Story written by PRAVEEN CHANDRAN
ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയം…
ഇംഗ്ലീഷ് പേപ്പർ കയ്യിൽ കിട്ടിയപ്പോൾ എനിക്ക് നെഞ്ചിലിടിത്തീ വീണപോലെ തോന്നി… അമ്പതിൽ പതിനഞ്ച് മാർക്ക് ആയിരുന്നു എന്റെ സമ്പാദ്യം.. അന്ന് അമ്പതിൽ പതിനെട്ട് മാർക്ക് വേണമായിരുന്നു ജയിക്കാൻ.. ആദ്യമായാണ് ഒരു വിഷയത്തിൽ ഞാൻ തോൽക്കുന്നത്…
അതിന് ഒരു കാരണവും എനിക്ക് പറയാനുണ്ട്.. ഇംഗ്ലീഷിൽ ഇത്തിരി മോശമായിരുന്നത് കൊണ്ട് ആദ്യമായി കോപ്പി അടിക്കുന്നതും ആ പരീക്ഷയ്ക്കായിരുന്നു..
എന്റെ പരിഭ്രമം കണ്ടാവണം ടിച്ചർക്ക് കാര്യം മനസ്സിലായത്.. തൊണ്ടിയോടെ പിടിച്ചു.. എന്നെ പഠിപ്പിച്ചിരുന്ന ടീച്ചർ ആയത് കൊണ്ടാവണം ടീച്ചർ എന്നെ പുറത്താക്കാഞ്ഞത്.. പരീക്ഷ തുടർന്നോ ളാൻ ടീച്ചർ പറഞ്ഞെങ്കിലും പരിഭ്രമം കാരണം പിന്നെ എനിക്ക് ഒന്നും എഴുതാൻ കഴിഞ്ഞില്ല…
അത് കൊണ്ട് തന്നെ ഈ തോൽവി ഞാൻ പ്രതീക്ഷിച്ചതാണ്.. എന്റെ ഓണം വെക്കേഷനിലെ സന്തോഷം മുഴുവൻ ആ ഒരൊറ്റ പരീക്ഷ കൊണ്ട് പോയി… ഓരോ ദിവസവും തള്ളി നീക്കിയത് ടെൻഷനോടെ ആയിരുന്നു..
ഇന്ന് ഇതാ എന്റെ കയ്യിലിരിക്കുന്നുണ്ട് ആ ഉത്തര കടലാസ്സ്… കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി… എന്റെ മനസ്സിൽ മുഴുവൻ ഒരു മുഖമാ യിരുന്നു.. എന്റെ അച്ഛന്റെ.. അമ്പതിൽ നാൽപതി ന് മേലെ മാർക്ക് വാങ്ങിയില്ലെങ്കിൽ പോലും കലി തീരുന്നത് വരെ തല്ലുന്ന എന്റെ അച്ഛന്റെ മുഖം….
ഇന്ന് തല്ല് ഉറപ്പാണ്.. ആ തല്ലിനെകുറിച്ച് ഓർത്തോർത്ത് എന്റെ കുഞ്ഞ് മനസ്സ് പിടഞ്ഞു..
അവസാനം ഞാനാ കടും കൈ ചെയ്യാൻ തീരുമാനിച്ചു..
ഉത്തരകടലാസ്സ് തിരുത്താൻ…
പതിനഞ്ചിലെ ഒന്ന് വളരെ ഈസിയായി തന്നെ നാല് ആക്കാൻ പറ്റി… ആൻസർ ഷീറ്റിലും കുറച്ച് എഴുതി കൂട്ടി ചുവന്ന പേന കൊണ്ട് മാർക്ക് ഇട്ടു… അത് കണ്ടപ്പോൾ എന്തോ ഒരു സന്തോഷം പോലെ തോന്നി എനിക്ക്..
അതെ ഇംഗ്ലീഷിൽ നാൽപത്തി അഞ്ച് മാർക്ക് എനിക്ക്…
പിടിക്കപെടുമോയെന്നുള്ള ഭയത്തോടെയാണെ ങ്കിലും ഞാനാ പേപ്പർ അച്ഛന് നേരെ നീട്ടി…
മുഖത്ത് നോക്കാനുള്ള ധൈര്യമില്ലാത്തതിനാൽ തലകുനിച്ചാണ് ഞാൻ നിന്നിരുന്നത്..
“അഞ്ച് മാർക്ക് കൂടെ വാങ്ങാമായിരുന്നു.. ഉം തരക്കേടില്ല…”
അച്ഛൻ പറഞ്ഞത് കേട്ട് എനിക്ക് ആശ്വാസമായി.. ഹാവൂ… പിടിക്കപെട്ടില്ല… കുറച്ച് ദിവസം അച്ഛന് മുന്നിൽ ഞാൻ ധൈര്യത്തോടെ കളിച്ച് നടന്നു.. ഇത് വരെ അങ്ങനെ നടക്കാൻ എനിക്ക് സാധിച്ചി ട്ടില്ലായിരുന്നു…
പക്ഷെ അപ്പോഴാണ് അടുത്ത വെള്ളിടി എനിക്ക് കിട്ടിയത്…
“പ്രോഗ്രസ്സ് റിപ്പോർട്ട്..”
