അണയാത്ത ദീപം
Story written by SUJA ANUP
:::::::::::::::::::::::::::::::
“‘അമ്മ എന്താ ഈ ആലോചിക്കുന്നത്..”
“ഒന്നുമില്ല മോളെ, നീ ഭക്ഷണം എന്തെങ്കിലും കഴിക്കു. ജോലി കഴിഞ്ഞു ക്ഷീണിച്ചു വന്നതല്ലേ..”
“ഈ അമ്മയുടെ ഒരു കാര്യം. ഞാൻ കുറച്ചു കഴിഞ്ഞിട്ട് കഴിച്ചോളാ൦. ആട്ടെ ‘അമ്മ വല്ലതും കഴിച്ചോ.”
“‘അമ്മ പിന്നെ കഴിച്ചോളാo. ഇന്ന് അമ്മ ഉപവസിക്കുവാണ്.”
“എന്തിനാണമ്മേ ഈ വയസ്സ് കാലത്തു, അതും ആർക്കു വേണ്ടി..”
അമ്മയ്ക്ക് അല്ലെങ്കിലും എപ്പോഴും ആ ഒരു ചിന്തയെ ഉള്ളൂ. മക്കൾ ഭക്ഷണം കഴിച്ചോ, അവർ ഉറങ്ങിയോ, അവർക്കു അസുഖം ഒന്നും വരരുത്. പ്രീയപെട്ടവർക്കു എന്തെങ്കിലും സംഭവിക്കും എന്ന് തോന്നിയാൽ അമ്മ ഉടനെ ഉപവസിക്കും. എന്നിട്ടു പ്രാർത്ഥിക്കും.. ഒരിക്കൽ പോലും സ്വന്തം ആരോഗ്യത്തെ പറ്റി അമ്മ ചിന്തിച്ചിരുന്നില്ല. തീരെ ചെറുപ്പത്തിലേ വിവാഹം കഴിച്ചൂ. എട്ടു മക്കളെ പ്രസവിച്ചു. യൗവനം മുഴുവനും ഭർത്താവിനും മക്കൾക്കുമായി ചിലവഴിച്ചൂ. അവർക്കായി ആഗ്രഹങ്ങൾ ഉണ്ടായിരുന്നില്ല. അപ്പൻ നേരത്തെ പോയി. പാവം അതിൻ്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ആരും ഒട്ടു ചോദിക്കാറില്ല. അവർ ചെയ്ത കർമ്മങ്ങൾക്കോ ഒരു കണക്കും ആരും വച്ചില്ല. കുറ്റം പറയുവാൻ ഒരുപാടു പേരുണ്ട്താനും.
എട്ടു മക്കളെ വളർത്തി നല്ല നിലയിൽ എത്തിക്കണമെങ്കിൽ അവർ എത്ര മാത്രം കഷ്ടപ്പെട്ട് കാണും. എത്രയോ രാത്രികളിൽ ഉറക്കം നിന്ന് കാണും, ഈ മക്കളുടെ ചെറുപ്പത്തിൽ. എന്നിട്ടും അവർക്കു അസുഖം വന്നാൽ കൂടെ ഇരിക്കുവാൻ ആളില്ല..വാർധക്യത്തിലെത്തിയപ്പോൾ കൊച്ചുമക്കൾക്കായി ജീവിക്കുന്നൂ.എന്നിട്ടും ആരും അവർ ചെയ്ത നന്മകളെ പറ്റി പറയാറില്ല..
ഇപ്പോൾ കൊച്ചുമക്കൾ ഒക്കെ വളർന്നൂ. ഇനി ഇപ്പോൾ മക്കൾക്ക് അവർ ഒരു ഭാരം ആണ്. വൃദ്ധസദനത്തിലെ ഇരുണ്ട മുറിക്കുള്ളിൽ അവരെ അയക്കുവാൻ ആർക്കൊക്കെയോ ധൃതി ഉണ്ട്. ഇത്ര നാൾ ചെയ്ത കർമ്മത്തിനുള്ള പ്രതിഫലം. എന്നിട്ടും അമ്മ ഒരിക്കലും ആരെയും കുറ്റം പറഞ്ഞില്ല.
