ഞാൻ ഡിഗ്രി സെക്കന്റ് ഇയർ ന് പഠിക്കുമ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും സംഭവിക്കുന്നത്…

കാത്തിരിപ്പ്

എഴുത്ത്: അനു സാദ്

ഈ വീടിന്റെ പടി കടന്നു ഞാനെത്തിയിട്ടു രണ്ടര വര്ഷം കഴിഞ്ഞു. നിറഞ്ഞ സ്നേഹത്തോടെ ഒരിക്കലും കൈവിടില്ലെന്ന ഉറപ്പോടെ എന്റെ കൈ ചേർത്ത് പിടിച്ച ആ ഉള്ളം കയ്യിലെ തണുപ്പ് ഇപ്പോഴും എന്നെ വിട്ടകന്നിട്ടില്ല…

ഓർത്തു വെക്കാൻ മറ്റൊന്നും എന്നിൽ അവശേഷിക്കാതെ ഒരു നോക്ക് ശരികൊന്നു കാണാൻ പോലും കാത്തു നില്കാതെ എന്നോട് യാത്ര പറഞ്ഞു പോയ എന്റെ പ്രിയപ്പെട്ടവൻ…അഗാധമായ കാത്തിരിപ്പിന്റെ വേദന എനിക്ക് സമ്മാനിച്ചവൻ…ഓരോ ദിനവും പ്രതീക്ഷയുടെ അങ്ങേയറ്റം എന്നെ കൊണ്ടെത്തിച്ചു ഒടുവിൽ ഒരു കണ്ണീരിന്റെ നനവോടെ നിസ്സഹായനായി എന്നെ കയ്യൊഴിയുന്നവൻ…അളവറ്റ പ്രണയം കൊണ്ട് എന്റെ മനസ്സിനെ കുരുക്കിയിട്ടവൻ… ജന്മങ്ങളത്രയും എന്റെ ജീവനായി തീർന്നവൻ… എന്റെ കണ്ണീരിനു വിരാമമിട്ട് നാളെ അവനെത്തും..എന്റെ പ്രിയപ്പെട്ടവന്റെ ശ്വാസം നാളെ ഈ മണ്ണിൽ വീഴും…!അതെന്റെ നെഞ്ചിൽ അലിഞു ചേരും…

ഞാൻ ഡിഗ്രി സെക്കന്റ് ഇയർ ന് പഠിക്കുമ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും സംഭവിക്കുന്നത്…

അത്ര മോശം അല്ലാതെ പഠിച്ചതോണ്ട് പ്ലസ് ടു അത്യാവശ്യം നല്ല മാർകോടെ തന്നെ ഞാൻ പാസ്സായത്. അത് കൊണ്ട് തന്നെ എന്ത് കാര്യവും എന്റെ ഇഷ്ടത്തിന് വിട്ടു തരുന്ന ഉപ്പാടെ മുന്നിൽ ഞാൻ വെച്ച ഒരേ ഒരു കണ്ടീഷൻ ഡിഗ്രി കഴിയാതെ എന്റെ കല്യാണത്തെ പറ്റി ചിന്തിക്കാൻ പാടില്ലെന്നായിരുന്നു. എന്റെ തീരുമാനം ഉപ്പ പൂർണമായും അംഗീകരിച്ചു.

ബ്രോക്കർമാർ യഥാസമയം വീട് കയറിയിറങ്ങിയെങ്കിലും ഞങ്ങൾ രണ്ടാളും ഞങ്ങളുടെ നിലപാടിൽ തന്നെ ഉറച്ചു നിന്നു. പക്ഷെ പെട്ടന്നായിരുന്നു എല്ലാം മാറിമറിഞ്ഞത്. തലയിൽ വരച്ചത് മയില്ലല്ലോ!!

