കോളേജ് അവസാനിക്കാൻ ഇന്ന് ഒരു ദിവസം കൂടിയേ ബാക്കിയുളളൂ…ഇന്ന് കഴിഞ്ഞാൽ എല്ലാം ഓർമ്മകൾ മാത്രം…

പ്രേമം

Story written by PRAVEEN CHANDRAN

::::::::::::::::::::::::::::::::::::::

കോളേജ് അവസാനിക്കാൻ ഇന്ന് ഒരു ദിവസം കൂടിയേ ബാക്കിയുളളൂ… ഇന്ന് കഴിഞ്ഞാൽ എല്ലാം ഓർമ്മകൾ മാത്രം..

പറയാൻ ബാക്കിയായ ഒരുപാട് പ്രണയങ്ങൾ… അകാലത്തിൽ പൊലിഞ്ഞുപോയ ഒരുപാട് പ്രണയങ്ങൾ..പുതിയ പ്രതീക്ഷയോടെ പറക്കാനിരിക്കുന്ന ഒരുനാട് പ്രണയങ്ങൾ…

അങ്ങനെ ഒരുപാട് പ്രണയകഥകൾ പറയാനുണ്ടാവും ഈ കാമ്പസിലെ ഓരോരോ ചുവരുകൾക്കും വരാന്തകൾക്കും…

ഇതിലേത് കഥയായിരിക്കും ഞങ്ങളെക്കുറിച്ച് ഈ കാമ്പസിന് പറയാനുണ്ടാവുക…

ഞങ്ങളെന്ന് പറഞ്ഞാൽ ഞാനും എന്റെ… എന്റെ.. അങ്ങനെ വിളിക്കുന്നത് ചിലപ്പോൾ അതിമോ ഹമായിരിക്കാം എന്നിരുന്നാലും….

എന്റെ മീനുവും…

പക്ഷെ ഒരു പ്രധാനകാര്യം പറയാനുണ്ട്..എനിക്ക് അവളോട് പ്രണയാമാണെന്ന് എനിക്ക് മാത്രമേ അറിയൂട്ടോ…അവളോട് ഇത് വരെ അത് പറയാനുളള ധൈര്യം എനിക്ക് ഇത് വരെ കിട്ടിയിട്ടില്ലായിരുന്നു..

ഞങ്ങൾ നല്ല ഫ്രണ്ട്സ് ആണോന്ന് ചോദിച്ചാൽ അല്ല എന്ന് വേണം പറയാൻ.. നല്ലൊരു ഫ്രണ്ട്ഷിപ് ഉണ്ടാക്കാൻ വരെ എനിക്ക് പറ്റിയില്ല എന്നതാണ് സത്യം…

എനിക്ക് കോളേജിൽ അത്യാവശ്യം നല്ലൊരു ഇമേജ് ഉണ്ട്.. അത് കളഞ്ഞ്കുളിക്കാൻ താൽപ്പര്യമില്ലാത്തതോണ്ടാണ് ഞാനവളോട് ഇഷ്ടമാണെന്ന് പറയാഞ്ഞത് എന്ന് കരുതണ്ട…

ഇനി സത്യം പറയാലോ അവള് നല്ല ഗ്ലാമറുളള പെൺകുട്ടിയാ.. ഞാനാണെങ്കിൽ അത്രപോര.. എന്നെപ്പോലൊരുത്തൻ അവൾക്ക് ചേരില്ലാന്നറിയുന്നത് കൊണ്ട് ഞാൻ മനപ്പൂർവ്വം പറയാഞ്ഞതാ.. നമ്മള് നമ്മടെ വീക്ക്നെസ്സ് മറച്ച് വയ്ക്കണ്ട കാര്യമില്ലല്ലോ അല്ലേ…

പിന്നെ ആകെ എന്നെ നാലാളറിയാൻ കാരണം ഞാൻ എന്റെ ജീവനേക്കാളേറെ സ്നേഹിക്കുന്ന എന്റെ വയലിനാണ്.. അത് വായിച്ച് കേൾക്കാനാ യെങ്കിലും അവളെന്റെയടുത്തേക്ക് ഇടക്കിടക്ക് വരുന്നുണ്ടല്ലോ അത് തന്നെ സമാധാനം..

