ഞെട്ടിത്തരിച്ചു നില്‍ക്കുമ്പോഴാണ് വഷളന്‍ ചിരിയോടെ തന്നെ നോക്കി നില്‍ക്കുന്ന അയാളുടെ മേലുദ്യോഗസ്ഥനെ കണ്ടത്…

പിഴച്ചവള്‍…

Story written by Deepthy Praveen

:::::::::::::::::::::::::::::::

” ഒരു നിമിഷത്തെ ലൈം ഗികസുഖത്തിനായി ഒരു സ്ത്രീ ഭര്‍ത്താവിനെ കൊന്നിരിക്കുകയാണ്…. നിങ്ങള്‍ മനസ്സിലാക്കണം ഇത്തരം സ്ത്രീകള്‍ സമൂഹത്തിന് ഭീഷണിയാണ്‌… ”

വിലങ്ങുവെച്ചു പോലീസുകാരുടെ നടുവിലൂടെ നടന്നു നീങ്ങുമ്പോള്‍ പുറത്തു ആവേശത്തോടെ ക്യാമറയില്‍ നോക്കി സംസാരിക്കുന്ന ചിലരെ അവള്‍ തലയുയര്‍ത്തിയൊന്നു നോക്കി….. അപ്പോഴും കാര്യം ഒന്നും മനസ്സിലാകാതെ പത്തുവയസ്സുകാരന്‍ ദേവന്‍ സിറ്റൗട്ടില്‍ പകച്ചിരിക്കുന്നുണ്ടായിരുന്നു…അതോര്‍ത്തപ്പോള്‍ അവളുടെ നെഞ്ചു പൊട്ടി തകര്‍ന്നു..

വേണമെന്നു കരുതി ചെയ്തതല്ല…. അത് ആവണമെങ്കില്‍ എന്നേ ആകാമായിരുന്നു……

ചോരയില്‍ കുതിര്‍ന്ന വിനയന്റെ ശരീരം ഓര്‍മ്മയില്‍ വന്നതോടെ ഉള്ളില്‍ വീണ്ടും വെറുപ്പ് കുമിഞ്ഞു കൂടി..

” എനിക്കു തീരെ വയ്യ വിനയേട്ടാ… അങ്ങോട്ടു നീങ്ങി കിടന്നെ… ”

ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ സ്റ്റെപ്പില്‍ സ്ലിപ്പായി വീണതാണ്….. ശരീരം ആകമാനം വേദന… പക്ഷേ വിനയന് അതൊന്നും പ്രശ്നമല്ല… വീണ്ടും അയാള്‍ അവളോടു അടുത്തു ചെന്നു കൊണ്ടേയിരുന്നു.. അവള്‍ മൗനം പാലിച്ചു.. ഇല്ലെങ്കില്‍ നാളെ മുതല്‍ ഇല്ലാത്ത അ വിഹിതത്തിന്റെ പഴിയും ശാരീരികവും മാനസികവുമായ പീ ഢനങ്ങളും സഹിക്കേണ്ടി വരും..എല്ലാം ഈ മുറിയ്ക്കുള്ളില്‍ ഒതുങ്ങുമെന്നുളളതാണ് ആശ്വാസം.. മുറിയ്ക്ക് പുറത്ത് കുടുംബത്തെ സ്നേഹിക്കുന്ന നല്ലവനായ ഭര്‍ത്താവാണ്‌.. അച്ഛനാണ്…. അല്ലെങ്കിലും വിനയേട്ടന്‍ നല്ല ,അച്ഛനാണ്‌.. മോനെ പൊന്നു പോലെ നോക്കും…. ശിക്ഷ മുഴുവന്‍ തനിക്കു മാത്രമാണ്… കല്യാണം കഴിഞ്ഞ നാള്‍ മുതല്‍ തുടങ്ങിയ പീ ഢനങ്ങളാണ്… അയാളുടെ ലൈം ഗികവൈകൃതങ്ങള്‍ എതിര്‍ത്താല്‍, ഇഷ്ടകേട് തുറന്നു പറഞ്ഞാലൊക്കെ ഇല്ലാത്ത അവിഹിതത്തെ ചേര്‍ത്തു പറഞ്ഞു ഉപദ്രവിക്കും..മെന്‍റലി ടോര്‍ച്ചര്‍ ചെയ്യും..

