വഷളൻ ചിരിയുമായി അശോകൻ തുറിച്ചു നോക്കുമ്പോൾ ഒരു നിമിഷം നിന്നുരുകി പോയി ശിവാനി…

സദാചാരം

Story written by PRAJITH SURENDRABABU

:::::::::::::::::::::::::

“ടീച്ചറെ…. ടീച്ചർ ആ വിമലേടെ മോൻ അനന്ദു ന് ഹോം ട്യൂഷൻ എടുക്കുന്നുണ്ടൊ”

” ആ.. അതേലോ.. അവൻ സ്കൂളിൽ എന്റെ സ്റ്റുഡന്റ് ആണ്.. പഠിക്കാൻ നല്ല കഴിവുള്ള കുട്ടിയാ.. ഒന്ന് സഹായിച്ചാൽ ഇത്തവണ എസ് എസ് എൽ സി ക്ക് ഫുൾ എ പ്ലസ് വാങ്ങും അവൻ … “

വൈകുന്നേരം ക്ഷേത്രത്തിൽ പോയി വരുമ്പോൾ വഴിയിൽ കണ്ട അശോകന്റെ ചോദ്യത്തിന് പുഞ്ചിരിയോടെയാണ് ശിവാനി മറുപടി നൽകിയത്.

” അവന്റെ കഴിവ്.. പഠിക്കാൻ മാത്രമാണോ… അതോ…. “

അർത്ഥം വച്ചുള്ള അടുത്ത മറുചോദ്യം കേൾക്കെ ശിവാനിയുടെ നെറ്റി ചുളിഞ്ഞു.

” എന്താ ചേട്ടാ ഇങ്ങനെ ഒരു ചോദ്യം…. ചേട്ടൻ എന്താ ഉദ്ദേശിച്ചത് “

” അല്ല… ഈ കെട്ട്യോന്മാര് ഗൾഫിലുള്ള അവളുമാര് ചിലർക്കൊക്കെ ഇങ്ങനെ ഒരു ഏനക്കേട് ഉള്ളതായി കേട്ടിട്ടുണ്ട്… പിള്ളേരാകുമ്പോ നമ്മടെ ഇഷ്ടത്തിനങ്ങ് നിൽക്കും ല്ലേ…. പ്രത്യേകിച്ച് ഇവൻ…. തള്ള പെ ഴച്ചതായത് കൊണ്ട് തന്നെ കണ്ടും കേട്ടും ചെക്കന് ഈ കാര്യത്തിൽ നല്ല അറിവായിരിക്കും “

വഷളൻ ചിരിയുമായി അശോകൻ തുറിച്ചു നോക്കുമ്പോൾ ഒരു നിമിഷം നിന്നുരുകി പോയി ശിവാനി

” അവിഹിതങ്ങൾ വേഗത്തിൽ പിടിക്കപ്പെടുന്ന കാലമാ ഇപ്പോൾ… ഒന്ന് സൂക്ഷിച്ചാൽ നല്ലതായിരിക്കും കേട്ടോ.. “

അവളുടെ നടുക്കം കാൺകെ അശോകന് ആവേശമായി.

” ഛീ……. എന്ത് വൃത്തികേടാണ് മനുഷ്യാ നിങ്ങളീ പറയുന്നേ… നാണമില്ലേ നിങ്ങൾക്ക് ഇങ്ങനൊക്കെ പറയാൻ.. ആരോരും സഹായത്തിനില്ലാത്ത ആ പാവം കുട്ടിക്ക് പഠിക്കാൻ ഒരു സഹായം ചെയ്യുന്നതിനാണോ ഇങ്ങനൊക്കെ….”

വാക്കുകൾ മുഴുവിപ്പിക്കാൻ പോലും അറപ്പ് തോന്നിപ്പോയി ശിവാനിക്ക്.

