രണ്ട് പേരും പരസ്പരം തുളസിപ്പു മാലകൾ ചാർത്തി. സിന്ധൂരവും താലിയും ഇട്ട് ചടങ്ങുകൾ നടത്തി…

കല്ലുമാല കല്യാണം

Story written by JOSEPH ALEXY

‘ജിത്തു , ആര്യ അകത്തേക്ക് വരൂ..’ ക്ലെർക് ഉച്ചത്തിൽ വിളിച്ചു.

“നിനക്ക് എത്ര വയസ് ഉണ്ട് ? “

” 21 വയസ്സ് ആണ് സാർ “

” നിനക്കൊ ? “

“18 ആയതെ ഉള്ളു സാർ “

രജിസ്റ്റ്രാർ രണ്ട് പേരെയും ഒന്ന് ഇരുത്തി നൊക്കി.

” രണ്ട് പേർക്കും അങ്ങ് മുട്ടി നിക്കൂവാരുന്നല്ലെ ..? “

അയാൾ ആര്യയുടെ ശരീരത്തിൽ ആകെ ഉഴിഞ്ഞു അർത്ഥം വച്ച് ചിരിച്ചു.

“എന്തായാലും ഒപ്പിട് ” രെജിസ്റ്റ്രാർ വിവാഹ രജിസ്റ്റർ അവർക്ക് മുന്നിലേക്ക് നീട്ടി.

ആദ്യം അവൻ ഒപ്പിട്ടു. പുറകെ അവളും പിന്നാലെ അവന്റെ രണ്ട് ചങ്കുകളും സാക്ഷികളായ് ഒപ്പ് വച്ചു.

രണ്ട് പേരും പരസ്പരം തുളസിപ്പു മാലകൾ ചാർത്തി. സിന്ധൂരവും താലിയും ഇട്ട് ചടങ്ങുകൾ നടത്തി. സെൽഫി എടുത്ത് സ്റ്റാറ്റ്സ് ആക്കി. ചങ്കുകൾ വിഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തു.

ചെറിയ ആഘൊഷം കഴിഞ്ഞ് അടുത്ത സുഹൃത്ത്ക്കൾക്ക് ട്രീറ്റ്‌ കൊടുത്ത് അവർ വീട്ടിലേക് പുറപെട്ടു.

താൻ ജനിച്ചു വളർന്ന വീടിന്റെ മുറ്റതെക്ക് ജിത്തു അവളെയും കൈയിൽ ചേർത്ത് പിടിച്ച് നടന്ന് കയറി. കോലായിൽ തന്നെ അച്ഛനും അമ്മയും ഏക മകനെ വിവാഹിതനായ് കണ്ട് സ്തബ്ദിച്ചു നിന്നു.

” അച്ഛാ..” ജിത്തു പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു. ചങ്കുകൾ മൊബൈൽ ക്യാമറ ഓൺ ആക്കി ആ നിമിഷങ്ങൾ എല്ലാം വിഡിയോ എടുത്ത് കൊണ്ടിരുന്നു.

“നീയെന്താ ഈ കോലത്തിൽ ? ” അച്ഛൻ യാതൊരു വികാരം കാണിക്കാതെ സൗമ്യമായ് ചോദിച്ചു.

“അച്ഛാ എനിക്ക് വേറെ വഴി ഇല്ലാരുന്നു… ഇവളുടെ അച്ഛനും രണ്ടാനമ്മയും ചേർന്ന് ഏതോ ഒരുത്തന് ഇവളെ പണം വാങ്ങി കെട്ടിച്ചു കൊടുക്കാൻ തുടങ്ങി…ഇവൾ ചാകാൻ തുടങ്ങിയപ്പളാ ഞാൻ കൂട്ടി കൊണ്ട് വന്നത് ” ജിത്തു അച്ഛനെ കണ്ണ് ചിമ്മാതെ നോക്കി.

അച്ഛൻ ഒന്നും മിണ്ടാതെ മുറ്റതെക്ക് ഇറങ്ങി “നിന്റെ കോഴ്സ് കഴിഞ്ഞിട്ടില്ലാലൊ മോനെ.. ഇവൾക്ക് നീ എങ്ങനെ ചെലവിന് കൊടുക്കും..? ” അച്ഛൻ കൈ വിരലുകൾ ശബ്ദത്തിൽ ഞൊടിച്ചു.

“അത് അച്ഛാ ..”