ഒരിക്കല്‍ വീട്ടില്‍ ചെറിയ രീതിയില്‍ കാര്യങ്ങള്‍ സൂചിപ്പിച്ചപ്പോഴും വിനയേട്ടന്‍ എന്ന മരുമകനോടുള്ള അമ്മയുടെയും അച്ഛന്റെയും അമിതമായ താല്‍പര്യവും തന്റെ അനുസരണകേടും വ്യക്തമായപ്പോള്‍ ആ പരിപാടിയും ഉപേക്ഷിച്ചു ..

”നീ വിനയനോട് വഴക്കൊന്നും കൂടാതെ സ്നേഹിച്ചു ജീവിക്കാന്‍ നോക്കണം..അമ്മയുടെയും അച്ഛന്റെയും കാലം കഴിഞ്ഞാല്‍ ആരും നിനക്ക് കാണില്ലെന്നു ഓര്‍മ്മ വേണം..”

അമ്മയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ചിരിക്കാന്‍ തോന്നി..

മിഠായിക്ക് വേണ്ടിയും കളിപ്പാട്ടങ്ങള്‍ക്ക് വേണ്ടിയും തല്ലുകൂടുകയും ചെറിയ വേദനകള്‍ക്ക് കരയുകയും വെറുതെ വാശി പിടിക്കുകയും ചെയ്യുന്ന പഴയ അഞ്ചുവയസ്സുകാരിയാണ് ഞാനെന്നാണ് അമ്മയുടെ ധാരണ….

ജീവിതം മുഴുവന്‍ ചുട്ടു നീറുമ്പോഴും പുറമേ ചിരിച്ചു കാട്ടുന്ന , സമാധാനമില്ലാത്ത ജീവിതത്തെ സന്തോഷത്തിന്റെ മുഖംമൂടിയില്‍ പൊതിഞ്ഞ മാജിക്കുകാരിയാണ് മോളെന്ന് അമ്മയിനി എന്നറിയും എന്നോര്‍ത്തു വേദന തോന്നിയിട്ടുണ്ട്.. ഈ ഒരു സംഭവം അറിയുമ്പോഴും വിനയന് വേണ്ടി പൊഴിയുന്ന കണ്ണുനീരും തന്നോട് തോന്നുന്ന ദേഷ്യവും ഓര്‍ത്തപ്പോള്‍ ഉള്ളം നൊന്തു..

ജീവിതം ഇങ്ങനെ പീ ഢനവും സഹനവുമായി പോകുമ്പോഴാണ് അവിചാരിതമായി അനന്തേട്ടനെ കാണുന്നത്‌..

” ഇന്ദൂ.. ” ഓഫീസിലെ തിരക്കുപിടിച്ച ഒരു ഉച്ചനേരത്താണ് പരിചിതമെങ്കിലും പെട്ടെന്ന് തിരിച്ചറിയാനാവാത്ത ആ ശബ്ദം തന്നെ തേടിയെത്തിയത്‌..

തലയുയര്‍ത്തി ആ മുഖത്തേക്ക് ഒന്നു രണ്ടു നിമിഷം നോക്കിയിരുന്നു… ആ കണ്ണുകളിലേക്ക് നോട്ടമെത്തിയതും അനന്തേട്ടന്‍ എന്നു വിളിച്ചതും ഒരുമിച്ചാണ് ..

”അപ്പോള്‍ നിനക്കു എന്നെ ഓര്‍മ്മയുണ്ട് അല്ലേ.. ” ചിരിയോടെ പറഞ്ഞു മുന്‍പിലെ കസേരയില്‍ ഇരിക്കുന്നു…

മറക്കരുതെന്ന് ഒരുപാട് ഓര്‍ത്ത മുഖമാണെന്നു മനസ്സില്‍ പറഞ്ഞു വെറൂതെ ഒരു ചിരി സമ്മാനിച്ചു …

” ഞാനിവിടേയ്ക്ക് സ്ഥലം മാറി വന്നിട്ടു ഒരാഴ്ചയായി .. ചില പേപ്പറുകളുടെ കാര്യം ശരിയാക്കാന്‍ രണ്ടൂ ദിവസമായി ഇവിടെ കയറിയിറങ്ങുന്നു.. ഇന്നലെയാ ഇന്ദൂനെ കണ്ടത്… അപ്പോള്‍ സംസാരിക്കാന്‍ പറ്റിയ സാഹചര്യം ആയിരുന്നില്ല.. ”