“ടീച്ചറെ… കൂടുതൽ അങ്ങ് സഹായം ഒണ്ടാക്കണ്ട കേട്ടോ…. പാതിരാത്രി വരെയുള്ള ഈ ട്യൂഷൻ ക്ലാസ്സ് കണ്ടിട്ട് ഒന്നും മനസ്സിലാകാതിരിക്കാൻ ഞങ്ങളാരും പൊട്ടൻമാരല്ല… പിന്നെ അവന്റെം അവന്റെ തള്ളേടേം കഥ ഈ നാട്ടിൽ പാട്ടാണ്.. കണ്ടവന്റൊപ്പം ഇറങ്ങി പോയി നാടൊട്ടുക്ക് നടന്നു വ്യ ഭിചരിച്ചു ഒടുക്കം വയറ്റു കണ്ണിയായി തിരികെ ഈ നാട്ടിൽ വന്ന് കയറിയതാ ആ ഒരുമ്പെട്ടോള് ഇപ്പോഴും ആ വീട്ടില് പോക്കുവരവുകൾ ഉണ്ട്… അവിടുത്ത പെ ഴച്ചുണ്ടായോനെ സഹായിച്ചു നീ ഇപ്പോ വല്യ മദർതെരേസ ആകാൻ നിൽക്കേണ്ട…. ഇനീം തുടർന്നാൽ നാറ്റിച്ചു കയ്യിൽ തരും ഞങ്ങൾ… ഓർത്തോ…. “

ആ ഭീഷണിക്കു മുന്നിൽ നിറകണ്ണുകളോടെ ശിവാനി നടുങ്ങി നിൽക്കവേ രോക്ഷത്തോടെ ഒന്ന് തുറിച്ചു നോക്കി നിന്ന ശേഷം നടന്നകന്നു അശോകൻ..

” എന്താ… എന്താ മോളെ പ്രശ്നം… “

എല്ലാം കണ്ട് കൊണ്ട് വന്ന ഒരു വൃദ്ധ അരുകിലേക്കെത്തുമ്പോൾ പെട്ടെന്ന് മിഴികൾ തുടച്ചു പുഞ്ചിരിക്കാൻ ശ്രമിച്ചു അവൾ.

” ഏ.. ഏയ് ഒന്നുമില്ല…. “

അവർക്ക് മുഖം കൊടുക്കാതെ വീട്ടിലേക്ക് പായുമ്പോൾ ശിവാനിയുടെ ഉള്ളം നീറുകയായിരുന്നു.

വീട്ടിൽ എത്തുമ്പോൾ വിമലയും അനന്ദുവും അവളെ കാത്തു പുറത്ത് നിന്നിരുന്നു..

” ആ.. എന്തെ ഇന്ന് പതിവില്ലാതെ രണ്ടാളും കൂടി…. ഞാൻ ഒന്ന് ക്ഷേത്രത്തിൽ പോയിരുന്നു.. “

മുഖത്തേക്ക് ഏറെ ബുദ്ധിമുട്ടി ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് വീടിന്റെ മുൻവാതിൽ തുറന്നു അവൾ

” കേറി വാ… രണ്ടാളും.. ഇനീപ്പോ അനന്ദു ന്റെ ക്ലാസ്സ് കഴിഞ്ഞു അത്താഴവും കഴിച്ച് പോകാം… കേട്ടോ “

” വേണ്ട ടീച്ചറെ… ഞാനും മോനും ഇനി ഇവിടേക്ക് കേറുന്നില്ല… വെറുതെ ഞങ്ങള് കാരണം ടീച്ചറെ പറ്റി നാട്ടുകാര് ഓരോന്ന് പറയുന്നത് കേൾക്കാൻ വയ്യ… “

വേദനയോടുള്ള ആ വാക്കുകൾ കേൾക്കെ ഒരു നിമിഷം നിശബ്ദയായി നോക്കി നിന്നു ശിവാനി. ശേഷം പതിയെ വിമലയുടെ അരികിലേക്ക് ചെന്നു…

” കരക്കമ്പികൾ ചേച്ചിയുടെ ചെവിയിലുമെത്തിയോ.. ന്റെ വിമലേച്ചി… നിങ്ങടെ കഥയൊക്കെ അറിഞ്ഞോണ്ട് തന്നാ ഞാൻ കൂട്ട് കൂടിയേ… നാട്ടുകാര് എന്തും പറഞ്ഞോട്ടെ അത് നിങ്ങൾ കാര്യമാക്കേണ്ട.. പിന്നെ ആ അശോകൻ.. അയാള് കുറച്ചു നാൾ മുന്നേ എന്നോടും ഒരു ഏനക്കേടുമായി വന്നതാ അന്ന് ഓടിച്ചു വിട്ടു ഞാൻ.. അതിന്റെ കലി അവനു എന്നോടും ഉണ്ട്.. നമ്മൾ അതൊന്നും മൈൻഡ് ചെയ്യാൻ നിൽക്കേണ്ട “