അന്ന് ആ ക്രിസ്തുമസിന് എല്ലാവരും കൂടെ മൂത്ത ആങ്ങളയുടെ വീട്ടിൽ കൂടിയപ്പോൾ ഞാൻ ഒത്തിരി സന്തോഷിച്ചൂ. അത് പക്ഷേ അമ്മയെ വൃദ്ധസദനത്തിലേയ്ക്ക് മാറ്റുന്നതിനുള്ള ചർച്ചയ്ക്കു ആണെന്ന് ഞാൻ അറിഞ്ഞില്ല.. അതുവരെ ഒന്നും മിണ്ടാതിരുന്ന ഞാൻ ഒന്ന് മാത്രം പറഞ്ഞു
“അമ്മയെ അന്വേഷിച്ചു ഇനി ആരും വരേണ്ട. ഞാൻ കൊണ്ട് പോകുന്നൂ. എനിക്ക് ഒരിക്കലും അവർ ഒരു ഭാരം ആകില്ല. പിന്നെ പഴുത്ത ഇല വീഴുന്നത് കണ്ടു പച്ചില സന്തോഷിക്കേണ്ട. ഇന്ന് ഞാൻ നാളെ നീ എന്ന് എല്ലാവരും ഇതു ഒന്ന് ഓർത്തു വച്ചേക്കണേ..”
ഇനി മക്കൾ ഓരോരുത്തരായി അമ്മയെ കഷ്ടപ്പെടുത്തുന്നത് കാണുവാൻ എനിക്ക് വയ്യ. അതുകൊണ്ടു തന്നെ ഞാൻ കൂട്ടികൊണ്ടു വന്നൂ. കുറച്ചു നാൾ എങ്കിലും അവർ അവർക്കായി ജീവിക്കട്ടെ. ഭർത്താവിനും അത് പൂർണ്ണസമ്മതം ആയിരുന്നൂ..
വീട്ടിലെത്തിയിട്ടും ആദ്യ ദിവസങ്ങൾ അമ്മ ദുഃഖത്തിൽ ആയിരുന്നൂ. എനിക്ക് അത് മനസ്സിലാകും. അതുവരെ അവർ ജീവിച്ച ആ മുറി, അവരുടെ യൗവനം, ഓർമ്മകൾ എല്ലാം ആ തറവാട് വീടിനെ ചുറ്റിപ്പറ്റിയാണ്. അവിടെ കിടന്നു മരിക്കണം എന്ന് അവർ ആഗ്രഹിക്കുന്നുണ്ടാകും. അത് അവർക്കായി അവരുടെ ഭർത്താവു ഉണ്ടാക്കിയതാണ്. ആ ചുമരുകൾക്കുള്ളിൽ അവർക്കു ലഭിക്കുന്ന സുരക്ഷിതത്വം അത് പറിച്ചെടുക്കുവാൻ തുനിയുന്നവർ അത് മനസ്സിലാക്കുന്നില്ല.
എന്ത് ചെയ്യുവാൻ അത് മനസ്സിലാക്കുവാൻ അവിടെ താമസിക്കുന്നവർക്കു വർഷങ്ങൾ എടുക്കും. നാളെ അവരും ആ അവസ്ഥയിൽ വരുമ്പോൾ അത് അവർക്കു മനസ്സിലാകും.
……………
അമ്മ വന്നിട്ട് ആദ്യത്തെ രണ്ടാം ശനിയാഴ്‍ച്ചയാണ്. കുറച്ചു നേരം അമ്മയോടെയൊപ്പം ഇരിക്കണം. കുട്ടിക്കാലത്തെ പോലെ കഥകൾ കേൾക്കണം..അമ്മ എന്തൊക്കെ ആലോചിച്ചിരിപ്പാണ്..
“അമ്മേ..”
“മ്..മ്മ്..”
“‘അമ്മ എന്താണ് ഈ ആലോചിക്കുന്നത്..”
“അമ്മയ്ക്ക് ഇത്തിരി പേടി ഉണ്ട്. പോകാറായി എന്ന് തോന്നുന്നൂ..”