സൗഹൃദസംഭാഷണത്തിനു ശേഷം പരസ്പരം നമ്പരുകള്‍ കൈമാറി പിരിയുമ്പോള്‍ കാലങ്ങളായി മനസിലടക്കിയ നഷ്ടബോധം മനസ്സിനെ കുത്തിനോവിക്കുന്നത് അറിയുന്നുണ്ടായിരുന്നു …

ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും യാതൊരു അപരിചിതത്വവും ഇല്ലാതെ പരസ്പരം തങ്ങള്‍ക്ക് സംസാരിക്കാന്‍ കഴിയുന്നതില്‍ അത്ഭുതം തോന്നി..തന്റെ കാര്യത്തില്‍ അത്ഭുതം തോന്നേണ്ട കാര്യമില്ല..കാരണം ഏതു ആള്‍ക്കൂട്ടത്തിലും ആ മുഖം താന്‍ തേടിയിട്ടുണ്ട്… പക്ഷേ അനന്തേട്ടന്‍..

അനന്തേട്ടനും അച്ഛനും അമ്മയും ചെറുപ്പത്തില്‍ തന്റെ വീടിന് അടുത്താണ് താമസിച്ചിരുന്നത്… എന്തിനും ഏതിനും അനന്തേട്ടന്റെ കൈയ്യില്‍ പിടിച്ചാണ് പോയിരുന്നത്‌… നിഴല്‍ പോലെ കൂടെ ഉണ്ടാകൂമായിരുന്നു…. അനന്തേട്ടന്‍ പത്തിലും താന്‍ എട്ടിലും പഠിക്കുമ്പോഴാണ് അനന്തേട്ടന്‍റെ അച്ഛന് സ്ഥലം മാറ്റം കിട്ടുകയും അവര് വീടൊഴിഞ്ഞു പോകുകയും ചെയ്തത്‌.. ആദ്യമൊക്കെ ചെറിയ വിഷമം ആയിരുന്നെങ്കില്‍ അനന്തേട്ടന്‍ പോയപ്പോള്‍ നല്‍കിയ ശൂന്യതയാണ് സൗഹൃദത്തിന് അപ്പുറം അനന്തേട്ടനോട് ഉണ്ടായിരുന്ന പ്രണയത്തെ മനസ്സിലാക്കി തന്നത്.

പരസ്പരം ബന്ധപെടാനുള്ള ഒരു മാര്‍ഗവും അവശേഷിച്ചിട്ടില്ലാതെ ഇരുന്നിട്ടും അന്നു തുടങ്ങിയ കാത്തിരിപ്പാണ്‌..ഒരിക്കലെങ്കിലും അനന്തേട്ടന്‍ വരുമെന്നു കരുതി…

പഠിത്തം കഴിഞ്ഞപ്പോഴും ജോലിക്ക് വേണ്ടി വാശി പിടിച്ചത് ആ പ്രതീക്ഷയില്‍ ആയിരുന്നു.. പക്ഷേ ഒരിക്കല്‍ പോലും അനന്തേട്ടന്റെ ഒരു പ്രതികരണവും വരാതെ ഇരുന്നപ്പോഴാണ് ഈ ഇഷ്ടവും കാത്തിരിപ്പും തന്റെത് മാത്രമാണെല്ലോന്നു ഓര്‍ത്തത്… ഒരിക്കല്‍ പോലും അനന്തേട്ടന്‍ തന്നോട് അതിനെ പറ്റി പറഞ്ഞിട്ടും ഇല്ല..

അതുകൊണ്ട് തന്നെ അനന്തേട്ടനോടുള്ള ഇഷ്ടം വീട്ടില്‍ പറയാന്‍ മടിച്ചു..അനന്തേട്ടന്‍ തന്നെ അങ്ങനെ കണ്ടിട്ടില്ലെങ്കില്‍…

വിനയേട്ടന്‍റെ ആലോചന വന്നപ്പോള്‍ തള്ളികളയാന്‍ കാരണങ്ങള്‍ ഇല്ലായിരുന്നു …. കാത്തിരിക്കാന്‍ പ്രതീക്ഷകളും…..

