അന്നത്തെ സംഭവം കൊണ്ട് മാത്രമല്ല തനിക്കു ഈ പേരു വീണതെന്നു അവൾക്കറിയാം. അതുവരെയും തന്നെ….

കരിമണി

എഴുത്ത്: ചങ്ങാതീ

::::::::::::::::::::::::::::::

“എടീ, കരിമണി നീ വരുന്നുണ്ടോ? ഞങ്ങൾ ഇറങ്ങുവാ. “

“കരിമണി….. നിന്റെ *****….എടാ ആന്റപ്പ, ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ അങ്ങിനെ വിളികരുതെന്നു.”

” എടീ കരിമണി, നിന്നെ ഞങ്ങൾ കരിമണീന്നു വിളിച്ചില്ലേലും നീ കരിമണി തന്നെയല്ലേ..കരിമണി.” മുന്നോട് ഓടി മാറിക്കൊണ്ടാണ് ആന്റപ്പൻ അത് പറഞ്ഞത് ഇല്ലേൽ അവളുടെ വക അടിയും പിച്ചും ഉറപ്പാണ്.

ആന്റപ്പനും അമ്മുവും കരിമണി എന്നു വിളിക്കുന്ന സ്റ്റെല്ലായും ബാല്യകാല സുഹൃത്തുക്കൾ ആണ്. മൂന്നുപേരും ഒരുമിച്ചാണ് സ്‌കൂളിൽ പോകുന്നതും വരുന്നതും.

തന്റെ നുള്ളു പേടിച്ചു ഓടിമാറിയ ആന്റപ്പനും അമ്മുവും മുൻപിൽ നടക്കുന്നത് കണ്ട് സ്റ്റെല്ല ഓർത്തു ഏതു ശപിക്കപ്പെട്ട നേരത്താണോ ആ പാട്ടു തന്നെ പാടാൻ തോന്നിയത്.

ഹൈസ്‌കൂളിലെ ഒരു പാട്ട് മത്സരത്തിൽ വച്ചാണ് താൻ ‘കരിമണി കുരുവിയെ കണ്ടില്ല…എന്ന പാട്ടു പാടാൻ തീരുമാനിച്ചത്. അന്നത്തെ ഹിറ്റ് പാട്ടായിരുന്നു അത്. പാട്ടു പാടി രണ്ടാം പാദം കഴിഞ്ഞു വീണ്ടും പല്ലവി പാടി തുടങ്ങിയത് ആണ് വിക്കി പോയി….കരിമണി…..എന്നു മാത്രേ വന്നുള്ളൂ…..പിന്നെ ബാക്കി മറന്നും പോയി…….ആണ്കുട്ടികള് കൂക്കി വിളിയും തുടങ്ങി അതോടെ തനിക്കു ആ പേരും വീണു, കരിമണി. പിന്നെ ഒരിക്കൽ പോലും തനിക്കു പാട്ടിൽ ഒന്നാം സമ്മാനം കിട്ടിയിട്ടില്ല. അതുവരെയും താൻ തന്നെ ആരുന്നു ഫസ്റ്റ്. പിന്നെ പാടാൻ പോകുമ്പോൾ ഒരു വിറയൽ ആണ് അതോടെ താളവും തെറ്റും.

അന്നത്തെ സംഭവം കൊണ്ട് മാത്രമല്ല തനിക്കു ഈ പേരു വീണതെന്നു അവൾക്കറിയാം. അതുവരെയും തന്നെ കറുമ്പീ…. കാക്കേ… എന്നൊക്കെയാണ് വിളിച്ചിരുന്നത്. കറുത്തു പോയത് എന്റെ തെറ്റാണോ….വീട്ടിലും ഏറ്റവും കറുത്തത് ഞാൻ ആണ്. അവിടെയും ഈ വിളി തന്നെയാണ്. സ്‌കൂളിലും ഇതു തന്നെ. പക്ഷേ അവര്ക് പഠിപ്പിച്ചു കൊടുക്കാനും നോട്ട് കാണിച്ചു കൊടുക്കാനും എല്ലാറ്റിനും ഞാൻ വേണം താനും. പുറമെ….തന്നെ കൂടെ പോലും കൂട്ടാൻ ആർക്കും ഇഷ്ടമില്ല. എല്ലാം സഹിക്കമായിരുന്നു… പക്ഷേ… ആന്റപ്പനും അമ്മുവും അവർ എന്നെ കുഞ്ഞുനാളിൽ തോട്ട് കാണുന്നതല്ലേ. അവരും കൂടെ എന്നെ……അവളറിയാതെ കണ്ണുനീർ കവിളത്തുകൂടി ഒഴുകി വരുന്നത് അവളറിഞ്ഞു…