“‘അമ്മ ഒന്ന് മിണ്ടാതിരിക്കൂ. വേറെ ഒരു പണിയും ഇല്ലേ. അമ്മ ഒരു ചുള്ളത്തി അല്ലെ ഇപ്പോഴും..”
“നമ്മൾ മരിക്കുമ്പോൾ കടങ്ങൾ ഒന്നും ബാക്കി വയ്ക്കരുത് എന്ന് പറയും. മോൾക്ക് അത് മനസ്സിലാവുമോ..”
“അമ്മയ്ക്കിപ്പോൾ എന്ത് കടമാണുള്ളത്.”
“ഒരു സ്നേഹത്തിൻ്റെ കടം ബാക്കി ഉണ്ട്..”
പതിയെ അമ്മ ആ കഥ പറഞ്ഞു തുടങ്ങി..
………….
അന്ന് ഞാൻ പത്താം തരത്തിൽ പഠിക്കുന്നു. എൻ്റെ അടുത്ത കൂട്ടുകാരി ആയിരുന്നൂ മീനാക്ഷി, നല്ലൊരു പട്ടത്തികുട്ടി. അവളുടെ വീട്ടിൽ ഞാൻ ഇടയ്ക്കു പോകുമായിരുന്നൂ. എനിക്ക് അവിടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നൂ. അവിടെ വച്ചാണ് ഞാൻ ആദ്യമായി വിനായകനെ കാണുന്നത്. അവളുടെ ഏട്ടൻ. അയാൾ അന്ന് ബിരുദത്തിനു പഠിക്കുന്നു. കണ്ട മാത്രയിലെ എനിക്ക് അയാളെ ഇഷ്ടമായി.
അന്ന് ഒരിക്കൽ അയാൾ തൻ്റെ ഇഷ്ടം എന്നോട് പറഞ്ഞു. ഞാൻ ഇഷ്ടപ്പെടുന്നത് പോലെ വിനായകനും എന്നെ ഇഷ്ടപ്പെടുന്നൂ. അത് കേട്ടപ്പോൾ എനിക്ക് എല്ലാം പിടിച്ചടക്കിയ സന്തോഷം ആയിരുന്നൂ. പക്ഷേ ഞാൻ എൻ്റെ ഇഷ്ടം തുറന്നു പറഞ്ഞില്ല. അതിനു കാരണം ഉണ്ടായിരുന്നൂ.
മീനാക്ഷി…മീനാക്ഷി എന്നോട് ഒരു കാര്യം പറഞ്ഞൂ
“സുമേ, നിന്നെ ഞാൻ ഒത്തിരി സ്‌നേഹിച്ചൂ. എൻ്റെ വീട്ടിൽ കൂട്ടി കൊണ്ട് പോയി. ഒത്തിരി സ്വാതന്ത്ര്യം തന്നൂ. പക്ഷേ അതിനു നീ എന്നെ ശിക്ഷിക്കരുത്. എൻ്റെ കുലം മുടിക്കരുത്.ഇതു ഒരു അപേക്ഷയാണ്..” അവൾ പറഞ്ഞത് എനിക്ക് മനസ്സിലായി..
