എന്നെ പഠിപ്പിച്ചു നല്ല നിലയിൽ ആക്കുവാൻ ആഗ്രഹിച്ച മാതാപിതാക്കളുടെ വാക്കുകൾ…

മാന്യത

Story written by Suja Anup

::::::::::::::::::::::::::::::::::

“‘അമ്മ, എന്നെ കാണുവാൻ ഇനി ഇവിടെ വരരുത്. എനിക്ക് അത് ബുദ്ധിമുട്ടാണ്. നിങ്ങൾ ഒരു വൃത്തികെട്ട സ്ത്രീ ആണ്…” കണ്ണുകൾ തുടച്ചുകൊണ്ട് അവൾ പറഞ്ഞു.

“പാവം എൻ്റെ കുട്ടി..” പെട്ടെന്ന് കണ്ണ് നിറഞ്ഞെങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല. എന്നെ പോലെ ഒരമ്മ ഈ ലോകത്തിൽ വേറെ ഉണ്ടാകില്ല. ഭാഗ്യം കെട്ടവൾ….മകളോട് കള്ളം പറയേണ്ടി വന്നവൾ…

……………………………………

മോൾ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അദ്ദേഹം ദൈവ സന്നിധിയിലേയ്ക്ക് പോയത്. ഉണ്ടായിരുന്നിട്ടും വലിയ പ്രയോജനം ഒന്നും ഉണ്ടായിരുന്നില്ല. എന്നും തല്ലും ബഹളവും മാത്രം. ആണൊരുത്തനെ വിശ്വസിച്ചു കൂടെ ഇറങ്ങി പോന്നൂ. വീട്ടുകാർ മൊത്തം അങ്ങനെ എനിക്കെതിരായി. തല ചായിക്കുവാൻ ഒരു കൂര പോലും അയാൾക്കുണ്ടായിരുന്നില്ല. അയാളിൽ ഞാൻ എന്താണ് കണ്ടത്. ഇന്നും എനിക്കറിയില്ല. പ്രായത്തിൻ്റെ അവിവേകം .അയാളുടെ കൈയ്യും പിടിച്ചിറങ്ങുമ്പോൾ പുറകിൽ നിന്നും ‘അമ്മ പ്രാകിയതു ഓർമ്മയുണ്ട്.

“നീ ഇതിനെല്ലാം അനുഭവിക്കും. നീ ഒരു കാലത്തും ഗതി പിടിക്കില്ല..”

ആ വാക്കുകൾ അതുപോലെ തന്നെ ഫലിച്ചു…ഞങ്ങൾ മക്കൾ രണ്ടായിരുന്നൂ. രണ്ടുപേരെയും അമ്മയും അച്ഛനും സ്നേഹിച്ചു വളർത്തി. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അയല്പക്കത്തെ വീട്ടിൽ വാർക്ക പണിക്കു വന്ന അയാളെ ഞാൻ പ്രണയിച്ചത്. എന്നെ പഠിപ്പിച്ചു നല്ല നിലയിൽ ആക്കുവാൻ ആഗ്രഹിച്ച മാതാപിതാക്കളുടെ വാക്കുകൾ വികാരത്തള്ളിച്ചയിൽ നിൽക്കുന്ന എൻ്റെ തലയിൽ കയറിയില്ല. പത്താം തരം കഴിഞ്ഞതും അയാളുടെ കൂടെ ഇറങ്ങി.

പിന്നെ ഞാൻ ജീവിതം പഠിച്ചു തുടങ്ങി. ആദ്യത്തെ ആവേശം തീർന്നതും അയാൾക്ക്‌ ഞാൻ ഒരു ഭാരമായി. കുടിയും ചീട്ടു കളിയും മാത്രമായി അയാളുടെ ജീവിതം. അയാൾ എടുത്തണിഞ്ഞിരുന്ന മാന്യതയുടെ കുപ്പായം അവിടെ അഴിഞ്ഞു വീണൂ.

