നീ വെറുതെ പരിശ്രമിക്കാം എന്ന് പറഞ്ഞാൽ പോരാ സാധിച്ചു തരണം…

ശ്രമം…

എഴുത്ത്: ചങ്ങാതീ

::::::::::::::::::::

” റിനൂസേ,, ദിയ പറഞ്ഞത് സത്യമാണോടാ? നീ ഓട്ട മത്സരത്തിൽ പങ്കെടുക്കാൻ പോവാണോ?”

” അതെട, എനിക്ക് ഓട്ടമത്സരത്തിൽ പങ്കെടുക്കണം.”

” പക്ഷേ, എങ്ങനെ നീ ഓടും. നിനക്ക് കാലിന് സ്വാധീനമില്ലാത്ത കൊണ്ട് അവരുടെ അടുത്തു ഓടിയെത്താൻ നിനക്കു പറ്റുമോ? നീ വീണു പോകാനും വഴിയുണ്ട്.”

“അലൻറ്, എനിക്കറിയാം.”

” നിനക്കറിയാമെങ്കിൽ പിന്നെ എന്തിനാടാ നീ ഇതിൽ പങ്കെടുക്കുന്നത്.”

” എനിക്ക് പങ്കെടുക്കണം. എന്തായാലും പങ്കെടുത്തെ തീരൂ. ഞാൻ തീരുമാനിച്ചു കഴിഞ്ഞു. നീ എനിക്കൊരു സഹായം ചെയ്യണം. വീട്ടിൽ ഇത് പറയരുത്.”

” അതൊക്കെ ഒക്കെ പക്ഷേ സാർ ഇത് സമ്മതിക്കുമെന്നു എനിക്ക് തോന്നുന്നില്ല.”

“എടാ, അതിനാണ് എനിക് നിന്റെ സഹായം വേണ്ടത്. നീ ടീച്ചേഴ്സിന്റെ കണ്ണിലുണ്ണി അല്ലേ. നമ്മുടെ പ്രിൻസിപ്പലിന്റെ മുത്തല്ലേ നീ. പിന്നെ സ്പോർട്സ് ടീച്ചറിനെ ആണെങ്കിൽ നീ മയക്കി വെച്ചിരിക്കുവല്ലേ. നീ പറഞാൽ അവർ കേൾക്കും. പ്ലീസ് എനിക്ക് ഒരു ചാൻസ് വാങ്ങിച്ചു തരണം.”

” നിനക്ക് അത്രയ്ക്ക് ആഗ്രഹം ആണെങ്കിൽ ഞാൻ സംസാരിക്കാം.”

“നീ വെറുതെ പരിശ്രമിക്കാം എന്ന് പറഞ്ഞാൽ പോരാ സാധിച്ചു തരണം.”

” ഓക്കേ ഡൺ. നീ വിഷമിക്കേണ്ട നീ ഓട്ട മത്സരത്തിൽ പങ്കെടുത്തിരിക്കും.അത് ഉറപ്പ്. “

റിനൂസ്‌ ഒത്തിരി സന്തോഷത്തോടുകൂടി പ്രാക്ടീസ് തുടങ്ങി. ചെറുപ്പത്തിൽത്തന്നെ പോളിയോ ബാധിച്ച ഒരു കാലിന് ചലനശേഷി നഷ്ടപ്പെട്ട താണ്. ഇടത്തെ കാലിന് സ്വാധീനം കുറവാണ് അതുകൊണ്ടുതന്നെ മത്സരം വളരെ കഠിനം ഏറിയതാണെന്ന് അവനു നന്നായിട്ട് അറിയാമായിരുന്നു.

പക്ഷേ അവനു ഏത് വിധേനയും ഈ മത്സരത്തിൽ പങ്കെടുക്കാതെ പറ്റില്ലായിരുന്നു. കാരണം, അവന്റെ ഉള്ളിൽ വളരെ നിരാശാ ബോധം നിറഞ്ഞുനിന്നിരുന്നു. അവൻറെ കൂട്ടുകാരൊക്കെ ആഘോഷമായി ഓടിച്ചാടി, ഫുട്ബോളും ക്രിക്കറ്റും ഒക്കെ കളിക്കുമ്പോൾ പലപ്പോഴും വിഷമത്തോടെ നോക്കി നിന്നിട്ടുണ്ട്.

കളിക്കാൻ ശ്രമിച്ചപ്പോഴൊക്കെ, ചട്ടുകാലൻ കാരണം ടീo തോൽകുന്നു വെന്നു പറഞ്ഞു പലപ്പോഴും കളിയാക്കി തഴഞ്ഞിട്ടുണ്ട്. കളിയിലെ ഹീറോ ആയ അലന്റിന് പോലും തന്റെ കാര്യത്തിൽ ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. വീട്ടിൽ പോലും പലപ്പോഴും ഒന്നിനും ഉപകരിക്കാത്തവൻ എന്നു പറഞ്ഞു തഴയറുണ്ട്.

