ആ പൈസയുടെ മൂല്യം ഒരുനേരത്തെ ഒരു കുടുംബത്തിന്റെ വിശപ്പടക്കാൻ മാത്രം ഉണ്ടായിരുന്നുവെന്ന് തിരിച്ചറിയുകയായിരുന്നു…

വിശപ്പിന്റെ നോവ്…

Written by Aswathy Joy Arakkal

::::::::::::::::::::::::::::::::::

ബാക്കി വരുന്ന ഭക്ഷണമെടുത്തു വേസ്റ്റിൽ തട്ടുമ്പോൾ ചീത്ത പറയുന്ന, പഴയ കറികൾ ഫ്രിഡ്ജിൽ വച്ചു വീണ്ടും ചൂടാക്കി കഴിയ്ക്കുന്ന, ചെറുതായി കേടായി തുടങ്ങുന്ന പച്ചക്കറികളൊക്കെ കളയുമ്പോൾ കണ്ണുരുട്ടുന്ന, ഹോട്ടലിൽ ഓർഡർ ചെയ്ത ഫുഡ്‌ ബാക്കിവെച്ചു വേസ്റ്റ് ആക്കുമ്പോൾ ദേഷ്യപ്പെടുന്ന… ഭർത്താവിനോട് ഒരുപാട് ദേഷ്യം തോന്നിയിട്ടുണ്ട് പലപ്പോഴും .. “എന്തു പിശുക്കനാണ് ഇങ്ങോര് ” എന്നു പലവട്ടം പിറുപിറുത്തിട്ടുമുണ്ട്.. എന്നാൽ എല്ലാം അലിഞ്ഞില്ലാതായി ദേഷ്യമെന്നത് ബഹുമാനമായി മാറിയത് ശെരിക്കും വിശപ്പറിഞ്ഞവന്റെ ദയനീയ മുഖം നേരിട്ട് കണ്ടപ്പോഴാണ്….

നോർത്തിന്ത്യൻ വാസവും, സ്വന്തം പാചകപരീക്ഷണങ്ങളുമായി ജീവിക്കാൻ തുടങ്ങിയ കാലം.. ഫ്ലാറ്റ് ജീവിതമായത് കൊണ്ടു, അവിടെ നമ്മുടെ നാട്ടിലെ പോലെ വേസ്റ്റ് കോഴിയ്ക്കും നായ്ക്കുമൊക്കെയായി പറമ്പിലും, തെങ്ങിന്റെ ചുവട്ടിലുമൊന്നും ഇടാൻ പറ്റില്ലല്ലോ…. വേസ്റ്റ് എല്ലാം ബാസ്കറ്റിൽ ഇട്ട് ഫ്ലാറ്റിന്റെ വെളിയിൽ വെയ്ക്കും.. വേസ്റ്റ് എടുക്കാൻ ആള് വരും.. ബാക്കി വരുന്ന ഫുഡൊക്കെ ഞാൻ അതിൽ കൊണ്ടിടും.. എനിക്കു പഴകിയ ഫുഡൊന്നും കഴിക്കാൻ വയ്യ വയറു കേടാകും എന്നൊരു ന്യായീകരണവും സ്വയം കണ്ടെത്തും.. ഫുഡ്‌ ബാക്കി വരുമ്പോൾ അങ്ങേരു സ്ഥിരം ചോദിക്കും “ആവശ്യത്തിനുള്ളത് മാത്രം ഉണ്ടാക്കിയാൽ പോരെ, എന്തിനാ കുറെയുണ്ടാക്കി ബാക്കിയാക്കുന്നതെന്നു.. ” പക്ഷെ കുറെ ഫുഡുണ്ടാക്കിയാലേ എനിക്ക് തൃപ്തിയാകൂ … ഒരുതരി ഭക്ഷണം വേസ്റ്റ് ആയാൽ നെഞ്ച് നീറുന്ന അപ്പനും, അമ്മയും വളർത്തിയ ഞാൻ എന്തേ അങ്ങനെ ആയി എന്നു ചോദിച്ചാൽ ഉത്തരമില്ല…

