പക്ഷേ നിങ്ങൾ ഫോണിലൂടെ നിർബന്ധം പറഞ്ഞതു കൊണ്ടാണ് ഞാൻ വന്നത്…

ഏക് പുരാനി ആദത്

Story written by BINDU V

” ഭായ്സാബ്, മുജേ കുച്ച് സമയ് ദോ… ക്യോം കി യ പൂരാ ദേശ് ബാദ് മേം ഹുവാ !!”

അങ്ങേത്തലക്കൽ നിന്ന് പിന്നെയും എന്തൊക്കയോ എക്സിക്യൂസുകൾ വന്നു കൊണ്ടിരുന്നു. തമിഴിനു പകരം ഹിന്ദി വന്നതു കൊണ്ട് ആദ്യമൊന്നമ്പരന്നു കുട്ടി മൂസ!!. പക്ഷേ ഗൾഫ് വാസം അയാളുടെ ഹിന്ദി ഭാഷയെ തെറ്റുകൂടാതെ സംസാരിക്കാൻ പഠിപ്പിച്ചിരുന്നു. അതുകൊണ്ട് അയാളും വിട്ടുകൊടുത്തില്ല. അയാൾക്ക് പരിദേവനങ്ങൾ കേൾക്കാനുള്ള ക്ഷമയില്ലാത്തതിനാൽ ഫലം കണ്ടില്ല. വരുന്ന ഞായറാഴ്ച്ച വന്നു കുട്ടിയെ കൂട്ടിക്കൊണ്ടുപോകാമെന്ന് അവർ സമ്മതിച്ചു.

ചെന്നൈ ആകെ വെള്ളപ്പൊക്കത്തിൽപ്പെട്ടു പോയത് അയാൾ ദിനപത്രത്തിൽ വായിക്കുകയും ടിവി ന്യൂസിൽ കാണുകയുമൊക്കെ ചെയ്തതാണ്. പക്ഷേ ഇക്കാര്യത്തിൽ ഇനിയും ഒരു വിട്ടുവീഴ്ച്ച ചെയ്യാൻ പറ്റാത്തവണ്ണം വീട്ടിലെ അന്തരീക്ഷം കലങ്ങിമറിഞ്ഞിരിക്കുന്നു!!

“എന്തായി ഇക്കാക്ക” അടുത്തേക്ക് വന്ന ഭാര്യ ചിണുങ്ങി,” എനിക്ക് കുഴപ്പമൊന്നുമില്ല, നിങ്ങടെ ഉമ്മായും എന്തെങ്കിലും ജോലിയൊക്കെ ചെയ്യണം. അല്ലാതെ കിച്ചൻ മാനേജരായി ഡൈനിംഗ് ടേബിളിന്റെ മുമ്പിൽ കസേരയിട്ട് ഇരുന്നാൽ പറ്റില്ല. ഇയാളും കടയിൽ പോകുന്നതിനു മുൻപ് രണ്ടു തേങ്ങ ചിരണ്ടി തരേണ്ടിവരും”.അവൾ നയം വ്യക്തമാക്കി കഴിഞ്ഞു!!.

കുട്ടി മൂസാന്റെ പുതിയ പെണ്ണ് ചില്ലറക്കാരിയൊന്നുമല്ല. അത്യാവശ്യം പണ്ടോം കാശുമൊക്കെ ചിലവാക്കിയാണ് അവളുടെ ബാപ്പ കുട്ടി മൂസാടെ കൂടെ പറഞ്ഞയച്ചത്. കോളേജും പഠിത്തവുമൊക്കെയായി നടന്ന പെണ്ണീന് അവന്റെ വീട്ടിൽ അടുക്കളയിൽ സഹായത്തിനാരുമില്ലെന്നു കരുതി ബുദ്ധിമുട്ടണ്ടാന്നു വിചാരിച്ച് ചെന്നൈയിൽ നിന്ന് ആയിടക്ക് എത്തിയ വാല്യക്കാരി പെണ്ണിനെ കൂടി കൂട്ടിനയച്ചു കൊടുത്തതാണ്. ഒരു പന്ത്രണ്ടു പതിമൂന്നുവയസുള്ള കൊച്ചുപെണ്ണ്.