ആ സ്നേഹത്തിനു മുന്നിൽ അറിയാതെ വിതുമ്പി പോയി വിമല

“ചതിച്ചതാ ടീച്ചറെ എന്നെ.. ഒരു കുടുംബ ജീവിതം ആഗ്രഹിച്ചു തന്നാ കൂടെ ഇറങ്ങി പോയെ… പക്ഷെ അയാൾ…… അയാൾക്ക് കാശുണ്ടാക്കാനുള്ള മാർഗമായിരുന്നു ഞാൻ.. തിരികെ നാട്ടിലെത്തിയ അന്നുമുതൽ ആരുടേയും സഹായമില്ലാതെ കൂലി വേല ചെയ്ത് കിട്ടുന്ന തുച്ഛമായ സമ്പാദ്യം വച്ചാ ഞാൻ ഇവനെ വളർത്തുന്നെ… പക്ഷെ എന്റെ കുഞ്ഞിനെ പോലും വെറുതെ വിടുന്നില്ല ചില നാട്ടുകാര് പട്ടികള്… അവന്മാരുടെയൊക്കെ കണ്ണ് എന്റെ മേലാ.. അത് നടക്കാതെ വന്നപ്പോഴാ ഈ ഏനക്കേട്… “

ആനന്ദുവിനെ തന്നിലേക്ക് ചേർത്തു നിർത്തി പൊട്ടിക്കരഞ്ഞു പോയി വിമല… ആ വിഷമം കാൺകെ ഒരു നിമിഷം ശിവാനിയുടെയും മിഴികളും ഈറനണിഞ്ഞു…

” പോട്ടെ ചേച്ചി… ഞാൻ ഈ നാട്ടിലേക്ക് വന്നിട്ട് അധികം നാളൊന്നുമായിട്ടില്ല പക്ഷെ നാട്ടുകാര് എന്ത് പറഞ്ഞാലും ഞാൻ അത് കാര്യമാക്കുന്നില്ല. അവരുടെ ആരുടേയും ചിലവിലുമല്ല ഞാൻ കഴിയുന്നതും… ചേച്ചി അകത്തേക്ക് വാ.. ഇവന് അടുത്തയാഴ്ച തൊട്ട് പരീക്ഷ തുടങ്ങുവല്ലേ കുറച്ചു പഠിച്ചിട്ട് രണ്ടാളും ഒന്നിച്ചു പോകാം തിരികെ.”

ശിവാനിയുടെ വാക്കുകൾ ഉള്ളിൽ ആശ്വാസമേകവേ പതിയെ പുഞ്ചിരിച്ചു വിമല

” മോൻ പഠിക്കട്ടെ ടീച്ചറെ എനിക്ക് കുറച്ചു വീട്ടുസാധനങ്ങൾ വാങ്ങാനുണ്ട് ഞാനൊന്ന് മാർക്കെറ്റ് വരെ പോയി വേഗം തിരികെ വരാം “

“ശെരി എന്നാൽ ചേച്ചി പോയിട്ട് വാ… “

മറുപടി കേട്ട് മിഴികൾ തുടച്ചു പുഞ്ചിരി മായാതെ അവൾ റോഡിലേക്ക് കയറുമ്പോൾ അനന്ദുവിനൊപ്പം ശിവാനി വീടിനുള്ളിലേക്ക് പോയി.

************************

തിരക്ക് മൂലം മാർക്കെറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങി കാശ് കൊടുത്ത് പുറത്തേയ്ക്കിങ്ങാൻ അല്പം വൈകി വിമല. അപ്പോഴാണ് അവളുടെ ഫോൺ ശബ്ദിച്ചത്. പരിചയമില്ലാത്ത നമ്പർ കണ്ട് ആദ്യം അവഗണിച്ചെങ്കിലും തുടരെ തുടരെ വീണ്ടും കോൾ വന്നപ്പോൾ പതിയെ അറ്റന്റ് ചെയ്ത് ഫോൺ കാതോട് ചേർത്തു അവൾ.