വിനായകനെ ഇഷ്ടം ആയിരുന്നിട്ടു കൂടി ഞാൻ ഇഷ്ടമല്ല എന്ന് പറഞ്ഞു..അപ്പോൾ വിനായകൻ എന്നോട് ഒന്ന് മാത്രം പറഞ്ഞു
“നീ നല്ല പെൺകുട്ടിയാണ്. നിനക്ക് എന്നെ ഇഷ്ടമാണ്. അത് ഈ കണ്ണുകളിൽ എനിക്കറിയാം. എൻ്റെ വീട്ടുകാർ നോക്കുന്നത് നിൻ്റെ ജാതിയാണ്. ഞാൻ നോക്കിയത് നിൻ്റെ മനസ്സും. നിനക്ക് വേണ്ടി ഇതെല്ലാം ഉപേക്ഷിക്കുവാൻ ഞാൻ തയ്യാറാണ്. നാളെ അവർ അത് മനസ്സിലാക്കി നമ്മളെ തിരിച്ചു വിളിക്കും. നീ എൻ്റെ കൂടെ നിൽക്കണം. അല്ലെങ്കിൽ ഇന്ന് തള്ളിക്കളയുന്ന ഈ നിമിഷത്തെ ഓർത്തു നാളെ ഒരിക്കൽ നീ വേദനിക്കും…”
അന്ന് വിനായകൻ പറഞ്ഞത് ശരിയായിരുന്നൂ എന്ന് പിന്നീട് എനിക്ക് മനസിലായി. നിൻ്റെ അപ്പൻ എൻ്റെ കഴുത്തിൽ താലി കെട്ടിയപ്പോൾ എല്ലാം മറക്കുവാൻ ഞാൻ ശ്രമിച്ചൂ. വർഷങ്ങൾ എത്ര കഴിഞ്ഞു എന്നിട്ടും വിനായകൻ മനസിൻ്റെ ഒരു കോണിൽ ജീവിച്ചൂ. സങ്കടങ്ങൾ വരുമ്പോൾ വിനായകനോട് മാത്രം ഞാൻ ഹൃദയം കൊണ്ട് പങ്കു വച്ചൂ.
“മരിക്കുന്നതിന് മുൻപേ ഒരിക്കൽ കൂടി അദ്ദേഹത്തെ കാണണം എന്നുണ്ട്. ഒന്നിനുമല്ല, വെറുതെ. അദ്ദേഹം എവിടെ ആണെങ്കിലും നന്നായി ഇരിക്കുന്നൂ എന്ന് അറിയണം..”
“അതിനെന്താ അമ്മേ, അമ്മയുടെ നാട്ടിൽ അവർ ഉണ്ടാകില്ലേ. നമുക്ക് കണ്ടുപിടിക്കാമല്ലോ..”
“ഇല്ല മോളെ, വിനായകൻ വിദേശത്തു എവിടെയോ ജോലിക്കു പോയിരുന്നൂ. പിന്നീട് അവർ നാട്ടിൻപുറത്തെ വീടെല്ലാം വിറ്റു നഗരത്തിലേയ്ക്ക് മാറി. മീനാക്ഷി എനിക്ക് മുൻപേ വിവാഹം കഴിച്ചൂ. പിന്നീട് എനിക്ക് അവരെപറ്റി ഒന്നും അറിയില്ല..”
ഏതായാലും ഞാൻ അവരെ പറ്റി അന്വേഷിക്കുവാൻ തീരുമാനിച്ചൂ..എൻ്റെ അന്വേഷത്തിനൊടുവിൽ ആ വീട് ഞാൻ കണ്ടെത്തി. അമ്മയെയും കൂട്ടി അവിടെ എത്തി. അപ്പോൾ അവിടെ മീനാക്ഷി ആന്റി ഉണ്ടായിരുന്നൂ.. മീനാക്ഷി ആന്റി അമ്മയെ കെട്ടിപിടിച്ചു ഒത്തിരി കരഞ്ഞു. പിന്നീട് വിനായകൻ അങ്കിളിൻ്റെ ഭാര്യയുടെ ഫോട്ടോ കാണിച്ചു തന്നൂ, രണ്ടു മക്കൾ ഉണ്ട്. അവരെല്ലാം വിവാഹം കഴിച്ചു വിദേശത്തു സ്ഥിര താമസം ആയിരുന്നൂ. മീനാക്ഷി ആന്റി പറഞ്ഞു..കഴിഞ്ഞ മാസം ആണ് അങ്കിൾ മരിച്ചത്. എല്ലാം പെട്ടെന്ന് ആയിരുന്നൂ, ഹൃദയാഘാതം ആയിരുന്നൂ. ഒപ്പം അമ്മയുടെ കൈകൾ പിടിച്ചു കരഞ്ഞു