അങ്ങനെയിരിക്കെ.. ഒരിക്കൽ കോളിങ് ബെൽ കേട്ടു ചെല്ലുമ്പോൾ, വേസ്റ്റിടാറുള്ള പാത്രവും പിടിച്ച്, അതെടുക്കുന്നയാൾ നിൽക്കുന്നു.. ഒപ്പം മുഷിഞ്ഞ വസ്ത്രങ്ങളും, ഒട്ടിയ വയറും, കണ്ണുനീർ വീണു നനഞ്ഞ കവിളുമായി രണ്ടു ആൺകുട്ടികളും… “മാഡം, ഭക്ഷണം ബാക്കി വന്നാൽ കച്ചടയിൽ ഇടരുത്, ഒരു കവറിൽ കെട്ടി വെച്ചാൽ മതി.. ഞാൻ എടുത്തോളാം.. ഞങ്ങള് കഴിച്ചോളാം “.. അയാൾ പറഞ്ഞു.. കുറ്റബോധം കൊണ്ടു താഴ്ന്ന തലയുമായി, ഒട്ടിയ വയറുമായി നിൽക്കുന്ന ആ കുഞ്ഞുങ്ങളെ നേരിടാനാകാതെ ഞാൻ നിന്നു… അകത്തേക്ക് ചെന്നപ്പോൾ “മോൻ പിച്ചിപറിച്ചിട്ട ബട്ടർ പുരട്ടിയ ബ്രെഡും, കുടിക്കാതെ ബാക്കി വെച്ചിരിക്കുന്ന ഹോർലിക്സിട്ട പാലും ” ചോദ്യ ചിഹ്നനമായി എന്നെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു… വയറു നിറഞ്ഞു ഭക്ഷണം വേണ്ടാത്ത കുഞ്ഞിന് വേണ്ടതിലധികം പലതും വാങ്ങികൂട്ടി വെച്ചിരിക്കുന്നു… മറ്റൊരിടത്ത് ഒട്ടിയ വയറുമായി കുറെ ജീവിതങ്ങൾ എന്തെങ്കിലും കഴിക്കാൻ കിട്ടിയിരുന്നെങ്കിൽ എന്ന നെടുവീർപ്പുമായി ജീവിതം തള്ളി നീക്കുന്നു …

പലതും പഠിച്ചു തുടങ്ങുകയായിരുന്നു ഞാൻ അവിടെ നിന്നും…

ഞങ്ങൾ, രാത്രികളിൽ, മിക്കപ്പോഴും സ്ട്രീറ്റ് ഫുഡ്‌ കഴിയ്ക്കാൻ പോകുന്നൊരിടമുണ്ടായിരുന്നു…. അവിടെ ചെല്ലുമ്പോഴൊക്ക എട്ടോ, ഒൻമ്പതോ വയസ്സുള്ളൊരു പെൺകുട്ടി കീറിത്തുന്നിയ വസ്ത്രങ്ങളുമായി കൈനീട്ടി വരും.. പൈസ കൊടുക്കാൻ ഞാൻ സമ്മതിക്കില്ല.. കഴിക്കാൻ വാങ്ങി കൊടുത്താൽ മതിയെന്നു പറയും… വാങ്ങി കൊടുക്കുന്നത് അവള് അവിടെ നിന്നു കഴിക്കില്ല… കുറച്ചപ്പുറത്തു തളർന്നു കിടന്നുറങ്ങുന്നൊരു ആൺകുഞ്ഞുണ്ടാകും.. അവളുടെ അനിയൻ…. അവൾ കഴിക്കാതെ, അനിയനെ വിളിച്ചെണീപ്പിച്ചു ആ ഭക്ഷണമവൾ കോരിക്കൊടുക്കുന്നതും… അവനതു ആർത്തിയോടെ കഴിച്ചു വിശപ്പടക്കുന്നതുമൊക്കെ കണ്ടു പലപ്പോഴും കണ്ണു നിറഞ്ഞിട്ടുണ്ട്… 40 രൂപ വിലയുള്ള കിന്റർ ജോയിക്കായി കരഞ്ഞ മോനത് വാങ്ങിക്കൊടുത്തതും, അതിലെ ടോയ് എടുത്ത ശേഷം യാതൊരു സങ്കോചവുമില്ലാതെ അവനതു വലിച്ച് എറിയുന്നതും നോക്കി നിന്നിട്ടുള്ളതുമായ ഞാൻ.. അവൻ നിസ്സാരമായി വലിച്ചെറിയുന്ന ആ പൈസയുടെ മൂല്യം ഒരുനേരത്തെ ഒരു കുടുംബത്തിന്റെ വിശപ്പടക്കാൻ മാത്രം ഉണ്ടായിരുന്നുവെന്ന് തിരിച്ചറിയുകയായിരുന്നു അവളിലൂടെ…