പതിനെട്ടാം വയസ്സിൽ പ്രസവിച്ചൂ. അല്ലറ ചില്ലറ വീട്ടുപണികൾ എല്ലാം ചെയ്തു ഞാൻ അന്നന്നത്തെ അഷ്ടിക്കുള്ള വക കണ്ടെത്തി. അയാൾ മരിച്ചതോടെ വാടകവീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നൂ. സ്വന്തം വീട്ടിൽ ചെന്നപ്പോൾ ഇരുകൈയും നീട്ടി അവർ സ്വീകരിച്ചൂ. അവിടെ ഒരു ഭാരമായി നിൽക്കുവാൻ വയ്യ. അനിയത്തിയുടെ പഠിപ്പു കഴിഞ്ഞു, അവൾക്കു നല്ല ആലോചനകൾ വരുന്നൂ. വിധവയായ ഞാൻ അതിനു ഒരു തടസ്സമാണ് എന്ന് മനസ്സിലാക്കിയപ്പോൾ അവിടെ നിന്നും ഇറങ്ങി.

ആ സമയത്താണ് അയല്പക്കത്തെ ചേച്ചി പ്രസവശുശ്രൂഷയ്ക്കു നിൽക്കുന്ന ജോലിയുടെ കാര്യം പറഞ്ഞത്. മകളെ നല്ലൊരു മഠത്തിൻ്റെ ഹോസ്റ്റലിൽ ആക്കി. അവരുടെ തന്നെ സ്കൂളിൽ അവൾക്ക് പഠിക്കാം. പിന്നെ ആ ജോലിയിലേയ്ക്ക് ഞാൻ ഇറങ്ങി.

ഒരു ഏജൻസിയിൽ പേര് കൊടുത്തൂ . ആ ജോലിക്കു പോയി തുടങ്ങി. 28 ദിവസ്സം അവർ പറയുന്ന വീട്ടിൽ താമസിച്ചു ജോലി ചെയ്യണം. അത്യാവശ്യം നല്ല ശമ്പളം. 30 ദിവസ്സത്തെ ശമ്പളം തരും. രണ്ടു ദിവസ്സം അവധി. ആ ദിവസ്സങ്ങൾ ഞാൻ മോൾ പഠിക്കുന്ന മഠത്തിലെ തന്നെ വുമൺസ് ഹോസ്റ്റലിൽ കൂടും. അതിനുള്ള സമ്മതം അവിടത്തെ മദർ തന്നിട്ടുണ്ട്.

കാലം കടന്നുപോയികൊണ്ടിരുന്നൂ….

പതിയെ പതിയെ എന്തും നേരിടുവാനുള്ള തൻ്റെടം എനിക്ക് വന്നു തുടങ്ങി. ആരെയും പേടിക്കാതെ ജീവിക്കാം..മകൾ വലുതായി. ഇന്നിപ്പോൾ അവൾ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നു. അവൾക്കു എല്ലാം മനസ്സിലാകുന്ന പ്രായം ആണ്. ഇതുവരെ ഞാൻ ചെയ്യുന്ന ജോലി എന്തെന്ന് അവളോട് പറഞ്ഞിട്ടില്ല. അത് അവൾക്കു നാണക്കേട് ആയാലോ. അവളുടെ കൂടെ പഠിക്കുന്നവരെല്ലാം വലിയ പണക്കാരാണ്. അവരുടെ മുൻപിൽ എൻ്റെ കുട്ടി ഒരിക്കലും ചെറുതാകരുത്. അതുകൊണ്ടു തന്നെ കോയമ്പത്തൂരെ കമ്പനിയിൽ ആണ് ജോലി എന്നാണ് അവളോട് പറഞ്ഞിരുന്നത്.

എല്ലാം തെറ്റിയത് അന്നാണ്. അവളുടെ കൂട്ടുകാരി എന്നെ എറണാകുളത്തെ ഒരു ഹോട്ടലിൽ നിന്നും ഒരാൾക്കൊപ്പം ഇറങ്ങി പോകുന്നത് കണ്ടു. അത് അവൾ മകളോട് പറഞ്ഞു. അവൾക്കു അത് ആകെ നാണക്കേടായി. അവൾ കരച്ചിലായി. “അമ്മയെ അറിയിക്കുവാൻ അവൾ സമ്മതിച്ചില്ല..” എന്നിട്ടും സിസ്റ്റർ എന്നെ വിളിച്ചു പറഞ്ഞു. ജോലി എടുക്കുന്ന വീട്ടിൽ കുറച്ചു നേരത്തേയ്ക്ക് അവധി പറഞ്ഞു ഞാൻ ഇറങ്ങി.