പത്താം ക്ലാസ് വരെയും ഇവർക്കു വലിയ കുഴപ്പമില്ലാരുന്നു. ടൗണിലെ കോളേജിൽ പോകാൻ തുടങ്ങിയപ്പോൾ തൊട്ട് അവരും എന്നെ കൂടെ കൂട്ടതായി. ആദ്യമൊക്കെ ഈ കളിയാക്കൽ തമാശയാണെന്നു കരുതി. പക്ഷേ ഇപ്പോൾ അറിയുന്നു. എന്നെ ഒഴിവാക്കാൻ വേണ്ടിയാണെന്നു. കറുത്തത് എന്ത് കണ്ടാലും അവരുടെ ഒരു നോട്ടം ഉണ്ട്. മുന്തിരി ആണേലും കാക്ക ആണേലും ഒരു കറുത്ത കാർ ആണേൽ പോലും ആ നോട്ടവും ഒരു ചിരിയും അതുറപ്പാണ്. അവര്ക് ഇതൊക്കെ തമാശ പക്ഷേ താനും മജ്ജയും മാംസവും വികാരവും ഒക്കെയുള്ള ഒരു വ്യക്തി ആണെന്ന് എന്താണോ അവർക്ക് മനസ്സിലാകാത്തത്.

സ്റ്റെല്ല തന്റെ തൂവാല കൊണ്ട് കണ്ണീർ തുടച്ചു. അപ്പോഴേക്കും ബസ്റ്റോപ്പിൽ എത്തിയിരുന്നു. കൂട്ടുകാരുടെ അടുത്തു നിൽക്കാതെ അവൾ മാറി നിന്നു. അവരാകട്ടെ അത് ഗൗനിച്ചു പോലുമില്ല. അതാണ് അവളെ കൂടുതൽ വിഷമിപ്പിച്ചത്. എത്ര ശ്രമിച്ചിട്ടും തന്റെ കരച്ചിൽ നിർത്താനാകുന്നില്ല. കണ്മഷിയൊക്കെ ഒലിച്ചിറങ്ങിയിരിക്കുന്നു. പിന്നെ ഒരു ഗുണമുണ്ട്. തന്നെ ആരും ശ്രദ്ധിക്കില്ല. അതോണ്ട് ചിരിച്ചാലോ കരഞ്ഞാലോ പോലും നോ പ്രോബ്ലം.

കോളേജിലേക്കുള്ള ബസ് യാത്രയിലും അവൾ ചിന്തിച്ചത് ഇതു തന്നെയായിരുന്നു. എന്തിനാണാവോ ദൈവം മനുഷ്യരെ വെളുത്തവരെന്നും കറുത്തവരെന്നുമൊക്കെ സൃഷ്ടിച്ചത്. വെറുതെ മനുഷ്യന് വിഷമം ഉണ്ടാക്കാനായിട്ടു…ഹും…

തന്റേത് ഗ്യാരണ്ടി കളർ ആണെന്നും വെയിലത്തു നിന്നാൽ പോലും കരുവാളിക്കില്ല എന്നുമൊക്കെ കൂട്ടുകാരോട് പറയുമെങ്കിലും ഉള്ളിൽ ഒരു വിങ്ങലുണ്ട്‌.

“ഇവളെ ആരു കെട്ടികൊണ്ടു പോകുമെന്റെ മാതാവേ” എന്നുള്ള അമ്മയുടെ ആത്മഗതവും

“നീയൊരു കിട്ടാചരക്കാവും “എന്നുള്ള കൂട്ടുകാരുടെ പരിഹാസവും എല്ലാം കൂടെ ചിലപ്പോൾ ആകെ ഭ്രാന്ത് പിടിക്കും.