വീട്ടിലെ ജോലികൾ എല്ലാം സ്വന്തമായി ചെയ്തു കൊണ്ടിരുന്ന അവന്റെ ഉമ്മാക്ക് ഇത് അശേഷം പിടിച്ചിരുന്നില്ല. അതിന്റെ അസ്വാരസ്യങ്ങൾ മെല്ലെ മെല്ലെ പുകയാൻ തുടങ്ങിയിരുന്നു. അവനും ഒരർത്ഥത്തിൽ അത് ഇഷ്ടപ്പെട്ടിരുന്നില്ല. സ്വകാര്യതയിലേക്കുള്ള പെൺവീട്ടുകാരുടെ കടന്നുകയറ്റമായാണ് അയാൾക്കു തോന്നിയത്. കൂടാതെ താൻ വല്ല ബാലവേല കേസിലെങ്ങാനും പെടാനും മതി!!.

ഏജന്റിനെ വിളിച്ചപ്പോ ഇപ്പോൾ ചെന്നൈയിലേക്ക് അയാൾ പോകുന്നില്ലെന്നു പറഞ്ഞ് ഉരുണ്ടു കളിക്കുന്നതു കൊണ്ടാണു വീട്ടുകാരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത്. ഒരു വർഷത്തെ ശമ്പളം ഭാര്യാ വീട്ടുകാർ മുൻകൂറായി നൽകിയിട്ടുമുണ്ട്. ഒന്നിലേറെ തവണ ശ്രമിച്ചപ്പോഴാണ് ഇന്നൊന്നു കിട്ടിയത്. ചെന്നൈയിൽ ട്രെയിൻ സർവീസ് പുനസ്ഥാപിക്കുന്ന ജോലികൾ നടന്നു വരുന്നതിനാൽ വരുന്ന ഞായറാഴ്ച്ച സ്ഥലത്തെക്കാമെന്നും തിരിച്ചു ചെന്നൈ എക്സ്പ്രസിനു തിരിച്ചു പോകുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.

ഭാര്യയുടെ മുഖത്ത് അല്പം പിരിമുറക്കമൊക്കെയുണ്ടെങ്കിലും ഉമ്മാന്റെ മുഖത്തെ തെളിച്ചം കുട്ടി മുസാക്ക് ആശ്വാസം നൽകി.

” ചിന്നു നിന്റെ നാട്ടിൽ പോകാൻ റെഡിയായിക്കൊ, വീട്ടിൽ വിളിച്ചു പറഞ്ഞിട്ടുണ്ട്”

ചെത്തിയ പേരയ്ക്കാ കഷ്ണങ്ങളുമായ എത്തിയപ്പോൾ അവളോട് പറഞ്ഞെങ്കിലും ഒരു പുഞ്ചിരിയല്ലാതെ അമിത സന്തോഷമൊന്നും അവളുടെ മുഖത്ത് കണ്ടില്ല.

“നീ നാട്ടിൽ പോയാൽ പഠിക്കാൻ സ്ക്കൂളിലൊക്കെ പോണം കേട്ടോ?” അതിനും അവളുടെ മറുപടി ഒരു വരണ്ട ചിരി തന്നെയായിരുന്നു

” ഓ!! എന്റെ മൂസാ നീ ദുനിയാവിൽ തന്നെയല്ലേ കഴിയുന്നേ” മകന്റെ മണ്ടൻ ചോദ്യം കേട്ടിട്ട് നബീസുമ്മയ്ക് നീരസമാണു തോന്നിയത്.” അവര് നാടോടികളാണടാ ചെക്കാ, ഇവൾ അവിടെ ചെല്ലുമ്പോഴെ അടുത്ത സ്ഥലം റെഡിയായി കാണും ജോലിക്ക്.”

വെള്ളിയാഴ്ച്ച കടയിൽ പോകാൻ നേരമാണ് ഭാര്യ വീണ്ടും അവളുടെ ചെന്നൈ യാത്ര ഓർമ്മിപ്പിച്ചത്. അവൾക്ക് ആവശ്യുള്ള ചുരിദാറും മറ്റും വാങ്ങാൻ ഭാര്യയുടെ കൂടെ അവളും ടൗണിലേക്ക് വന്നിരുന്നു.