അന്ന് ഉത്തരകടലാസ്സ് വാങ്ങിയതിനേക്കാൾ പരിഭ്രമത്തോടെ ഞാനത് വാങ്ങി… കുറെ നേരം തലങ്ങും വിലങ്ങും ആ കാർഡ് മറച്ച് നോക്കി ഞാനിരുന്നു… എന്ത് ചെയ്യണമെന്ന് എനിക്കറിയുന്നില്ലായിരുന്നു…
അപ്പോഴാണ് എന്റെ ആത്മാർത്ഥ സുഹൃത്ത് എനിക്ക് ഒരു ഐഡിയ പറഞ്ഞ് തന്നത്…
പ്രോഗ്രസ്സ് കാർഡിലും മാർക്ക് ചെയ്ഞ്ച് ചെയ്യാമെന്നുള്ള ഐഡിയ…ഭാഗ്യത്തിന് ടോട്ടൽ മാർക്ക് ചേഞ്ച് ചെയ്യുമ്പോഴും അത്പോലെ ഒരക്ഷരം ചേഞ്ച് ചെയ്താൽ മതിയായിരുന്നു… അങ്ങനെ ചേഞ്ച് ചെയ്ത് പ്രോഗ്രസ്സ് റിപ്പോർട്ടുമായി ഞാനച്ഛന് മുന്നിലെത്തി…
അച്ഛൻ അത് ഒന്നും പറയാതെ അത് ഒപ്പിട്ട് തന്നിട്ട് ഗൗരവത്തോടെ പറഞ്ഞു…
“അടുത്ത തവണ ഇതിൽ കൂടുതൽ മാർക്ക് വാങ്ങണം…കളിച്ച് സമയം കളയരുത്”
തലകുലുക്കികൊണ്ട് സന്തോഷത്തോടെ അവിടെ നിന്ന് പോന്നെങ്കിലും അന്ന് മുഴുവൻ മറ്റൊരു പ്രധാന ടെൻഷൻ എന്നെ പിടി കൂടി…
ഇനി തിരിച്ച് പഴയ രീതിയിലെങ്ങനെ എത്തിക്കും എന്നോർത്ത് ഞാൻ അന്ന് ഉറങ്ങിയിട്ടില്ലായിരു ന്നു…
പിറ്റെ ദിവസം സ്കൂളിലെത്തിയതും ഞാനിത് സുഹൃത്തിനോട് പറഞ്ഞു…
” നീ പേടിക്കണ്ട ഗഡീ…ഞാനില്ലേ..മ്മക്ക് ശരിയാക്കാന്ന്”
അവൻ അത് ബ്ലൈയ്ഡ് കൊണ്ട് വിദ്ധഗ്ധമായി തന്നെ മാറ്റി…
എനിക്ക് അതിശയമായി…
ഇതൊക്കെ എങ്ങനെ ഇത്ര കറക്ട് ആയി ചെയ്യുന്നു എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു..
“മ്മടെ സ്ഥിരം പണി അല്ലേ ഇത്” എന്ന്
അങ്ങനെ ആശ്വാസകരമായി പ്രോഗ്രസ്സ് കാർഡ് സമർപ്പണം കൂടെ പൂർത്തിയായി… ടീച്ചർക്ക് ഒരു സംശയവും തോന്നിയില്ല…
എനിക്ക് സമാധാനമായി… ഇനി ഇങ്ങനെ ആയാൽ ശരിയാവില്ല നന്നായി പഠിക്കണം… അല്ലെങ്കിൽ ഇങ്ങനെ കള്ളത്തരം ചെയ്യേണ്ടിവരും..
അങ്ങനെ ദിവസങ്ങൾ കടന്ന് പോയ്ക്കൊ ണ്ടിരുന്നു… പക്ഷെ ഒരു കാര്യം എന്നെ ആശയകു ഴപ്പത്തിലാക്കി കൊണ്ടിരുന്നു…
അച്ഛൻ എന്നോട് പഠനകാര്യങ്ങളൊന്നും ചോദിക്കുന്നില്ല…
ഇടയ്ക്ക് എന്നോട് അന്നന്ന് പഠിച്ച കാര്യങ്ങൾ ചോദിക്കാറുള്ള ആളായിരുന്നു.. ഉത്തരം കിട്ടിയില്ലേൽ നല്ല അടിയും കിട്ടുമായിരുന്നു… പേടി കാരണം പലപ്പോഴും ഉത്തരം അറിയാമായിരുന്നി ട്ടുപോലും വെടികൊണ്ട പന്നിയെപോലെ നിക്കേ ണ്ടി വന്നിട്ടുണ്ട്…
ഇതിപ്പോൾ എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാവാതെ എനിക്ക് ടെൻഷനായി…
അവസാനം ഞാൻ അമ്മയോട് ആ കാര്യം തുറന്ന് ചോദിച്ചു.. അപ്പോൾ അമ്മ ചിരിച്ച് കൊണ്ട് പറഞ്ഞു..