” അശോകനാ.. ടി എന്താ നിനക്ക്…. കോൾ എടുക്കാൻ ഒരു മടി… “

ആ പരുക്കൻ ശബ്ദം കേട്ട് ഒരു നിമിഷം അവളൊന്നും പതറി…

” നിങ്ങൾ എന്തിനാ എന്നെ വിളിക്കുന്നെ ഈ നമ്പർ എങ്ങിനെ കിട്ടി… “

“ഓ പിന്നെ ഒരു നമ്പർ തപ്പിയെടുക്കാൻ അല്ലെ വല്യ പാട്.. ഇപ്പോ ഒരു സന്തോഷ വാർത്ത പറയാൻ വിളിച്ചതാ… ഞാൻ ഇടക്കൊക്കെ ആരും കാണാതെ ഒന്ന് വന്നോട്ടെ ന്ന് ചോദിച്ചപ്പോ വല്യ പതിവൃത ചമഞ്ഞതല്ലേ നീ… തിരിച്ചു ഒരു എട്ടിന്റെ പണി വച്ചിട്ടുണ്ട് ഞാൻ വന്ന് ഏറ്റ് വാങ്ങിക്കോ “

അശോകന്റെ പരുക്കൻ ശബ്ദം കാതിൽ തുളച്ചു കയറുമ്പോൾ ഒരു നിമിഷം ഒന്ന് നടുങ്ങി വിമല.

” എ… എന്ത് പണി…. “

” നീ കിടന്ന് പരുങ്ങീട്ട് കാര്യമില്ല മോളെ ചെക്കനെ ആ ടീച്ചറിന്റെ വീട്ടിൽ ആക്കീട്ട് വന്നതല്ലേ നീ…. അവളും ഇടക്ക് എന്നെ ഒന്ന് നാണം കെടുത്തിയതാ രണ്ടും കൂടി ഞാനങ്ങ് തീർത്തു. അവരെ അങ്ങ് കുടുക്കി ഞാൻ.. ഗൾഫുകാരന്റെ ഭാര്യക്ക് പത്താം ക്ലാസ് വിദ്യാർത്ഥിയുമായി അ വിഹിതം.. ഒന്ന് കൂകി വിളിച്ചതെ ഉള്ളു.. സദാചാര തെണ്ടികള് നാട്ടുകാര് ചുറ്റും വളഞ്ഞു. പൊടിപ്പും തൊങ്ങലും വച്ചു ഞാൻ ഒന്ന് പൊലിപ്പിച്ചപ്പോൾ സംഗതി ഉഷാറായി. പോലീസ് ഇപ്പോ വരും… കാണണേൽ വേഗം ഇങ്ങ് പോര് “

കോൾ കട്ടാകുമ്പോൾ നടുങ്ങി തരിച്ചു നിന്നു പോയി വിമല. കയ്യിലിരുന്ന സാധനങ്ങൾ നിലത്തേക്ക് ഊർന്ന് വീണതും അവളറിഞ്ഞില്ല. അടുത്ത നിമിഷം സ്വബോധം വീണ്ടെടുക്കവേ ഇടറിയ പാദങ്ങളുമായി പാഞ്ഞു അവൾ..

ഓടി തളർന്നെത്തുമ്പോൾ അശോകൻ പറഞ്ഞത് പോലെ തന്നെ ശിവാനിയുടെ വീടിന് മുന്നിലെ വലിയ ആൾക്കൂട്ടം കണ്ട് വിരണ്ടു പോയി വിമല.

” സംഗതി ജോറായി കേട്ടോ ഇതിപ്പോ കുറെ നാളായി സ്പഷ്യൽ ക്ലാസെന്നും പറഞ്ഞു ഈ ചെക്കൻ രാത്രി സമയങ്ങളിൽ ഈ വീട്ടിൽ വന്ന് കേറണു.. ഇതാണ് പരിപാടി ന്ന് ഇപ്പോ അല്ലെ അറിഞ്ഞേ.. “

“എന്തായാലും ടീച്ചർ ആള് പുലിയാണ് കേട്ടാ.. ഗൾഫിൽ ഉള്ള ആ പാവം കെട്ട്യോൻ ഇതറിയുമ്പോ കേറി വല്ല കടും കയ്യും ചെയ്യാതിരുന്നാൽ ഭാഗ്യം “

ആൾക്കൂട്ടത്തിൽ കമന്റുകൾ കേൾക്കെ കൂടുതൽ പരിഭ്രാന്തയായി അവൾ. ഓടി പിടച്ചു വീടിന് മുന്നിലേക്ക് ചെല്ലുമ്പോൾ ആദ്യം കണ്ടത് അശോകനെ തന്നെയാണ്.