ഇന്ന് ഇവിടെ എത്തിയപ്പോൾ മാത്രം ആണ് കാര്യങ്ങൾ സിസ്റ്റർ എന്നോട് വിശദമായി പറഞ്ഞത്. ഞാൻ ചെയ്യുന്ന തൊഴിലിനെ പറ്റി സിസ്റ്ററിനു നന്നായി അറിയാം.

“മകളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുവാൻ സമയമായി. ഇനിയും വൈകരുത്.” സിസ്റ്റർ പറഞ്ഞു

“ശരിയാണ് സിസ്റ്റർ. എനിക്ക് മനസ്സിലാകുന്നുണ്ട്..”

ചിലതൊക്കെ മനസ്സിൽ കരുതിയിട്ടാണ് ഞാൻ മകളെ കാണുവാൻ ചെന്നത്. പക്ഷേ…അവളെ കണ്ടതും അവൾ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. എനിക്ക് സംസാരിക്കുവാൻ ഒരവസരം പോലും അവൾ തന്നില്ല. അത്രയ്ക്ക് അവൾ നൊന്തുപോയിരിക്കുന്നൂ..ഞാൻ അവിടെ നിന്നൂ കരഞ്ഞു. എൻ്റെ കരച്ചിൽ കണ്ടതും അവൾ സംസാരം നിറുത്തി.

അവളോട് ഒന്ന് മാത്രമേ ഞാൻ ആവശ്യപ്പെട്ടുള്ളൂ.. “നീ എൻ്റെ കൂടെ ഇന്ന് ഒരിടം വരെ വരണം. അതിനു ശേഷം ഒരിക്കലും നിന്നെ കാണുവാൻ ഞാൻ വരില്ല..”

“എന്നെയും വിൽക്കുവാനാണോ…” അവളുടെ ആ ചോദ്യം ഞാൻ കേട്ടില്ല എന്ന് നടിച്ചൂ..അങ്ങനെ ഞങ്ങൾ ആ വീട്ടിലെത്തി. ഞാൻ അകത്തെ മുറിയിലേയ്ക്കു അവളെ കൊണ്ടുപോയി. പ്രസവം കഴിഞ്ഞിട്ട് മൂന്ന് ദിവസ്സം ആയിട്ടുള്ളൂ. കുഞ്ഞു ഉറങ്ങുകയാണ്. ഈ വീട്ടിൽ ഞാൻ ജോലിക്കു കയറിയിട്ട് മൂന്ന് ദിവസ്സം മാത്രമേ ആയിട്ടുള്ളൂ. അമ്മയെയും കുഞ്ഞിനേയും കുളിപ്പിച്ചതിനു ശേഷമാണ് ഞാൻ അവിടെ നിന്നും ഇറങ്ങിയത്. തുണികൾ കുറച്ചു കഴുകുവാൻ ഉണ്ടായിരുന്നൂ. അതിൽ തീണ്ടാരി തുണിയും കുഞ്ഞു അപ്പിയിട്ട തുണികളും ഉണ്ട്. മകളോട് ഞാൻ കൂടെ വരുവാൻ പറഞ്ഞു.