വൈകുന്നേരം വീട്ടിലെത്തി ധൃതിയില്‍ ജോലികള്‍ തീര്‍ക്കുമ്പോഴും ഓര്‍മ്മകള്‍ അവിടെയവിടെ പാറി നടന്നു…

വല്ലപ്പോഴും വിളിച്ചു വിശേഷങ്ങള്‍ തിരക്കുക എന്നതിനപ്പുറം ആ ബന്ധത്തില്‍ ഒന്നുമില്ലായിരുന്നെങ്കിലും ആ വിളി ഒരു ആശ്വാസവും ആയിരുന്നു.. തന്നെ തിരക്കുവാന്‍ ആളുണ്ടെന്നത് ഒരു പ്രതീക്ഷയാണെന്നു ജീവിതത്തില്‍ വന്ന മാറ്റം കാട്ടിത്തന്നിരുന്നു.. പൊതുവെ സംശയം ഉള്ള വിനയേട്ടനോട് അനന്തേട്ടനെ പറ്റി സംസാരിക്കാനും മടിച്ചു…

യാദൃശ്ചികമായി ഒരു ദിവസം ഒരു വിവാഹത്തിന് പോയപ്പോള്‍ അനന്തേട്ടന്‍റെ അമ്മയെ കാണാനിടയായി..

” ഇന്ദൂട്ടി…. ഒരുപാട് ആയല്ലോ കണ്ടിട്ട്.. ” എന്നെ ചേര്‍ത്തു പിടിച്ചു വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു…

” ഇവിടെ അടുത്താണ് വീട്.. മോള് ഒന്നു കയറിയിട്ട് പോകൂ… ” ഒരുപാട് നിര്‍ബന്ധിച്ചപ്പോള്‍ പോകാതെ വയ്യെന്നായി..

” ഇവിടെ ഞാനും നന്ദുവും മാത്രമേയുള്ളു മോളേ…

നന്ദൂന്റെ അച്ഛന്‍ നേരത്തെ പോയീലേ…”

അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു..

വീട്ടിലെത്തുമ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല…

” അനന്തേട്ടന്‍ ഇല്ലെ അമ്മേ.. അനന്തേട്ടന്‍റെ കുടുംബം ..? ‘,

” നന്ദൂ തിരുവന്തപുരത്ത് പോയതാണ് മോളേ..വൈകുന്നേരത്തോടെ വരൂ…കല്യാണം കഴിഞ്ഞിരുന്നു.. അവര്‍ക്കു ഒത്തുപോകാന്‍ കഴിഞ്ഞില്ല… ഞാനെന്തു പറയാന്‍.. ” കതകു തുറന്നു ഞങ്ങള്‍ അകത്തേക്ക് ഇരുന്നു..

”ഇനി ഇവിടുന്ന് എവിടേയ്ക്കും ഇല്ലെന്നു കരുതി നന്ദു വാങ്ങിയതാ ഈ വീട്.. ഇതിന്റെ എന്തോ കാര്യത്തിന് വന്നപ്പോഴാ മോളെ കണ്ടത്…അവന്‍ എന്നോട് വന്നു പറഞ്ഞിരുന്നു ..ഞങ്ങള്‍ അന്ന് അവിടുന്നു പോയി കുറച്ചു നാള് കഴിഞ്ഞപ്പോഴാണ് നന്ദൂന്റെ അച്ഛന്‍ മരിക്കുന്നത്…പിന്നെ ജീവിതം മുന്നോട്ട് പോകാന്‍ കുറേ ബുദ്ധിമുട്ടി…നിങ്ങളെയൊക്കെ കാണണമെന്നും ബന്ധം നിലനിര്‍ത്തണമെന്നൊക്കെ ഉണ്ടായിരുന്നു.. ഒന്നിനും കഴിഞ്ഞില്ല..”

ദീര്‍ഘ നിശ്വാസത്തോടെ അനന്തേട്ടന്‍റെ അമ്മ പറയുമ്പോള്‍ എന്റെ സ്വപ്നങ്ങളും അവിടെയാ കരിഞ്ഞുപോയതെന്നു ഓര്‍ത്തു..

ചായയെടുക്കാന്‍ അമ്മ അകത്തേക്ക് പോയപ്പോഴാണ് അനന്തേട്ടന്‍റെ പുസ്തകശേഖരം കണ്ടത്… പണ്ടും ഒരുപാട് വായിക്കുന്ന ആളാണ് അനന്തേട്ടന്‍ .. വെറുതെ പുസ്തകത്തിന്റെ താളുകള്‍ മറിച്ചു നോക്കി..