ഏതെങ്കിലും റോഡ് സൈഡിൽ നാല് മരക്കൊമ്പുകളുടെ മേൽ ടാർപ്പായും വലിച്ചുകെട്ടി കിട്ടുന്നത് കഴിച്ചു വിശപ്പടക്കുന്നവർ (അതും തീരെ കുഞ്ഞു കുട്ടികളടക്കം)… ബേക്കറിയുടെയോ, ഹോട്ടലിന്റെയോ ഓരത്ത് മറ്റുള്ളവർ കഴിക്കുന്നതിന്റെ ബാക്കിയുള്ളതു വെസ്റ്റിലിട്ടിട്ട് പോകണേ എന്ന് പ്രാർത്ഥിച്ചു നിൽക്കുന്നവർ…അടുപ്പ് പുകയ്‌ക്കാൻ, ആരെങ്കിലും കളയുന്ന..പാഴാക്കുന്ന സാധനങ്ങൾ കിട്ടാൻ കാത്തു നിൽക്കുന്ന കുഞ്ഞുങ്ങൾ…..

ഗലികളിലേക്കിറങ്ങിയാൽ രണ്ടുവയസ്സുള്ള കുട്ടികൾ തൊട്ടു ദൈന്യത തോന്നിക്കുന്ന മുഖവുമായി കൈനീട്ടികൊണ്ടു നിൽക്കുന്ന കാഴ്ചകൾ … മാലിന്യകൂമ്പാരത്തിൽ നിന്നും ആർത്തിയോടെ വാരിത്തിന്നു വിശപ്പടക്കുന്നവർ, മുലകൊടുത്തു കുഞ്ഞിനെ ഉറക്കിയ ശേഷം ആ കുഞ്ഞിന്റെ വിശപ്പടക്കാൻ റോഡിലേക്കിറങ്ങുന്നവർ… ചിന്തിക്കാൻ പോലും സാധിക്കാത്ത എന്തൊക്കെയോ അനുഭവങ്ങളാണ് നോർത്ത് ഇന്ത്യൻ വാസം തന്നിട്ടുള്ളത്…

“അക്ഷരങ്ങൾ അച്ചടിച്ചു കൂട്ടിയ പുസ്തകത്താളുകളിൽ നിന്നും നീ പഠിച്ച ഇന്ത്യയല്ല അനുഭവങ്ങളുടെ ഇന്ത്യ “.. മമ്മുക്ക പറയുന്ന ഈ ഡയലോഗ് ഉൾക്കൊള്ളാനായത്…അനുഭവിച്ചറിഞ്ഞത് നോർത്തിന്ത്യൻ വാസത്തിലൂടെയാണ്… കംഫേർട്ട് സോണിൽ ഇഷ്ടത്തിന്.. ഇഷ്ടമുള്ളതൊക്കെ തിന്നും കുടിച്ചും ജീവിച്ച എനിക്കു ഭർത്താവിനൊപ്പമുള്ള നോർത്ത് ഇന്ത്യൻ വാസം മറക്കാനാകാത്ത അനുഭവങ്ങളാണ്, പാഠങ്ങളാണ് സമ്മാനിച്ചത്.. ഒരു നേരത്തെ ഭക്ഷണത്തിനൊരല്പം രുചി കുറഞ്ഞു പോയാൽ വഴക്കുണ്ടാക്കിയിരുന്ന, നോൺവെജ് ഫുഡ്‌ ഇല്ലാതെ ഒരാഴ്ച തികച്ചു ഭക്ഷണം കഴിക്കാത്ത, തോന്നുമ്പോൾ തോന്നിയ ഭക്ഷണം ഓർഡർ ചെയ്തു കഴിച്ചിരുന്ന ഞാൻ ഉണ്ണാനും, ഉടുക്കാനുമില്ലാത്തവന്റെ സങ്കടങ്ങളിലൂടെ ജീവിക്കുകയായിരുന്നു…

ഇന്ത്യ ഗെയ്റ്റും, റെഡ്‌ഫോർട്ടും, സ്ട്രീറ്റ് ഷോപ്പിങ്ങും മാത്രം സ്വപ്നം കണ്ടു ദില്ലിയിലെത്തിയ ഞാൻ ജീവിതം പഠിച്ചു തുടങ്ങുകയായിരുന്നു..