അതെല്ലാം ഞാൻ കഴുകുന്നത് അവൾ നോക്കി നിന്നൂ. അവൾക്കു അറപ്പു തോന്നുന്നുണ്ട് എന്നെനിക്കറിയാം. ആദ്യമായി ഈ പണി ചെയ്തപ്പോൾ എനിക്കും അറപ്പു തോന്നിയിരുന്നൂ. പിന്നെ എല്ലാം ശീലമായി. ഒരു വീടിൻ്റെ സുരക്ഷിതത്വത്തിൽ വൃത്തിയുള്ള ഭക്ഷണം കഴിച്ചു കഴിയാം. കുട്ടിയുടെ ഇരുപത്തെട്ടിന് പുതിയ വസ്ത്രങ്ങൾ തരും. മിക്കവാറും വരുന്നവരെല്ലാം എന്തെങ്കിലും കൈമടക്കു തരും. പഴയ സാരികളും പുതിയ സാരികളും കിട്ടും.ഒരു കൂരയില്ലാത്ത വിധവയായ എനിക്ക് എൻ്റെ മകളെ പഠിപ്പിക്കുവാനുള്ള തുക കിട്ടുന്നുണ്ട്. പത്താം തരം പാസ്സായ എനിക്ക് വേറെ എന്ത് ജോലി കിട്ടും.. ഞാൻ മകളോട് ഒന്നും പറഞ്ഞില്ല. അവൾക്കു എല്ലാം മനസ്സിലാകുമല്ലോ..തുണികൾ വിരിച്ചു കഴിഞ്ഞതും അവളെ ഞാൻ ആ വീട്ടിലെ അമ്മയുടെ അടുത്തേയ്ക്കു കൊണ്ടുപോയി. അവർ അവളോട് പറഞ്ഞു

“മോള് വിഷമിക്കരുത്. ബിന്ദു എന്നോട് എല്ലാം പറഞ്ഞു. അന്ന് ഞാനും ഭർത്താവും കൂടെ ആണ് നിൻ്റെ അമ്മയെ ‌ ഹോട്ടലിൽ കൊണ്ട് പോയത്. മകൾ ആശുപത്രിയിൽ ആയിരുന്നല്ലോ. ഹോസ്പിറ്റലിൽ അവളുടെ അച്ഛന് നിൽക്കുവാൻ കഴിയില്ലല്ലോ. രണ്ടു ദിവസ്സമായി അദ്ദേഹം ആ ഹോട്ടലിൽ ആണ് താമസിച്ചിരുന്നത് . ആശുപത്രിയുടെ തൊട്ടടുത്ത് അദ്ദേഹം ഉള്ളത് എന്നിക്കു ഒരു ആശ്വാസമാണ്. നിൻ്റെ ‘അമ്മ പറഞ്ഞതിലും രണ്ടു ദിവസ്സം വൈകിയാണ് വന്നത്.”

“പ്രസവം കഴിഞ്ഞപ്പോൾ പിന്നെ അദ്ദേഹം വീട്ടിലേയ്ക്കു മടങ്ങുവാൻ തീരുമാനിച്ചൂ. വസ്ത്രങ്ങൾ പാക്ക് ചെയ്യുവാൻ സഹായത്തിനു ഞാനാണ് അമ്മയെ കൂടെ അയച്ചത്. അത് ഇത്ര വലിയ പ്രശ്നം ആകുമെന്ന് എനിക്ക് അറിയില്ലായിരുന്നൂ..” മകളുടെ കണ്ണുകൾ നിറഞ്ഞിരുന്നൂ..

“‘അമ്മ എന്നോട് ക്ഷമിക്കണം. പറയുവാൻ പാടില്ലാത്ത ഒരുപാടു കാര്യങ്ങൾ ഞാൻ പറഞ്ഞു…” അവൾ എന്നെ വന്നു കെട്ടിപിടിച്ചു..

“‘അമ്മ എന്തിനാണ് ജോലിയെ പറ്റി എന്നോട് കള്ളം പറഞ്ഞത്..”

“മോൾക്ക് അത് നാണക്കേടാകില്ലേ. മോളും ആരോടും പറയേണ്ട..”

“ഇല്ല അമ്മേ, ആദ്യം എനിക്ക് അമ്മ ചെയ്യുന്ന ജോലി കണ്ടപ്പോൾ അറപ്പു തോന്നി. പക്ഷേ അമ്മയുടെ നെറ്റിയിലെ വിയർപ്പും കഷ്ടപ്പാടും അല്ലെ എൻ്റെ തിളങ്ങുന്ന ഈ ഉടുപ്പുകളും ശരീരവും. എല്ലാ ജോലികൾക്കും അതിൻ്റെ മാന്യത ഉണ്ട്. എൻ്റെ കൂട്ടുകാർ പണക്കാർ ആയിക്കോട്ടെ. ഞാൻ അമ്മയുടെ മകൾ ആണ്. അഭിമാനത്തോടെ ഞാൻ അമ്മയുടെ ജോലിയെ പറ്റി പറയും..”

…………സുജ അനൂപ്