അത്രയും കാലം ക്ഷമിച്ചിരുന്ന ഭാര്യ അന്ന് സഹികെട്ട് ചൂലെടുത്തു പൊതിരെ തല്ലി…

Written by Ezra Pound

::::::::::::::::::::::::::

ഉറക്കം വരാത്ത രാത്രികളിലെപ്പോഴോ ഞാനാ സത്യം തിരിച്ചറിഞു..ഞാനൊരു ഫേസ്ബുക്ക് അഡിക്ടായി മാറിയിരിക്കുന്നു..

കണ്ണടച്ചാൽ നോട്ടിഫിക്കേഷൻ മാത്രമാണ് മുന്നിൽത്തെളിയുന്നെ..കണ്ണുതുറന്നാൽ ആദ്യം തിരയുന്നത് പോസ്റ്റിലെ കമന്റുകളും..നടക്കുംപോഴും ഇരിക്കുമ്പോഴും ഒരെയൊരു ചിന്തമാത്രം..അടുത്ത പോസ്റ്റ് എന്തിനെക്കുറിച്ചായിരിക്കണം..

ഒരു ജോലിക്കും പോവാതെ ഫേസ്ബുക്കും നോക്കിയിരുന്നതിന് അച്ഛൻ പറയാനിനി ഒന്നും ബാക്കിയില്ല..വീട്ടിൽ ഇരുന്ന്‌ സ്വസ്ഥമായി കഥയെഴുതാൻ കഴിയില്ലെന്നു കണ്ടപ്പോൾ കടത്തിണ്ണകളിലും പാർക്കുകളിലും ചെന്നിരുന്നെഴുതാൻ തുടങി..ഭാര്യയോടു പോലും മിണ്ടാൻ നേരമില്ലാതായി..

ഒരിക്കൽ കഥയെഴുതാനിരുന്നു കടത്തിണ്ണയിലുറങ്ങിപ്പോയി..ആരൊക്കെയൊ ആട്ടോയിലെടുത്തിട്ട് വീട്ടിലെത്തിച്ചു..അത്രയും കാലം ക്ഷമിച്ചിരുന്ന ഭാര്യ അന്ന് സഹികെട്ട് ചൂലെടുത്തു പൊതിരെ തല്ലി..തല്ലിനിടയിൽ അഴിഞ്ഞുവീണ മുണ്ടെടുത്തുടുത്ത് ഞാനകത്തേക്ക് കയറി ബെഡിലേക്ക്‌ വീണു..

എന്നും രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോ ഇതൊക്കെ നിർത്തി നല്ല മനുഷ്യനായി ജോലിക്ക്‌ പോയി കുടുംബം പുലർത്തണമെന്നൊക്കെ തോന്നും..പക്ഷെ ഒരു പത്തുമണിയാവുമ്പോഴേക്കും കൈക്കൊരു വിറയലാ..അപ്പൊത്തന്നെ ചാടിക്കേറി നോട്ടിഫിക്കേഷനും കമന്റ്സുമൊക്കെ നോക്കും..

ഒരിക്കൽ മോളൂടെ ക്‌ളാസ് മീറ്റിങ്ങിനു പോയി..മൊബൈൽ ഉപയോഗിക്കാൻ പാടില്ലായെന്ന് ആദ്യമേ പറഞ്ഞിട്ടുണ്ടായിരുന്നു..പക്ഷെ കഴിഞ്ഞില്ല..പ്രിൻസിപ്പലിന്റെ അടുത്തൂന്ന് നന്നായി വഴക്കും കേട്ടു..അന്ന് മോള് കരഞ്ഞോണ്ടാണ് വീട്ടിലേക്കു മടങ്ങിയത്..

റീചാർജ് ചെയ്യാൻ കാശില്ലാത്തോണ്ട് മോൾക്ക് ട്യൂഷൻ ഫീസടക്കാൻ മാറ്റിവെച്ച കാശ് അടിച്ചുമാറ്റി..ഭാര്യ തയ്യൽപ്പണിയൊക്കെ ചെയ്തു സ്വരൂപിച്ച കാശായിരുന്നു..അന്നത്തോടെ വീട്ടിൽ നിന്ന് പുറത്താക്കി..

ദിവസങ്ങളോളം അലഞ്ഞുനടന്നു..പട്ടിണി കിടന്നും കടത്തിണ്ണകളിലിരുന്നു കഥകളെഴുതിക്കൊണ്ടേയിരുന്നു..നെറ്റ് തീർന്നപ്പോ കണ്ണിൽക്കണ്ടവരോട് ഹോട്സ്പോട്ട് ഓണാക്കാൻ യാചിച്ചു..പലരും ആട്ടിപ്പായിച്ചു..