ഇങ്ങനെയൊക്കെ ഈ ഭൂമിയിൽ ജീവിക്കുന്നത് പോലും അർത്ഥമില്ല എന്നുപോലും ചിന്തിച്ചു തുടങ്ങിയിരുന്നു. പക്ഷേ അങ്ങിനെ തോറ്റു കൊടുക്കാൻ അവൻ തയ്യാറല്ലായിരുന്നു. അങ്ങനെയുള്ള ചിന്തകളെ ഇല്ലാതാക്കാൻ ആയിട്ടാണ് അവൻ ഈ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിച്ചത്.

ഗ്രൗണ്ടില് പരിശീലനം നടത്തിക്കൊണ്ടിരിക്കുമ്പോൾ, അലന്റ് റപ്പായി സാറുമായി അവിടെ വന്നു. സാറാണ് സ്പോർട്സ് ഇൻചാർജ്. ആള് നല്ലൊരു സ്പോർട്സ്മാനും കൂടാതെ നല്ലൊരു വിശ്വാസി കൂടിയാണ്. മറ്റുള്ളവർക്ക് നന്മയ്ക്കുപകരിക്കുന്ന ഉപയോഗിക്കുന്ന കാര്യങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ അതിൽ ഒരു വചനം പറയുന്നത് സാറിൻറെ ഒരു ശൈലി തന്നെയാണ്. തീർച്ചയായിട്ടും ഇവിടെയും ഒരു വചനം പ്രതീക്ഷിച്ചുകൊണ്ട് റിനൂസ് അവിടെനിന്നു.

ഇത്തവണയും അലൻറ് കാര്യം സാധിച്ചു തന്നു. അലന്റും ദിയയും ഞാനും ചങ്ക് ഫ്രണ്ട്സ് ആണ്. ഒരുമിച്ചാണ് സ്കൂളിലേക്ക് വരുന്നതും പോകുന്നതും എല്ലാം ഒരിക്കലും തന്നെ ഒരു അംഗവൈകല്യമുള്ള ഒരാൾ ആയിട്ട് അവർ പരിഗണിച്ചിട്ടില്ല കൂട്ടത്തിൽ ഒരാളുട പോലെ തന്നെയാണ് കണ്ടിട്ടുള്ളത്. അതുകൊണ്ട് അവരോട് എന്തുപറഞ്ഞാലും അവരെ സാധിച്ചു തരും എന്ന് ഉറപ്പായിരുന്നു.

സാറും അലന്റും അടുത്തു വന്നു. ദിയ കുറച്ചു പുറകിൽ ആയിട്ട് നഖം കടിച്ചു കൊണ്ട് നിൽപ്പുണ്ട്.അവൾ ഭയങ്കര ടെൻഷനിലാണ്. എൻറെ ആഗ്രഹം സാധിക്കുമോ? സാർ സമ്മതിക്കുമോ, സമ്മതിച്ചില്ലെങ്കിൽ എനിക്ക് ഭയങ്കര വിഷമം ആകും എന്നൊക്കെ അവൾ കരുതുന്നുണ്ടാവണം.

“റിനൂസ്, ഇവൻ പറഞ്ഞത് ശരിയാണോ? നിനക്കു ഓട്ട മത്സരത്തിൽ പങ്കെടുക്കണമെന്ന്.”

“അത് സാറേ ഇന്ത്യ ഓട്ട മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ട്.”

” മോനെ ആഗ്രഹം നല്ലതു തന്നെ പക്ഷേ ഒരു കാര്യം നീ ഓർക്കണം, നീ നിന്നെ തന്നെ ഒന്നു മനസ്സിലാക്കണം. നീ ബൈബിൾ വായിക്കുന്നത് അല്ലേ…

“ഗോപുരം പണിയാന്‍ ഇച്‌ഛിക്കുമ്പോള്‍, അതു പൂര്‍ത്തിയാക്കാന്‍വേണ്ട വക തനിക്കുണ്ടോ എന്ന്‌ അതിന്റെ ചെലവ്‌ ആദ്യമേ തന്നെ കണക്കു കൂട്ടി നോക്കാത്തവന്‍ നിങ്ങളില്‍ ആരുണ്ട്‌?” (ലൂക്കാ 14 : 28)

എന്ന ഒരു വചനമുണ്ട്. അതിൻറെ അർത്ഥം എന്താണെന്ന് അറിയാമോ? സ്വന്തം കഴിവ് മനസ്സിലാക്കിയിട്ട് ജീവിക്കണമെന്നാണ്. നിനക്കറിയാം നിന്നെ കൊണ്ട് ഓടി ജയിക്കാമെന്ന് പറ്റത്തില്ല എന്ന്. പിന്നെ എന്തിനാ നീ മതസരത്തിൽ പങ്കെടുക്കുന്നത്.”

