അച്ഛന്റെ കൂടെ പോകണോ, അമ്മയുടെ കൂടെ പോകണോയെന്നു കോടതി ചോദിച്ചപ്പോൾ….

Story written by Shefi Subair

സ്വന്തം അച്ഛനെ മാസാമാസം കുടുംബ കോടതിയുടെ വരാന്തയിൽ വെച്ചു കാണേണ്ടി വന്നൊരു മകനായിരുന്നു ഞാൻ.

അതു ആരാ അമ്മേയെന്നു അച്ഛനെ ചൂണ്ടി കാണിച്ചു ചോദിയ്ക്കുന്ന മൂന്നു വയസ്സുകാരി മകളെ ചേർത്തു പിടിച്ചു കരയുന്നൊരു അമ്മയുടെ കണ്ണീരു കാണേണ്ടി വന്നൊരു മകൻ.

അച്ഛന്റെ കൂടെ പോകണോ, അമ്മയുടെ കൂടെ പോകണോയെന്നു കോടതി ചോദിച്ചപ്പോൾ, ഓടിച്ചെന്നു അമ്മയെ ചേർത്തു പിടിച്ചു നിന്നു.

നഷ്ടപരിഹാരത്തിന്റെ കണക്കുകൾ വക്കീൽ എണ്ണി പറഞ്ഞപ്പോൾ, എനിയ്ക്കൊന്നും വേണ്ട. ന്റെ മക്കളെ മാത്രം മതിയെന്നു പറഞ്ഞു കോടതിയുടെ മുമ്പിൽ കൈ കൂപ്പി നിന്ന അമ്മയുടെ കൂടെ അനിയത്തിയേയും ചേർത്തു പിടിച്ചു നിന്നു.

മാസങ്ങൾക്കു ശേഷം, അച്ഛന്റെ കല്ല്യാണത്തിന് പോകുന്നില്ലേയെന്നു നാട്ടുക്കാരു പരിഹസിച്ചപ്പോഴാണ് അച്ഛൻ വീണ്ടുമൊരു വിവാഹം കഴിച്ച കാര്യമറിഞ്ഞത്. പിന്നീടൊരിയ്ക്കൽപ്പോലും അച്ഛനെന്ന പേരു നാവിലും, രൂപം മനസ്സിലും തെളിഞ്ഞിട്ടില്ല.

പിന്നീടുള്ള രാത്രികളിൽ പുറത്തു വാതിലിൽ ആരൊക്കെയോ മുട്ടുമ്പോൾ, തലയണക്കടിയിലുള്ള മൂർച്ച കുറഞ്ഞ വെട്ടുക്കത്തിയിൽ കൈ അമർത്തി മക്കളെ ചേർത്തു പിടിച്ചു കിടക്കേണ്ടി വന്നു അമ്മയ്ക്ക്. അച്ഛന്റെ കരങ്ങളെക്കാളും ശക്തി അമ്മയുടെ കൈകൾക്കുണ്ടെന്നു ആ ചേർത്തു പിടുത്തത്തിൽ മനസ്സിലായി.

മറ്റുള്ള വീട്ടിലെ എച്ചി പാത്രം കഴുകുമ്പോഴും തുണികൾ അലക്കുമ്പോഴും. അവരുടെ അടുക്കള പുറകിലിരുന്നു ഒരു പിടി ചോറു വാരി തിന്നുമ്പോഴും അമ്മയുടെ മനസ്സിൽ മക്കളെന്തു കഴിച്ചു കാണും എന്നൊരു ചിന്ത മാത്രമേയുണ്ടായിരുന്നുള്ളു.

മക്കളൊക്കെ വളർന്നു വരികയല്ലേ? അവരെ നോക്കാൻ നിനക്കൊരു തുണ വേണ്ടേ? വേറൊരു വിവാഹം കഴിച്ചൂടെയെന്നു ബന്ധുക്കളുടെ ചോദ്യങ്ങൾക്കു മുമ്പിൽ, വളർന്നു വരുന്ന മകളുടെ സുരക്ഷിതത്വം മാത്രമാണ് നോക്കിയത്.

മനസ്സിന്റെ കോണിൽ ഒരു ആൺ തുണയുടെ ആഗ്രഹമുണ്ടായിരുന്നെങ്കിലും, ഇനി വരുന്നവൻ വേറൊരു കണ്ണുകൊണ്ടു തന്റെ മോളെ കാണുമെന്ന ഭയത്താൽ ആ ആഗ്രഹവും അമ്മ മനസ്സിൽ കുഴിച്ചു മൂടി. അമ്മയുടെ സ്നേഹത്തിനും, കരുതലിനും ഇനി ആരു വന്നാലും പകരമാവില്ലെന്നു ഞങ്ങൾക്കും മനസ്സിലായി.

പിന്നീടങ്ങോട്ട് മക്കൾക്കു വേണ്ടി ചെറുപ്പകാലം ഉരുകി തീർക്കുന്നൊരു അമ്മയെയാണ് കണ്ടത്.

വർഷങ്ങൾക്കപ്പുറം മകളെ മറ്റൊരുവൻ താലി കെട്ടുന്നത് നിറകണ്ണുകളോടെ നോക്കി നിൽക്കുന്ന അമ്മയെ അഭിമാനത്തോടെയാണ് ഞാൻ നോക്കിയത്.

ആ കല്ല്യാണ മണ്ഡപത്തിൽ എന്റെ ഗതി, എന്റെ മകൾക്കു വരുത്തരുതേയെന്നു അമ്മയുടെ മനമുരുകിയുള്ള പ്രാർത്ഥന എനിയ്ക്കും കേൾക്കാമായിരുന്നു…!