” പ്ഠേ…!!!! ” ജിത്തുവിന്റെ കണ്ണിൽ കൂടി പൊന്നീച്ച പാറി. ആര്യ അവന്റെ പുറകിൽ പൂച്ചക്കുഞിനെ പോലെ ഭയന്ന് പതുങ്ങി നിന്നു. വിഡിയോ എടുത്ത് കൊണ്ടിരുന്ന ചങ്കുകൾ പ്രതീക്ഷിക്കതെ വന്ന അടി കണ്ട് ഞെട്ടിതരിച്ചു പോയി.

“ഇറങ്ങി കോണം ഇവിടുന്ന്.. ഇപ്പൊ തന്നെ അവൻമാരെം.. കൂട്ടിക്കോ ” അതൊരു ആക്രൊശം ആയിരുന്നു.

ജിത്തു ഒരു നിമിഷം തരിച്ചു നിന്നൂ. പിന്നെ അടി കിട്ടിയ വാശിയിൽ അവളെയും കൂട്ടി വീട്ടിൽ നിന്നും ഇറങ്ങി. കൂടെ വന്നവരും അവനെ അനുഗമിച്ചു.

******************

“ഡാ ഇനി എന്താ ചെയ്യാ.. എനിക്ക് ഒരു ഐഡിയെം ഇല്ല ..കൈയ്യിൽ അഞ്ചിന്റെ പൈസേം ഇല്ല എന്താടാ ചെയ്യാ .. എങ്ങോട്ടാ പോവ്വാ..? ” ജിത്തു ആകെ വെപ്രാളപെട്ടു.

” എടാ എന്റെ വീട്ടിൽ സീൻ ആണ് അല്ലേൽ നിനക്ക് അവിടെ നിക്കാരുന്നു.. പെങ്ങളും മക്കളും എല്ലാം കൂടി .. എന്റെ അവസ്ഥ നിനക്ക് അറിയാലോ ” ഒന്നാമത്തെ ചങ്ക് തന്റെ സാഹചര്യം അറിയിച്ചു.

ജിത്തു പ്രെതീക്ഷയോടെ രണ്ടാമനെ നൊക്കി.

” ഡാ നിന്നെ ഒറ്റക്ക് ആരുന്നേൽ ഒരു മാസം എന്റെ വീട്ടിൽ നിർതാരുന്നു.. പക്ഷെ ഇപ്പൊ അവളും കൂടി ഇല്ലേ നിങ്ങളേ കൊണ്ടോയാ ശരി ആവില്ലഡാ..എന്റെ അച്ഛൻ ആകെ സീൻ ആക്കും ” രണ്ടാമനും ഒഴിഞ്ഞു.

” തൽക്കാലം നമ്മക് ഒരു വാടക വീട് തപ്പാം..!! ഇപ്പൊ നീ അവളുടെ അടുത്ത് പോയിരിക്ക് ” അവർ ജിത്തുവിനെ പറഞ്ഞു വിട്ടു.

ജിത്തു ആര്യയെ നൊക്കി. കയ്യിലെ തുളസിപ്പു മാലയുടെ പൂക്കൾ പിഞ്ചി കളിച്ചു ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ ജിത്തുവിനെ കാത്തിരിക്കുന്നു. അവനെ കണ്ടതും അവൾ പ്രതീക്ഷയോടെ കയ്യിൽ കോർത്ത് പിടിച്ചു.

“ഞാൻ കാരണം ജിത്തു ഏട്ടനെം വീട്ടിൽ നിന്ന് ഇറക്കി വിട്ടല്ലേ ” ആര്യ ആകെ വിതുമ്പി പോയിരുന്നു.

” അടി ഞാൻ പ്രതീക്ഷിച്ചതാ ഇറക്കി വിടൂന്ന് വിചാരിച്ചില്ല എല്ലാം ശരിയാകുവാരിക്കും” ജിത്തു വലത് കൈ കൊണ്ട് താടി അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചു. പിന്നെ ഒരു ദീർഘ നിശ്വാസം വിട്ടു.

“ഡാ വീട് കിട്ടിയിട്ടുണ്ട് അഡ്വാൻസ് ഒരു 5000 കൊടുക്കണം നിന്റെൽ ഉണ്ടോ ?? ” അവൻ ഒന്നും മിണ്ടാതെ തല കുനിച്ചു.

ഇത് കണ്ട ആര്യ അവളുടെ കയ്യിൽ കിടന്ന മോതിരം ഊരി പണയം വക്കാൻ നൽകി.