“ഇപ്പോൾ എനിക്ക് എൻ്റെ തെറ്റ് മനസ്സിലാകുന്നുണ്ട്. കുലം, ജാതി എല്ലാം നോക്കി ഏട്ടന് ഒരു പെൺകുട്ടിയെ വീട്ടുകാർ കണ്ടെത്തി. അവിടെ ഏട്ടന് ഒരിക്കലും സമാധാനം ഉണ്ടായിരുന്നില്ല. പണവും പ്രതാപവും ഉണ്ടായിരുന്നൂ. അന്നും എന്നും ഏട്ടൻ്റെ മനസ്സിൽ നീയായിരുന്നൂ. മരിക്കുവോളം നീ ആ മനസ്സിൽ ഉണ്ടായിരുന്നൂ. നിനക്ക് ഏട്ടനെ ഇഷ്ടം ആണെന്ന് ഏട്ടനും അറിയാമായിരുന്നൂ. നിങ്ങളുടെ മനസ്സു മനസ്സിലാക്കാതെ പോയത് എൻ്റെ തെറ്റാണു. നിന്നെ മറക്കുവാൻ വേണ്ടി ഏട്ടൻ നാട്ടിലേയ്ക്കുള്ള വരവുകൾ തന്നെ കുറച്ചൂ. ഏട്ടൻ എല്ലാവർക്കും വേണ്ടി ജീവിച്ചൂ. കടമകൾ നിറവേറ്റി. അതോർക്കുമ്പോൾ എനിക്ക് വിഷമം ഉണ്ട്..”
“മരിക്കുമ്പോൾ ഏട്ടൻ ഒരാഗ്രഹം പറഞ്ഞു സംസ്‍കാരം നാട്ടിൽ വേണം…” അത് മക്കൾ അനുസരിച്ചൂ. കർമ്മം പൂർത്തിയാക്കി അവർ തിരിച്ചു പോയി. മരിക്കുന്നതിന് കുറച്ചു ദിവസം മുൻപേ ഏട്ടൻ എന്നെ വിളിച്ചപ്പോൾ പറഞ്ഞു “എന്തോ മരിക്കുവാൻ പോകുന്നൂ എന്നൊരു തോന്നൽ കലശലായി ഉള്ളിൽ ഉണ്ട്. ആകെ ഒരു വിഷമം മാത്രമേ ഉളളൂ. ഒരു കടം ബാക്കി വച്ചാണ് ഞാൻ പോകുന്നത്, സുമയെ ഒരിക്കൽ കൂടെ കാണണം എന്നുണ്ടായിരുന്നൂ. എല്ലാം വിധിയാണ്..”
അത് കേട്ടപ്പോൾ തളർന്നു പോയത് ഞാൻ ആണ്. കാരണം ആ ദിവസങ്ങളിൽ അമ്മ ഉപവസിച്ചു പ്രാർഥിച്ചത് അങ്കിളിനു വേണ്ടി ആയിരുന്നൂ..അമ്മ ഒന്നും പറഞ്ഞില്ല. ആ കണ്ണുകൾ നിറഞ്ഞിരുന്നൂ..പക്ഷേ എനിക്ക് പലതും മനസ്സിലാകുന്നുണ്ടായിരുന്നൂ..അങ്കിൾ മരണത്തോട് അടുത്ത ആ ദിവസ്സങ്ങളിൽ ആയിരുന്നൂ അമ്മ കൂടുതൽ ദുഃഖത്തിൽ കാണപ്പെട്ടിരുന്നത്.
അവരുടെ മനസ്സുകളുടെ പൊരുത്തം, ഇത്ര അകലത്തിൽ ഇരുന്നിട്ടും, ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും…..
ആന്റി അങ്കിളിനെ അടക്കിയ സ്ഥലത്തേയ്ക്ക് ഞങ്ങളെ കൊണ്ട് പോയി. അവിടെ അമ്മയെ കാത്ത് അണയാതെ ഒരു ദീപം കത്തുന്നുണ്ടായിരുന്നൂ. അമ്മ കണ്ണുകൾ അടച്ചു ഒരു നിമിഷം പ്രാർത്ഥിചൂ. അപ്പോൾ ഞങ്ങളെ തഴുകി ഒരു തെന്നൽ കടന്നു പോയി…
…………………….സുജ അനൂപ്