അത് കൊണ്ടാവും തലേന്ന് വരെയും രണ്ടു വർഷം കഴിയാതെ എന്നെ കെട്ടിച്ചു കൊടുക്കില്ലെന്ന് പറഞ്ഞ ഉപ്പാടെ മനസ്സ് നാഫികാനേ കണ്ടപ്പോൾ മാറി തുടങ്ങിയത്. ചികഞ്ഞെടുക്കാനാവാത്ത എന്തോ ഒരു പ്രത്യേകത നാഫിക്കയിൽ ഒളിഞ്ഞു നിന്നിരുന്നു..ആരെയും വീഴ്ത്തി കളയുന്ന ഒരാകര്ഷണീയത..എന്റെ മനസ്സിനെ കെട്ടിപ്പൂട്ടിയ കടിഞ്ഞാൺ പിടിവിട്ടു തുടങ്ങിയത് ഞാനും അറിഞ്ഞിരുന്നു….

ഹൃദയം എന്തിനോ വേണ്ടി വല്ലാതെ മിടിച്ചു തുടങ്ങിയിരുന്നു… ഊണിലും ഉറകിലും മറ്റെന്തിലും ഒരൊറ്റ ഒരാളിലേക്കു മാത്രം മനസ്സ് സഞ്ചരികുന്നത് എന്നെ ശരിക്കും അതിശയപ്പെടുത്തിയിരുന്നു…

കാണാൻ വന്ന നാളിലും രണ്ടു വാക്കിൽ എല്ലാം അവസാനിപ്പിച്ച് ഒരു നിറഞ്ഞ ചിരിയാൽ നടന്നു നീങ്ങിയ ആൾ പക്ഷെ കയറി കൂടിയത് എന്റെ ഹൃദയത്തിന്റെ അന്തരങ്ങളിലേക്കായിരുന്നു…!ആ നിറഞ്ഞ ചിരിയിൽ എന്റെ ഉള്ളം തൊട്ടു..

അന്ന് വരെയും ആത്മാർത്ഥ പ്രണയം തുടങ്ങുന്നത് കഴുത്തിലൊരാളുടെ മഹർ വീഴുമ്പോഴണെന്ന് വിശ്വസിച്ചവൾക് നാഫികയുമായുള്ള ബന്ധം ഭൂമിയിലെ സ്വർഗം തന്നെയായിരുന്നു…!

മറ്റുള്ളവരെ പോലെ ഫോൺ വിളിയോ ഒളിച്ചു കാണലോ ഒന്നും നമ്മൾ തമ്മിൽ ഉണ്ടാവില്ലെന്നും നിക്കാഹിനു ശേഷമെ നീയേന്നെ അറിയൂ എങ്കിലേ യഥാർത്ഥ സ്നേഹത്തിന്റെ മധുരമുണ്ടാവു എന്ന് പറഞ്ഞപ്പോൾ ആ മനസ്സിലെ ആദർശം എന്നെ കീഴ്പെടുത്തി കളഞ്ഞിരുന്നു…!

ഒരു മാസം നിക്കാഹിന് സമയം നീട്ടി കിട്ടിയിരുന്നു. ആ നിമിഷങ്ങളത്രയും എണ്ണി എണ്ണി യാതൊന്നുമറിയാതെ ഒരാളെ പ്രാണനായി സ്നേഹിക്കുന്നതിന്റെ രഹസ്യമെന്തെന്ന് ഇപ്പോഴും എനിക്കറിവില്ല..!! എനിക്കും ഒരു അവകാശിയുണ്ടെന്ന് തോന്നുമ്പോഴുള്ള ഒരു അനുഭൂതി.. വർണനക്കെത്രയോ അതീതമായി പോയിരുന്നു …

നിക്കാഹിനു തലേന്ന് വരെയും സന്തോഷം കൊണ്ടും ആകാംഷ കൊണ്ടും മതിമറന്നു പോയ ഞാൻ തളർന്നു പോയത് പെട്ടന്നായിരുന്നു..