” വിമലേ.. ഇതിപ്പോ ചിലവിനു മുട്ടുവന്നപ്പോ നീ ചെക്കനേം പണിക്ക് വിട്ട് തുടങ്ങിയാ…. നല്ല കാശ് കിട്ടുന്നുണ്ടാകുമല്ലോ “

അശോകന്റെ കമന്റിനു പിന്നാലെ ചുറ്റുമുള്ളവർ പൊട്ടിച്ചിരിക്കുമ്പോൾ അവളുടെ നോട്ടം വീടിനുള്ളിലേക്കായിരുന്നു. അവിടെ ജനലിനരുകിൽ അല്പം മുൻപ് ആശ്വാസ വാക്കുകളാൾ തന്നെ ആശ്വസിപ്പിച്ച ശിവാനിയുടെ കരഞ്ഞു കലങ്ങിയ മുഖം അവളിൽ കൂടുതൽ വേദന പടർത്തി. ഒപ്പം അശോകന്റെ വഷളൻ ചിരി കൂടി കാൺകെ വിമലയുടെ മിഴികളിൽ രോക്ഷം ഇരച്ചു കയറി….

” പ ന്ന നാ യെ… നീ പക പോകുവാ അല്ലെ.. തുറന്ന് വിടെടാ ന്റെ കൊച്ചിനെയും ടീച്ചറെയും “

അലറി വിളിച്ചു കൊണ്ടവൾ അശോകന്റെ മേൽ ചാടി വീഴുമ്പോൾ ചുറ്റുമുള്ളവർ ഓടിക്കൂടി പിടിച്ചു മാറ്റി…

“തുറന്ന് വിടാൻ ആരും അവളെ പിടിച്ചു പൂട്ടി ഇട്ടിട്ടൊന്നുമില്ല.. ആള്ക്കാര് കൂടിയപ്പോ അകത്തുന്നു ഡോർ ലോക്കാക്കിയേക്കുവാ… പ ന്ന ***** മോളെ ഇനി ഇവിടെ കിടന്ന് ഷോ കാണിച്ചാൽ അടിവയറ് ചവിട്ടി കലക്കും ഞാൻ “

വിമലയുടെ മുടിക്ക് കുത്തിപ്പിടിച്ചു കൊണ്ട് പിന്നിലേക്ക് ആഞ്ഞു തള്ളി അശോകൻ. അവൾ നിലത്തേക്ക് വേച്ചു വീഴുമ്പോഴേക്കും പുറത്ത് പോലീസ് ജീപ്പ് വന്നു നിന്നു. അതുകാൺകേ അശോകന്റെ മിഴികൾ ഒന്ന് തിളങ്ങി. ആൾക്കൂട്ടത്തിനിടയിലൂടെ എസ് ഐ യും മറ്റു പോലീസുകാരും വീടിന് മുന്നിലേക്ക് എത്തവേ പെട്ടെന്ന് മുഖത്തെ രോക്ഷം കളഞ്ഞു അരികിലേക്ക് ഓടി ചെന്നു അവൻ.

” സാറേ… ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ പരിപാടി അല്ല കേട്ടോ . നാള് കുറെയായി.. ദേ ചെക്കന്റെ തള്ള തന്നാ അവനെ ഇവിടെ ടീച്ചറുടെ അടുത്ത് കൊണ്ട് കൊടുക്കണേ… ഇന്നും ഇവിടെ കൊണ്ടാക്കീട്ട് പോയപ്പോ ഞങ്ങൾ നാട്ടുകാരങ്ങ് ചേർന്ന് പിടിച്ചതാ. “

അശോകന്റെ വാക്കുകൾ കേട്ട് കൊണ്ട് എസ് ഐ ചുറ്റുമൊന്ന് കണ്ണോടിച്ചു

” ആരാ അകത്തുള്ള കുട്ടി ടെ അമ്മ “

ആ ചോദ്യം കേട്ട് പേടിയോടെ വിമല പതിയെ മുന്നിലേക്ക് വന്നു.