പുതിയ വാടക വീടിന്റെ മൂലയിൽ പായ വിരിച്ചു രണ്ട് പേരും മുട്ടുകാൽ നെഞ്ചൊട്
ചേർത്ത് ഇരുന്നു. ആര്യ അവന്റെ കൈയിൽ ചുറ്റി പിടിച്ച് തോളിലേക്ക് തല ചായ്ച്ചു കിടന്നു…..!!!

ദിവസങ്ങൾ പോയി കൊണ്ടിരുന്നു. കുട്ടുകാർ ഇപ്പോൾ അവനെ അധികം വിളിക്കാറില്ല കയ്യിൽ ഉള്ളതെല്ലാം തീർന്നപോൾ ചെറിയ കൂലി പണികൾ കൊണ്ട് ജിത്തു തട്ടിം മുട്ടിം കുടുംബം ഓടിച്ചു.

ആര്യയുടെ പഠനവും അവന്റെ കോഴ്സും തുടരാൻ ആവാതെ അവർ കുഴങ്ങി. സ്വപ്നങ്ങളെക്കാൾ വലുത് ആണ് യാഥാർഥ്യം എന്നത് വൈകി വന്ന തിരിച്ചറിവായ്.

ചുറ്റുപാടുമുള്ള ചില കഴുകൻ കണ്ണുകൾ ആര്യയെ നോട്ടമിടുന്നത് അവൻ പലപ്പൊഴായ് ശ്രദ്ധിച്ചിരുന്നു.

ഒളിഞ്ഞും പാത്തും അവളെ അടിമുടി ഉഴിയുന്ന കണ്ണുകളെയും തക്കം പാർതിരിക്കുന്ന അസുരൻമാരെയും ഭയന്ന് അവളെ തനിച്ചാക്കി പോകാൻ പോലും അവൻ ഭയന്നു.

ഒരാഴ്ച പിന്നിട്ടു..പതിവ് പോലെ ഒരു വൈകുന്നേരം..ഇരുട്ട് വീണ് തുടങ്ങിയിരുന്നു. കതകിൽ ശക്തമായ മുട്ട് കേട്ട് ഒരു നിമിഷം ജിത്തുവും ആര്യയും പരസ്പരം നൊക്കി. പിന്നെ ചെറിയ ഉൾഭയതൊടെ അവൻ കതക് തുറന്നു

തിരിഞ്ഞു നിൽക്കുന്ന 6 അടി പൊക്കമുള്ള ആ മനുഷ്യനെ ജിത്തു പെട്ടെന്നു തിരിച്ചറിഞ്ഞു.

“അച്ഛാ..” അവന്റെ വിളിയിൽ ഒരേ സമയം സന്തൊഷവും പേടിയും പ്രതിഫലിച്ചു.

“അവളേം കൂട്ടി വന്ന് വണ്ടി കേറെഡാ..” അതൊരു ആജ്ഞ ആയിരുന്നു.

“ഞാൻ വരുന്നില്ല.. അച്ഛാ.. ഞങ്ങളെ അച്ഛൻ ഇറക്കി വിട്ടതല്ലേ .. ” ഒരു നിമിഷം ജിത്തുവിന്റെ ദുരഭിമാനം തല പൊക്കി.

“കഴു..വർടെ മോനെ ..മോന്ത ഞാൻ അടിച്ചു പൊട്ടിക്കും ആ പെങ്കൊച്ചിനെം വിളിച്ചു വണ്ടീൽ കേറെഡാ…” അച്ഛൻ ശബ്ദത്തിൽ കൈ വിരലുകൾ ഞൊടിച്ചു. അടുത്ത നിമിഷം എന്തും സംഭവിക്കാം എന്ന് മനസിലായ ജിത്തു ഉള്ളതെല്ലാം കെട്ടിപെറുക്കി ആര്യയെം കൂട്ടി വണ്ടീയിൽ കയറി.

അവന്റെ ജനിച്ചു വളർന്ന വീടിന്റെ മുറ്റതെക്ക് ആ വാഹനം കേറി നിന്നൂ.

“മോൾ അകത്തേക്ക് പൊയ്ക്കോ .. ” അദ്ദേഹം മരുമകളെ തലയിൽ വാത്സല്യത്തോടെ തലോടി സ്വീകരിച്ചു. ജിത്തുവിന്റെ അമ്മ ആര്യയെ കൈ പിടിച്ച് അകത്തേക്ക് കൂട്ടി കൊണ്ട് പോയി.