മൂന്നു മാസത്തെ ലീവിന് വന്ന ഇക്കാടെ കൂടെ വർക്ക് ചെയ്യുന്ന ആരോ ഉമ്മ മരിച്ചു നാട്ടിൽ പോയെന്നും ലീവ് ക്യാൻസൽ ആയെന്നും നാളെ വൈകിട്ട് തന്നെ തിരിച്ചു ചെല്ലണമെന്നും അറിയിപ്പ് വന്നു…

ഉറപ്പിച്ചു വെച്ച നികാഹ് മുടക്കേണ്ടെന്നു കരുതി ഒരു ചടങ്ങു പോലെ കല്യാണം നടത്തി..ഒന്നോ രണ്ടോ മാസത്തെ കാര്യല്ലേ അത് കഴിഞ്ഞ അവനിങ് വരില്ലേയെന്ന് പറഞ് മറ്റുള്ളവരെല്ലാം ആശ്വസിപ്പിക്കുമ്പഴും അതൊന്നും ഞാൻ കേട്ടിരുന്നില്ല..മനസ്സ് മറ്റെവിടെയോ ആയിപോയിരുന്നു.

ഒന്നുംകൈക്കുള്ളിൽ ഒതുങ്ങാതെ ഒരു പാവ കണക്കെ ഞാൻ എല്ലാത്തിനും നിന്ന് കൊടുത്തു എന്ന് തന്നെ പറയാം….

കല്യാണവും തിരക്കുകളും ഒകെ കഴിഞ്ഞപ്പോ തന്നെ വൈകുന്നേരമായിരുന്നു..9 മണിയുടെ ഫ്ലൈറ്റ് ൽ ഇക്കാ ക് പോവേണ്ടിയും വന്നു..! ഇതിനിടയിൽ ഞങ്ങൾ തമ്മിൽ ശരിക്കൊന്നു മിണ്ടിയത്‌ പോലുമില്ല!.. ഇക്കയും എനിക്ക് മുഖം തരാതെ ഉള്ള സങ്കടം മുഴുവൻ മറച്ചു പിടിക്കയായിരുന്നു… എന്റെ തോളിൽ തട്ടി യാത്ര പറഞ്ഞിറങ്ങുമ്പോൾ ഒന്നും പറയാതെ പറഞ ആ ചങ്കിലെ പിടപ്പ്‌ ഞാൻ കണ്ടിരുന്നു..!!

എന്നെ ഒന്ന് പിന്തിരിഞ്ഞു നോക്കി ചിരിച്ച ആ ചിരിയിൽ ഉതിർന്ന ഒരു തുള്ളി കണ്ണീര് ഇന്നും എന്നെ പൊള്ളിക്കുന്നുണ്ട്..! അത്രമേൽ എന്നിൽ ഇഴകി ചേർന്ന വിലപ്പെട്ടതെന്തോ അകന്നു പോവുന്നത് ഉള്ളം വെന്തു നോക്കി നിൽക്കേണ്ടി വന്നു എനിക്ക്..!!

ഒരു മാസം രണ്ടു മാസം എന്ന് പറഞ്ഞുള്ള എന്റെ കാത്തിരിപ്പു ഇന്ന്‌ ഓരാ കാരണങ്ങൾ കൊണ്ട് നീണ്ടു നീണ്ടു രണ്ടു വർഷവും അതിലപ്പുറും ആയി!.

സഹിക്കാൻ കഴിയാതെ പലപ്പോഴും ഞാൻ പൊട്ടിതെറികുമ്പോൾ മൗനമല്ലാതെ മറ്റൊന്നും എനിക്ക് മറുപടി തരാറില്ല! ആ നെഞ്ച് പിടയുന്നത് ഞാൻ അറിയാഞ്ഞിട്ടല്ല എങ്കിലും…പലപ്പോഴും ഞാൻ സ്വയം മറന്നു പോവാറുണ്ട്..!!