” സാറേ എന്റെ മോനും ടീച്ചറും ഒരു തെറ്റും ചെയ്തിട്ടില്ല.. ആരോരുമില്ലാത്ത ഞങ്ങളെ സഹായിക്കാൻ മാത്രേ ടീച്ചർ ശ്രമിച്ചിട്ടുള്ളു അതിന്റെ പേരിൽ ആ പാവത്തിനെ ദ്രോഹിക്കരുതേ… “

നിറകണ്ണുകളോടെ അവൾ കൈകൾ കൂപ്പുമ്പോൾ എസ് ഐ അവൾക്ക് അരികിലേക്ക് ചെന്നു.. .

“ഓക്കേ… നിങ്ങൾ ആദ്യം ആ ടീച്ചറോട് വാതിൽ തുറക്കാൻ പറയ്‌.. ചുറ്റും കൂടിയിരിക്കുന്നത് നാട്ടുകാരാണ് അത് കൊണ്ട് തന്നെ ഞങ്ങൾക്ക് നിഷ്പക്ഷമായി നിൽക്കാനേ കഴിയുള്ളു.. ബാക്കി കാര്യങ്ങൾ ഒക്കെ പിന്നീട് സംസാരിക്കാം ടീച്ചർ പുറത്തേക്ക് വരട്ടെ “

എസ് ഐ പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും വീടിന്റെ മുൻ വാതിൽ തുറന്നു.. എല്ലാവരും ആർത്തിയോടെ എത്തിയുളിഞ്ഞു ഉള്ളിലേക്ക് നോക്കവേ അനന്ദുവുമായി ശിവാനി പതിയെ പുറത്തേക്ക് വന്നു. അത് കണ്ട് ചുറ്റും കൂടിയവർ കൂകി വിളിക്കുമ്പോൾ ആരൊക്കെയോ ആ രംഗങ്ങൾ മൊബൈൽ ക്യാമെറയിൽ പകർത്താനുള്ള തിരക്കിലായിരുന്നു.

” ടീച്ചറെ… കൊച്ചു പിള്ളേർക്ക് മാത്രേ അവസരമുള്ളോ…. ഞങ്ങളെ കൂടി പരിഗണിക്കണെ “

ചുറ്റും കൂടി നിന്നവരിൽ ആരൊക്കെയോ വിളിച്ചു കൂവുമ്പോൾ ശിവാനിയുടെ മുഖം കോപത്താൽ ചുവന്നു.പേടിച്ചു ഭയന്ന അനന്ദുവാകട്ടെ ഓടി വിമലയുടെ അരികിലെത്തി അവളെ ചേർന്ന് നിന്നു. പതർച്ചയോടെ തന്നെ ശിവാനി പതിയെ മുറ്റത്തേക്കിറങ്ങി..

” സാർ.. ഇത് എന്താണ്… എന്റെ സ്റ്റുഡന്റ് ആണ് അനന്ദു. അടുത്തയാഴ്ച അവനു എക്സാം തുടങ്ങുവാണ്.. പഠിക്കാൻ അവനെ സഹായിക്കുക മാത്രമാണ് ഞാൻ ചെയ്തത് അതിൽ എന്താണിത്ര തെറ്റ്… “

ദയനീയമായ അവളുടെ ചോദ്യം കേൾക്കെ എസ് ഐ ഒന്ന് പുഞ്ചിരിച്ചു.

” ശിവാനി… അല്ലെ…. “

ആ ചോദ്യത്തിന് അതെ എന്ന അർത്ഥത്തിൽ അവൾ തലയാട്ടി.

” ഹസ്ബന്റ് രാജീവ്‌.. ദുബായിൽ വർക്ക് ചെയ്യുന്നു … “

“അതെ സാർ… “

” ഞാൻ നിരഞ്ജൻ.. സിറ്റി സ്റ്റേഷനിലെ എസ് ഐ ആണ്… “

പുഞ്ചിരി മായാതെ തന്നെ നിരഞ്ജൻ ആൾക്കൂട്ടത്തിനു നേരെ തിരിഞ്ഞു

” അതെ… ആരാണ് ഈ വിവരം കൃത്യമായി പോലീസിനെ അറിയിച്ചത്. ഒന്ന് മുന്നിലേക്ക് വന്നാട്ടെ “

ആ ചോദ്യം കേൾക്കെ ഒരു വിളറിയ ചിരിയോടെ അശോകൻ പതിയെ മുന്നിലേക്ക് വന്നു.