ഞായറാഴ്ച്ച അവളെ യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിലേക്ക് വരാൻ ഭാര്യയ്ക്ക് മടിയായിരുന്നു. കുട്ടിമുസ വിശാഖപട്ടണത്തു നിന്നു വരുന്ന സ്പെഷ്യൽ ടെയിനേയും കാത്ത് വെകിട്ട് അവളുമായി റെയിൽവേ സ്റ്റേഷനിലേക്ക് ഇറങ്ങിയപ്പോൾ ഉമ്മ ഒരു ചെറിയ കവർ ചിന്നുവിനെ ഏൽപിക്കുന്നത് കണ്ടു. രണ്ടു ദിവസമായി ഉമ്മ ചെന്നൈയിലേക്ക് കൊടുത്തു വിടാനുള്ള മാങ്ങായുടെയും ചക്കയുടെയുമൊക്കെയുള്ള വിളവെടുപ്പിലായതുകൊണ്ട് അയാൾക്കതിൽ പുതുമ തോന്നിയില്ല. മാത്രമല്ല ഉമ്മ നിലപാടിൽ അയവു വരുത്തിയിട്ടുണ്ടെന്നും അവളെ വേണമെങ്കിൽ ഇവിടെ നിർത്താമെന്നും ഭാര്യ കെഞ്ചിയിട്ടും കുട്ടി മൂസ തീരുമാനത്തിൽ വെള്ളം ചേർക്കണ്ടാന്നു വെച്ചു.

റെയിൽവേ സ്റ്റേഷനിലെ അഞ്ചാം നമ്പർ പ്ലാറ്റ് ഫോറത്തിൽ അവരെ അരമണിക്കൂർ കാത്തിരിത്തിയിട്ടാണ് വിശാഖപട്ടണത്തു നിന്ന് കൊല്ലത്തേക്കുള്ള സ്പെഷ്യൽ എക്സ്പ്രസ് എത്തിയത്.” സോറി ഭായ് സാബ് ട്രെയിൻ തോടി ലേറ്റ് ഹെ” ചിന്നുവിന്റെ കൈയും പിടിച്ച് അയാളുടെ അടുത്തേക്ക് വന്ന മുഖം മറച്ച പർദാകാരി ക്ഷമാപണം നടത്തി.

ചെറിയ സങ്കോചം അയാളെ ബാധിച്ചു. മുഴുവൻ ശരീരവും മുഖവുമടക്കം മറച്ചിരിക്കുന്നത് ആരാണെന്ന് തനിക്കറിയില്ലല്ലോ, ഇനി ഇത് ആരാണെന്ന് ചിന്നുവിനെങ്കിലും മനസ്സിലാകേണ്ടേ? അയാൾക്ക് ഒരു സൂത്രം തോന്നി.

“സബ് ടീക്ക് ഹേ, ആവോ ഓർ ചായ് പിലോ .. ട്രെയിൻ വാപ്പസ് ആനേ മേം ആദാ ഘൻ ടാ ലഗേഗാ”. അറിയാവുന്ന മുറി ഹിന്ദിയിലൊക്കെ അയാൾ പറഞ്ഞൊപ്പിച്ചു.

പർദാക്കാരി ഒന്നു മടിച്ചു പിന്നെ റെയിൽവേ ക്യാന്റീനിലേക്ക് നടന്നു.

ചിന്നു, അമ്മിയുടെ ഛോട്ടീ ബെഹനാണ് (ചിന്നമ്മ) വന്നതെന്ന് അയാളോട് സ്വകാര്യം പറഞ്ഞു. ചപ്പാത്തിയും സബ്ജിയുമൊക്കെ ഓർഡർ ചെയ്തിട്ടാണ് അയാൾ വാഷ് റൂമിലേക്ക് കയറിയത്. തിരിച്ചറങ്ങി വന്നപ്പോഴേക്ക് ചിന്നുവും ചിന്നമ്മയും കാപ്പി കുടിച്ചു കൊണ്ടിരിക്കുകയാണ്.

ഒരു നിമിഷം ചിന്നമ്മയുടെ സുന്ദരമുഖം കണ്ട് കുട്ടി മൂസ ഓർമ്മകളിലേക്ക് ഊളിയിട്ടു!!. എവിടെയോ കണ്ടു മറന്ന മുഖം. എവിടെയാണെന്ന് ഓർമ്മ വരുന്നില്ല, പക്ഷേ തനിക്ക് നല്ല പരിചയമാണ് ആ മുഖം!!. കുട്ടിമൂസയുടെ തുറിച്ചു നോട്ടം കണ്ടപ്പോൾ ചിന്നമ്മയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.