ആ റാക്കിന്റെ വലതുവശത്ത് തടിച്ച ചുവന്ന കവറുള്ള പുസ്തകം നല്ല പരിചയം തോന്നി ..പുസ്തകങ്ങള്‍ ഓരോന്നു നീക്കി നോക്കിയപ്പോള്‍ തന്റെ പഴയ ഡയറി… അതെങ്ങനെ ഇവിടെ വന്നു എന്നോര്‍ത്തു എടുക്കാന്‍ തുനിഞ്ഞപ്പോഴാണ് പിന്നില്‍ ശബ്ദം കേട്ടത്..

” ഇതാണ് അവന്റെ ലോകം.. അതിലൊന്നും തൊടാന്‍ ആരെയും സമ്മതിക്കില്ല..തൊട്ടെന്നു അറിഞ്ഞാല്‍ ഭൂകമ്പം ഉണ്ടാക്കും. ”

ചായയും ചക്കയുപ്പേരിയും വെച്ചു അമ്മ അതു പറയുമ്പോള്‍ എല്ലാം പഴയതുപോലെ അടുക്കിവെച്ചു ചായ കുടിക്കാന്‍ പോരുമ്പോഴും കണ്ണുകള്‍ ആ ചുവന്ന ചട്ടയില്‍ ആയിരുന്നു..

അവിടുന്നു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ സന്തോഷത്തോടൊപ്പം സങ്കടവും തോന്നി.. നേടിയെടുക്കാമായിരുന്ന നിധി കൈവിട്ടു പോയല്ലോന്ന സങ്കടം …

എങ്കിലും അനന്തേട്ടന് മുന്നില്‍ ഒന്നും ഭാവിച്ചില്ല..തിരിച്ചും..

കഴിഞ്ഞ ദിവസമാണ് അനന്തേട്ടന്‍ ഫോണ്‍ വിളിച്ചു കൊണ്ടിരുന്നപ്പോള്‍ വിനയേട്ടന് കയറി വന്നത്.. വന്നത് അറിയാതെ താന്‍ സംസാരം തുടരുകയും ചെയ്തു…. എല്ലാം കേട്ടതിനു ശേഷം മുതല്‍ തുടങ്ങിയതാണ്‌… ഇന്നലെ രാത്രിയില്‍ ഒരു ശകലം ഉറങ്ങാന്‍ സമ്മതിച്ചില്ല..ഫോണ്‍ മുഴുവന്‍ അരിച്ചുപെറുക്കി പരിശോധിച്ചു… അനന്തേട്ടനോട് ബന്ധം ഉള്ളതുകൊണ്ട് ആണ് അയാളോടൊപ്പം സെ ക്സില്‍ മടി കാണിക്കുന്നതെന്നു പറഞ്ഞു കുറേ ഉപദ്രവിച്ചു… അതല്ല കാരണമെന്നും ഒരിക്കല്‍ പോലും എന്റെ ഇഷ്ടങ്ങളെ മനസ്സിലാക്കാതെയുള്ള കടന്നാക്രമണങ്ങളില്‍ നിര്‍വികാരയായി പോകുന്നതാണെന്നു പറയാന്‍ നാവ് തരിച്ചു..പക്ഷേ മൗനം പാലിച്ചു… കാരണം പതിവ് തെറ്റിച്ച് ഈ വിഷയം മുറിക്ക് പുറത്തു പോകരുതെന്നു കരുതി…രാത്രി മുഴുവന്‍ ഉപദ്രവും അസഭ്യം പറച്ചിലും തുടര്‍ന്നു….

നേരം പുലര്‍ന്നപ്പോള്‍ ഒന്നും അറിയാത്ത വണ്ണം പഴയതുപോലെ ആയപ്പോള്‍ എല്ലാം അവസാനിച്ചൂന്ന് ആശ്വസിച്ചു…..

നാത്തൂനും മക്കളും വൈകുന്നേരം വന്നപ്പോള്‍ മോന് ഒപ്പം പോകാന്‍ വാശി കാട്ടിയപ്പോള്‍ മനസ്സില്ലാ മനസ്സോടെയാണ് വിനയേട്ടന്‍ സമ്മതിച്ചത്‌.. അവന്‍ പോകുന്നു എന്നു പറഞ്ഞതും എന്റെ നെഞ്ചിടിപ്പ് കൂടി….. രാത്രിയാകും തോറും ഭയമേറി..

നേരത്തെ വന്നെങ്കിലും ഭയന്നതുപോലെ ഒന്നും ഉണ്ടായില്ല..