” സാർ.. ഞാനാണ് വിളിച്ചത്. … “

” ആഹാ സാർ ആണോ… എന്താ ഒരു പൗരബോധം. ആട്ടെ.. ഈ വീടിനുള്ളിൽ എന്ത് അ നാശാസ്യം ആണ് സാർ കണ്ടത് “

ആ അപ്രതീക്ഷിത ചോദ്യത്തിന് മുന്നിൽ അശോകൻ ഒന്ന് പതറി..

“അത് പിന്നെ സാർ… ചെക്കൻ എന്നും രാത്രി ഇവിടെ….. “

അശോകന്റെ പതർച്ച കണ്ട് അൽപനേരം അയാളെ നോക്കി നിന്ന ശേഷം ചുറ്റും കൂടിയവർക്ക് നേരെ തിരിഞ്ഞു നിരഞ്ജൻ

” ഈ വീട്ടിൽ ടീച്ചർ ഈ കുട്ടിയുമായി എന്ത് അ വിഹിതം നടത്തിയെന്നാണ് നിങ്ങൾ പറയുന്നത്. അനാവശ്യമായ എന്തെങ്കിലും നേരിൽ കണ്ടവർ ഇക്കൂട്ടത്തിൽ ഉണ്ടോ. “
.
ആ ചോദ്യത്തിന് മുന്നിൽ ആർക്കും തന്നെ മറുപടിയില്ലായിരുന്നു. അത് കണ്ടപ്പോൾ വീണ്ടും ശിവാനിക്ക് നേരെ തിരിഞ്ഞു നിരഞ്ജൻ.

“മിസ്റ്റർ രാജീവിന്റെ ഭാഗത്തു നിന്നും ഇന്ന് വൈകുന്നേരം ഒരു പരാതി ചെന്നിരുന്നു ഡി വൈ എസ് പി ഓഫീസിലേക്ക്. ഭാര്യയെ ആരോ വഴിയിൽ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയെന്ന് സൂചിപ്പിച്ചു… പിന്നീട് അര മണിക്കൂർ മുന്നേ ഒരു സംഘം സദാചാരം മൂത്ത് വീട് ആക്രമിക്കുന്നു ന്ന് പറഞ്ഞു അടുത്ത പരാതിയും കിട്ടി. അപ്പോൾ തന്നാ ഇവിടുന്ന് കോൾ വന്നതും. അതാ ഞങ്ങൾ ഇങ്ങട് എത്തിയെ.. സംഗതി വിദേശത്ത് നിന്നുള്ള പരാതി ആയത് കൊണ്ട് ഡബിൾ സ്ട്രോങ്ങ്‌ ആണ്… ഉടൻ വേണ്ട ആക്ഷൻ എടുക്കാനാണ് മുകളീന്നുള്ള ഇൻസ്ട്രക്ഷൻ.. ടീച്ചറെ ആരാണ് ശല്യം ചെയ്തതെന്ന് വ്യക്തമായി പറഞ്ഞാൽ ഇപ്പോൾ തന്നെ തൂക്കിയെടുത്ത് അകത്തിടാം ഞാൻ. “

നിരഞ്ജന്റെ മറുപടിയിൽ അശോകൻ വിറളി പോകവേ ശിവാനിയുടെയും വിമലയുടെയും മിഴികളിൽ പ്രതീക്ഷയുടെ തിളക്കം വച്ചു.അപ്രതീക്ഷിതമായ വാക്കുകൾ കേട്ട് ഒരു നിമിഷം ആശ്വാസത്തോടെ പരസ്പരം നോക്കി പോയി അവർ. പണി പാളി എന്നതറിഞ്ഞു പതിയെ പിന്നിലേക്ക് ചുവടുകൾ വച്ച അശോകനെ പോലീസ് തന്നെ തടഞ്ഞു. നിമിഷങ്ങൾക്കകം ശിവാനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അശോകനെ പോലീസ് വിലങ്ങു വച്ചു.