“സാറേ ബൈബിളിലെ മറ്റൊരു വചനം കൂടിയുണ്ട്. “ഞാന്‍ നന്നായി പൊരുതി; എന്റെ ഓട്ടം പൂര്‍ത്തയാക്കി; വിശ്വാസം കാത്തു.” 2 തിമോത്തേയോസ്‌ 4 : 7

“ഞാനും അതിനു വേണ്ടി എത്ര മത്സരിക്കുന്നു നന്നായി പൊരുതണം അതുമതി എനിക്ക്. പിന്നെ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ജയിക്കാൻ പറ്റില്ലല്ലോ.”

” സാർ ചിരിച്ചുകൊണ്ട് പറഞ്ഞു….” ശരി അതാണ് നിന്റെ ഇഷ്ടമങ്കിൽ അങ്ങനെ നടക്കട്ടെ.”

കേട്ടുനിന്ന ദിയക്കു സന്തോഷമായി.

മത്സരത്തിന്റെ ദിവസമെത്തി, കുട്ടികളെല്ലാം മത്സരത്തിന് തയ്യാറായി നിൽക്കുന്നു. ദിയ വീണ്ടും നഖം കടിച്ചു തുടങ്ങി. അലന്റും അല്പം വിഷമത്തിലാണ്. അവൻ പരാജയപ്പെടുമുന്നുള്ള കാര്യത്തിൽ ഉറപ്പാണ്.മത്സരത്തിൽ പങ്കെടുക്കാനായി നേരത്തെ നല്ല കാര്യങ്ങളൊക്കെ സംസാരിച്ചെങ്കിലും മത്സരത്തിൽ പങ്കെടുത്തു തോൽക്കുമ്പോൾ അത്ര രസമൊന്നുമുണ്ടാവില്ല. പരാജയത്തെ സ്വീകരിക്കാൻ ആയിട്ട് വന്ന് മനസ്സ് തയ്യാറാവുമോ ഇല്ലയോ എന്നൊക്കെ ഓർത്തിട്ട് അലന്റിന് നല്ല വിഷമമുണ്ട്. അത് മുഖത്ത് നല്ലോണം പ്രകടമാണ്. എങ്കിലും റിനൂസിന്റെ മുഖം ശാന്തമാണു. ചിരിച്ചു സന്തോഷത്തോടുകൂടി തന്നെയാണ് മത്സരത്തിൽ പങ്കെടുക്കാൻ അവൻ നിൽക്കുന്നത്. അത്‌ കാണുമ്പോൾ ഒരു ആശ്വാസം. അവന്റെ ഉള്ളിൽ എന്താണെന്ന് ഇനിയും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല.

റിനൂസ് മത്സരത്തിൽ പങ്കെടുക്കുന്നുവെന്ന് കേട്ടപ്പോൾ, ആദ്യമേ ടീച്ചേഴ്സ് ഒക്കെ അത്ഭുതം ആയിരുന്നു .പിന്നീട് എന്തുകൊണ്ടോ അവൻറെ ആവേശം കണ്ടിട്ടാവും, പരിശീലനത്തിൽ ഒക്കെ എല്ലാവരും സപ്പോർട്ട് ചെയ്തു.

മത്സരം തുടങ്ങി,വളരെ വാശിയേറിയ മത്സരം തന്നെയായിരുന്നു അരങ്ങേറിയത്. നിർഭാഗ്യമെന്ന് പറയട്ടെ യാതൊരുവിധ അത്ഭുതവും അവിടെ സംഭവിച്ചില്ല. വൈകല്യമുള്ള റിനൂസിനെ വിഷമിപ്പിക്കാതിരിക്കാനായി കൂട്ടാളികൾ ആരുംതന്നെ പകുതിയിൽ വെച്ച് അവരുടെ ഓട്ടം നിർത്തി അവനെ കൈപിടിച്ച് അവനെ കൊണ്ട് കൂടി ഓടി കയറിയില്ല. അർഹതപ്പെട്ടവർ തന്നെ മത്സരത്തിൽ വിജയിച്ചു.