” ജിത്തു.. നീ ഇവിടുന്ന് പോയത് മുതൽ നിങ്ങടെ ഓരോ കാര്യങ്ങളും ഞങ്ങൾ അറിയൂന്നുണ്ടാരുന്നു. അച്ഛനമ്മമാർക് മക്കൾ എന്നും പ്രിയപെട്ടവർ തന്നെ ആണ്. എങ്കിലും കുറച്ചോക്കെ ജീവിതത്തിലെ കഷ്ടപാടും ബുദ്ധിമുട്ടും മക്കൾ അറിയണം…..ചെറുപ്രായത്തിൽ വിവാഹം കഴിക്കുന്നത് തെറ്റാണ് എന്ന് ഞാൻ പറയില്ല. പക്ഷെ ആദ്യം സ്വന്തം കാലിൽ നിക്കാൻ പറ്റണം ” ജിത്തു ഒന്നും മിണ്ടാൻ ആവാതെ അച്ഛനെ നൊക്കി നിന്നൂ.

“മോനെ.. നീ അവളെ വിവാഹം കഴിച്ചത് മുതൽ അവൾ ഇവിടത്തെ മരുമകൾ ആണ്…!! അച്ഛനമ്മമാരുടെ അറിവോ സമ്മതമൊ നോക്കാതെ നിങ്ങൾ എടുത്ത് ചാടി വിവാഹിതരാകുമ്പോൾ നാളെ ഞങ്ങൾ ഇല്ലെങ്കിലും ജീവിച്ചു കാണിക്കാൻ ഉള്ള തന്റേടവും ധൈര്യവും നിങ്ങൾക് വേണം..” അദ്ദേഹം ജിത്തുവിനെ ചേർത്ത് പിടിച്ചു.

” അച്ഛാ എന്റെ സാഹചര്യം അതായിരുന്നു. അവളെ ഇട്ടിട്ട് പോരാൻ എനിക്ക് തോന്നിയില്ലാ അതാ ഞാൻ ..! ” ജിത്തു പൂർത്തിയാകാതെ നിന്നൂ.

” എനിക്കറിയാം മോനെ… എങ്കിലും ജീവിതം കുറച്ചു ഓട്ട പാച്ചിൽ തന്നെ ആടാ..! അത് അറിയിക്കാൻ ആണ് കുറച്ചു ദിവസം നിന്നെ പുറത്ത് നിർത്തിയത്.. ഇപ്പൊ നിനക്ക് മനസിലായില്ലെ ആരൊക്കെ കൂടെ ഉണ്ടാവും ആരൊക്കെ ഉണ്ടാവില്ലന്ന്…” അച്ഛൻ ജിത്തുവിനെ സ്നേഹത്തോടെ തല മുടിയിൽ കൂടി വിരൽ ഓടിച്ചു.

” നിന്റെ കോഴ്സ് കഴിയാൻ എത്ര മാസം ഉണ്ട് ? “

“4 മാസം കൂടി ഉണ്ട് അച്ഛാ ..”

“എന്തായാലും ഇത്ര ആയ് .. നിനക്ക് ഞാൻ ഒരു വർഷം… അതായത് 365 ദിവസം സമയം തരും അതിനുള്ളിൽ നീ കോഴ്സ് തീർത്തു ജൊലിയിൽ കേറി സ്വന്തം കാലിൽ നിക്കണം അത് വരെ നിന്നെയും ആര്യമോളേയും ഞാൻ നോക്കും..!! മോൾടെ പഠിപ്പും നമുക്ക് നോക്കാം എന്താ പോരേ ?? ” . ഉറച്ച ശബ്ദത്തിൽ ആയിരുന്നു അദ്ദേഹം തന്റെ തീരുമാനം അറിയിച്ചത് .

ജിത്തു അച്ഛനെ കെട്ടി പിടിച്ചു. ഇത്രയും നാൾ താൻ അറിയാതെ ആണെകിലും തനിക് ചുറ്റും അച്ഛന്റെ കരവലയം ഉണ്ടായിരുന്നു എന്നോർത്തു അവൻ അഭിമാനം കൊണ്ടു. അകത്ത് ആര്യയും അമ്മയും വിശേഷങ്ങൾ പറഞ്ഞു മെല്ലെ അടുത്ത് കഴിഞ്ഞിരുന്നു..

ഇപ്പോളവർ ഒരുപാട് ഹാപ്പി ആണ്..! കാരണം ജീവൻ കൊടുത്തും ചിറകുകൾ വിരിച്ചു അവരെ സംരക്ഷിക്കാൻ ഒരച്ഛനും അമ്മയും ഉണ്ട്.

(NB : I Dont support Early marriage .its just a concept )