താങ്ങും തണലുമാകെണ്ടപ്പോൾ സുഖവും സുരക്ഷിതത്വവും പ്രണയവും മധുവിധുവും ഒകെ അനുഭവികേണ്ട സമയത് ഞാൻ അകപ്പെട്ടു പോയത് തീരാ വേദനയിലാണ്!! ഞാൻ തൊട്ടറിഞ്ഞത് മുഴുവൻ വിരഹത്തിന്റെ കയ്പു നിറഞ്ഞ ദിവസങ്ങളായിരുന്നു!! എവിടെയും ഞാൻ നേരിട്ടത് മുഴുവൻ സഹതാപവും മറ്റുള്ളവരുടെ പരിഹാസവും നിറഞ്ഞ നോട്ടങ്ങളും അടക്കി പിടിച കുശു കുശുപ്പുകളുമായിരുന്നു!!..

അതിനേക്കാളേറെ എന്നെ വേദനിപ്പിച്ചതും ഞാൻ ഭയന്നതും എന്നെ ഉഴിഞെടുക്കുന്ന പലരുടേം കണ്ണുകളായിരുന്നു..!! എല്ലാ സങ്കടവും കൂടി ഞാൻ ഇക്കയിൽ ഇറക്കി വെക്കുമ്പോൾ റമീ എന്ന് വിളിച്ചുള്ള ഇക്കാന്റെ പതിഞ്ഞ ശബ്ദം ഒന്നു മാത്രമായിരുന്നു എന്റെ ധൈര്യം! അതായിരുന്നു എന്റെ മനസ്സിലെ തീച്ചൂളയെ തണുപ്പിച്ചു കൊണ്ടിരുന്നത്…ആ വിളിയിൽ എന്റെ എല്ലാ വേദനയും പെയ്‌തൊഴിയുമായിരുന്നു.

ഇത്രനാളും എന്റെ തലയിണ നനച്ചല്ലാതെ ഞാൻ ഉറങ്ങിയിരുന്നില്ല..എന്നാൽ ഇന്ന് എന്റെ സന്തോഷത്തിനു അതിരുകൾ ഒന്നും തന്നെയില്ല..ഇക്കയുമായി കണ്ടു മുട്ടുന്ന നിമിഷത്തിന് എന്റെ ജീവന്റെ വിലയുണ്ട്…ആ ഒരൊറ്റ ഓർമയിൽ ഇനി ഈ ആയുസ്സ് മുഴുവൻ ജീവികാൻ ഞാൻ എന്നേ പാകപെട്ടുഴിഞ്ഞു… രാവിലെ ഫ്ലൈറ്റ് ഇറങി ഉച്ചയാവുമ്പഴേക്കും വീട്ടിൽ എത്തുംന്ന് ഇക്ക പറഞ്ഞിട്ടുണ്ട്. നാട്ടുകാരെ കാണിക്കണ്ട നമുക് നമ്മുടെ സ്നേഹമ്നും പ്രത്യേകം പറഞ്ഞു.

രാവിലെ ആയപ്പഴേ പെങ്ങള്മാരൊക്കെ വന്നെത്തി.ഞാൻ നിലത്തൊന്നും ആയിരുന്നില്ല എല്ലാവരും എന്റെ സന്തോഷം കണ്ടു മനസ്സ് നിറഞ്ഞു ഇരിക്കുവായിരുന്നു.. ഫോൺ വിളിച്ചിട്ടു കിട്ടുന്നുമില്ല എവിടെ എതിന്നെങ്കിലും അറിയാൻ അത്രക്ക് എനിക്ക് ക്ഷമ നശിച്ചിരുന്നു..