നിറത്തിന്റെ പേര് പറഞ്ഞു കുഞ്ഞുനാളിൽ തൊട്ടു തുടങ്ങിയതാണ് ഈ അവഗണന. മൂന്നാം കളാസ്സിൽ വച്ചു ഏറ്റവും നന്നായിട്ട് അഭിനയിച്ചിട്ട പോലും നിറത്തിന്റെ പേരിൽ തന്നെ നാടകത്തിൽ നിന്നും പുറത്താക്കി. സെലക്ഷനും റിഹേസ്‌ഴ്സലും നടത്തി യതിനു ശേഷമാണ് ഈ പുറത്താക്കൽ എന്നോർക്കണം. അന്ന് താൻ എന്തോരം കരഞ്ഞുവെന്നു തനിക്‌ പോലും അറിയില്ല.

ബസ് ഇറങ്ങി ആരോടും മിണ്ടാതെ അവൾ മുന്നോട്ട് നടന്നു. രണ്ടാം വര്ഷത്തിന്റെ തുടക്ക ദിവസം ആണ്. ഒരു ചെറിയ അവധി കഴിഞ്ഞിട്ടാണ് ഇന്ന് എല്ലാരേയും കാണുന്നത്. അതുകൊണ്ട് തന്നെ ആകെ ബഹളമയം ആണ്. തന്നെയും ചിലർ കൈ വീശി കാണിക്കുന്നുണ്ട്. അവരെ നോക്കി ഒരു ചിരിയും പാസ്സാക്കി അവൾ നേരെ ബാത്‌റൂമിൽ പോയി മുഖമൊന്നു കഴുകി പടർന്ന കണ്മഷിയൊക്കെ കഴുകി കളഞ്ഞു. ‘താൻ കണ്മഷി ഇട്ടാലെന്താ ഇട്ടില്ലെലെന്താ…ആരും ശ്രദ്ധിക്കില്ലല്ലോ…’ അവൾ കണ്ണാടിയിൽ നോക്കി ആത്മഗതം ചെയ്തു.

പ്രായത്തിന്റേതായ വികാരങ്ങൾ അവൾക്കും ഉണ്ടായിരുന്നു. ചുള്ളൻ ചെക്കന്മാരെ കാണുമ്പോൾ അവളും നോക്കാറുണ്ട്. പക്ഷേ ഇതുവരേയും ഒരു കൊച്ചു നോട്ടം പോലും തിരിച്ചു കിട്ടിയിട്ടില്ല. അതുകൊണ്ട് ഇപ്പോൾ അവളും ആരെയും നോക്കാറില്ല. എന്തിനാ വെറുതെ മനസ്സ് വിഷമിപ്പിക്കാൻ…..

പുതിയ വർഷം തുടങ്ങി മൂന്നാം ദിവസം ആണ് ശ്യാം കളാസ്സിൽ വന്നത്. പുതിയ അഡ്മിഷൻ ആണ്. ഇരു നിറം പക്ഷേ സ്മാർട് ആണ്. ആളൊരു രസികനും പാട്ടുകാരനുമൊക്കെ ആയതു കൊണ്ട് പെട്ടെന്ന് എല്ലാവരുമായി അടുത്തു. സ്റ്റെല്ലായും പോയി പരിചയപ്പെട്ടിരുന്നു. അവൾക് അവനെ വല്ലാതെ പിടിച്ചുപോയി. മനോഹരമായ ഒരു പുഞ്ചിരി എല്ലായ്പ്പോഴും അവന്റെ മുഖത്തു ഉണ്ടായിരുന്നു. മനം മയക്കുന്ന ചിരിപോലെയാണ് അവൾകത് തോന്നിയത്. അവൾക് അവനെ ഇഷ്ടപ്പെടാൻ ഒരു കാരണം കൂടിയുണ്ടായിരുന്നു. തനിക്കു ചേർന്ന നിറമാണല്ലോ അവനും.