“ക്യാ ആപ് മുജേ ജാൻ താ”

” മേം ദേഖ് താ ഹും ഓർ ഫൂൽ ജാതാ ഹും” കുട്ടി മൂസായുടെ ശബ്ദം വല്ലാതെ നേർത്തിരുന്നു. ചിന്നമ്മ മുല്ല മുട്ടു പോലെ മനോഹരമായ പല്ലുകൾ കാട്ടി ചിരിച്ചു

“ആപ്കി നാം സജ്ന ഹെ” അയാളുടെ സ്വരത്തിൽ അല്പം വിറയൽ ബാധിച്ചിരുന്നു.

“ക്യാ തുമ്നേ മുജേ തബ് ദേഖാ ഹേ”. നാളുകൾക്ക് ശേഷം ഒരു മല്ലു അരാധകനെ കണ്ട സന്തോഷത്താൽ അവൾ കുലുങ്ങി ചിരിച്ചു.

തന്റെ കൗമാരത്തെയും യൗവ്വനത്തേയുമൊക്കെ ചൂടുപിടിപ്പിച്ച നായികയെ നേരിൽ കണ്ടതിന്റെ ത്രില്ലിൽ അവരുടെ കഥയ്ക്ക് ചെവിയോർത്തു.

കൂട്ടുകുടുംബക്കാരെയൊക്കെ ആയ കാലത്ത് സഹായിച്ചു ഇപ്പോൾ അവസരങ്ങൾ കുറഞ്ഞപ്പോൾ ഒറ്റപ്പെട്ടു. കൈ കഴുകാനായി ചിന്നു വാഷ് റൂമിലേക്ക് പോയപ്പോഴാണ് അവൾ ആ രഹസ്യം പറഞ്ഞത്. ചിന്നു യഥാർത്ഥത്തിൽ അവളുടെ കുട്ടി തന്നെയാണ്, ചേച്ചി ചെറുപ്രായത്തിലെ അവളെ ഏറ്റെടുത്തു വളർത്തുകയായിരുന്നു. കോടമ്പക്കത്തെ അനവധി അവിഹിതങ്ങളിലൊന്ന്…അന്ന് സിനിമ തിരക്കുകൾ കാരണം അവളും അത് സമ്മതിച്ചു കൊടുത്തു. കഴുകൻ കണ്ണുകളുമായി സ്വന്തക്കാരുതന്നെ കാത്തിരിക്കുമ്പോൾ അവളെ നാട്ടിലേക്ക് കൊണ്ടുപോകുന്ന കാര്യം ആലോചിക്കാൻ വയ്യ!!. പക്ഷേ നിങ്ങൾ ഫോണിലൂടെ നിർബന്ധം പറഞ്ഞതു കൊണ്ടാണ് ഞാൻ വന്നത്.

തന്റെ നായിക ഒരമ്മയുടെ ഉത്കണ്ഠയിൽ കണ്ണു നിറയ്ക്കുന്നത് കണ്ട് കുട്ടിമൂസയിലെ ഫാൻ ആർദ്രചിത്തനായി!!. ചിന്നുവിനെ ആവശ്യമെങ്കിൽ തന്റെ വീട്ടിൽ തുടർന്ന് നിർത്താമെന്ന് അവൻ വാക്കു നല്കി.

ചെന്നൈയ്ക്കു കൊണ്ടുപോകാൻ വന്ന മാങ്ങായും ചക്കയുമെല്ലാം കുട്ടിമൂസ തന്നെ റിസർവേഷൻ ബോഗിയിലേക്കു എടുത്തു വെച്ചു കൊടുത്തു. തിരിച്ചിറങ്ങാൻ തുടങ്ങിയപ്പോൾ വന്നിറങ്ങിയപ്പോൾ കാണാത്ത ഒരാർത്തിയോടെ തന്റെ മാറത്തേക്ക് ഇടതടവില്ലാതെ നോക്കുന്ന മല്ലു ആരാധകനെ കണ്ടറിഞ്ഞ് അയാളെ ഇറുകെ പുണർന്നു യാത്രയായി!!!.

അവൾക്കുറപ്പായിരുന്നു, അയാളിലെ ആരാധകൻ തന്റെ കുട്ടിക്ക് ആവശ്യമായ സുരക്ഷിതത്വം ഒരുക്കുമെന്ന്.