ഒരിക്കൽ റീച്ചാർജ് ചെയ്യാൻ കാശില്ലാതെ അടുത്തുള്ള കടക്കാരനോട് കെഞ്ചി കരഞ്ഞിട്ടും അയാളെന്നെ തല്ലിപ്പുറത്താക്കി..അപ്പോഴാണു യാദൃശ്ചികമായെന്റെ കൂട്ടുകാരനെ കാണാനിടയായത്..സംഭവിച്ചതൊക്കെ പറഞ്ഞപ്പൊൾ അവന്റെ നിർദേശ പ്രകാരം ഞാനൊരു ഡീ അഡിക്ഷൻ സെന്ററിലെത്തി..അവിടെനിക്കൊരു ജോലി ശരിയാക്കിത്തന്നു..

പക്ഷെ അവിടെയും എനിക്ക് പിടിച്ചു നിൽക്കാനായില്ല..ആശുപത്രിയുടെ കാര്യങ്ങളുമായി ബന്ധപെട്ട കാര്യങ്ങള് ചെയ്യാൻ വേണ്ടി ഡോക്ടർ കണക്റ്റ് ചെയ്തു തന്ന വൈഫൈ ഉപയോഗിച്ച് ഞാൻ ഫേസ്ബുക്കില് പോസ്റ്റിട്ടത് ഡോക്ടർ കണ്ടുപിടിച്ചു..

അതൊടെ ഡോക്ടറെന്നെ എല്ലാവരുടെയും മുന്നിൽവെച്ചു അപമാനിച്ചു..നാണം കെടുത്തി..ഇനിയവിടെ തുടരണമെങ്കിൽ എനിക്കുവേണ്ടി ആരെങ്കിലും സംസാരിക്കണമെന്ന് പറഞ്ഞു..

ഞാനപ്പോ തന്നെ ഫേസ്ബുക്കിലെ നാലായിരം ഫ്രണ്ട്സിനും മെസ്സേജയച്ചു..ആരും റിപ്ലൈ ചെയ്തീല..പലരുമെന്നെ ബ്ലോക്ക് ചെയ്തു പോയി..അവസാനം എനിക്ക് വേണ്ടി സംസാരിക്കാൻ ഭാര്യയാണ് വന്നെ..

അങ്ങനെ പതിയെപ്പതിയെ ഞാൻ ജീവിതത്തിലേക്കു തിരിചു വന്നു..പക്ഷെ ഇരുപത്തിനാലു മണിക്കൂറും ഫേസ്ബുക്കും നോക്കിനടന്നിരുന്ന എനിക്കാരും ജോലി തരാൻ തയാറായീല..പലയിടത്തും കയറിയിറങ്ങി മടുത്തു അവസാനം ഡോക്ടറെ വിളിച്ചു..

ഡോക്റ്ററാണ് സ്വന്തമായെന്തെലും ചെയ്തൂടെ എന്നൊരാശയം പറഞ്ഞു തന്നത്..പക്ഷെ എന്തു ചെയും..എന്റെകയ്യിലതിനുള്ള പണമില്ലാലോ..അതിനും ഡോക്ടർക്കുത്തരമുണ്ടായിരുന്നു..ഇൻസൾട്ട്..അതാണേറ്റവും വലിയ മുതൽമുടക്ക്..

ഞാനെന്നെ ബ്ലോക്ക് ചെയ്തവരെക്കുറിച്ചോർത്തു..അപ്പോഴാണെനിക്ക് ഒരാശയം തോന്നിയത്..ഈ ബ്ലോക്കുകൾ കൺസ്ട്രക്ഷൻ കമ്പനിക്ക് മറിച്ചു വിൽക്കുക..അതു വൻവിജയമായി..

ഇന്നെനിക്ക് നാല്പതോളം ഫേസ്‌ബുക്ക് അക്കൗണ്ടുകളിലായി ലക്ഷക്കണക്കിന് ബ്ലോക്കുകൾ സ്വന്തമായുണ്ട്..ഞാനിപ്പോൾ ബ്ലോക്കുകൾ എക്സ്പോർട് ചെയ്യാൻ ഒരു വിദേശ കമ്പനിയുമായി കരാറൊപ്പിടാനുള്ള യാത്രയിലാണ്..സ്വന്തം വിമാനത്തിൽ..

യാത്രക്കിടെ വിമാനം ഒന്നാടിയുലഞ്ഞപ്പോൾ മൊബൈൽ താഴെക്ക് വീണുപോയി..അതെടുക്കാനായി കുനിഞ്ഞപ്പോൾ എന്തിലോ തല ചെന്നിടിച്ചു..

കണ്ണു തുറന്നപ്പോ വിമാനവുമില്ല ഒരു കുന്തവുമില്ല..ജയസൂര്യയുടെ വെളളം സിനിമ കണ്ടുറങ്ങിയതിന്റെ ഹാങ്ങോവറിൽ കണ്ട ദുസ്വപ്നമായിരുന്നു..

വെറുതെ മനുഷ്യനെ കൊതിപ്പിക്കാനായിട്ട്.