റിനൂസ് ഓടി പകുതി ആയപ്പോഴേക്കും, എതിരാളികൾ പലരും തന്നെ ഫിനിഷിംഗ് കടന്നു കഴിഞ്ഞിരുന്നു. അവൻ അൽപം കൂടി മുന്നോട്ട് പോയപ്പോഴേക്കും ഇവൻ ഒഴിച്ച് ബാക്കിയുള്ള എല്ലാ കൂട്ടുകാരും ഫിനിഷിംഗ് പോയിൻറ് കടന്നു കഴിഞ്ഞിരുന്നു. പക്ഷേ അവൻ തളർന്നില്ല, വീണ്ടും ഓടി. പരാജയം ഉറപ്പാക്കിയിട്ടും, ഓട്ടം നിർത്താതെ മുന്നോട്ടു പൊയ്കൊണ്ടിരുന്ന റിനൂസ് കാഴ്ചക്കാർക്കൊക്കെ ഒരു അത്ഭുതമായിരുന്നു. അവരെല്ലാം അവനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. ഉത്സാഹത്തോടുകൂടി അവൻ ഓടി. അവസാനം ഫിനിഷിംഗ് പോസ്റ്റിൽ എത്തി.

ഓടി പരാജയപ്പെട്ടതിനു നിരാശനായിട്ടുണ്ടെന്നു കരുതി അവനെ ആശ്വസിപ്പിക്കാൻ ആയി കുട്ടികളും അധ്യാപകരും അവന്റെ അടുക്കൽ വന്നപ്പോ, അവൻ പറഞ്ഞു, മത്സരത്തിൽ പരാജയപ്പെടും എന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാൻ പങ്കെടുത്തത് ഒരിക്കലും മത്സരത്തിൽ ജയിക്കാൻ ആയിട്ട് ആയിരുന്നില്ല. മത്സരത്തിൽ പങ്കെടുക്കുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. കാരണം എനിക്ക് എന്നെ തന്നെ വിശ്വസിപ്പിക്കേണ്ടിയിരുന്നു, എനിക്കും ഇതൊക്കെ ചെയ്യാൻ സാധിക്കുമെന്ന്. അതിനു വേണ്ടി മാത്രമാണ് ഞാൻ ഈ മത്സരത്തിൽ പങ്കെടുത്തത്.

ഇത് കണ്ടു നിന്ന റപ്പായി മാഷ് പറഞ്ഞു. റിനൂസ് നീ നല്ലോണം ഓടി നീ നല്ലവണ്ണം പൊരുതി തീർച്ചയായും നീതിയുടെ കിരീടം നിനക്കായി ഒരുക്കിവെച്ചിരിക്കുന്നു.

അതുകേട്ട് റിനൂസ് ചിരിച്ചു, കൂടെ അലന്റും ദിയയും….

റിനൂസിന് തീർച്ചയായും ആ മത്സരം ജീവന്മരണപ്പോരാട്ടം തന്നെയായിരുന്നു. കാരണം. അലന്റിന്റെയും ദിയയുടെ മൊക്കെ സപ്പോർട്ട് ഉണ്ടായിരുന്നിട്ടു കൂടി നിരാശയിലേക്ക് വീണു പോവുകയായിരുന്നു അവന്റെ ജീവിതം. തന്നെ കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ല, താൻ ഒരു പരാജയമാണ്, തന്നെ ജീവിതം തന്നെ വ്യർത്ഥമാണെന്ന ചിന്തയൊക്കെ അവനെതിരെ അലട്ടിയിരുന്നു. അതിൽനിന്നും രക്ഷനേടാൻ ആയിട്ട് അവൻ കണ്ട ഒരു മാർഗമായിരുന്നു ഈ ഒരു മത്സരം.

ഒന്നും ചെയ്യാൻ കഴിവില്ല എന്നൊക്കെ പറഞ്ഞു എല്ലാത്തിൽനിന്നും ഒഴിഞ്ഞുമാറി ജീവിക്കുന്നതിനേക്കാൾ നല്ലത് അല്ലേ, ഒന്ന് പരിശ്രമിച്ചു പരാജയപ്പെടുന്നത്. പോരാടാൻ മനസ്സുള്ളവർക്ക് മാത്രമേ വിജയിക്കാൻ ആയിട്ട് സാധിക്കുകയുള്ളൂ. വിജയിചോ ഇല്ലയോ എന്നതിനേക്കാൾ മുഖ്യമാണ് അതിനായി പരിശ്രമിച്ചുവോ എന്നുള്ള കാര്യം. എല്ലാം വിധിക്കു വിട്ടുകൊടുത്തു, അതിനെ തലകുമ്പിട്ട് രണ്ടുകൈയും നീട്ടി സ്വീകരിക്കുന്നതിനെകാൾ നല്ലത് തല ഉയർത്തി പിടിച്ച് പരിശ്രമിച്ചു പരാജയപ്പെടുന്നതു തന്നെയാണ്.

✍️ചങ്ങാതീ❣️

07/12/20

Cover photo credit: Matinee Now