അങ്ങിനെയിരിക്കെ കലാമത്സരം വന്നു. ഇത്തവണയും ചിത്രവരയിലും കവിതയെഴുതിലും ഉപന്ന്യാസരചനയിലും സ്റ്റെല്ലക്കായിരുന്നു ഒന്നാം സ്ഥാനം. പാട്ട് ഇപ്പോഴും നൊമ്പരപൂക്കൾ വിടർത്തുന്ന ഓർമ്മയായി തന്നെ നിന്നു. കലാ മത്സരങ്ങളിൽ കൂടുതൽ പോയിന്റ് നേടിയ കുട്ടികളെ എല്ലാം വിളിച്ചു കൂട്ടിയിരുന്നു. ശ്യാമും ഉണ്ടായിരുന്നു കൂട്ടത്തിൽ. മൂന്നു ആണുകുട്ടികളും അഞ്ചു പെണ്കുട്ടികളും ഉണ്ടായിരുന്നു.

ബ്ലസി ടീച്ചർ പറഞ്ഞു. “ഇത്തവണ നമ്മുടെ ആനുവൽ ഡേയ്ക് ആൻഗറിങ് ചെയ്യാൻ ഇതിൽ നിന്നും രണ്ടുപേരെ തിരഞ്ഞെടുക്കണം. ഷൈൻ ചെയ്യാൻ പറ്റുന്ന ഒരവസരം ആയതുകൊണ്ട് എല്ലാര്ക്കും താത്പര്യം ആയിരിക്കും എന്നെനിക്കറിയാം. അതുകൊണ്ട് നമുക്കു കുറിയിടാം. ആണ്കുട്ടികളുടെ പേര് നമ്മുടെ സ്റ്റെല്ല എടുക്കട്ടെ, സ്റ്റെല്ല വരൂ ഇതിൽ ഒരെണ്ണം എടുക്കൂ. ” അവൾ കുറി എടുത്തു തുറന്നു വായിച്ചപ്പോൾ കണ്ണുകൾ തിളങ്ങി. “ശ്യാം” അവൾ പേരു വായിച്ചു. എല്ലാവരും കയ്യടിച്ചു ശ്യാമിനെ അംഗീകരിച്ചു.

” കണ്ഗ്രട്‌സ് ശ്യാം. ഇനി പെണ്കുട്ടികളുടെ കുറി ശ്യാം തന്നെ എടുക്കൂ” ടീച്ചർ പറഞ്ഞു.

ശ്യാം കുറി എടുത്തു. തുറന്നു നോക്കി പെട്ടെന്ന് അവന്റെ മുഖത്തുള്ള ചിരി മായുന്നത് കണ്ടു. പെട്ടെന്ന് , “ഇത് തെറ്റിപ്പോയി. വീണ്ടും ആണ്കുട്ടികളുടെ പേരാണ് വന്നത്”. എന്നു പറഞ്ഞു വീണ്ടും ഒരെണ്ണം കൂടി എടുത്തു. ഇത്തവണ അത് ശ്രീവിദ്യക്കാണ് കുറി വീണത്. ഈ വർഷം കോമേഴ്‌സ് ബാച്ചിൽ ചേർന്ന വെളുത്തു സുന്ദരിയായ കുട്ടിയായിരുന്നു അവൾ. ശ്രീവിദ്യയുടെ പേരു സന്തോഷത്തോടെ വിളിച്ചതിനു ശേഷം ശ്യാമിന്റെ കണ്ണുകൾ തന്റെ നേരെ വരുന്നത് സ്റ്റെല്ല കണ്ടു. ശ്രീവിദ്യയുടെ പേരു കേട്ടപ്പോൾ തന്നെ തന്റെ എല്ലാ ഉത്സാഹവും പോയത് കൊണ്ട് അവൾ ഒന്നും ശ്രദ്ധിച്ചില്ല.