അവിടെ ആ വരാന്തയിലെ തിണ്ണയിലിരുന്ന് ഞാനൊരുപാട് തവണ അവൾക്ക് വേണ്ടി വയലിൻ വായിച്ചിട്ടുണ്ട്…

എന്റെ ഫേവറൈറ്റ് ആയ “സുന്ദരീ കണ്ണാൽ ഒരു സെയ്തി” എന്ന ഇളയരാജയുടെ മനോഹരമായ ഡ്യൂയറ്റ് എത്രതവണ അവൾക്ക് വേണ്ടി വായിച്ചിട്ടുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല.. അവൾക്കും അത് വളരെ ഇഷ്ടമായിരുന്നു..

പക്ഷെ ഞാനവളെ മനസ്സിൽ കണ്ടാണ് അത് വായിച്ചിരുന്നെന്ന സത്യം അവൾക്കറിയില്ലല്ലോ…

പലപ്പോഴും മനസ്സ് തുടിച്ചിട്ടുണ്ട് പ്രണയം തുറന്ന് പറയാനായി.. അപ്പോഴൊക്കെ അതിന് കടിഞ്ഞാണിടാൻ ഞാൻ നന്നേ പാടുപെട്ടിരുന്നു..

എക്സാം കഴിഞ്ഞ് കോളേജടയ്ക്കുമ്പോഴൊ ക്കെ അവളെക്കാണാതെ മനസ്സ് വെമ്പൽ കൊണ്ടിരുന്നത് പലപ്പോഴും ഞാനറിഞ്ഞില്ലെന്ന് നടിച്ചിരുന്നു..

എന്നാലും അടക്കാൻ പറ്റാതാവുംമ്പോഴൊക്കെ ബൈക്കെടുത്ത് ഞാനവളുടെ വീടിന്റെ ചുറ്റും ഒരു റാണ്ടടിക്കും… അവളറിയാതെ അവളെ ഒരു നോക്ക് കാണുമ്പോൾ കിട്ടുന്ന ഒരു സുഖം.. അത് പറഞ്ഞറിയിക്കാനാവാത്തതാണ്..

അവളുടെ നുണക്കുഴി തെളിയുന്ന പുഞ്ചിരിയിൽ ഞാനറിയാതെ ലയിച്ചുപോയിട്ടുണ്ട് പലപ്പോഴും…

എല്ലാം ഇന്നത്തോടെ അവസാനിക്കും.. കാമ്പസ് അവസാനിച്ചാൽ പിന്നെ അവൾ അവളുടെ അമ്മയുടെ നാട്ടിലേക്ക് പോകും.. നാളെ ആ ചിരി ആർക്കെങ്കിലും സ്വന്തമാകും.. എന്റെ വയലിൻ അപ്പോഴും ആർക്കോ വേണ്ടി ആ ഗാനം വായിച്ചെന്നിരിക്കും… എന്നിരുന്നാലും നിന്നെ എനിക്ക് മറക്കാൻ കഴിയില്ല മീനു.. നാളെ ഇവിടത്തെ വരാന്തകൾക്ക് പറയാനായി ഒരു നഷ്ടപ്രണയത്തിന്റെ കഥ കൂടി…

“ഹായ് മിഥുൻ.. ഇവിടെ വന്നിരിക്കുകയാണോ.. ഞാനെവിടെ എല്ലാം തിരഞ്ഞു..” മീനുവിന്റെ ആ ശബ്ദം കേട്ടാണ് ഞാൻ ചിന്തകളിൽ നിന്നുണർന്നത്..

“എന്തേ മീനു? എന്തിനാ എന്നെ അന്വേഷിച്ചത്?” ആകാംക്ഷയോടെ ഞാൻ ചോദിച്ചു…

“ഒന്നുമില്ലെടാ.. ഇന്ന് കോളേജ് അവസാനിക്കല്ലേ.. എന്തോ ഒരു സങ്കടം പോലെ..” അവൾ വിഷമത്തൊടെ പറഞ്ഞു..

“അതിനെന്താ..മീനുന് ഇനി അമ്മയുടെ കൂടെ നിക്കാലോ.. അവിടേക്കല്ലേ പോകുന്നത്?”

