയിൽ രാജി ഇരിക്കുന്നു.. പ്രത്യേകിച്ചൊന്നും അവൾക്ക് സംഭവിച്ചിട്ടില്ലായിരുന്നുവെന്ന് അവന് മനസ്സിലായി… അവൻ വേഗം ഓടിച്ചെന്ന് അവളുടെ അടുത്തിരുന്നു…

“എന്ത് പറ്റി മോളേ നിനക്ക്?”

അവന്റെ ചോദ്യത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ അവൾക്ക് സാധിക്കുമായിരുന്നില്ല… അവൾ അവനെ കെട്ടിപെടിച്ച് കരയുവാൻ തുടങ്ങി…

“ആഹാ… രണ്ട് പേരും കരയാൻ തുടങ്ങിയോ? ചളമാക്കാതെ നിർത്തുന്നുണ്ടോ രാജി… ” മനോജ് ചിരിച്ച് കൊണ്ട് ആണ് അത് പറഞ്ഞത്..

അവൻ ഒന്നും മനസ്സിലാവാത്ത പോലെ രണ്ട് പേരേയും മാറി മാറി നോക്കി…അപ്പോഴാണ് അകത്ത് നിന്ന് മനോജിന്റെ ഭാര്യയും സുധിയുടെ പെങ്ങളും കൂടെ ചിരിച്ച് കൊണ്ട് കടന്ന് വന്നത്…

“സുധിയേട്ടാ… ചേച്ചിക്കൊന്നും സംഭവിച്ചിട്ടില്ല… ചേച്ചി ഓഫീസിൽ വച്ച് ഒന്ന് തലകറങ്ങി.. ചേട്ടനെ വിളിച്ച് കിട്ടാത്തതിനാൽ ഉടൻ എന്നെ വിളിച്ചു.. ഞങ്ങൾ ഹോസ്പിറ്റലിൽ പോയി ചെക്കപ്പ് ഒക്കെ നടത്തിയപ്പോഴാണ് ആ സന്തോഷവാർത്ത അറിഞ്ഞത്… ചേച്ചി പ്രഗ്നന്റ് ആണ്”

അത് കേട്ടതും അവൻ അവളുടെ മുഖത്ത് നോക്കിക്കൊണ്ട് സന്തോഷത്തോടെ ചോദിച്ചു…

” നേരാണോ മോളേ? “

അവൾ തലകുലിക്കിക്കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു..

“ഹലോ.. ഞങ്ങളിവിടെ നിൽക്കുന്നുണ്ട് എന്ന ചിന്ത ഉണ്ടോ രണ്ടാൾക്കും..” മനോജ് അവരെ കളിയാക്കി..

അത് കേട്ട് അവർ നാണത്തോടെ അവൾ അവനെ നോക്കി…

“ശരി ശരി… പിന്നെ രാജി എല്ലാകാര്യങ്ങളും പറഞ്ഞപ്പോൾ നിന്നെ ഒന്ന് പേടിപ്പെക്കണമെന്ന് തോന്നി.. അല്ലാതെ നിനക്ക് ഒരു ഉത്തരവാദിത്വം വരില്ലല്ലോ? എന്തെങ്കിലും സംഭവിക്കുന്നതിന് മുന്നേ ഒരു തട… അപ്പോൾ കാര്യോൺ.. ഞങ്ങൾ കട്ടുറുമ്പുകളാവുന്നില്ല..

അവരെ യാത്രയാക്കിയതിന് ശേഷം അവളെ ചേർത്ത് പിടിച്ച് അവനകത്തേക്ക് നടന്നു…

പിറ്റെ ദിവസം ഓഫീസിൽ പോകാനായി കുളിച്ചൊരുങ്ങി വന്നപ്പോൾ കണ്ട കാഴ്ച്ച അവളെ അത്യധികം സന്തോഷിപ്പിക്കുന്നതായിരുന്നു..

വണ്ടി സ്റ്റാർട്ട് ചെയ്ത് കൊണ്ട് മുറ്റത്ത് തന്നെ നിൽക്കുന്നുണ്ട് അവൻ…

” എന്നാ പോവല്ലേ മോളേ.. “….

പ്രവീൺ ചന്ദ്രൻ