പിന്നീടൊരിക്കലും ഒരുവറ്റ് ഭക്ഷണം പാഴാക്കാൻ എന്റെ മനസ്സനുവദിച്ചിട്ടില്ല…കുഞ്ഞെത്ര വാശിപിടിച്ചാലും ആവശ്യമില്ലാത്തതൊന്നും വാങ്ങിക്കൊടുത്തവനെ സന്തോഷിപ്പിക്കാൻ തോന്നിയിട്ടില്ല …

ഇപ്പോൾ ഒരു വർഷത്തോളമായി നാട്ടിലാണ്.. കൊറോണ വന്നു, ലോക്ക്ഡൗൺ ആയി നല്ല ഫുഡ്‌ കഴിച്ച കാലം മറന്നെന്നു പറഞ്ഞു നാവു വായിലിട്ട് അടുത്ത നിമിഷം ചിന്തിച്ചത് അവരെപ്പറ്റിയാണ്‌… എന്താകും അവരുടെ സ്ഥിതി, ഈ അവസ്ഥയിൽ അവർക്ക് വിശപ്പടക്കാൻ എന്തെങ്കിലും കിട്ടുന്നുണ്ടാകുമോ?.. അറിയില്ല…ഭക്ഷണം കിട്ടാത്തത് കൊണ്ടു കാൽനടയായി ആയിരക്കണക്കിനാളുകൾ നോർത്തിൽ ഗ്രാമങ്ങളിലേക്ക് നടന്നു തുടങ്ങിയത് കണ്ടപ്പോൾ വേദന തോന്നിയിരുന്നു … പിന്നീടവർക്കു വേണ്ടതൊക്കെ ലഭ്യമായി എന്നു കേട്ടപ്പോൾ ആണ് സമാധാനമായത്…

എല്ലാ സൗകര്യങ്ങളിലും ജീവിക്കുന്ന നമ്മളിൽ പലർക്കും ഇതൊക്ക തമാശ ആയിരിക്കും.. ലോക്ക്ഡൗൺ ആണെങ്കിലും മൂന്നുനേരം ഭക്ഷണം കഴിക്കാൻ ഉള്ളത് ഗവണ്മെന്റ് ഇടപെട്ടായാലും കിട്ടുന്നുണ്ട്… ഞാനടക്കമുള്ള നമ്മൾ പലരുടെയും ദുഃഖം പുറത്തിറങ്ങാൻ പറ്റുന്നില്ല, ഇഷ്ടമുള്ള രുചിയുള്ള ഭക്ഷണം കിട്ടുന്നില്ല എന്നതൊക്കെയാണല്ലോ… പക്ഷെ ഉണ്ണാനും, ഉടുക്കാനുമില്ലാത്തവന്റെ സങ്കടം അറിഞ്ഞിട്ടുണ്ടോ?.. അതറിയണമെങ്കിൽ നേരിട്ടനുഭവിക്കണം… വിശക്കുന്ന വയറിന്റെ എരിച്ചിൽ അറിയണം…

രാജ്യസുരക്ഷയ്ക്ക് വേണ്ടി രാജ്യം മുന്നോട്ടു വയ്ക്കുന്ന ഏതു ആശയങ്ങൾക്കൊപ്പവും നിൽക്കാം.. എന്തിനു വേണ്ടിയായാലും “ഒരു വയറു പോലും പട്ടിണി ആയി പോകരുതേ എന്നേ പ്രാർത്ഥനയുള്ളു.. ” കാരണം വിശപ്പോളം വലിയ എരിച്ചിലൊന്നും വേറേയില്ലല്ലോ…

“ലോകത്ത് ഏറ്റവും കൂടുതൽ എഴുതപ്പെടേണ്ട വികാരം വിശപ്പാണ് ” എന്ന ഒരുപാട് വായിച്ചിട്ടും, അറിഞ്ഞിട്ടുമുള്ള സത്യം ഓർത്തു കൊണ്ടു, ഓർമിപ്പിച്ചു കൊണ്ടു നിർത്തുന്നു…