“നീ ഇംഗ്ലീഷ് പേപ്പർ തിരുത്തിയ കാര്യം അച്ഛനറിയാമായിരുന്നു..”
തലയില് ഇടുത്തീ വീണപോലെയായി എനിക്ക്…
“തിരുത്തിയ പ്രോഗ്രസ്സ് കാർഡ് നീ അച്ഛനെ കാണിച്ചതിന്റെ പിറ്റെ ദിവസം നിന്റെ ഇംഗ്ലീഷ് ടീച്ചറെ അച്ഛൻ കണ്ടിരുന്നു.. ടീച്ചർ നീ കോപ്പിയടിച്ചതടക്കമുള്ള എല്ലാ കാര്യങ്ങളും അച്ഛനോട് പറഞ്ഞു… “
ഇടിവെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ച പോലെ ആയി അത് കേട്ടപ്പോൾ എന്റെ അപ്പോഴത്തെ അവസ്ഥ.. പക്ഷെ പിന്നേയും എനിക്ക് ഒരു സംശയം ബാക്കിയായി…
“പിന്നെ അച്ഛൻ എന്തേ അമ്മേ എന്നെ തല്ലാതിരുന്നത്?”
അതറിഞ്ഞാലുള്ള അച്ഛന്റെ പ്രതികരണം എന്താകുമെന്ന് എനിക്ക് ഉറപ്പുള്ളത് കൊണ്ടാണ് ഞാൻ അങ്ങനെ ചോദിച്ചത്…
“അച്ഛന് നിന്നെ മനസ്സിലായി.. അന്ന് കിടക്കാൻ നേരം അച്ഛൻ പറഞ്ഞു..
“ഞാനവനെ തല്ലുന്നത് പേടിച്ചല്ലേ അവനീ കള്ളത്തരം ചെയ്തത്… എന്നോട് എന്തും തുറന്ന് പറയാനുള്ള ധൈര്യമുണ്ടായിരുന്നേൽ അവനിത് ചെയ്യുമായിരുന്നില്ല.. ഇനിയും ഞാനവനെ അടിക്കാൻ നിന്നാൽ അവന് കള്ളത്തരം ചെയ്യാനുള്ള വാസന കൂടും..എന്ത് പ്രശ്നമുണ്ടെങ്കിലും അച്ഛനമ്മമാരോട് തുറന്ന് പറയാനുള്ള സ്വതന്ത്ര്യം കുട്ടികൾക്ക് നമ്മുടെ അടുത്ത് വേണം.. അല്ലാത്തിടത്ത് ആണ് കുട്ടികളുടെ കുറ്റകൃത്യങ്ങൾ കൂടി വരുക.. അത് കൊണ്ട് അവനോട് നീ പറയണം.. അച്ഛന് വേണ്ടി നീ പഠിക്കരുത്…പകരം നിനക്ക് വേണ്ടി പഠിക്കണം എന്ന്.. ഇനി ഒരിക്കലും ഞാനവനെ അടിക്കുകയില്ല.. അവനോട് പറയുക ഇടക്ക് കടയിൽ വന്ന് എന്നെ ഒന്ന് സഹായിക്കാൻ.. അപ്പോളവന് മനസ്സിലാവും പഠിക്കാത്ത അവന്റെ അച്ഛൻ എത്ര കഷ്ടപെട്ടാണ് കുടുംബം നോക്കുന്നതെന്ന്.. ആ ഗതി അവന് വരരുതെന്ന്”
അത് കേട്ടുകഴിഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു… അച്ഛനോട് തെറ്റ് ചെയ്തതിൽ എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി….
മുന്നിൽ പോയി നിൽക്കാൻ ധൈര്യമില്ലാത്തത് കൊണ്ട് ഉറങ്ങുന്ന സമയം അച്ഛനറിയാതെ അച്ഛന്റെ കാൽ തൊട്ട് വന്ദിച്ചതിന് ശേഷം ആണ് എനിക്ക് സമാധാനമായത്…
അത് എന്റെ ജീവിതത്തിലെ ഒരു വഴിതിരിവ് ആയിരുന്നു.. അന്ന് മുതൽ കടയിൽ അച്ഛനെ സഹായിക്കാൻ ഞാനും പോയി തുടങ്ങി.. അച്ഛൻ പറഞ്ഞതിന്റെ പൊരുൾ എന്താണെന്ന് അവിടെ നിന്ന് ഞാൻ മനസ്സിലാക്കുകയായിരുന്നു…
പിന്നീട് അച്ഛനൊരിക്കലും എന്നെ അടിച്ചിട്ടുമില്ല ഞാനൊരു പരീക്ഷയിലും തോറ്റിട്ടുമില്ല….
പ്രവീൺ ചന്ദ്രൻ