മീറ്റിങ് കഴിഞ്ഞു തിരിച്ചു ക്ലസ്സിലേക് നടക്കുമ്പോൾ അവൾക്കെന്തോ സംശയം തോന്നി. അവൾ തിരികെ മീറ്റിങ് നടന്ന ആർട്ട് റൂമിലേക്ക് പോയി. ആവിടെ ടേബിളിൽ ബാക്കി വന്ന കുറികൾ ഉണ്ടായിരുന്നു. അവൾ അത് ഓരോന്നും എടുത്തു നോക്കി. അതിൽ തന്റെ പേര് മാത്രം കണ്ടില്ല. പതുക്കെ അവൾക്ക് കാര്യം മനസ്സിലായി. ശ്യാം തെറ്റിപ്പോയി എന്നു പറഞ്ഞു ചുരുട്ടി കൈക്കുള്ളിൽ വച്ചത് തന്റെ പേര് ആയിരുന്നു.. വീണ്ടും അവളുടെ കണ്ണുകൾ നിറഞ്ഞു. ഉള്ളിൽ എന്തോ കൊത്തി വലിക്കുന്ന പോലെ ഒരു തോന്നൽ. അവനും തന്നെ….ഇഷ്ടമല്ല അല്ലെ….തന്റെ നിറമുള്ള അവനെങ്കിലും തന്റെ വേദനകൾ മനസ്സിലാക്കുമെന്നാണ് കരുതിയത്. പക്ഷേ അവിടെയും താൻ തോറ്റു എന്ന തിരിച്ചറിവ് ആകെ നിരാശയാക്കി. ഇനി ജീവിതത്തിൽ ഒരു പരിപാടിക്കും പങ്കെടുക്കില്ല എന്നു തീരുമാനമെടുത്തു അവൾ തിരിച്ചു നടന്നു.

പിറ്റേ ദിവസം കോളേജിൽ എത്തിയപ്പോൾ ആകെ ബഹളമായിരുന്നു. ശ്യാമിന്റെ കൂടെ ആനുവൽ ഡേയ്ക് ആങ്കറിങ് ചെയ്യാൻ ശ്രീവിദ്യക്കു സമ്മതമല്ലെന്നു പറഞ്ഞത്രേ. ബ്ലസി ടീച്ചർ കോമേഴ്‌സ് ആയതുകൊണ്ട് പുള്ളികാരിയും അതിനെ സപ്പോർട്ട് ചെയ്തു. അത് പതുക്കെ ബാച്ചുകാർ തമ്മിലുള്ള പ്രശ്‌നം ആയി. ഇത് ചോദിക്കാൻ ചെന്ന ബോയ്സിനെ കോമേഴ്സിലെ പിള്ളേർ കൈവച്ചു. പിന്നെ ആകെ പ്രശ്നമായി. ശ്യാം ഒന്നിനും പോയില്ല.

ഇവനെന്താ അ ണ്ടി പോയ അണ്ണാനെ പോലെ ഇരിക്കുന്നതെന്നു പറഞ്ഞു പെണ്കുട്ടികള് അടക്കം പറയുന്നത് കേട്ടു. അപ്പോഴാണ് ക്ലാസിലെ ആകാശവാണി സാജിത വന്നു പറഞ്ഞത്. ഇവനെ പോലെ കറുത്ത ഒരുത്തന്റെ കൂടെ അങ്കറിങ് ചെയ്യാൻ താൻ തയ്യാറല്ലെന്ന് അണത്രേ ശ്രീവിദ്യ പറഞ്ഞത്. കോളേജിന്റെ സ്റ്റാറ്റസിനെ ബാധിക്കുമെന്ന് പറഞ്ഞു അധികാരികളും അതിനു മൗനാനുവാദം കൊടുത്തു പോലും…

“ഓഹോ, അപ്പോൾ അതാണ് കാരണം. അവന്റെ ഈഗോക്കു കിട്ടിയ അടിയാണ് ശ്യാമിനെ ഇത്രമാത്രം മൂകനാക്കിയത്.”

സ്റ്റെല്ല ഒന്നു ഗൂഡമായി മന്ദഹസിച്ചു. രണ്ടു മൂന്നു ദിവങ്ങൾക്കുള്ളിൽ പ്രശ്നങ്ങളെല്ലാം ഒതുങ്ങിയെങ്കിലും ശ്യാം പണ്ടത്തെ പോലെ ആക്റ്റീവ് അല്ലായിരുന്നു.