” സാറേ ഞാൻ ഒന്നും ചെയ്‌തിട്ടില്ല ഇവളുമാരുടെ തൊലിവെളുപ്പ് കണ്ട് സാറിന്റെയും കണ്ണ് മഞ്ഞളിച്ചോ “

അശോകൻ ഉച്ചത്തിൽ വിളിച്ചു കൂവുമ്പോൾ ചെകിടു പൊട്ടുമാറ് ഒരടിയായിരുന്നു നിരഞ്ജന്റെ മറുപടി. അത് കണ്ടതോടെ ചുറ്റും കൂടി നിന്നവരിൽ പലരും ഭയന്ന് നാലുപാടും ചിതറിയോടി. വെപ്രാളത്തിനിടയിലും തനിക്കു വന്ന കോൾ വിമല റെക്കോർഡ് ചെയ്തത് അശോകനെതിരെയുള്ള അടുത്ത തെളിവായി. അതോടെ അവനിട്ടു ഒരെണ്ണം കൂടി കൊടുത്ത ശേഷം ശിവാനിക്ക് നേരെ തിരിഞ്ഞു നിരഞ്ജൻ.

” ടീച്ചർ നാളെ സ്റ്റേഷൻ വരെ ഒന്ന് വരണം ഒരു റിട്ടൺ കംപ്ലയിന്റ് കൂടി വേണം പിന്നെ വേണമെങ്കിൽ ഹസ്ബന്റിനെ കൊണ്ട് എംബസി വഴി ഒരു കംപ്ലെയ്ന്റ് കൂടി കൊടുപ്പിക്കാം അതോടെ ഇവനൊക്കെ ഇറുകും.. പിന്നെ രാഷ്ട്രീയക്കാര് പോലും ഇവനെ ഒന്നും മൈൻഡ് ചെയ്യില്ല.”

“വരാം സാർ ഞാൻ മാത്രം അല്ല ദേ ഈ വിമലയും വരും. ഞങ്ങൾക്ക് രണ്ട് പേർക്കും ഉണ്ട് പരാതി. ഇവനെപ്പോലുള്ള കപട സദാചാരവാദികൾ ഇനി ഒരു പെണ്ണിനും നേരെ തിരിയാൻ പാടില്ല. ഞരമ്പ് രോഗം മൂത്ത് അന്യന്റെ ലൈഫിൽ നുഴഞ്ഞു കേറുന്നവർക്കൊക്കെ ഇവന് കിട്ടുന്ന ശിക്ഷ ഒരു പാഠമാവണം. “

ശിവാനിയുടെ തീക്ഷ്ണ നോട്ടത്തിനു മുന്നിൽ പിടിച്ചു നിൽക്കുവാൻ കഴിയാതെ അശോകൻ തല കുമ്പിട്ടു. അതിനിടയിൽ രോക്ഷം സഹിക്കുവാൻ കഴിയാതെ അശോകന്റെ ചെകിടിൽ ആഞ്ഞടിച്ചു വിമല

” സാറേ… ഈ നാ റിയെ ഇനി വെറുതെ വിടരുത് വിഷമാണിവൻ കൊടും വിഷം.”

അതും കൂടിയായപ്പോൾ ബാക്കി കൂടി നിന്നവരും പന്തിയല്ല എന്ന് കണ്ട് പതിയെ പിരിഞ്ഞു..

അശോകനുമായി ജീപ്പ് അകലുമ്പോൾ ആശ്വാസത്താൽ അനന്ദുവിനെ ചേർത്ത് വാരി പുണർന്നു വിമല. അപ്പോഴേക്കും ശിവാനിയുടെ കയ്യിലെ ഫോൺ വീണ്ടും ശബ്ദിച്ചു. ഡിസ്പ്ലേയിൽ രാജീവിന്റെ നമ്പർ കാൺകെ അവളുടെ മിഴികൾ സന്തോഷത്താൽ നിറഞ്ഞു.. കോൾ അറ്റന്റ് ചെയ്ത് ഫോൺ കാതോട് ചേർത്തു അവൾ.

“ഏട്ടാ താങ്ക്‌സ്…. താങ്ക് യൂ സൊ മച്ച്……. ഏട്ടനാ എന്നെ രക്ഷിച്ചത്….. “

മറു തലയ്ക്കൽ പുഞ്ചിരി മാത്രമായിരുന്നു രാജീവിന്റെ മറുപടി.

പരസ്പരം വിശ്വസിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നൊരു പങ്കാളിയുണ്ടെകിൽ ഏത് പെണ്ണിനും ആണിനും കപട സദാചാരങ്ങളെ ഭയക്കാതെ സമൂഹത്തിൽ തലയുയർത്തി നടക്കാം…

ശുഭം