“ശരിയാണ് എന്നിരുന്നാലും.. എല്ലാവരേയും മിസ്സ് ചെയ്യുമല്ലോന്നോർക്കുംമ്പോ ഒരു വിഷമം.. ” അവളതു പറയുമ്പോൾ എന്തോ ഒരു വിഷമം എന്നിലേക്കും കൈമാറിയ പോലെ എനിക്ക് തോന്നി..

“ഐ മിസ്സ് യൂ ഡാ.. നിന്റെ പാട്ടുകൾ… അത് ഞാൻ ശരിക്കും മിസ്സ് ചെയ്യും.. നീ തരില്ലാന്ന റിയാം എന്നാലും ഞാനൊന്ന് ചോദിച്ചോട്ടെ?”

എന്താണെന്നുളള ഭാവത്തിൽ ഞാൻ തലയാട്ടി..

“നിന്റെ വയലിൻ എനിക്ക് തരാമോ?” അവളുടെ ആ ചോദ്യത്തിന് മുന്നിൽ എന്ത് പറയണമെന്ന റിയാതെ ഞാൻ കുഴങ്ങി…

“ഞാൻ ചുമ്മാ ചോദിച്ചതാടാ മണ്ടൂസേ… നീ ആ സുന്ദരി ഒന്ന് വായിക്കോ.. എനിക്ക് വേണ്ടി ഒന്നൂടെ?”

“അതിനെന്താ” ഞാൻ സന്തോഷത്തോടെ വയലിനെടുത്ത് വായിക്കാൻ തുടങ്ങി..

മനസ്സിലെന്തൊക്കെയോ വിഷമങ്ങൾ നുരപൊന്താൻ തുടങ്ങി.. ഇത്രനാൾ വായിച്ച പ്പോൾ ഒരിക്കലും ഇത്തരമൊരു ഫീൽ ഉണ്ടായിട്ടില്ല താനും..

ഞാൻ വായിച്ചത് എന്റെ ഹൃദയം കൊണ്ടായി രുന്നു.. ഇനി ഒരിക്കലും അവൾക്ക് വേണ്ടി വായിക്കാൻ കഴിഞ്ഞെന്ന് വരില്ല.. ആ വിഷമം കൊണ്ടാവണം എന്റെ കണ്ണ് നിറഞ്ഞു..

പതിവില്ലാത്ത വിധം അവളെന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നത് കൊണ്ട് അവൾക്കത് കാണാനായി.. പക്ഷെ അവളൊന്നും ചോദിച്ചില്ല…

വായിച്ചു കഴിയുന്നത് വരെ അവളെന്റെ കണ്ണിൽ തന്നെ നോക്കിയിരുന്നു.. അവളുടെ കണ്ണുകൾക്ക് എന്തോ എന്നോട് പറയാനുളളത് പോലെ..ആ നുണക്കുഴികൾ എന്തിനോ വേണ്ടി തുടിക്കുന്നപോലെ…

അവളുടെ കണ്ണുകൾ നിറയുന്നുവോ…

“സുന്ദരി കണ്ണാൽ ഒരു സെയ്തി…സൊല്ലെടി ഇന്നാൾ നല്ല…” അത്രയേ എനിക്ക് വായിക്കാൻ പറ്റിയുളളൂ കൈകൾ വിറയ്ക്കാൻ തുടങ്ങി…

അവളെന്റെ കണ്ണുകളിൽ ത്തന്നെ നോക്കി…ഭാവഭേദമേതുമില്ലാതെ….

“എന്നെയേ തന്തേൻ ഉനക്കാകെ.. ജന്മമേ കൊണ്ടേൻ അത്ക്കാകെ”…

അത് പാടി മുഴുമിപ്പിച്ചത് എന്റെ വയലിനല്ലായി രുന്നു.. അവളുടെ ചുണ്ടുകളായിരുന്നു…

വർഷങ്ങൾക്കിപ്പുറം ഞങ്ങളുടെ മകൾ ആ പാട്ട് വയലിനിൽ വായിക്കുമ്പോൾ അവളെന്റെ അടുത്ത് വന്നിരിക്കും… ഒരു നിമിഷം ഞങ്ങളാ വരാന്തയിലേക്ക് പോകും.. ആ വരാന്തകൾക്ക് ഞങ്ങളൊട് ഒരുപാട് കഥകൾ പറയാനുണ്ടത്രേ…