” അത്താഴത്തിന് ഒരാള്‍ കൂടി ഉണ്ടാകും ” എന്നു പറഞ്ഞപ്പോള്‍ ആരെന്ന മട്ടില്‍ നോക്കി…

” ഓഫീസിലെ സീനിയര്‍ ഉദ്യോഗസ്ഥനാണ്.. ” രണ്ടുമൂന്നു വാചകത്തിലൊതുക്കി..

അത്താഴത്തോടൊപ്പം മ ദ്യപാനവും വര്‍ത്തമാനം പറച്ചിലും തകര്‍ക്കുമ്പോഴും ഇതൊന്നു തീര്‍ന്നാല്‍ മതിയെന്നാരുന്നു..

പാത്രങ്ങളൊക്കെ കഴുകി അടുക്കളയും ഒതുക്കി വരുമ്പോള്‍ ആണ് ഹാളിലേക്ക് വിളിച്ചത്.. അയാള്‍ പോകാന്‍ തുടങ്ങുകയാണെന്നു കരുതി ഹാളിലേക്ക് ചെന്നു..

” ഇതാണ് സാറേ ഇന്ദൂ.. ഗവണ്‍മെന്‍റ് എംപ്ലോയി ആണ്.. പറഞ്ഞിട്ടെന്താ… പോക്ക് കേസാ സാറേ… അവള്‍ക്ക് എന്നെയൊന്നും പറ്റില്ല… സാറ് വേണേല് ഒന്നു നോക്ക്.. ”

വിനയന് കുടിച്ചു ലക്ക്കെട്ടിരുന്നു.. അയാളുടെ പുതിയ മുഖം കണ്ടു ഞെട്ടിത്തരിച്ചു നില്‍ക്കുമ്പോഴാണ് വഷളന്‍ ചിരിയോടെ തന്നെ നോക്കി നില്‍ക്കുന്ന അയാളുടെ മേലുദ്യോഗസ്ഥനെ കണ്ടത്… അപമാനഭാരത്താല്‍ താന്‍ ഉരുകി ഇല്ലാതെയാകുന്നത് അറിഞ്ഞു..

” സാര്‍ വിനയേട്ടന്‍ കുടിച്ചു ലക്ക്കെട്ട് പിച്ചും പേയും പറയുന്നതാണ്..സാറ് പോയാട്ടെ..” എങ്ങനെയെങ്കിലും അവിടുന്നു രക്ഷപെട്ടാല്‍ മതീന്നായി..

” വിനയന്‍ പ്രമോഷന്റെ കാര്യം പറയുന്നുണ്ട്.. നമുക്കു വേണേല് അത് ശരിയാക്കാം..” ചെവിയ്ക്ക് അരുകില്‍ നിന്നും അയാളുടെ സ്വരം കേട്ടപ്പോഴാണ് തന്റെ തൊട്ടടുത്ത് അയാള്‍ എത്തിയത് അറിഞ്ഞത്.. തന്റെ നേരേ നീട്ടിയ കൈ തട്ടിയെറിഞ്ഞു അകത്തേക്ക് ഓടിയപ്പോഴേക്ക് പിന്നാലെ അയാളും വന്നു… അടുക്കളയില് നിന്നും കത്തിയെടുത്തതേ ഓര്‍മ്മയുള്ളു.. വിനയേട്ടന്‍ എങ്ങനെ ഇടയ്ക്ക് വന്നെന്നോ.. അയാള് എങ്ങനെ രക്ഷപെട്ടൂന്നോ അറിയില്ല.. വെപ്രാളത്തില്‍ കത്തി വീശി….. ബോധം വരുമ്പോള്‍ ചോരയില്‍ കുളിച്ചു വിനയേട്ടന്‍ കിടക്കുന്നു…. താന്‍ തന്നെയാ പോലീസ് സ്റ്റെഷനിലേക്ക് വിളിച്ചു പറഞ്ഞത്‌…

പുറത്ത് എന്തൊക്കെ കഥകളാകും പറയുന്നത്‌…തന്റെ മോന്‍ തന്നെ വെറുക്കുമോ…

ഓരോന്നു ഓര്‍ത്തപ്പോള്‍ ഭ്രാന്തു പിടിച്ചു…

ഇരുമ്പഴിയ്ക്ക് അപ്പുറത്തെ തണുത്ത തറയില്‍ കവിള്‍ ചേര്‍ത്തു കിടക്കുമ്പോഴും ശ്വാസം മുട്ടിക്കുന്ന രാത്രികളില്‍ നിന്നും മോചനം കിട്ടിയെല്ലോന്ന ആശ്വാസമായിരുന്നു…