കുറച്ച കഴിഞ്ഞപ്പോൾ പലരുമായി ആൾക്കാരുടെ എണ്ണം കൂടി വന്നു! ഇക്ക നാട്ടിൽ വരുമ്പോഴൊക്കെ ഇങ്ങനേണോ ന്ന് ആലോചിച്ചു ഞാനും അത്ഭുതപ്പെട്ടു നിന്നു..! അടക്കി പിടിച്ച സംസാരങ്ങൾ ഉയർന്നു കേട്ടു! തേങ്ങലുകൾ ആർത്തലച്ചു വന്നു..!ഒട്ടും വൈകാതെ ഉമ്മാടെ എന്റെ പൊന്നു മോനെ എന്ന നിലവിളി എന്റെ നെഞ്ചു തകർതിരുന്നു..!! ഒടുവിൽ അതെന്റെ കാതിലും എത്തിചേർന്നു..!!

ഇന്ന് വരെയും ഞാൻ നെയ്തു കൂട്ടിയ സ്വപനങ്ങളെല്ലാം ഒരൊറ്റ നിമിഷം കൊണ്ട്‌ എനിക്ക് അന്യമായി..!! ഒരു നോക്ക് എനിക്കൊന്നു കാണാൻ പോലും ബാക്കിവെക്കാതെ ആയുസ്സൊടുങ്ങി പോയി..എന്റെയുള്ളിൽ അലയടിച്ച ഓരോ തുള്ളി കണ്ണീരും ഭ്രാന്തമായി ആവേശം കൊണ്ടു..!! എത്ര ഉച്ചത്തിൽ ഞാൻ അലറി വിളിച്ചാലും എന്റെ നാഫിക്ക തിരിച്ചു വരില്ലെന്ന സത്യം..ഒരു വാക്കു പോലും പറയാതെ എന്നെ വിട്ടുപോയെന്ന സത്യം..എന്റെ ജീവന്റെ ഓരോ അണുവിനെയും നിശ്ചലമാക്കിയിരുന്നു…!!

അതെല്ലായിടത്തും മുഴങ്ങി കേട്ടു….

” നാട്ടിലേക്ക് മടങ്ങാനിരിക്കെ യുവാവ് ഹൃദയാകാതം വന്നു മരിച്ചു “…

മനസ്സും ശരീരവും നാഫിക്കയെന്ന ഒരാളിൽ മാത്രം പിണച്ചു ചേർത്ത് കെട്ടിയ ചരട് അറ്റുപോയതു എന്റെ മനസ്സിനെ കൂടി പിഴുതെടുത്തു കൊണ്ടായിരുന്നു…! ഒരാളിൽ മാത്രം ജീവിച്ചു ഒരാളിൽ മാത്രം ഒതുങ്ങിപോയ എന്റെ ആത്മാവിനെ വേർപ്പെടുത്താൻ ഒരു ശക്തിക്കും കഴിയില്ലലോ!..

ഓരോ ഉറക്കമുണരുമ്പോഴും ഞാൻ എന്റെ നാഫികയുമായുള്ള ലോകത്തിൽ ജീവിച്ചു മതിവരുവോളം കൊതി തീര്കുവായിരുന്നു..!! നാഫിക്കയിലേക്കു കുതിക്കുന്ന എന്റെ ശരീരത്തെ മാത്രമല്ലേ ഇരുമ്പു അലകൾ കൊണ്ട് അവർക്കു ബന്ധിക്കാനാവൂ!! എന്റെ മനസ്സിനെ ബന്ധിക്കാനുള്ള കെട്ടുറപ്പ് ആ ചങ്ങല കൂട്ടങ്ങൾക്കില്ലല്ലോ…!! അതിപ്പോഴും മന്ത്രിക്കുന്നുണ്ട് ഒരായിരമാവർത്തി…

“ഇനി കാത്തിരിപ്പാണ് മറ്റൊരു പ്രണയത്തിനു വേണ്ടിയല്ല…ഒന്നിച്ചുള്ളൊരു ജന്മത്തിനു വേണ്ടി…”