അങ്ങിനെയിരിക്കെ ഒരു ദിവസം ഉച്ചയൂണ് കഴിഞ്ഞു കളാസ്സിലേക്ക് ചെന്നപ്പോൾ അവിടെ ശ്യാം ഉണ്ടായിരുന്നു. അവൻ പെട്ടെന്ന് സ്റ്റെല്ലയുടെ അടുക്കലേക്ക് ചെന്നിട്ട് സോറി പറഞ്ഞു.

” എന്താണ് ശ്യാം എന്തിനാണ് എന്നോട് സോറി”

” അതല്ല സ്റ്റെല്ല, ശരിക്കും എന്റെ പെയർ ആയിട്ട് നിന്റെ പേരാണ് കിട്ടിയത്. പക്ഷേ ഞാൻ എന്റെ ഈഗോ മൂലം ആണ് ഞാൻ വേറെ ആളെ എടുത്തത്. ഞാൻ തന്നോട് കാണിച്ചതിനുള്ള ശിക്ഷ ആണ് ദൈവം എനിക് തന്നത്.”

” ശ്യാം എനിക്കറിയാമായിരുന്നു, താൻ ചുരുട്ടി കളഞ്ഞ പേര് എന്റെ ആയിരുന്നു എന്ന്. പിന്നെ എനികീ അവഗണന ശീലമായി. പക്ഷെ നിനക്കെങ്കിലും അത് മനസ്സിലാകുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ നീയും എന്നെ….. നിന്നെ പറഞ്ഞിട്ടെന്താ, എന്റെ ആത്മാർത്ഥ സുഹൃത്തുക്കൾക്കു പോലും ഞാൻ ഇപ്പോൾ അപമാനം ആണ്. ഇപ്പോഴെങ്കിലും തഴയപ്പെടുമ്പോൾ ഉള്ള വേദന അറിഞ്ഞല്ലോ അത് മതി. നിറത്തിന്റെ പേരിൽ ആരും ആരെയും മാറ്റി നിർത്തരുത്. കാരണം അവിടെ തകരുന്നത് ആ വ്യക്തിയുടെ ജീവിക്കാനുള്ള ആഗ്രഹം പോലുമാകാം.” നനഞ്ഞ കൈകൾ കൊണ്ട് തന്റെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ടു അവൾ മുന്നോട്ട് നടന്നു.

സ്റ്റെല്ല തന്റെ ചോറ്റുപാത്രം ബാഗിൽ വച്ചിട്ട് ക്ലാസ്സിനു പുറത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ വാതിലനടുത് ആന്റപ്പനും അമ്മുവും നിൽക്കുന്നത് കണ്ടു. താൻ പറഞ്ഞത് അവർ കേട്ടിട്ടുണ്ടെന്നു അവൾക് മനസ്സിലായി. ഒന്നും മിണ്ടാതെ അവൾ, തനിക്കു നേരെ നീട്ടിയ അമ്മുവിന്റെ കൈകൾ തട്ടിമാറ്റി, അവരെ കടന്നു പുറത്തേക്ക് പോയി.

ഇപ്പോൾ അവളെ കൂടാതെ രണ്ടു പേരുടെ കണ്ണുകൾ കൂടെ നിറയുന്നുണ്ടായിരുന്നു. തന്റെ ആത്മാർത്ഥ സുഹൃത്തിനെ തങ്ങൾ എന്തുമാത്രം വേദനിപ്പിച്ചു എന്നു അവർ തിരിച്ചറിഞ്ഞ നിമിഷം ആയിരുന്നു അത്.

നമ്മുടെ സുഹൃത്ത് ബന്ധങ്ങളിൽ നിറത്തിന്റെ പേരിൽ ആരും ആരെയും മാറ്റി നിർത്തതിരിക്കട്ടെ……നിറത്തിന്റെയോ ശാരീരിക കുറവിന്റെയോ പേരിൽ അപമാനം സഹിക്കേണ്ടി വന്ന എല്ലാ സുഹൃത്തുകൾക്കും സമർപ്പണം…

21/07/21